The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
അന്ന തറവാട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആലീസ് അന്നക്ക് ഡേവി കൊടുത്ത മാല ആ വീട്ടിലെ ആൺപ്രജകൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. തോമസും അവിടെ ഉണ്ടായിരുന്നു.
എന്റെ ഇച്ചായാ… നമ്മളൊക്കെ മലക്കറി വാങ്ങുന്ന പോലെ ആണ് ആ ഡേവി ഡയമണ്ടിന്റെ ഒക്കെ മാല വാങ്ങുന്നത്. ആ ചെറിയ പെൺകുട്ടി ഇല്ലേ ആ കുട്ടിയാണ് ആദ്യം മാല വേണം എന്ന് പറഞ്ഞത്. അപ്പൊ അത് ഒക്കെ പറഞ്ഞ് വാങ്ങാൻ പോയപ്പോ മറ്റേ പെൺകുട്ടിക്കും വേണം. അതും വാങ്ങി. അത് പോരാണ്ടാണ് അന്നക്ക് ഇത്രേം വലിയ ഡയമണ്ട് സെറ്റ് വാങ്ങി കൊടുത്തത്…
എന്റെ കുഞ്ഞോളെ.. നീ എന്താ കൊട്ടാരത്തിൽക്കാരെ കുറിച്ച് വിചാരിച്ചിട്ടുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ആസ്തിയുള്ള കൂട്ടത്തിൽ പെടുന്നതാണ് ഇവർ. ഇന്ത്യക്കകത്തും വിദേശത്തും ഒക്കെ ആയി എന്തോരം ബിസിനസ് ആണെന്നോ… നീ പറഞ്ഞില്ലേ ഡേവി അവനാണ് ഇതിന്റെ ഒക്കെ അമരക്കാരൻ. 23 വയസ്സിൽ ഇവൻ ബിസിനസ്സിൽ അരങ്ങേറ്റം കുറിക്കുമ്പോ ഉള്ളതിന്റെ പത്തിരട്ടി ആണ് ഇപ്പൊ അവരുടെ ആസ്തി. എല്ലാം ഇവൻ ഒരുത്തന്റെ തലയാണ്..ജോസഫ് ആവേശത്തോടെ പറഞ്ഞു.
ഓഹ് പിന്നേ.. ഒന്ന് കുറച്ച് തള്ള് പപ്പാ.. ഡേവിഡ് ബിസിനസ്സിൽ പുലി ആണ് സമ്മതിക്കുന്നു. പക്ഷെ ഇത്രേം തള്ളി മറക്കല്ലേ അയാളെ കുറിച്ച്. ജോസഫ് അവനെ ഒരുപാട് പൊക്കി പറയുന്നത് കേട്ട കുശുബിൽ അലക്സി പറഞ്ഞു.
ആ നിനക്ക് ഇതൊക്കെ തള്ളായി ഒക്കെ തോന്നും. കാർന്നോമ്മാര് ഉണ്ടാക്കിയത് നശിപ്പിക്കാൻ അല്ലേ നിനക്കറിയൂ. ആ ഫിനാൻസ് നീ നോക്കിയിരുന്ന സമയത്ത് എന്തായിരുന്നു അവസ്ഥ. പൊട്ടാറായതല്ലേ ആയിരുന്നെ. ഇപ്പൊ സൂപ്പർ മാർക്കറ്റിന്റെ അവസ്ഥ എന്താ. നല്ല നഷ്ടത്തിൽ അല്ലേ. ഈ പോക്കാണെങ്കിൽ അധികം വൈകാതെ അത് അടച്ചുപൂട്ടേണ്ടി വരും. അപ്പൊ പൂർത്തിയായി.
അതോടെ അലക്സിന്റെ വായ അടഞ്ഞു. അവൻ പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.അവന്റെ പിന്നാലെ ആയി ജെനിയും റൂമിലേക്ക് ചെന്നു…
അവൾ ചെല്ലുമ്പോൾ കാണുന്നത് ബെഡിൽ തല കൈയിൽ താങ്ങി ഇരിക്കുന്ന അലക്സിയെ ആണ്. അവൾ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ തോളിൽ പിടിച്ചുകൊണ്ട് വിളിച്ചു..
ഇച്ചായാ…വിഷമിക്കല്ലേ. പപ്പ പപ്പയുടെ വിഷമം കൊണ്ട് പറഞ്ഞതല്ലേ.. നമുക്ക്
ജെനി പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ അവളുടെ കൈ അവൻ ഊക്കോടെ തട്ടി തെറുപ്പിച്ചിരുന്നു. അവന്റെ തട്ടലിൽ അവൾ വീഴാൻ പോയെങ്കിലും എങ്ങനെയൊക്കെയോ ബാലൻസ് ചെയ്‌തു നിന്നു. അപ്പോഴും അവളുടെ ഒരു കൈ അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചിരുന്നു ഒരു സുരക്ഷ കവചം പോലെ..
