രചന – കണ്ണന്റെ മാത്രം
ആ… ആളുടെ കല്യാണം കഴിഞ്ഞതാണ്.
ഒരു രണ്ട് കൊല്ലം മുൻപ്. ആ നമ്മുടെ കെട്ടിന് മുൻപ് ഒക്കെ കഴിഞ്ഞിട്ടുണ്ട്. അയാള് അവിടെ പെണ്ണിന്റെ വീട്ടിൽ ആണ് നിൽപ്പ്. അതൊരു പണചാക്ക് ആണ്. അവർക്ക് തന്തയും തള്ളയും ഒന്നുമില്ല. മരിച്ചുപോയി. ആകെ ഉള്ളത് ഒരു വട്ടൻ ആങ്ങള ആണ്. അതുകൊണ്ട് ആ പെണ്ണുമ്പിള്ളയുടെ സ്വത്തുക്കൾ മുഴുവൻ നോക്കി നടത്തൽ ആണ് ഇപ്പോഴത്തെ പണി.
നീ എന്തൊക്കെയാ ഈ പറയുന്നത്. ഡീറ്റൈൽ ആയിട്ട് പറഞ്ഞേ കാര്യങ്ങൾ.
വല്യപപ്പയുടെ ഫ്രണ്ടിന്റെ മോളാണ് ആള്. ലിഡിയ. അവരുടെ അപ്പനും അമ്മയും ഒക്കെ മുന്നേ മരിച്ചു പോയതാ. ഒരു ആങ്ങള ചെക്കൻ ഉള്ളതിന് എങ്ങനെയോ വട്ടായി. അതുവരെ നല്ല രീതിയിൽ നടന്ന ബിസിനസ് തകരുന്നു എന്ന് തോന്നിയപ്പോൾ വല്യപപ്പയുടെ സഹായം ചോദിച്ചതാ അവർ. വല്യപപ്പ തന്ത്രത്തിൽ ആ പെണ്ണിന്റേം ചേട്ടായിടേം കെട്ട് നടത്തി. അല്ലാതെ ചേട്ടായിടെ സ്വഭാവത്തിന് എളുപ്പം കൊണ്ട് പെണ്ണ് കിട്ടില്ല. എല്ലാ കൊള്ളരുതായ്മകളും ഉണ്ട്. കള്ളും പെണ്ണും ഡ്രഗ്സും ഒക്കെ. ഈ പെണ്ണിന് ആവുമ്പോ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. സ്വത്തുക്കൾ എല്ലാം കിട്ടുകയും ചെയ്യും.
എന്നിട്ടോ…
എന്നിട്ടെന്താവാൻ ചേട്ടായി അതിനെ കെട്ടി ഭാര്യയാക്കി വീട്ടിൽ ഇരുത്തി
ചേട്ടായിടെ കലാപരിപാടികളും ആയി നടക്കുന്നു…
മ്മ്.. ഇനിയിപ്പോ ഇവിടെ ഉണ്ടാവില്ലേ അവര്. അപ്പൊ നിനക്ക് എല്ലാത്തിനും ഒരു സപ്പോർട്ട് ആവില്ലേ..
ഓഹ്.. എന്നാത്തിനാ.. എനിക്ക് അതിലൊന്നും വല്യ താൽപ്പര്യം ഇല്ല..ഇതിപ്പോ ഡേവിഡിനെ ഒതുക്കാൻ എന്നെക്കൊണ്ട് ഒറ്റക്ക് പറ്റില്ല എന്ന് അറിയുന്നതുകൊണ്ടാണ്. അല്ലെങ്കിൽ ഞാൻ അങ്ങേരെ വിളിച്ചേനില്ല.
അതെന്താ അങ്ങനെ..
