The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
അവൾ ഒരു കൈ കൊണ്ട് പതിയേ അത് വാങ്ങി ചുണ്ടോടു ചേർത്തു…..
അത്രയും രുചിയുള്ള ഒന്ന് മുൻപ് കുടിച്ചിട്ടേയില്ലെന്ന് അവൾക്കുറപ്പായിരുന്നു….
അത് കൊണ്ട് തന്നെ അത്രയധികം ആസ്വദിച്ചാണ് അവളത് കുടിച്ചത്…..
അവനവളെ തന്നെ വീക്ഷിക്കുക യായിരുന്നു…
ചുണ്ടിനു മേൽ ഇടയ്ക്കിടെ നുണഞ്ഞു കൊണ്ട് ജ്യൂസ് കുടിക്കുന്ന അവളെ കാൺകെ അവനത്ഭുതം തോന്നി……
അവളെ കുറിച് താനറിഞ്ഞത്തും അവളുടേ സ്വഭാവവും തമ്മിൽ രാവും പകലും പോലെ വ്യത്യാസമുണ്ടെന്ന് അവനോർത്തു…..
താനവളെ കുറിച് എങ്ങനെ കണക്ക് കൂട്ടിയോ അതിനപ്പുറത്തേക്ക് ഒരു പടി പോലും അവളുടേ സ്വഭാവം കടന്ന് പോകില്ല….
താൻ വിചാരിച്ചത് പോലെ തന്നെ….
ഒരു നാട്ടിൻ പുറത്തുകാരിയുടെ എല്ലാ നിഷ്കളങ്കതയും അവളിലുണ്ട്…..
പലതും ആദ്യമായി കാണുന്നത് പോലെ അവളുടേ കണ്ണുകൾ വിടരുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ട്….
ഒരു കൊച്ച് കുഞ്ഞിന്റെ കൗതുകം ആ മുഖത്ത് പലപ്പോഴും മിഞ്ഞി മായാറുണ്ട്…..
എന്നാൽ കേട്ടറിഞ്ഞ കാര്യങ്ങൾ വെച്ച് അവൾ നിയന്ത്രണങ്ങൾ നൽകാത്ത ഒരു മോഡേൺ റിച് ഫാമിലിയിലെ അംഗമായിരിക്കണം….
അതുമല്ലെങ്കിൽ അതിനൊക്കെ പറ്റിയൊരു കൂട്ടം സുഹൃത്തുക്കളുടെ നടുവിലായിരിക്കണം അവൾ….
ഇത് രണ്ടും അവൾക്കുള്ളതായി അവളുടേ ഇത് വരെയുള്ള പെരുമാറ്റത്തിൽ നിന്ന് തനിക്ക് തോന്നിയിട്ടില്ല….
എപ്പോഴും വിഷാദമായ കണ്ണുകളിൽ ഒരു ഒറ്റപ്പെടലാണ് കാണാൻ കഴിയുന്നത്…..
താൻ കാണിച്ചു കൊടുക്കുന്ന പലതിലും അവൾക്കത്രയേറെ പുതുമയുണ്ട്…..
തന്റെ ചിറകിൻ കീഴിലായി ഒതുങ്ങി കൂടാൻ അവളാഗ്രഹിക്കുമ്പോഴും ആത്മാഭിമാനം പണയപ്പെടുത്താൻ തയ്യാറല്ലാത്ത ഒരു ശക്തയെ കൂടി താനവളിൽ കണ്ടിരുന്നു….
ആരാണവൾ….. എന്താണവളുടെ ഭൂത കാലം……
അറിയണമായിരുന്നവന്….
അതാരെങ്കിലും പറഞ്ഞു കൊണ്ടല്ല…..
അവളിൽ നിന്ന് തന്നെ…..
ജ്യൂസ് കുടിച്ചു കഴിഞ്ഞവൾ ഗ്ലാസ്സവന് നേരെ നീട്ടി…..
അവൻ അതും വാങ്ങി ബില്ല് പേ ചെയ്ത് വന്നു വണ്ടിയെടുക്കുമ്പോഴും ഇടയ്ക്കിടെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..
