രചന – നെച്ചു നസ്രിൻ
സ്വർണ്ണക്കരയുള്ള കസവിന്റെ മുണ്ടുടുത്ത് അതിന് ചേർന്ന ഗോൾഡൻ കളർ കുർത്തയും അണിഞ്ഞു നെറ്റിയിൽ ചന്ദന കുറി തൊട്ട് പ്രൗഢിയോടെ സൂരജ് ഹാളിലേക്ക് വന്നു.അവന്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാലയിലെ , കൃഷ്ണ രൂപം കൊത്തിയ ലോക്കറ്റ് നെഞ്ചോട് പറ്റിച്ചേർന്നു കിടന്നു.സുഭദ്രയും പ്രഭാകരനും സൂര്യശോഭയോടെ ഒരുങ്ങി മുന്നിൽ നിൽക്കുന്ന മകനെ കണ്ണിമചിമ്മാതെ നോക്കി നിന്നു. സൂരജ് അവർ രണ്ട് പേരുടെയും കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു. ശേഷം ദക്ഷിണ കൊടുത്ത് മുതിർന്ന എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഹാളിലേക് പുറപ്പെടാൻ തയ്യാറായി വന്നു.
ഡീപ് ബ്ലൂ കുർത്തയും അതിന് ചേരുന്ന നീലക്കരയുള്ള മുണ്ടുമായിരുന്നു അഭിലാഷിന്റെ വേഷം. എല്ലാവരും പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എല്ലാവരും ഒരുങ്ങി ഇറങ്ങിയിട്ടും തീർത്ഥയും സഞ്ജനയും റെഡി ആയി വന്നില്ല. ബാക്കിയുള്ളവരെല്ലാം അവരെ കാത്തു നിൽക്കുകയാണ്. ബോട്ടിൽ ഗ്രീൻ കളർ സോഫ്റ്റ് സിൽക്ക് സാരിക്ക് മാച്ച് ആകുന്ന കോൺട്രാസ്‌റ്റ് കളർ ആയ മഞ്ഞ ബ്ലൗസ് അണിഞ്ഞു വളരെ മിതമായ മേക്കപ്പ് ഇട്ടാണ് സഞ്ജന ഹാളിലേക്ക് വന്നത്. അവളെ കാണാൻ ശെരിക്കും ഭംഗിയുണ്ടായിരുന്നു . അഭിലാഷ് അവളെ തന്നെ കുറെ നേരം നോക്കി നിന്നു പോയി. കാറ്റിൽ ഉലഞ്ഞു , അലസമായി കിടക്കുന്ന അവളുടെ കളർ ചെയ്ത മുടിയിഴകളും നിറയെ വളകൾ അണിഞ്ഞ വെളുത്ത നീളൻ കൈകളും അവൻ ഇഷ്ടത്തോടെ നോക്കി നിന്നു. അഭി നോക്കുന്നത് കണ്ടപ്പോൾ സഞ്ജനയുടെ മുഖത്തൊരു നാണം വിരിഞ്ഞു. സൂരജ് കൈമുട്ട് കൊണ്ട് അവനെ തട്ടിയപ്പോളാണ് അവന് സ്ഥലകാല ബോധം വന്നത്.
“അതെ ഇങ്ങനെ നോക്കി വെള്ളമിറക്കാതെ . അവൾ പേടിക്കുമല്ലോ നിന്റെ നോട്ടം കണ്ടാൽ”. “അല്ലടാ ഇവൾക്കിത്രയും ഭംഗി ഉണ്ടായിരുന്നോ. ഇന്നലെ ചിലപ്പോ രാത്രി ഇരുട്ടത് കണ്ടത് കൊണ്ടായിരിക്കും എനിക്കൊന്നും തോന്നാതിരുന്നത് അല്ലെ”?. “രാത്രി ഇരുട്ടത്ത് ,എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. നൂറു തവണ പറഞ്ഞതല്ലേ അങ്ങോട്ട് പോകണ്ടാന്നു. കണ്ടത് അവളായത് കൊണ്ട് രക്ഷപെട്ടു.അല്ലേൽ അമ്മായി നിന്നെ എടുത്ത് അയയിൽ ഉണക്കാൻ ഇട്ടേനെ”. തീർത്ഥയും സഞ്ജനയും അടുത്തേക്ക് വരുന്നത് കണ്ടതും അഭിയുടെ മുഖത്ത് കുസൃതി വിരിഞ്ഞു. “അല്ല ഇന്നലെ രാത്രി എങ്ങാണ്ടും ഒരുങ്ങാൻ കേറിയതാണല്ലോ. ഇപ്പോളാണോ കഴിഞ്ഞത്?. ഒരുങ്ങിയതിന്റെ ഗുണമൊന്നും രണ്ടിന്റേം മുഖത്ത് കാണാനുമില്ല”. “ഏയ് ഇല്ല ചേട്ടാ ഇന്നലെ രാത്രി ഒരു കള്ളന് കാവലിരിപ്പായിരുന്നു പണി. അത് കൊണ്ട് രാവിലെ താമസിച്ചാ എണീറ്റതും ഒരുങ്ങിയതും ഒക്കെ”. അത് കേട്ടതും അഭിയുടെ മുഖം വിളറി വെളുത്തു.