സംഭവം അങ്ങേര് ഒരു ചെ** ആണെങ്കിലും ബിസിനസ് ഒക്കെ നല്ല വൃത്തിക്ക് കൊണ്ടുനടന്നിരുന്നതാ. ഞങ്ങൾ ഒരുപാട് വൃത്തികേടുകൾ ഒരുമിച്ച് ചെയ്തിട്ടുണ്ടെങ്കിലും ബിസിനസ് എപ്പോഴും അങ്ങേരുടെ കൈയിൽ സുരക്ഷിതമായിരുന്നു. ഇപ്പൊ ഇതൊക്കെ ഈ നിലയിൽ ആണെന്ന് അറിയുമ്പോ എങ്ങനെ റിയാക്ട് ചെയ്യും എന്ന് എനിക്കറിയില്ല. അങ്ങേര് ഇവിടെ ബിസിനസ് ചെയ്യുന്ന സമയത്ത് ഡേവിഡും ആയിട്ട് കൊമ്പ് കോർത്തിട്ടുള്ളതാണ്. ഇപ്പൊ ഇതൊക്കെ നശിക്കാൻ കാരണം ഡേവിഡ് ആണ് എന്നും പറഞ്ഞാണ് ഡേവിഡിന് എതിരെ പക കയറ്റിയിട്ടുള്ളത്.
അത് സത്യം തന്നെ അല്ലേ.. ആൻസി ചോദിച്ചു.
സത്യം തന്നെ ആണ്. പക്ഷേ കുറച്ചൊക്കെ നമ്മുടെ ദൂർത്തും ആണ് കാരണം. അതങ്ങേർക്ക് മനസിലായാൽ പിന്നെ അങ്ങോട്ട് ഉപദേശം ആവും. അങ്ങേര് നല്ലവൻ ആണെങ്കിൽ കുഴപ്പം ഇല്ല ഉപദേശിക്കാം. ഇതിപ്പോ അങ്ങേര് എന്നേക്കാൾ വലിയ ചെ** ആണ് എന്നിട്ടാണ് ഉപദേശിക്കാൻ വരുന്നത്.
അവർ ഇങ്ങോട്ട് കാണിക്കുന്ന സ്നേഹം ഒന്നും നിനക്ക് അങ്ങോട്ട് ഇല്ല അല്ലേ.. ആൻസി ചോദിച്ചു.
അതിന് അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചതേ ഉള്ളൂ.
……………….
ഭക്ഷണശേഷം കിടക്കാനായി വന്നപ്പോൾ ആണ് റൂമിലെ തൊട്ടിൽ ഡേവിയുടെ കണ്ണിൽ പെട്ടത്. അവൻ സംശയത്തോടെ ജെനിയെ നോക്കി.
അത് മോൾക്ക് കിടക്കാൻ. ഇന്നലെ താഴെ അല്ലേ കിടന്നേ. ഇനി ഇപ്പൊ രണ്ട് ദിവസം ഉള്ളതല്ലേ അതാ.. ജെനി പരുങ്ങലോടെ പറഞ്ഞു.
ഡേവി ഒരു ചിരിയോടെ അവളെ ഒന്ന് നോക്കികൊണ്ട് ബെഡിലേക്ക് കയറി കിടന്നു. അവളും ഉറങ്ങുന്ന കുഞ്ഞിനെ തൊട്ടിലിൽ കിടത്തികൊണ്ട് അവന് അടുത്തായി കയറി കിടന്നു. ജെനി ഒതുങ്ങി ഒതുങ്ങി ഒന്ന് അനങ്ങിയാൽ താഴെ വീഴും എന്ന നിലയിൽ ആണ് കിടക്കുന്നത്. അത് കണ്ടപ്പോ ഡേവിക്ക് ചിരി വന്നു.
എന്റെ കൊച്ചേ ഞാൻ നിന്നേ പിടിച്ച് തിന്നുവൊന്നും ഇല്ല. ഇങ്ങോട്ട് കയറി കിടക്ക്. ഇല്ലെങ്കിൽ താഴേന്നു പറക്കേണ്ടിവരും നിന്നേ…
അതുകേട്ടതും ജെനി ഒരു ഇളിഞ്ഞ ചിരിയോടെ കുറച്ചുകൂടി കയറി കിടന്നു. ഡേവിയും ഒരു ചിരിയോടെ മുകളിലേക്ക് നോക്കി കിടന്നു.
കൊച്ചേ… ഡേവി ജെനിയെ വിളിച്ചു.