അവർ വീട്ടിലെത്തിയതും വാങ്ങിച്ച കവറുകളോരോന്നായി രണ്ട് പേരും പിടിച്ചിട്ടുണ്ടായിരുന്നു…..
ഉമ്മറത്തു തന്നെ എല്ലാവരും ഇരിപ്പുണ്ട്…..
മുത്തശ്ശിയും അമ്മയും ഒഴികെ…..
എങ്ങോട്ട് പോയതാടാ…..
അച്ഛൻ തന്നെ കണ്ട് മുഖം തിരിച്ചെങ്കിലും വല്യച്ഛനത് ചോദിച്ചിരുന്നു……
ഇവള് കാര്യമായി ഡ്രെസ്സൊന്നും എടുത്തിട്ടുണ്ടായിരുന്നില്ല..
അപ്പൊ ചെറിയൊരു ഷോപ്പിംഗ്…. അത്രയേ ഉള്ളൂ……
സായു അതും പറഞ് കണ്ണ് രണ്ടും ഒന്നിറുക്കെ ചിമ്മി…..
വല്യച്ഛനൊന്നു പുഞ്ചിരിച്ചു…
അച്ഛന്റെ മുഖത്ത് നിറഞ്ഞ പരിഹാസം….
പിന്നെ ഭാര്യക്ക് വേണ്ടതൊക്കെ വാങ്ങി കൊടുക്കൽ അവളുടേ ഭർത്താവിന്റെ കടമയല്ലേ….
അല്ലാതെ നീ വേണമെങ്കിൽ ചെയ്തോ നിനക്ക് വേണെങ്കിൽ ചെയ്തോ എന്ന് പറയുന്നതിലല്ലല്ലോ ആണത്തം ….
പുച്ഛത്തോടെ ഇരിക്കുന്ന അച്ഛന്റെ മുഖത്ത് നോക്കി അതും കൂടി പറയാൻ സായു മറന്നില്ല….
മുഖം തിരിച്ചിരുന്ന പ്രഭ അവന് നേരെ ദേഷ്യത്തോടെ നോക്കി…
വാ ….
അവൻ അത് ശ്രദ്ധിക്കുന്നില്ലെന്ന വണ്ണം ശ്രീ യെയും കൂട്ടി അകത്തേക്കു നടന്നു ….
അവൻ പോയതും വല്യച്ചൻ ഒന്ന് അമർത്തി ചിരിച്ചു……
എന്താടാ…..
പ്രഭ അയാൾക്ക് നേരെ ദേഷ്യത്തോടെ ചോദിച്ചു….
ഒന്നുമില്ല….. അവൻ പറഞ്ഞതും കാര്യമല്ലേ…. അതിനു നീയെന്തിനാ എന്നേ കടിച് കീറാൻ വരുന്നത്…….
അത് പറയുമ്പോഴും മഹി അമർത്തി ചിരിക്കുകയായിരുന്നു…..
പരുക്കനെന്ന് സ്വയം വിശ്വസിച്ചിരുന്ന താനൊരു പരിഹാസ പാത്രമായി മാറുകയാണോ എന്നയാൾക്ക് തോന്നി തുടങ്ങിയിരുന്നു….
അതും മകന്റെ മുമ്പിൽ പോലും വല്ലാതെ ചെറുതായി പോകുന്നത് പോലെ….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സായു നേരെ കയറിയത് മുത്തശ്ശിയുടെ മുറിയിലേക്കായിരുന്നു….
എന്താ യാശോദ കുട്ടി ഈ നേരത്ത് കിടക്കുന്നെ….
മകൻ വന്ന സന്തോഷത്തിലാണോ…..
അവൻ മുത്തശ്ശിയെ കളിയാക്കി അതും പറഞ് കൊണ്ട് കട്ടിലിലിരുന്നതും മുത്തശ്ശിയെ പതിയേ എഴുന്നേറ്റു….
എന്നാൽ ആ മുഖത്ത് ഒട്ടും തെളിച്ചമില്ലാത്തത് അവനിലൊരു നോവ് നൽകി….