സൂരജും തീർത്ഥയും ചിരി കടിച് പിടിച്ചു നിൽക്കുകയാണ്. വണ്ടിയിലേക്ക് കയറാനായി ചെന്നപ്പോളാണ് അഭി സഞ്ജനയുടെ മുടിയിൽ പിടിച്ച് വലിച്ചത്. വേദനയോടെ അവൾ തിരിഞ്ഞവനെ നോക്കി. “എടീ കുരുപ്പേ നീ അത് എല്ലാവരോടും പറഞ്ഞു കൊടുത്തോ. ദുഷ്ടേ”!. “അയ്യോ ഞാൻ വേറെ ആരോടും പറഞ്ഞില്ല. തീർത്ഥയോട് മാത്രേ പറഞ്ഞോൾ. രാവിലെ താമസിച്ച് എണീറ്റപ്പോ അവൾ കാര്യം തിരക്കി .ഞാൻ പറഞ്ഞു . പേടിക്കേണ്ട അവളാരോടും പറയില്ല”. “ആഹ് എങ്കിൽ നിനക്ക് കൊള്ളാം”. ” ഇല്ലേലോ”?. “ഇല്ലേൽ നിനക്ക് കൊള്ളും “. “ഓഹ് പിന്നെ. അല്ല ഈ ഡ്രെസ്സിൽ എങ്ങനുണ്ട് എന്നെ കാണാൻ. ആരേലുമൊക്കെ നോക്കുമോ”?. ” സത്യം പറയാല്ലോ , ഒരു വകയ്ക്കും കൊള്ളില്ല. അതൊക്കെ ഞാൻ ,എന്നെ കണ്ട് പഠിക്കണം. എന്റെ അത്രേം സൗന്ദര്യമൊക്കെ ഉണ്ടേൽ ആരേലുമൊക്കെ നോക്കും”. “ഓഹ് ഒരു ചുന്ദരൻ വന്നേക്കുന്നു. ഞാൻ നേരത്തെ പറയാനിരുന്നെയാ ഈ ഡ്രസ്സ് ചേട്ടന് തീരെ ചേരുന്നില്ല. നല്ല ബോർ ആയിട്ടുണ്ട്”.
“ഓഹ് ഞാൻ അങ്ങ് സഹിച്ചു”. കാറിൽ കയറി ഡ്രൈവിംഗ് സീറ്റിലേക്കിരിക്കുമ്പോൾ അഭി മിററിലൂടെ പിറകിലിരിക്കുന്ന സഞ്ജനയെ നോക്കി. അവൻ തന്നെയാണ് നോക്കുന്നത് എന്ന് മനസിലായ സഞ്ജന അവനെ നോക്കി കോക്രി കുത്തി. ഇത് കണ്ടിരുന്ന സൂരജിലും തീർത്ഥയിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു. ഹാളിനൊരു വശത്തായി മാറിയിരിക്കുകയായിരുന്നു പീലിയും രേഷ്മയും. ആണുങ്ങളുടെ കൂട്ടത്തിലെ ഓരോ ചെറുപ്പക്കാരെയും ചൂണ്ടി കാണിച്ചു അവരെയൊക്കെ വായി നോക്കിയാണ് രേഷ്മ ഇരുന്നത്.പീലിയുടെ കണ്ണ് അപ്പോളാണ് തനിക്കെതിരെ ഇരുന്ന് , ഒരു ചിരിയോടെ തന്നെ മാത്രം നോക്കുന്ന അജീഷിൽ ഉടക്കിയത് . അവൾ വേഗം നോട്ടം മാറ്റി. പീലിയുടെ അസ്വസ്ഥത തിരിച്ചറിഞ്ഞ രേഷ്മ കാര്യം തിരക്കി. അവൾ അപ്പോൾ അജീഷിനെ കാണിച്ച് കൊടുത്തു. “ആള് കൊള്ളാമല്ലോടി. കാണാനൊരു ചന്തമൊക്കെ ഉണ്ട് നമുക്കൊന്ന് നോക്കിയാലോ”?.
