17/04/2026

നിനക്കായ് : ഭാഗം 17

രചന – കണ്ണന്റെ മാത്രം

ദിവസങ്ങൾ കടന്നുപോയി. ജെനിയെ ഡിസ്ചാർജ് ചെയ്യത് അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ഒരു ദിവസം എബിയുടെ തറവാട്ടിൽ നിന്ന് മുതിർന്നവർ എല്ലാവരും കൂടി ജെനിയെ കാണാൻ വന്നിരുന്നു. ആരും തന്നെ കുഞ്ഞിനെ കുറിച്ചോ മറ്റോ പറയാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാവരെയും കണ്ടപ്പോൾ ജെനി ജാനി മോളെ ചോദിച്ചപ്പോൾ  ജെനിയെ കണ്ടാൽ മോള് മടിയിൽ കയറാൻ വാശി പിടിക്കില്ലേ ഈ ഒരു അവസ്ഥയിൽ അത് പറ്റില്ലല്ലോ അതുകൊണ്ട് കൊണ്ടുവന്നില്ല എന്ന് എൽസി പറഞ്ഞു. അതോടെ ജെനിയുടെ മുഖം വാടി. പിന്നെ വേറെ ഒരു ദിവസം മോളെയും കൊണ്ട് വരാം എന്ന് അവർ ഉറപ്പ് കൊടുത്തപ്പോൾ ആണ് ജെനിയുടെ മുഖം ഒന്ന് തെളിഞ്ഞത്.

ജെനിയെ ഡിസ്ചാർജ് ചെയ്യത് കൊണ്ടുവന്നിട്ട് 10 ദിവസങ്ങൾ കഴിഞ്ഞു. ഒരു സൈഡിൽ ജെനിയുടെ വീട്ടുകാരാണെങ്കിലും ചിറയത്തുകാരാണെകിലും ജെനിയെ മത്സരിച്ച് സ്‌നേഹിക്കുമ്പോൾ മറുസൈഡിൽ അലക്സിന്റെ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അങ്ങനെ ഒരു ആള് ആ വീട്ടിൽ ഉണ്ടെന്ന് പോലും ആരും മൈൻഡ് ചെയ്യാറില്ല. അന്നത്തെ പ്രശ്നത്തിന് ശേഷം ഒരു നേരത്തെ ഭക്ഷണം പോലും അവന് ഒരാളും ആ വീട്ടിൽ നിന്ന് കൊടുത്തിട്ടില്ല. പിന്നെ ബിസിനസ്സിലും ആകെ പ്രോബ്ലംസ് ആണ്. സൂപ്പർമാർക്കറ്റിന്റെ ഒരു കാര്യവും ആരും അന്വേഷിക്കാറില്ല. എല്ലാം കൊണ്ടും അലക്സ് ആകെ വലഞ്ഞു. പക്ഷേ അന്ന് രാവിലെ അലക്സിന് ബാങ്കിൽ നിന്ന് വന്ന വിളി അവനെ അടപടലം ഞെട്ടിച്ച് കളഞ്ഞു.. അവൻ ആ ടെൻഷനിൽ ആണ് സോഫിയുടെ അടുത്ത് എത്തിയത്.

എന്താ ഇച്ചായാ ആകെ ടെൻഷൻ കാണുന്നുണ്ടല്ലോ മുഖത്ത്.. എന്തേലും പ്രശ്നം ഉണ്ടോ.

