രചന – കണ്ണന്റെ മാത്രം
ആദ്യം വന്ന് നിന്ന വണ്ടിയുടെ കോഡ്രൈവർ സീറ്റിൽ നിന്നും നല്ല
ആഡ്യത്വം തോന്നിക്കുന്ന ഒരു അമ്മച്ചി ആണ് ഇറങ്ങിയത്. ഡ്രൈവർ സീറ്റിൽ നിന്നും പത്തമ്പത്തഞ്ച് വയസ്സുതോന്നിക്കുന്ന ഒരാളാണ് ഇറങ്ങിയത്. പിന്നിൽ നിന്നും വേറെ ഒരു പുരുഷനും രണ്ട് സ്ത്രീകളും ഇറങ്ങി. അതിൽ ഒരു സ്ത്രീയുടെ കൈയിൽ ഒന്ന് ഒന്നര വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞും ഉണ്ടായിരുന്നു.
രണ്ടാമത്തെ കാറിൽ നിന്നും മൂന്ന് യുവാക്കളും ഒരു ചെറിയ പയ്യനും രണ്ട് പെൺകുട്ടികളും കൂടെ ബ്രോക്കറും ഇറങ്ങി.
വല്യപ്പച്ചനും പപ്പമാരും അലക്സിയും കൂടി എല്ലാവരെയും ഉള്ളിലേക്ക് ഇരുത്തി. അപ്പോഴേക്കും അമ്മമാരും വല്യമ്മച്ചിയും അങ്ങോട്ട് വന്നിരുന്നു.
ദേ ഇതാണ് കൊട്ടാരത്തിൽ തറവാട്ടിലെ കാർന്നോത്തി കത്രീനാമ്മച്ചി.. ആ ബ്രോക്കർ പറയാൻ തുടങ്ങിയപ്പോഴേക്കും കത്രീനാമ്മച്ചി തടഞ്ഞിരുന്നു.
ഹാ.. വേണ്ടടോ.. ഞാൻ തന്നെ എന്നെ പരിചയപെടുത്തിക്കോളാം..
ഞാൻ കത്രീന.. കൊട്ടാരത്തിൽ കുര്യച്ഛന്റെ കെട്ടിയോളാണ്. കുര്യച്ഛൻ ഇവരൊക്കെ കുഞ്ഞായിരിക്കുമ്പോഴേ അങ്ങ് കർത്താവിങ്കലിലേക്ക് പോയി.
ഇത് എന്റെ മൂത്തമോൻ ജോൺ അവന്റെ ഭാര്യ റീന. ഇവന്റെ രണ്ടാമത്തെ മോന് വേണ്ടിയിട്ടാണ് ഇവിടത്തെ കുട്ടിയെ ചോദിച്ച് വന്നത്. ഇത് രണ്ടാമത്തവൻ ജെയിംസ് അവന്റെ ഭാര്യ എൽസി. ഇനിയൊരുത്തനും കൂടി ഉണ്ട് ജേക്കബ് അവനും അവന്റെ ഭാര്യ റാണിയും വന്നിട്ടില്ല. ഇത് അവരുടെ ഒക്കെ മക്കൾ.
ഇത് ജോണിന്റെ രണ്ടാമത്തവൻ എബിൻ ജോൺ. ഇവനാണ് ചെക്കൻ. ഡോക്ടർ ആണ്. ഞങ്ങളുടെ തന്നെ ആശുപത്രിയുടെ എല്ലാ മേൽനോട്ടവും ഇവൻ ആണ്.
