The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
പിറ്റേന്ന് ജാനിമോളുടെ അനക്കം കേട്ടാണ് ജെനി എഴുന്നേറ്റത്. അവൾ എഴുന്നേറ്റ് ഡേവിയെ ഒന്ന് നോക്കി. നിഷ്കളങ്കമായി ഉറങ്ങുന്ന ഡേവിയെ കണ്ടതും അവൾ ഒരു ചിരിയോടെ അവന്റെ തലയിൽ ആയി ഒന്ന് തഴുകി. ഇന്നലെ എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർമയില്ല. കുറേ നേരം എന്തൊക്കെയോ സംസാരിച്ചിരുന്നിരുന്നു. അവൾ അവനെ ഒന്നുകൂടി നോക്കിയിട്ട് ബാത്‌റൂമിലേക്ക് പോയി. ഫ്രഷ് ആയി വരുമ്പോഴും അവൻ ഉറക്കത്തിൽ ആണ്. അവൾ നേരെ വന്ന് തൊട്ടിലിൽ ചിണുങ്ങികൊണ്ടിരിക്കുന്ന ജാനിമോളെയും എടുത്ത് പുറത്തേക്ക് പോയി.
…………….
ചിറയത്ത് തറവാട്ടിൽ ജോസഫ് ഒഴിച്ച് ബാക്കി എല്ലാവരും രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു
ജോസഫ് രാവിലെയേ ഫിനാൻസിലേക്ക് പോയിരുന്നു.
അലക്സ് എന്താ നിന്റെ ഉദ്ദേശം.. വല്യപ്പച്ചൻ ചോദിച്ചു.
എന്താ വല്യപ്പച്ചാ… അലക്സ് സംശയത്തോടെ ചോദിച്ചു.
ഇത്രനാളും നിന്റെ കാലും കൈയും ഒക്കെ റെഡി ആവാൻ വേണ്ടി ആണ് ഞാൻ ഒന്നും മിണ്ടാതെ നിന്നത്. ഇപ്പൊ അത് ശരിയായിട്ടും നിനക്ക് ജോലിക്ക് പോകണം എന്നോ കുടുംബം നോക്കണം എന്നോ ഇല്ല. അതാണ് ഞാൻ ചോദിച്ചത് ഇനി എന്താ നിന്റെ ഉദ്ദേശം എന്ന്.
അത് വല്യപ്പച്ചാ കുറച്ചുകൂടി കാശ് ഇറക്കിയാൽ നമുക്ക് സൂപ്പർമാർക്കറ്റ് ഒന്നുകൂടി വിപുലമാക്കാൻ കഴിയും. അപ്പൊ ഈ നഷ്ടത്തിൽ ഓടുന്നത് നമുക്ക് ലാഭത്തിൽ ആക്കാം.
അതിന് എന്താ കാശ് ഇറക്കിക്കോ. ഞങ്ങൾ ആരും അതിന് തടസ്സം അല്ല.. വല്യപ്പച്ചൻ പറഞ്ഞു.
അത് വല്യപ്പച്ചാ.. എന്റെ കൈയിൽ ഒന്നും ഇല്ല. എനിക്ക് കുറച്ച് കാശ് എന്തെങ്കിലും തരുകയാണെങ്കിൽ നല്ലതായിരുന്നു…
നിനക്ക് ഭാഗം കിട്ടിയപ്പോൾ സൂപ്പർമാർക്കെറ്റ് മാത്രം അല്ലല്ലോ കിട്ടിയത്. ബാക്കി കിട്ടിയ റബ്ബർ തോട്ടവും മറ്റും ഉണ്ടല്ലോ. അത് വിക്കുകയോ പണയം വെക്കുകയോ എന്തേലും ചെയ്യ്യ്തിട്ട് പണം സംഘടിപ്പിച്ചൂടെ.