ഉണ്ടോ എന്നോ. ഇപ്പൊ അതില്ലാത്ത നേരം ഉണ്ടോ. വീട്ടിൽ ഞാൻ എന്നൊരാൾ അവിടെ ഉണ്ടെന്ന പരിഗണന പോലും ഇല്ല.  അന്ന് ആ പ്രശ്നം ഉണ്ടായ അന്ന് രാത്രി ആണ് പപ്പാ ദേഷ്യപ്പെട്ടിട്ടാണെങ്കിലും ഒന്ന് സംസാരിച്ചത്. അതിന് ശേഷം ഒരാളും ഒന്ന് മിണ്ടുന്നതുപോയിട്ട് മുഖത്ത് പോലും നോക്കുന്നില്ല. അന്നത്തെ ദിവസത്തിന് ശേഷം ഇന്നത്തെ വരെ ഒരു നേരത്തേ ഭക്ഷണം എനിക്ക് അവിടെ നിന്ന് കിട്ടിയിട്ടില്ല. എന്തിന് ചായ വരെ ഞാൻ സ്വയം ഉണ്ടാക്കി കുടിക്കണം. മടുത്തു. അവിടെ നിന്ന് ഇറങ്ങി പോന്നാലോ എന്ന് വരെ ഞാൻ ചിന്തിച്ചു തുടങ്ങി. ഇപ്പൊ അതൊന്നും പോരാതെ ഇന്ന് ബാങ്കിൽ നിന്ന് വിളി വന്നു. ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒഴിയാൻ പപ്പയും വല്യപ്പച്ചനും ആവശ്യപ്പെട്ട പ്രകാരം മാനേജർ ആണ് വിളിച്ചത്. ഇതുവരെ എല്ലാ ബിസിനസ്സിന്റേം പ്രോഫിറ്റ് ആ അക്കൗണ്ടിൽ വരുന്നത് കൊണ്ട് സൂപ്പർമാർക്കറ്റ് നഷ്ടം ആയാലും പൈസക്ക് ബുദ്ധിമുട്ടില്ല. ഇനിയിപ്പോ എന്താവോ ആവോ… അലക്സ് തലയിൽ കൈ വച്ച് ഇരുന്നു..

അതെങ്ങനെ ശരിയാവും. കുടുംബ ബിസിനസ്സ് ആകുമ്പോൾ അത് എല്ലാവർക്കും അവകാശപ്പെട്ടതല്ലേ. അപ്പൊ അതിന്റെ പ്രോഫിറ്റ് എല്ലാവർക്കും കിട്ടേണ്ടതല്ലേ. ഇച്ചായൻ ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒഴിയില്ല എന്ന് പറ. നമ്മുടെ സമ്മതം ഇല്ലാതെ അവർക്ക് ഒഴിവാക്കാൻ ഒന്നും പറ്റില്ല അത്ര കാര്യമായ കാര്യം ഇല്ലാതെ.

മ്മ്… എന്തായാലും ഞാൻ നാളെ ഒന്ന് പോയി നോക്കട്ടെ ബാങ്കിൽ. ഇനി എന്നാണാവോ വീട്ടുകാരെ വിളിച്ചുകൂട്ടി ചർച്ച ഒക്കെ ഉണ്ടാവാ. അങ്ങനെ ഒരു തലവേദന ബാക്കി ഉണ്ടല്ലോ…

ആ ദിവസം ഞാനും വരാം ഇച്ചായന്റെ കൂടെ. എന്റെ ഈ അവസ്ഥ ഒക്കെ കാണുമ്പോൾ ആരും അധികം ഒന്നും പറയില്ലായിരിക്കും. പിന്നെ ഇപ്പൊ ജെനിയുടെ കുഞ്ഞ് പോവുകയും ചെയ്ത സ്ഥിതിക്ക് നിങ്ങളുടെ കുടുംബത്തിന്റെ അവകാശി അല്ലേ ഇത്. അപ്പൊ നമ്മളെ അങ്ങനെ അങ്ങോട്ട് തള്ളികളയാൻ സാധ്യത ഇല്ല…

മ്മ്… അലക്സ് അതിന് ഒന്ന് മൂളിയെങ്കിലും അവന് അവന്റെ പപ്പയുടെ സ്വഭാവം അറിയുന്നത് കൊണ്ട് ഒരു പേടി ഉണ്ടായിരുന്നു. ആൾക്ക് വെട്ടൊന്നു മുറി രണ്ട് എന്ന സ്വഭാവം ആണ്. അതാണ് അവന് പേടിയും….

പിറ്റേന്ന് 10 മണി കഴിഞ്ഞപ്പോൾ അലക്സ് ബാങ്കിൽ എത്തുമ്പോൾ മാനേജറിന്റെ കാബിനു ഉള്ളിൽ വല്യപ്പച്ചനും ജോസഫും ഉണ്ടായിരുന്നു. അവനും നേരെ അങ്ങോട്ട് പോയി.