ഞങ്ങളെ ഒക്കെ ഞങ്ങൾ തന്നെ പരിചയപെടുത്തിക്കോളാം ആദ്യം ഏട്ടത്തിയെ വിളിക്ക്. പയ്യന്മാരിൽ ഒരാൾ പറഞ്ഞു. അവൻ അതു പറഞ്ഞപ്പോഴേക്കും കത്രീനാമ്മ അടക്കം എല്ലാവരും അവനെ നോക്കി കണ്ണ് ഉരുട്ടി. അതുകഴിഞ്ഞ് തോമസിനോടായി ജോൺ പറഞ്ഞു അല്ല അവൻ മോളെ കാണാൻ ഉള്ള ആവേശത്തിൽ…
അതിനെന്താ മോളെ വിളിക്കാലോ.. ആലീസെ.. തോമസ് ഭാര്യയെ വിളിച്ചു. അപ്പോൾ അവർ വേഗം പോയി അന്നയോടും ജെനിയോടും വരാനായി പറഞ്ഞു.
അന്ന കുറച്ച് ചായയും ആയി മുന്നിലും ബാക്കി ഉള്ളത് എടുത്തുകൊണ്ട് ജെനി പിന്നിലും ആയി വന്നു . അന്നയെ കണ്ടതും അവിടെ ഇരുന്ന എല്ലാവരുടെയും കണ്ണുകൾ തിളങ്ങി. ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും എബിൻ ഒഴികെ ബാക്കി ഉള്ളവർ നേരിട്ട് ആദ്യമായ് കാണുകയായിരുന്നു അവളെ എല്ലാവരും. എല്ലാവർക്കും അവളെ ഇഷ്ടമായി.
ഇവിടെ വേണ്ട മോളെ ആ ഊണ് മേശയിലേക്ക് വച്ചോ അതാവും കുറച്ചൂടെ സൗകര്യം അല്ലെ അമ്മച്ചി. ബ്രോക്കർ ഒരു ചിരിയോടെ ചോദിച്ചു…
ആ എന്നാൽ അതുമതി മോളെ എന്നും പറഞ്ഞ് വല്യപ്പച്ചനും മറ്റും എല്ലാവരെയും അങ്ങോട്ട് ക്ഷണിച്ചു.
എല്ലാവരും മേശയുടെ ചുറ്റും ആയി ഇരുന്ന ശേഷം ജോൺ വല്യപ്പച്ചനോടായി ചോദിച്ചു.. അല്ല നിങ്ങളെ ആരെയും പരിചയപെടുത്തിയില്ലല്ലോ…
ആ അതു മറന്നു. ഞാൻ വർഗീസ് എന്റെ കെട്ടിയോള് ത്രേസ്സ്യാമ്മ. രണ്ടുമക്കളാണ്. ജോസഫ് അവന്റെ ഭാര്യ ആനി. പിന്നെ തോമസിനേം ആലീസിനേം അറിയില്ലേ. ഇത് ഇവന്റെ മോൻ അലക്സ് അവന്റെ ഭാര്യ ജെനിഫർ… വല്യപ്പച്ചൻ എല്ലാരേം പരിചയപ്പെടുത്തി.
