17/04/2026

നിനക്കായ് : ഭാഗം 08

രചന – കണ്ണന്റെ മാത്രം

എന്റെ ഇച്ചായനെ ഞാൻ ഇവിടെ വച്ച് കണ്ടു.. ദിയ നാണത്തോടെ പറഞ്ഞു.

ഏത് ഇച്ചായൻ.. അലൻ സംശയത്തോടെ ചോദിച്ചു.

ഞാൻ ആകെ കൂടെ ഒരാളെ അല്ലെ  നിങ്ങൾക്ക് എന്റെ പ്രണയം ആണെന്ന് പറഞ്ഞ് കാണിച്ച് തന്നിട്ടുള്ളുള്ളൂ. ആ ആളെ ഇവിടെ വച്ച് കണ്ടെന്നു.

ഏത് നമ്മുടെ സ്കൂളിന്റെ അടുത്തുണ്ടായിരുന്ന ഗവണ്മെന്റ് കോളേജിൽ ചെയർമാൻ ആയിരുന്ന ചേട്ടനോ. നീ ഒൻപതാംക്ലാസ്സ്‌ മുതൽ വായിനോക്കിയിരുന്ന മുതൽ… ഏദൻ ഒറ്റപിരികം പൊക്കിക്കൊണ്ട് ചോദിച്ചു.

ഒൻപതല്ല എട്ടാം ക്ലാസ്സ്‌ മുതൽ. നിങ്ങളോട് ഒൻപതിൽ എത്തിയപ്പോൾ ആണ് പറഞ്ഞതെന്ന് മാത്രം..

ആ ചേട്ടൻ എങ്ങനെ ഇവിടെ… അലൻ ചോദിച്ചു

അതാണ് ഏറ്റവും വല്യ സർപ്രൈസ്‌. ഇച്ചായൻ ആരാണെന്നു അറിയോ..

നീ സസ്പെൻസ് ഇടാതെ കാര്യം പറയ് പെണ്ണേ..അലന് അറിയാൻ തിടുക്കം ആയി.

നമ്മുടെ ജെനി ചേച്ചിയുടെ അനിയൻ ആണ് ആള്. എനിക്ക് ചേച്ചി ഇപ്പൊ പരിചയപ്പെടുത്തി തന്നു..

ആഹാ.. അങ്ങനേം ഒരു ബന്ധം വന്നോ. എന്നിട്ട് നിന്നെ കണ്ടപ്പോ എന്തായിരുന്നു റിയാക്ഷൻ. വല്ലതും പറഞ്ഞോ..

മ്മ് പറഞ്ഞു പറഞ്ഞു.. സ്ഥിരം ഉപദേശം തന്നെ. നീ കുട്ടിയാണ് പോയി പഠിക്ക്.. ബ്ലാ.. ബ്ലാ..

അല്ല എന്റെ ദിയ കൊച്ചേ നീ പത്തിൽ പഠിക്കുമ്പോ പ്രൊപ്പോസ് ചെയ്തപ്പോൾ മുതൽ നീ കുട്ടിയാണ് എന്നും പറഞ്ഞ് ഉപദേശിച്ചു വിടുന്ന ആളെ എന്തിനാണ് മോളെ നിനക്ക്. നിനക്ക് നല്ല ചൊങ്കൻ ചെക്കന്മാരെ ഞങ്ങൾ കൊണ്ടുവന്നു തരാടി. നീ അവരുടെ കൈയും പിടിച്ച് അങ്ങേരുടെ മുന്നിൽ കൂടി രണ്ട്‌ ചാല് നടക്ക്. നഷ്ടബോധം തോന്നട്ടെ ആൾക്ക്.. അലൻ അവളുടെ തോളിലൂടെ കൈയിട്ടുകൊണ്ട് പറഞ്ഞു.

