രചന – കണ്ണന്റെ മാത്രം
ലേബർ റൂമിന്റെ ഡോർ തുറന്ന് ഡോക്ടർ വരുന്നത് കണ്ടപ്പോൾ എല്ലാവരും അങ്ങോട്ട് ശ്രദ്ധിച്ചു.
Dr. നിഖില നേരെ മാത്യൂസിന്റെ അടുത്തേക്കാണ് വന്നത്.
പറയാൻ വിഷമമുണ്ട് പക്ഷേ.. ജെനിഫറിന്റെ കുഞ്ഞ് മരിച്ചു. വേറെ ഏതെങ്കിലും സിറ്റുവേഷൻ ആണെങ്കിൽ നമുക്ക് മരുന്ന് വച്ച് പ്രസവിപ്പിക്കാമായിരുന്നു. പക്ഷേ ഇവിടെ ജെനിഫർ ഇതുവരെ കോൺഷ്യസിൽ വന്നിട്ടില്ല. അതുപോരാതെ ആൾടെ BP കൺട്രോളിൽ നിൽക്കുന്നില്ല. ഈ ഒരു സിറ്റുവേഷനിൽ നമുക്ക് സിസേറിയൻ അല്ലാതെ മറ്റുവഴികൾ ഇല്ല. സോ നമുക്ക് അത് ചെയ്യാം അല്ലേ… അവർ മാത്യുവിനെ നോക്കി ചോദിച്ചു.
അയാൾ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി കാട്ടി… മേരിയമ്മ വിങ്ങി വിങ്ങി കരഞ്ഞു.
വിഷമിക്കരുത് എന്ന് പറയുന്നില്ല അമ്മച്ചി. പക്ഷേ സർജറി എല്ലാം കഴിഞ്ഞ് ജെനിഫർ ഉണരുമ്പോൾ നിങ്ങൾ ഇങ്ങനെ തകർന്നാൽ ആൾക്ക് വേണ്ട സപ്പോർട്ട് ആര് കൊടുക്കും. ഒരുപാട് മെന്റൽ ആൻഡ് ഫിസിക്കൽ ട്രോമയിൽ കൂടെ ആയിരിക്കും ആള് ഇനി കടന്നുപോകാൻ പോകുന്നത്. അപ്പോൾ അവൾക്ക് വേണ്ടപ്പെട്ടവർക്കേ അവളെ സഹായിക്കാൻ കഴിയൂ. ഇല്ലെങ്കിൽ അവൾ ഡിപ്രെഷനിലേക്ക് വരെ പോകാൻ സാധ്യത ഉണ്ട്. സോ അമ്മച്ചി കുറച്ചുകൂടി ധൈര്യം കാട്ടണം. അമ്മമാർ ആണ് ഈ സമയത്ത് പെൺകുട്ടികൾക്ക് ഏറ്റവും കൂടുതൽ ആവശ്യം… ഡോക്ടർ മേരിയമ്മയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു..
അറിയാം ഡോക്ടറെ.. പക്ഷേ സഹിക്കാൻ പറ്റുന്നില്ല. എന്റെ മോളുടെ എത്ര നാളത്തെ പ്രാർത്ഥനയുടെ ഫലം ആയിരുന്നു ആ കുഞ്ഞ്. അതിനെ അല്ലേ കർത്താവ് തിരികെ വിളിച്ചത്.. അവൾക്ക് ബോധം വരുമ്പോൾ ഇത് എങ്ങനെ സഹിക്കും എന്ന് എനിക്ക് അറിയാന്മേല… അവർ അത് പറഞ്ഞു പൊട്ടിക്കരഞ്ഞു.
എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന് അറിയാത്തതുകൊണ്ട് ഡോക്ടർ അവരുടെ തോളിൽ ഒന്നു തട്ടിയിട്ട് ലേബർ റൂമിന്റെ ഉള്ളിലേക്ക് പോയി.
മേരിയമ്മയെ വല്യമ്മച്ചിയും ആനിയമ്മയും കൂടി താങ്ങി പിടിച്ച് അവിടെ കിടന്ന കസേരയിലേക്ക് ഇരുത്തി. അവരും കരയുകയായിരുന്നു.
