The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
അതേ ഡേവിഡ്. ഡേവിഡ് ജോൺ കൊട്ടാരത്തിൽ ( ക്രെഡിറ്റ് നസ്രാണി സിനിമയിൽ മമ്മൂക്കയുടെ പേര്)… ഡേവി അലക്സിന്റെ മുന്നിൽ ആയി നിന്നുകൊണ്ട് പറഞ്ഞു.
എന്തിനാ എന്നെ ഇങ്ങനെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നത് ഡേവിഡ്. എന്നെ നിനക്ക് അറിയില്ല. മര്യാദക്ക് അഴിച്ച് വിട്ടോ. എന്ത് തെറ്റാ ഞാൻ നിന്നോട് അതിനും മാത്രം ചെയ്തിട്ടുള്ളത്… അലക്സ് ദേഷ്യംകൊണ്ടും സങ്കടംകൊണ്ടും അലറിക്കൊണ്ട് ചോദിച്ചു.
അടുത്തനിമിഷം എന്തോ ഒന്ന് മുഖത്ത് ശക്തമായി പതിച്ചതേ ഓർമ്മയുള്ളൂ അലക്സിന്. മുഖം പറിഞ്ഞുപോകുന്നത് പോലെ തോന്നി അവന്. അവൻ തല തിരിച്ച് നോക്കിയപ്പോൾ കണ്ടു തുണി ചുറ്റിയ വലം കൈ ചുരുട്ടിപിടിച്ച് പല്ല് കടിച്ച് നിൽക്കുന്ന ഡേവിയെ. ഒരുനിമിഷം അലക്സ് വേദന മറന്ന് എന്തിനാണ് ഇവൻ കൈയിൽ തുണി ചുറ്റിയിരിക്കുന്നത് എന്ന് ചിന്തിച്ചുപ്പോയി.
അലക്സ് കൈയിലേക്ക് തന്നെ നോക്കുന്നത് കണ്ടപ്പോൾ ഡേവിക്ക് മനസിലായി അവൻ എന്താ ഇങ്ങനെ നോക്കുന്നത് എന്ന്.
എന്തിനാ ഈ തുണി ചുറ്റിയത് എന്നാണോ നീ നോക്കുന്നത്… ഡേവി ചോദിച്ചു.
അലക്സ് തലയാട്ടിക്കാട്ടി. അവന് വായ തുറക്കാൻ കഴിയുന്നുണ്ടായില്ല അത്രേം വേദന എടുക്കുന്നുണ്ടായിരുന്നു.
നിന്റെ വീട്ടുക്കാർ നിന്നെ കാണുമ്പോൾ ആക്‌സിഡന്റ് ആയിട്ട് തന്നെ തോന്നണ്ടേ. കൈയിന്റെ പാട് നിന്റെ ഈ സുന്ദരമായ മുഖത്ത് കണ്ടാൽ അവർക്ക് തെറ്റിദ്ധാരണ വരില്ലേ.. ഡേവി ഒരു പുച്ഛചിരിയോടെ ചോദിച്ചു.
എന്തിനാ.. എന്നെ ഇങ്ങനെ…
അലക്സ് ദയനീയതയോടെ ചോദിച്ചു.
എന്തിനാണെന്നോ ഈ ഡേവിഡിന്റെ പ്രാണൻ ആയിരുന്നവളെയാണ് നീ വിഷമിപ്പിച്ചത്. അവൾക്കറിയില്ലെങ്കിലും വർഷങ്ങൾ ആയി എന്റെ പ്രണയം ആയിരുന്നവൾ ആണ് എന്റെ ജെനി . എനിക്ക് കിട്ടിയില്ലെങ്കിലും അവൾ സന്തോഷത്തോടെ ആണല്ലോ ജീവിക്കുന്നത് എന്നൊരു സമാധാനത്തിൽ ആയിരുന്നു ഞാൻ. പക്ഷേ അറിയാൻ വൈകി നീ ചതിക്കുകയായിരുന്നു എന്റെ ജെനിയെ എന്ന്.