ആ അലക്സും വന്നല്ലോ… ഇനി പറയൂ സാർ എന്തുകൊണ്ടാണ് ജോയിന്റ് അക്കൗണ്ട് വേണ്ടാന്ന് വക്കുന്നത്. ബാങ്കിന്റെ സൈഡിൽ നിന്ന് എന്തേലും ബുദ്ധിമുട്ട് ഉണ്ടായോ.. മാനേജർ വല്യപ്പച്ചനെ നോക്കികൊണ്ട്‌ ചോദിച്ചു.

ഏയ്യ് അതൊന്നും അല്ലടോ.. ഇതൊരു പേഴ്‌സണൽ പ്രോബ്ലം ആണ്. താൻ അതിന് വേണ്ട കാര്യങ്ങൾ എന്താണെന്ന് വച്ചാൽ പറയ്‌.

വലിയപ്പച്ചാ ഇപ്പൊ എന്തിനാ ജോയിന്റ് അക്കൗണ്ട് വേണ്ടാന്ന് വെക്കുന്നത്. അലക്സ്‌ പതുക്കെ വല്യപ്പച്ചനോട് ചോദിച്ചു..

അയാൾ അത് തന്നോട് അല്ലാത്ത പോലെ ജോസഫിനോട് എന്തോ ചോദിച്ച് ഇരുന്നു.

അലക്സിന് നന്നായി ദേഷ്യം വന്നെങ്കിലും എന്തേലും പറഞ്ഞാൽ അവർ ചിലപ്പോ എല്ലാം വിളിച്ചുപറയും എന്നൊരു തോന്നൽ ഉള്ളതുകൊണ്ട് അവൻ മിണ്ടാതെ ഇരുന്നു. മാനേജർ ജോയിന്റ് അക്കൗണ്ട് ക്യാൻസൽ ചെയ്യാനുള്ള കാര്യങ്ങൾ അവർക്ക് റെഡി ആക്കി കൊടുത്തു. വേണ്ട പേപ്പഴ്സിലും കൂടി ഒപ്പിട്ടതോടെ പരിപാടി എല്ലാം തീർന്നു..

അല്ല സാർ അതിലെ ക്യാഷ് എന്താ ചെയ്യേണ്ടത്….

ആ അത് ഇവന്റെ പേഴ്‌സണൽ അക്കൗണ്ടിലേക്ക് മാറ്റിക്കോ.. ജോസഫിനെ കാട്ടികൊണ്ട് വല്യപ്പച്ചൻ പറഞ്ഞു. അതുകൂടി കേട്ടതും അലക്സ് ശക്തമായി ഞെട്ടി..

ഒക്കെ സാർ.. ജോസഫ് സാറിന്റെ അക്കൗണ്ട് നമ്പർ വേണം.. ആ പിന്നെ പാൻ കാർഡ് നമ്പറും….

ജോസഫ് അതെല്ലാം കൊടുത്ത് അവിടത്തെ പ്രൊസീജിയർ എല്ലാം തീർത്ത് അവർ പുറത്തേക്ക് ഇറങ്ങി.

ജോസഫും വല്യപ്പച്ചനും പോകാൻ നേരത്താണ് അലക്സ് അവരുടെ അടുത്തേക്ക് വരുന്നത്…

വല്യപ്പച്ചാ അക്കൗണ്ടിൽ ഉള്ള പൈസ മുഴുവൻ പപ്പയുടെ അക്കൗണ്ടിലേക്ക് മാറ്റിയാൽ ഞാൻ എന്ത് ചെയ്യും. എനിക്കും കൂടി അവകാശപ്പെട്ട പൈസ അല്ലേ..

നിനക്ക് എന്ത് അവകാശം കഴിഞ്ഞ കുറച്ച് നാളുകളായി നിന്റെ ബിസിനസ്സിൽ നിന്ന് എന്ത് പ്രോഫിറ്റ് ആണ് അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. എന്നാൽ പിൻവലിച്ചിട്ടുള്ളതോ വലിയ തുകകളും. അതൊക്കെ എന്തിനാ എന്ന് ഞാൻ ചോദിച്ചാൽ നിനക്ക് മറുപടി ഉണ്ടോ.. പിന്നെ ഇവന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. അതിൽ കിടക്കുന്ന പൈസ മുഴുവൻ ഇവന്റെ ഫിനാൻസ് ബിസിനസ്സിൽ നിന്നും വന്നതാണ്. അതപ്പോ അവന്റെ വിയർപ്പിന്റെ ഫലം അല്ലേ. അതുകൊണ്ടാണ് അവന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്.

