രചന – കണ്ണന്റെ മാത്രം
ഭക്ഷണശേഷം എല്ലാവരും ഹാളിൽ ഒത്തുകൂടി. ഇതവിടെ ഒരു പതിവാണ്. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻ ഉണ്ടാവുമ്പോൾ ആണ് ഇങ്ങനെ ഒരു ഒത്തുചേരൽ ഉണ്ടാവുന്നത്.
അലക്സ് കൂടി വന്നതും വല്യപ്പച്ചൻ പറയാൻ തുടങ്ങി.
ഇന്ന് ഞങ്ങൾ ആലീസിന്റെ വീട്ടിലേക്ക് പോയത് കൊച്ചിന്റെ കല്യാണവും ആയി ബന്ധപ്പെട്ടാണെന്ന് നിങ്ങൾക്കറിയാലോ. അന്നമ്മക്ക് ഒരാലോചന വന്നിട്ടുണ്ട്. കൊട്ടാരത്തിൽ തറവാടിൽ നിന്ന്.
കൊട്ടാരത്തിലുകാരോ അവര് വലിയവീട്ടുകാരല്ലേ. നമ്മളെകൊണ്ട് കൂട്ടിയകൂടോ അപ്പച്ചാ ഇത്. ഇല്ലാത്ത ബിസിനസ്സ് ഇല്ല അവർക്ക്. അവിടത്തെ ആ മൂത്തച്ചെക്കൻ ഇല്ലേ അവനാണ് എല്ലാത്തിന്റേം ബുദ്ധികേന്ദ്രം… ജോസഫ് അതിശയത്തിൽ പറഞ്ഞു..
മ്മ്… തോമസും ഇത് അവരോട് പറഞ്ഞു. നമ്മളെകൊണ്ട് പറ്റത്തില്ലന്ന്. പക്ഷേ അവർക്ക് കൊച്ചിനെ മാത്രം മതി എന്നാ പറയുന്നേ. രണ്ടാമത്തെ ചെക്കന് വേണ്ടിയിട്ടോ മറ്റോ ആണ്. എബിൻ എന്നോ മറ്റോ ആണ് പേര് പറഞ്ഞത്. അവൻ ഇവളെ എവിടെയോ വച്ച് കണ്ടിഷ്ടപ്പെട്ടതാണെന്ന പറഞ്ഞത്. ആ മൂത്തചെക്കന്റെ കല്യാണം കഴിഞ്ഞ് ഒരു കൊച്ചുള്ളതാണെന്ന പറഞ്ഞത്. എബിന് താഴെ ഇരട്ടകൾ ആണത്രേ. ഒരു പെണ്ണും ചെക്കനും. അവർ പഠിക്കേ മറ്റോ ആണ്. വല്യപ്പച്ചൻ പറഞ്ഞു നിർത്തി.
അതുകേട്ടതും ജെനിക്ക് സന്തോഷം ആയി. അന്നമ്മയും എബിയും തമ്മിൽ കുറെ നാളായി പ്രണയത്തിൽ ആണെന്ന് അവൾക്ക് അറിയാമായിരുന്നു. ഇവിടെ പ്രേമകല്യാണം സമ്മതിക്കാത്തകൊണ്ടാണ് ഇങ്ങനെ ഒരു രീതിയിൽ പ്രൊപോസൽ വന്നതെന്ന് അവൾക്ക് മനസിലായി. എബി ചേട്ടായിടെ വീട്ടിൽ കുറെ മുൻപേ എല്ലാർക്കും ഇതൊക്കെ അറിയാമായിരുന്നു. അപ്പോഴാണ് അവളുടെ ശ്രദ്ധ ജോസഫ് പറഞ്ഞതിലേക്ക് പോയത്.
അങ്ങനെ ആണെങ്കിൽ നമ്മുടെ കൊച്ചിന്റെ ഭാഗ്യം ആണ് അപ്പച്ചാ അത്രേം വലിയ കൂട്ടർ ആണ്… ജോസഫ് പറഞ്ഞു നിർത്തി.