ജെനി നിന്റെ പെണ്ണോ..അവൾ എന്റെ പെണ്ണാണെടാ.. അലക്സ് ദേഷ്യത്തിലും അസൂയയിലും ചീറി..
അടുത്ത നിമിഷം ഡേവിഡിന്റെ കൈ ഒന്നുകൂടി ഉയർന്നുതാണു. ഇനിയൊരു പ്രാവശ്യം കൂടി അവളെ നിന്റേതാണ് എന്ന് പറഞ്ഞാൽ പിന്നെ ഒന്നും പറയാൻ നീ ബാക്കി ഉണ്ടാവില്ല… ഡേവിഡ് മുരണ്ടു.
അലക്സിന് തന്റെ തല കഴുത്തിന് മുകളിൽ ഇല്ലാ എന്ന് തോന്നി. അത്രേം മന്ദിപ്പും വേദനയും ആണ് അവന് തോന്നിയത്. എങ്കിലും ജെനി എങ്ങനെ ഡേവിയുടെ പ്രണയം ആയി എന്ന് അവന് മനസിലാകുന്നുണ്ടായില്ല.
ഇത്രേം ചെറിയ പ്രായത്തിൽ അവളെ കെട്ടിക്കില്ല എന്ന എന്റെ ഓവർ കോൺഫിഡൻസ് ഒന്ന് കൊണ്ട് മാത്രം ആണ് അവളെ എനിക്ക് എന്നന്നേക്കും ആയി നഷ്ടമാക്കിയത്. നിങ്ങളുടെ കല്യാണം ആണെന്ന് അറിഞ്ഞു വരുമ്പോ ഞാൻ ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. അതുകൊണ്ട് മാത്രം ആണ് അവളെ നിനക്ക് കിട്ടിയത്. നീ അവളെ ചതിച്ചു എന്നറിഞ്ഞ അന്ന് നിന്നെ വെട്ടിനുറുക്കാൻ ആണ് എനിക്ക് തോന്നിയത്. പക്ഷേ അന്ന് നീ അവളെ ചതിച്ചെങ്കിലും അവളുടെ മിന്നിന്റെ ഉടമ നീ ആയിരുന്നു. എന്റെ ജെനിക്ക് ഇഷ്ടമുള്ളതാണെങ്കിലും ഇല്ലെങ്കിലും അവളുടേതായ ഒന്നിനെയും എനിക്ക് ഉപദ്രവിക്കാൻ കഴിയില്ല. അന്ന് ഞാൻ തീരുമാനിച്ചു എന്ന് അവൾ നിന്നിൽ നിന്നും എല്ലാ രീതിയിലും അകലുന്നോ അന്ന് നിന്നെ ഒന്ന് ശരിക്ക് കാണണം എന്ന്. ഇന്ന് രാവിലെ അവൾ ആ മിന്നുമാല അടക്കം ഊരിതന്നപ്പോൾ ഞാൻ ഉറപ്പിച്ചു അവൾ നിന്നെ പൂർണമായും വെറുത്തു കഴിഞ്ഞെന്ന്.. ഡേവി വല്ലാത്തൊരു മുഖഭാവത്തോടെ പറഞ്ഞു നിർത്തി.