അത് വല്യപ്പച്ചാ… അതൊക്കെ വിറ്റിരുന്നു. എന്നിട്ട് സൂപ്പർമാർക്കെറ്റിൽ ഇറക്കി കുറച്ച് കാശ്…അലക്സ് തല താഴ്ത്തി പിടിച്ചുകൊണ്ടു പറഞ്ഞു.
ബാക്കിയോ.. അയാൾ കണ്ണുകൾ ചുരുക്കി കൊണ്ട് ചോദിച്ചു.
അത്.. അത്.. അവൻ സോഫിയെ നോക്കി. കാരണം ബാക്കി കാശ് അവള് ഡ്രെസ്സും ആഭരണങ്ങളും വാങ്ങി തീർത്തിരുന്നു.
മ്മ്.. മനസിലായി. ഇനി നിനക്ക് പത്തുപൈസ തരാൻ എന്റെ കൈയിൽ ഇല്ല. ഞാൻ തന്നെ എന്റെ മോന്റെ അദ്ധ്വാനത്തിൽ ആണ് കഴിയുന്നത്. എന്തിന് ഇപ്പൊ നീയും നിന്റെ പെണ്ണും കുഞ്ഞും ഒക്കെ കഴിയുന്നത് അവന്റെ അദ്ധ്വാനത്തിൽ ആണ്. അത് പറ്റില്ല എത്രയും പെട്ടന്ന് നീ ഒന്നില്ലെങ്കിൽ സൂപ്പർമാർക്കറ്റ് ലാഭത്തിൽ കൊണ്ട് നടക്കാൻ നോക്ക്. അല്ലെങ്കിൽ ജോലിക്ക് പോകാൻ നോക്ക്. അല്ലാതെ എന്റെ മോനെ മുടിപ്പിച്ച് ജീവിക്കാൻ ആണെങ്കിൽ ഇറങ്ങി പൊക്കോണം. പിന്നെ നിന്റെ പെണ്ണിനോട് പറയണം തിന്നാൻ നേരത്ത് വന്നിരുന്ന് തിന്നാൽ മാത്രം പോരാ എന്ന്. അടുക്കളയിലും കേറണം എന്ന്. ഇനി ഒരിക്കൽ കൂടി അവൾ ആനിയോട് എന്തേലും ഓർഡർ ഇടുന്നതോ മര്യാദ ഇല്ലാതെ സംസാരിക്കുന്നതോ കേട്ടാൽ അന്ന് ഈ വീടിന് പുറത്തായിരിക്കും നിങ്ങളുടെ സ്ഥാനം.. മനസിലായോ.. അയാൾ രണ്ടാളെയും നോക്കി ചോദിച്ചു. രണ്ടാളും അയാളെ തലയുയർത്തി നോക്കാതെ തന്നെ പതിയെ തലയാട്ടി..
മ്മ്… രണ്ട് ദിവസം. രണ്ടേരണ്ടു ദിവസം അതിനുള്ളിൽ എനിക്ക് മറുപടി കിട്ടണം. കേട്ടല്ലോ… വല്യപ്പച്ചൻ അതും പറഞ്ഞുകൊണ്ട്
എഴുന്നേറ്റു പോയി. അതിന് പിന്നാലെ വല്യമ്മച്ചിയും ആനിയമ്മ കുഞ്ഞിനേയും എടുത്ത് പോയി. അലക്സും എഴുന്നേറ്റ് കൈകഴുകി റൂമിലേക്ക് പോയി.
സോഫി റൂമിലേക്ക് ചെല്ലുമ്പോൾ കാണുന്നത് തലക്ക് കൈയും കൊടുത്തിരിക്കുന്ന അലക്സിനെ ആണ്. അവൾ ഇച്ചായാ എന്നും പറഞ്ഞ് അവന്റെ തോളിൽ കൈവച്ചതേ അവൾക്ക് ഓർമ്മയുള്ളൂ. അടുത്ത നിമിഷം അവളുടെ മുഖത്ത് അവന്റെ കൈ പതിഞ്ഞിരുന്നു. അവൾക്ക് മുഖം പറഞ്ഞു പോകുന്നത് പോലെ തോന്നി..