കൊച്ചിന് എന്നെ ഇഷ്ടമാണോ.. ഡേവി തുറന്ന് ചോദിച്ചു.
അത്.. എനിക്ക്.. ഞാൻ… ജെനി കിടന്ന് വിക്കി.
വേണ്ട ഈ വിക്കലിൽ നിന്നും എനിക്ക് മനസ്സിലാകുന്നുണ്ട് ഞാൻ കൊച്ചിന്റെ ഉള്ളിൽ എവിടെയോ കയറി പറ്റിയിട്ടുണ്ട് എന്ന്. ഞാൻ ഒരു കാര്യം പറയട്ടെ. എനിക്ക് കൊച്ചിനെ ഭയങ്കര ഇഷ്ടമാണ്.
അറിയാം… ജെനിയും മുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
അതിപ്പോ തുടങ്ങിയത് ഒന്നും അല്ല കുറേ കൊല്ലം മുൻപേ എനിക്ക് ഇഷ്ടം ആണ്. ഞാൻ കൊച്ചിനോട് പിന്നെ പറയാം എന്ന് വച്ചിരിക്കുകയായിരുന്നു. പക്ഷേ എന്തോ ഇതിപ്പോ പറയണം എന്ന് തോന്നി.
അറിയാം… അതിനും ജെനി പതുക്കെ മറുപടി പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഏഹ്ഹ്… ഡേവി ഞെട്ടികൊണ്ട് എഴുനേറ്റിരുന്ന് ജെനിയെ നോക്കി.
ജെനി മോളെ.. നീ എന്താ പറഞ്ഞേ… ഡേവി വിറയലോടെ ചോദിച്ചു.
ജെനിയും പതുക്കെ എഴുന്നേറ്റിരുന്നു. എന്നിട്ട് അവന് നേരെ തിരിഞ്ഞിരുന്നു.
ഞങ്ങള് പെൺകുട്ടികൾക്ക് ഒരു പ്രേത്യേക കഴിവുണ്ട്. എന്താന്ന് അറിയോ ഇച്ചായന്..
ഡേവി യന്ത്രികമായി ഇല്ല എന്ന് തലയാട്ടിക്കാട്ടി.
ഞങ്ങളെ ആരെങ്കിലും പതിവായി ശ്രദ്ധിച്ചാൽ ഞങ്ങൾക്ക് അത് മനസിലാവും. ഒന്നോ രണ്ടോ വട്ടത്തെ കാര്യം അല്ല കേട്ടോ. പതിവായി ഒരാൾ നോക്കിയാൽ അത് പെട്ടന്ന് മനസിലാക്കാൻ ഉള്ള കഴിവ് ഞങ്ങൾ പെണ്ണുങ്ങൾക്ക് ഉണ്ട്. അപ്പൊ പിന്നെ എല്ലാ കുർബാന ദിവസവും ഒരാൾ എന്നെ ഇങ്ങനെ നോക്കിയാൽ എനിക്ക് അറിയാൻ പറ്റില്ലേ. ഒരു പത്താംക്ലാസ്സ് ഒക്കെ പകുതി ആയപ്പോൾ ആണ് ഞാൻ അത് മനസിലാക്കി തുടങ്ങിയത് എന്ന് മാത്രം. പിന്നെ അങ്ങോട്ട് ഞാനും തിരഞ്ഞു തുടങ്ങി ആരാണ് എന്നെ തന്നെ നോക്കികൊണ്ടിരിക്കുന്ന ആളെന്ന്. അങ്ങനെ രണ്ടുമൂന്നാഴ്ചത്തെ ശ്രമത്തിൽ ഞാൻ കണ്ടെത്തി നിറയെ മുടിയും പിരിച്ചുവച്ച മീശയും ഒക്കെ ഉള്ള ഒരാള് എന്നെ തന്നെ കണ്ണ് ചിമ്മാതെ നോക്കി നിൽക്കുന്നത്. ആദ്യം പേടി ആയിരുന്നു എന്തിനാ ഇത്രേം വലിയ ചേട്ടൻ എന്നെ ഇങ്ങനെ നോക്കി നിൽക്കുന്നത് എന്നാലോചിച്ചിട്ട്. പിന്നെ പിന്നെ ആ ആൾക്ക് വേണ്ടി ഒരുങ്ങി തുടങ്ങി. കൂടുതൽ സുന്ദരി ആയി പള്ളിയിൽ വരാൻ തുടങ്ങി. അപ്പോഴും എനിക്കറിയില്ലായിരുന്നു എന്താ ആ ആളോട് തോന്നുന്ന വികാരം എന്ന്… ഏതോ ലോകത്തിൽ എന്നപോലെ ഇരുന്ന് ഓരോന്നും പറയുന്ന ജെനിയെ ഡേവി കണ്ണെടുക്കാതെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പിന്നെ എപ്പോഴാ അയാളോടുള്ള വികാരം മനസിലാകുന്നത്…
