22/04/2026

നിനക്കായ് : ഭാഗം 37

രചന – കണ്ണന്റെ മാത്രം

ജെനി കല്യാണത്തിന് സമ്മതിച്ച കാര്യം അന്ന അപ്പൊ തന്നെ എബിയെ വിളിച്ച് അറിയിച്ചു. അത് കേട്ടപ്പോൾ അവനും സന്തോഷമായി. അവനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഡേവിക്ക് നല്ലൊരു ജീവിതം ഉണ്ടായി കാണാൻ. അവനറിയാമായിരുന്നു ഡേവിയുടെ ആദ്യ വിവാഹം ആദ്യം മുതലേ നല്ല രീതിയിൽ ആയിരുന്നില്ല എന്ന്. ആ പെണ്ണിന്റെ സ്വഭാവം ചേട്ടായിക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല. എന്തിന് ആ കല്യാണത്തിന് നിർബന്ധം പിടിച്ച മമ്മിക്ക് വരെ അവരുടെ കല്യാണം കഴിഞ്ഞ് ഒരാഴ്ച ആവുമ്പോഴേക്കും മനസിലായി അവർ ഒരിക്കലും ചേട്ടായിക്ക് ചേർന്നതല്ല എന്ന്. പക്ഷേ അപ്പോഴേക്കും കല്യാണം കഴിഞ്ഞ് പോയില്ലേ. ചേട്ടായി എങ്ങനെ ആണാവോ രണ്ട് കൊല്ലം ആ താടകയുടെ കൂടെ ജീവിച്ചത്.. എബി ഇഷ്ടക്കേടോടെ ആലോചിച്ചു.

…………………

അന്ന് ഉച്ചക്ക് ജോസഫും വല്യപ്പച്ചനും വല്യമ്മച്ചിയും ഭക്ഷണം കഴിക്കാനായി ഇരുന്നു.

ത്രേസ്സ്യേ ആനി കഴിക്കാൻ വരുന്നില്ലേ വല്യപ്പച്ചൻ ചോദിച്ചു..

ഞാൻ വിളിച്ചു.  വേണ്ട എന്നാ പറയുന്നേ. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല അവൾ. ഇനി ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് എന്തേലും വരുത്തി വെക്കുമോ എന്നാ എന്റെ പേടി.

അവർ ഇതൊക്കെ പറഞ്ഞപ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്ന ഒരു വിഷയമേ അല്ല എന്നപോലെ ഇരിക്കുന്ന ജോസഫിനെ വല്യപ്പച്ചനും വല്യമ്മച്ചിയും ഒന്ന് നോക്കി. അയാൾ ആരെയും ശ്രദ്ധിക്കാതെ കഴിച്ചെഴുന്നേറ്റ് പോയി. വല്യപ്പച്ചനും വല്യമ്മച്ചിയും പരസ്പരം ഒന്ന്  നോക്കി. അവർക്ക് അറിയുന്നുണ്ടായില്ല ആരുടെ കൂടെ നിക്കണം എന്ന്..

……………..

അന്ന അന്ന് സ്കൂളിൽ നിന്ന് വന്നത് വളരെ സന്തോഷത്തോടെ ആണ്. അവൾ ഹാളിൽ എത്തിയതും അവിടെ ഇരിക്കുന്ന വല്യമ്മച്ചിയെ കണ്ട് ഓടിപ്പോയി കെട്ടിപ്പിടിച്ചു.

എന്താണ് കൊച്ചേ നിനക്ക് ഇത്രേം സന്തോഷം… വല്യമ്മച്ചി ചിരിയോടെ ചോദിച്ചു..

വല്യമ്മച്ചി ജെനി കല്യാണത്തിന് സമ്മതിച്ചു….