എന്താ മുത്തശ്ശി….. സുഖമില്ലേ…..
അവൻ വേഗം നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ട് നോക്കി…….
ഏയ്…. ഒന്നുമില്ല….. ഞാൻ….
അവർ അത് പറഞ് നിർത്തിയതും അവൻ അവരെ തന്നെ നോക്കിയിരുന്നു…..
എന്താ മുത്തശ്ശി….. എന്താണെങ്കിലും പറയു…
അവന്റെ മുഖത്ത് പരിഭ്രമം പടർന്നു…..
വാതിൽ പടിയിൽ ചാരി നിന്നിരുന്ന ശ്രീയും ഒരു തരം ദുഖത്തോടെ അവരെ നോക്കി നിന്നു….
സായു…..നിന്റെ അമ്മ….
അവളൊരു പാവമാ…..
പ്രഭയുടെ കാര്യത്തിൽ ഞങ്ങൾക്ക് പറ്റിയ തെറ്റ് നിന്റെ കാര്യത്തിലും സംഭവിച്ചു എന്നാണ് അവളുടേ സങ്കടം…..
അവളെല്ലാം സഹിച്ചത് നിനക്ക് വേണ്ടിയായിരുന്നു….
ആ നീയും……
മുത്തശ്ശി പറഞ് നിർത്തിയപ്പോൾ ശ്രീ ബാല ദയനീയമായി സായുവിനെ നോക്കി…..
അവനും വല്ലാത്തൊരു വേദനയിലാണ്…..
നിന്റെ കാര്യത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് അവളെ ബോധിപ്പിക്കേണ്ട കടമ നിനക് തന്നെയാണ് സായു….
ബാല മോൾടെ കാര്യത്തിൽ നിനക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ഞങ്ങൾക്ക് പരിപൂർണ ബോധ്യമായി. അത് പോലെ അവളെയും നീ വിശ്വസിപ്പിക്കുക തന്നെ വേണം……
ആ പാവത്തിനെ ഇനിയും വേദനിപ്പിക്കരുത്…..
മുത്തശ്ശി ആ പറഞ്ഞത് രണ്ട് പേരെയും നോക്കി കൊണ്ടായിരുന്നു….
അത് തനിക്ക് കൂടിയുള്ള ഒരു കടമായി ശ്രീ ബാലക്കും തോന്നിയിരുന്നു….
സായുവിന്റെ ഹൃദയം വല്ലാതെ നൊന്തു….
അമ്മക്ക് വേണ്ടി കൂടിയാണ് ഞാനിവളെയും കൂട്ടി വന്നത് ….
ഞാൻ…. ഞാൻ പോയാലും അമ്മക്ക് കൂട്ടായി അച്ഛനുണ്ടാകണം…..
അചൻ വല്ലാത്ത വാശിക്കാരനാണ്…..
അത് കൊണ്ട് തന്നെ എന്നോടുള്ള വാശിക്കെങ്കിലും അമ്മയെ സ്നേഹിക്കാൻ ശ്രമിക്കുമായിരിക്കുമെന്നൊരു വിശ്വാസമുണ്ട് മനസ്സിൽ……
അവസാന കളിയാണ് ….ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ …
അവരെ ഒരുമിപ്പിക്കാൻ ഇതല്ലാതൊരു വഴി തന്റെ മനസ്സിൽ തെളിഞ്ഞിട്ടില്ല…
അവൻ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു……
പിറകെ ശ്രീ ബാലയും ….മുറിയിലെത്തിയതും അവൻ കട്ടിലിലേക്ക് മലർന്നു കിടന്നു……
ശ്രീ ബാല കവറുകളെല്ലാം അലമാരയിൽ വെക്കുകയായിരുന്നെങ്കിലും ശ്രദ്ധ മുഴുവൻ അവനിലായിരുന്നു…..
അവന്റെ നോവ് തന്നെയും ഇത്രയേറെ നോവിക്കുന്നതെന്തെന്ന് അവൾക്കറിയുന്നില്ലായിരുന്നു….
അവൾ ഒരോന്നോർത്ത് നിന്നതും പെട്ടെന്ന് അവൻ ചാടിയെഴുന്നേറ്റിരുന്നു….
