17/04/2026

നിനക്കായ് : ഭാഗം 29

രചന – കണ്ണന്റെ മാത്രം

ക്രിസ്റ്റി പറഞ്ഞത് പോലെ തന്നെ  രണ്ട് മാസം കൂടി കഴിഞ്ഞപ്പോൾ അവന് ഇന്റർവ്യൂവിന് ഉള്ള വിളി വന്നു.  ഓഫീസിൽ ഒരാഴ്ച ലീവ് പറഞ്ഞിട്ടാണ് അവൻ അന്ന് വീട്ടിലേക്ക് വന്നത്. മൂന്ന്‌ ദിവസം കൂടി കഴിഞ്ഞിട്ടാണ് ഇന്റർവ്യൂ. നന്നായി പെർഫോം ചെയ്യാൻ പറ്റും എന്ന് തന്നെ ആണ് അവന്റെ വിശ്വാസം എങ്കിലും ആകെ ഒരു ടെൻഷൻ ആണ് അവന്. അന്ന് രാത്രി എല്ലാവരും കൂടി ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന നേരത്താണ് അവൻ ഇന്റർവ്യൂവിന്റെ കാര്യം പറയുന്നത്.

എന്നേക്കാ മോനെ ഡേറ്റ് കിട്ടിയിട്ടുള്ളത്… മേരിയമ്മ ചോദിച്ചു.

3 ദിവസം കഴിഞ്ഞാണ് ഇന്റർവ്യൂ. ഞാൻ നാളെ പോകാം എന്ന് വിചാരിക്കാണ്. ട്രെയിനിൽ 2 ദിവസത്തോളം ഇരിക്കണ്ടേ. നാളെ പോയാൽ ഒരു ദിവസം റസ്റ്റും കിട്ടും.

ക്രിസ്റ്റി ഒരു കാര്യം ചെയ്യ്‌ പോകുമ്പോൾ നീ ഫ്ലൈറ്റിൽ പൊക്കൊ. തിരിച്ചു വരുമ്പോ ട്രെയിനിൽ പോരെ. അപ്പൊ യാത്രയുടെ ബുദ്ധിമുട്ട് ഉണ്ടാവില്ലല്ലോ… ജെനി പറഞ്ഞു.

അതൊന്നും വേണ്ട ഇച്ചേച്ചി. ഫ്ലൈറ്റ് ഒക്കെ നല്ല റേറ്റ് ആവും. ഞാൻ ട്രെയിനിന് പൊക്കോളാം…

അതൊന്നും വേണ്ട നീ ഫ്ലൈറ്റിനു പോയാൽ മതി. നിങ്ങൾ രണ്ടാളുടെ ശമ്പളം എന്റെ കൈയിൽ തരുന്നതൊക്കെ അക്കൗണ്ടിൽ കെടുപ്പുണ്ട്. അതിന്ന് എത്രയാന്ന് വച്ചാൽ എടുത്തിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്യ്‌. അങ്ങോട്ടും ഇങ്ങോട്ടും പ്ലെയിൻ പിടിച്ചാൽ മതി. അപ്പൊ കുറെ നേരം ഇങ്ങനെ ഇരിക്കണ്ടല്ലോ. അല്ല അവിടെ നിന്റെ താമസം ഒക്കെ എങ്ങനെയാ…മാത്യൂസ് ചോദിച്ചു.

അത് എന്റെ കൂടെ പഠിച്ചിരുന്ന ഒരുത്തൻ ഉണ്ട് അവിടെ. തല്ക്കാലം രണ്ട്‌ ദിവസം അവന്റെ കൂടെ നിൽക്കാം എന്നാ കരുതുന്നെ.. ക്രിസ്റ്റി പറഞ്ഞു.

ആ എന്നാൽ എന്നേക്കാന്ന് വച്ചാ ടിക്കറ്റ് ബുക്ക്‌ ചെയ്തോ. മേരിക്കുട്ടി ആ ചെക്ക്ബുക് എടുത്ത് കൊടുത്തോ അവന് പിന്നെ ആ കാർഡും. അത് നീ കൈയിൽ വച്ചോ. എന്തേലും ആവശ്യം വന്നാലോ.. മാത്യൂസ് പറഞ്ഞു.

അത് വേണ്ട അപ്പച്ചാ.. എന്റെ കൈയിൽ ഉണ്ട് പൈസ..