അപ്പൊ അവർ അടുത്ത ആഴ്ച വരുന്നുണ്ടെന്ന പറഞ്ഞത്. കൊച്ചിനെ ഒന്ന് കാണാൻ. എല്ലാംകൊണ്ടും ഒക്കുകയാണെങ്കിൽ വേഗം കെട്ടുകല്യാണം ഉണ്ടാവും. നമ്മളോട് എല്ലാരോടും അടുത്താഴ്ച അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്…. വല്യപ്പച്ചൻ പറഞ്ഞു.
മ്മ്.. പോകാം അപ്പച്ചാ.. നമുക്ക് നേരെത്തെ പോകാം. കുഞ്ഞോൾക്ക് എന്നതേലും സഹായം ഒക്കെ വേണെങ്കിൽ വേറെ ആരും ഇല്ലല്ലോ… ജോസഫ് പറഞ്ഞു
മ്മ്.. അയാൾ അതിനൊന്ന് മൂളി. പിന്നെ അലക്സിനെ നോക്കികൊണ്ട് ചോദിച്ചു…
എന്നതാടാ നിനക്കിത്രേം തിരക്ക് അലക്സിയെ… നീ എന്താ കൊച്ചിന്റെ കൂടെ ആശുപത്രിയിൽ പോകാൻ വരാഞ്ഞത്. അത് എത്ര നേരം നിന്നെ കാത്തിരുന്നു. അവസാനം ആനിയുടെ കൂടെ ആണ് പോയത്.
അത് വല്യപ്പച്ചാ ഞാൻ ഇറങ്ങാൻ നിക്കായിരുന്നു. ആ സമയത്താണ് നമ്മുടെ ഓഡിറ്റർ കേറി വന്നത്. പിന്നെ അങ്ങേര് പോയി ഇറങ്ങുമ്പോഴേക്കും നേരം വൈകി.
ഓഡിറ്ററോ അയാൾ എന്തിനാ സൂപ്പർമാർകെറ്റിൽ വന്നത്. സൂപ്പർമാർക്കറ്റ് ആണ് അലക്സി നോക്കുന്നത്. ഫൈനാൻസ് ജോസഫും. ജോസഫ് ചോദിച്ചു.
അയാൾ സാധനം വാങ്ങാൻ വന്നതാ. പിന്നെ എന്നെ കണ്ടപ്പോ ഓരോന്നും പറഞ്ഞങ്ങനെ നിന്നതാ.. അവൻ വിശദീകരിച്ചു.
അതിപ്രാവശ്യം അല്ലെ ഇതുവരെ മോൾടെ കൂടെ അവൻ ഡോക്ടറുടെ അടുത്ത് പോയിട്ടില്ല. അതെന്താടാ…. ആനിയമ്മ ദേഷ്യത്തിൽ ചോദിച്ചു.
അതമ്മേ എല്ലാപ്രാവശ്യവും എന്തേലും ഒക്കെ വരും ആ സമയത്ത്. അതാണ്.. അവൻ പല്ല്കടിച്ചു ജെനിയെ നോക്കികൊണ്ട് ആനിയോടായി പറഞ്ഞു. അവന്റെ നോട്ടം കണ്ടപ്പോൾ ജെനിക്ക് പേടിയായി. ഇന്ന് രാത്രിക്ക് ഉള്ളത് ആയി എന്നവൾക്ക് ഉറപ്പായി.
മ്മ്… കഴിഞ്ഞത് കഴിഞ്ഞു. ഇനി എല്ലാ വട്ടവും നീ പോണം മോൾടെ കൂടെ കേട്ടല്ലോ.. വല്യപ്പച്ചൻ പറഞ്ഞു.