അന്നോ.. എന്റെ കർത്താവേ നിനക്ക് സ്തുതി. എനിക്ക് അറിയായിരുന്നു ആ കൊച്ച് ഈ ബന്ധത്തിന് സമ്മതിക്കും എന്ന്. ജാനിമോളോടുള്ള അതിന്റെ അടുപ്പം കണ്ടപ്പോ എനിക്ക് തോന്നിയിരുന്നു അതിന് ഇനി മോളെ പിരിയാൻ പറ്റില്ല എന്ന്. എന്റെ ജാനിമോളുടെ ഭാഗ്യം ആണ് ജെനിയെ പോലൊരു അമ്മ. എന്തായാലും നിന്റെ മമ്മിയോട് പറയട്ടെ. അവള് കാരണം അവന്റെ ജീവിതം തകർന്നെന്നും പറഞ്ഞ് ചില്ലറയല്ല ദെണ്ണപ്പെട്ടുകൂട്ടുന്നത്.

റീനേ… കൊച്ചേ.. വല്യമ്മച്ചി അവിടെ ഇരുന്നിട്ട് ഉറക്കെ വിളിച്ചു.

ദേ വരുന്നമ്മച്ചി.. വല്യമ്മച്ചിയുടെ വിളികേട്ടു റീനാമ്മയും കൂടെ റാണിയും എൽസിയും കൂടെ വന്നു.

എന്താ അമ്മച്ചി വിളിച്ചത്…

ദേ..നമ്മുടെ ജെനിമോള് കെട്ടിന് സമ്മതിച്ചു എന്ന്..

സത്യം ആണോ മോളെ.. റീനാമ്മ അന്നയോട് ചോദിച്ചു.

അതേ അമ്മച്ചി. അവള് പറഞ്ഞു ഇന്ന് അവൾക്ക് ഈ ബന്ധത്തിൽ വിരോധം ഇല്ലാന്ന്. അവൾക്ക് ജാനികുട്ടിയെ പിരിയാൻ പറ്റില്ല എന്ന്.

ഹോ.. സമാധാനം ആയി. അല്ല മോളെ ജെനിയുടെ വീട്ടുകാർക്ക് എങ്ങനെയാ.. റാണി ചോദിച്ചു.

അവർക്ക് കുഴപ്പം ഇല്ലാ. ജെനിക്ക് സമ്മതം ആണെങ്കിൽ അവർക്കും സമ്മതം എന്നാ അവളുടെ അപ്പച്ചനെ ഞാൻ രാവിലെ വിളിച്ചപ്പോൾ പറഞ്ഞത്. പിന്നെ അവൾ സമ്മതം പറഞ്ഞപ്പോ ഞങ്ങൾ വിളിച്ചിരുന്നു അപ്പൊ അപ്പച്ചനും സന്തോഷത്തിൽ തന്നെ ആയിരുന്നു.

ആണോ എന്തായാലും സമാധാനായി. ചേട്ടത്തീടെ സങ്കടം മാറി കിട്ടിയല്ലോ.. എൽസി പറഞ്ഞു.

ഇല്ലാ പിന്നെ ചേട്ടത്തീടെ മുഖം നോക്ക് എന്താ പ്രകാശിച്ചിരിക്കുന്നത് എന്ന്.. റാണിയും റീനയെ ഒന്ന് തട്ടികൊണ്ട് ഒരു കല്ലചിരിയോടെ പറഞ്ഞു.

ഒന്ന് പോ പെണ്ണേ.. അവർ റാണിയെ നോക്കി കണ്ണുരുട്ടികൊണ്ട് എന്നാൽ ചിരിയോടെ പറഞ്ഞു.

അല്ല അമ്മച്ചി ഇനി എങ്ങനെയാ ബാക്കി കാര്യങ്ങൾ.. എൽസി ചോദിച്ചു.

വൈകീട്ട് എല്ലാവരും കൂടുമ്പോ അവരുടെയും കൂടെ അഭിപ്രായം അറിഞ്ഞിട്ട് ചെയ്യാം നമുക്ക് എന്താ വേണ്ടത് എന്ന് വച്ചാൽ. എന്റെ ഒരു അഭിപ്രായത്തിൽ കെട്ട് അധികം നീട്ടികൊണ്ട് പോകേണ്ട എന്നാ. എന്തായാലും വൈകീട്ട് എല്ലാവരുടെയും അഭിപ്രായം അറിയാം.. വല്യമ്മച്ചി പറഞ്ഞു നിർത്തി..