“ദേ രേഷു നിനക്കൊക്കെ അറിയുന്നതല്ലേ എന്നിട്ടാണോ നീ എന്നെ കളിയാക്കുന്നെ”?. “ആഹ് ഞാൻ ചുമ്മാ പറഞ്ഞതാണ്. എപ്പോളായാലും കല്യാണം കഴിക്കണം. അത് ഇയാൾ അയാളെന്താ എന്നാണ് എന്റെ ചോദ്യം”?. “രേഷു , എപ്പോളേലും ഇഷ്ടം തോന്നും എന്ന് കരുതി എനിക്ക് പുള്ളിയോട് ഇഷ്ടം പറയാൻ ഒക്കില്ലല്ലോ. ഇത് വരെ എനിക്ക് അങ്ങനൊരു ഇഷ്ട്ടം അജീഷേട്ടനോട് തോന്നിയിട്ടില്ല . പുള്ളിയെ കാണുമ്പോ ഉള്ളിൽ എന്തോ ഒരു അസ്വസ്ഥത മാത്രമാണ്. പുള്ളിക്ക് എന്നെ ഇഷ്ടമാണെന്ന് ഓർത്തു തിരിച്ചും ഇഷ്ടം പറഞ്ഞാൽ എന്റെ മനസാക്ഷിയെ വഞ്ചിക്കും പോലല്ലേ അത്. എനിക്കുള്ളതല്ല രേഷു അജീഷേട്ടൻ”. അപ്പോളാണ് ചെക്കനും കൂട്ടരും വന്നു എന്ന് ആരോ പറയുന്നത് കേട്ടത്. രുക്‌മിണിയും വിശ്വനും ബാക്കിയുള്ളവരും ചെറുക്കനെയും കൂട്ടരെയും സ്വീകരിക്കാൻ വേണ്ടുള്ള കാര്യങ്ങളൊക്കെ തയ്യാറാക്കി ഹാളിന് മുൻവശത്തേക്ക് നടന്നു. പീലിയെ അപ്പോളാരോ വന്നു വിളിച്ചോണ്ട് പോയി.
അവൾ രേഷ്മയോട് ഉടനെ വരാമെന്ന് പറഞ്ഞ് നടന്നു മാറി. ഹാളിന് നടുവിലൂടെ ബന്ധുക്കളോടൊപ്പം നടന്നു വരുന്ന സൂരജിനെ കണ്ടതും രേഷ്മ വാ പൊളിച്ചു പോയി. തലയെടുപ്പോടെയും ചൊടിയിലെ മനോഹരമായ പുഞ്ചിരിയോടെയും നടന്നു വരുകയായിരുന്നു സൂരജ്. “എന്റെ മാതാവേ എന്ത് ഗ്ലാമർ ആണ് ഈ ചെക്കൻ . ഓഹ് ആ കൂറയ്ക്ക് ഇത്ര ഭംഗിയുള്ള ഭർത്താവോ. അവളുടെയൊക്കെ ഒരു യോഗം. എന്നാലും ഇവൻ എന്ത് കണ്ടിട്ടാ അവളെ ഇഷ്ടപെട്ടെ”. സൂരജ് അച്ഛനും അമ്മയുമൊപ്പം മണ്ഡപം വലം വെച്ച് സദസ്സിനെ വണങ്ങി മണ്ഡപത്തിലെ ഇരിപ്പിടത്തിലേക്ക് ഇരുന്നു. അവൻ മുന്നിലേക്ക് നോക്കി ചുറ്റും ക്ഷണം സ്വീകരിച്ചു വന്ന കുറെയധികം പേരുണ്ട്. എല്ലാവരും തന്നെയാണ് നോക്കുന്നത്. അവന് എന്തെന്നില്ലാത്ത ഒരു പരവേശവും വെപ്രാളവും തോന്നി. അവന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി. അവൻ അഭിയെ നോക്കി. അവൻ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ച് തൊട്ടരികിൽ വന്നു നിന്നു.
“മച്ചാനെ ചിൽ ആകൂ. നിന്റെ ലാസ്റ്റ് ഡേ ഓഫ് ഫ്രീഡം ആണ്. മുഹൂർത്തതിന് ഇനി അര മണിക്കൂർ ഉണ്ട്. അത് കൊണ്ട് അത് വരെ എൻജോയ് ചെയ്യൂ”. സൂരജ് അതിനു മറുപടിയൊന്നും കൊടുത്തില്ല. അവന്റെ മനസ് കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു. കലുഷിതമായ മനസ്സോടെ അവൻ അച്ഛനെയും അമ്മയെയും നോക്കി. അവർ വലിയ സന്തോഷത്തിൽ ആരോടോ ചിരിച് സംസാരിക്കുകയാണ് . അവനൊരു നിമിഷം കണ്ണടച്ചു മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു. ആ ശ്രമവും വിഭലമായി. പീലി രേഷ്മക്കരികിൽ വന്നപ്പോളും രേഷ്മ ഞെട്ടലിൽ നിന്നു മുക്തയായിട്ടില്ലായിരുന്നു. “രേഷു നീ എന്താ പന്തം കണ്ട പെരുച്ചാഴിയെ പോലിരിക്കണേ”?. “എന്റെ പീലി പന്തമല്ല സൂര്യൻ തന്നെയായിരുന്നു”. “ഏത് സൂര്യൻ നീ എന്ത് വട്ടൊക്കെയാ പറയുന്നത്”?. “എടീ പൊട്ടി നീ വീണയെ കെട്ടാൻ പോകുന്ന ചേട്ടൻ കാണാൻ എങ്ങനാണെന്ന് ഒരു തവണ പോലും എന്നോട് പറഞ്ഞില്ലല്ലോ. ഹോ ഞാൻ ഞെട്ടി പണ്ടാരം അടങ്ങി ഇരിക്കുവാ. എന്ത് ഭംഗിയാണെടി”.