അത് ഉണ്ടായിക്കോട്ടെ ഇതുംകൂടി വച്ചോ കൈയിൽ….

ശരി അപ്പച്ചാ..

നാളെ പോകുമ്പോ എന്തേലും കൊണ്ട് പോകണോ നിനക്ക്.. മേരിയമ്മ ചോദിച്ചു.

ഇനീപ്പോ നാളെ പോകണ്ട അമ്മച്ചീ. ഫ്ലൈറ്റ് ആണെങ്കിൽ മറ്റന്നാൾ രാത്രിയിലെ അങ്ങാനും നോക്കാം. രണ്ടോ മൂന്നോ മണിക്കൂറിൽ എത്തും അവിടെ.

അല്ലടാ എന്നേക്കാ റിസൾട്ട്‌ അറിയുക.

അത് കറക്റ്റ് അറിയില്ല ഇച്ചേച്ചി. എല്ലാവരുടെയും ഇന്റർവ്യൂ കഴിയണ്ടേ. അതിന് ഒന്ന് രണ്ട്‌ മാസം എടുക്കും. എല്ലാ ഇന്റർവ്യൂയും കഴിഞ്ഞാൽ മാക്സിമം 10 ദിവസത്തിനുള്ളിൽ റിസൾട്ട്‌ വരും..

മ്മ്… ജെനി ഒന്ന് മൂളി.

പിറ്റേന്ന് തന്നെ മാത്യു പറഞ്ഞതുപോലെ ടിക്കറ്റ് എടുത്തു. അതിന്റെ പിറ്റേന്ന് വൈകുന്നേരം എല്ലാരുടെയും അനുഗ്രഹത്തോടെ ക്രിസ്റ്റി ഇന്റർവ്യൂ
അറ്റൻഡ് ചെയ്യാൻ പുറപ്പെട്ടു.

………………….

സോഫി… എന്തിനാടി നീ ഇന്ന് അക്കൗണ്ടിൽ നിന്ന് പതിനായിരം എടുത്തത്.

അത് ഇച്ചായാ എന്റെ ഡ്രെസ്സ് ഒക്കെ പഴയതായി. അപ്പൊ കുറച്ച് നല്ല കുർത്തകൾ എടുക്കാൻ വേണ്ടിയിട്ട് എടുത്തതാ..

എന്റെ സോഫി നിന്റെ ഈ ധൂർത്ത് ഒന്ന് കുറയ്ക്ക്. രൂപ എത്രായിരം വേണം എന്നറിയോ നമ്മുടെ ഒരു മാസം കടന്നുപോവാൻ. നമ്മുടെ സൂപ്പർമാർകെറ്റ് നഷ്ടത്തിൽ ആണ് ഓടുന്നതെന്ന് നിനക്കറിയാലോ. തോട്ടത്തിന്റെ കുറച്ച് വിറ്റിട്ടാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് തന്നെ. അതും കഴിയാറായി. വീട്ടുവാടക തന്നെ എത്രായിരം പോണം. നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നമുക്കൊരു ചെറിയ വീട് മതിയെന്ന്. അപ്പൊ അവൾക്ക് വലിയ വീട് തന്നെ വേണം. രൂപ ഇരുപതിനായിരം ആണ് മാസാമാസം വാടക ഇനത്തിൽ തന്നെ പിടിച്ച് പോകുന്നത്…

എന്റെ ഇച്ചായാ ഞാൻ ഒരു കുർത്ത വാങ്ങാൻ പതിനായിരം രൂപ എടുത്തതിനാണോ ഈ കണ്ട പ്രസംഗം മുഴുവൻ നടത്തിയത്… സോഫി വേഗം പോയി ആ പൈസ എടുത്ത് കൊണ്ട് വന്ന് അവന്റെ മുന്നിലേക്ക് ഇട്ട് കൊടുത്തു.
ഇന്നാ ഞാൻ എടുത്ത പൈസ. ഇനി അത് കിട്ടാതെ ഇച്ചായൻ കുത്തുപാള എടുക്കണ്ട. പിന്നെ വീട് വലുത് വേണം എന്ന് വാശി പിടിച്ചത്. നിങ്ങളുടെ വീട്ടുകാരുടെ മുന്നിൽ നിങ്ങൾ തല ഉയർത്തിപിടിച്ച് ജീവിക്കാൻ വേണ്ടിയാ. അവര് ഇറക്കി വിട്ടാലും നമ്മൾ നല്ല അന്തസ്സായിട്ട് തന്നെ ആണ് ജീവിക്കുന്നത് എന്നവരെ കാണിക്കാൻ. ഇച്ചായന് അല്ലെങ്കിലും ഇപ്പൊ എന്നോട് പഴയ സ്നേഹം ഒന്നും ഇല്ല. കുഞ്ഞ് ആയതിനു ശേഷം നിങ്ങൾക്ക് എന്നെ വേണ്ടല്ലോ. കുഞ്ഞിനെ മാത്രം അല്ലേ ആവശ്യം. അത് കാരണം ആണ് ഞാൻ ചെയ്യുന്നത് മുഴുവൻ കുറ്റം ആയിട്ട് തോന്നുന്നത്… അവസാനം ആയപ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു.