എനിക്കും നീട്ടികൊണ്ട് പോകേണ്ട എന്ന് തന്നെ ആണ്. പിന്നെ ജെനിമോളുടെ വീട്ടുകാരുടെ താല്പര്യം കൂടി അറിയണമല്ലോ…
റീനാമ്മ പറഞ്ഞു.

മ്മ്.. എന്തായാലും വൈകീട്ട് എല്ലാവരോടും കൂടിയാലോചിച്ച് ജെനി മോളുടെ അപ്പച്ചനെ വിളിച്ച് അവർക്കും സൗകര്യം ഉള്ളൊരു ദിവസം അങ്ങോട്ട് പോകാം. എന്നിട്ട് തീരുമാനിക്കാം കെട്ടിനുള്ള ദിവസം ഒക്കെ..അന്നമോളെ പോയി കുളിച്ച് വന്നു ചായ ഒക്കെ കുടിക്ക്..

അയ്യോ ഈ സന്തോഷത്തിൽ അതങ്ങ് മറന്നു. മോള് കുളിച്ച് വാ മമ്മി ചായ എടുക്കാം..അതും പറഞ്ഞ് അവർ അടുക്കളയിലേക്കും അന്ന കുളിക്കാനായി റൂമിലേക്കും പോയി.

………….

ജെനി വീട്ടിൽ എത്തുമ്പോൾ അവളെ കാത്തെന്നപോലെ മാത്യൂസും മേരിയമ്മയും പുറത്ത് തന്നെ ഉണ്ടായിരുന്നു. അവൾ അവരുടെ അടുത്തേക്ക് എത്തിയതും മേരിയമ്മ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു..

അമ്മച്ചീടെ മോള് പൂർണമനസ്സോടെ തന്നെ അല്ലേ ഈ കെട്ടിന് സമ്മതിച്ചത്. അപ്പച്ചൻ പറഞ്ഞു നീ സമ്മതം പറഞ്ഞെന്ന്. എന്നാലും അമ്മച്ചിക്ക് നീ പറഞ്ഞ് അറിയണം എന്നൊരു ആഗ്രഹം.

ഞാൻ പൂർണ്ണമനസ്സോടെ നന്നായി ആലോചിച്ചാണ് അമ്മച്ചി സമ്മതം പറഞ്ഞത്… എന്റെ മേരിക്കുട്ടി വിഷമിക്കേണ്ട കേട്ടോ.. അവൾ അവരുടെ താടിൽ പിടിച്ച് കൊഞ്ചിച്ചുക്കൊണ്ട് പറഞ്ഞു.

അവർ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു.
അമ്മച്ചിക്ക് സന്തോഷായി മോളെ. എന്റെ മോൾക്ക് ഇനി നല്ലതേ വരൂ. കാലകേടൊക്കെ ഇങ്ങനെ കഴിഞ്ഞെന്ന് കരുതിയാ മതി.. അവർ കരച്ചിലോടെ പറഞ്ഞു.

ജെനിയും അവരെ തിരികെ മുറുക്കെ പുണർന്നു. അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. മാത്യു രണ്ടാളെയും ചേർത്തുപിടിച്ചു.

ഇതെന്താ വാതിൽപടിയിൽ തന്നെ കൂട്ടകെട്ടിപിടിത്തമോ അതും ഞാൻ ഇല്ലാതെയോ സമ്മതിക്കില്ല ഞാൻ… ജോലി കഴിഞ്ഞ് വന്ന ക്രിസ്റ്റി വാതിൽപടിയിൽ തന്നെ പരസ്പരം ചേർത്ത് പിടിച്ച് നിൽക്കുന്നവരെ കണ്ടപ്പോൾ സന്തോഷത്തോടെ അതുംപറഞ്ഞു ഓടി വന്ന് അവനും കൂടി ആ കൂട്ടത്തിൽ..