അല്ല വല്യപ്പച്ചാ ഫിനാൻസ് ആണെങ്കിലും
കുടുംബ സ്വത്ത്‌ അല്ലേ അപ്പൊ അതിൽ എനിക്കും അവകാശം ഇല്ലേ… അവൻ ചോദിച്ചു..

അയാൾ കുറച്ചുനേരം അവനെ തന്നെ നോക്കി നിന്നു പിന്നെ പറഞ്ഞു..
ഒരു കാര്യം ചെയ്യ് ഇന്ന് ബുധനാഴ്ച അല്ലേ നീ ഞായറാഴ്ച ഉച്ചക്ക് ശേഷം നിന്റെ കൂടെ ഉള്ളവളെയും കൂട്ടി തറവാട്ടിലേക്ക് വായോ. അന്ന് ജെനിയുടെ വീട്ടുകാരെയും വീട്ടുകാരെയും പള്ളിക്കാരെയും ഒക്കെ വിളിക്കാം. അവരെ ഒക്കെ കൂട്ടിയിട്ട് അല്ലേ നിങ്ങളുടെ കല്യാണം കഴിഞ്ഞത്. അപ്പൊ പിരിയുമ്പോഴും എല്ലാവരുടെയും സാനിധ്യത്തിൽ മതി. അന്ന് നിനക്ക് അറിയാം സ്വത്തിന്റെയും കാര്യങ്ങളുടെയും കണക്ക്.. അതും പറഞ്ഞ് അയാളും ജോസഫും കൂടി പോയി. അലക്സ് കുറച്ചുനേരം അവർ പോകുന്നതും നോക്കി നിന്നിട്ട് വണ്ടി എടുത്ത് നേരെ സോഫിയുടെ അടുത്തേക്ക് പോയി..

അലക്സ് ചെല്ലുമ്പോൾ സോഫി അവനെ കാത്തെന്നോണം പുറത്ത് തന്നെ ഉണ്ടായിരുന്നു.

എന്തായി ഇച്ചായാ പോയ കാര്യം..
അവൻ ഉമ്മറത്തേക്ക് കയറി ഇരുന്നതും സോഫി ചോദിച്ചു..

എന്താവാൻ ജോയിന്റ് അക്കൗണ്ട് ക്ലോസ് ചെയ്യ്തു… അലക്സ് നിരാശയോടെ പറഞ്ഞു.

അപ്പൊ അതിൽ ഉണ്ടായിരുന്ന പൈസയോ..

അതൊക്കെ പപ്പയുടെ അക്കൗണ്ടിലേക്ക് മാറ്റി വല്യപ്പച്ചൻ..

എന്നിട്ട് ഇച്ചായൻ ഒന്നും പറഞ്ഞില്ലേ. നമുക്കും കൂടി അവകാശപ്പെട്ടതല്ലായിരുന്നോ അത്..

കഴിഞ്ഞ കുറച്ച് മാസങ്ങളായി സൂപ്പർമാർകെറ്റിൽ നിന്നും വലിയ ലാഭം ഒന്നും ഉണ്ടായില്ല. ചെറിയത് ഉണ്ടായിരുന്നത് നിന്റെ ആവശ്യങ്ങൾക്കും മറ്റും എടുത്തില്ലേ. അപ്പൊ ഒന്നും അടച്ചിരുന്നില്ല. അത് പോരാതെ അതിൽ നിന്നും എടുത്തിട്ടും ഉണ്ടായിരുന്നു. വല്യപ്പച്ചന്റെ കൈയിൽ എല്ലാത്തിന്റേം കറക്റ്റ് കണക്ക് ഉണ്ടെന്ന് ഇന്നാ മനസിലായെ. അതിൽ ഉള്ളത് മുഴുവൻ പപ്പയുടെ ഫിനാൻസിന്റെ പ്രോഫിറ്റ് ആണെന്ന്. അപ്പൊ അതൊക്കെ പപ്പക്ക് അവകാശപ്പെട്ടതല്ലേ എന്നാ വല്യപ്പച്ചൻ പറയുന്നേ.

