22/04/2026

നിനക്കായ് : ഭാഗം 04

രചന – കണ്ണന്റെ മാത്രം

റീനയുടെ മുഖം പോയതും എൽസി അമ്മച്ചി എന്ന് വിളിച്ചു. അപ്പോഴാണ് അവർക്ക് അതു റീനക്ക് വിഷമം ആയെന്നു മനസിലായത്.

നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല കൊച്ചേ. അതിനെ കണ്ടപ്പോ എന്റെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹം വന്നു എന്ന് പറഞ്ഞതാ. ഇനിയിപ്പോ അതിന് നീ കണ്ണ് കലക്കല്ലേ..

നിങ്ങളാരും എന്നെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞില്ലേലും എനിക്കറിയാം ഞാൻ തന്നെ ആണ്  എന്റെ ഡേവിടെ ജീവിതം നശിക്കാൻ കാരണം. എന്റെ നിർബന്ധത്തിന് അല്ലെ ഈ കല്യാണം നടന്നത്. അവൻ എന്നോട് ആദ്യമേ പറഞ്ഞതാ അവന് ഇപ്പൊ കല്യാണം വേണ്ടാന്ന്.  അവന്റെ വയസ്സ് 31 കഴിഞ്ഞത് എനിക്ക് ടെൻഷൻ ആയിരുന്നു. അതിന്റെ കൂടെ എന്റെ കൂട്ടുകാരി ആയിരുന്ന മേരിയുടെയും അവൾടെ മോള് ആൻസിയുടെയും വാക്ക് ഞാൻ വിശ്വസിച്ചു പോയി. ആ വൃത്തികെട്ടവൾക്ക് എന്റെ ഡേവിയെ അത്രേം ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അവന് സ്നേഹം നിറഞ്ഞൊരു ജീവിതം കിട്ടൂലോ എന്നേ ഞാൻ ചിന്തിച്ചോള്ളു. അന്നേ അമ്മച്ചി എന്നോട് പറഞ്ഞതല്ലേ ഒന്നുകൂടി ആലോചിച്ചിട്ട് പോരെന്ന്. പക്ഷേ അവന്റെ കല്യാണം വൈകുന്ന ടെൻഷനിൽ ഞാൻ അതൊന്നും ചെവികൊണ്ടില്ല. പക്ഷേ അതിനുള്ളത് അനുഭവിച്ചത് എന്റെ മോനും ഈ ഇത്തിരിയില്ലാത്ത കുഞ്ഞും ആണെന്ന് മാത്രം…ഒരു കരച്ചിലോടെ റീന പറഞ്ഞു.

ഹാ.. കരയാതെ കൊച്ചേ. ആരും ഇതിൽ നിന്നെ കുറ്റക്കാരി ആക്കുന്നില്ലല്ലോ. ഡേവി അടക്കം. അതൊക്കെ കർത്താവ് തമ്പുരാൻ അവന്റെ തലയിൽ വരച്ചതായിരുന്നു. അതൊക്കെ അവന് അനുഭവിക്കാതെ വേറെ തരം ഇല്ലല്ലോ. നീ സങ്കടപെടണ്ട ഇനി അങ്ങോട്ട് അവന്റെ ജീവിതം നന്നാവും. വിഷമിക്കാതിരിക്ക്.. കത്രീനാമ്മച്ചി റീനയെ സമാധാനിപ്പിച്ചു.

അപ്പോഴേക്കും അവർ കൊട്ടാരത്തിൽ തറവാട്ടിലേക്ക് എത്തിയിരുന്നു. ഒരേ മതിൽ കെട്ടിനുള്ളിൽ തന്നെ ആണ് തറവാട് വീടും ജെയിംസിന്റെയും ജേക്കബിന്റെയും വീട്. തറവാട്ടിൽ ജോൺ ആണ്. ജെയിംസും ജേക്കബും വീട് വച്ച് ഉണ്ടെന്നേ ഉള്ളൂ. ഇപ്പോഴും താമസം തറവാട്ടിൽ തന്നെ ആണ്. അവർക്ക് മാറാൻ താല്പര്യം ഇല്ല. കത്രീനാമ്മക്കും ജോണിനും അവർ മാറുന്നതിനോട് തീരെയും താല്പര്യം ഇല്ല. അതുകൊണ്ട് അവർ എല്ലാവരും ഇപ്പോഴും തറവാട്ടിൽ തന്നെ ആണ് താമസം.