“അതിന് ഞാൻ കണ്ടെങ്കിലല്ലേ നിന്നോട് പറയാൻ ഒക്കു. ഞാൻ ഇത് വരെ പുള്ളിയെ കണ്ടിട്ടില്ല”. “ഏഹ് എന്തോന്ന്. നീ ഒരു പെണ്ണാണോടി. സ്ത്രീത്വത്തിന് തന്നെ അപമാനമാണ് നിയൊക്കെ. നോക്കിക്കേ ചെക്കനെ”. മുൻപിൽ ഫോട്ടോഗ്രാഫർസ് വന്ന് നിന്നു കാഴ്ച മറച്ചതിനാൽ പീലിക്ക് സൂരജിനെ കാണാൻ കഴിഞ്ഞില്ല. തിരിയിട്ട് കൊളുത്തിയ നിലവിളക്കുകളും അഷ്ടമംഗല്യ തട്ടിൽ നിറഞ്ഞ വിശിഷ്ട്ട വസ്തുക്കളും ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും മണ്ഡപത്തിൽ തയ്യാറാക്കി വെച്ചിരുന്നു. പൂജാരി മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു. മുഹൂർത്തം ആകാറായപ്പോളാണ് വീണ ഇരുന്നിരുന്ന ഡ്രസിങ് റൂമിൽ ആളുകൾ കൂട്ടമായി ചെല്ലുന്നത് രേഷ്മയും പീലിയും കണ്ടത്. ബഹളം കേട്ടു അവർ അങ്ങോട്ടേക്ക് ചെന്നു. വാതിലിൽ ആളുകൾ നിന്നിരുന്നതിനാൽ റൂമിനുള്ളിലേക്ക് കയറാൻ പീലിയും രേഷ്മയും കുറച്ച് കഷ്ടപ്പെട്ടു. റൂമിലെ കസേരയിൽ രുക്‌മിണി എന്തൊക്കെയോ പറഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു.
വിശ്വൻ കയ്യിലൊരു പേപ്പർ പിടിച്ച് ഭിത്തിയിൽ ചാരി നില്കുന്നത് കണ്ടാണ് പീലി കാര്യം തിരക്കിയത്. അയാൾ നിറകണ്ണുകളോടെ ആ പേപ്പർ പീലിയുടെ കയ്യിൽ കൊടുത്തു. അത് വായിച്ച് നോക്കിയതും പീലിയുടെ കയ്യിൽ നിന്നു ആ പേപ്പർ ഊർന്നു താഴേക്ക് വീണു. രേഷ്മയാ പേപ്പർ കയ്യിലെടുത്തു. ” എന്നെ അന്വേഷിക്കരുത്. ഞാൻ ഇഷ്ടമുള്ളയാൾക്കൊപ്പം പോകുന്നു”. വീണ രേഷ്മയത് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയും വൈകുമെന്നോർത്തില്ല. കല്യാണം ഉറപ്പിക്കും മുന്നെ അവൾ പോകുമെന്നെ അവൾ ഉദ്ദേശിച്ചുള്ളൂ . പക്ഷേ ഇതിപ്പോ ക്ഷണിച്ചു വരുത്തിയ ആളുകളുടെ മുന്നിലും കല്യാണ ചെക്കന്റെ വീട്ടുകാരുടെ മുന്നിലും ഇവരെല്ലാം തലകുനിച്ചു നിൽക്കേണ്ടി വരുമല്ലോ എന്നോർത്തതും രേഷ്മയ്ക്ക് പീലിയോട് അതിയായ ദേഷ്യം തോന്നി. അവളാ പേപ്പർ ചുരുട്ടി മടക്കി. പീലി അപ്പോളും ആ വരികൾക്കിടയിൽ കുരുങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെ വരെ അവൾ എന്ത് സന്തോഷവതിയായിരുന്നു.
