രചന – കണ്ണന്റെ മാത്രം
തന്റെ മുന്നിലായി വന്യമായ ചിരിയോടെ ഇരിക്കുന്ന ഡേവിഡിനെ കണ്ടതും അയാളുടെ
ഉള്ളിലൂടെ ഒരു വിറയൽ കടന്നുപോയി. അവൻ എല്ലാം അറിഞ്ഞെന്ന് അയാൾക്ക് മനസിലായി.
ഡേ.. ഡേവിഡ്.. അയാൾ വിറയലോടെ പറഞ്ഞു.
എന്താണ് ex-അമ്മായിഅച്ഛന് എന്നെ കണ്ടപ്പോൾ ഒരു വിറയൽ. എന്നോട് എന്തേലും ചെയ്യാൻ പാടില്ലാത്തത് ചെയ്തിട്ടുണ്ടോ താൻ..ഡേവി ഗൗരവത്തോടെ ചോദിച്ചു.
ഡേവി.. എനിക്കൊരു തെറ്റുപറ്റി. ഇനിയൊരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല. നിന്റെ വഴിയുടെ കുറുകെ വരികയും ഇല്ല..
അല്ലെങ്കിലും ഇനിയൊരിക്കൽ കൂടി എന്റെ വഴിയുടെ കുറുകെ വരാൻ നീ ഉണ്ടാവില്ല ആന്റണി. നീ ഇന്ന് തൊടാൻ നോക്കിയത് ഈ ഡേവിയുടെ പ്രാണനെ ആണ്. അപ്പൊ നിന്നെ ഞാൻ വെറുതെ വിട്ടാൽ പിന്നെ ഞാൻ എന്തിനാ ഒരു ആണാണെന്ന് പറഞ്ഞു നടക്കുന്നത്. ഇതിന് മുൻപും താനും തന്റെ മോളും കൂടി ചെയ്തു കൂട്ടിയത് മുഴുവൻ ക്ഷമിച്ചത് എന്തൊക്കെ ചെയ്തെങ്കിലും എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് തന്നല്ലോ എന്ന് കരുതി മാത്രം ആണ്. പക്ഷേ ഇന്ന് നീയൊക്കെ തൊടാൻ നോക്കിയത് ഈ ഡേവിഡിന്റെ പ്രാണനെ ആണ്. അതും ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷം എന്നിൽ തിരിച്ചെത്തിയ എന്റെ പ്രണയത്തെ. അത് ക്ഷമിക്കാൻ മാത്രം വിശാല ഹൃദയനല്ലടാ ഈ ഡേവിഡ്… പറഞ്ഞ് കഴിയലും അയാളെ ചവിട്ടി വീഴ്ത്തിയിരുന്നു ഡേവിഡ്.
പിന്നെ അങ്ങോട്ട് ഡേവിഡിന്റെ താണ്ഡവം ആയിരുന്നു അവിടെ. കണ്ടുനിന്നവർക്ക് വരെ അവരുടെ ശരീരത്തിൽ വേദന തോന്നി അമ്മാതിരി ആയിരുന്നു അവന്റെ അടി. ആന്റണിയുടെ അലർച്ച അവിടെ മുഴങ്ങികൊണ്ടിരുന്നു. അടികൊണ്ട് അയാളുടെ ബോധം പോകും എന്ന നില വന്നപ്പോൾ ആണ് അവൻ തല്ലുന്നത് നിർത്തിയത്.
ദേവാ..അവൻ വിളിച്ചു.
ഇയാൾ ഇനി വേണ്ട അവനും.. ആന്റണിയുടെ അവസ്ഥ കണ്ട് പേടിച്ച് നിൽക്കുന്നവനെ കാട്ടികൊണ്ട് ഡേവി പറഞ്ഞു.
ഡേവി പറഞ്ഞത് കേട്ടതും വേദനകൊണ്ട് കരഞ്ഞിരുന്ന ആന്റണി ഒരുനിമിഷം ഞെട്ടി നിന്നു. പിന്നെ എങ്ങനെ ഒക്കയോ വലിഞ്ഞുവന്ന് ഡേവിയുടെ കാല് പിടിച്ചു..