പ്ലസ് ടു കഴിഞ്ഞ സമയത്ത് ഒരു മാസം നിക്കാൻ അച്ചന്റെ അവിടെ പോയപ്പോ ആ മൂന്നാല് ആഴ്ചകളിൽ കാണാതെ ആയപ്പോ ആണ് എനിക്ക് ആളോട് തോന്നുന്ന വികാരം മനസിലായത്. പേടിയായിരുന്നു ആദ്യം തോന്നിയ വികാരം. പിന്നെ എന്തോ സന്തോഷവും. പിന്നെയും മാസങ്ങൾ കടന്നുപോയി. ആ ആള് എന്റെ ഉള്ളിൽ കൂടുതൽ ആഴത്തിൽ പതിയുന്നത് ഞാൻ അറിഞ്ഞു. ഡിഗ്രിക്ക് ചേർന്നതിന് ശേഷം ആ ആളെ പള്ളിയിൽ കാണാതായപ്പോ എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായില്ല…
ജെനി കോളേജിൽ ചേർന്നതിന് ശേഷം എന്നും കോളേജിൽ വച്ച് ക്യാമറ വഴി കാണുന്നത് കൊണ്ട് പള്ളിയിൽ പോക്ക് ഒഴിവാക്കിയിരുന്നു. എന്നിട്ടോ.. ഡേവി ചോദിച്ചു.
മാസങ്ങൾ കടന്നുപോയി. ഞാൻ എല്ലാ ഞായറാഴ്ചയും പള്ളിയിൽ മുഴുവൻ നോക്കും. കാണാതെ ആവുമ്പോ എന്റെ നെഞ്ച് പൊട്ടുന്നത് പോലെ തോന്നും. പക്ഷേ ആരാ എന്താ എന്നറിയാത്ത ഒരാളെ കുറിച്ച് ഞാൻ ആരോട് എന്ത് പറയാൻ ആണ്. എന്റെ ജീവിതത്തിൽ എന്റെ അപ്പച്ചനും അന്നക്കും അറിയാത്ത ഒരു രഹസ്യം ഇതാണ്. അങ്ങനെ ഇരിക്കുമ്പോൾ ആണ് അന്നയും എബി ചേട്ടായിയും പ്രണയത്തിൽ ആവുന്നത്. അവർ ഒരുമിച്ചിരുന്നു ഇങ്ങനെ ഓരോന്നൊക്കെ പറയുന്നതും ചിരിക്കുന്നതും കാണുമ്പോൾ ഞാൻ എന്നെയും ആ ആളെയും സങ്കൽപ്പിച്ചു നോക്കും ആ സ്ഥാനത്ത്. വെറുതെ.. എന്റെ ഒരു സമാധാനത്തിന്. അപ്പോഴേക്കും ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു തുടങ്ങിയിരുന്നു ഇതൊക്കെ മറക്കണം എന്ന്. അങ്ങനെ ഇരിക്കുമ്പോൾ ആണ് എബി ചേട്ടായി അങ്ങേരുടെ മൂത്തച്ചേട്ടൻ അന്നയെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞത്. ഞങ്ങൾ കൂടി നിൽക്കുമ്പോൾ അങ്ങോട്ട് വന്ന ആളെ കണ്ട എന്റെ ചുറ്റും ഉള്ള ഭൂമി മുഴുവൻ കറങ്ങുന്നത് പോലെ തോന്നി. എബി ചേട്ടായിടെ ഫാമിലി എത്ര ഉയർന്ന പൊസിഷനിൽ ഉള്ളതാണ് എന്ന് എനിക്കറിയാം. അവിടത്തെ മൂത്തമോനെ ആണ് ഞാൻ ഒരു കൃഷിക്കാരന്റെ മോള് നെഞ്ചിൽ കയറ്റിയത് എന്നാലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
അത് കേട്ടതും ഡേവി കണ്ണുകൾ ഇറുക്കി അടച്ചു. അവന്റെ മുഷ്ടി ചുരുണ്ടു. അവന് അവനോട് തന്നെ ദേഷ്യം തോന്നി ഒരിക്കൽ പോലും അവളോട് ഒന്നും തുറന്ന് പറയാഞ്ഞതിൽ.