അത് എന്നാ വർത്താനമാ എന്തായാലും കുടുംബ സ്വത്ത്‌ അല്ലേ അപ്പൊ അതിൽ നമുക്കും അവകാശം ഇല്ലേ…

ഞാൻ അത് വല്യപ്പച്ചനോട് ചോദിച്ചതാ അപ്പൊ പറഞ്ഞു ഈ വരുന്ന ഞായറാഴ്ച ഉച്ചക്ക് ശേഷം ജെനിയുമായിട്ടുള്ള പ്രശ്നത്തിന്റെ ചർച്ച വച്ചിട്ടുണ്ടെന്ന് കുടുംബക്കാരേം പള്ളിക്കാരേം ഒക്കെ വിളിച്ചിട്ട്. നിന്നേം കൊണ്ട് ചെല്ലാൻ ആണ് പറഞ്ഞത്.

മ്മ്.. ജെനിയെ കൂടെകൂട്ടാൻ ഇച്ചായനെ സമ്മതിക്കാൻ വേണ്ടിയാവുമോ.. എനിക്ക് ഇച്ചായനെ ഇനി പിരിയാൻ പറ്റില്ല ഇച്ചായാ.. സോഫി അവനെ കെട്ടിപിടിച്ച് കരഞ്ഞു തുടങ്ങി.

അതൊന്നും ആവില്ല സോഫി. നീ ഇങ്ങനെ കരയാതെ വല്ല വയ്യാതെ ആവും. അങ്ങനെ സംസാരിച്ച് കൺവിൻസ് ചെയ്യാൻ ആണെങ്കിൽ നിന്നേം കൊണ്ട് ചെല്ലാൻ പറയോ. ഇതതൊന്നും അല്ല അന്നത്തോടെ ചിലപ്പോ ജെനിയെ പൂർണമായി ഒഴിവാക്കാൻ പറ്റുമായിരിക്കും..

അങ്ങനെ ആയാൽ മതിയായിരുന്നു..

…………..

അന്ന് രാത്രി ജെനിയുടെ വീട്ടിൽ എല്ലാവരും അത്താഴത്തിനു ഇരിക്കുമ്പോൾ ആണ് ജെനി ക്രിസ്റ്റിയോട് ഇപ്പോഴത്തെ ജോലിയെ കുറിച്ചൊക്കെ ചോദിച്ചത്.

നല്ല ജോലി ആണ് ഇച്ചേച്ചി. ഡേവി ചേട്ടായി നല്ല കൂൾ ആണ്. പക്ഷേ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല. എന്നെ നല്ല കാര്യം ആണ്. ഞാൻ സാർ എന്ന് വിളിച്ചപ്പോ എന്നോട് ചേട്ടായി എന്ന് വിളിച്ചാൽ മതിയെന്ന് ഇങ്ങോട്ട് പറഞ്ഞു.

നിനക്ക് ആളെ നന്നായി ഇഷ്ടപെട്ടന്ന് തോന്നുന്നല്ലോ. അല്ലാതെ നീ ഒരാളെ കുറിച്ച് ഇത്രേം വാ തോരാതെ പറയാറില്ലല്ലോ.. ജെനി ചിരിയോടെ ചോദിച്ചു.

പിന്നെ ഇല്ലാതെ.. ഒരു സത്യം പറയട്ടെ അന്ന ചേച്ചിയോട് പറയണ്ട കേട്ടോ. എനിക്ക് എബി അളിയനെക്കാൾ ഇഷ്ടായി ഡേവി ചേട്ടായിയെ..

എന്റെ ചെക്കാ ഇതിപ്പോ അവള് കേട്ടാലും കുഴപ്പം ഒന്നും ഇല്ല. അതും പറഞ്ഞ് അവള് ചേട്ടായിനെ ഇരുന്ന് ട്രോളും അത്രേ ഉള്ളൂ.. ജെനി ഒരു ചിരിയോടെ പറഞ്ഞു.