അലക്സ് നോക്കി കാണുകയായിരുന്നു ജെനിയെ കുറിച്ച് പറയുമ്പോൾ അവന്റെ കണ്ണിൽ തെളിയുന്ന ഭ്രാന്തമായ പ്രണയം. അത് അലക്സിനെ അസ്വസ്ഥമാക്കി. എന്തൊക്കെ ആയാലും ജെനിയെ പോലെ ഒരു പെണ്ണിനെ കിട്ടുക എന്ന് പറഞ്ഞാൽ ഭാഗ്യം തന്നെ ആണ്. ആരായാലും അവളെ സ്നേഹിച്ച് പോകും അത്രയും വിധേയത്വം ആണ് അവൾക്ക്. അതുകൊണ്ടാണ് സോഫിയും ആയിട്ട് ബന്ധം ആയപ്പോഴും ജെനിയെ ഉപേക്ഷിക്കാഞ്ഞത്. ഇപ്പൊ വേറെ ഒരാളുടെ കണ്ണിൽ അവളോടുള്ള പ്രണയം കാണുമ്പോൾ എന്തോ സഹിക്കാൻ പറ്റുന്നില്ല. അതും എല്ലാ രീതിയിലും എനിക്ക് മുകളിൽ നിൽക്കുന്ന ഒരുത്തൻ.. അലക്സ് അസ്വസ്ഥതയോടെ ചിന്തിച്ചു.
എന്റെ പെണ്ണാണ് അവൾ. അധികം ഒന്നും വൈകില്ല രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അവളെ ഞാൻ സ്വന്തമാക്കിയിരിക്കും. ഇനി ഒരാൾക്കും വിട്ടുകൊടുക്കില്ല ഞാൻ അവളെ. അതുകൊണ്ട് ഇനി ഒരിക്കലും നിന്റെ നിഴല് പോലും അവളുടെമേൽ പതിയരുത്. അങ്ങനെ ഒന്ന് ഉണ്ടായാൽ ഡേവിഡിന് നിങ്ങൾക്ക് ആർക്കും അറിയാത്തൊരു മുഖം ഉണ്ട്. അത് നീ കാണും.. മനസ്സിലായോ ഡേവിഡ് താകീതോടെ പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു.
അലക്സിന് എന്തോ അവൻ പറഞ്ഞതും ഭീഷിണി പെടുത്തിയതും ഒക്കെ കേട്ടപ്പോൾ വല്ലാതെ ദേഷ്യം വന്നു. ആ ദേഷ്യത്തിൽ തന്നെ അവൻ വരുംവരായ്കകൾ ഒന്നും ചിന്തിക്കാതെ വിളിച്ചു പറഞ്ഞു.
ഇങ്ങനെ ഭീരുക്കളെ പോലെ കെട്ടിയിട്ടിട്ട് അല്ല അടിക്കേണ്ടത്. ആണുങ്ങളെ പോലെ നേർക്ക് നേരെ നിന്നിട്ടാണ്. അതിന് നീ ആണാണോ എന്ന് എനിക്ക് സംശയം ഉണ്ട്. അല്ലെങ്കിൽ ഞാൻ ചവച്ച് തുപ്പിയ എച്ചിൽ തിന്നാൻ ഇങ്ങനെ എന്റെ ജെനി എന്റെ ജെനി എന്നും പറഞ്ഞ് നടക്കില്ലായിരുന്നല്ലോ…
അലക്സിന്റെ സംസാരം കേട്ടതും തിരിഞ്ഞു നടന്നിരുന്നവൻ അവിടെ തന്നെ നിന്നു. അവൻ ജെനിയെ കുറിച്ച് പറഞ്ഞത് കേട്ടതും ഡേവിഡിന്റെ മുഷ്ടി ചുരുണ്ടു. പിന്നെ അവന്റെ മുഖത്ത് വന്യമായ ഒരു ചിരി വിരിഞ്ഞു. അതേ ചിരിയോടെ അവൻ അലക്സിന് മുന്നിൽ ആയി ചെന്ന് നിന്നു.
