നിനക്കായ് : ഭാഗം 05

രചന – കണ്ണന്റെ മാത്രം

ജെനി മോളെ പിടിക്കാനായി എഴുന്നേറ്റപ്പോഴേക്കും അവൾ അവർക്കടുത്തേക്ക് നടന്നടുത്ത മനുഷ്യന്റെ കാലുകളിൽ പിടിച്ചു..

പ്പേ… കുഞ്ഞ് കൊഞ്ചിക്കൊണ്ട് വിളിച്ചു.

അപ്പേടെ പൊന്നുമണിയേ… ഡേവി കുഞ്ഞിനെ എടുത്തുപോക്കി കൊഞ്ചിച്ചുകൊണ്ട് നോക്കിയപ്പോൾ കണ്ടത് അവരെ തന്നെ നോക്കി നിന്ന ജെനിയെ ആണ്. അവൻ കണ്ടെന്ന് കണ്ടതും അവൾ ചളിപ്പോടെ മുഖം തിരിച്ചു. അവനും നേരെ റീനാമ്മയുടെ അടുത്തേക്ക് പോയി.

റീനാമ്മ അവനെ അന്നക്കും വീട്ടുകാർക്കും പരിചയപെടുത്തികൊടുത്തു. അന്ന് വീടുകാണലിനു പോയപ്പോഴും അവൻ ഇല്ലാതിരുന്നത് കൊണ്ട് അവനെ ആരും നേരിട്ട് കണ്ടിരുന്നില്ല.

നീ എന്താ ഇവിടെ.. റീനാമ്മ ചോദിച്ചു.

ഞാൻ ഇവിടെ മാനേജർ വിളിച്ചിട്ട് വന്നതാണ്.ഒരു ഫയൽ ചെക്ക് ചെയ്യാൻ. അപ്പോഴാ നിങ്ങൾ ഇവിടെ ഉള്ള കാര്യം ഓർമ വന്നത്. അപ്പൊ ഒന്നു കണ്ടിട്ട് പോകാം എന്ന് കരുതി വന്നതാണ്. അന്നയെ ഞാൻ കണ്ടിട്ടില്ലല്ലോ…അല്ലേ എബി.. അവൻ എബിയെ നോക്കി കുസൃതി ചിരിയോടെ ചോദിച്ചു.

അതേ.. ചേട്ടായി കണ്ടിട്ടില്ലല്ലോ.. അവൻ ഒരു വളിഞ്ഞ ചിരിയോടെ പറഞ്ഞു. അന്നയുടെ മുഖത്തും ഉണ്ടായിരുന്നു ഒരു ചമ്മിയ ഭാവം.

കൊട്ടാരത്തിൽ തറവാട്ടിൽ നിന്ന് എബി കഴിഞ്ഞാൽ ആകെ അന്നയെ കണ്ടിട്ടുള്ളത് ഡേവി മാത്രം ആയിരുന്നു. അതെല്ലാവർക്കും അറിയേം ചെയ്യാം.
കൊട്ടാരത്തിൽക്കാരെല്ലാം അന്നയുടെയും എബിയുടെയും മുഖത്തെ ചമ്മിയ ഭാവം കണ്ട് ചിരി കടിച്ചുപിടിച്ചു നിന്നു. ജെനിയും..

നിങ്ങളുടെ ഡ്രെസ്സ് എടുപ്പ് കഴിഞ്ഞില്ലേ ഇനി സ്വർണം എടുക്കാൻ പോകാം അല്ലേ ചേട്ടായി.. ആ സിറ്റുവേഷനിൽ നിന്ന് കരകയറാൻ എന്നപോലെ  എബി പറഞ്ഞു.

ആ… നിങ്ങൾ എന്നാ പോകാൻ നോക്ക്. ഞാൻ ഓഫീസിലേക്ക് തിരിച്ചു പോവാണ്. ഇവിടെ അടുത്തു തന്നെ മലബാർ ഉണ്ടല്ലോ. അങ്ങോട്ട് പോയാൽ മതി. ഞാൻ സൈമണിനെ വിളിച്ച് പറയാം. അവൻ അവിടത്തെ മാനേജർ അല്ലേ..