ആ സമയത്താണ് ഒരു സിസ്റ്റർ അവരുടെ അടുത്തേക്ക് വന്നത്. അവർ കുറച്ച് പേപ്പേഴ്സ് കൊണ്ടുവന്ന് അതിൽ ജെനിഫറിന്റെ ഗാർഡിയൻ ഒപ്പിടാൻ പറഞ്ഞു. മാത്യു അവരിൽ നിന്നും പേന വാങ്ങി വിറക്കുന്ന കൈയോടെ അതിൽ ഒപ്പിട്ടു. Bp കുറച്ചൊന്നു കൺട്രോളിൽ വന്നാൽ ജെനിഫറിനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റും കേട്ടോ. അതുപറഞ്ഞു അവർ പോകാനായി തിരിഞ്ഞു. പിന്നെ ഒന്നുകൂടി അവർക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
ആ ഒരു കാര്യംകൂടി ജെനിഫറിന്റെ ബ്ലഡ് ഗ്രൂപ്പ് ab നെഗറ്റീവ് ആണ്. ഇവിടത്തെ ബ്ലഡ് ബാങ്കിൽ അതില്ല. നിങ്ങൾ ആരെയെങ്കിലും 2 പേരെ അറേഞ്ച് ചെയ്യണം.
എന്റെ ab നെഗറ്റീവ് ആണ്.. ക്രിസ്റ്റി പറഞ്ഞു.
ആ ഒക്കെ ഒരാളും കൂടി വേണം. വരുമ്പോൾ വിളിച്ചാൽ മതി ഒന്നു ചെക്ക് ചെയ്യാൻ.. അത് പറഞ്ഞുകൊണ്ട് അവർ ലേബർ ഉള്ളിലേക്ക് തിരിച്ചുപോയി.
മോനെ ഇനിപ്പോ ഒരാളേംകൂടി കണ്ടത്തണ്ടേ ബ്ലഡിന്.. മാത്യു ക്രിസ്റ്റിയോട് ചോദിച്ചു.
ഞാൻ എന്റെ ഫ്രണ്ട്സിനെ ഒക്കെ ഒന്നു വിളിച്ചുനോക്കട്ടെ. ആരെങ്കിലും ഇല്ലാതിരിക്കില്ല…
വരട്ടെ ക്രിസ്റ്റി ചേട്ടായിടെ ab നെഗറ്റീവ് ആണ് അപ്പയുടെയും. ഞാൻ അവരെ വിളിക്കാം. രണ്ടാളും ഉണ്ടായിക്കോട്ടെ ഇവിടെ.. എബി ക്രിസ്റ്റിയോടായി പറഞ്ഞുകൊണ്ട് ഫോണും എടുത്ത് മാറി നിന്നു.
ആദ്യം തന്നെ അവൻ ഡേവിയെ ആണ് വിളിച്ചത്. അവൻ എടുക്കാതായപ്പോൾ നേരെ ജോണിനെ വിളിച്ചു.
എന്താടാ.. എവിടെയാ നീ.. ഞാൻ വിളിക്കാൻ ഇരിക്കായിരുന്നു. എന്താ പെട്ടന്ന് അന്നമോളുടെ വീട്ടിലേക്ക് പോയത്. എന്തേലും പ്രശ്നം ഉണ്ടോ… ഞാൻ വന്നപ്പോ റീന പറഞ്ഞു നിങ്ങൾ ആകെ ധൃതിപിടിച്ചാണ് പോയതെന്ന്..
എന്റെ അപ്പായെ ഞാൻ ഒന്നു പറയട്ടെ. ഇവിടെ ആകെ പ്രശ്നം ആണ്. എന്നിട്ട് ഇന്ന് സംഭവിച്ചത് മുഴുവൻ എബി പറഞ്ഞു..
എന്റെ കർത്താവെ.. എന്നിട്ട് എന്തായി ഡാ. ഇപ്പോ ജെനിമോൾടെ അവസ്ഥ എന്താ.
സിസേറിയൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കാം എന്നാ ഡോക്ടർ പറഞ്ഞത്. ജെനിക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല. ജെനിയുടെ ബ്ലഡ് ഗ്രൂപ്പ് ab നെഗറ്റീവ് ആണ്. ഇവരുടെ ബ്ലഡ് ബാങ്കിൽ ഇല്ലത്രെ. രണ്ടാളെ റെഡി ആക്കി നിർത്താൻ പറഞ്ഞിട്ടുണ്ട്. ഒരാള് ജെനിയുടെ അനിയൻ ഉണ്ട്. അപ്പേടേം ചേട്ടായിടേം same ഗ്രൂപ്പ് അല്ലേ അതാ വിളിച്ചത്. ചേട്ടായിനെ വിളിച്ചിട്ട് കിട്ടിയില്ല.
