The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
കുറച്ച് കഴിഞ്ഞ് ആൽവി റൂമിലേക്ക് വരുമ്പോൾ കാണുന്നത് ആകെ ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന ആൻസിയെ ആണ്.
എന്താ ആൻസി പ്രശ്നം. നീ എന്താ ആകെ ദേഷ്യപ്പെട്ട് നിൽക്കുന്നത്..
അവൻ ആ ഡേവി അവനാണ് എന്റെ പപ്പയെ ഇല്ലാതെ ആക്കിയത്… അത് പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും വീങ്ങിയിരുന്നു..
എന്താ നീ പറയുന്നത് ഡേവി നിന്റെ പപ്പയെ ഇല്ലാതാക്കിയെന്നോ. അപ്പൊ അങ്കിളിന്റെ മരണം ഒരു ആക്‌സിഡന്റ് അല്ല എന്നാണോ നീ പറയുന്നത്.
അതേ അവൻ വിളിച്ചിരുന്നു ആ ഡേവി.. അവൻ ആണ് പറഞ്ഞത് അവന്റെ പെണ്ണിനെ തൊടാൻ നോക്കിയതിന് അവൻ ആണ് പപ്പയെ ഇല്ലാതാക്കിയത് എന്ന്…
ഇനിയെനിക്ക് അവനെ വേണ്ട ആൽവി. പക്ഷേ അവൻ സന്തോഷത്തോടെ ജീവിക്കാൻ പാടില്ല. അവന്റെ ആ പെണ്ണിനേയും ആ നരുന്ത് പോലത്തെ കുഞ്ഞിനേയും ഇല്ലാതെ ആക്കണം
അവരുടെ വേർപാടിൽ അവൻ അലറികരയണം… ആൻസി പകയോടെ മുരണ്ടു.
ആൻസി എന്തായാലും ഇപ്പൊ ഒന്നിനും ഇറങ്ങി പുറപ്പെടേണ്ട. ചേട്ടായി വരട്ടെ എന്തിനും. ആദ്യമേ ചേട്ടായി പറഞ്ഞതാണ് ഒന്നിനും എടുത്ത് ചാടരുത് എന്ന്. അപ്പൊ നിനക്ക് കേൾക്കാൻ വയ്യ. ഇപ്പൊ സ്വന്തം പപ്പയെ തന്നെ കുരുതി കൊടുത്തപ്പോൾ നിനക്ക് സമാധാനം ആയോ. എന്തായാലും ഇത്രത്തോളം ആയില്ലേ. ഇനിയിപ്പോ കുറച്ചു ദിവസം കൂടി അല്ലേ. ചേട്ടായി ഇങ്ങോട്ട് എത്തിക്കോട്ടേ എന്നിട്ട് നമുക്ക് എന്താണെങ്കിൽ ചെയ്യാം.
മ്മ്…. എന്തായാലും അവരെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല. ഇതിനുള്ളത് ഒക്കെ എണ്ണിയെണ്ണി പകരം ചോദിക്കും ഞാൻ അവന്റെ ഒരു എന്റെ പെണ്ണ്.. ഹും.. ആൻസി പുച്ഛത്തോടെ പറഞ്ഞു.
……………….
രണ്ട് ദിവസങ്ങൾ പെട്ടന്ന് കടന്നുപോയി. നാളെയാണ് ഡേവിയുടെയും ജെനിയുടെയും കല്യാണം. ഇന്ന് ചെറിയ രീതിയിൽ മധുരംവെപ്പും കാര്യങ്ങളും രണ്ടു വീട്ടിലും നടന്നു. ചിറയത്തു നിന്ന് ജോസഫ് മാത്രം ആണ് ജെനിയുടെ വീട്ടിലേക്ക് വന്നത്. നാളെ കല്യാണത്തിന് വല്യപ്പച്ചനും വല്യമ്മച്ചിയും കൂടി വരുന്നുണ്ട്. ആനിയമ്മക്ക് ഇപ്പോഴും ഒരു തടസ്സം പോലെ ഉണ്ട് എല്ലാവരോടും സംസാരിക്കാൻ. അത് കൊണ്ട് അവർ ഇല്ലാന്ന് പറഞ്ഞു. അലക്സിനോടും സോഫിയോടും പിന്നെ ആരും ഒന്നും പറഞ്ഞില്ല. പരിപാടിയെല്ലാം കഴിഞ്ഞ് ജോസഫ് തറവാട്ടിൽ എത്തുമ്പോൾ എല്ലാവരും അത്താഴം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
ജോസഫെ നീ കഴിക്കുന്നുണ്ടോ.. വല്യമ്മച്ചി ചോദിച്ചു.
ഇല്ല അമ്മച്ചി ഞാൻ കഴിച്ചതാണ്. ഇനിയൊന്ന് കുളിച്ച് കിടന്നാൽ മതി.. അയാൾ പറഞ്ഞു.