അവൾ അടി കിട്ടിയ കവിളിൽ കൈവച്ചുകൊണ്ട് അവനെ പകച്ചുനോക്കി.
ഇച്ചായാ.. അവൾ അതേ പകപ്പോടെ വിളിച്ചു.
മിണ്ടരുത് നീ. നിന്നോട് ഇങ്ങോട്ട് വരുമ്പോൾ ഞാൻ എന്താ പറഞ്ഞത്. ഇവിടെ ഉള്ളവരുടെ ഒക്കെ മനസ്സിൽ കയറിപ്പറ്റാൻ അല്ലേ. എന്നിട്ട് നീ എന്താ ചെയ്യത് വച്ചിരിക്കുന്നത്. ഏഹ്ഹ്.. അന്ന് ഞാൻ പറഞ്ഞതേ ഇപ്പോഴും പറയുന്നുള്ളൂ. നീ കാരണം അങ്ങാനും ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ അന്ന് തീരും നമ്മൾ തമ്മിൽ ഉള്ള ബന്ധം. പിന്നെ ഞാൻ ഒന്ന് പുറത്ത് പോകുവാണ്. തിരിച്ചു വരുമ്പോഴേക്കും എനിക്ക് നീ വാങ്ങി കൂട്ടിയ സ്വർണവും ആഭരണങ്ങളും വേണം.
എന്തിനാ ഇച്ചായാ എന്റെ സ്വർണം..
ഓഹ് പറയുന്നത് കേട്ടാൽ തോന്നും അവള് അവളുടെ വീട്ടിൽ നിന്ന് കൊണ്ട് വന്നതാണെന്ന്. അതൊക്കെ എന്റെ കാശ് തന്നെ അല്ലേ. അതപ്പോ എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും. നീ മര്യാദക്ക് ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി. ഇങ്ങോട്ട് ചോദ്യങ്ങൾ ഒന്നും വേണ്ട… ഹും… നിന്നെക്കാളും നൂറ് ഇരട്ടി നല്ലതായിരുന്നു ആ ജെനി. ഏത് കഷ്ടകാലം പിടിച്ച നേരത്താണാവോ അവളെ വേണ്ടാന്ന് വച്ച് നിന്നെ പോലെ ഒരു കുരിശ്ശിനെ എടുത്ത് തലയിൽ വെക്കാൻ തോന്നിയത്.. അവൻ അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.
സോഫി അപ്പോഴും അലക്സ് പറഞ്ഞതിന്റെയും പ്രവർത്തിച്ചതിന്റെയും ഒക്കെ ഞെട്ടലിൽ ആയിരുന്നു. അപ്പോഴും അവൾക്ക് അറിയില്ലായിരുന്നു ഇതെല്ലാം തുടക്കം മാത്രം ആണെന്ന്..
………………..