വാ….. താഴേക്കൊന്ന് പോകാം…….
അവൻ അത് പറഞ് മുമ്പിൽ നടക്കുമ്പോൾ അവൾ ഒരക്ഷരം ചോദിക്കുക പോലും ചെയ്യാതെ അവന് പിറകിലായി നടന്നു……
അവൻ ചെന്നത് അമ്മയുള്ള മുറിയിലേക്കായിരുന്നു…
വാതിൽ തുറന്നതും പുസ്തകം കയ്യിൽ പിടിച്ചിരുന്ന അമ്മ അവരെയൊന്നു നോക്കി…
അമ്മ അങ്ങനെയാണ് ഉള്ളിൽ പ്രയാസം വരുമ്പോഴൊക്കെ വായിച്ചു കൊണ്ടിരിക്കും…….
അധിക സമയവും വായിച്ചിരിക്കാൻ തന്നെ അമ്മക്ക് കഴിയാറുമുള്ളു..
അത് കൊണ്ട് തന്നെയാവാം അമ്മയോട് താനൊന്ന് അകന്ന് നിൽക്കേണ്ടി വന്നതും….
അച്ഛന്റെ സ്വഭാവത്തിൽ സങ്കടപ്പെടുമ്പോൾ എന്നെയൊന്നു ചേർത്ത് നിർത്താൻ അമ്മക്ക് കഴിയാതെ പോയി….
തനിച്ചിരുന്നും പലപ്പോഴും ആ ദേഷ്യത്തിന്റെ അംശങ്ങൾ തന്നിലേക്ക് ചൊരിഞ്ഞും അമ്മയ്ക്കും തനിക്കുമിടയിൽ വലിയൊരു കിടങ്ങുണ്ടായി…
അവനെ കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു……
അവർ പുസ്തകം കയ്യിൽ നിന്ന് മാറ്റി വെച്ചു…..
എന്നാൽ അവന്റെ പിറകിലായി വന്ന ശ്രീ ബാലയെ കണ്ടതും അവരുടെ മുഖം വലിഞ്ഞു മുറുകി…..
എന്താ….. ചോദ്ധ്യത്തിൽ അങ്ങേയറ്റം ഗൗരവം നിറഞ്ഞിരുന്നു……
അമ്മേ…. ഇത്…..ശ്രീ ബാല…
സായു പറഞ് തുടങ്ങിയപ്പോഴേക്കും അവർ അവന് നേരെ കൈ യ്യുയർത്തി….
വിവാഹം കഴിഞ്ഞിട്ടേങ്കിലും അമ്മയോട് പറയാൻ തോന്നിയല്ലോ…..
സന്തോഷം……
ഒത്തിരി കഴിഞ്ഞ് എന്റെ കുഞ്ഞിനെ കാണുമ്പോൾ കൂടെ ഒരു ഭാര്യ യുണ്ടാകുമെന്ന് കരുതിയില്ല…
എങ്കിൽ അമ്മ നിനക്ക് വേണ്ടി ആരെയും നോക്കില്ലായിരുന്നു….
അത് പറയുമ്പോഴും വാക്കുകളിലെ കനം വിട്ട് മാറിയിട്ടില്ലായിരുന്നു……
വേറെന്തെങ്കിലും പറയാനുണ്ടോ…..
അവരത് ചോദിക്കുമ്പോൾ സായു ഇല്ലെന്ന മട്ടിൽ തലയാട്ടി ….
എങ്കി ആ വാതിൽ ചാരി പൊയ്ക്കോളൂ…..
ഗൗരവത്തോടെ അത് പറഞ്ഞതും സായു വേഗം മുറിക്ക് പുറത്തേക്ക് നടന്നു…..
അപ്പോഴും അവരുടെ നോട്ടം നിഷ്കളങ്കമായ മുഖത്തോടെ നിൽക്കുന്ന അവളിലേക്ക് പാറി വീണിരുന്നു…..