അവരുടെ പിന്നാലെ തന്നെ പിള്ളേരുടെ വണ്ടിയും അവിടെ എത്തി. എല്ലാവരും ഉള്ളിലേക്ക് ചെല്ലുമ്പോൾ അവിടെ റാണിയും ജേക്കബും ഡേവിയും ഉണ്ടായിരുന്നു…

അവർ എല്ലാവരും വന്ന് സോഫയിലായി ഇരുന്നു… റാണി വേഗം എല്ലാവർക്കും ജ്യൂസും കൊണ്ട് വന്നു.

എന്തായി അമ്മച്ചി പോയ കാര്യം… ജേക്കബ് ചോദിച്ചു.

നമ്മുടെ ഭാഗത്ത്‌ നിന്ന് സമ്മതം പറഞ്ഞിട്ടുണ്ട്. ഇനി അവർ ആരൊക്കെയാണെന്നു വച്ചാൽ വീട് കാണാനും മറ്റും വരട്ടെ. എന്നിട്ടാവാം ബാക്കി കാര്യങ്ങൾ.. കത്രീനാമ്മച്ചി ( വല്യമ്മച്ചി ) പറഞ്ഞു.

ദേ വല്യമ്മച്ചി ഒരു കാര്യം പറയാം. കല്യാണം ഈ മാസം തന്നെ വേണം.  അടുത്ത മാസം ആദ്യം ഞങ്ങടെ ക്ലാസ്സ്‌ തുടങ്ങും. പിന്നെ ഞങ്ങൾ ബിസി ആയി പോവും.. അലൻ വല്യ കാര്യത്തിൽ പറഞ്ഞു.

എന്താ ശുഷ്‌കാന്തി ക്ലാസ്സ്‌ തുടങ്ങുന്നതിന്റെ. രണ്ടുകൊല്ലം മുന്ന് പ്ലസ് വണ്ണിന് ചേരുമ്പോഴും മൂന്നിനും ഇതേ ശുഷ്‌കാന്തി ആയിരുന്നു. എന്നിട്ടോ സ്വന്തമായി കോളേജ് ഉള്ള കാരണം ഇഷ്ടപെട്ട സബ്ജെക്ടിനു അഡ്മിഷൻ കിട്ടി… എൽസി അലനെയും ഏദനെയും ദിയയെയും നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു.

മമ്മി പറയുന്ന കേട്ടാൽ ഞങ്ങൾ അപ്പാടെ മോശം ആണെന്ന് തോന്നുലോ. നമ്മുടെ കോളേജ് അല്ലെങ്കിലും ഞങ്ങൾക്ക് അഡ്മിഷൻ കിട്ടുമായിരുന്നു. പിന്നെ എല്ലാർക്കും ഒരുമിച്ചു കിട്ടാനാണ് നമ്മുടെ കോളേജിൽ ചേർന്നത്… അലൻ ചുണ്ടുകോട്ടികൊണ്ട് പറഞ്ഞു.

പിന്നെ കൊട്ടേൽ കോരിയിട്ടല്ലേ നീ മാർക്ക്‌ കൊണ്ട് വന്നത്… എൽസിയും വിട്ടു കൊടുത്തില്ല.

ദേ അപ്പായെ ഭാര്യയെ വേണമെങ്കിൽ നിലക്ക് നിർത്തിക്കോ. ഇല്ലെങ്കിൽ ഞാൻ വല്ല ആക്രിക്കാർക്കും കൊടുക്കും.. അലൻ ജെയിംസിനെ നോക്കി പറഞ്ഞു…

നിങ്ങൾക്ക് രണ്ടിനും എന്താ എപ്പോ നോക്കിയാലും അടിയാണല്ലോ. എന്റെ എൽസി നീ ഇങ്ങനെ കുട്ടികളെപ്പോലെ തല്ലുപിടിക്കാൻ നിക്കല്ലേ.. ജെയിംസ് തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

ബാക്കി എല്ലാവരും ചിരികടിച്ചുപിടിച്ചിരുന്നു. അവർക്കെല്ലാം ഇതൊരു സ്ഥിരം കാഴ്ച ആണ്.