ഡേവി.. മോനെ ഞാൻ നിന്റെ കാല് പിടിക്കാം ഈ ഒരു തവണ ക്ഷമിക്കണം. ഇനിയൊരിക്കലും ഞാൻ വരില്ല നിനക്കെതിരെ..
ഡേവി അവന്റെ കാല് വലിച്ചെടുത്തുകൊണ്ട് അതേ കാലുകൊണ്ട് തന്നെ അയാളെ തൊഴിച്ച് നീക്കി…
അല്ലെങ്കിലും എനിക്കെതിരെ നീങ്ങാൻ താനിനി ഉണ്ടാവില്ലെടോ.. അയാളോട് ആയി അതും പറഞ്ഞുകൊണ്ട് ഡേവി പോയി. അവന് പിന്നാലെ ആയി ദേവനും..
കാറിൽ കയറുന്നതിന് മുൻപായി ഡേവി ഗൗരവത്തോടെ ദേവനോടായി പറഞ്ഞു.
തെളിവുകളൊന്നും ബാക്കി ആവരുത്..
ഉണ്ടാവില്ല സാർ…
മ്മ്.. അതിനൊന്ന് മൂളിക്കൊണ്ട് ഡേവി കാറിൽ കയറിപ്പോയി. ദേവൻ തിരികെ ഉള്ളിലേക്കും. അപ്പോഴും ഉള്ളിൽ നിന്നും ചെറിയ രീതിയിൽ അവർ രണ്ടുപേരുടെയും കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു.
പിള്ളേര് പണി തുടങ്ങി.. അവൻ ഒരു ചിരിയോടെ മനസ്സിൽ ആലോചിച്ചുകൊണ്ട് അങ്ങോട്ട് പോയി
………………..
രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ് ആൻസി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. നോക്കിയപ്പോൾ മേരി ആണ്.
എന്താ മമ്മി… ഇത്ര രാവിലെ തന്നെ..
മോളെ….പപ്പ ഇന്നലെ വൈകീട്ട് പോയതാ. ഇതുവരെ തിരിച്ച് വന്നിട്ടില്ല…
അതിനെന്താ.. പപ്പ അങ്ങനെ പോകാറുള്ളതല്ലേ. പിന്നെ ഇപ്പൊ ഇത്ര ടെൻഷൻ അടിക്കേണ്ട കാര്യം എന്താ..
അല്ല മോളെ അങ്ങനെ രാത്രി വരില്ലെങ്കിൽ എന്നോട് പറയാറുണ്ട്. ഇതിപ്പോ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. നീ ആൽവിയോട് ഒന്ന് അന്വേഷിക്കാൻ പറയോ..
ആ ഞാൻ പറയാം മമ്മി വച്ചോ..
ഫോൺ വച്ചിട്ടും അവൾ ചിന്തയിൽ തന്നെ ആയിരുന്നു. എന്നാലും പപ്പ ഇതെവിടെ പോയി. ഇന്നലെ നല്ലൊരു ന്യൂസും കൊണ്ട് വിളിക്കാം എന്നും പറഞ്ഞ് ഫോൺ വച്ചതാണ്. പിന്നെ ഇതുവരെ വിളിച്ചില്ലല്ലോ എന്ത് പറ്റിയോ ആവോ.. അവൾ അതും ചിന്തിച്ച് കൊണ്ട് ബാത്‌റൂമിലേക്ക് പോയി.
ഫ്രഷ് ആയി ഇറങ്ങുമ്പോൾ തന്നെ ഫോൺ ബെല്ലടിക്കുന്നതാണ് അവൾ കേൾക്കുന്നത്. നോക്കിയപ്പോൾ അറിയാത്ത നമ്പർ ആണ്. എങ്കിലും അവൾ ഫോൺ എടുത്തു…
മറുഭാഗത്ത് നിന്നും കേട്ട വാർത്ത അവളെ അടിമുടി ഉലച്ച് കളയാൻ ശേഷി ഉള്ളതായിരുന്നു. അവൾക്ക് തന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെ തോന്നി..
പപ്പാ…. അവൾ അലറി കരഞ്ഞുകൊണ്ട് വെറും നിലത്ത് പടഞ്ഞിരുന്ന് പോയി..