അയ്യടാ.. ഈ ദിയയുടെ കഴുത്തിൽ ഒരു മിന്ന് വീഴുന്നുണ്ടെങ്കിൽ അതെന്റെ ഇച്ചായന്റെ കൈകൊണ്ടായിരിക്കും. ഇനി ഇച്ചായൻ എന്നെ കെട്ടിയില്ലെങ്കിൽ ഞാൻ എന്നും നിങ്ങളുടെ അനിയത്തി ആയി കൊട്ടാരത്തിൽ തറവാട്ടിൽ ഉണ്ടാവും.. പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവളുടെ ശബ്ദം ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞു.

അവളുടെ കണ്ണ് നിറഞ്ഞു കണ്ടതും ഏദനും അലനും സഹിച്ചില്ല..

ഡാ മോളെ ഞങ്ങൾ സംസാരിക്കാം ആ ചേട്ടനോട്.. നീ വിഷമിക്കല്ലേ..

ഏയ്യ് നിങ്ങൾ സംസാരിക്കേണ്ട. ഇച്ചായൻ ഇന്നത്തെ വരെ എന്നെ ഇഷ്ടമില്ല എന്ന് പറഞ്ഞിട്ടില്ല. എപ്പോഴും ഞാൻ കുട്ടിയാണ്. പഠിക്കണ്ട പ്രായം ആണ് എന്നൊക്കെയാ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് എനിക്ക് പ്രതീക്ഷ ഉണ്ട്. എന്നെങ്കിലും എന്റെ ഇഷ്ടം ആള് തിരിച്ചറിയും. അതുവരെ ഞാൻ അങ്ങേരെ ഇങ്ങനെ ചൊറിഞ്ഞോണ്ടിരിക്കും.. അവസാനം ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞ് നിർത്തി.

ആ ഇങ്ങനെ മതി നിന്റെ മുഖം. ഈ ചിരിയോടെ. സെന്റി ഒന്നും നിനക്ക് ചേരില്ല മോളെ. അവളുടെ കവിളിന്റെ രണ്ട്‌ സൈഡിൽ നിന്നും പിടിച്ച് വലിച്ചുകൊണ്ട് അലനും ഏദനും പറഞ്ഞു.

ഹാ.. വിടെടാ.. കാലന്മ്മാര് ബാക്കി ഉള്ളവരുടെ കവിള് പറിച്ചെടുത്തു.. അവൾ അവരെ കൂർപ്പിച്ചു നോക്കികൊണ്ട്‌ പറഞ്ഞു.

അതിന് രണ്ടുപേരും അവളെ നോക്കി ഇളിച്ചു കാണിച്ചു.

അയ്യടാ.. എന്താ ഇളി. നിങ്ങൾ ഇവിടെ ഇളിച്ചോണ്ട് നിക്ക്. ഞാൻ എന്റെ ഭാവി അമ്മായിയമ്മയെയും നാത്തൂനെയും ഒക്കെ ഒന്നു വളച്ചിട്ട് വരാം..

മോളെ ദിയെ വളക്കുന്നത് ഒക്കെ ശരി അവസാനം അങ്ങേര് നിന്നെ പിടിച്ച് ഒടിക്കുന്ന അവസ്ഥ വരരുത്.. അലൻ ഒരു ആക്കി ചിരിയോടെ പറഞ്ഞു

നീ പോടാ… അതും പറഞ്ഞ് അവൾ ചാടി തുള്ളി ഓഡിറ്ററിയത്തിലേക്ക് പോയി.

എന്റെ ഈശോയെ ആ ചേട്ടനെയും കുടുംബത്തെയും നീ തന്നെ കാക്കണേ.. അലൻ പറഞ്ഞു..

ആമേൻ.. അതിന് കോറസ് പോലെ ഏദനും പറഞ്ഞു. അതോടെ രണ്ടുപേരും പരസ്പരം നോക്കി പൊട്ടിചിരിച്ചു കൊണ്ട് ദിയയുടെ വളക്കൽ നേരിട്ട് കാണാനായി ഉള്ളിലേക്ക് പോയി.