വല്യേട്ടായി ഞങ്ങടെ കൂടെ വാ.. ഞാനെ ഒരു മാല കണ്ടുവച്ചിട്ടുണ്ട് ഞങ്ങൾ ഇന്നാള് പോയപ്പോ. എനിക്ക് അത് വാങ്ങി തരുവോ.. ഈ മമ്മി വാങ്ങി തന്നില്ല… അലീന എന്ന ആലി ഡേവിയുടെ കൈയിൽ പിടിച്ചുകൊണ്ട് കൊഞ്ചി. ഇനി പ്ലസ് വണ്ണിന് ചേരാൻ പോകുവാണ് ആലി.

അതൊന്നും വേണ്ട ഡേവി.. ആദ്യം നീ ഉള്ളത് ഒക്കെ ഇട്ട് തീർക്ക്. എന്നിട്ട് പുതിയത് വാങ്ങാം.. എൽസി ആലിയെ നോക്കി കണ്ണുരുട്ടികൊണ്ട് ഡേവിയോടായി പറഞ്ഞു.

അത് സാരമില്ല എളേമ്മേ. അവൾ വാങ്ങട്ടെ… വല്യേട്ടായി വാങ്ങി തരാം മോൾക്ക്. കാബിനിൽ പോയി  ഫയൽ ഒരെണ്ണം എടുത്തിട്ട് ഇപ്പൊ വരാം. ഇവിടെ നിക്ക് നിങ്ങൾ… ഡേവി ആലിയുടെ തലയിൽ ഒന്നു തഴുകികൊണ്ട് ജാനിമോളെയും കൊണ്ട് കാബിനിലേക്ക് പോയി.

ഡേവി വന്നതും എല്ലാരും കൂടി ജ്വല്ലറിയിൽ പോയി അന്നക്ക് ഇഷ്ടമായ മോഡൽ മാലയും താലിയും വാങ്ങി. കല്യാണമോതിരം കൂടി വാങ്ങിയപ്പോൾ കല്യാണത്തിനു സ്വർണം എടുക്കൽ കഴിഞ്ഞു.

ഇനി എന്താ മോൾക്ക് വേണ്ടത്. ആലിയെ നോക്കി ഡേവി ചോദിച്ചു.

അതിവിടെ അല്ല വല്യേട്ടായി ഡയമണ്ട് സെക്ഷനിൽ ആണ്…

ആണോ.. എങ്കിൽ അങ്ങോട്ട് പോകാം. അതും പറഞ്ഞ് എല്ലാവരും അങ്ങോട്ട് പോയി.

ഒരു സിമ്പിൾ ചെയിനിൽ ഒരു ചെറിയ ഡയമണ്ടിന്റെ ലോക്കറ്റ് ആയിട്ടുള്ള മാലയും അതിന്റെ തന്നെ കമ്മലും ആണ് ആലി കണ്ടുവച്ചിരുന്നത്. അത് പാക്ക് ചെയ്യാൻ പറഞ്ഞപ്പോ ദിയക്കും വേണം പുതിയത്. അപ്പൊ അവൾക്കും എടുത്തു അവൾക്കിഷ്ടപ്പെട്ട ഒരു മോഡൽ മാലയും കമ്മലും. പിന്നെയും ഡേവി അത്യാവശ്യം വലിയ ഒരു നെക്‌ളേസിന്റെ മാലയും വളയും അടങ്ങിയ ഒരു സെറ്റും കൂടി എടുത്ത് പാക്ക് ചെയ്യാൻ പറഞ്ഞു. ബില്ലടച്ചു പാക്കറ്റ് വാങ്ങിയപ്പോൾ ആ നെക്‌ളേസ് സെറ്റ് ഡേവി അന്നക്ക് നേരെ നീട്ടി..

അന്ന ആകെ പകച്ചുപോയി… വേണ്ട ചേട്ടായി.. അവൾ വിക്കലോടെ പറഞ്ഞു.

ഇനിമുതൽ നീയും എന്റെ അനിയത്തികൊച്ചല്ലേ.. മടിക്കാതെ വാങ്ങ് മോളെ..

വാങ്ങിക്കോ മോളെ…റീനാമ്മയും  പറഞ്ഞു.

അന്ന എബിയെ നോക്കിയപ്പോ അവനും കണ്ണ് ചിമ്മികാട്ടി. അതോടെ അവൾ അത് വാങ്ങി..

Thanks ചേട്ടായി… അവൾ നിറഞ്ഞകണ്ണോടെ പറഞ്ഞു. അതിന് അവൻ അവളെ കണ്ണുരുട്ടുകാട്ടി..