നിനക്ക് കിടക്കാൻ ധൃതി ഇല്ലെങ്കിൽ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു… വല്യപ്പച്ചൻ പറഞ്ഞു.
അപ്പച്ചൻ കഴിച്ച് കഴിഞ്ഞിട്ട് വായോ അപ്പോഴേക്കും ഞാൻ കുളിച്ചിട്ട് വരാം..
അതും പറഞ്ഞ് അയാൾ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് അയാൾ വരുമ്പോൾ വല്യപ്പച്ചനും വല്യമ്മച്ചിയും അവിടെ ഇരിക്കുന്നുണ്ട്. അയാൾ അങ്ങോട്ട് ചെന്നതും ആനിയമ്മയും വന്നു. അതിന് പിന്നിലായി അലക്സും സോഫിയും വന്നു.
അവർ വന്നപ്പോൾ ഇഷ്ടപെടാത്ത രീതിയിൽ ജോസഫ് അവരെ ഒന്ന് നോക്കികൊണ്ട് വല്യപ്പച്ചനോടായി ചോദിച്ചു..
എന്താ അപ്പച്ചാ കാര്യം..
ജെനിമോളുടെ കല്യാണം ആയിട്ട് നമ്മൾ എന്താ ചെയ്യുന്നത്. നീ എന്തെങ്കിലും കരുതിയിട്ടുണ്ടാവും എന്ന് എനിക്കറിയാം. എന്നാലും ഒന്നറിയാൻ വേണ്ടി ചോദിച്ചതാ…
അപ്പച്ചാ ഞാൻ ഒരു പത്തുലക്ഷം അവളുടെ പേരിൽ ഫിക്സഡ് ഇട്ടിട്ടുണ്ട്. അതിന്റെ പാസ്സ്‌ബുക്കും കാര്യങ്ങളും അവളെ ഏൽപ്പിക്കണം…
പത്തുലക്ഷമോ… എന്തിനാ ഇത്രയും രൂപ ഒക്കെ അവൾക്ക് കൊടുക്കുന്നെ… സോഫിയുടെ ചോദ്യം കേട്ട എല്ലാവരും എന്തിന് അലക്സ് അടക്കം ഞെട്ടിപ്പോയി. അവൻ പകപ്പോടെ സോഫിയുടെ മുഖത്തേക്ക് നോക്കിപ്പോയി.
എന്താ.. എന്താ പറഞ്ഞേ.. ജോസഫ് അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
അല്ല ഇത്രയും അധികം കാശൊക്കെ അവൾക്ക് കൊടുക്കേണ്ട കാര്യം ഉണ്ടോ. ഇപ്പൊ നമ്മളും ആയി അവൾക്ക് ബന്ധം ഒന്നും ഇല്ലല്ലോ.. സോഫി പേടിയോടെ ആണെങ്കിലും പറഞ്ഞു.
ജെനിയുമായി ബന്ധം ഉണ്ടോ ഇല്ലയോ എന്ന് നീ ആണോ തീരുമാനിക്കുന്നത്. പിന്നെ പൈസ കൊടുക്കുന്ന കാര്യം. ഞാൻ നിന്റെ കൂടെ ഉള്ളവന്റെയോ നിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന കാശൊ അല്ലല്ലോ കൊടുക്കാൻ പോകുന്നത് ഞാൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയ കാശ് അല്ലേ അത് എന്ത് ചെയ്യണം ചെയ്യണ്ട എന്ന് പറയാൻ നീ ആരാ. വലിഞ്ഞു കയറി വന്നവർ ഒക്കെ ആ ഇടത്ത് നിന്നാൽ മതി. ഭരണം വേണ്ട.. കേട്ടല്ലോ.. അയാൾ ഗൗരവത്തോടെ പറഞ്ഞു.
ഞാൻ നിങ്ങളുടെ മകന്റെ ഭാര്യ അല്ലേ അപ്പൊ എനിക്ക് അഭിപ്രായം പറഞ്ഞുകൂടേ.. അപമാനിതയായതിന്റെ ദേഷ്യത്തിൽ സോഫി ദേഷ്യത്തോടെ ഉറക്കെ ചോദിച്ചു.
ഒന്നാമത്തെ കാര്യം ഏതോ ഒരുത്തി അവന്റെ കൂടെ വലിഞ്ഞുകയറി താമസിക്കുന്നുണ്ട്. അത് ഭാര്യാണോ മറ്റു വല്ലതും ആണോ എന്ന് എനിക്കറിയില്ല. പിന്നെ രണ്ടാമത്തെ കാര്യം എനിക്ക് അങ്ങനെ ഒരു മകനേ ഇല്ല അപ്പോഴാണ് മകന്റെ കൂടെ ഉള്ളവൾ… ജോസഫ് ഗൗരവത്തിൽ എന്നാൽ ശാന്തമായി പറഞ്ഞു.
