രചന – കണ്ണന്റെ മാത്രം
അന്ന് വൈകിട്ട് അന്ന വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവളെ പ്രതീക്ഷിച്ചെന്നപോലെ അപ്പമാരും ഡേവിയും എബിയും ഒഴികെ എല്ലാവരും കാത്തിരിപ്പുണ്ടായിരുന്നു.
എന്തായി അന്നമോളെ ജെനിമോളോട് സംസാരിച്ചോ ഇന്ന്… അവളെ കണ്ടതും റീനാമ്മ ചോദിച്ചു.
സംസാരിച്ചു മമ്മി… അന്ന സോഫയിൽ ആയി ഇരുന്നുകൊണ്ട് പറഞ്ഞു.
എന്നിട്ട് എന്തു പറഞ്ഞു ജെനി.. അന്നക്ക് ചായ എടുത്ത് കൊടുത്തുകൊണ്ട് റാണി ചോദിച്ചു.
ആദ്യം അവള് സമ്മതിച്ചില്ല. പിന്നെ ഞാൻ മോളുടെ കാര്യവും മറ്റും പറഞ്ഞപ്പോ ആലോചിക്കാം എന്ന നിലയിൽ എത്തിയിട്ടുണ്ട്. അവൾക്ക് മോളെ കാണാതെ പറ്റുന്നില്ല. ഇന്ന് തന്നെ എന്റെ കൂടെ മോളില്ല എന്ന് കണ്ടതും അവളുടെ മുഖം പോയി. നാളെയും ജാനിയെ കൊണ്ടുപോകേണ്ട. അവൾ തന്നെ മനസിലാക്കട്ടെ അവൾക്ക് ജാനി ഇല്ലാതെ പറ്റില്ല എന്ന്.
എബി എന്തു പറഞ്ഞു. അവൻ ജെനിയുടെ ആങ്ങളയോട് സംസാരിച്ചോ..
ആ ഇച്ഛൻ സംസാരിച്ചു എന്നാ പറഞ്ഞത്. അവന് ഇഷ്ടക്കേട് ഒന്നും ഇല്ല. നമ്മളും അവരും തമ്മിൽ ഉള്ള ഫിനാൻഷ്യൽ ഡിഫറെൻസ് ആണ് അവന് ഒരു വിഷമം എന്നാ ഇച്ഛൻ പറഞ്ഞത്. പക്ഷേ ഇച്ഛൻ അതെല്ലാം പറഞ്ഞ് ക്ലിയർ ആക്കിയിട്ടുണ്ടെന്നാണ് പറഞ്ഞത്. ക്രിസ്റ്റി ഇന്ന് വീട്ടിൽ സംസാരിച്ചിട്ട് പറയാം എന്നാ പറഞ്ഞത്. ക്രിസ്റ്റിക്ക് ചേട്ടായിയെ വലിയ കാര്യം ആണ്. അതുകൊണ്ട് അവൻ സമ്മതിപ്പിച്ചോളും..
കാശിൽ ഒക്കെ എന്തിരിക്കുന്നു. കുടുംബസ്നേഹം ഉണ്ടായാൽ മതി. അത് ആ മക്കൾക്ക് നല്ലോണം ഉണ്ട്. ആ കൊച്ച് ഡേവിയുടെ ഭാര്യയായി വന്നാൽ അവന്റേം നമ്മുടെ ജാനിമോളുടേം ഭാഗ്യം എന്നേ ഞാൻ പറയൂ… വല്യമ്മച്ചി പറഞ്ഞു.
നാളെ അറിയുമായിരിക്കും അല്ലേ മോളെ. എന്റെ കുഞ്ഞിന്റെ ജീവിതം ഒന്ന് നന്നായി കാണണം എന്നതാണ് ഇപ്പൊ എന്റെ ഏറ്റവും വലിയ ആഗ്രഹം. ഞാനായിട്ട് ഒരിക്കൽ തകർത്തതാണ് അവന്റെ ജീവിതം..