സായു ഒരു തളർച്ചയോടെ ബാൽകണിയിലെ കസേരയിലേക്ക് ചെന്നിരുന്നു……
അൽപ നേരം കണ്ണുകളടച്ചങ്ങനെ കിടന്നപ്പോഴാണ് ഒരു സംസാരം കേൾക്കുന്നത് പോലെ തോന്നിയത് ..
എവിടെ അവൻ…….
അച്ഛന്റെ വെറി പിടിച്ചുള്ള ശബ്ദ മാണത്…..
അവൻ ബാൽക്കണിയിൽ നിന്നും വരാന്തയിലേക്ക് വന്നു…….
അതേ….. കലി തുള്ളി അച്ഛനാണ്…..
വേണ്ടാ….. ദയവ് ചെയ്ത് നിങ്ങളൊന്നു വന്നേ…..
അതും പറഞ് പിറകെ അമ്മയുമുണ്ട്…..
നീയാരാടാ എന്നേ മര്യാദ പഠിപ്പിക്കാനും കടമ മനസ്സിലാക്കി തരാനും…..
തന്നെ കണ്ട പാടേ തന്റെ നേർക്ക് അതും പറഞ് ചാടി……
നിന്റെ അമ്മ പറയുകയാ … നിന്നെ കണ്ട് പഠിക്കാൻ……
നീയാരാടാ…….
നീ എന്തോ വലിയൊരാളാണെന്ന് കാണിക്കേണ്ടത് കണ്ട പെണ്ണുങ്ങളെ കൂടെ വിളിച്ചു കൊണ്ട് വന്നല്ല….
അങ്ങനെയൊരു പാരമ്പര്യം ഈ തറവാട്ടിലില്ല താനും……
അപ്പോഴേക്കും മുറിയിൽ നിന്ന് ബഹളം കേട്ട് ശ്രീ ബാലയും പുറത്ത് വന്നിരുന്നു……
സായു ഒന്നും പറയാതെ കൈ രണ്ടും മാറോടു പിണച്ചു കെട്ടി അച്ഛനെ തന്നെ നോക്കി നിന്നു…..
എല്ലാവരുടെ മുമ്പിലും എന്നേ കൊച്ചാക്കാനല്ലേ നീയിതൊക്ക ചെയ്യുന്നത്….
അതിലൊന്നും ഈ പ്രഭ തളരില്ല…..
നീയും ഇവളും കൂടി മനപ്പൂർവം കളിക്കുന്ന ഈ കളിയിലൊന്നും ഞാൻ പതറില്ലാന്ന്……
അയാൾ പവിയെ കൂടി കുറ്റപ്പെടുത്തി അത് പറയുമ്പോൾ സായുവിന് വല്ലാതെ ദേഷ്യം വന്നിരുന്നു….
ഇനി എന്താ കൊച്ചാവാനുള്ളത്….
സ്വന്തം ഭാര്യക്ക് പുല്ല് വില നൽകാത്ത നിങ്ങൾ ഇത്ര വലിയൊരാളാണെന്ന് നിങ്ങൾക്ക് സ്വയം തോന്നിയാൽ മതിയോ….
ചുറ്റുമുള്ളവർക്കു നിങ്ങൾ ഒരു കോമാളി തന്നെയാ….
ആരെയൊക്കെയോ കൈ പിടിയിലൊതുക്കി നിർത്താൻ ശ്രമിക്കുമ്പോൾ താൻ വലിയവാനാണെന്ന തോന്നൽ വരുന്നുണ്ടെങ്കിൽ കേട്ടോ…
അതിൽ ഭൂമിയോളം ചെറുതാവുകയാണ് ചെയ്യുന്നത്……
ദേഷ്യത്തോടെ അത്രയും പറഞ് സായു മുറിയിലേക്ക് കയറി…..
അവൻ കയറിയതും പിന്നെ അവിടെ നില്ക്കാൻ കഴിയില്ലെന്നുള്ളത് കൊണ്ട് തന്നെ അവളും അവനെ പിന്തുടർന്നു…..
അതേ…. അല്ലെങ്കിലേ ഇളകി ഇരിക്കുകയായിരിക്കും…
അതിനിടക്ക് അമ്മ കൂടി എന്നേ പുകഴ്ത്തി പറഞ്ഞത് സഹിച്ചിട്ടുണ്ടാവില്ല….
