17/04/2026

നിനക്കായ് : ഭാഗം 50

രചന – കണ്ണന്റെ മാത്രം

ഹാളിൽ നിന്ന് എല്ലാവരും ഡേവിയെയും ജെനിയെയും കൂട്ടി കൊട്ടാരത്തിൽ തറവാട്ടിലേക്ക് പുറപ്പെട്ടു. എബിയും അന്നയും ആയിരുന്നു ഡേവിയുടെയും ജെനിയുടെയും കൂടെ. തറവാട്ടിൽ എത്തിയതും റീനാമ്മ കുരിശ് വരച്ച് വിളക്ക് കൊടുത്തു.  കൊട്ടാരത്തിൽ തറവാട്ടിലെ മൂത്തമരുമകൾ ആയി ജെനി വീട്ടിലേക്ക് കയറി. എല്ലാവരും ഒരുപോലെ സന്തോഷിച്ച നിമിഷം ആയിരുന്നു അത്.

മറിയക്ക് ഒക്കെ തറവാടും മറ്റും കണ്ട് അസൂയ അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടന്നുള്ള കല്യാണം ആയതുകൊണ്ട് ആരും തന്നെ വീട് കണ്ടിട്ടൊന്നും ഉണ്ടായില്ല. ആ തറവാടും അവിടത്തെ ആഡംബരങ്ങളും ജെനിയുടെ കുടുംബക്കാർക്ക് പുതുമ നിറഞ്ഞതായിരുന്നു. മറിയക്കും കുടുംബത്തിനും ഒഴികെ ബാക്കി എല്ലാവർക്കും അത് സന്തോഷം തന്നെ ആയിരുന്നു.

കുറച്ചുകഴിഞ്ഞ് എല്ലാവരും പോകാൻ ഇറങ്ങിയപ്പോൾ എത്രയൊക്കെ വേണ്ടാന്ന് വച്ചിട്ടും ജെനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മേരിയമ്മയും ഒപ്പം കരഞ്ഞുപോയി. അന്ന വന്ന് ജെനിയെ ചേർത്തുപിടിച്ചുകൊണ്ട് മേരിയമ്മയോടായി പറഞ്ഞു..

അമ്മച്ചി വിഷമിക്കണ്ട. ഇവിടെ ഞാനും ഉണ്ടല്ലോ. ഇവൾക്ക് ഇവിടെ ഒരു കുഴപ്പവും ഉണ്ടാവില്ല..

അതുതന്നെ അങ്ങനെ പറഞ്ഞ് കൊടുക്ക്. ഇങ്ങനെ സങ്കടപ്പെടാതെ. എപ്പോ കാണണമെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ വന്നും പോയിയും ഇരിക്കാല്ലോ. നിങ്ങള് ഇങ്ങനെ കരഞ്ഞുപോയാൽ കൊച്ചിന് ഒരു സമാധാനം ഉണ്ടാവില്ല. അതുപോലെ കൊച്ചേ നിന്റെ ഈ കരഞ്ഞമുഖം കണ്ടുപോയാൽ അവർക്കും സമാധാനം ഉണ്ടാവില്ല. അതുകൊണ്ട് രണ്ടുകൂട്ടരും കണ്ണൊക്കെ അങ്ങോട്ട് തുടച്ചേ.. വല്യമ്മച്ചി ജെനിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

ജെനി കണ്ണു തുടച്ച് നോക്കിയപ്പോൾ ആണ് ഡേവിയുടെ കൈയിൽ ജെനിയുടെ കരച്ചിൽ കണ്ട് ഇപ്പൊ കരയും എന്നപോലെ ഇരിക്കുന്ന ജാനിമോളെ അവൾ കാണുന്നത്. അവൾ വേഗം കണ്ണുകൾ തുടച്ചുകൊണ്ട് മോളെ കൈയിൽ വാങ്ങി.. അതോടെ മോളുടെ സങ്കടവും മാറി.

ജെനിയുടെ വീട്ടുക്കാർ എല്ലാവരോടും യാത്ര പറഞ്ഞു പോയി. ജാനിമോളെയും അടുക്കിപ്പിടിച്ചുകൊണ്ട് ജെനി അവർ പോകുന്നതും നോക്കി നിന്നു. പിന്നെ എല്ലാവരുടെയും കൂടെ ഉള്ളിലേക്ക് പോയി.