മമ്മി വിഷമിക്കാതെ. എല്ലാം നേരെ ആവും… അന്ന അവരെ ആശ്വസിപ്പിച്ചു..
…………..
ചിറയത്തുതറവാട്ടിൽ എല്ലാവരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റ സമയത്താണ് വല്യപ്പച്ചൻ ജോസഫിനെ വിളിച്ചത്..
എന്താ അപ്പച്ചാ…
നീ കൈകഴുകിയിട്ട് വായോ സംസാരിക്കാൻ ഉണ്ട്. നിങ്ങളും വേഗം അടുക്കള ഒതുക്കിയിട്ട് വായോ..അയാൾ എല്ലാവരോടും ആയി പറഞ്ഞു.
എല്ലാവരും ഹാളിൽ സോഫയിൽ ആയി വന്നിരുന്നതും വല്യപ്പച്ചൻ സംസാരത്തിന് തുടക്കം ഇട്ടു.
ആനി നിനക്ക് എന്താണ് പറയാൻ ഉള്ളതെന്ന് വച്ചാൽ പറയാം. എല്ലാവരുടെയും അഭിപ്രായം അറിഞ്ഞിട്ട് എന്താണെന്ന് വച്ചാൽ ചെയ്യാം..
അത് പിന്നെ അപ്പച്ചാ.. നമ്മുടെ അലക്സിനെ ഇന്ന് ഡിസ്ചാർജ് ചെയ്യ്തു. അവന് കുറച്ച് നാള് റസ്റ്റ് പറഞ്ഞതല്ലേ. അപ്പൊ അങ്ങനെ ഒരു സമയത്ത് ആ കുഞ്ഞിനേയും വച്ച് ആ പെണ്ണിന് ഒറ്റക്ക് ഒന്നും പറ്റില്ലല്ലോ. അവർ ഇവിടെ ആണെങ്കിൽ കുഞ്ഞിനെ ഞങ്ങൾക്ക് നോക്കാലോ. അലക്സിന്റെ കാര്യങ്ങൾ അവൾക്കും നോക്കാം…
ജോസഫെ എന്താ നിന്റെ അഭിപ്രായം… വല്യപ്പച്ചൻ ചോദിച്ചു.
എന്റെ അഭിപ്രായം ഞാൻ അന്ന് പറഞ്ഞത് തന്നെ ആണ്. എനിക്ക് അതിൽ താൽപ്പര്യം ഇല്ല. ബാക്കി ഒക്കെ അപ്പച്ചന്റെ ഇഷ്ടം..
ഇച്ചായൻ എന്ത് വർത്താനം ആണ് പറയുന്നത്. അവൻ നമ്മുടെ മോൻ അല്ലേ. എന്റെ മോൻ എന്റെ കൂടെ വേണം എന്ന് ഞാൻ ചിന്തിക്കുന്നതിൽ എന്താ തെറ്റ്. ഇപ്പൊ നമ്മുടെ ആരും അല്ലാത്ത ജെനിക്ക് വേണ്ടിയല്ലേ ഇച്ചായൻ നമ്മുടെ മോനെ കണ്ടില്ല എന്ന് നടിക്കുന്നത്. എനിക്ക് അത് പറ്റില്ല എന്റെ മോൻ എന്റെ മരണം വരെ എന്റെ കൂടെ വേണം.