പിന്നെ അങ്ങോട്ട് കല്യാണവും പരിപാടികളും കഴിഞ്ഞ് ജെനിയൊക്കെ തിരിച്ചു പോകുന്നതുവരെ ദിയ മേരിയുടെയും ജെനിയുടെയും കൂടെ തന്നെ ഉണ്ടായിരുന്നു. പുട്ടിനു പീര പോലെ ജാനിമോളും..

ഡേവി കാണുന്നുണ്ടായിരുന്നു ജാനിമോൾക്ക് ജെനിയോടുള്ള അടുപ്പം. അവനും മനസിലായി എന്തുകൊണ്ടാണ് റീനാമ്മ അവനോടു മറ്റൊരു കല്യാണത്തെ കുറിച്ച് പറഞ്ഞതെന്ന്. അവന് പക്ഷേ ധൈര്യം ഉണ്ടായിരുന്നില്ല. ഇനിയൊരു പരീക്ഷണം അതും ജാനിമോളും പെടും അതിൽ. അത് അവന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. ഒരിക്കൽ ചൂടുവെള്ളത്തിൽ വീണതാണ് അതുകൊണ്ട് ഇപ്പൊ പച്ചവെള്ളം കണ്ടാലും പേടിയാണ് എന്ന് പറഞ്ഞതുപോലെ ആണ് ഡേവിയുടെ അവസ്ഥ..

അങ്ങനെ കല്യാണവും അതിനോട് അനുബന്ധിച്ച കാര്യങ്ങളും കഴിഞ്ഞു. പെണ്ണും ചെക്കനും ചെക്കന്റെ വീട്ടിൽ ആണ്. ഇനി നാലിന്റെ അന്നേ അന്നയുടെ വീട്ടിലേക്ക് വരികയുള്ളു.

…………..

ഇന്ന് തിങ്കളാഴ്ചയാണ് നാളെ വീട്ടിൽ പോകണം എന്നാൽ അല്ലെ മറ്റന്നാൾ ഡോക്ടറെ കാണാൻ പോകാൻ പറ്റുള്ളൂ. ഇപ്രാവശ്യം ഹോസ്പിറ്റലിൽ പോകണം. സ്കാനിങ് ഉള്ളതാണ്. ഇച്ചായനോട് അത് പറയാൻ പറ്റിയില്ല. ഇന്ന് കിടക്കുമ്പോ പറയണം. സ്കാനിംഗിന് പൈസയും വാങ്ങണം. ഇല്ലെങ്കിൽ ഇല്ലാത്ത പൈസ ഉണ്ടാക്കി അപ്പച്ചൻ തരേണ്ടി വരും. ഇനിപ്പോ പ്രസവവും കാര്യങ്ങളും വരുമ്പോ എന്തായാലും ചെലവ് തന്നെ അല്ലെ.. അവൾ മനസ്സിൽ ആലോചിച്ചു..

രാത്രി അലക്സ് വരാൻ ഒരുപാടു വൈകി. ഭക്ഷണം കഴിച്ചിട്ടാണ് വന്നത് എന്നും പറഞ്ഞ് പിന്നെ പുറത്തേക്കേ വന്നില്ല. ജെനി അടുക്കള ഒതുക്കാനൊക്കെ ഒന്നു സഹായിച്ച് ചെല്ലുമ്പോൾ കിടന്നുറങ്ങുന്ന അലക്സിനെ ആണ് കാണുന്നത്.

ശേ… ഇച്ചായൻ ഉറങ്ങിയല്ലോ. ഇനീപ്പോ സ്കാനിംഗിന്റെ കാര്യം നാളെ രാവിലെ പറയാം. ഉച്ചക്ക് പപ്പ ഉണ്ണാൻ വന്നിട്ട് പോകുമ്പോൾ വീട്ടിലോട്ട് ആക്കിത്തരാം എന്നാണ് പറഞ്ഞത്… ഇതെല്ലാം ആലോചിച്ചു അവളുറക്കത്തിലേക്ക് വീണു. അപ്പോഴും അവളുടെ ഒരു കൈ അവളുടെ വയറിനെ തഴുകികൊണ്ടിരുന്നു.