മാത്യു ഈ സമയം ജെനിയെ തന്നെ നോക്കുകയായിരുന്നു. അയാൾക്ക് അവളുടെ ചിരിച്ച മുഖം ഒരുപാടു സന്തോഷം നൽകി. ആദ്യ ദിനങ്ങളിലെ പോലെ വരുത്തി തീർത്ത ചിരിയല്ല അവളുടേത്‌ എന്ന് അയാൾക്ക് മനസിലായി.

മാത്യു അവളെ തന്നെ നോക്കുന്നത് കണ്ടിട്ടാണ് ജെനി അയാളോട് എന്താ പപ്പേ ഇങ്ങനെ നോക്കുന്നത് എന്ന് ചോദിച്ചു..

അല്ല എനിക്ക് എന്റെ പഴയ ജെനികുട്ടനെ കാണാൻ കിട്ടുന്നുണ്ട് ഇപ്പോൾ നിന്നിൽ. അത് നോക്കിയതാ മോളെ..

എന്നെ ഇത്രേം സ്നേഹിക്കുന്ന നിങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിനാ വെറുതെ എന്നെ വേണ്ടാത്തവരെ കുറിച്ച് ചിന്തിക്കുന്നത്.

നല്ല കാര്യം ഇച്ചേച്ചി. അല്ലെങ്കിലും എനിക്കറിയാം എന്റെ ഇച്ചേച്ചി സ്ട്രോങ്ങ്‌ ആണെന്ന്…

ജെനിമോളെ നീ ഇതിൽ വീഴണ്ട കേട്ടോ.. അവന് എന്തേലും കാര്യം കാണാൻ ഉണ്ടാവും.. മേരിയമ്മ ചിരിയോടെ പറഞ്ഞു.

മ്മ്.. അതെനിക്കറിയാം അമ്മച്ചി.. അല്ലാതെ എന്റെ കുഞ്ഞനിയൻ ഇങ്ങനെ എന്നെ പൊക്കില്ലല്ലോ..

പോ.. അവിടെന്ന്.. ഞാൻ ഒരു സത്യം പറഞ്ഞപ്പോൾ എന്നെ കളിയാക്കുന്നോ..

ഹാ നിങ്ങൾ എന്റെ ചെക്കനെ കളിയാക്കാതെ അവനൊരു സത്യം അല്ലേ പറഞ്ഞേ. എന്റെ മോള് സ്ട്രോങ്ങ്‌ അല്ലേ.

അതെന്നെ അങ്ങനെ പറഞ്ഞ് കൊടുക്ക് അപ്പച്ചാ.. ക്രിസ്റ്റി പറഞ്ഞു..

ജെനികുട്ടാ… എന്നെ ഇന്ന് ജോസഫ് വിളിച്ചിരുന്നു.

എന്താ അപ്പച്ചാ എന്തിനാ പപ്പ വിളിച്ചത്…

അത് മോളെ.. ഞായറാഴ്ച ഉച്ചക്ക് നമ്മളോട് അങ്ങോട്ടൊന്ന് ചെല്ലുമോ എന്ന് ചോദിച്ചിട്ടാ വിളിച്ചത്. അവിടെ അന്ന് കുടുബക്കാരേം മറ്റും വിളിച്ചിട്ടുണ്ടെന്ന്. കൂടാതെ അവനേം ആ പെണ്ണിനേം.എന്താ മോളുടെ അഭിപ്രായം നമുക്ക് പൊയ്ക്കൂടേ മോളെ…

മ്മ്.. പോകാം അപ്പച്ചാ.. അന്നത്തോടെ എന്റെ ജീവിതത്തിൽ നിന്ന് അയാളെ എന്നെന്നേക്കുമായി ഒഴിവാക്കണം. ക്രിസ്റ്റി നല്ലൊരു വക്കീലിനെ എനിക്ക് കാണണം.

മ്മ്.. നമുക്ക് നോക്കാം ഇച്ചേച്ചി. ഞാൻ നാളെ തന്നെ അന്വേഷിച്ചിട്ട് പറയാം…

മേരിയമ്മയും മാത്യുവും അവളെ തന്നെ നോക്കുകയായിരുന്നു. അവളുടെ മുഖത്തെ ദൃഢത എടുത്ത് കാട്ടുന്നുണ്ട് അവളുടെ തീരുമാനം..