രാത്രി പതിവുപോലെ എല്ലാവരും ഭക്ഷണശേഷം ഹാളിൽ കൂടി. ജെനി കാര്യമായിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും ഒരു ചിരിയോടെ എല്ലാം കേട്ടിരുന്നു. ജാനിമോളും അവളുടെ കൈയിൽ ഉണ്ടായിരുന്നു. കെട്ട് കഴിഞ്ഞതിന് ശേഷം ജാനിമോൾ ജെനിയുടെ കൈയിൽ നിന്നും മാറിയിട്ടില്ല എന്ന് വേണം പറയാൻ. ഡേവിയുടെ കണ്ണുകൾ ഇടക്കിടക്ക് ജെനിയെ തേടി പോകും. അവൾക്കും മനസിലാകുന്നുണ്ടായിരുന്നു തന്റെ നേരെ വരുന്ന നോട്ടത്തെ. കണ്ണുകൾ ഇടയുമ്പോൾ അവൾ ഒരു പിടച്ചാലോടെ മുഖം വെട്ടിക്കും. അത് കാണുമ്പോൾ ഡേവിയുടെ മുഖത്ത് ഒരു കുസൃതി ചിരി വിരിയും. ഇവരുടെ കണ്ണുകൊണ്ടുള്ള ഈ കളി മുഴുവൻ എബി കാണുന്നുണ്ടായിരുന്നു. അവൻ ഡേവിയെ നോക്കി ആക്കി ചിരിച്ചു. അതോടെ ഡേവി ചമ്മലോടെ മുഖം ശരിക്ക് വച്ചിരുന്നു.

വല്യേട്ടായി..നിങ്ങളുടെ സ്ഥാനം പോയി കേട്ടോ. ദേ ജാനിപെണ്ണ് വല്യേട്ടത്തിയുടെ കൈയിൽ ഇരുന്നുറങ്ങുന്നു.. അലൻ വിളിച്ചുപറഞ്ഞപ്പോൾ ആണ് എല്ലാവരും അത് ശ്രദ്ധിക്കുന്നത്. ജെനിയുടെ നെഞ്ചിൽ പറ്റിച്ചാരി ആ സുഖം പിടിച്ചുറങ്ങുന്നുണ്ട് ജാനി മോള്. എല്ലാവർക്കും ആ കാഴ്ച സന്തോഷം നൽകി. രാത്രി ഡേവി തന്നെ ഉറക്കണം എന്നൊരു വാശി ഉള്ള ആളായിരുന്നു ജാനി. ഇനി അഥവാ അവൻ ഇല്ലെങ്കിൽ പെണ്ണിനെ രാത്രി ഉറക്കാൻ ബാക്കി ഉള്ളവർ കുറച്ച് വിയർക്കേണ്ടി വരാറുണ്ട്. ആ പെണ്ണാണ് ഇപ്പൊ ഒരു വാശിയും ഇല്ലാതെ ജെനിയുടെ നെഞ്ചിൽ പതുങ്ങി കിടക്കുന്നത്.

സാരമില്ലെടാ അവൾ അവളുടെ അമ്മയുടെ നെഞ്ചിൽ കിടന്നല്ലേ ഉറങ്ങുന്നത്… ഡേവി ജെനിയെ നോക്കികൊണ്ട്‌ പറഞ്ഞു. ജെനിക്ക് അവൻ അവളെ ജാനിമോളുടെ അമ്മ എന്ന് പറഞ്ഞു കേട്ടപ്പോ ഒരുപാട് സന്തോഷം ആയി. അവൾ നന്ദിയോടെ അവനെ നോക്കി. അവൻ ഇരുകണ്ണും ഒന്ന് ചിമ്മിക്കാട്ടി..

ഡേവി നീ ജെനിയെ കൂട്ടി കിടക്കാൻ പോയെ. ദേ മോളുറങ്ങി. നിങ്ങൾക്കും ക്ഷീണം കാണില്ലേ.. ചെല്ല് ചെന്നു കിടന്നുറങ്ങാൻ നോക്ക്.. റീനാമ്മ പറഞ്ഞു.