……………

പിറ്റേന്ന് ജെനി സ്കാനിംഗിന്റെ കാര്യം പറയാൻ അലക്സ് പോകുന്നതിനു മുൻപ് നോക്കിയെങ്കിലും അവന് അവളെ കേൾക്കാൻ നേരം ഉണ്ടായില്ല. അവള് ഡോക്ടറുടെ കാര്യം പറഞ്ഞ് ചെല്ലുമ്പോഴേക്കും കുറച്ച് കാശെടുത്തു കൊടുത്തിട്ട് നാളെ അവളുടെ അമ്മയെയോ മറ്റോ കൂട്ടി ഡോക്ടറെ അടുത്തു പോയിവരാൻ പറഞ്ഞു അവൻ. അവന് നാളെ തിരക്കാണ് പോലും..

അവൻ പോയതും അവൾ അവൻ കൊടുത്ത കാശിലേക്ക് നിറഞ്ഞ കണ്ണോടെ നോക്കി. പിന്നെ ആത്മാനിന്ദ കലർന്ന ഒരു ചിരിയോടെ ആ പൈസ ബാഗിൽ വച്ച് അടുക്കളയിലേക്ക് പോയി.

പറഞ്ഞതുപോലെ ഉച്ചക്ക് ജോസഫ് വന്നപ്പോൾ ജെനിയോടും റെഡി ആവാൻ പറഞ്ഞു. ഊണ് കഴിഞ്ഞ് ജോസഫ് പോകുമ്പോൾ ജെനിയെയും കൂടെ കൂട്ടി.

എന്താണെന്നു അറിയില്ല മോളെ മനസ്സാകെ വല്ലാതെ ആണ് ഇരിക്കുന്നത് മമ്മിയുടെ. എന്തൊക്കെയോ അശുഭങ്ങൾ സംഭവിക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ. മോള് ശ്രദ്ധിച്ചോളോ. അതുപോലെ അലക്സിയോടും പറഞ്ഞോളോ നന്നായി ശ്രദ്ധിക്കാൻ. അവന് വണ്ടിയും കൊണ്ട് നടക്കുമ്പോൾ ഒരു ബോധം ഇല്ലാത്തതാണ്.

ശരി മമ്മി. മമ്മി ടെൻഷൻ ആവണ്ട. ഞാൻ ഇച്ചായനോട് പറയാം..

അപ്പോഴേക്കും ജോസഫും വന്നു. ജെനി ആനിയമ്മയോട് യാത്ര പറഞ്ഞ് പോയി.

മാതാവേ എന്റെ മക്കളെ കാത്തോളണേ.. അവർ മാതാവിന്റെ ചിത്രത്തിൽ നോക്കിയൊന്ന് പ്രാർത്ഥിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി.

…………..

ജെനിയെ അവളുടെ വീട്ടിൽ ഇറക്കി ജോസഫ്..

പപ്പ കേറുന്നില്ലേ..

പിന്നെ ഒരിക്കൽ കേറാം മോളെ. ഇപ്പൊ ഫിനാൻസിൽ എത്താൻ വൈകും.. പപ്പ പോട്ടെ

ശരി പപ്പാ…

സൂക്ഷിക്കണേ മോളെ… അവളെ നോക്കി പറഞ്ഞുകൊണ്ട് ജോസഫ് കാർ എടുത്ത് പോയി..