ജെനിയുടെ വീട്ടിൽ തിരക്കോട് തിരക്ക് ആയിരുന്നു. ക്രിസ്റ്റി പോകുന്നതിന്റെ ഭാഗമായിട്ട് അവന് കൊണ്ട് പോകാനും മറ്റും ഉള്ള സാധങ്ങൾ ഉണ്ടാക്കേം മറ്റും ആയിരുന്നു മെയിൻ പണി. ഡേവി ക്രിസ്റ്റിയെയും കൊണ്ട് പോയി അവന് അത്യാവശ്യം കൊണ്ട് പോകാനുള്ള എല്ലാ സാധനങ്ങളും വാങ്ങി കൊടുത്തു. ക്രിസ്റ്റി അതിന് തടസ്സം പറയാൻ നോക്കിയെങ്കിലും ഡേവിയുടെ കണ്ണുരുട്ടലിൽ ചെക്കൻ ഡീസന്റ് ആയി. മാത്യുവിനും മേരിയമ്മക്കും ഒരുപാട് സന്തോഷം തോന്നി ഡേവിയുടെ അവരോടുള്ള ഇടപെടലിൽ. അലക്സ് ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല. കല്യാണം കഴിഞ്ഞ് ആ ആദ്യ വിരുന്നിന്റെ സമയത്ത് അല്ലാതെ ഒരു രാത്രി അവിടെ അന്തിയുറങ്ങിയിട്ട് പോലും ഉണ്ടായിരുന്നില്ല അയാൾ. അവരോടു എങ്ങനെ ആയാലും ജെനിയോട് സ്നേഹത്തിൽ ആണല്ലോ എന്ന സമാധാനത്തിൽ ആയിരുന്നു അവർ ജീവിച്ചിരുന്നത്. എന്നാൽ അത് വെറും തോന്നൽ ആണെന്ന് അറിയാൻ ആ പ്രശ്നങ്ങൾ ഉണ്ടാകേണ്ടി വന്നു.
ഡേവിയും ജെനിയും അവരുടെ ആ പഴയ പ്രണയകാലത്തേക്ക് തിരിച്ചുനടക്കാൻ ഉള്ള ശ്രമത്തിൽ ആണ്. അന്ന് പരസ്പരം അറിയാതെ ആണ് പ്രണയിച്ചതെങ്കിൽ ഇന്ന് പരസ്പരം അറിഞ്ഞുകൊണ്ട് പ്രണയിക്കാൻ ശ്രമിക്കുകയാണ്. മേരിയമ്മക്കും മാത്യുവിനും ക്രിസ്റ്റിക്കും ജെനിയുടെ മുഖത്തെ നിറഞ്ഞ ചിരി ഒരുപാട് സന്തോഷം നൽകി. ഇപ്പൊ ആലോചിക്കുമ്പോൾ അവർക്ക് തോന്നുന്നണ്ട് അലക്സിന്റെ കൂടെ കഴിയുമ്പോൾ ഒരിക്കലും ജെനിയെ ഇത്രയും മനോഹരമായി പുഞ്ചിരിച്ചു കണ്ടിട്ടില്ല എന്ന്. ഈ ഒരു പുഞ്ചിരി എല്ലാ കാലത്തും അവളുടെ മുഖത്ത് ഇതുപോലെ കാണണേ എന്ന് അവർ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
ശനിയാഴ്ച രാത്രി പോകാം എന്നാണ് ഡേവിയും ക്രിസ്റ്റിയും തീരുമാനിച്ചത്. കൊച്ചിയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ആണ് ഡൽഹിക്ക്. പുലർച്ചെ ഉള്ള ഫ്ലൈറ്റ് ആണ് രാവിലെ ഡൽഹിയിൽ എത്തുന്നപോലെ. എയർപോർട്ടിലേക്ക് എബിയും ഏദനും അലനും ആണ് കൂടെ പോകുന്നത്. ശനിയാഴ്ച ഉച്ചക്ക് ശേഷം കൊട്ടാരത്തിൽക്കാർ എല്ലാവരും എത്തി.
അളിയോ എന്തായി പാക്കിങ്.. എന്റെ ഹെല്പ് വല്ലതും വേണോ…വന്നു കയറിയ വഴിക്ക് അലൻ ക്രിസ്റ്റിയോട് ഒരു ഇളിയോടെ ചോദിച്ചു.
എന്റെ പൊന്നളിയാ.. വേണ്ട ഞാൻ തന്നെ ചെയ്തോളാം.. ക്രിസ്റ്റി പറഞ്ഞു.
ഹാ.. അതെന്ത് പറച്ചിലാ അളിയാ.. ഞാൻ നന്നായി പാക്ക് ചെയ്യും..