അതോടെ ഡേവി എഴുന്നേറ്റ് വന്ന് നിലത്ത് പിള്ളേരുപടയുടെ അടുത്തിരിക്കുന്ന ജെനിയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി. ജെനിയും പതുക്കെ എഴുന്നേറ്റ് എല്ലാവരെയും രാത്രി വിഷ് ചെയ്തുകൊണ്ട് ഡേവിയുടെ പിന്നിലായി നടന്നു. റൂമിൽ എത്തിയതും ഡേവി കട്ടലിനോട് ചേർത്ത് ഇട്ടിട്ടുള്ള ബേബി ബെഡിൽ ആയി മോളെ കിടത്തി. എന്നിട്ട് അവനും ബെഡിലേക്ക് കയറി കിടന്നു. ജെനി എന്ത് ചെയ്യണം എന്നറിയാതെ കുറച്ചുനേരം അവിടെ തത്തികളിച്ച് നിന്നു. പിന്നെ പതിയെ ബെഡിലേക്ക് കയറി കിടന്നു. ഇത്രയും നേരം ജെനി ചെയ്യുന്നത് മുഴുവൻ ഇടംകണ്ണിട്ട് നോക്കികൊണ്ടിരുന്ന ഡേവിയുടെ മുഖത്ത് അവൾ കയറി കിടക്കുന്നത് കണ്ടതും ഒരു ചിരി വിരിഞ്ഞു. അതേ ചിരിയോടെ അവൻ ഉറങ്ങാനായി കണ്ണുകൾ അടച്ചു..

……………….

ജെനിയുടെ വീട്ടിൽ എല്ലാവരും സങ്കടത്തിൽ ആണ് എന്നാൽ സന്തോഷവും ആണ്. ജെനിക്ക് നല്ലൊരു ജീവിതം കിട്ടിയ സന്തോഷവും ഉണ്ട് എന്നാൽ അവൾ കൂടെ ഇല്ലല്ലോ എന്ന ചെറിയ സങ്കടവും. മാർക്കോസും മറിയയുടെ കുടുംബവും ഒഴികെ ബാക്കി എല്ലാവരും പോയിരുന്നു.

അല്ല കുഞ്ഞേട്ടായി ഇനി എന്നേക്കാ ജെനിയൊക്കെ വിരുന്നിനു വരുന്നത്… മറിയ ചോദിച്ചു.

അതിപ്പോ എല്ലായിടത്തേയും പോലെ നാലിന്റെ അന്ന് ആയിരിക്കും എന്തേ… മാത്യൂസ് പറഞ്ഞു.

അല്ല ജെനിയുടെ കെട്ടിയോൻ ഇവിടെ ഒക്കെ വന്ന് നിക്കുമോ. അവരുടെ കോഴിക്കൂടിന്റെ വലിപ്പം അല്ലേ നമ്മുടെ ഒക്കെ വീട് ഉണ്ടാവൂ . അങ്ങനെ ആവുമ്പോ നമ്മുടെ ഒക്കെ വീടുകളിലേക്ക് വരാൻ അവർക്ക് കുറച്ചിലാവും ചിലപ്പോ. എനിക്ക് തോന്നുന്നില്ല അവർ ഇവിടെ രാത്രി നിക്കും എന്ന്… മറിയ പറഞ്ഞു.

അത് മറിയ പറഞ്ഞത് ശരിയാണ്. അവർക്ക് നമ്മളൊക്കെ ഒരു കുറച്ചിലാവും.. കറിയാച്ചനും പറഞ്ഞു.

എന്തിനാ നിങ്ങൾ ഒക്കെ അങ്ങനെ ചിന്തിക്കുന്നത്. ആ വീട്ടുകാരെ കണ്ടാൽ തന്നെ അറിയില്ലേ അവർ അങ്ങനെ ഒന്നും നോക്കുന്നവർ അല്ല എന്ന്. പിന്നെ മാത്യു പറഞ്ഞ് എനിക്കറിയാം അന്ന് ജെനി ആശുപത്രിയിൽ ആയി ബ്ലഡിന്റെ ആവശ്യം വന്നപ്പോ നമ്മുടെ ഈ കൊച്ചനും അവന്റെ എളേപ്പൻ ആ പോലീസുകാരനും ആണ് ഓടി വന്നത് എന്ന്. അതിന്റെ പിന്നാലെ ബാക്കി ഉള്ളവരും ആശുപത്രിയിലേക്ക് വന്നിരുന്നു എന്ന്. അങ്ങനെ അന്ന് ഒരു ബന്ധവും ഇല്ലാത്ത നമുക്ക് വേണ്ടി അവർ ഓടി വന്നെങ്കിൽ എന്തേലും ബന്ധം ഉണ്ടെങ്കിൽ അവർ എങ്ങനെ ആയിരിക്കും എന്ന് ഊഹിച്ചാൽ പോരെ… മാർക്കോസ് പറഞ്ഞു നിർത്തി.