എന്റെ പൊന്നു സോഫി നീ ഇങ്ങനെ കരയല്ലേ. അതിനും മാത്രം ഒന്നും ഞാൻ പറഞ്ഞില്ലല്ലോ. എന്റെ ടെൻഷൻകൊണ്ട് ഞാൻ പറഞ്ഞതല്ലേ. അത്രേം പരിതാപകരം ആണ് നമ്മുടെ അവസ്ഥ. ഈ പോക്കാണെങ്കിൽ തോട്ടം മുഴുവൻ വിൽക്കേണ്ടിവരും… ആ ഒരു ടെൻഷനിൽ ഒക്കെ ആണ് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്. നീ അത് കാര്യം ആക്കണ്ട. ഇന്നാ ഈ പതിനായിരം എടുത്തോ എന്നിട്ട് എന്താണെങ്കിൽ വാങ്ങിച്ചോ.. ഞാൻ ഒന്ന് സൂപ്പർമാർക്കെറ്റിൽ പോയിട്ട് വരാം. മോൻ എന്തിയേ…

അവൻ ഉറങ്ങാണ്. ഇച്ചായൻ ഉച്ചക്ക് വരുമ്പോൾ ബിരിയാണി വാങ്ങിയിട്ട് വന്നാൽ മതി..

ഈ അപ്പൊ ഇന്നും ഒന്നും ഉണ്ടാക്കിയില്ലേ ഇവിടെ. എത്ര ദിവസം ആയി സോഫി പുറംഭക്ഷണം തന്നെ. നീ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് കുഞ്ഞിനുള്ളത് കിട്ടുന്നത്. അപ്പൊ നീ ഇങ്ങനെ ഹോട്ടൽ ഫുഡ്‌ ഒക്കെ കഴിച്ച് നടന്നാൽ അത് കുഞ്ഞിന്റെ ആരോഗ്യത്തെ കൂടി ബാധിക്കില്ലേ…

അത് പിന്നെ ഇച്ചായാ എനിക്ക് തീരെ വയ്യാ. ഭയങ്കര തണ്ടൽവേദന. അതുകൊണ്ടല്ലേ. ആ സഹായത്തിന് നിൽക്കുന്ന ചേട്ടത്തി നാളെ മുതൽ വന്ന് തുടങ്ങും. അപ്പൊ കുഴപ്പം ഇല്ലല്ലോ…

മ്മ്.. ഞാൻ പോയിട്ട് വരാം. എന്നും പറഞ്ഞ് അയാൾ കാറിന്റെ അടുത്തേക്ക് നടന്നു. അങ്ങനെ നടക്കുമ്പോൾ ഒരുനിമിഷം അയാളുടെ ഉള്ളിൽ എന്തോരം വയ്യെങ്കിലും അവന്റെ കാര്യങ്ങൾ ഒരു മുടക്കവും കൂടാതെ ചെയ്ത് കൊടുത്തിരുന്ന ജെനിയുടെ മുഖം ഒന്ന് മിന്നിമാഞ്ഞു… അലക്സ് തലയൊന്നു കുടഞ്ഞുകൊണ്ട് കാറിലേക്ക് കയറി.

………………

അന്ന് രാത്രി തറവാട്ടിൽ ഡേവി ഒഴികെ ഉള്ള എല്ലാവരും ഭക്ഷണശേഷം കൂടി ഇരുന്ന് സംസാരത്തിൽ ആയിരുന്നു. ഡേവി എത്തിയിട്ടുണ്ടായിരുന്നില്ല. ആ സമയത്താണ് റീനാമ്മ അന്നയോടു ജെനിയെ കുറിച്ച് ചോദിക്കുന്നത്.