എബിന്റെ കണ്ണുകൾ ഈ സമയം എല്ലാം അന്നയുടെ മുഖത്ത് തന്നെ ആയിരുന്നു…
ചേട്ടായി ഒന്ന് പതിയെ ചോരയൂറ്റ് ഏടത്തിടെ. ഇല്ലെങ്കിൽ കാണുന്നവർ എന്താ വിചാരിക്ക.. എബിന്റെ തോളിൽ തട്ടിക്കൊണ്ടു ഒരുത്തൻ പറഞ്ഞു. അവൻ വേഗം അന്നയുടെ മുഖത്ത് നിന്ന് കണ്ണുമാറ്റി നോക്കിയപ്പോ കാണുന്നത് തന്നെ നോക്കി ചിരികടിച്ചുപിടിച്ചു നിക്കുന്ന ജെനിയെ ആണ്. ജെനിക്ക് എബിയെ നേരത്തേ അറിയാം. അന്നയും എബിയും തമ്മിൽ ഇഷ്ടത്തിലായ കാലംതോട്ടെ എബിക്കും ജെനിക്കും പരസ്പരം അറിയാം. അവൻ അവൾക്കൊരു അവിഞ്ഞ ചിരി കൊടുത്തുകൊണ്ട് വേഗം മുഖം മാറ്റി…
എബിനെ നോക്കി കളിയാക്കിചിരിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് അവളുടെ ചുരിദാറിൽ ആരോ വലിക്കുന്നത് പോലെ ജെനിക്ക് തോന്നുന്നത്. അവൾ നോക്കിയപ്പോൾ എല്ലാവരും ഗംഭീര സംസാരത്തിൽ ആണ് അന്നയടക്കം പിന്നെയും വലിക്കുന്നത് പോലെ തോന്നി താഴേക്ക് നോക്കിയപ്പോൾ ആണ് ആ കുഞ്ഞുമോൾ ആണ് വലിക്കുന്നത് എന്ന് മനസിലായത്…
അവൾ കുമ്പിട്ടുകൊണ്ട് മോളോട് ചോദിച്ചു.. എന്താ വാവക്ക് വേണ്ടത്…
അപ്പൊ മോള് തള്ളവിരൽ വായിൽ ഇട്ടുകൊണ്ട് ലഡ്ഡു ചൂണ്ടിക്കാട്ടി…
ആന്റിടെ കൈയിൽ വന്നാൽ ആന്റി ലഡ്ഡു തരാം. വരുമോ…
അതുകേട്ടതും ആ മോള് റീനാമ്മയുടെ കൈയിൽ നിന്നും ജെനിയുടെ കയ്യിലേക്ക് ചാടി. അപ്പോഴാണ് എല്ലാവരും ആ മോളെ ശ്രദ്ധിക്കുന്നത്.
മോളെ ശ്രദ്ധിച്ച്.. പ്രെഗ്നന്റ് ആയിരിക്കുമ്പോൾ ഇങ്ങനെ ഭാരം ഒന്നും എടുക്കാൻ പാടില്ല. റീനാമ്മ പറഞ്ഞു. എന്നിട്ട് മോളെ എടുക്കാൻ നോക്കി. പക്ഷേ അവൾ ജെനിയെ അള്ളിപിടിച്ചിരിക്കാണ് ചെയ്യ്തത്. ജെനിയും മോളെ പൊതിഞ്ഞുപിടിച്ചു. കൊട്ടാരത്തിൽ നിന്ന് വന്നവർ എല്ലാം ഈ സീൻ ഒരു അത്ഭുധത്തോടെ ആണ് നോക്കികണ്ടത്. കാരണം മോള് പരിചയമില്ലാത്ത ആരുടെ കൈയിലും പോകില്ലായിരുന്നു…
മോളൊരു കാര്യം ചെയ്യ് ഇങ്ങോട്ട് ഇരിക്ക്… അതുപറഞ്ഞ് അടുത്തുകിടക്കുന്ന ഒരു കസേര അവൾക്കായി വലിച്ചിട്ടുകൊടുത്തുകൊണ്ട് റീനാമ്മ പറഞ്ഞു. ജെനി അവിടേക്ക് ഇരുന്നുകൊണ്ട് ലഡ്ഡു എടുത്ത് കുഞ്ഞുകുഞ്ഞു കഷ്ണങ്ങൾ ആക്കി ഉടച്ച് മോൾടെ വായിൽ കൊടുത്തുതുടങ്ങി. മോളും അവളുടെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്നുകൊണ്ട് അതു പതിയെ നുണഞ്ഞിറക്കാൻ തുടങ്ങി. കൊട്ടാരത്തിൽ ഉള്ള എല്ലാവർക്കും അതുകണ്ട് സങ്കടം ആണ് വന്നത്. എല്ലാവരും പൊന്നുപോലെ നോക്കുന്നുവെങ്കിലും അവൾക്ക് ഒരു അമ്മയുടെ സ്നേഹം കിട്ടുന്നില്ലല്ലോ എന്ന് ആലോചിച്ചിട്ട്. ജെനിയെ പോലെ ഒരു കുട്ടി അവളുടെ അമ്മയായി വന്നിരുന്നെങ്കിൽ എന്ന് എല്ലാവരും ആ നിമിഷം ആഗ്രഹിച്ചു. വല്ല്യപ്പച്ചന്റെ ശബ്ദം ആണ് എല്ലാവരെയും അവരിൽ നിന്നും ശ്രദ്ധ മാറ്റിയത്.