ഞാൻ പറഞ്ഞല്ലോ ആനി അപ്പച്ചന്റെ ഇഷ്ടം എന്ന്. പിന്നെ ഒരു കാര്യം ഞാൻ പറയാം നിന്റെ മോൻ അനുഭവിക്കാൻ പോകുന്നേ ഉള്ളൂ. അത് നീ നിന്റെ കണ്ണിൽ കാണും. കുഞ്ഞ് നഷ്ടപ്പെട്ട് നെഞ്ചുപ്പൊട്ടി കരഞ്ഞ ആ പെണ്ണിന്റെ കണ്ണീര് വെറുതെ പോകുവൊന്നും ഇല്ല. അതിന്റെ ആദ്യ പടി ആയിരുന്നു ഈ ആക്‌സിഡന്റ് എന്ന് കരുതിയാൽ മതി. പിന്നെ മോനോടുള്ള സ്നേഹം മൂത്ത് നീ ഇപ്പൊ ആ ഹോസ്പിറ്റലിൽ ചിലവാക്കി കൂട്ടിയത് മുഴുവൻ എന്റെ അധ്വാനം ആണ്. അതിനി വേണ്ട. അവനോ അവന്റെ കുടുംബത്തിനോ എന്റെ സ്വത്തിൽ യാതൊരുവിധ അവകാശവും ഇല്ല.
ഇച്ചായാ.. ഞാൻ..
വേണ്ട… ആനി വിശദീകരണം ഒന്നും വേണ്ട. അപ്പച്ചാ എന്താന്ന് വച്ചാൽ നിങ്ങളുടെ ഇഷ്ടം പോലെ ഒക്കെ ചെയ്തോ. ആരും എന്നെ നോക്കണ്ട ഒന്നിനും.. അയാൾ അതും പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് പോയി.
അപ്പച്ചാ…
ഏതായാലും രണ്ട് ദിവസം കഴിയട്ടെ ആനി. എന്നിട്ട് തീരുമാനിക്കാം.. അതും പറഞ്ഞുകൊണ്ട് അയാളും എഴുന്നേറ്റ് പോയി..
അമ്മച്ചീ.. അപ്പച്ചനോട് ഒന്ന് സംസാരിക്ക് അമ്മച്ചി. അവന്റെ ഈ അവസ്ഥയിൽ നമ്മൾ അല്ലാതെ അവന്റെ കൂടെ നിക്കാൻ വേറെ ആരാ ഉള്ളത്.
മ്മ്.. ഞാൻ സംസാരിക്കാം. നീ സമാധാനപ്പെട്..
……………..
അന്ന് രാത്രി കിടക്കാൻ നേരത്താണ് ജെനി മാത്യൂസിന്റെ അടുത്തേക്ക് വരുന്നത്.
അപ്പച്ചാ…
എന്താ മോളെ.. കിടക്കാറായില്ലേ..
അപ്പച്ചാ എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു.
പറഞ്ഞോടാ…ദേ ഇങ്ങോട്ട് ഇരുന്നേ അയാൾ അവളെ അയാളുടെ അടുത്തായി കട്ടിലിൽ ഇരുത്തി. മ്മ് ഇനി പറ എന്താ എന്റെ ജെനികുട്ടന് പറയാൻ ഉള്ളത്..
അത് അപ്പച്ചാ ഇന്ന് അന്ന എന്നോട് ഒരു കാര്യം ചോദിച്ചു. ജാനിമോൾക്ക് അമ്മ ആയി അവരുടെ തറവാട്ടിലേക്ക് ചെല്ലാമോ എന്ന്.. ജെനി അയാളുടെ തോളിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു..
എന്നിട്ട് മോള് എന്തു പറഞ്ഞു. മോൾക്ക് സമ്മതമാണോ…
അത് അപ്പച്ചാ ആ മോളുടെ അമ്മ ആവാൻ എനിക്ക് നൂറുവട്ടം സമ്മതം ആണ്. പക്ഷേ ഇനിയൊരു ഭാര്യ ആവാൻ എനിക്ക് കഴിയില്ല അപ്പച്ചാ. ഇനിയും ഒരു ഭാഗ്യപരീക്ഷണത്തിന് എനിക്ക് ധൈര്യം ഇല്ല.. അവൾ നിറഞ്ഞ കണ്ണോടെ പറഞ്ഞു.