എന്തായി അന്നമോളെ ജെനിമോളുടെ കേസ്. കഴിയാറായോ..

രണ്ട് സിറ്റിംഗ് കഴിഞ്ഞു. ഇനി ഒന്നുംകൂടി ഉണ്ട്. അന്നും അവർ ഡിവോഴ്സ് എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ അത് പെട്ടന്ന് ഉണ്ടാവും എന്നാ ഷൈമത്ത പറഞ്ഞത്. ഏറിയാൽ രണ്ടോ മൂന്നോ മാസത്തിൽ അത് നടക്കും.

മ്മ്.. അന്ന മോളെ മമ്മി ഒരു കാര്യം ചോദിച്ചാൽ മോൾക്ക് ഇഷ്ടക്കേട് തോന്നുമോ. ഡേവിയും നിങ്ങൾ പിള്ളേരും ഒഴികെ ഇവിടെ ഉള്ള എല്ലാവരുടെയും ആഗ്രഹം ആണ് അത്.

എന്താ മമ്മി. എന്തിനാ എന്നോട് ഇത്ര ആമുഖം സംസാരിക്കാൻ. മമ്മി കാര്യം പറയ്…

വേറെ ഒന്നും അല്ല മോളെ ജെനിമോളെ ഡേവിക്ക് വേണ്ടി ആലോചിച്ചാലോ എന്നൊരു ചിന്ത. ജെനിമോൾക്ക് ജാനിയോടുള്ള ആ ഇഷ്ടവും സ്നേഹവും ഒക്കെ കാണുമ്പോൾ മോൾക്ക് അമ്മ ആയി ജെനി വന്നിരുന്നെങ്കിൽ എന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്… എന്താ മോളുടെ അഭിപ്രായം.

റീനാമ്മ പറയുന്നത് കേട്ട് മിഴിഞ്ഞ കണ്ണോടെ ഇരിക്കാണ് അന്ന. ഒരിക്കൽ ജെനിയും ജാനിമോളും തമ്മിൽ ഉള്ള അടുപ്പം കണ്ടപ്പോൾ തന്റെ ഉള്ളിലും തോന്നിയ കാര്യം ആണല്ലോ ഇത് എന്നാണ് അവൾ അപ്പൊ ആലോചിച്ചത്.

ഒന്നും പറയാതെ ഉള്ള അന്നയുടെ ഇരുപ്പ് കണ്ടപ്പോൾ റീനാമ്മയൊക്കെ കരുതി അവൾക്ക് അതിനോട് താല്പര്യം ഇല്ലെന്ന്. അവർ ദയനീയമായി വല്യമ്മച്ചിയെ നോക്കി. അവർ അവരെ നോക്കി കണ്ണ് ഒന്ന് ചിമ്മിക്കൊണ്ട് അന്നയെ വിളിച്ചു.

അന്നമോളെ ഒന്നും പറഞ്ഞില്ലല്ലോ. എന്തേ മോൾക്ക് ഇതിൽ താൽപ്പര്യം ഇല്ലാന്ന് ഉണ്ടോ..വല്യമ്മച്ചി അവളോട്‌ ചോദിച്ചു.

അയ്യോ ഇല്ല വല്യമ്മച്ചി. എനിക്ക് ഇത് ഒരുപാട് സന്തോഷം ആണ്. ഒരിക്കൽ ജെനിയും ജാനിമോളും തമ്മിൽ ഉള്ള അടുപ്പം കണ്ടപ്പോൾ ഞാനും ഉള്ളുകൊണ്ട് ആഗ്രഹിച്ചതാണ് ഇത്…

എങ്കിൽ ഡിവോഴ്സ് കേസിന്റെ വിധി വന്നാൽ ഡേവിയുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് മോള് ഒന്ന് ജെനിമോളോട് സംസാരിക്കുമോ… റീനാമ്മ ചോദിച്ചു.