സായു ഓർത്ത് കൊണ്ട് കട്ടിലിലേക്കിരുന്നു…
അപ്പോഴേക്കും പതിവ് പോലെ പുറത്ത് നിന്ന് ബഹളങ്ങൾ ഉയർന്നു തുടങ്ങി….
ശ്രീ ബാല വേഗം അവനിലേക്ക് നോക്കി..
അവനെക്കാൾ ശക്തിയായി അവളുടേ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു…
അന്നത്തെ ആ ചിത്രം മനസ്സിൽ തെളിഞ്ഞു വന്നു….
പുറത്തെ ശബ്ദം അകത്തേക്ക് കടക്കാതിരി ക്കാനെന്ന വണ്ണം അവൾ വേഗം മുറിയുടെ വാതിലടച്ചു ….
അപ്പോഴും കേൾക്കുന്നുണ്ട്….
അവൻ ദൂരേക്ക് മിഴികൾ നട്ടങ്ങനെ ഇരിക്കുകയാണ്…
മുഖത്ത് വല്ലാത്ത പ്രയാസം നിറഞ്ഞു കാണാം…..
അവൾ അവൻ കിടക്കുന്നതിന്റെ അപ്പുറത്തായി നിന്ന് വേഗം മുറിയിലെ ഫാൻ ഓൺ ചെയ്തു…..
അപ്പൊ കേൾക്കുന്ന ശബ്ദത്തിനല്പം കുറവ് വന്നത് പോലെ തോന്നി….
അവൻ മിഴികളുയർത്തി അവളെയൊന്ന് നോക്കി….
അവൻ കട്ടിലിൽ ഇരിക്കുകയാണ്…..
നിൽക്കുന്ന അവൾ അവനിലേക് ഒന്ന് മിഴികൾ താഴ്ത്തി….
വീണ്ടും ശബ്ദം കേൾക്കുകയാണെന്ന് തോന്നിയതും അവൾ ഫാനിന്റെ സ്പീഡ് വീണ്ടും കൂട്ടി….
അവരുടെ ശബ്ദം കൂടുന്നതിനനുസരിച്ചു അവൾ സ്പീസ് കൂട്ടി കൊണ്ടിരുന്നു….
മാറി മറിയുന്ന അവന്റെ മുഖത്തെ ഭാവങ്ങൾ ശ്രീ ബാലയിൽ വല്ലാത്ത നോവുണർത്തി…..
സ്പീഡ് ഇനിയും കൂട്ടാൻ കഴിയില്ലെന്ന് മനസായിലായതും അവൾ പുറത്തെ ശബ്ദത്തിലേക്ക് ചെവിയോർത്തു…..
ചെറുതായി കേൾക്കാം….
അവൾ വേഗം അവനിരിക്കുന്നതിന്റെ അരികിലായി മുട്ട് കുത്തിയിരുന്നു…..
അവനെന്തെന്ന അർത്ഥത്തിൽ അവളെയൊന്ന് നോക്കി….
ആ മിഴികൾ പാടേ നനഞ്ഞിട്ടുണ്ട്……
ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്ന് ചിന്തിക്കുന്നതിനേക്കാൾ അന്നത്തെ അവന്റെ ആ അവസ്ഥ കൺ മുമ്പിൽ തെളിഞ്ഞത് കൊണ്ട് തന്നെ അവൾ അവളുടേ ഇരു കൈകളും അവന്റെ രണ്ട് ചെവിയോട് ചേർത്ത് വെച്ചു….
അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി….
ശേഷം അവന്റെ കൈകൾ കൂടി മെലിഞ്ഞ അവളുടേ ആ കൈകൾക്ക് മേൽ അമർന്നിരുന്നു…..
ഒന്നും കേൾക്കേണ്ടെന്ന പോൽ…..
അവളുടേ ഹൃദയം അവനെ യോർത്തു വിങ്ങി പൊട്ടുകയായിരുന്നന്നേരം…
(തുടരും)