അല്ല ഈ കുഞ്ഞേതാ.. പിന്നെ നിങ്ങൾ ഒന്നും പരിചയപെടുത്തിയില്ലല്ലോ. ആ പിള്ളേരെ നോക്കി വല്യപ്പച്ചൻ പറഞ്ഞു.
ഇത് എന്റെ മൂത്തമോന്റെ കുഞ്ഞ് ആണ്. ജാനറ്റ് ഡേവിഡ് എന്നാണ് പേര്. ഞങ്ങളുടെ ജാനിമോള്. ഡേവിഡിന് ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്തൊരു മീറ്റിംഗ് വന്ന്പെട്ടു അല്ലെങ്കിൽ അവനും വന്നേനെ ഇന്ന്. ജോൺ പറഞ്ഞു.
പിന്നെ ഞങ്ങൾ എന്നും പറഞ്ഞു ഒരുത്തൻ മുന്നോട്ട് വന്നിട്ട് പറഞ്ഞു
ഞാൻ അലൻ ഈ ഇരിക്കുന്ന ജെയിംസിന്റെ മൂത്തമോൻ. ഇത് അലീന എന്റെ അനിയത്തിയാണ്. ഇത് ഡാനിയേൽ എന്ന ഡാനികുട്ടൻ. ജേക്കബ് എളേപ്പന്റെ ഒറ്റപുത്രൻ. പിന്നെ ഇത് ഏദൻ ആൻഡ് ദിയ. എബി ചേട്ടായിടെ ഇളയതുങ്ങൾ ആയ ഇരട്ടകൾ.. പരട്ടകളും…അലൻ പറഞ്ഞ് നിർത്തി.
എല്ലാവരും അലന്റെ വിവരണം കേട്ട് ചിരിയോടെ ഇരുന്നു.
അല്ല അപ്പൊ എന്താ എന്താ മൂന്നാമത്തെ ആള് വരാഞ്ഞേ… വല്യമ്മച്ചി ചോദിച്ചു.
അവൻ പോലീസ് ആണേ… ഇങ്ങോട്ട് ഇറങ്ങാൻ നേരത്താണ് ഒരു വിളി വരുന്നത് എന്തോ അത്യാവശ്യത്തിനു ചെല്ലാൻ പറഞ്ഞിട്ട്.അപ്പൊ പിന്നെ റാണിയും അവിടെ നിന്നു. അവനെ പറഞ്ഞയക്കാനും മറ്റും ആയിട്ട്…
ആ… അതിന് ചിറയത്തുകാര് തലയാട്ടി…
പിന്നെയും കുറച്ചുനേരംകൂടി ഇരുന്നിട്ടാണ് കൊട്ടാരത്തിൽകാരെല്ലാം പോകാനായി ഇറങ്ങിയത്… ഈ സമയം മുഴുവൻ ജാനിമോള് ജെനിയുടെ കൈയിൽ തന്നെ ആയിരുന്നു. കൊട്ടാരത്തിൽകാരെല്ലാം എല്ലാവരോടും സംസാരിക്കുന്നുണ്ടെങ്കിലും ജാനിമോളെ തന്നെ ഇടക്കിടക്ക് നോക്കികൊണ്ടിരുന്നു. അവർക്ക് വിശ്വാസം വരുന്നുണ്ടായില്ല ജാനിമോള് ഇത്രേം നേരം ഒരു കുഴപ്പവും ഉണ്ടാക്കാതെ ഇരിക്കുന്നത് ആദ്യായിട്ടാവും. അല്ലെങ്കിൽ കുറുമ്പിന്റെ കൂടാണ് ആള്. പിന്നെ നല്ല ദേഷ്യവും. അതുപിന്നെ അപ്പന്റെ അല്ലേ മോള്. ഡേവിക്കും ദേഷ്യത്തിന് കുറവൊന്നും ഇല്ല. ആള് എല്ലാത്തിലും കൂടുന്ന കൂട്ടത്തിൽ ആണെങ്കിലും ദേഷ്യം വന്നാൽ അവനെ പിടിച്ചാൽ കിട്ടില്ല. അതുകൊണ്ട് തന്നെ അവനെ എല്ലാവർക്കും ഇഷ്ടവുമാണ് പേടിയും ആണ്.