അല്ല ഇന്ന് അവിടെ പോയിട്ട് എന്തൊക്കെ സാധനങ്ങൾ തീരുമാനം ആക്കി ജാനിമോള്… റീനയുടെ കൈയിൽ കിടന്ന് ഉറങ്ങുന്ന ജാനിമോളുടെ തലയിൽ ഒന്ന് തഴുകികൊണ്ട് ഡേവി ചോദിച്ചു..

ഒരു കുഴപ്പവും ഉണ്ടാക്കിയില്ല. അവിടെ അന്നമോളുടെ അമ്മാച്ചന്റെ മോന്റെ ഭാര്യ ഉണ്ടായിരുന്നു ഒരു ജെനിഫർ. ആ കൊച്ചിന്റെ കൂടെ ആയിരുന്നു എല്ലാ സമയത്തും… വല്യമ്മച്ചി പറഞ്ഞു.

ഏത് ജെനിഫർ.. ഡേവി സംശയത്തോടെ എബിയെ നോക്കികൊണ്ട്‌ ചോദിച്ചു.

ആ പഴയ ജെനിഫർ തന്നെ. അന്നയുടെ ഫ്രണ്ട് ജെനി. ഇച്ചായൻ കണ്ടിട്ടുണ്ട് ഒരിക്കൽ. ഞങ്ങൾ റിലേഷൻ തുടങ്ങിയ സമയത്ത്. ഓർമയില്ലേ… എബി പറഞ്ഞു.

എനിക്ക് ഓർമ കിട്ടുന്നില്ല. ഈ പേര് നല്ല കേട്ടുപരിചയം തോന്നി അതാ ചോദിച്ചത്..അപ്പോഴേക്കും അവന്റെ ഫോൺ ബെല്ലടിച്ചു. അവൻ അത് എടുത്തുകൊണ്ട് റൂമിലേക്ക് പോയി.

ബാക്കി ഉള്ളവർ ഇന്ന് പോയ വിശേഷങ്ങൾ റാണിയോടും ജേക്കബിനോടും പറഞ്ഞ് അവിടെ ഇരുന്നു.

…………………

ഇങ്ങ് അന്നയുടെ വീട്ടിൽ മുതിർന്നവർ എല്ലാവരും ചായ കുടിക്കാൻ ഇരിക്കാണ്. അപ്പോഴാണ് ഇനി എന്താ ചെയ്യേണ്ടത് എന്ന് തോമസ് വല്യപ്പച്ചനോട് ചോദിച്ചത്.

ഇനിയിപ്പോ എന്നാ നമ്മുടെ സൗകര്യം എന്ന് വച്ചാൽ അങ്ങോട്ട് പോകാം. കൊട്ടാരത്തിൽകാരെ കുറിച്ച് അന്വേഷിക്കാനും മറ്റും ഇല്ലല്ലോ. പിന്നെ ആ പയ്യനെ കുറിച്ച് തോമസ് അന്വേഷിച്ചതല്ലേ. പിന്നെ അന്നമോൾടെ സമ്മതം ആദ്യം ചോദിക്കണം…

അവൾക്ക് സമ്മതക്കുറവൊന്നും ഉണ്ടാവില്ല. എന്നാലും ചോദിക്കാം എന്നും പറഞ്ഞ് ആലീസ് അന്നയെ വിളിച്ചു.

എന്താ മമ്മി… അന്നയും ആ കൂടെ ജെനിയും അന്നയുടെ റൂമിൽ നിന്നും വന്നുകൊണ്ട് ചോദിച്ചു.

അന്നമ്മേ നിനക്ക് ഈ ബന്ധത്തിൽ ഇഷ്ടക്കേടൊന്നും ഇല്ലല്ലോ.. അലക്സി അവളോടായി ചോദിച്ചു.