ആനിയമ്മയും ആലീസും ഞെട്ടി നിക്കായിരുന്നു ഇതൊക്കെ കണ്ടിട്ട്. അവരും ഇങ്ങനെ ഒരു നീക്കം ഡേവിയുടെ സൈഡിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരുപാട് സന്തോഷം തോന്നി അവർ അവളെ സ്വന്തം പോലെ കരുതുന്നുണ്ടല്ലോ എന്നാലോചിച്ചിട്ട്.

ജെനി അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് വേണമെങ്കിൽ പറയാം. അവളുടെ ശ്രദ്ധ മുഴുവൻ ഡേവിയുടെ കൈയിൽ ഇരിക്കുന്ന ആ കുഞ്ഞിപ്പെണ്ണിൽ ആയിരുന്നു. ജെനിക്ക് മോളെ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നുണ്ടായില്ല. ഒപ്പം അവളുടെ ഒരു കൈ അവളുടെ വയറിനെ തഴുകുന്നുണ്ടായിരുന്നു.

എന്തായാലും ഇത്രേം സമയം ആയില്ലേ. ഇനി ഭക്ഷണം കഴിച്ചിട്ട് പിരിയാം എല്ലാവർക്കും അല്ലെ.. ഡേവി ചോദിച്ചു…

ആ അതുമതി വല്യേട്ടായി. നമുക്ക് പാരഗൺ ഹോട്ടലിൽ പോകാം. അവിടെത്തെ ഫുഡ്‌ സൂപ്പർ ആണ്..
അലൻ പറഞ്ഞു.

പാരഗൺ എങ്കിൽ പാരഗൺ… എല്ലാവരും വായോ.. അത് പറഞ്ഞ് ഡേവി മുന്നിൽ പോയി. ബാക്കി ഉള്ളവർ അവന്റെ പിന്നാലെയും പോയി.

ഹോട്ടലിൽ പോയി ഫുഡ്‌ കഴിക്കാൻ തുടങ്ങിയ നേരത്താണ് ഡേവിയുടെ ഫോൺ ബെല്ലടിച്ചത്. അതോടെ ജാനിമോളെ റീനാമ്മയുടെ കൈയിലേക്ക് കൊടുത്ത് ഡേവി ഫോണും എടുത്ത് സംസാരിച്ചുകൊണ്ട് പോയി.

റീനാമ്മയുടെ കൈയിൽ എത്തിയ ജാനിമോൾ ഉടനെ തന്നെ അവരുടെ അടുത്തിരിക്കുന്ന ജെനിയുടെ കൈയിലേക്ക് ചാടി.

ആഹാ.. ഇപ്പൊ ആന്റിയെ ഓർമവന്നോ കള്ളിപ്പെണ്ണിന്.. ഇതുവരെ നോക്കുന്നുകൂടി ഉണ്ടായില്ല… ജെനി മോളെ അടുക്കിപിടിച്ചുകൊണ്ട് പരിഭവം പറഞ്ഞു.

അതിന് മോള് എത്തികുത്തി അവളുടെ കവിളിൽ ഒരുമ്മ കൊടുത്ത് ജെനിയെ നോക്കി ഒരു പാൽപുഞ്ചിരി കൊടുത്തു.

അയ്യടാ.. എന്താ പെണ്ണിന്റെ മയക്കിച്ചിരി.. മോളുടെ കവിളിൽ അമർത്തി ഉമ്മവച്ചുകൊണ്ട് ജെനി പറഞ്ഞു.

അതങ്ങനെയാ മോളെ അവളുടെ അപ്പായെ കണ്ടാൽ പിന്നെ അവൾക്ക് ആരും വേണ്ട. എന്നിട്ട് അവൻ പോവുമ്പോ വരും ഈ ആളെ മയക്കി ചിരിയുംകൊണ്ട് അല്ലേടി കള്ളിപ്പെണ്ണേ.. റാണി മോളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു..

ഡേവി ഫോൺ ചെയ്ത് കഴിഞ്ഞ് വരുമ്പോ കാണുന്നത് മോൾക്ക് കുഞ്ഞുകുഞ്ഞു ഉരുളകൾ ആക്കി ചോറ് കൊടുക്കുന്ന ജെനിയെ ആണ്. അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ വഴക്കുണ്ടാക്കുന്ന മോള് നല്ല കുട്ടിയായിട്ട് ഇരുന്ന് കഴിക്കുന്നും ഉണ്ട്. അവൻ കുറച്ചുനേരം അത് നോക്കിനിന്നു. പിന്നെ ഒന്നും മിണ്ടാതെ വന്നിരുന്ന് ഭക്ഷണം കഴിച്ചു.