ഉവ്വ് ഉവ്വ്.. അവൻ വേണേൽ ആ നാവുകൊണ്ട് ആളെ പാക്ക് ചെയ്യും അല്ലാതെ ഒരു ഷർട്ട് വരെ മടക്കാൻ അറിയില്ല… എൽസി ഒരു പുച്ഛത്തോടെ പറഞ്ഞു.
അത് ഞാൻ എന്റെ കഴിവുകൾ പുറത്തെടുക്കാത്തത് അല്ലേ.. സില്ലി ഗേൾ എന്നെ തെറ്റിദ്ധരിച്ചു…
വേണ്ട മോനേ വേണ്ട.. എനിക്ക് നിന്നെക്കുറിച്ചു ശരിയായ ധാരണ ഉണ്ട്. അതോണ്ട് തന്നെ വയർ നിറഞ്ഞിരിക്കുകയാണ്.. എൽസി അവനെ തൊഴുതുകൊണ്ട് പറഞ്ഞു.
വേണ്ടെങ്കിൽ വേണ്ട.. എന്റെ കഴിവുകൾ മനസിലാക്കാത്ത ബ്ലഡി ഗ്രാമവാസി മോം.. അവൻ എൽസിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
ഓഹ്.. ആയിക്കോട്ടെ.. എൽസിയും തിരിച്ച് പുച്ഛം വാരിവിതറി..
കൊട്ടാരത്തിൽക്കാർക്ക് ഇതൊരു സ്ഥിരം കാഴ്ച്ച ആയതുകൊണ്ട് പുതുമ ഒന്നും തോന്നിയില്ല. ജെനിയും കുറച്ചൊക്കെ മനസിലാക്കിയിരുന്നു. പക്ഷേ പാവം നമ്മുടെ ക്രിസ്റ്റിയും മാത്യൂസും മേരിയമ്മയും പകപ്പോടെ രണ്ടുപേരെയും മാറി മാറി നോക്കി.
ഹാ.. നിങ്ങൾ അതൊന്നും കാര്യമാക്കേണ്ട പിള്ളേരെ. ഈ രണ്ടെണ്ണത്തിന് ഇതു തന്നെയാ പണി. നേർക്ക് നേരെ കണ്ടാൽ അപ്പൊ ഒന്നും രണ്ടും പറഞ്ഞ് തല്ല് പിടിച്ചിലേൽ ഉറക്കം വരില്ല രണ്ടിനും.. വല്യമ്മച്ചി അവരെ മൂന്നുപേരെയും നോക്കി പറഞ്ഞു.
പിന്നെ അങ്ങോട്ട് കളിയും ചിരിയും ഒക്കെ ആയി നേരം കടന്നു പോയി. അതുവരെ ക്രിസ്റ്റി പോകുന്ന വിഷമത്തിൽ ഇരുന്നിരുന്ന ജെനിക്കും വീട്ടുകാർക്കും വിഷമിക്കാൻ ഉള്ള സമയം പോലും ഉണ്ടായില്ല. എല്ലാവരും കൂടി ആ ദിവസം മനോഹരമാക്കി. അലനും ഏദനും എബിയും അന്നയും ഒഴികെ ബാക്കി ഉള്ളവർ പോകാനായി ഇറങ്ങി. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുന്ന ദിയയെ കണ്ടപ്പോൾ ക്രിസ്റ്റിക്ക് വിഷമം ആയി. അവന് അവളോട് ഇപ്പൊ പോകണ്ട എന്ന് പറയണം എന്നുണ്ട് പക്ഷേ എങ്ങനെ അത് പറയും എന്ന് മനസിലായില്ല.. അപ്പോഴാണ് മേരിയമ്മ വല്യമ്മച്ചിയെ വിളിക്കുന്ന ശബ്ദം അവൻ കേൾക്കുന്നത്.
അമ്മച്ചി….
എന്താ മോളെ.. വല്യമ്മച്ചി മേരിയമ്മയോടായി ചോദിച്ചു.