അല്ല ജാനിമോൾടെ അമ്മയെ കണ്ടില്ലല്ലോ… ആലീസ് ചോദിച്ചു .
ജാനിമോൾടെ അമ്മ… എന്നും പറഞ്ഞ് കൊട്ടാരത്തിൽകാര് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ നേരത്ത് ഏദൻ പറഞ്ഞു…
അവർ മരിച്ചുപോയി ആന്റി… ജാനിമോൾക്ക് രണ്ടുമാസം പ്രായം ഉള്ളപ്പോൾ.. അത് കേട്ടതും കൊട്ടാരത്തിക്കാരും അന്നമ്മയും ഞെട്ടികൊണ്ട് അവനെ നോക്കി. അവൻ പക്ഷേ ഒരു ഭാവബേധവും ഇല്ലാതെ നിന്നു.
ഇനി ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ. ഞങ്ങൾക്ക് ഈ ബന്ധത്തിൽ താല്പര്യം ആണ്. ഇനി നിങ്ങൾ കൂടിയാലോചിച്ച് താല്പര്യം ആണെങ്കിൽ എന്നാണെന്നുവെച്ച വീട് കാണാൻ ഒക്കെ വായോ.. ക്ലീറ്റ്സിനോട് ( ബ്രോക്കർ ) അറിയിച്ചാൽ മതി വരുന്ന ദിവസം. ജോൺ പറഞ്ഞുകൊണ്ട് എഴുന്നേറ്റു. അതിനൊപ്പം തന്നെ ബാക്കി ഉള്ളവരും എഴുന്നേറ്റു. റീനാമ്മ എഴുന്നേറ്റ് ജെനിയുടെ കൈയിൽ കിടന്ന് ഉറങ്ങായിരുന്ന മോളെ വാങ്ങി..
ജാനിമോള് കൈയിൽ നിന്നും പോയ നിമിഷം ജെനിക്കെന്തോ വല്ലാത്ത ശൂന്യത തോന്നി. ഇത്രേം നേരം അവളേം കൈയിൽ വച്ചിരിക്കുമ്പോൾ ഉള്ളം നിറഞ്ഞ പ്രതീതി ആയിരുന്നു. അവൾക്ക് ഉള്ള് നോവുന്ന പോലെ തോന്നി. പിന്നെ അവൾ അല്പം ഉയർന്നുനിൽക്കുന്ന വയറിൽ തഴുകി…. നീ വന്ന് കഴിഞ്ഞാൽ അമ്മക്ക് പിന്നെ ഈ ശൂന്യത തോന്നില്ല വാവേ. പിന്നെ എപ്പോഴും നീ അമ്മയുടെ കൂടെ ഉണ്ടാവുല്ലോ…അവൾ വയറിൽ തഴുകി കൊണ്ട് മനസ്സിൽ പറഞ്ഞു…
……………….