ഓഹ്.. പപ്പേടെ വിഷമം. അത് കാണാനേ അവൾക്ക് കണ്ണുള്ളൂ. അവളുടെ കെട്ടിയവനായ എന്റെ വിഷമം കാണാൻ അവൾക്ക് കണ്ണില്ല…
ഇച്ചായാ.. ഞാൻ അതല്ല..
നീ ഒന്നും പറയണ്ട. ഒന്ന് ഇറങ്ങിപ്പോയെ.. എനിക്ക് കുറച്ചു നേരം ഒറ്റക്കിരിക്കണം..
ഇച്ചായാ..
നിന്നോട് പോകാനല്ലേ പറഞ്ഞത്. ശല്യം മനുഷ്യന് ഒരു സ്വസ്ഥതയും തരില്ല.. അല്ലെങ്കിലേ ഒരു നൂറ് ടെൻഷൻ ആണ്. അതിന്റെ ഇടയില്ലാ അവൾടെ…അവൻ അതും പറഞ്ഞ് ഫോണും എടുത്ത് പുറത്തേക്ക് പോയി.
ജെനി നിറഞ്ഞൊഴുകുന്ന കണ്ണോടെ അവൻ പോകുന്നതും നോക്കിനിന്നു.
പിന്നെ രണ്ടുകൈകൊണ്ടും വയറിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് കുഞ്ഞിനോട് എന്ന പോലെ പറഞ്ഞു..
അമ്മേടെ വാവ ഇതൊന്നും കേട്ട് വിഷമിക്കേണ്ട. പപ്പക്ക് നമ്മളെ നല്ല ഇഷ്ടമാണ്. ഇപ്പൊ ആകെ ടെൻഷനിൽ ആയതുകൊണ്ടാണ്.
അപ്പോഴാണ് അന്നമ്മ അവളെ ഭക്ഷണം കഴിക്കാനായി വിളിച്ചത്. അതോടെ അവൾ കണ്ണൊക്കെ തുടച്ച് ഒന്ന് ഫ്രഷ് ആയി ഭക്ഷണം കഴിക്കാനായി പോയി.
……………..
രാത്രി ഭക്ഷണശേഷം എല്ലാവരും കൂടി ഇരുന്ന് സംസാരത്തിലാണ് കൊട്ടാരത്തിൽ തറവാട്ടിൽ. അത് അവിടത്തെ സ്ഥിരം കാഴ്ചയാണ്. എന്നും ഭക്ഷണശേഷം എല്ലാരും കൂടിയിരുന്ന് അവരുടെ വിശേഷങ്ങൾ എല്ലാം മറ്റുള്ളവരുമായി പങ്കിടും. അതിപ്പോ സന്തോഷം ആയാലും സങ്കടം ആയാലും എല്ലാം. കാലങ്ങൾ ആയിട്ടുള്ള ഒരു ദിനചര്യ ആണ് അത്. ഡേവിയുടെ കല്യാണം കഴിഞ്ഞ സമയത്ത് ആൻസിക്ക് ഇതിനോടൊന്നും താല്പര്യം ഉണ്ടായിരുന്നില്ല. അവൾ ഇതിലൊന്നും കൂടാറുണ്ടായിരുന്നില്ല. അത് മാത്രം അല്ല പിള്ളേരുടെ കൂടെയും അവൾ ഒന്നിനും കൂടാറുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർക്കും അവളോട് വല്യ താല്പര്യം ഒന്നും ഉണ്ടായില്ല. പിന്നെ വല്യേട്ടായിയെ കുറിച്ച് ചിന്തിച്ച് അവർ ദുർമുഖം കാട്ടാറില്ല എന്ന് മാത്രം. ഇന്ന് അങ്ങനെ എല്ലാരും കൂടി ഇരിക്കുമ്പോഴാണ് റാണി ഡേവിയോടായി ഒരു കാര്യം പറഞ്ഞത്..