ഇന്ന് മാത്രമല്ല ഈ കല്യാണം നിശ്ചയിച്ച അന്ന് മുതൽ അവളൊരുപാട് സന്തോഷത്തിലായിരുന്നു. തനിക്കൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത ജീവിതം അവൾക്കെത്തി ചേരാൻ പോകുന്നുവെന്ന് പല തവണ അഹങ്കാരത്തിൽ എന്നോട് പറഞ്ഞിട്ടുമുണ്ട്. പിന്നെന്തിനു ഇങ്ങനൊരു ചതി ചെയ്തു. പാവം അച്ഛൻ തളർന്നിരിക്കുകയാണ്. കല്യാണത്തിന്റെ ഒരോ ഘട്ടത്തിലും ഒരു ഭാര്യ ആകാൻ പോകുന്നതിന്റെ മാറ്റങ്ങൾ അവൾക്കുണ്ടായിരുന്നു. പീലിയുടെ മനസിൽ നടന്നതൊക്കെ വിശ്വസിക്കാൻ പ്രയാസം തോന്നി. സുഭദ്രയും പ്രഭാകരനും വിവരമറിഞ്ഞു റൂമിലേക്കു വന്നു. അവരുടെ മുഖത്തും പിടച്ചിൽ വ്യക്തമാണ്. മകന്റെ ജീവിതം ഇത്രയും ആളുകളുടെ മുന്നിൽ കാഴ്ച വസ്തുവായി ഇരിക്കേണ്ടി വരുന്ന അവസ്ഥ അവരിരുവരെയും തളർത്തി കഴിഞ്ഞു. പ്രഭാകരൻ വിശ്വന്റെ തോളിൽ കൈ വെച്ചതും അയാൾ കുഴഞ്ഞു നിലത്തേക്കൂർന്നു വീണു. എല്ലാവരും അയാളെ താങ്ങി പിടിച്ച് കസേരയിലേക്കിരുത്തി. പീലി ഉള്ളു മുറിഞ്ഞു കരയുന്നുണ്ടായിരുന്നു.
വിശ്വൻ പതിയെ കണ്ണ് തുറന്ന് പ്രഭാകരനെ നോക്കി. ആ വൃദ്ധ മിഴികൾ നിറഞ്ഞു തൂവി. അയാളും തന്നെ പോലെ അല്ലെങ്കിൽ തന്നേക്കാൾ ദുഖിതനാണ് എന്ന് പ്രഭാകരന് തോന്നി. വിയർപ്പൊഴുക്കി കഷ്ടപ്പെട്ടതൊക്കെ ഒരു നിമിഷം കൊണ്ട് തച്ചുടച്ചിരിക്കുന്നു. സുഭദ്രയുടെ കരച്ചിൽ പ്രഭാകരനെ നോവിച്ചു. അയാൾ അവരെ ചേർത്ത് പിടിച്ചു. അവർ രണ്ടാളും മാറി നിന്നു എന്തൊക്കെയോ സംസാരിച്ചു. സുഭദ്ര തേങ്ങി കരയുന്നുണ്ടായിരുന്നു. സൂരജ് അപമാനിതനായി മണ്ഡപത്തിൽ നിന്നെണീറ്റ് അമ്മയ്ക്കും അച്ഛനുമരികിലേക്ക് എത്തിയിരുന്നു. അഭി അവനെ തോളിൽ ചേർത്ത് പിടിച്ചു . അമ്മ സാരിയുടെ തലപ്പ് വായിൽ പൊത്തി കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. “അമ്മ , ഞാൻ ഓക്കേ ആണ്. അമ്മ ഇങ്ങനെ സങ്കടപെടല്ലേ എനിക്കത് സഹിക്കാൻ കഴിയില്ല”. “മോനെ എന്നാലും എന്റെ മോനീ ഗതി വന്നല്ലോ”. “ഒന്നുമില്ല അമ്മായി. അമ്മായി വിഷമിക്കാതെ”. അപ്പോളാണ് സുഭദ്രയുടെ കണ്ണ് , കരഞ്ഞു റൂമിനു വെളിയിലേക്കിറങ്ങിയ പീലിയിൽ പതിച്ചത്.
എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവർ പ്രഭാകരന്റെ കയ്യും പിടിച്ച് വിശ്വനരികിലേക്ക് ചെന്നു. വിശ്വൻ തളർന്ന കണ്ണുകളുയർത്തി പ്രഭാകരനെ നോക്കി. “വിശ്വാ തന്റെ സങ്കടം എനിക്ക് മനസിലാകും. താൻ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നമ്മിൽ നിന്ന് പോയതൊന്നും നമുക്കുള്ളതല്ല എന്ന് ആശ്വസിച്ചാൽ മതി. ഞങ്ങൾക്ക് ഞങ്ങളുടെ മകന്റെ ജീവിതമാണ് വലുത്. അവനെല്ലാവരുടെയും മുന്നിൽ അപമാനിതനായി തലകുനിച്ചു നിൽക്കുന്നത് കാണാൻ ഞങ്ങൾ ജീവനോടെ ഉണ്ടാകില്ല. അത് കൊണ്ട് അവന്റെ വിവാഹം മംഗളമായി തന്നെ നടക്കും. ഇന്ന് തന്നെ.നിശ്ചയിച്ച മുഹൂർത്തത്തിൽ”. വിശ്വൻ അവർ പറഞ്ഞത് മനസിലാകാതെ അവരിരുവരെയും മാറിയും തിരിഞ്ഞും നോക്കി. “തന്റെ മൂത്തമകൾ പീലിയെ എന്റെ മോന്റെ പെണ്ണായി ഞങ്ങൾക്ക് തരണം. തനിക്ക് സമ്മതമാണേൽ വിവാഹം ഇപ്പോ നടത്താം. പൊന്നും പണവുമൊന്നും ഞങ്ങൾക്ക് വേണ്ട”. “വിശ്വേട്ട എന്റെ മോൻ അവിടെ എല്ലാം തകർന്ന് നിൽക്കുകയാണ്.