തന്റെ മുന്നിലായി വല്ലാത്ത ഒരു ചിരിയോടെ വന്ന് നിൽക്കുന്ന ഡേവിയെ കണ്ടതും അലക്സിന്റെ ഉള്ളം വിറച്ചു. അവന്റെ കണ്ണിൽ തെളിഞ്ഞു നിൽക്കുന്ന വന്യത അലക്സിനെ ഭയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. എന്തോ ജെനിയെ അവന്റെ പെണ്ണെന്ന് പറയുന്നത് കേട്ട അസൂയയിലും അവൻ ഭീഷിണി പെടുത്തിയ ദേഷ്യത്തിലും ആണ് അങ്ങനെ ഒക്കെ വിളിച്ചു പറഞ്ഞത്. പറഞ്ഞതിന് ശേഷം ആണ് എന്താ പറഞ്ഞത് എന്ന് പോലും ചിന്തിച്ചത്. ഇനിയെന്ത് ഉണ്ടാവുമെന്ന് ചിന്തിക്കാൻ പോലും അലക്സിന് ധൈര്യം ഉണ്ടായിരുന്നില്ല.
ഡേവിഡ് അടുത്ത് നിൽക്കുന്നവനെ കണ്ണ് കാട്ടിയതും അയാൾ വന്ന് അലക്സിന്റെ കെട്ടഴിച്ചു കൊടുത്തു.
ഡേവിഡ് ഞാൻ.. അലക്സ് എന്തോ പറയാൻ തുടങ്ങിയതും ഡേവിഡ് അത് തടഞ്ഞിരുന്നു.
വേണ്ട.. സംസാരം ഒന്നും വേണ്ട. നിനക്ക് അല്ലേ എന്നെ തല്ലേണ്ടത്. തല്ലടാ.. ഡേവിഡ് മുരണ്ടു.
ഇനി രക്ഷയില്ല എന്ന് അലക്സിന് മനസിലായി. അതോടെ അവൻ ഡേവിഡിന്റെ മുഖത്തിന് നേരെ ആയി കൈ വീശി. ഡേവിഡ് അത് തടഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ നോക്കി പ്രഹരിച്ചു. അലക്സ് ആ ഒറ്റ ഇടി കൊണ്ട് തന്നെ ചുമച്ചുകൊണ്ട് ചോര ഛർദിച്ചു. അത് നോക്കി പുച്ഛത്തോടെ നിന്നിരുന്ന ഡേവിഡിന്റെ നെഞ്ചിലായി അലക്സിന്റെ കാല് പതിഞ്ഞു. ഡേവിഡ് ഒന്ന് പിന്നിലേക്ക് ആഞ്ഞുകൊണ്ട് അലക്സ് ചവിട്ടിയിടം ഒന്ന് തടവി. പിന്നെ അങ്ങോട്ട് ഭ്രാന്തെടുത്തത് പോലെ ആണ് ഡേവിഡ് അലക്സിനെ ചവിട്ടിക്കൂട്ടിയത്. അവന്റെ
വലതുകൈ ഡേവി പിരിച്ചൊടിച്ചു. ഇടത് കാല് ചവിട്ടിയൊടിച്ചു. അലക്സിന്റെ അലർച്ച അവിടെ മുഴങ്ങി.. അവസാനം വേദനകൊണ്ട് ബോധം മറഞ്ഞ അലക്സിന്റെ മുഖത്തേക്ക് ഒരു കുപ്പി വെള്ളം ഒഴിച്ചു ഡേവിഡ്. അവൻ ഞെരങ്ങി കൊണ്ട് കണ്ണ് തുറന്നു.
നിന്നെ ഇവർ കൊട്ടാരത്തിൽ ഹോസ്പിറ്റലിൽ ആക്കും. നീ സൂപ്പർ മാർകെറ്റിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിക്ക് ആക്‌സിഡന്റ് ആയി. വഴിയിൽ കിടന്നിരുന്ന നിന്നെ വണ്ടിക്കാർ ഹോസ്പിറ്റലിൽ ആക്കി… ഇങ്ങനെയേ എല്ലാവരും അറിയാൻ പാടുള്ളൂ..കേട്ടല്ലോ. അല്ല നിനക്ക് ഇനി എനിക്കെതിരെ കേസ് കൊടുക്കണം എന്നുണ്ടെങ്കിൽ നീ കേസ് കൊടുത്തോ അപ്പൊ ഞാൻ ഒരിക്കൽക്കൂടി നിന്നെ ഒന്ന് കാണും അത് ചിലപ്പോ നമ്മുടെ അവസാനത്തെ കാണൽ ആവും.. മനസിലായോ… അതുംപറഞ്ഞു തിരിഞ്ഞ് നടക്കുന്നതിന് മുൻപ് അവൻ അവിടെ നിന്നിരുന്ന ഒരുവനെ വിളിച്ചു..