ഡേവി.. മോനെ ജാനിമോള് ഒരു അമ്മയുടെ സാമിപ്യം നന്നായി ആഗ്രഹിക്കുന്നുണ്ട്. അത് ഇന്നത്തെ മോളുടെ ജെനിമോളോടുള്ള പെരുമാറ്റത്തിൽ മനസിലായതാണ്. നമ്മളൊക്കെ എന്തോരം പൊതിഞ്ഞു പിടിച്ച് സ്നേഹിച്ചിട്ടും മോൾക്ക് അമ്മയുടെ കുറവ് അറിയുന്നുണ്ട് എന്ന് ഇന്നാണ് മനസിലായത്. അതുകൊണ്ട്…
അതുകൊണ്ട്… ഡേവി അവരെ നോക്കികൊണ്ട് ചോദിച്ചു.
നിനക്കൊരു കല്യാണത്തിനെ കുറിച്ച് ചിന്തിച്ചൂടെ. അറിയാം നിന്റെ ജീവിതം എന്റെ വാശി കാരണം ആണ് തകർന്നത്. ഞാൻ നിന്നോട് ഇങ്ങനെ ഒരു കാര്യം പറയുകയും ഇല്ലായിരുന്നു. ഇതുപക്ഷെ ജാനിമോളെ ആലോചിച്ചപ്പോൾ പറഞ്ഞു പോകുന്നതാണ്.
എന്റെ ജീവിതം തകരാൻ മമ്മി അല്ല കാരണം. അതൊക്കെ ദൈവം തീരുമാനിച്ചതാണ്. മമ്മി ഇപ്പൊ അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട. പിന്നെ ഇനി ഒരു കല്യാണം കഴിക്കാൻ ഞാൻ എതിരൊന്നും അല്ല. പക്ഷേ ഇനി വരുന്ന പെണ്ണ് എന്റെ മോളെ സ്നേഹിക്കും എന്ന് ഉറപ്പുണ്ടോ. ആൻസിയെ പോലെ എന്റെ പണത്തെ മാത്രം സ്നേഹിച്ച് വരുന്നതാണെങ്കിലോ… അവൻ എല്ലാവരെയും നോക്കികൊണ്ട് ചോദിച്ചു.
അതിനാർക്കും മറുപടി ഒന്നും ഉണ്ടായില്ല. ആരും ഒന്നും പറയുന്നില്ല എന്ന് കണ്ടതും അവൻ ഉറങ്ങാൻ വേണ്ടി കണ്ണ് തിരുമുന്ന ജാനിമോളെയും എടുത്ത് എഴുന്നേറ്റു. എന്നിട്ട് എല്ലാവരോടും ആയി പറഞ്ഞു.
അങ്ങനെ പണത്തെ അല്ല എന്റെ മോളെ പൊന്നുപോലെ കൊണ്ടുനടക്കും എന്ന് ഉറപ്പുള്ള ഒരു കുട്ടിയെ നിങ്ങൾ കാണിച്ച് തായോ. എനിക്കും കൂടി അത് ബോധ്യപ്പെട്ടാൽ ഞാൻ കല്യാണം കഴിക്കാൻ തയ്യാറാണ്. അതുംപറഞ്ഞുകൊണ്ട് അവൻ ജാനിമോളും ആയി കിടക്കാൻ പോയി.
അവിടെ ഉണ്ടായിരുന്ന ബാക്കി ഉള്ളവർ അങ്ങനെ ഒരു കുട്ടി അവരുടെ പരിചയത്തിൽ ഉണ്ടോന്നു കാര്യമായി ആലോചിച്ചുകൊണ്ടിരുന്നു.
……………..
പിന്നെ അങ്ങോട്ട് തിരക്കിന്റെ ദിവസങ്ങൾ ആയിരുന്നു എല്ലായിടത്തും. അങ്ങനെ ഇന്നാണ് മനസ്സമ്മതം. നല്ല മാമ്പഴമഞ്ഞ സാരിയിൽ അതീവ സുന്ദരി ആയി അന്ന ഇറങ്ങി. അതേ കളർ കുർത്തയും മുണ്ടും ആയിരുന്നു എബിയുടെ വേഷം.
അങ്ങനെ വീട്ടുകാരുടെയും കുടുംബക്കാരുടെയും സാന്നിധ്യതിൽ കർത്താവിന്റെ തിരുസന്നിധിയിൽ പരസ്പരം ഒന്നുചേരാനുള്ള സമ്മതം അവർ അറിയിച്ചു.