ഞങ്ങൾക്ക് വേണ്ടിയാണു അവനീ കല്യാണത്തിന് സമ്മതിച്ചത്. അവന്റെ അഭിമാനം സംരക്ഷിക്കേണ്ടത് ഞങളുടെ കടമയാണ്. നിങ്ങൾക്ക് സമ്മതമാണോ പീലിയെ തരാൻ”?. വിശ്വൻ ആശയകുഴപ്പത്തിലായി. അയാൾ ഒരു തീരുമാനമെടുക്കാനാകാതെ ഉഴറി. കുറച്ച് നിമിഷങ്ങൾക്കകം അയാൾ പീലിയോടൊന്ന് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പീലി അച്ഛന് കുടിക്കാൻ വെള്ളം കൊണ്ട് വന്നതും അയാൾ അവളെ അടുത്തേക്ക് വിളിച്ചു. “മോൾ അച്ഛനൊരു കാര്യം ആവശ്യപ്പെട്ടാൽ പറ്റില്ലെന്ന് പറയുമോ”?. “അച്ഛാ ഇത് വരെ ഞാൻ അച്ചന്റെ വാക്ക് അനുസരിക്കാതിരുന്നിട്ടുണ്ടോ. അച്ഛൻ പറയ് എന്താ ഞാൻ വേണ്ടത്”?. “വീണ ചെയ്ത തെറ്റിന്റെ ഫലം ഒന്നുമറിയാത്ത ഒരു ചെറുപ്പക്കാരനും ആ വീട്ടുകാരും അനുഭവിക്കുകയാണ്. മകളെ നല്ല രീതിയിൽ വളർത്താനറിയാത്ത ഒരച്ഛന് ഇതല്ലാതെ വേറെ വഴിയില്ല”. “അച്ഛനിതെന്തൊക്കെയാണ് പറയുന്നത്. വീണ ചെയ്ത തെറ്റിന് ഒരിക്കലും ആരും അച്ഛനെ കുറ്റം പറയില്ല”. ” മോളെ മോൾക്ക് ഈ കല്യാണത്തിന് സമ്മതിച്ചൂടെ. അച്ഛന്റെ ഒരപേക്ഷയാണ്. ഇത് വരെ എന്റെ സാവിത്രിയോട് ഞാൻ പറഞ്ഞ വാക്ക് പാലിക്കാൻ എന്നെകൊണ്ട് കഴിഞ്ഞിട്ടില്ല. ഞാൻ മോളെ ദ്രോഹിച്ചിട്ടേ ഒള്ളു. അതിന് ദൈവം തന്ന ശിക്ഷയായിരിക്കും ഇതൊക്കെ. എനിക്കതിനു പ്രായശ്ചിത്തം ചെയ്യണം മോളെ. മോൾടെ സമ്മതം ചോദിക്കാതെ ഞാൻ ഒരു തീരുമാനം എടുക്കില്ല.
മോൾക് സമ്മതമാണോ ഈ വിവാഹത്തിന്”?. അയാളുടെ ആ ചോദ്യം അവളുടെ നെഞ്ചിൽ തട്ടി. ആദ്യമായി അച്ഛനെന്നോട് ആവശ്യപ്പെട്ട കാര്യം. തന്റെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും മറന്ന് അവൾ സമ്മതം മൂളുമ്പോൾ അയാൾ കണ്ണ് നിറച്ചു പുഞ്ചിരിക്കുന്നുണ്ടായിരുന്നു. വിശ്വൻ സമ്മതം അറിയിച്ച പ്രകാരം സൂരജിനോട് സംസാരിക്കാനായി വന്നതാണ് സുഭദ്ര. പ്രഭാകരനാണ് സംസാരത്തിന് തുടക്കം കുറിച്ചത്. “അച്ഛനും അമ്മയും മോനു വേണ്ടി തിരഞ്ഞെടുത്തത് തെറ്റായി പോയി മോനെ”. “അച്ഛൻ ദയവു ചെയ്ത് ഇങ്ങനൊന്നും സംസാരിക്കരുത്”. “ഇല്ല മോനെ പറയണം. ഇത് വരെ നീ ഞങ്ങളുടെ വാക്ക് മറികടന്നു ഒന്നും ചെയ്തിട്ടില്ല. ഈ ആലോചന വരുമ്പോൾ എല്ലാം നന്നായി അവസാനിക്കുമെന്നാ ഞങ്ങൾ ഓർത്തത്. ഇത് പോലൊരു ചതി നടക്കുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല മോനെ”. അവർ ചങ്കു പൊട്ടി കരഞ്ഞു. സൂരജ് അമ്മയെ ചേർത്ത് പിടിച്ചു. അവനാദ്യമായാണ് അമ്മ ഇങ്ങനെ കരയുന്നത് കാണുന്നത്. അമ്മയുടെ കണ്ണ് നനയാൻ അച്ഛൻ അനുവദിച്ചിട്ടില്ല. “അമ്മ എനിക്ക് അവൾ ചെയ്തതിൽ സങ്കടമില്ല. അവളെന്റെ ആരുമല്ല. പക്ഷേ ഇപ്പോ അമ്മ കരയുമ്പോൾ ഞാൻ തന്നെ ഇല്ലാതാകുവാ. അമ്മ കരയാതിരിക്കൂ”. “മോനെ അമ്മയ്ക്കും അച്ഛനും മോൻ ഒരു അവസരം കൂടി തരണം.