ജോസഫിന്റെ കാർ പോയതും അവൾ വീട്ടിലേക്ക് കയറി. അവൾ ചെല്ലുമ്പോൾ അവളുടെ അമ്മച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്താ കൊച്ചേ ഈ നേരത്ത് ഒരു വരവ്. നിനക്ക് സുഖം അല്ലേ.. വയ്യായ്ക ഒന്നും ഇല്ലല്ലോ.. മേരി ആധിയോടെ ചോദിച്ചു.

എന്റെ അമ്മച്ചി എനിക്ക് ഒരു കുഴപ്പവും ഇല്ല. എനിക്കേ നാളെ സ്കാനിങ് ഉണ്ട്. ഇച്ചായന് നാളെ തിരക്കാണ് വരാൻ പറ്റില്ല. പിന്നെ മമ്മി ഒക്കെ മറ്റന്നാൾ അന്നമ്മ ഒക്കെ വരുന്നതല്ലേ അതുകൊണ്ട് ആന്റിയുടെ അവിടേക്ക് പോകും. അതാ ഞാൻ ഇങ്ങോട്ട് വന്നത്.

അലക്സിക്ക് എന്താ ഇത്രയും തിരക്ക് ഒറ്റതവണയും അവൻ വരുന്നില്ലല്ലോ നിന്റെ കൂടെ..

സൂപ്പർമാർകെറ്റിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അമ്മച്ചി ഇച്ചായൻ അതിന്റെ ടെൻഷനിൽ ആണ്. അപ്പച്ചനും ക്രിസ്റ്റിയും എവിടെ അമ്മച്ചി…

അപ്പച്ചൻ മാർക്കറ്റിൽ പോയതാ. കുറച്ച് മലക്കറി കൊടുക്കാൻ ഉണ്ടായിരുന്നു അതുകൊണ്ട് പോയതാണ്. പിന്നെ ക്രിസ്റ്റി ഇന്നൊരു ജോലിയുടെ ആവശ്യത്തിന് പോയതാ. കൊട്ടാരത്തിൽക്കാരുടെ ഓഫീസിലാ. കിട്ടിയാൽ മതിയായിരുന്നു

ആഹാ… പിജിയുടെ റിസൾട്ട്‌ വന്നിട്ടില്ലെങ്കിലും അവന്റെ സർട്ടിഫിക്കറ്റ്സ് ഒന്നും കണ്ടാൽ ആരും റിജക്റ്റ് ചെയ്യില്ല അമ്മച്ചി. അമ്മച്ചി ടെൻഷൻ ആവണ്ട.

അങ്ങനെ പറഞ്ഞ് കൊടുക്ക് ഇച്ചേച്ചി. ഈ മേരികുട്ടിക്ക് എപ്പോഴും ടെൻഷൻ ആണ്.

പോടാ.. നീ എപ്പോ വന്നു. എന്തായി പോയ കാര്യം.. അമ്മച്ചി ചോദിച്ചു

ഞാൻ വന്നിട്ട് കുറച്ചുനേരം ആയി. നിങ്ങൾ മുന്നിലെ വാതിലും തുറന്നിട്ട്‌ ഇവിടെ നിന്ന് കത്തിയല്ലേ. അതാ അറിയാഞ്ഞത്. പിന്നെ പോയകാര്യം ആ ജോലി ഈ ക്രിസ്റ്റഫറിന് സ്വന്തം..

കൺഗ്രാറ്റസ് മോനെ.. ജെനി അവനെ ഒന്ന് പുണർന്നുകൊണ്ട് പറഞ്ഞു.

താങ്ക്സ് ഇച്ചേച്ചി…

അമ്മച്ചിക്ക് സന്തോഷമായി മോനെ. അപ്പച്ചനും നല്ല സന്തോഷം ആവും ഇത് അറിയുമ്പോ..

ഹാ… അപ്പോഴേക്കും കണ്ണ് നിറഞ്ഞോ മേരിക്കുട്ടിയുടെ. ഇങ്ങനെ കണ്ണ് നിറക്കല്ലേ അമ്മച്ചി. ഈ കണ്ണ് അങ്ങാനും നിറഞ്ഞ് കണ്ടാൽ മാത്യുച്ചായന് സഹിക്കില്ല… അവരെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.