അത് കഴിഞ്ഞിട്ടുള്ള സൽക്കാരം പള്ളിയോട് ചേർന്നിട്ടുള്ള പാരിഷ് ഹാളിൽ വച്ചിട്ടായിരുന്നു. പിന്നെ അവർ അങ്ങോട്ട് പോയി. ജെനിയെ ഒതുങ്ങിയ ഒരിടത്ത് പിടിച്ചിരുത്തി ആനിയമ്മ. അല്ലെങ്കിൽ അവൾ അടങ്ങിയിരിക്കില്ല എന്ന് അവർക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. ജെനിയുടെ അപ്പച്ചനും അമ്മച്ചിയും വന്നിട്ടുണ്ടായിരുന്നു. വളരെ സാധാരക്കാരായ വീട്ടുകാരാണ് ജെനിയുടേത്. അവളുടെ അപ്പച്ചൻ മാത്യൂസ് കർഷകൻ ആണ്. അമ്മച്ചി മേരിയും ആ കൂടെ കൂടും. ആടും കോഴിയും പശുവും താറാവും എന്ന് വേണ്ട മീൻ വളർത്തൽ വരെ ഉണ്ട്. അവളുടെ അപ്പച്ചും അമ്മച്ചിയും പഠിക്കാൻ പോകാത്ത സമയത്ത് അനിയൻ ക്രിസ്റ്റഫർ എന്ന ക്രിസ്റ്റിയും കൂടും എല്ലാത്തിനും. ക്രിസ്റ്റിക്ക് പിറ്റേന്ന് ഒരു എക്സാം ഉള്ളതുകൊണ്ട് വന്നിരുന്നില്ല. അവളുടെ അപ്പച്ചനും അമ്മച്ചിയും അവളുടെ അടുത്തായി വന്നിരുന്നു.
സുഖല്ലേ മോളെ.. അവളുടെ അപ്പച്ചൻ ചോദിച്ചു.
സുഖായി ഇരിക്കുന്നു അപ്പച്ചാ..
പിന്നെ എന്താ കൊച്ചേ നീ ആകെ വാടിപ്പോയി ഇരിക്കുന്നെ. ഈ സമയത്ത് നല്ല നന്നായി ഇരിക്കണം. എന്നാലേ കുഞ്ഞിന് ആരോഗ്യം ഉണ്ടാവുള്ളു.. അവളുടെ അമ്മച്ചി ചോദിച്ചു..
അതൊക്കെ ഇനി നേരെ ആയിക്കോളും അമ്മച്ചി ഇപ്പൊ ഛർദി ഒക്കെ നിന്നില്ലേ. ഇനി വണ്ണം വെച്ചോളും.
എന്റെ മോള് ഈ അപ്പച്ചന് ഒരിക്കലും ഒരു ബാധ്യത അല്ല കേട്ടോ.. അതെപ്പോഴും ഓർമയിൽ ഇരിക്കട്ടെ.. ഇന്ന് മുഴുവൻ അലക്സിയുടെ ജെനിയോടുള്ള അവഗണന ഓർമയിൽ വച്ച് കൊണ്ട് അയാൾ പറഞ്ഞു.
എന്തിനാ അപ്പാ ഇപ്പൊ അങ്ങനെ ഒരു സംസാരം.. അവൾ അയാളുടെ തോളത്തേക്ക് ചാരികൊണ്ട് ചോദിച്ചു.
ഒന്നുല്ല കൊച്ചേ പറഞ്ഞുന്നെ ഉള്ളൂ. ആർക്കും വേണ്ടെങ്കിലും നിന്റെ അപ്പനും അമ്മയ്ക്കും നിന്റെ അനിയൻ ക്രിസ്റ്റിക്കും നീ കഴിഞ്ഞേ വേറെ എന്തും ഉള്ളൂ…അവളെ ചേർത്തുപിടിച്ചുകൊണ്ട് മാത്യൂസ് പറഞ്ഞു. മേരിയും അവളെ മറുസൈഡിൽ നിന്നും ചേർത്തുപിടിച്ചു.
അതുകേട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. അവരുടെ ഇടയിൽ ഇങ്ങനെ ഇരിക്കുമ്പോൾ അവളാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി എന്ന് അവൾക്ക് തോന്നി. 18 വയസ്സിൽ കല്യാണം കഴിപ്പിച്ചെങ്കിലും അവൾക്ക് താല്പര്യം ഉള്ളത് വരെ പഠിപ്പിച്ചോളാം എന്ന ചിറയത്തുകാരുടെ ഉറപ്പിൽ ആണ് കല്യാണത്തിന് അവർ സമ്മതം പറഞ്ഞത്. അത് അവർ പാലിക്കേം ചെയ്യ്തു. Pg യും B. Ed ഉം കഴിഞ്ഞ് നിൽപ്പാണ് ജെനിയും അന്നയും. ഇപ്പൊ ഓൺലൈൻ ആയി psc കോച്ചിങ്ങും ഉണ്ട്. ഇച്ചായന് അതിനോടൊന്നും വല്യ താൽപ്പര്യം ഇല്ലെങ്കിലും വല്യപ്പച്ചനും പപ്പയും സപ്പോർട്ട് ആയതു കൊണ്ട് എതിർക്കുന്നില്ല എന്ന് മാത്രം. അപ്പന് ഇച്ചായന്റെ ഇന്നത്തെ പെരുമാറ്റത്തിൽ എന്തൊക്കെയോ സംശയം തോന്നിയിട്ടുണ്ടെന്നു അവൾക്ക് മനസിലായി. അവള് ആ സംസാരം വഴി തിരിച്ചുവിടാൻ എന്ന പോലെ ചോദിച്ചു..