നിങ്ങൾക്കെല്ലാം ഒക്കെ ആണെങ്കിൽ എനിക്കും കുഴപ്പം ഇല്ല…

എന്നാൽ പിന്നെ തോമസേ നിന്റെ എളേപ്പന്മാരോടും മറ്റും ആലോചിച്ചിട്ട് ഒരു ഡേറ്റ് തീരുമാനിക്ക്. എന്നിട്ട് നമുക്ക് അവരുടെ വീട് കാണാൻ പോകാം…

ശരി അപ്പച്ചാ…

പിന്നെ അവർ മറ്റുകാര്യങ്ങൾ സംസാരിച്ച് തുടങ്ങിയപ്പോൾ അന്നയും ജെനിയും അന്നയുടെ റൂമിലേക്ക് പോയി.അവർ റൂമിലെത്തി ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ആണ് ജെനിക്ക് ജാനിമോളെ ഓർമ വന്നത്.

പാവമല്ലേ ആ കുഞ്ഞ്. രണ്ടുമാസം ആയപ്പോഴേക്കും അമ്മയെ നഷ്ടമായില്ലേ. എന്തു പറ്റിയതാ അവർക്ക്. എങ്ങനെയാ മരിച്ചത്. നിനക്ക് അറിയില്ലേ..

അവർ മരിച്ചതൊന്നും അല്ല പെണ്ണേ. ആ കുഞ്ഞിന് രണ്ടുമാസം ആയ സമയത്ത് ഏതോ ഒരുത്തന്റെ കൂടെ ഓടി പോയതാണ്…

ഏഹ്.. ആ ഇത്തിരിയില്ലാത്ത കുഞ്ഞിനെ ഇട്ടിട്ട് ഓടി പോയിയെന്നോ… ജെനി ഞെട്ടിക്കൊണ്ട് ചോദിച്ചു.

മ്മ്.. അത് തന്നെ…

അപ്പോഴേക്കും അവർക്ക് തറവാട്ടിലേക്ക് തിരിച്ചുപോകാനായി ജെനിയെ വിളിക്കാനായി ആനിയമ്മ അങ്ങോട്ട് വന്നു. അതോടെ ആ സംസാരം അവർ അവിടെ അവസാനിപ്പിച്ചു.

……………..

പിന്നെ ഉള്ള കാര്യങ്ങൾ എല്ലാം പെട്ടന്ന് കഴിഞ്ഞു.കൊട്ടാരത്തിൽ തറവാട്ടിലേക്ക് വീട് കാണാൻ വല്യപ്പച്ചനും വല്യമ്മച്ചിയും പപ്പയും മമ്മിയും അടക്കം ഇരുപത്തിയഞ്ച് പേരോളം പോയി. പോയവർക്കൊന്നും കുറ്റം ഒന്നും പറയാൻ ഉണ്ടായില്ല. എല്ലാവർക്കും അന്നയുടെ ഭാഗ്യം പറയാനേ നേരം ഉണ്ടായുള്ളൂ. തോമസിന്റെ എളേപ്പന്മാർക്കൊക്കെ അവന്റെ മോൾക്ക് ഇത്രേം നല്ലൊരു ബന്ധം കിട്ടിയതിൽ ലേശം കുശുമ്പില്ലാതില്ല. ആലീസ് അത് പൊലിപ്പിക്കാൻ വേണ്ടി ഒന്ന് കൂടി തള്ളി മറിച്ചു.. അതിന് ആനി അവരെ നോക്കിപേടിപ്പിച്ചു.

ചുമ്മാ.. ഒരു മനസ്സുഖം. ആലീസ് ഒരു കുസൃതി ചിരിയോടെ ആനിയോട് ആയി പറഞ്ഞു.

വെറുതെ അല്ല ആ അന്നക്ക് ഇത്രേം കുറുമ്പ്. നിന്റെ അല്ലെ മോള്.. അവർ കണ്ണുരുട്ടികൊണ്ട് പറഞ്ഞു.

അതിന് അവർ ഒരു കള്ളച്ചിരി ചിരിച്ച് നിന്നേ ഉള്ളൂ.