ഭക്ഷണം കഴിഞ്ഞതും രണ്ടുകൂട്ടരും യാത്ര പറഞ്ഞ് പിരിഞ്ഞു. അന്നയെ ഒക്കെ വീട്ടിൽ കൊണ്ടാക്കാൻ എബിയാണ് പോയത്. ബാക്കി ഉള്ളവർ മറ്റുകാറുകളിലും..

അന്നയെ ഒക്കെ തറവാട്ടിൽ ഇറക്കിയ മതി എന്ന് അവർ പറഞ്ഞു. തറവാട്ടിൽ എത്തിയതും ബാക്കി എല്ലാവരും ഇറങ്ങി. അവസാനം ഇറങ്ങാൻ പോയ അന്നയെ എബി പിടിച്ച് നിർത്തി.

ഒരു മിനിറ്റ് ആന്റി അന്നയെ ഇപ്പൊ വിടാം. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്. എബി അന്നയെ വെയിറ്റ് ചെയ്‌തെന്നപോലെ നിക്കുന്ന ആലീസിനോടായി പറഞ്ഞു.

ശരി മോനെ.. പിന്നേ ആന്റി അല്ല അന്ന വിളിക്കുന്നത് പോലെ മമ്മി എന്ന് വിളിക്കണം കേട്ടോ… അത് പറഞ്ഞ് ആലീസ് വീട്ടിലേക്ക് കയറിപ്പോയി.

അതിന് അവൻ ചിരിച്ചുകൊണ്ട് അന്നയെ നോക്കി. അപ്പോഴും അവൾ അവന് മുഖം കൊടുക്കാതെ ഇരിക്കായിരുന്നു…

എന്താടാ.. എന്തിനാ നീ എനിക്ക് മുഖം തരാതെ ഇരിക്കുന്നെ അവളുടെ ആടിയിൽ പിടിച്ച് മുഖം ഉയർത്തികൊണ്ട് അവൻ ചോദിച്ചു.

അന്ന ഉടനെ ആ കൈ തട്ടിമാറ്റി…

ഹാ.. എന്താ പെണ്ണേ.. നീ കാര്യം പറ..

എബിച്ഛൻ എത്ര നാളായി എന്നെ ഒന്നു വിളിച്ചിട്ട്. ഓർമ്മയുണ്ടോ അത്. തിരക്കാണ് വിളിക്കില്ല എന്ന് പറഞ്ഞത് ഒക്കെ. പക്ഷേ ഇത്രേം ദിവസം വിളിക്കണ്ടിരിക്കും എന്ന് ഞാൻ കരുതിയില്ല.

എന്റെ പെണ്ണേ.. ചേട്ടായി നാട്ടിൽ ഉണ്ടായില്ലല്ലോ. അപ്പൊ എല്ലാത്തിന്റേം ചുമതല എനിക്കും പപ്പക്കും എളേപ്പനും ആയിരുന്നു. രാത്രി ഒക്കെ ഒരു നേരത്താണ് വന്നു കയറിയിരുന്നത്. എത്ര വൈകിയാലും ഞാൻ നിനക്ക് മെസ്സേജ് ഇടാറില്ലായിരുന്നോ…

ഓഹ് പിന്നേ.. ഇതെല്ലാം ചേട്ടായി ഒറ്റക്കല്ലേ കൊണ്ട് നടന്നിരുന്നെ. നിങ്ങൾ ഒക്കെ ഒരു സഹായത്തിന് അല്ലേ ഉണ്ടായിരുന്നെ.. എന്നിട്ട് നിങ്ങൾ മൂന്നുപേർക്ക് കൂടി പറ്റുന്നില്ലന്നോ..

ആ…ഇപ്പോഴാണ് മനസിലാവുന്നത് ആ മനുഷ്യൻ ഒറ്റക്ക് എന്തോരം വലിക്കുന്നുണ്ടെന്ന്. ഞങ്ങൾ മൂന്നുപേരും കൂടെ നോക്കിയിട്ടും ഞങ്ങൾക്ക് പറ്റുന്നുണ്ടായില്ല. ഇതോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഇനി മുതൽ ഹോസ്പിറ്റൽ മാത്രം അല്ല എല്ലാത്തിലും ചേട്ടായിയെ സഹായിക്കും എന്ന്.