എന്നിട്ടും എന്റെ മനസ്സ് എന്റെ വരുതിയിൽ ആയിരുന്നില്ല. എത്രയൊക്കെ മനസ്സിനെ പറഞ്ഞ് മനസിലാക്കാൻ നോക്കിയിട്ടും എവിടെ പോയാലും ആ ആളെ തപ്പികൊണ്ടിരിക്കും കണ്ണുകൾ. അങ്ങനെ ഡിഗ്രി ഫസ്റ്റ് ഇയർ കഴിഞ്ഞു. അപ്പോഴേക്കും ഞാൻ ഏറെക്കുറെ ഉറപ്പിച്ചിരുന്നു അതൊക്കെ എന്റെ തോന്നൽ ആവും എന്ന്. കാരണം പിന്നെ ആ ആളെ ഞാൻ ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ എന്തോ മനസ്സിൽ നിന്നു പറച്ചു കളയാൻ മാത്രം പറ്റിയിരുന്നില്ല. ആ സമയത്താണ് അയാളുടെ കല്യാണ ആലോചന എനിക്ക് വരുന്നത്. ഞാൻ ഒഴികെ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു. അപ്പച്ചന്റേം അമ്മച്ചീടേം എന്റെ അന്നയുടെയും ഒക്കെ സന്തോഷം കണ്ടപ്പോൾ ആണ് ഞാൻ അതിന് സമ്മതിച്ചത്. എനിക്കൊരിക്കലും കിട്ടില്ലാത്ത അല്ലെങ്കിൽ എന്നെ സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി ഞാൻ എങ്ങനെ എന്നെ സ്നേഹിക്കുന്നവരെ കണ്ടില്ലാന്ന് നടിക്കും… ജെനി അത് പറഞ്ഞപ്പോഴേക്കും ഡേവി അവളെ ശക്തിയിൽ പുണർന്നിരുന്നു…
അങ്ങനെ നിന്നെ സ്നേഹിച്ചിരുന്നില്ലെന്നു പറയല്ലേ പെണ്ണേ.. എന്റെ നെഞ്ച് പൊട്ടിപോകും. നിന്നെ സ്നേഹിച്ച അത്ര ഞാൻ എന്റെ മോളെ പോലും സ്നേഹിച്ചിട്ടില്ല.. സത്യം.. ഡേവി കരഞ്ഞുകൊണ്ട് പറഞ്ഞു. ഇത്രയും നേരം നിർവികാരമായി ഇരുന്ന് പറഞ്ഞിരുന്ന ജെനിയും കരഞ്ഞുപോയി.
എന്തേ എന്നെ കാണാൻ വരാതിരുന്നത് അതല്ലേ എനിക്ക് തോന്നിയത് നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ല എന്ന്. അതല്ലേ ഞാൻ വേറെ കല്യാണത്തിന് സമ്മതിച്ചത്… അവൾ ഉറക്കെ കരഞ്ഞുപോയി. ഡേവിയും കരയുകയായിരുന്നു.