അതെന്നെ ഈ സമയത്ത് പെണ്ണുങ്ങൾക്ക് അവരുടെ കെട്ടിയോൻ അടുത്തുവേണം എന്നാ ആഗ്രഹം ഉണ്ടാവാ മോനെ. അതുകൊണ്ട് ഇനി കുറച്ചുനാളേക്ക് നിന്റെ തിരക്കൊക്കെ അങ്ങോട്ട് മാറ്റി വെക്ക് ചെക്കാ.. വല്യമ്മച്ചി ഒരു ചിരിയോടെ പറഞ്ഞു.
മ്മ്… അവൻ ഒന്ന് മൂളി. പിന്നെ കുറച്ചുനേരംകൂടി കാര്യം പറഞ്ഞിരുന്നുകൊണ്ട് അവർ എല്ലാവരും കിടക്കാനായി പോയി.
ജെനി റൂമിൽ ചെല്ലുമ്പോൾ അലക്സി അവളെ കാത്തെന്നപോലെ റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും അവൻ എഴുന്നേറ്റ് അവളുടെ കൈവണ്ണയിൽ അമർത്തിപിടിച്ചുകൊണ്ട് ചോദിച്ചു..
നിന്നോട് ആരാടി മമ്മിയോട് ഞാൻ ഇതുവരെ വന്നിട്ടില്ലെന്നു പറയാൻ പറഞ്ഞത്..
ഞാൻ പറഞ്ഞതല്ല ഇച്ചായാ .. ആ ഡോക്ടർ പറഞ്ഞതാണ്. ഇതുവരെ ഹസ്ബൻഡ് എന്താ വരാത്തെ എന്നും പറഞ്ഞ്. കൈവിട് ഇച്ചായ എനിക്ക് വേദനിക്കുന്നു… അതു പറയുമ്പോൾ അവളുടെ കണ്ണുകൾ വേദനകൊണ്ട് നിറഞ്ഞിരുന്നു.
അവൻ അവളുടെ കൈവിട്ട് മാറികൊണ്ട് പറഞ്ഞു ഇനി മേലാക്കം ഡോക്ടറെ കാണേണ്ട സമയം ആവുമ്പോൾ നിന്റെ വീട്ടിലേക്ക് പൊക്കോണം. എന്നിട്ട് നിന്റെ ഇഷ്ടത്തിന് ഒറ്റക്കോ ഇരട്ടക്കോ പൊക്കൊ. പക്ഷേ ഇവിടെ ഒന്നും അറിയാൻ പാടില്ല. കേട്ടല്ലോ.. അല്ലെങ്കിൽ എന്റെ വേറെ ഒരു മുഖം നീ കാണും.
എന്താ ഇച്ചായാ ഇപ്പൊ ഇങ്ങനെ. ഇച്ചായൻ അല്ലെ ഒരു കുഞ്ഞുണ്ടാവാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നേ. എന്നിട്ട് ഇപ്പൊ കുറച്ചായിട്ട് ഇച്ചായന് എന്താ ഇത്ര മാറ്റം. ഇപ്പൊ കുഞ്ഞാവാൻ പോകുന്നു എന്നറിഞ്ഞിട്ട് വരെ ഒരു സന്തോഷം ഇല്ലല്ലോ…
ആരാ പറഞ്ഞേ എനിക് സന്തോഷം ഇല്ലാന്ന്. പിന്നെ കുറച്ച് ടെൻഷൻ ഉണ്ട് അതുകാരണം ആണ്. അല്ലാതെ എനിക്ക് ഒരു മാറ്റവും ഇല്ല. നീ കിടന്ന് ഉറങ്ങാൻ നോക്ക്. ചുമ്മാ അതും ഇതും പറയാതെ..