ആ അത് നല്ലതാ.. അപ്പൊ ചേട്ടായിക്കും കുറച്ച് റസ്റ്റ്‌ കിട്ടുമല്ലോ…

മ്മ്.. ഇപ്പൊ നിന്റെ പിണക്കം മാറിയോ..

മാറിയിട്ടൊന്നും ഇല്ല… അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു.

ഇത് കിട്ടിയാൽ മാറുവോ ആവോ…. ഒരു വലിയ ബോക്സ്‌ ഫെറെറോ ചോക്ലേറ്റ് എടുത്ത് കൊണ്ട് അവൻ ചോദിച്ചു.

തിരിഞ്ഞു നോക്കിയ അന്ന കാണുന്നത് അവളുടെ ഫേവറിറ്റ് ചോക്ലേറ്റ് ആണ്.. അവൾ വേഗം അത് അവനിൽ നിന്നും തട്ടിപ്പറിച്ച് ഒരെണ്ണം അപ്പൊ തന്നെ പൊളിച്ച് തിന്നുതുടങ്ങി.

Thank you so much എബിച്ചാ…

ആ ചോക്ലേറ്റ് തിന്നിറക്കിയിട്ട് പറയെടി പിശാശേ.. ഇല്ലെങ്കിൽ ചങ്കിൽ കുടുങ്ങി ചത്തുപോവും… കൈ തലയിൽ വച്ച് കൊണ്ട് എബി പറഞ്ഞു

അതിന് അന്ന ചോക്ലേറ്റ് വായിൽ വച്ചുകൊണ്ട് തന്നെ ഒരു ബസന്തി സ്റ്റൈൽ ഇളി ഇളിച്ചുകൊടുത്തു.

അതൂടിക്കണ്ടതും എബി പൊട്ടിച്ചിരിച്ചുപോയി…
എന്റെ അന്നമ്മേ നീ നമ്മുടെ ജാനിമോളെക്കാൾ ചെറുതാണല്ലോ സ്വഭാവത്തിൽ.. അവളുടെ രണ്ടു കവിളും പിടിച്ച് വലിച്ചുകൊണ്ട് അവൻ പറഞ്ഞു.

അതിന് അവൾ ഒരു ചമ്മിയ ചിരി കൊടുത്തു..

എന്നാൽ ശരി നീ വിട്ടോ. ഞാനും പോകട്ടെ. ഇനിയും വൈകിയാൽ എന്റെ വീട്ടിലെ ആ കുരിപ്പില്ലേ അലൻ അവൻ അവന്റെ വക കഥ അടിച്ചിറക്കും. ബാക്കി ഉള്ളതിനെ എങ്ങനെയും സഹിക്കാം. ഇതിനെ ആണ് ഒരിടത്തും വെക്കാൻ പറ്റാത്തത്.. ഹോ… ഒരു നെടുവീർപ്പോടെ എബി പറഞ്ഞു.

ചുമ്മാ അനാവശ്യം പറയല്ലേ എബിച്ചാ.. അതൊരു പാവം ചെക്കൻ അല്ലേ..

അതേ അതേ ഭയങ്കര പാവം ആണ്. നീ ആ വീട്ടിലേക്ക് തന്നെയല്ലേ കെട്ടിക്കേറി വരാൻ പോകുന്നത്. ഭാവിയിലും എനിക്ക് ഈ ഡയലോഗ് തന്നെ കേൾക്കണം കേട്ടോ..

അതിന് എബിയെ ഒന്നു പുച്ഛിച്ചുകൊണ്ട് അന്ന ചോക്ലേറ്റ് ബോക്സും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി. എന്നിട്ട് തിരിഞ്ഞു നിന്ന് അവനോടായി ചോദിച്ചു..

എബിച്ഛൻ ഇറങ്ങുന്നില്ലേ..

ഇല്ല പെണ്ണേ പിന്നേ ഒരിക്കൽ ആവാം. ഇനിപ്പോ സമ്മതത്തിന്റെ അന്ന് കാണാം. അതിനിടയിൽ സമയം കിട്ടിയാൽ ഞാൻ വരാം..അപ്പൊ പോട്ടെ..
അത് പറഞ്ഞ് അവളെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് അവൻ വണ്ടിയും എടുത്ത് പോയി.

വണ്ടി കണ്ണിൽനിന്നും മറഞ്ഞതും അവൾ തറവാട്ടിലേക്ക് കയറിപ്പോയി…

Leave a Reply