പോയി കുളിച്ച് വായോ രണ്ടെണ്ണവും. അമ്മച്ചി കാപ്പി എടുക്കാം. ഏത്തക്കാപ്പം ഉണ്ടാക്കിയിട്ടുണ്ട്. ചെല്ല്.. കുറച്ചുനേരം അങ്ങനെ നിന്നതും മേരിയമ്മ തന്നെ രണ്ടിനെയും ഓടിച്ചു കുളിക്കാനായി. അവരും അടുക്കളയിലേക്ക് പോയി.

………..

രാത്രി ഭക്ഷണത്തിനും ആനി കൂട്ടക്കാതെ ആയപ്പോൾ വല്യപ്പച്ചനും വല്യമ്മച്ചിക്കും ആകെ വിഷമായി. ഇന്നത്തെ ദിവസം മുഴുവൻ അവർ പട്ടിണി ആയിരുന്നു. ജോസഫിന് എന്നിട്ടും കുലുക്കം ഒന്നും ഇല്ലാ. പക്ഷേ ഇതിങ്ങനെ പോയാൽ ശരിയാവില്ല എന്ന് തോന്നിയ വല്യപ്പച്ചൻ ജോസഫിനോട് പറഞ്ഞു..

ജോസഫെ… ഞാൻ അലക്സിനെയും കുടുംബത്തെയും തിരികെ വിളിക്കാൻ തീരുമാനിച്ചു. എന്താ നിന്റെ അഭിപ്രായം….

ഞാൻ പറഞ്ഞല്ലോ അപ്പച്ചാ. അപ്പച്ചന് അപ്പച്ചന്റെ ഇഷ്ടം ചെയ്യാം എന്ന്. ഇന്നത്തെ വരെ അപ്പച്ചന്റെ ഒരു തീരുമാനത്തിനും ഞാൻ എതിര് നിന്നിട്ടില്ല. വിലകൽപ്പിക്കാതെ ഇരുന്നിട്ടും ഇല്ല.
ഇപ്പോഴും ഞാൻ അങ്ങനെ തന്നെ ആണ്. എന്റെ വാക്കിന് നിങ്ങൾ ആരും വില തന്നാലും ഇല്ലെങ്കിലും…

ജോസഫെ.. അങ്ങനെ അല്ലടാ..

വേണ്ട അപ്പച്ചാ.. വിശദീകരണം ഒന്നും വേണ്ട. കെട്ടി ഇത്രേം കൊല്ലം കൂടെ ജീവിച്ചവൾക്കും എന്നെ മനസിലാക്കാൻ പറ്റിയിട്ടില്ല ജനിപ്പിച്ച അപ്പനും അമ്മയ്ക്കും പറ്റിയിട്ടില്ല. വേണ്ട ആരും മനസിലാക്കണ്ട. എന്താന്ന് വച്ചാൽ ആയിക്കോ. ഇനി ഞാൻ സമ്മതിക്കാത്തത് കൊണ്ട് ആരും പട്ടിണി കിടക്കണ്ട. അയാൾ അവരുടെ റൂമിന്റെ വാതിൽ പടിയിൽ നിൽക്കുന്ന ആനിയമ്മയെയും വല്യപ്പച്ഛനേം വല്യമ്മച്ചിയേയും നോക്കി പറഞ്ഞുകൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു.
ആ പിന്നെ ഒരു കാര്യം ആരെ വേണേ വിളിച്ച് കേറ്റിക്കൊ. പക്ഷേ ഒരാളും എന്റെ അടുത്ത് അവന് വേണ്ടി വക്കാലത്തും കൊണ്ട് വരണ്ട. അങ്ങനെ ആരെങ്കിലും വന്നാൽ അതോടെ അയാളും ആയിട്ടുള്ള സകല ബന്ധവും ഞാൻ അവസാനിപ്പിക്കും… ആനിയമ്മയെ തറപ്പിച്ച് നോക്കി അത്രയും പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും പോയി.

ജോസഫ് അങ്ങനെ ഒക്കെ പറഞ്ഞതും വല്യപ്പച്ചനും വല്യമ്മച്ചിക്കും വിഷമം ആയി. വല്യപ്പച്ചൻ ആനിയെ നോക്കികൊണ്ട്‌ പറഞ്ഞു.

നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് നീ സങ്കടപ്പെടുന്നത് കണ്ടപ്പോൾ എന്റെ കൊച്ചനെ വിഷമിപ്പിച്ചിട്ടായാലും ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഈ തീരുമാനം കൊണ്ട് എന്തൊക്കെ ഉണ്ടായാലും അത് അവരെ ഇങ്ങോട്ട് കൊണ്ടുവരണം എന്നാഗ്രഹിച്ചവർ തന്നെ അനുഭവിച്ചോണം. അപ്പൊ ഒരാളും പരാതിയും കൊണ്ട് വരരുത്.. കേട്ടല്ലോ.. അയാൾ ആനിയെയും വല്യമ്മച്ചിയേയും നോക്കി പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോയി.
വല്യമ്മച്ചിയും അവരെ ഒന്ന് നോക്കികൊണ്ട്‌ അടുക്കളയിലേക്ക് പോയി. അവർക്ക് അപ്പോൾ അറിയില്ലായിരുന്നു ഇനിയുള്ള ജീവിതത്തിൽ അനുഭവിക്കാൻ പോകുന്ന ഒറ്റപ്പെടലിന്റെ ആരംഭം ആണ് അതെന്ന്.

……………

കൊട്ടാരത്തിൽ തറവാട്ടിൽ അത്താഴം എല്ലാം കഴിഞ്ഞ് എല്ലാവരും കൂടി ഇരിക്കുമ്പോൾ ആണ് വല്യമ്മച്ചി സംസാരത്തിന് തുടക്കം കുറിച്ചത്.

എനിക്ക് നിങ്ങൾ എല്ലാവരോടും ഒരു സന്തോഷവാർത്ത പറയാനുണ്ട്… വല്യമ്മച്ചി പറഞ്ഞു.

എന്താ അമ്മച്ചി ജെയിംസ് ചോദിച്ചു.

നമ്മുടെ ജെനിമോള് ഈ കെട്ടിന് സമ്മതിച്ചിട്ടുണ്ട്. കൊച്ചിന്റെ വീട്ടുകാർക്കും സമ്മതക്കുറവൊന്നും ഇല്ല…

ആഹാ.. അതുകലക്കിലോ അപ്പൊ ജെനിചേച്ചി ഞങ്ങളുടെ വല്യേട്ടത്തി ആവും അല്ലേ. ചേച്ചിയെ പരിചയപ്പെട്ടപ്പോൾ ഞങ്ങൾ ആഗ്രഹിച്ചതാ ഇങ്ങനെ ഒരു ചേച്ചി മതിയായിരുന്നു വല്യേട്ടത്തി ആയിട്ടെന്ന്… അല്ലേടി.. അലൻ അത് പറഞ്ഞുകൊണ്ട് ദിയയോട് ചോദിച്ചു.

അത് ശരിയാ.. എല്ലാവരോടും എന്തൊരു സ്നേഹാ ആ ചേച്ചിക്ക്. നമുക്ക് എത്രേം പെട്ടന്ന് ഈ കല്യാണം നടത്തണം.. ദിയ ഉത്സാഹത്തോടെ പറഞ്ഞു.

ആ അത് പറയാൻ തന്നെയാ പോകുന്നത്. അതിന് മുൻപ് ഡേവി നിനക്ക് ഈ കെട്ടിന് സമ്മതം അല്ലേ… വല്യമ്മച്ചി ഡേവിയോടായി ചോദിച്ചു.

എനിക്ക് വിരോധം ഒന്നുമില്ല വല്യമ്മച്ചി. അയാൾക്ക് എന്റെ മോൾക്ക് നല്ലൊരു അമ്മയാവാൻ കഴിയും എന്ന് നിങ്ങൾക്ക് ഉറപ്പുണ്ട് ഇതുവരെ കണ്ടോടുത്തോളം എനിക്കും തോന്നുന്നുണ്ട്. അപ്പൊ പിന്നെ എനിക്ക് പ്രശ്നം ഒന്നും ഇല്ല.. ഡേവി പറഞ്ഞു.