അത് ദിയമോള് ഇവിടെ നിന്നോട്ടെ. അവരെ കൊണ്ടാക്കി എബിമോൻ അന്ന മോളെ കൂട്ടാൻ വരുമ്പോ കൂടെ വന്നോട്ടെ.. അല്ലേ ഇച്ചായാ.. മേരിയമ്മ മാത്യൂസിനെ നോക്കി ചോദിച്ചു.
അത് തന്നെ.. കൊച്ച് ഇവിടെ നിക്കട്ടെ. അല്ലെങ്കിൽ അത് അവനും സങ്കടാവും കൊച്ചിനും സങ്കടാവും.. മാത്യൂസ് അത് പറഞ്ഞതും വല്യമ്മച്ചി ജോണിനെയും റീനാമ്മയെയും നോക്കി. രണ്ടുപേരും ചിരിയോടെ സമ്മതം പറഞ്ഞു. അതോടെ വല്യമ്മച്ചി ദിയയെ അടുത്തേക്ക് വിളിച്ചു.
നിനക്ക് നിക്കണോ കൊച്ചേ..
മ്മ്.. വേണം വല്യമ്മച്ചി.. അവൾ ആവേശത്തോടെ പറഞ്ഞു.
അയ്യടാ.. അവളുടെ ഒരു ആവേശം നോക്ക്… റാണി അവളുടെ കവിളിൽ പിച്ചി കൊണ്ടു പറഞ്ഞു. അതിന് അവൾ നാണത്തോടെ ചിരിച്ചു.
എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ… ജോൺ എല്ലാവരോടും യാത്ര പറഞ്ഞു പോയി. ബാക്കി ഉള്ളവരും ക്രിസ്റ്റിയെ വിഷ് ചെയ്തിട്ട് പോയി.
ഇറങ്ങാൻ സമയം ആയതും ക്രിസ്റ്റിയും ഡേവിയും റെഡി ആവനായി പോയി. ജെനി ഡേവിയുടെ പിന്നാലെ റൂമിലേക്ക് പോയി…
മോള് അവന്റെ അടുത്തേക്ക് ചെല്ല്.. അവിടെ തത്തികളിച്ചു നിന്നിരുന്ന ദിയയോടെ മേരിയമ്മ പറഞ്ഞു. കേൾക്കേണ്ട താമസം മേരിയമ്മയെ നോക്കി ഒരു ഇളി പാസാക്കി അവൾ ക്രിസ്റ്റി കയറി പോയ റൂമിലേക്ക് ഓടി.എല്ലാവരും അവളുടെ ഓട്ടം കണ്ട് ചിരിച്ചുപോയി.
ഡേവി ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ബെഡിൽ ഇരിക്കുന്ന ജെനിയെ ആണ് കാണുന്നത്. കുളികഴിഞ്ഞ് ഒരു മുണ്ട് മാത്രം ഉടുത്തുവരുന്ന ഡേവിയെ കണ്ടതും അവൾ വേഗം തിരിഞ്ഞിരുന്നു. ഡേവി ഒരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് പോയി പിന്നിൽ നിന്ന് ശക്തിയിൽ പുണർന്നു. അവൾ അവന്റെ കൈക്കുള്ളിൽ കിടന്ന് കുതറി.
ഹാ.. പിടക്കാതെ കൊച്ചേ. ഇങ്ങോട്ട് ഒന്ന് തിരിഞ്ഞേ ഇച്ചായൻ പറയട്ടെ. അതുംപറഞ്ഞ് അവൻ അവളെ തനിക്ക് നേരെ തിരിച്ചു. എന്നിട്ട് പറഞ്ഞു..