എന്തിനാ മോളെ അങ്ങനെ ഒക്കെ നീ ചിന്തിക്കുന്നത്. എല്ലാവരും ആ നെറികെട്ടവനെ പോലെ അല്ല. പിന്നെ ആ മോളുടെ അമ്മ ആകണമെങ്കിൽ ഡേവിയുടെ ഭാര്യ ആകാതെ പറ്റില്ലല്ലോ. ക്രിസ്റ്റിയോട് എബി സംസാരിച്ചിരുന്നു ഈ ബന്ധത്തെ കുറിച്ച്. ഞങ്ങൾക്ക് സന്തോഷം ആണ് ഇതിൽ. പക്ഷേ അവസാന തീരുമാനം മോളുടെ ആണ്. നിനക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം ഇത് മുന്നോട്ട് കൊണ്ടുപോയാൽ മതി. ഇല്ലെങ്കിൽ ഈ ആലോചന ഇവിടെ വച്ച് അവസാനിപ്പിക്കാം. പക്ഷേ അങ്ങനെ അവസാനിപ്പിക്കാണെങ്കിൽ എന്റെ മോള് ആ കുഞ്ഞും ആയിട്ടുള്ള അടുപ്പം കുറക്കണം. ഇല്ലെങ്കിൽ ഭാവിയിൽ അത് നിന്നെയും ആ കുഞ്ഞിനേയും ഒരുപോലെ വേദനിപ്പിക്കും.
അപ്പച്ചാ…. അയാൾ അവസാനം പറഞ്ഞത് കേട്ട് ജെനി ഞെട്ടികൊണ്ട് വിളിച്ചു.
അത് വേണം മോളെ. അല്ലെങ്കിൽ ഭാവിയിൽ എന്റെ മോള് കരയുന്നത് ഈ അപ്പച്ചൻ കാണേണ്ടിവരും. ഇനിയും അങ്ങനെ ഒരു അവസ്ഥയിൽ നിന്നെ കാണാൻ എനിക്ക് കഴിയില്ല മോളെ. ഇനി മോൾക്ക് ആ കുഞ്ഞിനെ പിരിയാൻ തീരെ പറ്റില്ല എന്നാണെങ്കിൽ നമുക്ക് ഈ ആലോചന മുന്നോട്ട് കൊണ്ടുപോകാം. അപ്പോൾ പിന്നെ എന്നന്നേക്കും ആയിട്ട് ആ കുഞ്ഞ് നിന്റെ ആവും… അയാൾ പറഞ്ഞ് നിർത്തി.
ഞാൻ….
വേണ്ട ഇപ്പൊ ഒന്നും പറയണ്ട. മോള് നന്നായി ആലോചിക്ക് എന്നിട്ട് നിനക്ക് മനസ്സിൽ ശരി എന്ന് തോന്നുന്ന തീരുമാനം എടുക്ക്. അത് എന്ത് തന്നെ ആയാലും ഞാൻ നിന്റെ കൂടെ ഉണ്ടാവും. ഞാൻ മാത്രം അല്ല അമ്മച്ചിയും ക്രിസ്റ്റിയും എല്ലാം. ഇപ്പൊ മോള് ചെന്ന് കിടന്ന് ഉറങ്ങാൻ നോക്ക്…എന്തോ പറയാൻ തുടങ്ങിയ ജെനിയെ തടഞ്ഞുകൊണ്ട് മാത്യു പറഞ്ഞു.
ജെനി അയാളെ നോക്കി ഒന്ന് തലയാട്ടികൊണ്ട് റൂമിലേക്ക് പോയി. അവൾക്ക് എന്തോ കിടന്നിട്ടും ഉറങ്ങാൻ കഴിയുന്നുണ്ടായില്ല. ഒരു തീരുമാനം എടുക്കാൻ പറ്റാതെ അവൾ ഉഴറി.
……………….