ദേവാ…
അറിയാം സാർ.. വേണ്ടപോലെ ചെയ്തോളാം.. ഒരു വിളികൊണ്ട് ഡേവിഡിന്റെ ഉള്ളറിയുന്ന ദേവൻ എന്ന മഹാദേവൻ പറഞ്ഞു . ഡേവിഡിന്റെ വലംകൈ മനസാക്ഷി സൂക്ഷിപ്പുക്കാരൻ സുഹൃത് ബോഡി ഗൗർഡ് അങ്ങനെ എന്ത് വിശേഷണവും ദേവന് ചേരും.
ദേവന്റെ മറുപടി കിട്ടിയതും പിന്നെ ഒരു തിരിഞ്ഞുനോട്ടം പോലും ഇല്ലാതെ ഡേവിഡ് തിരികെപ്പോയി.
ഡേവിഡ് പറഞ്ഞത് പോലെ അവർ അലക്സിനെ ഹോസ്പിറ്റലിൽ എത്തിച്ചു…
…..
നിങ്ങൾ എന്താ മനുഷ്യ ഞാൻ ചോദിച്ചതിന് ഉത്തരം തരാതെ ഈ ചിന്തിച്ചിരിക്കുന്നത്. നിങ്ങൾ എങ്ങനെയാ അറിഞ്ഞത് അവളുടെ കല്യാണം ആയെന്ന്. സോഫി കലിപ്പിൽ ചോദിച്ചു.
അത് അവളുടെ അവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവൻ നമ്മൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനു കുറച്ച് മുന്നായി എന്നെ വിളിച്ച് പറഞ്ഞിരുന്നു ഈ കാര്യം അങ്ങനെ അറിഞ്ഞതാണ്.
മ്മ്.. എന്നാലും അവളുടെ ഒരു ഭാഗ്യം നോക്കണേ. പുളിങ്കൊബ് അല്ലേ പിടിച്ചിട്ടുള്ളത്… സോഫി അസൂയയോടെ പറഞ്ഞു.
അതെന്തെങ്കിലും ആവട്ടെ നീ കിടക്കാൻ നോക്കിയേ എനിക്ക് ഉറക്കം വരുന്നു.. അലക്സ് പറഞ്ഞു.
അതോടെ സോഫിയും ലൈറ്റ് ഓഫ് ചെയ്ത് കിടന്നു.
………………
ഇനി നിന്റെ ജെനി ഒരിക്കലും കരയേണ്ടി വരില്ല അന്നേ. അവളെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരുത്തന്റെ കൈയിലേക്ക് ആണ് അവളെ കിട്ടാൻ പോകുന്നത്. രാജകുമാരിയെ പോലെ കൊണ്ട് നടക്കും ചേട്ടായി അവളെ…ഒരു ചിരിയോടെ മനസിലായി അതും പറഞ്ഞുകൊണ്ട് കരഞ്ഞുകരഞ്ഞ് തന്റെ നെഞ്ചിലായി കിടന്നുറങ്ങുന്ന അന്നയുടെ നെറുകയിലായി ഒന്ന് മുത്തി.
എബിയുടെ ഓർമ്മകൾ ഡേവിയുടെ പ്രണയം അറിഞ്ഞ ദിവസത്തേക്ക് പോയി.