ചെയ്ത തെറ്റ് തിരുത്താൻ. ഇന്ന് തന്നെ നിന്റെ കല്യാണം നടക്കും ഈ മണ്ഡപത്തിൽ വെച്ച് തന്നെ. നിനക്ക് സമ്മതം ആണേൽ മാത്രം മതി. ഞങ്ങൾക്ക് ഇനിയും പിഴയ്ക്കും എന്ന് നിനക്ക് ഭയമുണ്ടെങ്കിൽ വേണ്ട നമുക്ക് തിരിച്ച് പോകാം”. “അമ്മ നിങ്ങൾ പറയുന്നത് എനിക്ക് മനസിലാകുന്നില്ല”. “വിശ്വന്റെ മൂത്ത മകൾ പീലിയായിരിക്കും നിന്റെ വധു. ഞങ്ങൾക്ക് വേണ്ടി നീ നിന്റെ ജീവിതം കളയണ്ട. ആലോചിച്ചു തീരുമാനം പറഞ്ഞാൽ മതി. എന്തിനും നിന്റെ കൂടെ ഞങ്ങളുണ്ടാകും. നീ നാണം കെട്ട് തലതാഴ്ത്തി പോകുന്നത് ഞങ്ങൾക്ക് സഹിക്കാനാകില്ല”. സുഭദ്രയെ ചേർത്ത് പിടിച്ചു പ്രഭാകരൻ തിരിഞ്ഞു നടന്നതും സൂരജ് അവരെ വിളിച്ചു. “അച്ഛാ എനിക്ക് സമ്മതമാണ്. അച്ഛൻ ബാക്കി എന്താണെന്ന് വെച്ചാൽ ചെയ്തോളു. ഞാൻ മണ്ഡപത്തിൽ ഉണ്ടാകും”. സുഭദ്ര ഓടി വന്നു മകനെ പുണർന്നു. അവരുടെ കണ്ണീർ വീണു അവന്റെ വസ്ത്രം നനഞു. പീലിയെ ഒരുക്കാനായി സുഭദ്രയും റൂമിലേക്ക് ചെന്നു. അഭി സൂരജിന്റെ തോളിൽ കൈ ചേർത്തു . അവൻ അഭിയെ കെട്ടിപിടിച്ചു. കണ്ണ് നിറഞ്ഞൊഴുകി. “ഇപ്പോ ഒന്നും ആലോചിക്കണ്ട വാ”. പീലിയെ താലികെട്ടിനായി തയ്യാറാക്കുന്നതിനിടയിലാണ് രേഷ്മ അവളെ കയ്യിൽ പിടിച്ചത്. മരിച്ച മനസുമായി പീലി രേഷ്മയെ നോക്കി. അവളുടെ മുഖത്ത് കണ്ണീർ ചാലിട്ടൊഴുകിയതിന്റെ അടയാളം ഉണ്ടായിരുന്നു.
രേഷ്മക്ക് അവളുടെ അവസ്ഥയിൽ അലിവ് തോന്നി. അവൾ പീലിയുടെ ഇരുകവിളിലും കൈ ചേർത്ത് നെറ്റിയിലൊരു കുഞ്ഞു മുത്തം കൊടുത്തു. പീലി ഒന്ന് വിതുമ്പി കണ്ണടച്ചു .സുഭദ്ര ഏൽപ്പിച്ചിട്ട് പോയ മുല്ലപ്പൂവ് രേഷ്മ പീലിയുടെ തലയിൽ ചൂടി കൊടുത്തു. തീർത്ഥ നാല് വള അവളുടെ കയ്യിൽ നിന്നൂരി പീലിയുടെ കയ്യിലിട്ട് കൊടുത്തിട്ട് തിരികെ പോയി. അപ്പോളാണ് കരഞ്ഞു തളർന്നിരുന്ന രുക്‌മിണി അവിടേക്ക് വന്നത്. “ഈ കല്യാണം നടക്കില്ല. ജാതക ദോഷമുണ്ടോ ജാതക പൊരുത്തമുണ്ടോ എന്നൊന്നും നോക്കാതെയാണോ കല്യാണം”?. “എല്ലാ പൊരുത്തവും നോക്കി വെച്ചിരുന്നതാണല്ലോ ഒരുത്തി ഓടി പോയത്. മതി നോക്കിയതും കണ്ടതുമൊക്കെ. ഇന്ന് ഈ കല്യാണം തന്നെ നടക്കും”. “ഞാൻ സമ്മതിക്കില്ല”. വിശ്വൻ മുഖമടിച്ചൊരു അടി കൊടുത്തു രുക്‌മിണിക്ക്. അവർ പേടിയോടെ ഭർത്താവിനെ നോക്കി. “ഇനിയും നീ എന്റെ മോൾടെ ജീവിതം നശിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ ആരാണെന്ന് നീ മനസിലാക്കും. നിന്നെ കൊന്നിട്ട് ജയിലിൽ പോകാൻ എനിക്കൊരു മടിയും ഇല്ല”. അവരുടെ മുടിക്കുത്തിൽ പിടിച്ചാണ് വിശ്വനാഥൻ അലറിയത്.