എന്തു എക്സാം ആണ് അമ്മച്ചി നാളെ അവന്…
എനിക്കറിയില്ല കൊച്ചേ.. തിരുവനതപുരത്തെങ്ങാണ്ട് ആണ് പരീക്ഷ. ഞങ്ങൾ ചെല്ലുമ്പോഴേക്കും പോകും എന്ന് മാത്രം പറഞ്ഞു. ഇപ്പൊ പഠിക്കുന്നതിന്റെ റിസൾട്ട് വരുമ്പോഴേക്കും എന്താണാവോ പുതിയ പരീക്ഷ.
ഞാൻ അവനെ വിളിക്കുമ്പോ ചോദിച്ചോളാം അമ്മച്ചി. പിന്നെ പിജിടെ റിസൾട്ട് ഒരുമാസം കൂടി കഴിയും വരാൻ. അതാലോചിച്ചു അമ്മച്ചിക്ക് ടെൻഷൻ ഒന്നും വേണ്ട അവന് ഇപ്രാവശ്യവും റാങ്ക് ഉണ്ടാവും.
അല്ലെങ്കിലും എനിക്ക് എന്റെ രണ്ടുമക്കളെ കുറിച്ച് ഒരു പേടിയും ഇല്ല. അത് സ്വഭാവത്തിൽ ആയാലും പഠിപ്പിൽ ആയാലും…
മേരി അത് പറഞ്ഞു കൊണ്ടിരിക്കുന്ന നേരത്താണ് കൈയിൽ അവളുടെ നേരെ കൈനീട്ടി കരയുന്ന ജാനിമോളെയും കൊണ്ട് എൽസി വരുന്നത്.
ജെനി വേഗം ഇരുന്നിടത്തു നിന്നും എഴുന്നേറ്റു ജാനി മോൾക്ക് നേരെ കൈനീട്ടി.
ഹാ.. അവിടിരിക്ക് മോളെ. ഈ സമയത്ത് മക്കളെ ഒന്നും തൂക്കി എടുത്തൂട. ഞാൻ മടിയിൽ വച്ച് തരാം. എന്റെ കൈയിൽ മര്യാദക്ക് ഇരുന്നിരുന്നതാ. മോളെ കണ്ടപ്പോ മുതൽ വാശി തുടങ്ങി. കുറച്ചുനേരം ഞാൻ വേറെ ഓരോന്നും കാട്ടി ശ്രദ്ധ തിരിച്ചു. പക്ഷേ പിന്നെയും വാശി തന്നെ. അപ്പൊ ആനിയേച്ചി ആണ് പറഞ്ഞത് മോൾടെ കൈയിൽ കൊണ്ട് കൊടുക്കാൻ.. ജാനിയെ ജെനിയുടെ മടിയിൽ വച്ചുകൊടുക്കുന്നതിന്റെ ഇടയിൽ എൽസി പറഞ്ഞു.
ജെനിയുടെ മടിയിൽ മോളെ ഇരുത്തിയതും മൂപ്പര് എൽസിയെ നോക്കി ഒരു പാൽപുഞ്ചിരി അങ്ങോട്ട് കാച്ചി…
അയ്യടാ.. ഇപ്പൊ എന്താ അവളുടെ ആളെ മയക്കി ചിരി. ഇത്രേം നേരം വാശി പിടിച്ചിരുന്നത് ആരാണാവോ.. ജാനിമോളുടെ കവിളിൽ നുള്ളിക്കൊണ്ട് എൽസി പറഞ്ഞു.
അപ്പോഴാണ് ജെനിക്ക് അപ്പച്ചനും അമ്മയ്ക്കും അവരെ പരിചയപെടുത്തിയില്ലല്ലോ എന്ന് ഓർമ വന്നത്. അവൾ എൽസിയെയും ജാനിമോളെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. തിരിച്ചു അവരെ എൽസിക്കും പരിചയപ്പെടുത്തി കൊടുത്തു.