അവളുടെ അലറികരച്ചിൽ കേട്ടുകൊണ്ട് ഓടി വന്ന ആൽവി കാണുന്നത് കൂനിക്കൂടിയിരുന്ന് ഉറക്കെ കരയുന്ന ആൻസിയെ ആണ്..
എന്താ ആൻസി.. എന്താ പറ്റിയത്. ആൽവി അവളെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് ചോദിച്ചു..
ആൽവി എന്റെ പപ്പ.. എന്റെ പപ്പ.. അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായില്ല. അവൻ വേഗം അവളുടെ ഫോൺ എടുത്ത് ലാസ്റ്റ് വന്ന കാളിലെ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. അവിടെ നിന്നും കിട്ടിയ ന്യൂസ് അവനെയും ഞെട്ടിച്ച് കളഞ്ഞു.
ആന്റണിയുടെ കാർ ആക്‌സിഡന്റ് ആയി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരിക്കുന്നു. അതിൽ രണ്ടാളുടെ കത്തിക്കരിഞ്ഞ ബോഡിയും. ബോഡി തിരിച്ചറിയണമെങ്കിൽ DNA ചെയ്യണം… അവിടത്തെ സ്റ്റേഷനിൽ നിന്നാണ് വിളിച്ചത്. ആൽവി അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന ആൻസിയെ നോക്കി. എങ്ങനെ അവളോട് ഇതൊക്കെ പറയും എന്നത് അവനെ ആശങ്കയിൽ ആഴ്ത്തി..
……………
ഡേവി ജെനിക്ക് വാക്ക് കൊടുത്തപോലെ കുഞ്ഞിനേയും റീനാമ്മയെയും കൂട്ടി ജെനിയുടെ വീട്ടിലേക്ക് ചെന്നു. കുഞ്ഞിനെ കണ്ടതും ജെനി കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചുകൊണ്ടിരുന്നു ജാനിമോളും അവളോട് എന്തൊക്കെയോ കൊഞ്ചിക്കൊണ്ടിരുന്നു. തന്നെ ഒന്ന് ശ്രദ്ധിക്കപോലും ചെയ്യാതെ ഇരിക്കുന്ന ജെനിയെ കണ്ടപ്പോൾ ചെക്കന് ചൊറിഞ്ഞു വന്നെങ്കിലും ഇനിയും നാലഞ്ചു ദിവസം കഴിഞ്ഞാൽ അവളെ മൊത്തമായി അവന് കിട്ടുമല്ലോ അപ്പൊ പകരം വീട്ടിക്കോളം എന്ന് കരുതി ആശ്വസിച്ചു. ഡേവി ജെനിയെയും മോളെയും തന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ റീനാമ്മക്ക് ഒരു ഐഡിയ തോന്നി.
ഡേവി നീ ഒരു കാര്യം ചെയ്യ് ഇവരെയും കൊണ്ട് പുറത്തൊക്കെ ഒന്ന് പോയി വായോ. അതുവരെ ഞാൻ ഇവിടെ മേരിയുടെ കൂടെ ഇരുന്ന് കുറച്ച് കത്തി വെക്കട്ടെ..
ഏയ്യ്… അതു വേണ്ട മമ്മി.. ഉള്ളിൽ ലഡ്ഡു പൊട്ടിയെങ്കിലും ചെക്കൻ ജാടയിടാൻ നോക്കി.
നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി. ഇങ്ങോട്ട് ഒന്നും പറയണ്ട.. അവർ ഡേവിയെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. പിന്നെ ജെനിയെ നോക്കി പറഞ്ഞു. മോള് പോയി റെഡി ആയി വായോ. അതുവരെ മോളെ ഞാൻ പിടിക്കാം.. ജെനിക്ക് എതിർക്കാൻ ഒരു അവസരം കൊടുക്കാതെ റീനാമ്മ പറഞ്ഞു.
മ്മ്.. ജെനി മനസ്സില്ലാമനസ്സോടെ ഒന്ന് മൂളിക്കൊണ്ട് റെഡി ആവാനായി പോയി.
ഞാൻ എന്നാൽ വണ്ടി തിരിച്ചിട്ടിട്ട് വരാം എന്നും പറഞ്ഞ് ഡേവിയും പുറത്തേക്ക് പോയി.