എടാ ഇതിപ്പോ ഞാൻ വീട്ടിൽ എത്തി. അവിടെ എത്തുമ്പോഴേക്കും നേരം വൈകില്ലേ. നീ ഒരു കാര്യം ചെയ്യ്. ജേക്കബിനെ വിളിച്ചു നോക്ക്. അവന്റെയും ആ ബ്ലഡ് ഗ്രൂപ്പ് അല്ലേ. സ്റ്റേഷൻ ആ ഭാഗത്തു തന്നെയായതുകൊണ്ട് അവന് വേഗം എത്താൻ പറ്റും. ഞങ്ങൾ പിന്നാലെ അങ്ങോട്ട് എത്തിക്കോളാം..
ശരി.. ഞാൻ എളേപ്പനെ വിളിച്ചുനോക്കട്ടെ.. എബി ഫോൺ വച്ചതും അത് വീണ്ടും റിങ് ചെയ്‌തു. നോക്കിയപ്പോൾ ഡേവി ആണ്. അവൻ വേഗം ഫോൺ എടുത്തു.
നിന്റെ മിസ്സ് കാൾ കണ്ടല്ലോ. എന്തേലും വിശേഷിച്ച് ഉണ്ടോടാ..
അപ്പോൾ എബി ഇന്ന് അവിടെ ഉണ്ടായതും ജെനിയുടെ ഇപ്പോഴത്തെ അവസ്ഥയും. ബ്ലഡിന്റെ ആവശ്യവും പറഞ്ഞു.
എന്നിട്ട് ആ പന്നമോൻ എവിടെടാ. അലക്സ്..
ആവോ എല്ലാവരുടെ കൈയിൽ നിന്നും കിട്ടേണ്ടത് കിട്ടിയപ്പോ തിരിഞ്ഞുപോകുന്നത് കണ്ടു.. എബി ഒരു പുച്ഛത്തോടെ പറഞ്ഞു.
മ്മ്.. ഞാൻ ദേ ഇറങ്ങി. ഒരു പത്തുമിനിറ്റിൽ എത്തും. നീ അപ്പയെ വിളിച്ചോ..
ആ വിളിച്ചു. അപ്പ വീട്ടിൽ ആണെന്ന്. അതോണ്ട് ജേക്കബ് എളേപ്പനെ വിളിച്ചു നോക്കാൻ പറഞ്ഞു. ഇവിടെ അടുത്തല്ലേ സ്റ്റേഷൻ. വേഗം വരാൻ പറ്റുലോ…
ആ എങ്കിൽ നീ വെച്ചോ. എളേപ്പനെ ഞാൻ വിളിച്ചോളാം..
ഓക്കേ.. എബി ഫോൺ കട്ട് ചെയ്തിട്ട് ക്രിസ്റ്റിയുടെ അടുത്തുപോയിട്ട് പറഞ്ഞു.
ചേട്ടായി ഒരു പത്തുമിനിറ്റിൽ എത്തും. അപ്പ വീട്ടിൽ ആണ് എത്താൻ വൈകും. ചേട്ടായി ജേക്കബ് എളേപ്പനെ വിളിച്ചോളും. ആളുടെയും സെയിം ബ്ലഡ് ഗ്രൂപ്പ് ആണ്. ഇവിടെ അടുത്താണ് എളേപ്പന്റെ സ്റ്റേഷൻ.
എബി അത് പറഞ്ഞതും ക്രിസ്റ്റി അവന്റെ കൈയിൽ ചേർത്തുപിടിച്ചു ഒരു നന്ദി പറച്ചിൽ പോലെ.
എബി അവൻ ചേർത്തുപിടിച്ച കൈയിൽ വെറുതെ തട്ടി കൊടുത്തു.
………………
ജോൺ ഫോൺ വച്ചിട്ട് ഹാളിലേക്കായി വന്നപ്പോൾ ആണ് അവിടെ ഇരുന്ന് സംസാരിക്കുന്ന കത്രീനമ്മച്ചിയേയും റീനയെയും എൽസിയെയും കണ്ടത്. അയാളും അവരുടെ അടുത്തായി ചെന്നിരുന്നു. അവർ അപ്പോഴാണ് അയാളെ ശ്രദ്ധിക്കുന്നത്. അയാളുടെ മുഖം ആകെ വല്ലാതെ ഇരിക്കുന്നുണ്ടായിരുന്നു.