അത് കേട്ടതും മറിയ ചുണ്ടൊന്നു കോട്ടി ഇരുന്നു. അവർക്കിപ്പോഴും ജെനിക്ക് ഇത്രയും നല്ല ബന്ധം കിട്ടിയത് ദഹിക്കുന്നുണ്ടായില്ല. അവരുടെ വീടും ചുറ്റുപാടും കൂടി കണ്ടതും പറയേം വേണ്ട. എന്ത് ചെയ്യാം ചില ജന്മങ്ങൾ ഇങ്ങനെ ആണ് മറ്റുള്ളവർക്ക് ഉണ്ടാവുന്ന നല്ലതൊന്നും ഇങ്ങനെ ഉള്ളവർക്ക് പിടിക്കില്ല. എന്തിനും ഏതിനും അസൂയ ആയിരിക്കും അവർക്ക്..

…………..

പിറ്റേന്ന് ആണ് ക്രിസ്റ്റിക്ക് അടുത്ത തിങ്കളാഴ്ച ട്രൈനിങ്ങിന് ജോയിൻ ചെയ്യണം എന്ന അറിയിപ്പ് കിട്ടിയത്. ട്രൈനിങ്ങിന് പോകണം എന്നറിയാമായിരുന്നെങ്കിലും അതിന്റെ അറിയിപ്പ് കിട്ടിയപ്പോൾ എന്തോ ഒരു വിഷമം. ആദ്യം ആയിട്ടാണ് അവൻ വീട്ടുക്കാരിൽ നിന്നും ഇത്രേം അകന്നു നിൽക്കാൻ പോകുന്നത്. അതിന്റെ വിഷമം അവനും മേരിയമ്മക്കും മാത്യൂസിനും ഉണ്ട്.

പിന്നങ്ങോട്ട് തിരക്കിന്റെ ദിവസങ്ങൾ ആയിരുന്നു എല്ലാവർക്കും. നാലിന്റെ അന്ന് ജെനിയും ഡേവിയും മോളും കൂടെ ജെനിയുടെ വീട്ടിൽ വന്നു. പിറ്റേദിവസം കൊട്ടാരത്തിൽ തറവാട്ടിലെ എല്ലാവരെയും വിരുന്ന് വിളിച്ചിരുന്നു. കൂടെ മാത്യുന്റെ സഹോദരങ്ങളെയും മേരിയമ്മയുടെ സഹോദരങ്ങളെയും. എല്ലാവരും കൂടി നല്ല മേളത്തിൽ ആയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ച് എല്ലാവരും കൂടി സൊറ പറഞ്ഞിരിക്കുമ്പോൾ ആണ് ക്രിസ്റ്റിയെ അവിടെ കൊണ്ടാക്കാൻ ആരൊക്കെ പോകാം എന്നൊരു ചർച്ച വന്നത്.

ഞാനൊരു അഭിപ്രായം പറയട്ടെ.. ജോൺ ചോദിച്ചു.

എന്താ.. മാത്യൂസ് ചോദിച്ചു.

ഡേവിയും എബിയും കൂടി പോകട്ടെ ക്രിസ്റ്റിയെ കൊണ്ടാക്കാൻ. ഡേവിക്ക് ആവുമ്പോ അവിടെ പരിചയക്കാർ ഒക്കെ ഉണ്ടല്ലോ അല്ലേടാ..

ആ… ഡൽഹിയിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവനോട്‌ പറയാം നമ്മളെ പിക്ക് ചെയ്യാൻ. എബി വേണ്ട. അവൻ ഇവിടെ വേണം. ഞാനും ക്രിസ്റ്റിയും കൂടെ പൊക്കോളാം… ഡേവി പറഞ്ഞു.

അതിന് എന്തോ തടസ്സം പറയാൻ തുടങ്ങിയ ക്രിസ്റ്റിയെ ഡേവി കണ്ണുരുട്ടി പേടിപ്പിച്ച് നിറുത്തി. അതോടെ ആ കാര്യത്തിൽ തീരുമാനം ആയി.