ഇനി ഇച്ചായൻ പറയുന്ന കാര്യം ശ്രദ്ധിച്ച് കേൾക്കണം. ഞാൻ പോയി വരുന്നത് വരെ കൊച്ച് അധികം പുറത്തൊന്നും പോകരുത്. ഇനി പോകുന്നുണ്ടെങ്കിൽ തന്നെ ഒറ്റക്ക് പോകരുത്.. ഡേവി പറഞ്ഞത് കേട്ടപ്പോൾ ജെനി സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
ഒന്നുല്ല്യ കൊച്ചേ. ബിസിനസ്സുകാരൻ അല്ലേ ചുറ്റും ശത്രുക്കൾ ഉണ്ടാവും. അതുകൊണ്ട് ഒരു മുൻകരുതൽ അത്രയേ ഉള്ളൂ. അപ്പൊ എന്റെ പെണ്ണ് ഞാൻ പറഞ്ഞത് മുഴുവൻ അനുസരിക്കില്ലേ..
മ്മ്.. അവൾ മൂളി. അവൻ കുറച്ചുനേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ അവളുടെ നെറ്റിയിലായി ഒന്ന് മുകർന്നു.. പിന്നെ അവളെ വിട്ട് മാറിക്കൊണ്ട് പറഞ്ഞു. ചെല്ല്.. ഞാൻ ഈ ഡ്രെസ്സ് മാറിയിട്ട് വരാം.
മ്മ്.. അവൾ ഒന്ന് മൂളിക്കൊണ്ട് പുറത്തേക്ക് പോയി.
കതകിൽ മുട്ടുന്ന സ്വരം കേട്ടപ്പോൾ ആണ് പരസ്പരം പുണർന്നുനിന്നിരുന്ന ക്രിസ്റ്റിയും ദിയയും അടർന്നു മാറിയത്.
നന്നായി പഠിക്കണം. ഉഴപ്പരുത്. ഞാൻ ഇനി വിളിക്കില്ല. ഇനി ട്രെയിനിങ് എല്ലാം കഴിഞ്ഞ് വന്നിട്ട് കാണാം. ഇറങ്ങുന്ന സമയത്ത് കരയരുത്. നിന്റെ ചിരിച്ച മുഖം കണ്ടിട്ട് വേണം എനിക്കിറങ്ങാൻ.. ദിയയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ട് ക്രിസ്റ്റി പറഞ്ഞു.
മ്മ്.. ദിയ സങ്കടത്തോടെ മൂളി.
നീ ചെല്ല്.. ഞാൻ ഇപ്പൊ വരാം…
അതിനും അവൾ മൂളിക്കൊണ്ട് പുറത്തേക്ക് പോയി.
ക്രിസ്റ്റിയും ഡേവിയും പോകാൻ റെഡി ആയി പുറത്തേക്ക് വന്നു. കരഞ്ഞു നിക്കുന്ന മേരിയമ്മയെയും ജെനിയെയും സമാധാനിപ്പിച്ച് കണ്ണുകലങ്ങി എന്നാൽ കരയാതെ പിടിച്ചു നിൽക്കുന്ന മാത്യൂസിനെ ഒന്ന് പുണർന്ന് അവൻ യാത്ര ചോദിച്ചു. ജെനി കരയുന്നത് കണ്ട് വിതുമ്പിക്കൊണ്ട് അവളുടെ കൈയിലായി ഇരിക്കുന്ന ജാനിമോളെ കൊഞ്ചിച്ച് അവളുടെ കവിളിൽ അമർത്തി മുത്തി ക്രിസ്റ്റി. അന്നയോട് യാത്ര പറഞ്ഞ് ദിയയെ നോക്കി ഒന്ന് തലയാട്ടിക്കാട്ടി നേരെ വണ്ടിയിലേക്ക് പോയി അവൻ. ഡേവിയും എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് കാറിലേക്ക് കയറി. ഡേവി കൂടി കയറിയതും എബി വണ്ടി എടുത്തു. അലനും ഏദനും ആദ്യമേ കയറിയിരുന്നു. ആ കാർ കണ്ണിൽ നിന്നു മറയുന്നത് വരെ അവർ ഉമ്മറത്ത് തന്നെ നിന്നു. പിന്നെ പതിയെ ഉള്ളിലേക്ക് പോയി.