ഞാൻ സംസാരിക്കാം മമ്മി… അവൾക്ക് ഒരു ജീവിതം ആയി കാണണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.  ഒരുതരത്തിൽ പറഞ്ഞാൽ അവളുടെ ഇന്നത്തെ അവസ്ഥക്ക് ഞാനും ഒരു കാരണം ആണ്.  അന്ന് അയാളും ആയിട്ടുള്ള കല്യാണം ആലോചിച്ച സമയത്ത് അധികം താല്പര്യം ഇല്ലാതിരുന്ന അവളെ ഞാൻ ആണ് ആ ബന്ധത്തിന് നിർബന്ധിച്ചത്. എല്ലാകാലവും അവൾ എന്റെ കൂടെ ഉണ്ടാവുമല്ലോ എന്ന എന്റെ സ്വാർത്ഥത ആയിരുന്നു അവളെ നിർബന്ധിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇപ്പൊ ഒരു ദിവസം പോലും ഇല്ല അതിൽ ഞാൻ നവിഷമിക്കാത്തതായി.. അവസാനം ആയപ്പോഴേക്കും അന്നയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അന്ന മോളെ ഇങ്ങനെ വിഷമിക്കല്ലേ.. അതൊക്കെ ഓരോരുത്തരുടെ വിധി ആണ്. ഇപ്പൊ ഡേവിയുടെ കാര്യം തന്നെ കണ്ടില്ലേ. എന്റെ ഒരാളുടെ നിർബന്ധത്തിന് ആയിരുന്നു അവന്റെ കല്യാണം. ദേ ഈ അമ്മച്ചി വരെ അന്ന് എന്നോട് ചോദിച്ചിരുന്നു ഡേവിക്ക് താൽപ്പര്യം ഇല്ലെങ്കിൽ എന്തിനാ ഇങ്ങനെ നിർബന്ധിക്കുന്നത് എന്ന്. അന്ന് അതൊന്നും എന്റെ തലയിൽ കയറിയില്ല. അവന് 31 വയസ്സ് ആവാറായി എന്നത് മാത്രം ആയിരുന്നു എന്റെ ചിന്ത. ഇപ്പൊ കണ്ടില്ലേ എന്റെ എടുത്തുചാട്ടത്തിന് എന്റെ മോനും ആ പൊടികുഞ്ഞും അനുഭവിക്കുന്നത്… പറഞ്ഞ് കഴിയുമ്പോഴേക്കും റീനാമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

എല്ലാവരും വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ രംഗം ഒന്ന് ശാന്തമാക്കാനായി അലൻ ഇടപെട്ടു.. അതേ നിങ്ങൾ ഇങ്ങനെ പരസ്പ്പരം കഴിഞ്ഞുപോയത് പറഞ്ഞ് വിഷമിക്കാതെ ഇതിൽ ഒരു തീരുമാനം ആക്ക്. നിങ്ങൾ മാത്രം അല്ല ജെനി ചേച്ചിയെ വല്യേട്ടത്തി ആയിട്ട് കിട്ടിയിരുന്നെങ്കിൽ എന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിച്ചിരുന്നു അല്ലേടി അവൻ ദിയയുടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് ചോദിച്ചു. അവൾ തല ഒന്ന് ഉഴിഞ്ഞ് അവനെ നോക്കി പേടിപ്പിച്ചുകൊണ്ട് ബാക്കി ഉള്ളവരോടായി പറഞ്ഞു.

ശരിയാ. ഞങ്ങൾ പരസ്പരം അത് പറഞ്ഞിട്ടും ഉണ്ടായിരുന്നു. ജെനി ചേച്ചി ആയിരുന്നു ഞങ്ങളുടെ വല്യേട്ടത്തി ആയി വന്നിരുന്നതെങ്കിൽ എന്ന്. അപ്പൊ ഇത് നമുക്ക് ഉറപ്പിക്കാം അല്ലേ. ജെനി ചേച്ചി തന്നെ ഞങ്ങളുടെ വല്യേട്ടത്തി.

എന്റെ പിള്ളേരെ അതിന് ആദ്യം ജെനിമോളുടെ കേസ് ഒന്ന് കഴിയട്ടെ എന്നിട്ട് വേണ്ടേ ഇതിനെക്കുറിച്ച് ഒന്ന് സംസാരിക്കാൻ.. എൽസി പറഞ്ഞു.

നിങ്ങൾ അപ്പൊ സംസാരിച്ചാൽ മതി. പക്ഷേ ഞങ്ങൾ അത് ഇപ്പോഴേ ഉറപ്പിച്ചു എന്ന് മാത്രം ഏദനും പറഞ്ഞു.. ഏദൻ കൂടി പറഞ്ഞപ്പോൾ ബാക്കി ഉള്ളവർ ഉറപ്പിച്ചു അവർ ചുമ്മാ പറയുന്നതല്ല അവരുടെ മനസ്സിലെ ആഗ്രഹം ആണെന്ന്…