അന്ന് അന്നയുടെ വല്യപ്പച്ചനെ വിളിച്ച് അലക്സിന്റെ ആക്സിഡന്റിന്റെ ഡീറ്റെയിൽസ് പറഞ്ഞതിന് ശേഷം ഫോൺ വച്ചു. അപ്പോഴും ഹോസ്പിറ്റലിൽ പോകണം എന്നൊരു ചിന്ത ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് അവിടെത്തെ കാഷ്വാലിറ്റി ചാർജ് ഉണ്ടായിരുന്ന ഡോക്ടർ വിളിക്കുന്നത്. ഒന്ന് എത്രയും പെട്ടന്ന് വരാമോ എന്ന് മാത്രം ആണ് അയാൾ ചോദിച്ചത്. സാറിന്റെ ബന്ധു പറഞ്ഞിട്ടാണെന്നും പറഞ്ഞു. ഒന്നും മനസിലാകാതെ ആണ് വേഗം ഹോസ്പിറ്റലിൽ എത്തിയത്.
കാഷ്വാലിറ്റി ചാർജ് ഉണ്ടായിരുന്ന ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ ആണ് അലക്സിന്റേത് ഒരു ആക്‌സിഡന്റ് അല്ല നന്നായി പെരുമാറിയത് ആണെന്ന് അയാൾ പറഞ്ഞത്. പോലീസിൽ അറിയിക്കാം എന്ന് പറഞ്ഞപ്പോൾ കരഞ്ഞുകാല് പിടിച്ചുപോലും ഡോക്ടറുടെ. എന്നിട്ടും ഡോക്ടർ പോലീസിൽ അറിയിക്കണം എന്ന് നിർബന്ധം പിടിച്ചപ്പോൾ ആണ് അലക്സ് എബി അവന്റെ ബന്ധു ആണെന്ന് പറയുന്നത്. വേണമെങ്കിൽ അവനോട് ചോദിച്ചിട്ട് എന്താണെങ്കിൽ ചെയ്തോളാൻ പറഞ്ഞെന്ന്. അതാണ് ഡോക്ടർ എബിയെ വിളിച്ചത്.
എന്നിട്ട് ഇപ്പൊ എന്താണ് അവസ്ഥ..
പേടിക്കാൻ മാത്രം ഒന്നും ഇല്ല. കൈ പിരിച്ച് അടിച്ചിട്ടുണ്ട്. കാലും ഒടിഞ്ഞിട്ടുണ്ട്. കാല് മിക്കവാറും സ്റ്റീൽറോഡ് ഇടേണ്ടി വരും മൾട്ടിപിൾ ഫ്രാക്ചർ ഉണ്ട്. എന്നെ അതിശയിപ്പിക്കുന്നത് അതൊന്നും അല്ല. ഈ തല്ലിയവൻ നന്നായി പണി അറിയുന്നവൻ ആണ്. ഒരു വിധം എല്ലാ മർമ്മവും കലക്കിയിട്ടുണ്ട്. എന്നാലോ പുറത്ത് കാണുന്ന ഭാഗത്ത് ഒരു അടി പോലും ഇല്ല. മുഖത്ത് ഏറ്റിട്ടുള്ള ക്ഷതം അടിച്ചതാണെങ്കിലും കൈയിന്റെ പാട് അറിയാതിരിക്കാൻ കൈ മൂടി കൊണ്ടാണ് അടിച്ചിട്ടുള്ളത്. ഇത്രേം വിശദമായിട്ടൊന്നും ഞാൻ അയാളുടെ വീട്ടുകാരോട് പറഞ്ഞിട്ടില്ല. വെറുതെ എന്തിനാ പേടിപ്പിക്കുന്നത് എന്ന് വച്ചിട്ടാണ്. എല്ലാം കേട്ട് ഡോക്ടറുടെ അടുത്ത് നിന്നും ഇപ്പൊ നോക്കുന്ന ഓർത്തോ സർജന്റെ അടുത്തും കൂടി പോയിട്ടാണ് അലക്സിന്റെ അടുത്തെത്തിയത്. ആരാ തല്ലിയത് എന്ന് പറഞ്ഞില്ലെങ്കിൽ പോലീസിൽ അറിയിക്കും എന്ന ഭീഷിണിയിൽ ആണ് അലക്സ് ആളിന്റെ പേര് പറയുന്നത്. പിന്നെ എങ്ങനെയാ ഡേവിഡിന്റെ ഓഫീസിലേക്ക് എത്തിയത് എന്ന് എബിക്ക് പോലും അറിയില്ല. എബി ചെല്ലുമ്പോൾ ദേവൻ ഉണ്ട് ഡേവിയുടെ കൂടെ.