അപ്പനെ കേറി പേര് വിളിക്കുന്നോടാ അടി വാങ്ങും നീ… അവർ അവനെ തല്ലാൻ കൈ ഓങ്ങി കൊണ്ട് പറഞ്ഞു.

ഇച്ചേച്ചി എന്താ പെട്ടന്ന്…

ഇവൾക്ക് നാളെ സ്കാനിങ് ഉണ്ട്. നിന്റെ അളിയന് എന്തോ തിരക്ക്. അപ്പൊ എന്നെയോ നിന്നെയോ കൂട്ടി പോകാൻ വേണ്ടി വന്നതാണ്…

ആണോ.. എന്നാൽ നമുക്ക് നാല് പേർക്കും കൂടി പോകാം അമ്മച്ചി. ഇച്ചേച്ചിയുടെ സ്കാനിങ് കഴിഞ്ഞിട്ട് നമുക്ക് പുറത്തുനിന്ന് ഭക്ഷണം ഒക്കെ കഴിച്ചിട്ട് ഒന്നു കറങ്ങി വരാം. എനിക്ക് ജോലി കിട്ടിയ സന്തോഷത്തിൽ…

അപ്പച്ചൻ വരുമ്പോ പറഞ്ഞു നോക്കാം സമ്മതിക്കുമോന്ന് അറിയില്ല..

അതൊക്കെ ഈ ഇച്ചേച്ചി പറഞ്ഞാൽ സമ്മതിക്കും അമ്മച്ചി. അപ്പച്ചന് ഇപ്പോഴും ഇച്ചേച്ചി കഴിഞ്ഞിട്ടേ ഉള്ളൂ മറ്റാരും…

അയ്യടാ.. എന്താ അവന്റെ ഒരു കുശുമ്പ്..
അവർ അങ്ങനെ കളി പറഞ്ഞ് നിൽക്കുന്ന നേരത്താണ് മാത്യൂസ് വന്നത്. ക്രിസ്റ്റിയുടെ ജോലിയുടെ കാര്യം അറിഞ്ഞപ്പോൾ അയാൾക്കും സന്തോഷമായി. പിന്നെ നാളത്തെ കാര്യം പറഞ്ഞപ്പോ സമ്മതിച്ചില്ലെങ്കിലും ക്രിസ്റ്റി പറഞ്ഞതുപോലെ ജെനി പറഞ്ഞപ്പോ അയാൾ സമ്മതിച്ചു.

പിറ്റേന്ന് ക്രിസ്റ്റി പോയി അവന്റെ ഫ്രണ്ടിന്റെ കാർ എടുത്തിട്ട് വന്നു. അതിലാണ് അവർ എല്ലാവരും പോയത്. ക്രിസ്റ്റി അവരെ ഹോസ്പിറ്റലിനു മുന്നിൽ ഇറക്കി വിട്ടിട്ട് വണ്ടി പാർക്ക്‌ ചെയ്യാനായി പോയി. ആദ്യമേ സ്കാനിംഗിന് ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്ന കാരണം നേരെ അങ്ങോട്ടാണ് അവർ പോയത്. സ്കാനിങ് റൂമിന്റെ അവിടെ എത്തിയപ്പോൾ പെട്ടന്ന് ജെനി എവിടേക്കോ നോക്കി സ്റ്റക്ക് ആയി നിക്കുന്നത് മേരിയും മാത്യൂസും ശ്രദ്ധിച്ചത്. അവളുടെ മുഖം വിളറിവെളുത്തിരുന്നു. അവരും അവളുടെ കണ്ണുകൾ പോകുന്നിടത്തേക്ക് നോക്കി. അവിടെ കണ്ട കാഴ്ച്ച അവരെയും ഞെട്ടിക്കുന്നത് ആയിരുന്നു