കുറച്ച് കഴിഞ്ഞ് ദിയ അടുക്കളയിൽ നിന്ന് മുൻവശത്തേക്ക് പോകുമ്പോൾ ആണ് അവളെ ഒരു റൂമിലേക്ക് ആരോ പിടിച്ചു വലിച്ചത്. പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും ഇവിടെ അറിയാത്ത ആരും ഇല്ലാത്തത് കൊണ്ട് അവൾക്ക് പേടിയൊന്നും ഇല്ലായിരുന്നു. പക്ഷേ തന്നെ പിടിച്ചുവലിച്ചു റൂമിൽ കയറ്റിയ ആളെ കണ്ടതും അവൾ ഞെട്ടിപ്പോയി. അവളുടെ മുന്നിൽ ആയി നിൽക്കുന്ന ക്രിസ്റ്റിയെ അവൾക്ക് മുഖം ഉയർത്തി നോക്കാൻ പോലും കഴിയുന്നുണ്ടായില്ല. അവളുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു തുടങ്ങി.

എന്തിനാടി പെണ്ണേ എന്നെ കാണുമ്പോളേക്കും നിന്റെ ഈ ഉണ്ടകണ്ണ് ഇങ്ങനെ നിറക്കുന്നേ ഇപ്പൊ. മുൻപ് കണ്ണിൽ പൂത്തിരിയും കത്തിച്ച് എന്റെ മുന്നിൽ വന്നു നിന്നിരുന്ന ആ കുറുമ്പി പെണ്ണ് എവിടെ പോയി. എന്താ ഇപ്പൊ നിനക്ക് നിന്റെ ക്രിസ്റ്റിച്ചായനോട് ഉള്ള ഇഷ്ടം ഒക്കെ പോയോ..

അങ്ങ.. അങ്ങനെ അല്ല ഇച്ചായാ. ഞാൻ ചേരില്ല ഇച്ചായന്. ഇച്ചായന്റെ അത്ര ബുദ്ധിയോ പഠിപ്പോ ഒന്നും എനിക്കില്ല. എന്നെക്കൊണ്ട് അതിനൊന്നും പറ്റുകയും ഇല്ല. പിന്നെ ഇച്ചായനും എന്നോട് അങ്ങനെ ഒന്നും ഇല്ലല്ലോ.  അതുകൊണ്ടാണ് ഞാൻ.. അവൾ മുഴുവനാക്കാതെ നിർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ക്രിസ്റ്റി അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊടുത്തുകൊണ്ട് അവളെ അവിടെ ബെഡിലേക്ക് ആയി ഇരുത്തി. എന്നിട്ട് അവൻ അവളുടെ മുന്നിലായി മുട്ടുകുത്തിയിരുന്നു.

ദിയ.. ഞാൻ ഇത്ര നാളും നിനക്ക് ഒരു നോട്ടം കൊണ്ട്‌ പോലും പ്രതീക്ഷ തരാഞ്ഞത് നല്ല ഒരു ജോലി പോലും ഇല്ലാതെ എന്ത് അർത്ഥത്തിൽ ആണ് ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് വിളിച്ചു കയറ്റേണ്ടത് എന്ന് ചിന്തിച്ചിട്ടാണ്. ഇപ്പൊ അങ്ങനെ അല്ല. അതുകൊണ്ട് ഞാൻ ചോദിക്കാണ് ട്രെയിനിങ് ഒക്കെ കഴിഞ്ഞ് എവിടെയെങ്കിലും പോസ്റ്റിങ്ങ്‌ ഒക്കെ ആയി വന്നാൽ എന്റെ പെണ്ണായി വരാൻ നിനക്ക് സമ്മതം ആണോ..ദിയയുടെ രണ്ട് കൈകളും കൂട്ടിപിടിച്ചുകൊണ്ട് ക്രിസ്റ്റി ചോദിച്ചു.

ഇച്ചായാ.. ഞാൻ.. ദിയക്ക് സന്തോഷം കൊണ്ട്‌ എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു.

പറയ്‌ സമ്മതം ആണോ നിനക്ക്..

മ്മ്.. അതിന് അവൾ നിറഞ്ഞ കണ്ണോടെ മൂളി.

അപ്പൊ എന്റെ പെണ്ണ് ഇനി ഇങ്ങനെ എന്നെ കാണുമ്പോൾ കണ്ണുനിറച്ച് നിൽക്കരുത്. ഈ ക്രിസ്റ്റിയുടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഈ കൊട്ടാരത്തിൽ ജോണിന്റെ മോള് ആയിരിക്കും. കേട്ടല്ലോ..