എബിയെ കണ്ടതും ഡേവിക്ക് മനസിലായി അലക്സിനെ ഉപദ്രവിച്ചത് താനാണെന്നു മനസിലായി അവനെന്ന്.
ചേട്ടായി എനിക്ക് സംസാരിക്കാൻ ഉണ്ട്..
മ്മ്.. ഒന്ന് മൂളിക്കൊണ്ട് ഡേവി ദേവനെ ഒന്ന് നോക്കി….
ഞാൻ പിന്നെ വരാം സാർ.. എന്നും പറഞ്ഞ് ദേവൻ കാബിൻ ഡോർ തുറന്ന് പോയി. എബി വേഗം പോയി ഡോർ ലോക്ക് ചെയ്തു ഇനി ആരും വരണ്ട എന്ന പോലെ.
ഡേവി തന്റെ ചെയറിലേക്ക് ചാരി ഒരു ചിരിയോടെ എബിയുടെ പ്രവൃത്തി ഒക്കെ നോക്കിയിരുന്നു. ബ്ലൈൻഡ്സും കൂടി അടച്ചിട്ടിട്ടാണ് എബി ഡേവിയുടെ മുന്നിൽ ആയി വന്നിരുന്നത്.
എന്താ നിനക്ക് അറിയേണ്ടത് എബി… ഡേവി ഒരു ചിരിയോടെ ചോദിച്ചു.
ചേട്ടായിക്ക് അറിയില്ലേ എനിക്ക് എന്താ അറിയേണ്ടത് എന്ന്… ഡേവിയെ കൂർപ്പിച്ചു നോക്കികൊണ്ട് എബി ചോദിച്ചു.
ഇല്ലല്ലോ നീ ചോദിച്ചാലല്ലേ അറിയുള്ളൂ..
ആണോ.. എങ്കിൽ ചോദിക്കാം ചേട്ടായി എന്തിനാ അലക്സിനെ തല്ലിയത് അതും ഇത്രേം ക്രൂരമായി.
അവൻ ജെനിയെ ചതിച്ചതിന് ആണ് അവനെ ഞാൻ പൊക്കിയത്. രണ്ടു കൊടുത്ത് പോരാൻ നിൽക്കുമ്പോൾ ആണ് അവൻ അവളെ കുറിച്ച് അനാവശ്യം പറയുന്നത്. അതാണ് അവനെ ഇതുപോലെ ആക്കിയത്.. വന്യമായ ഭാവത്തോടെ ഡേവി പറഞ്ഞു.
സത്യത്തിൽ ഡേവിയുടെ ആ മുഖഭാവം എബിയെ വരെ ഭയപ്പെടുത്തി. എങ്കിലും അവൻ ചോദിച്ചു.
ഇങ്ങനെ ഒക്കെ പ്രവർത്തിക്കാനും വേണ്ടി ജെനി ചേട്ടായിടെ ആരാ…
എന്റെ പ്രാണൻ. 10 കൊല്ലത്തെ എന്റെ പ്രണയം.. കണ്ണിൽ നിറയുന്ന ഭ്രാന്തമായ പ്രണയത്തോടെ പറയുന്ന ഡേവിയെ എബി ഞെട്ടി നോക്കിക്കൊണ്ട് ചോദിച്ചു..
10 കൊല്ലത്തെയോ.. അവന്റെ കണ്ണുകൾ മിഴിഞ്ഞു…