പിറ്റേന്ന് സ്കൂളിൽ നേരം വെളുത്തിട്ടും ജെനിക്ക് വ്യക്തമായ ഒരു തീരുമാനം എടുക്കാൻ കഴിയുന്നുണ്ടായില്ല. അവൾ അതേ കൺഫ്യൂഷനോടെ ആണ് സ്കൂളിൽ എത്തിയത്. അന്നും പതിവുപോലെ അന്നയുടെ വരവും കാത്ത് അവൾ ഇരുന്നു. ജാനിമോളെ കാണാൻ അത്രയും കൊതിക്കുന്നുണ്ടായിരുന്നു അവളുടെ ഉള്ളം. പക്ഷേ അന്നും അന്ന ഒറ്റക്ക് വരുന്നത് കണ്ടതും ജെനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു.
അന്ന ജെനിയുടെ അടുത്തെത്തിയപ്പോൾ കാണുന്നത് കണ്ണുകൾ നിറഞ്ഞിരിക്കുന്ന ജെനിയെ ആണ്..
എന്താ ജെനി.. എന്തിനാ നീ കരയുന്നത്.. അന്ന പരിഭ്രമത്തോടെ ചോദിച്ചു.
നീ എന്താ മോളെ കൊണ്ടുവരാഞ്ഞത്. എനിക്ക് അവളെ കാണാതെ പറ്റുന്നില്ല അന്നേ. ഞാൻ ഈ കല്യാണത്തിന് സമ്മതിക്കാത്ത കാരണം ആണോ കുഞ്ഞിനെ കൊണ്ടുവരാഞ്ഞത്… ജെനി സങ്കടത്തോടെ ചോദിച്ചു.
അതൊന്നും അല്ല പെണ്ണേ. ഇന്ന് ചേട്ടായി പോയിട്ടില്ല. അപ്പൊ മോള് അവളുടെ അപ്പയുടെ കൂടെ ആണ് അതാ കൊണ്ടുവരാഞ്ഞേ. പിന്നെ ഒരു കാര്യം നീ ഇങ്ങനെ മോളുമായി അടുക്കല്ലേ ജെനി. അവസാനം നീ കരയുന്നത് കാണാൻ വയ്യാ. ഇപ്പൊ തന്നെ നാലഞ്ചു ദിവസം ആയപ്പോഴേക്കും നിനക്ക് ഇത്രേം സങ്കടം. അപ്പൊ പിന്നെ ഇനിയും അടുത്താൽ പിന്നെ പിരിയേണ്ടി വന്നാൽ നിന്റെ സങ്കടം കൂടില്ലേ..
ഇല്ല.. എനിക്ക് ഇനി മോളില്ലാതെ പറ്റില്ല. എനിക്ക് സമ്മതം ആണ് ഈ കല്യാണത്തിന്. എന്റെ മോള് അതോടെ എന്റെ സ്വന്തം ആവില്ലേ. പിന്നെ ആരും അവളെ എന്നിൽ നിന്നും പിരിക്കില്ലല്ലോ… ജെനി പറഞ്ഞു.
ഏഹ്ഹ് എന്താ പറഞ്ഞേ നിനക്ക് ഈ കല്യാണത്തിന് സമ്മതം ആണ് എന്നോ. ഉറപ്പല്ലേ. നീ ജാനിമോൾക്ക് അമ്മ മാത്രം അല്ല ചേട്ടായിടെ ഭാര്യയും കൂടി ആവും. അത് അറിയാലോ അതുംകൂടി ആലോചിച്ചിട്ടാണോ നീ സമ്മതം പറഞ്ഞത്.
അതൊന്നും എനിക്ക് അറിയില്ല. എനിക്ക് ഇനിയും എന്റെ മോളെ പിരിയാൻ പറ്റില്ല. അതുകൊണ്ട് ഈ കല്യാണത്തിന് എനിക്ക് സമ്മതം ആണ്.