ഞാൻ കണ്ടിരുന്നു നിന്നെ. നമ്മുടെ കോളേജിൽ അല്ലേ കൊച്ച് പഠിച്ചിരുന്നത്. എന്നും കാണുമായിരുന്നു അതാ പള്ളിയിൽ വരാതെ ആയത്. പക്ഷേ എന്റെ കൊച്ചിനെ എനിക്ക് നഷ്ടമാവാൻ അത് കാരണം ആവുമെന്ന് കർത്താവാണേ ഞാൻ അറിഞ്ഞില്ല.
കല്യാണം കഴിഞ്ഞിട്ടും അയാളുടെ ഭാഗത്തു നിന്ന് ആദ്യം വല്യ ശല്യം ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ ഞാൻ സന്തോഷിച്ചു. പിന്നെ പോകെ പൊകേ ആളും എന്നോട് അടുത്ത് തുടങ്ങി. അധികം കാലം ഒന്നും എനിക്ക് അയാളെ അകത്തി നിർത്താൻ പറ്റിയില്ല. എന്തോ പ്രണയം ആയിരുന്നില്ല അയാളോട്. ഒരു വിധേയത്വം ആയിരുന്നു. ഒരു അടിമക്ക് ഉടമയോട് തോന്നുന്ന വിധേയത്വം. അയാൾക്കും അതു തന്നെ ആയിരുന്നു വേണ്ടിയിരുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ പിന്നീട് എന്തോ ഇച്ചായന്റെ ജീവിതത്തിലേക്ക് വരാൻ ഞാൻ ആശിച്ചില്ല. മോള് ഇല്ലായിരുന്നു എങ്കിൽ ഒരിക്കലും ഈ ജീവിതത്തിലേക്ക് ഞാൻ വന്നെനില്ല. അത് എന്ത് കൊണ്ടാണ് എന്ന് എനിക്കറിയില്ല. ഇപ്പോഴും മനസ്സിന്റെ ഒരു ഭാഗം ഇച്ചായനെ സ്‌നേഹിക്കുമ്പോൾ മറ്റൊരു ഭാഗത്ത് നിർവികാരത ആണ്. അവൾ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് തന്നെ പറഞ്ഞു.
അത് സാരമില്ല കൊച്ചേ. അതൊക്കെ ഇച്ചായൻ മാറ്റി തരാം. എന്റെ പെണ്ണിനും എന്നെ ഇഷ്ടമായിരുന്നു എന്ന അറിവ് മാത്രം മതി ഇത്രേം നാളത്തെ എന്റെ വിഷമം എല്ലാം മാറാൻ. നമുക്ക് ഇടയിൽ സംഭവിച്ച ഓർക്കാൻ ഇഷ്ടപെടാത്ത കാര്യങ്ങൾ എല്ലാം മറവിക്ക് വിട്ടുകൊടുക്കാം. എന്നിട്ട് പണ്ടത്തെ ആ സ്നേഹം ഒക്കെ അങ്ങ് പൊടിതട്ടിയെടുത്ത് അടിച്ചുപൊളിച്ചങ്ങ് ജീവിക്കാമെന്നെ. ഒന്നുംകൂടി അവളെ മുറുക്കി പുണർന്നുകൊണ്ട് ഡേവി പറഞ്ഞു.
എന്തൊരു മാറ്റം ആയിരുന്നു ഇച്ചായനെ ആദ്യം കണ്ടപ്പോൾ. അടുത്തെത്തിയപ്പോൾ ആണ് എനിക്ക് ഇച്ചായനെ മനസിലായത് തന്നെ. കാട് പോലെ വളർന്ന താടിയും മുടിയും ഒക്കെ ആയിട്ട്.
നിരാശയിൽ അല്ലായിരുന്നോ കൊച്ചേ ജീവിതം നിന്റെ കല്യാണ സമയത്ത് ഇവിടെ ഇല്ലാതെ പോയി അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയിട്ടായാലും ഞാൻ എന്റെ സ്വന്തമാക്കിയേനെ. സാരമില്ല കർത്താവ് ആദ്യം കുറച്ച് പരീക്ഷിച്ചെങ്കിലും അവസാനം എനിക്ക് തന്നെ തന്നില്ലേ എന്റെ ഈ മാലാഖ പെണ്ണിനെ.

by