പീലി വേഗം വന്നു അച്ഛനെ പിടിച്ചു മാറ്റി. രുക്‌മിണി അവിടുന്നിറങ്ങി വീട്ടിലേക്ക് ഓടി. പീലിയെ , വിശ്വൻ കൈ പിടിച്ച് മണ്ഡപത്തിന് വലം വെയ്ക്കുമ്പോളും മണ്ഡപത്തിൽ സൂരജിനൊപ്പം ഇരുത്തുമ്പോളും ഒരു പാവയെ പോലെ നിന്നു കൊടുത്തുവെന്നല്ലാതെ ചുറ്റിനും നടക്കുന്ന കാര്യങ്ങളിൽ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല അവൾക്ക്. സൂരജിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അവന് വീണയോടുള്ള കടുത്ത ദേഷ്യമായിരുന്നു. അവൻ മുഖമുയർത്തി ആരെയും നോക്കിയില്ല. പൂജാരി പറയുന്ന കാര്യങ്ങൾ അതേ പടി ചെയ്യുമ്പോളും മന്ത്രങ്ങൾ ഏറ്റു പറയുമ്പോളും അവന്റെ മനസിൽ ദേഷ്യം കുമിഞ്ഞു കൂടി. താലി കെട്ടിക്കോളൂ എന്ന് പൂജാരി പറഞ്ഞപ്പോഴാണ് അവൻ സ്വയം തലകുടഞ്ഞു ബോധത്തിലേക്ക് വന്നത്. താലത്തിൽ നിന്ന് താലി ഏറ്റുവാങ്ങുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. താലി കെട്ടാനായി കഴുത്തു നീട്ടുമ്പോൾ പോലും പീലി കണ്ണുകളുയർത്തിയില്ല. തനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നു. കഴുത്തിലേക്ക് താലി കെട്ടിയതും പീലിയുടെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീർ സൂരജിന്റെ കയ്യിൽ വീണു ചിതറി.
അപ്പോളാണ് അവൻ അവളെ നോക്കുന്നത്. കണ്ണ് വീർത്തിരിക്കുന്നു. മുടിയാകെ അലങ്കോലമായി കിടക്കുന്നുണ്ട്. ഇരുകവിളുകളും മൂക്കും ഏറെ നേരം കരഞ്ഞതിനാലാകാം ചുവന്ന് തുടുത്തിരിക്കുന്നു. ചുണ്ടുകൾ വിതുമ്പലടക്കി കൂട്ടിപിടിച്ചിരിക്കുന്നു. അവൻ പെട്ടെന്ന് അവന്റെ കണ്ണുകളെ മാറ്റി നേരെ നോക്കിയിരുന്നു. പിന്നീട് അവർക്കിരുവർക്കും ചുറ്റിനും നടന്നതൊന്നും തന്നെ അവരറിഞ്ഞില്ല. ഇടക്ക് മുഖമുയർത്തി നോക്കിയതും രേഷ്മ നിറഞ്ഞ ചിരിയോടെ മുൻവരിയിൽ ഇരിക്കുന്നതാണ് കണ്ടത്. അവളെ കണ്ടതും പീലി സങ്കടം അടക്കാനാവാതെ ഒന്ന് തേങ്ങി. അത് തിരിച്ചറിഞ്ഞ സൂരജും രേഷ്മയിലേക്ക് നോക്കി. അവൾ കണ്ണ് കൊണ്ട് കരയരുതെന്ന് വിലക്കി.പീലി അപ്പോളാണ് തന്നെ ഉറ്റു നോക്കുന്ന അജീഷിനെ കണ്ടത്. അവന്റെ കണ്ണുകളിൽ നീർതിളക്കം പീലി കണ്ടു . അവനപ്പോഴും നടന്നതൊന്നും വിശ്വസിക്കാൻ ആകാത്ത മനസുമായി നില്കുകയായിരുന്നു. ഇതൊക്കെ സ്വപ്നം മാത്രമായിരിക്കണേയെന്നവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. തുടരും

by