നമ്മള് മുൻകൈ എടുത്താലേ ഇവർ തമ്മിൽ ഒന്ന് അടക്കൂ. അല്ലെങ്കിൽ രണ്ടും രണ്ടറ്റത്ത് തന്നെ നിൽക്കും. റീനാമ്മ വലിയ കാര്യത്തോടെ മേരിയമ്മയോട് പറഞ്ഞു. പാവം അവർക്കറിയില്ലല്ലോ ചെക്കൻ പ്രേമം മൂത്ത് വട്ടായി ഇരിക്കാണ് എന്ന്. ഡേവി കാർ തിരിച്ചിട്ട് വരുമ്പോഴേക്കും ജെനിയും യാത്ര ആയി വന്നു. അവൾ വന്നു വണ്ടിയിൽ കയറിയതും അവന്റെ കാർ അവരെയും കൊണ്ട് മാൾ ലക്‌സ്യമാക്കി പോയി.
കൊട്ടാരത്തിൽക്കാരുടെ മാളിലേക്ക് തന്നെ ആണ് അവർ പോയത്.
ഡേവി ഒരുപാട് സന്തോഷത്തിൽ ആയിരുന്നു. അവൻ ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത് മുഴുവൻ.. മാളിൽ കയറി ആദ്യം കുഞ്ഞിന് കുറേ ഡ്രെസ്സ് എടുത്തു. പിന്നെ ജെനിയുടെ സമ്മതം പോലും ചോദിക്കാതെ അവൾക്കും ഒരു പാട് ഡ്രെസ്സുകൾ എടുത്തു. അവൾ തടയാൻ ശ്രമിച്ചെങ്കിലും ഒറ്റ ഡയലോഗിൽ അവൻ അവളെ ഒതുക്കി..
ഞാൻ എടുക്കുന്നത് മുഴുവൻ എന്റെ ഭാര്യക്കും കുഞ്ഞിനും വേണ്ടിയാണ്. തനിക്ക് എന്നെ ഭർത്താവ് ആയി കാണാൻ കഴിയില്ലെങ്കിൽ നമുക്ക് ഇതൊക്കെ തിരികെ കൊടുക്കാം.. ചെക്കൻ സെന്റി ഡയലോഗ് അടിച്ചിട്ട് അവളെ ഓട്ടകണ്ണിട്ട് നോക്കികൊണ്ടിരുന്നു. അവൻ അങ്ങനെ പറഞ്ഞതും അവൾക്ക് ആകെ സങ്കടം തോന്നി. അവൻ സെയിൽസ് ഗേളിനെ വിളിക്കാൻ പോയപ്പോഴേക്കും അവൾ തടഞ്ഞിരുന്നു..
വേണ്ട.. ഞാൻ എടുത്തോളാം.. അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
ഡ്രെസ്സ് എല്ലാം എടുത്ത് അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് അവന് ഒന്നും എടുത്തില്ല എന്ന് ഓർത്തത്. അവൾ
പതുക്കെ അവനെ വിളിച്ചു.
സാർ.. അവൻ കേട്ടെങ്കിലും അറിയാത്ത പോലെ നടന്നു. അവൾ രണ്ടുവട്ടം വിളിച്ചെങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല. അപ്പോഴാണ് അവൾക്ക് അവൻ പെണ്ണുകാണാൻ വന്നപ്പോൾ പറഞ്ഞത് ഓർമ വന്നത്. അവൾക്ക് അവനെ എന്തോ അങ്ങനെ വിളിക്കാൻ ഒരു ചമ്മൽ തോന്നി പക്ഷേ അങ്ങനെ വിളിക്കാതെ അവൻ തന്നെ നോക്കില്ല എന്ന് മനസിലായതും അവൾ പതുക്കെ വിളിച്ചു.