അതിന് അവൾ മറുപടി ഒന്നും പറയാതെ ഉറങ്ങാനായി കിടന്നു…
ഇച്ചായന് എന്തൊക്കെയോ മാറ്റം ഉണ്ട്. എന്താണാവോ ഇതിനും മാത്രം ടെൻഷൻ. ഇതിപ്പോ എങ്ങനെയാ ഒന്നറിയാ.. ആ അന്നമ്മയോട് പറയാം. അവൾ എങ്ങനേലും ഇച്ചായനോട് ചോദിച്ചറിഞ്ഞോളും..അവൾ മനസ്സിൽ ഉറപ്പിച്ച് ഉറങ്ങാനായി കിടന്നു.
………….
ഒരാഴ്ച പെട്ടന്ന് കടന്നുപോയി. ഇന്നാണ് അന്നമ്മയെ കൊട്ടാരത്തിലുകാര് പെണ്ണ് കാണാൻ വരുന്ന ദിവസം. തറവാട്ടിൽ നിന്ന് എല്ലാവരും രാവിലെ തന്നെ കുഞ്ഞോൾ ആന്റിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. ജെനി വന്നപ്പോ തൊട്ട് അന്നമ്മയുടെ കൂടെ ആണ്. ഒന്ന് പെണ്ണിനെ ഒറ്റക്ക് കിട്ടിയിട്ട് വേണം ഇതെങ്ങനെയാ ഒപ്പിച്ചേ എന്നൊന്നു ചോദിക്കാൻ ജെനി മനസ്സിൽ ചിന്തിച്ചു.
അന്നേ പോയി യാത്രയാവ് പെണ്ണേ. അവരൊക്കെ എത്താറായി. ജെനി മോളും കൂടി ചെല്ല്. വല്ല നല്ല ചുരിദാറൊ കുർത്തയോ ഇടീപ്പിച്ചാ മതി. അവളെ ഒറ്റക്ക് തയ്യാറാവാൻ വിട്ടാൽ വല്ല കീറിപറഞ്ഞതൊക്കെ ഇട്ട് വരും അവള്… ആലീസ് അന്നമ്മയെ നോക്കി കണ്ണുരുട്ടി കൊണ്ട് ജെനിയോട് ആയി പറഞ്ഞു.
അതുകേട്ടതും ആലീസിനെ നോക്കി ചുണ്ടോന്നു കോട്ടികൊണ്ട് ജെനിയെയും വിളിച്ച് അവളുടെ റൂമിലേക്ക് പോയി അന്നമ്മ.
റൂമിൽ എത്തിയതും അന്നമ്മയെ തനിക്ക് നേരെ തിരിച്ചു നിർത്തികൊണ്ട് ജെനി ചോദിച്ചു…
ഇനി പറ എങ്ങനെ ഒപ്പിച്ചു ഇത്. ഒരു അറേഞ്ച് മാര്യേജ് സ്റ്റൈൽ..
എനിക്കറിയില്ല പെണ്ണേ. കഴിഞ്ഞതവണ കണ്ടപ്പോ എബിച്ഛൻ പറഞ്ഞിരുന്നു അധികം വൈകാതെ അവർ പെണ്ണാലോചിച്ചു വരും എന്ന്. പക്ഷേ അതെങ്ങനെ എന്ന് എനിക്കറിയില്ലായിരുന്നു. നിനക്കറിയോ ഇതൊന്ന് ഉറപ്പിക്കുന്നതുവരെ ഞാൻ ടെൻഷൻ അടിച്ചുകൂട്ടിയേനെ കൈയും കണക്കും ഇല്ല.. അന്നമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.
ആഹാ.. അപ്പൊ എത്ര ഐസ്ക്രീം തിന്നുകൂട്ടി. നിനക്ക് ടെൻഷൻ വരുമ്പോൾ അതാണല്ലോ ഭക്ഷണം..ജെനി ഒരു ആക്കിചിരിയോടെ ചോദിച്ചു.
ഏയ്യ് അധികം ഒന്നും ഇല്ല 3 ലിറ്റർ ഫാമിലി പാക്ക്…
എത്ര ദിവസം കൊണ്ട് ഒറ്റപിരികം പൊക്കിക്കൊണ്ട് ജെനി ചോദിച്ചു..