എങ്കിൽ ജോണേ നീ അന്നമോളുടെ കൈയിൽ നിന്നും മാത്യൂസിന്റെ നമ്പർ വാങ്ങിയിട്ട് ഇപ്പൊ തന്നെ ഒന്ന് വിളിക്ക് അവരുടെ അഭിപ്രായം കൂടി അറിയണ്ടേ. പിന്നെ ശനിയാഴ്ച പോകാം നമുക്ക് ജെനിമോളെ കാണാൻ.  അതാവുമ്പോ എല്ലാവർക്കും ലീവ് അല്ലേ.. അതും കൂടി അവരോടൊന്ന് ചോദിക്ക് ജോണേ. അന്നവർക്ക് വല്ല അസൗകര്യവും ഉണ്ടോന്ന്..

ജോൺ അപ്പൊ തന്നെ അന്നയുടെ കൈയിൽ നിന്നും നമ്പർ വാങ്ങി മാത്യുവിനെ വിളിച്ചു.. വിളിച്ച കാര്യവും മറ്റും ജോൺ പറഞ്ഞു. ഈ ബന്ധത്തിന് അവർക്കും സമ്മതക്കുറവൊന്നും ഇല്ലാന്ന് മാത്യുവും പറഞ്ഞു.

എങ്കിൽ പിന്നെ ഞങ്ങൾ ഈ ശനിയാഴ്ച മോളെ കാണാൻ അങ്ങോട്ട് വന്നാലോ എന്ന് ആലോചിക്കാണ്. നിങ്ങൾക്ക് അന്നേക്ക് അസൗകര്യം എന്തേലും ഉണ്ടോ.. ജോൺ ചോദിച്ചു.

ഏയ്യ്.. കുഴപ്പം ഇല്ലാ. അന്നാവുമ്പോ ശനിയാഴ്ച ആയതുകൊണ്ട് എല്ലാവർക്കും വരാനും സൗകര്യം ആവുമല്ലോ.. അത് മതി.

എങ്കിൽ അന്ന് ഒരു 10 മണി ഒക്കെ ആവുമ്പോഴേക്കും ഞങ്ങൾ അങ്ങോട്ട് എത്താം..

ശരിയെന്നാൽ അപ്പൊ ശനിയാഴ്ച കാണാം..

മാത്യൂസ് ഫോൺ വച്ച് എല്ലാവരെയും നോക്കിയിട്ട് ജോൺ വിളിച്ചത് എന്തിനാണെന്നും അവർ ശനിയാഴ്ച വരുന്നതും പറഞ്ഞു..

അപ്പച്ചാ ഇതിപ്പോ ഇത്ര പെട്ടന്ന്.. ജെനിക്ക് ആകെ പരവേശം ആയി.

പെട്ടന്ന് ആയിക്കോട്ടെ ഇച്ചേച്ചി എനിക്ക് എപ്പോ വേണമെങ്കിൽ ട്രൈനിങ്ങിന് ജോയിൻ ചെയ്യാനുള്ള വിളി വരും അപ്പൊ അതിനും മുൻപ് ആയിക്കോട്ടെ എല്ലാം…

മ്മ്.. അതിന് അവൾ ഒന്ന് മൂളി.

എല്ലാവരെയും വിളിക്കണം. മോളെ ജോസഫിനെ വിളിക്കണ്ടേ. ഞാൻ വിളിക്കണോ അതോ മോള് വിളിക്കുമോ..

അത് ഞാൻ വിളിക്കാം അപ്പച്ചാ… പപ്പയെ ഇന്ന് എന്തായാലും ഞാൻ വിളിക്കാൻ ഇരിക്കായിരുന്നു. എന്തോ കുറച്ചു ദിവസം ആയിട്ട് പപ്പ ആകെ വല്ലാതെ ആണ് ഇരിക്കുന്നത് അതും ചോദിക്കണം….