അങ്ങനെ 2 ആഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച ഇവരുടെ ഇടവക പള്ളിയിൽ വച്ച് മനസ്സമ്മതവും പിന്നത്തെ ഞായറാഴ്ച അവരുടെ പള്ളിയിൽ വച്ച് കെട്ടുകല്യാണവും തീരുമാനിച്ചു.

ഇന്ന്  അന്നമ്മക്ക്  എടുക്കാൻ മന്ത്രക്കോടിയും ഡ്രെസ്സും എല്ലാം എടുക്കാൻ പോവുകയാണ്. കൊട്ടാരത്തിൽക്കാരുടെ തന്നെ ടെക്സ്റ്റൈൽസിൽ നിന്നാണ് ഡ്രെസ്സ് എടുക്കുന്നത്. അവർ അങ്ങോട്ട് വരാം എന്നാണ് പറഞ്ഞത്. ഇവിടെ നിന്ന് അന്നയും ആലീസും ആനിയമ്മയും ജെനിയും കൂടി ആണ് പോയത്. ജെനിക്ക് പോകുമ്പോൾ ജാനിമോളെ കാണാലോ എന്നൊരു സന്തോഷവും ഉള്ളിൽ ഉണ്ടായിരുന്നു.

ഇവർ അവിടെ എത്തുമ്പോൾ എബിനും ബാക്കി പിള്ളേര് സെറ്റും അമ്മമാരും അവിടെ ഉണ്ടായിരുന്നു.
കൂട്ടത്തിൽ ഉണ്ടായിരുന്ന റാണിയെ ജെനിക്കും അന്നക്കും പരിചയപെടുത്തികൊടുത്തു റീനാമ്മ. ബാക്കി ഉള്ളവർ വീടുകാണാൻ പോയപ്പോ പരിചയപെട്ടിരുന്നു. അപ്പോഴാണ് ദിയ ജാനിമോളെയും കൊണ്ട് അങ്ങോട്ട് വന്നത്. ഉള്ള ചോക്ലേറ്റ് മുഴുവൻ മുഖത്ത് വച്ചു തേച്ച് കാണാൻ തന്നെ ഭയങ്കര ക്യൂട്ട് ആയിട്ടുണ്ട്. അവളുടെ മുഖത്തുള്ളത് പോരാതെ ബാക്കി ഉള്ളത് ദിയയുടെ മുഖത്തും വച്ച് തേക്കുന്നുണ്ട് ആള്.

മമ്മി ഈ കുറുമ്പിനെ ഒന്ന് പിടിച്ചേ. കണ്ടില്ലേ എന്റെ മുഖത്തും ഡ്രെസ്സിലും ഒക്കെ ചോക്ലേറ്റ് ആക്കി. ഞാനൊന്നു പോയി കഴുകട്ടെ. അപ്പോഴാണ് അവൾ അവിടെ നിക്കുന്ന അന്നയെ ഒക്കെ കാണുന്നത്.

ആഹാ.. ചേച്ചിമാർ എപ്പോ വന്നു.. അവൾ ചോദിച്ചു.

ചേച്ചി അല്ല പെണ്ണേ ചേട്ടത്തി ആണ്.. റാണി തിരുത്തി

ആ എന്നാൽ ചേട്ടത്തിമാര് എപ്പോ വന്നു.. പോരെ എളേമ്മേ..

ഓഹ്‌ ഈ പെണ്ണ്.. റാണി തലയിൽ കൈവച്ചു.

ദിയ ബാക്കി ഉള്ളവരോടും ഇങ്ങോട്ട് വരാൻ പറയ്. മന്ത്രക്കോടി എടുക്കണം എന്നിട്ട് വേണം സ്വർണം എടുക്കാൻ പോകാൻ…

ഒക്കെ മമ്മി. ഞാൻ ഇതൊക്കെ കഴുകിയിട്ടു അവരേം വിളിച്ചു വരാം..അത് പറഞ്ഞ് ദിയ വാഷ്റൂം ലക്ഷ്യമാക്കി പോയി.