അതുപിന്നെ 5 ദിവസം കൊണ്ട്.. അന്നമ്മ ഒരു വളിച്ച ചിരിയോടെ പറഞ്ഞു.
ആ നന്നായി അല്ലെങ്കിൽ ഫിറ്റ്നെസ്സിനെ കുറിച്ച് പാടികൊണ്ട് നടക്കുന്നവളാ ടെൻഷൻ വന്നാൽ ഫിറ്റ്നെസ്സും പോകും ബാക്കി എല്ലാം പോകും…
ഈ.. ചോറി.. എന്താന്ന് അറിയില്ല ടെൻഷൻ വന്നാൽ അപ്പൊ ഐസ്ക്രീം തിന്നാൻ തോന്നുമെന്നെ…. അന്നമ്മ ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞു..
അതൊക്കെ പോട്ടെ നീ എന്താ ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നെ. വയറ്റിൽ ഒരു കുഞ്ഞുള്ള കാര്യം ഓർമയുണ്ടല്ലോ. ഇതിപ്പോ ഓരോ ദിവസവും ക്ഷീണിച്ചുവരാണല്ലോ നീ. നിനക്കെന്തേലും ടെൻഷൻ ഉണ്ടോ.. അന്നമ്മ ഗൗരവത്തോടെ ജെനിയോട് ചോദിച്ചു..
ഇച്ചായന്റെ കാര്യം ഇവളോട് പറഞ്ഞാലോ ഇപ്പൊ. അല്ലെങ്കിൽ വേണ്ട പിന്നെ പറയാം. ഇപ്പൊ അവൾ നല്ല ഹാപ്പി ആയിരിക്കുന്ന സമയം ആണ്. വെറുതെ എന്തിനാ ഞാൻ ഓരോന്നും പറഞ്ഞ് അവളുടെ ആ സന്തോഷം കുറക്കുന്നെ.. ജെനി ആലോചിച്ചു..
നീ എന്താ ഒന്നും പറയാത്തെ. എന്തേലും ടെൻഷൻ ഉണ്ടോ നിനക്ക്..
ഇല്ല പെണ്ണേ.. എന്തോ ഒന്നും കഴിക്കാൻ തോന്നാറില്ല അതുകൊണ്ടാണ് ക്ഷീണിച്ചത്. ഇപ്പൊ കഴിച്ച് തുടങ്ങിയിട്ടുണ്ട്…
സത്യം ആണല്ലോ അല്ലേ…
അതേ പെണ്ണേ.. നീ വന്നേ തയ്യാറാവാം. അവരെല്ലാം ഇപ്പൊ എത്തും. ആരൊക്കെ ഉണ്ടാവും എന്ന് വല്ല പിടിയും ഉണ്ടോ..
എനിക്കൊന്നും അറിയില്ല പെണ്ണേ. ഈ പ്രൊപോസലും കൊണ്ട് ആ ബ്രോക്കർ എങ്ങനെ ഇവിടെ എത്തിയെന്ന് വരെ അറിയില്ല. എല്ലാം എബിച്ഛന് മാത്രേ അറിയൂ.. എനിക്ക് മനസിലാകാത്തത് അതല്ല ഇതിപ്പോ ഒരു ബ്രോക്കർ വഴി പ്രൊപോസൽ വന്നപ്പോ ആഹാ.. എന്ത് നല്ല പ്രൊപോസൽ. അതേ സമയം ഞാൻ കണ്ടെത്തിയതാണെന്ന് അങ്ങാനും അറിഞ്ഞിരുന്നെങ്കിൽ എന്റെ മാതാവേ.. എനിക്കാലോചിക്കാൻ വയ്യ എന്തൊക്കെ നടന്നേനെ. പപ്പേടെ വക ഭീഷിണി അമ്മയുടെ വക കണ്ണീർ. ബാക്കിയുള്ളവരുടെ വക ഉപദേശം.. ഹോ.. അൺസഹിക്കബിൾ..