എന്നാ പറ്റിയെടാ ജോണേ.. നിന്റെ മുഖം എന്താ ആകെ വാടിയിരിക്കുന്നെ.. കത്രീനാമ്മച്ചി ചോദിച്ചു.
എബി വിളിച്ചിണ്ടായിരുന്നു അമ്മച്ചി..
വിളിച്ചോ അവൻ. ഞാൻ അവനെ ഒന്ന് വിളിക്കണം എന്ന് വിചാരിച്ച് ഇരിക്കായിരുന്നു. ആകെ ധൃതിപ്പെട്ട് അന്ന മോളെയും കൂട്ടി പോയതാ അവളുടെ വീട്ടിലേക്ക്. അന്നമോളുടെ മുഖം ആകെ വല്ലാതെയും ഇരിക്കുന്നുണ്ടായിരുന്നു. എന്തേലും കുഴപ്പം ഉണ്ടോ ഇച്ചായാ അവിടെ… റീന ചോദിച്ചു.
മ്മ്.. എന്നിട്ട് അയാൾ ഇപ്പൊ എബി വിളിച്ചപ്പോൾ പറഞ്ഞത് മുഴുവൻ അവരോട് പറഞ്ഞു.
എന്റെ മാതാവേ… ആ കൊച്ച് ഇതെങ്ങനെ സഹിക്കും. അതിനു കുഞ്ഞുങ്ങളോടുള്ള ഇഷ്ടം നമ്മുടെ ജാനിമോളോട് കാട്ടിയ സ്നേഹത്തിൽ നിന്നും മനസ്സിലായതല്ലേ. അതിന് തന്നെ ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ..കത്രീനാമ്മ വിഷമത്തോടെ പറഞ്ഞു.
റീനയുടെയും എൽസിയുടെയും കണ്ണുകൾ നിറഞ്ഞു.
എന്നിട്ട് അയാൾ എവിടെ വല്യപ്പേ.. ആ ചെറ്റ അലക്സ്.. അലന്റെ ചോദ്യം കേട്ടപ്പോൾ ആണ് അവർ വാതിൽക്കലേക്ക് നോക്കിയത്. അവിടെ റാണി ജാനിമോളെ എടുത്തിട്ടും ബാക്കി പിള്ളേര് പടകളും നിൽപ്പുണ്ടായിരുന്നു.
ദിയക്ക് വല്ലാതെ സങ്കടം തോന്നി. കാര്യം ക്രിസ്റ്റിയെ കണ്ടിട്ടാണ് ജെനിയോടും മേരിയമ്മയോടും അടുത്തത് എങ്കിലും അവൾക്ക് അവരെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ചു ജെനിയെ. അതുകൊണ്ട് തന്നെ ജെനിയുടെ ഇപ്പോഴത്തെ അവസ്ഥ അവളെ സങ്കടത്തിൽ ആഴ്ത്തി.
ആവോ…അന്ന മോളുടെയും ജെനിമോളുടെ അമ്മച്ചിയുടെയും കയ്യിൽനിന്നും ഓരോന്ന് കിട്ടി എന്നാ അറിഞ്ഞത്. അപ്പൊ തിരിഞ്ഞു പോയത്രേ.. 2 കൊല്ലത്തോളം ആയിട്ട് അവന് ഈ ബന്ധം ഉണ്ടായിരുന്നു എന്ന്. ആ പെണ്ണ് ഇപ്പോ നിറഗർഭിണി ആണെന്ന്..അയാൾ പറഞ്ഞു.
അവന് കൊടുത്തത് കുറഞ്ഞു പോയി എന്നെ ഞാൻ പറയുള്ളൂ. ഇവന് അതിനെ വേണ്ട എന്നുണ്ടെങ്കിൽ മാന്യം മര്യാദക്ക് ഒഴിവാക്കിയിട്ട് പുതിയതിനെ സെറ്റ് ആക്കിയാ പോരായിരുന്നോ. ഇതിപ്പോ അതൊന്നും ചെയ്യാതെ രണ്ടുകൊല്ലത്തോളം ആയി ആ കൊച്ചിനെ ചതിക്കല്ലായിരുന്നോ. തന്തയില്ലാത്തരം അല്ലേ അത്. ഇവനെ ഒക്കെ ഉണ്ടല്ലോ ചാട്ടവാറിന് അടിക്കണം…. റാണി ദേഷ്യത്തോടെ പറഞ്ഞു.