ഈ സമയം എല്ലാം ജെനിയുടെ കണ്ണുകൾ ജാനിമോളുടെ മുഖത്തായിരുന്നു. അവൾക്ക് മോളെ ഒന്ന് എടുക്കണം എന്ന് തോന്നി. അതിനായി അവൾ റീനാമ്മയുടെ അടുത്തേക്ക് പോകാൻ നിന്നപ്പോഴാണ് അവർ
ഞാൻ മോളെ ഒന്ന് കഴുകിച്ചിട്ട് വരാം എന്നും പറഞ്ഞ് പോയത്.

പിന്നെ എല്ലാവരും എത്തിയത് ഏതാണ്ട് ഒരുമിച്ചായിരുന്നു അതോടെ മന്ത്രക്കോടി തപ്പൽ തുടങ്ങി. റീനാമ്മയുടെ കൈയിൽ ഇരിന്ന് കുഞ്ഞ് എങ്ങോട്ടോ ചൂണ്ടി കിണുങ്ങുന്നത് കണ്ടപ്പോൾ റീനാമ്മ അവൾ എങ്ങോട്ടാണ് ചൂണ്ടുന്നത് എന്ന് നോക്കി. അന്നയെ മന്ത്രക്കോടി എടുക്കാൻ സഹായിക്കുന്ന ജെനിയെ നോക്കിയാണ് മോള് വാശിപിടിക്കുന്നത് എന്ന് റീനാമ്മക്ക് മനസിലായി. അവർ മോളെയും കൊണ്ട് ജെനിയുടെ അടുത്തേക്ക് പോയി.

റീനാമ്മ അടുത്ത് വന്നതും ജെനിയും അന്നയും എഴുന്നേറ്റു. അവിടെ ഇരിക്ക് മക്കളെ. ഞാൻ ദേ മോള് ജെനിയെ ചൂണ്ടി വാശിപിടിച്ചപ്പോ വന്നതല്ലേ. അത് കേട്ടതും ജെനി മോളെ വാരിയെടുത്തു. പിന്നെ അവളുടെ തുടുത്ത കവിളുകളിൽ മുത്തി. ജാനിമോളും ജെനിയുടെ മുഖത്ത് അവളുടെ വായതുറന്നുള്ള ഉമ്മ വച്ചു. പിന്നെ അവളുടെ നെഞ്ചിൽ തല വച്ചു കിടന്നു. എല്ലാവരും വാത്സല്യത്തോടെ ആണ് അത് കണ്ടത്.

പിന്നെ അങ്ങോട്ട് മന്ത്രക്കോടി തപ്പാൻ മോളും കൂടി എന്ന് പറയുന്നതാവും ശരി. ജെനിയുടെ മടിയിൽ ഇരുന്നുകൊണ്ട് സകല സാരിയും അവൾ വലിക്കുന്നുണ്ട്. അന്ന ഏതു സാരീ സെലക്ട്‌ ചെയ്താലും എബിക്ക് അത് പിടിക്കുന്നില്ല. അവൾ ഓരോ സാരീ ആയി ദേഹത്തിൽ വച്ചുകൊണ്ട് എബിയെ നോക്കും. അവൻ മുഖം ചുളിച്ചുകാട്ടും. അവസാനം ജെനിയും ജാനിമോളും കൂടി സെലക്ട്‌ ചെയ്തുകൊടുത്ത    റാണിപിങ്ക് കളർ പട്ടുസാരീ എല്ലാവർക്കും ഒരുപോലെ ഇഷ്ടമായി. പിന്നെ കെട്ടുന്ന നേരത്ത് ഇടാൻ ഗൗൺ ആണ് എടുത്തത്. തൂവെള്ള നിറത്തിൽ നെറ്റിന്റെ ഗൗൺ ആണ് എടുത്തത്.

ആ സമയത്താണ് ജെനിയുടെ കൈയിൽ ഇരുന്ന ജാനിമോൾ പെട്ടന്ന് അവളുടെ കൈയിൽ നിന്നും ഊർന്ന് ഇറങ്ങി എങ്ങോട്ടോ തത്തി തത്തി നടക്കുന്നത്.

………………