എനിക്ക് ഒരുപാട് സന്തോഷം ആയി ജെനി. ഈ തീരുമാനം കൊണ്ട് നീ വിഷമിക്കേണ്ടി വരില്ല. അത്രേം നല്ല സ്വഭാവം ആണ് ചേട്ടായിയുടേത്… അന്ന ജെനിയെ പുണർന്നുകൊണ്ട് സന്തോഷത്തോടെ പറഞ്ഞു..
മ്മ്.. ജെനി അതിന് ഒന്നു മൂളിയതേ ഉള്ളൂ..
നിക്ക് ഞാൻ അപ്പച്ചനെ ഒന്ന് വിളിച്ചുപറയട്ടെ. സന്തോഷാവും ആൾക്ക്. അന്ന അത് പറഞ്ഞു കൊണ്ട് ഫോൺ എടുത്ത് മാത്യൂസിനെ വിളിച്ചു.
എന്താ അന്നമോളെ.. ഫോൺ എടുത്തതും മാത്യൂസ് ചോദിച്ചു.
അപ്പച്ചാ ഞാൻ ഒരു സന്തോഷവാർത്ത പറയാൻ വിളിച്ചതാണ്. ജെനി കല്യാണത്തിന് സമ്മതിച്ചു..
ഏഹ്ഹ്.. ആണോ.. പൂർണ്ണമനസ്സോടെ തന്നെ ആണോ മോളെ. അതോ നമ്മൾ ഒക്കെ നിർബന്ധിച്ചു എന്ന് തോന്നിയിട്ടാണോ.. അയാൾ ആശങ്കയോടെ ചോദിച്ചു.
അപ്പച്ചൻ ദേ അവളോട് തന്നെ ചോദിക്ക്.. അന്ന ഫോൺ ജെനിക്ക് കൊടുത്തു.
അപ്പച്ചാ.. ജെനി വിളിച്ചു
മോളെ അന്നമോള് പറയുന്നത് ശരിയാണോ.. എന്റെ മോൾക്ക് സമ്മതം ആണോ ഈ വിവാഹത്തിന്..
സമ്മതമാണ് അപ്പച്ചാ..
നീ പൂർണ്ണമനസ്സോടെ തന്നെ അല്ലേ സമ്മതിച്ചത്. ഞങ്ങൾക്ക് വിഷമാവരുത് എന്ന് കരുതിയിട്ടൊന്നും അല്ലല്ലോ..
അല്ല അപ്പച്ചാ. ഞാൻ പൂർണ്ണമനസ്സോടെ
തന്നെ ആണ് സമ്മതിച്ചത്. എനിക്ക് ജാനിമോളെ പിരിയാൻ പറ്റില്ല അപ്പച്ചാ. ഞാൻ അവളുടെ അമ്മ ആവാൻ തയ്യാറായില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അവൾക്ക് ഒരു അമ്മ വരും. അപ്പൊ എന്നിൽ നിന്നും മോള് അകലും. അത് എനിക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ട് നന്നായി ആലോചിച്ച് തന്നെ ആണ് ഞാൻ ഈ തീരുമാനം എടുത്തത്. അപ്പച്ചൻ പേടിക്കേണ്ട.
മ്മ്.. നല്ല തീരുമാനം മോളെ. ഇനി എന്റെ മോൾടെ ജീവിതത്തിൽ നല്ലത് മാത്രേ വരുള്ളൂ. അപ്പൊ അപ്പച്ചൻ ഫോൺ വെക്കട്ടെ . നിന്റെ അമ്മച്ചിയോടു പറയട്ടെ ഞാൻ ഇത്. അവൾക്ക് ഒരുപാട് സന്തോഷം ആവും..
ശരി അപ്പച്ചാ..ജെനി ഫോൺ വച്ചതും അന്ന അവളെ ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു നമ്മൾ ഇനി എന്നും ഒന്നിച്ചാവും പെണ്ണേ. എനിക്ക് എന്റെ സന്തോഷം അടക്കാൻ പറ്റുന്നില്ല..

by