എളേമ്മേ chill.. ആ പോലീസിന്റെ കൂടെ കൂടി എളേമ്മ ടെറർ ആയി കേട്ടോ.. അലൻ ഒരു ചിരിയോടെ പറഞ്ഞു.
പോടാ.. ഞാൻ ഉള്ള കാര്യം അല്ലേ പറഞ്ഞത്… അവർ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.
ജോണേ എനിക്കൊന്നു അവിടേക്ക് പോണം മോനെ. എന്തോ ആ കൊച്ചിന്റെ മുഖം ആലോചിക്കുമ്പോൾ നെഞ്ച് വിങ്ങാണ്. എന്തൊരു നല്ല കൊച്ചായിരുന്നു. അതിന് ഇങ്ങനെ ഒരു വിധി കർത്താവ് കൊടുത്തല്ലോ..
പോകാം അമ്മച്ചി. ഞാനും ഒന്നു പോകണം എന്ന് വിചാരിച്ചിരിക്കായിരുന്നു.
എന്നാൽ ഞങ്ങളും വന്നാലോ റാണി ചോദിച്ചു.
അത് വേണ്ട മക്കളേ… ഇപ്പോ ഞാനും ഇവനും റീനയും കൂടി പോയിട്ട് വരാം. ബാക്കി എല്ലാവർക്കും പിന്നെ പോകാം വേണമെങ്കിൽ.
ശരി അമ്മച്ചി എന്നാൽ അങ്ങനെ മതി..
പിന്നെ പെട്ടന്ന് തന്നെ അവർ തയ്യാറായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
………………
അലക്സ് ആകെ തകർന്നത് പോലെ വരുന്നത് കണ്ടപ്പോൾ സോഫി ഇരുന്നിടത്തുനിന്ന് വേഗം എഴുന്നേറ്റു.
എന്തായി ഇച്ചായാ.. എന്തേലും അറിഞ്ഞോ.. ഇച്ചായൻ എന്താ ആകെ വല്ലാതെ ഇരിക്കുന്നെ.. ആരേലും എന്തേലും പറഞ്ഞോ. അവൻ അടുത്തെത്തിയപ്പോൾ ആണ് അവന്റെ മുഖം അവൾ അടുത്തു കാണുന്നത്. ഒരേ കവിളത്തു തന്നെ മൂന്ന് അടി കിട്ടിയതിന്റെ ഫലമായി ആകെ ചുവന്നിരിക്കുന്നുണ്ടായിരുന്നു.
അയ്യോ.. എന്തുപറ്റി ഇച്ചായാ… ആരാ ഇച്ചായനെ തല്ലിയെ..
അത് അന്നയും പിന്നെ ജെനിയുടെ അമ്മച്ചിയും…
അന്നയോ.. എന്നിട്ട് ഇച്ചായന്റെ വീട്ടുക്കാർ എല്ലാവരും അത് നോക്കി നിന്നോ..
അവർ ഒരു ചെറുവിരൽ പോലും അനക്കിയില്ല. എന്തിന് എനിക്ക് മുഖം പോലും തന്നില്ല. നമ്മൾ വഴിയാധാരം ആകും എന്നാ തോന്നുന്നേ. സൂപ്പർമാർകെറ്റ് കൈയിൽ നിന്ന് പോയാൽ പിന്നെ ജീവിക്കാൻ വേറെ വഴി നോക്കേണ്ടി വരും.
അതെങ്ങനെ കൈയിൽ നിന്നും പോവും. അത് കുടുംബസ്വത്ത് അല്ലേ അതിൽ നമുക്കും അവകാശം ഇല്ലേ. തന്നില്ലെങ്കിൽ ചോദിച്ചു വാങ്ങണം ഇച്ചായാ. എന്നാലേ നമ്മുടെ കുഞ്ഞിനെ നമ്മൾ വിചാരിച്ചപോലെ ഒക്കെ വളർത്താൻ പറ്റുള്ളൂ.
മ്മ്… അലക്സ് ഒന്ന് മൂളി.
അപ്പോഴും അവർ കാരണം ഇല്ലാതെ ആയിപ്പോയ ഒരു ജീവനെക്കുറിച്ചോ ജീവിതത്തെ കുറിച്ചോ അവർ ചിന്തിച്ചില്ല. നാളെ ഒരു കാലത്ത് ഈ ശാപമെല്ലാം തങ്ങൾക്ക് മേലെ വന്ന് പതിക്കുമെന്നും അവർ ചിന്തിച്ചില്ല.

by