ഇച്ചായാ.. ഡേവി ഞെട്ടിപ്പോയി. അവൻ അത്ഭുധത്തോടെ അവളെ തിരിഞ്ഞു നോക്കി. അവൾ സാർ വിളിച്ചത് കേട്ടെങ്കിലും മൈൻഡ് ചെയ്യാതെ ഇരുന്നത് മനപ്പൂർവം തന്നെ ആയിരുന്നു. എന്തോ ആ സാർ വിളി കേൾക്കുമ്പോൾ ദേഷ്യം വരും. പക്ഷേ അവൾ എങ്ങനെ വിളിക്കും എന്ന് കരുതിയില്ല. എത്ര കൊല്ലം ആയിട്ടുള്ള സ്വപ്നം ആയിരുന്നു അവൾ തന്നെ ഇങ്ങനെ വിളിക്കുന്നത്. അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ വേഗം മുഖം അമർത്തി തുടച്ചുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു.
എന്താടോ വിളിച്ചേ.. എന്തേലും കാര്യം ഉണ്ടോ..
അതു.. അതുപിന്നെ ഡ്രെസ്സ് ഒന്നും എടുത്തില്ലല്ലോ.. അവൾ വിക്കലോടെ പറഞ്ഞു..
എടുത്തല്ലോ ഇനിയും വേണോ തനിക്ക്.. അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായിട്ടും അവൻ കുസൃതിയോടെ ചോദിച്ചു.
എനിക്കല്ല.. ഇച്ച.. ഇച്ചായന് എടുത്തില്ലല്ലോ.. അവൾക്ക് അവൻ തന്നെ കളിയാക്കിയത് ആണെന്ന് മനസിലാവാതെ ഒന്നുകൂടി പറഞ്ഞു.
ഇച്ചായന് ഇപ്പൊ വേണ്ട കൊച്ചേ. ഇനി പിന്നെ ഒരിക്കൽ എടുക്കാം. ഇപ്പൊ നമുക്ക് ഭക്ഷണം എന്തേലും കഴിച്ചിട്ട് വീട്ടിൽ പോകാൻ നോക്കാം..
ശരി.. അതിന് അവൾ തലയാട്ടികൊണ്ട് പറഞ്ഞു. അവൾ അങ്ങനെ തലയാട്ടുന്നത് കണ്ടപ്പോൾ ജാനിമോളും അവനെ നോക്കി തലയാട്ടി കാട്ടി.. അതുകണ്ടപ്പോൾ അവന് ചിരി വന്നെങ്കിലും രണ്ടാളിലും അവന് ഒരേ നിഷ്കളങ്കത തോന്നി. അവൻ വാത്സല്യത്തോടെ ജാനിമോളുടെ തലയിൽ ഒന്ന് തഴുകികൊണ്ട് ഫുഡ് കോർട്ടിലേക്ക് നടന്നു. അവന്റെ പിന്നിലായി അവരും പോയി.
ഡേവിക്ക് തന്റെ സന്തോഷം അടക്കാൻ കഴിയുന്നുണ്ടായില്ല. ജെനിയെ നഷ്ടമായതിനു ശേഷം ഇങ്ങനെ ഇത്രേം സന്തോഷിച്ച ഒരു ദിവസം ഒന്നും അവന്റെ ജീവിത്തിൽ ഉണ്ടായിരുന്നില്ല. അതേ സന്തോഷത്തോടെ തന്നെ ആണ് അന്നത്തെ ദിവസം ഡേവിക്ക് അവസാനിച്ചത്..
……………..
പിറ്റേന്ന് വൈകുന്നേരം ആൻസി എന്തൊക്കെയോ ചിന്തിച്ചിരിക്കായിരുന്നു. അന്ന് രാവിലെ ആണ് ആന്റണിയുടെ ബോഡി ഫോർമാലിറ്റി ഒക്കെ കഴിഞ്ഞ് വിട്ടുകിട്ടിയത്. അപ്പോഴും കൂടെ ഉള്ള ആള് ആരാണെന്ന് മനസിലായിരുന്നില്ല. ഉച്ച കഴിഞ്ഞു അടക്കവും മറ്റും കഴിയുമ്പോ. ആന്റണിയുടെയും അവളുടെയും സ്വഭാവം ആർക്കും വല്യ പിടിക്കാത്ത കാരണം ബന്ധുക്കൾ എല്ലാം അടക്കം കഴിഞ്ഞപ്പോൾ തന്നെ തിരികെ പോയിരുന്നു. ഇപ്പൊ അവിടെ അവളും അവളുടെ മമ്മി മേരിയും മാത്രേ ഉള്ളൂ. ആൽവി പുറത്തെങ്ങോ പോയതാണ്. ആ സമയത്താണ് അവളുടെ ഫോൺ അടിച്ചത്. ഡേവിയുടെ നമ്പർ കണ്ടതും അവൾ ഫോൺ എടുത്തു.