ആ എങ്കിൽ മോള് വിളിച്ചോ..ബാക്കി ഉള്ള ബന്ധുക്കളെ എല്ലാവരെയും ഞാൻ വിളിച്ചോളാം.

ജെനി റൂമിലേക്ക് പോയി ഫോൺ എടുത്ത് ജോസഫിനെ വിളിച്ചു..

എന്താ മോളെ ഈ നേരത്തൊരു വിളി… അയാൾ ഫോൺ എടുത്തതും ചോദിച്ചു.

പപ്പേ ഈ വരുന്ന ശനിയാഴ്ച ഒന്ന് ഇങ്ങോട്ട് വരുമോ..

എന്താ മോളെ കാര്യം.. അയാൾ ആശങ്കയോടെ ചോദിച്ചു.

അപ്പൊ ജെനി പ്രൊപോസൽ വച്ചതും ജാനിമോളുടെ കാര്യവും കല്യാണത്തിന് സമ്മതിച്ചതും അവർ ശനിയാഴ്ച വരുന്നതും ഒക്കെ പറഞ്ഞു.

നല്ല കാര്യം മോളെ. നിന്റെ ജീവിതത്തിനെ കുറിച്ച് ആലോചിച്ചായിരുന്നു പപ്പക്ക് ആശങ്ക മുഴുവൻ. പപ്പക്ക് സന്തോഷം ആയി. എന്തായാലും പപ്പ വരണ്ട് ശനിയാഴ്ച. എന്റെ മോളുടെ ജീവിതത്തിലെ ഒരു നല്ല കാര്യത്തിന്റെ ആരംഭം അല്ലേ. പപ്പ എന്തായാലും അവിടെ ഉണ്ടാവും.

മ്മ്.. അതിന് ജെനി ഒന്ന് മൂളി. പിന്നെ ചോദിച്ചു.
പപ്പേ എന്താ കുറച്ചു ദിവസം ആയിട്ട് ആകെ വല്ലാതെ ആണല്ലോ. പപ്പക്ക് എന്തേലും ടെൻഷൻ ഉണ്ടോ.

അതുകേട്ടപ്പോ അയാൾ കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ അവിടെ തറവാട്ടിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു..

എന്നിട്ട് പപ്പ എന്ത് തീരുമാനിച്ചു.. എല്ലാം കേട്ടതിന് ശേഷം ജെനി ചോദിച്ചു.

അവരെ വീട്ടിൽ കേറ്റിക്കോളാൻ പറഞ്ഞു മോളെ. ഒന്നാലോചിക്കുമ്പോൾ അവർ ഇവിടെ നിക്കുന്നത് നല്ലതാ. ആനിയും എന്റെ അമ്മച്ചിയും ഒക്കെ മോന്റെയും അവന്റെ പുതിയ ഭാര്യയുടെയും സ്വഭാവം നന്നായി മനസിലാക്കട്ടെ. അവര് കുറച്ചു പഠിക്കാനുണ്ട്. അതിന് ഇതാ നല്ലത്. വല്ലപ്പോഴും കാണുമ്പോൾ അവർക്ക് മനസിലാവില്ലല്ലോ സ്വഭാവം ഒന്നും. അപ്പൊ ഈ സ്നേഹം അങ്ങനെ നിലനിൽക്കും. അതില്ലാതെ ആകണമെങ്കിൽ അവർ ഒരുമിച്ച് നിക്കട്ടെ.. അപ്പൊ ശരിക്ക് മനസിലായിക്കോളാം നഷ്ടപ്പെട്ടതിന്റെ മൂല്യം..

മ്മ്…പപ്പാ എന്തായാലും വെറുതെ ടെൻഷൻ ആവാൻ നിക്കണ്ട. ഞാൻ പിന്നെ വിളിക്കാം. ശനിയാഴ്ച രാവിലെ വരണേ..

വരാം മോളെ.. എന്നാൽ മോള് വച്ചോ. നാളെ സ്കൂൾ ഉള്ളതല്ലേ..

ശരി പപ്പേ.. അതും പറഞ്ഞ് ജെനി ഫോൺ വച്ചു.