അവരൊക്കെ പഴയ ആൾക്കാർ അല്ലെടി.. അതിന്റെ ആണ്.. ജെനി ഒരു ചിരിയോടെ പറഞ്ഞു.
അതല്ലെടി.. ആര് കണ്ടത്തിയതാണെങ്കിലും അതു നല്ലതാണോ എന്നൊന്ന് അന്വേഷിച്ചൂടെ. ഇത് പ്രേമം എന്നുകേട്ട അപ്പൊ തീരുമാനിക്കും അത് മുട്ടത്തട്ടെത്തില്ലന്ന്. എന്തേ അറേഞ്ച് മാര്യേജ് എല്ലാം സക്സസ്സ് ആണോ. അല്ലല്ലോ. അതിലും ഉണ്ട് കുഴപ്പങ്ങൾ. പക്ഷേ പ്രേമകല്യാണം ആണെങ്കിൽ കുഴപ്പം ഉണ്ടാവുമെന്ന് ആദ്യമേ തീരുമാനിക്കും എല്ലാവരും.. അറേഞ്ച് മാര്യേജ് ആയാലും ലവ് മാര്യേജ് ആയാലും രണ്ടിനും ഉണ്ട് ഗുണങ്ങളും ദോഷങ്ങളും…
എന്റെ അന്നമ്മേ നീ ഇപ്പൊ
ഇങ്ങനെ bp കേറ്റാതെ തയ്യാറാവാൻ നോക്കിയേ.. അവരെല്ലാം ഇപ്പൊ എത്തും. ഇനി ആന്റി വന്നിട്ട് നീ തയ്യാറായിട്ടില്ല എന്ന് കണ്ടാൽ ദേഷ്യം പിടിക്കും.. അതുംപറഞ്ഞു കബോര്ഡിൽ നിന്നും ഒരു റെഡിൽ വെളുത്ത ഡോട്ട്സ് ഉള്ള കുർത്തിയും വൈറ്റ് പലാസോയും എടുത്തുകൊടുത്തു ജെനി.
അന്നമ്മ അതുംവാങ്ങി ഫ്രഷ് ആവാനായി പോയി. വാഷ്റൂമിൽ നിന്നും ഇറങ്ങിയ അവളെ മുടികെട്ടാനും മറ്റും ജെനി സഹായിച്ചു. തയ്യാറായി കഴിഞ്ഞതും അവർ താഴേക്ക് പോയി. അവർ കിച്ചണിൽ ചെല്ലുമ്പോൾ അമ്മമാരും വല്യമ്മച്ചിയും കൂടെ ബേക്കറി എല്ലാം പാത്രത്തിൽ ആക്കുന്ന തിരക്കിൽ ആയിരുന്നു. പപ്പമാരും ഇച്ചായനും ഹാളിൽ ഇരുന്ന് വർത്തമാനം പറയുന്നുണ്ട്. അന്നമ്മയുടെ പപ്പ ഒറ്റമോൻ ആയിരുന്നു. അദ്ദേഹത്തിന്റെ അപ്പനും അമ്മയും മരിച്ചു പോയി. അതുകൊണ്ട് തന്നെ അവിടെ എന്ത് കാര്യം ഉണ്ടെങ്കിലും ഇവരൊക്കെ തന്നെ വേണം മുന്നിൽ നിൽക്കാൻ…
ആ സമയത്ത് ആണ് രണ്ട് ബെൻസ് GLS അങ്ങോട്ട് വന്നത്. അതോടെ ഹാളിൽ നിന്ന് എല്ലാവരും എഴുന്നേറ്റ് അവരെ സ്വീകരിക്കാൻ ആയി പുറത്തേക്ക് പോയി
…………

by