നീ എന്തിനാടാ ജാനിമോൾടെ അമ്മ മരിച്ചുപോയെന്ന് പറഞ്ഞത്. അവർ മരിച്ചിട്ടില്ലല്ലോ… തിരിച്ചുള്ള യാത്രയിൽ എബി ഏദനോടയായി ചോദിച്ചു. പിള്ളേര് പട ആണ് ആ കാറിൽ ഉണ്ടായിരുന്നത്.
അവർ എന്ന് നമ്മുടെ വല്യേട്ടായിയേയും രണ്ടുമാസം മാത്രം പ്രായം ആയ ജാനിമോളെയും വിട്ട് വേറെ ഒരുത്തന്റെ കൂടെ പോയോ അന്ന് മരിച്ചത അവർ എന്റെ മനസ്സിൽ. നമ്മുടെ മോള് പാലുകിട്ടാതെ വിശന്നു കിടന്ന് കരഞ്ഞപ്പോൾ അതിനൊപ്പം നിസ്സഹായനായി കണ്ണീർവാർക്കുന്ന വല്യേട്ടായിയെയും കണ്ട അന്ന് നമ്മൾ എല്ലാവരുടെ ഉള്ളിലും അവർ മരിച്ചില്ലേ. ഇന്ന് ഞാൻ അത് വായാൽ പറഞ്ഞു അത്ര അല്ലേ ഉള്ളൂ… അവൻ ഒരു പുച്ഛത്തോടെ പറഞ്ഞു.
മ്മ്.. ശരിയാ… ഞങ്ങളുടെ ഉള്ളിലും അവർ അന്നേ മരിച്ചതാ.. ബാക്കി ഉള്ളവരും അത് ശരി വച്ചു.
പിന്നെ എബി ഒന്നും പറഞ്ഞില്ല. അന്നക്ക് എല്ലാ കാര്യങ്ങളും അറിയുന്നത് അല്ലേ. അത് മതിയല്ലോ….
…………..
നല്ല കൊച്ചാണ് അല്ലേ അത്. അങ്ങനെ ഒരു കുട്ടിയെ ആണ് നമ്മുടെ കുടുംബത്തിലേക്ക് ഞാൻ ആഗ്രഹിച്ചിരുന്നത്. കത്രീനാമ്മച്ചി പറഞ്ഞു.
ആ കുട്ടി തന്നെ അല്ലേ അമ്മച്ചി അങ്ങോട്ട് കെട്ടികേറി വരാൻ പോകുന്നത്… എൽസി ഒരു ചിരിയോടെ പറഞ്ഞു.
ഹാ.. ഞാൻ അന്നകൊച്ചിന്റെ കാര്യം അല്ല മോളെ പറഞ്ഞത്. അതും നല്ലത് തന്നെ. പക്ഷേ ഞാൻ പറഞ്ഞത് മറ്റേ കൊച്ചില്ലേ ജെനി അവൾടെ കാര്യം ആണ് പറഞ്ഞത്. എന്ത് നല്ല പെരുമാറ്റം ആണ്. പിന്നെ നമ്മുടെ ജാനിമോളെ നോക്കിയിരുന്നത് കണ്ടില്ലേ. അതാണ് പുറത്ത് ആരെക്കൂടെയും പോകാത്ത മോള് ആ കൊച്ചിന്റെ കൂടെ പോയത്. ഇങ്ങനത്തെ കൊച്ചുങ്ങൾ കെട്ടിക്കേറി കുടുംബത്ത് വന്ന അവിടെ സ്വർഗം ആയിരിക്കും. എന്റെ ഡേവിക്ക് അങ്ങനെ ഒരു കുട്ടിയെ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്.
അതുകേട്ടതും റീനയുടെ തലകുനിഞ്ഞു. അവരുടെ കണ്ണുകൾ നിറഞ്ഞു. കൈയിൽ ഇരിക്കുന്ന ജാനി മോളെ അവർ ഒന്നുകൂടി ചേർത്തുപിടിച്ചു.

by