ഹലോ.. ഡേവിച്ചാ…
ഡേവിഡ്.. അങ്ങനെ വിളിക്കാം ആൻസിക്ക്. ഞാൻ ഒരു കണ്ടോലെൻസ് പറയാൻ വിളിച്ചതാ. വരാൻ പറ്റിയില്ല. ഞാൻ എന്റെ പെണ്ണിനേയും കുഞ്ഞിനേയും കൊണ്ട് കറങ്ങാൻ പോയിരിക്കുകയായിരുന്നു. എന്റെ പെണ്ണ് ഏതാണ് എന്ന് നിനക്കറിയില്ലേ നിന്റെ തന്ത കൊല്ലാൻ ഏൽപ്പിച്ചവൾ തന്നെ. അയാളുടെ ഒരു യോഗം നോക്കണേ എന്റെ പെണ്ണിനെ കൊല്ലാൻ നോക്കിയിട്ട് ഇപ്പൊ അയാളാണ് ചത്ത് മലച്ചത്.. പാവം.. ഡേവി ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി.
ഡേവി പറയുന്നതെല്ലാം കേട്ട് ഞെട്ടി നിൽപ്പായിരുന്നു ആൻസി..
അപ്പൊ.. അപ്പൊ.. നീ ആണോ എന്റെ പപ്പയെ.. ആൻസിക്ക് മുഴുവനാക്കാൻ കഴിഞ്ഞില്ല.
ആണോ.. ഞാനാണോ.. ആവോ അറിയില്ല ചിലപ്പോ ആയിരിക്കാം അല്ലേ.. ഡേവി ഒരു കളിയാക്കലോടെ പറഞ്ഞു..
ഡാ… നീ…
ഹാ.. അലറാതെടി നാ*****ളെ നീ ഒക്കെ എന്താ കരുതിയത് എന്റെ പെണ്ണിനെ അങ്ങ് ഇല്ലാതാക്കാം എന്നോ. അവളെ ഈ ഡേവിയുടെ പ്രാണൻ ആണ്. ആ അവളെ തൊട്ടു കളിച്ചാൽ, തൊടണ്ട അതിനെ കുറിച്ച് ചിന്തിച്ചാൽ തന്നെ അയാളെ ഞാൻ ഇല്ലാതാക്കും. അപ്പോഴാണ് അവളെ കൊല്ലാൻ നോക്കിയ നിന്റെ പപ്പയെ ഞാൻ വെറുതെ വിടാൻ പോകുന്നത്. പണ്ട് പറഞ്ഞതേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ. ഈ ഡേവിഡിന് നിങ്ങൾ അറിയാത്ത ഒരു മുഖം ഉണ്ട് വെറുതെ എന്നെക്കൊണ്ട് അത് പുറത്തെടുപ്പിക്കരുത് നീയൊന്നും താങ്ങില്ല… അപ്പൊ ശരി നാല് ദിവസം കൂടി കഴിഞ്ഞാൽ എന്റെ കെട്ടാണ്. നീ എന്തായാലും വരണം.. വെക്കെട്ടെടി.. ഒരു പുച്ഛത്തോടെ അത് പറഞ്ഞുകൊണ്ട് ഡേവി ഫോൺ വച്ചു.
ഡേവിഡ് ഇതിനുള്ളത് നീയും നിന്റെ മറ്റവളും അനുഭവിക്കും ഇല്ലെങ്കിൽ അനുഭവിപ്പിക്കും ഞാൻ… ആആ
കൈയിൽ ഉള്ള ഫോൺ വലിച്ചെറിഞ്ഞുകൊണ്ട് അവൾ ഉറക്കെ അലറി…
ഇനിയും അവനെതിരെ ഇറങ്ങിയാൽ തനിക്ക് വേണ്ടപ്പെട്ടവരെ മാത്രം അല്ല തന്റെ ജീവൻ അടക്കം പോകുമെന്ന് അപ്പോൾ അവൾ അറിഞ്ഞില്ല..

by