അതിന് അവൾ ചിരിയോടെ തലയാട്ടിക്കാട്ടി..

ദേ പിന്നെ ഒരു കാര്യം പറയാം. ഞാൻ ഇതിപ്പോ പറയാൻ ഉദ്ദേശിച്ചിരുന്നില്ല പിന്നെ നിന്റെ വിഷമം കണ്ടപ്പോൾ പറഞ്ഞതാണ്. ഇത് പറഞ്ഞതിന്റെ പേരിൽ ഒരിക്കലും നിന്റെ പഠിപ്പിന് ഒരു തടസ്സവും വരരുത്. പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലി ഒക്കെയായിട്ടേ ഞാൻ നിന്നെ പെണ്ണും ചോദിച്ച് നിന്റെ തറവാട്ടിലോട്ട് വരൂ.. അത് ഞാൻ എന്റെ അളിയന് കൊടുത്ത വാക്കാണ്..

ആദ്യം പറഞ്ഞതൊക്കെ കേട്ടപ്പോൾ മുഖം വീർപ്പിച്ചു നിന്ന പെണ്ണ് അവസാനത്തെ വാചകം കേട്ടപ്പോൾ സംശയത്തോടെ അവനെ നോക്കി..

അളിയനോ… ദിയ സംശയത്തോടെ ചോദിച്ചു.

ആ.. അളിയൻ തന്നെ. എന്റെ ഡേവി അളിയൻ. അങ്ങേര് എന്റെ ഇച്ചേച്ചിയെ കെട്ടി അളിയൻ ആവുന്നതിന് മുൻപ് അങ്ങേരുടെ പെങ്ങളെ എനിക്ക് കെട്ടിച്ചുതന്ന് അളിയൻ ആവാം എന്ന് പറഞ്ഞു.

എന്തൊക്കെയാ ഇച്ചായൻ ഈ പറയുന്നേ. വല്യേട്ടായി എങ്ങനെയാ അറിഞ്ഞേ. അലനും ഏദനും അല്ലാതെ മറ്റാർക്കും അറിയില്ലല്ലോ എന്റെ ഈ ഇഷ്ടം.

ആവോ അതൊന്നും അറിയില്ല. എന്റെ റിസൾട്ട്‌ വന്നതിന് ശേഷം ഞാൻ ജോലിക്ക് പോയ അന്ന് ആള് എന്നോട് ചോദിച്ചു. അങ്ങേരുടെ പെങ്ങളെ എനിക്ക് ഇഷ്ടമാണോ..എന്ന്. അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണെന്നും പറഞ്ഞു. പിന്നെ പറഞ്ഞു അവളുടെ പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലി ഒക്കെ ആയതിനു ശേഷം വേണമെങ്കിൽ എനിക്ക് കെട്ടിച്ചു തരാം എന്ന്. ഈ ഉണ്ടക്കണ്ണി എപ്പോഴോ എന്റെ ഉള്ളിലും കയറി കൂടിയതുകൊണ്ട് ഞാൻ നേരെ നിന്നെ കെട്ടിക്കോളം എന്ന് പറഞ്ഞ് അതങ്ങ് ഉറപ്പിച്ചു..

ദിയ എല്ലാം കേട്ടപ്പോൾ ആദ്യം ഞെട്ടി. പിന്നെ അവൾക്ക് അവളുടെ വല്യേട്ടായിയെ അപ്പൊ തന്നെ കാണണം എന്ന് തോന്നി. അവൾ ക്രിസ്റ്റിയുടെ കൈയിൽ നിന്ന് തന്റെ കൈ വലിച്ചെടുത്തുകൊണ്ട് പുറത്തേക്ക് ഓടി നേരെ ചെന്ന് എല്ലാവരുടെയും കൂടെ ഇരിക്കുന്ന ഡേവിയെ ഇറുക്കി കെട്ടിപിടിച്ചു. ഡേവി ആദ്യം ഒന്ന് പകച്ച് ചുറ്റും നോക്കി. അപ്പോഴാണ് ഒരു ചെറു ചിരിയോടെ വരുന്ന ക്രിസ്റ്റിയെ അവൻ കാണുന്നത്. അതോടെ അവന് കാര്യം മനസിലായി. അവനും വാത്സല്യത്തോടെ അവളെ ചേർത്തുപിടിച്ചു