ജോസഫ് റൂമിലേക്ക് പോകാനായി എഴുന്നേറ്റു പിന്നെ സോഫിയെ നോക്കി പറഞ്ഞു.. കുറച്ച് ദിവസം മുൻപ് പറഞ്ഞത് ഞാൻ ഒരിക്കൽ കൂടി പറയുകയാണ് മര്യാദക്ക് സംസാരിക്കാമെങ്കിൽ മാത്രം ഇവിടെ താമസിക്കാം ഇല്ലെങ്കിൽ പിടിച്ച് പുറത്താക്കും ഞാൻ. പിന്നെ ആര് ചാവാൻ കിടക്കുന്നു എന്ന് പറഞ്ഞാലും തിരിച്ച് ഇങ്ങോട്ട് ഒരു കയറ്റം പ്രതീക്ഷിക്കരുത്.. അവസാന വാചകം ആനിയമ്മയെ നോക്കി ആണ് ജോസഫ് പറഞ്ഞത്..
അയാൾ പോയി പിന്നാലെ തന്നെ വല്യപ്പച്ചനും വല്യമ്മച്ചിയും എഴുന്നേറ്റ് റൂമിലേക്ക് പോയി. ആനിയമ്മയും അവരുടെ റൂമിലേക്ക് പോയി. അലക്സും സോഫിയും മാത്രം ആ ഹാളിൽ ബാക്കി ആയി.
നിങ്ങടെ അപ്പൻ ഇത്രയൊക്കെ എന്നോട് പറഞ്ഞിട്ടും നിങ്ങൾക്ക് ഒന്നും പറയാൻ ഇല്ലേ… സോഫി ദേഷ്യത്തോടെ അലക്സിനോട് അലറി..
ശൂ… പതുക്കെ നിന്റെ വായ മിണ്ടാതെ ഇരിക്കാത്തതിന് ആണ് നിനക്ക് കിട്ടിയത്. അതിന് ഞാൻ എന്ത് ചെയ്യാനാ. പിന്നെ ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ ഒന്നും ഇല്ല നമ്മുടെ കൈയിൽ അത് എപ്പോഴും ഓർമ വേണം. നീ കാരണം നമുക്ക് ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാൽ അന്ന് തീരും നമ്മൾ തമ്മിൽ ഉള്ള ബന്ധവും… കേട്ടല്ലോ.. അലക്സ് അവളോട് ദേഷ്യത്തോടെ ശബ്ദം കുറച്ച് പറഞ്ഞു കൊണ്ട് പതുക്കെ നടന്ന് റൂമിലേക്ക് പോയി..
സോഫി അവസാനം അലക്സ് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി. എന്ത് നിസാരമായാണ് അവൻ തന്നെ ഉപേക്ഷിക്കും എന്ന് പറഞ്ഞത്. അയാളുടെ കാല് റെഡി ആയാൾ എത്രയും പെട്ടന്ന് ഞങ്ങളുടെ കെട്ട് നിയമപരമാക്കണം. അല്ലെങ്കിൽ ഇയാൾ ഉപേക്ഷിച്ചാൽ ഞാൻ പെരുവഴിയിൽ ആവും.. അവൾ മനസ്സിൽ ചിന്തിച്ചു.
…………….
അന്നത്തെ രാത്രിയിലെ ആഘോഷങ്ങളും മറ്റും കഴിഞ്ഞ് കൊട്ടാരത്തിൽ തറവാട്ടിൽ എല്ലാവരും ഉറങ്ങാനായി റൂമികളിലേക്ക് ചേക്കേറി.
ഡേവിക്ക് എന്തോ കിടന്നിട്ട് ഉറക്കം വരുന്നുണ്ടായില്ല. അവന്റെ ഉള്ള് ഇങ്ങനെ സന്തോഷം കൊണ്ട് നിറഞ്ഞുകവിയുകയാണ്. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച അവന്റെ സ്വപ്നമാണ് നാളെ നടക്കാൻ പോകുന്നത്. വേറെ ഒന്നും വേണ്ട അവൾ തന്റെ കൂടെ ഉണ്ടായാൽ മാത്രം മതി.. അവൻ ആലോചിച്ചു.. അവന് എന്തോ ജെനിയെ വിളിക്കണം എന്ന് തോന്നി. അവൻ വേഗം ഫോൺ എടുത്ത് ജെനിയെ വിളിച്ചു.
മധുരംവെപ്പും ബാക്കി ചടങ്ങുകളും കഴിഞ്ഞ് കിടക്കാൻ വന്നപ്പോൾ ആണ് അവളുടെ ഫോൺ ബെല്ലടിക്കുന്നത് ജെനി കേട്ടത്. എടുത്ത് നോക്കിയപ്പോൾ ഡേവി ആണ്. ആ പേര് കണ്ടപ്പോൾ തന്നെ അവളിൽ ഒരു വിറയൽ വന്നു.
അവൾ ഫോൺ എടുത്ത് മിണ്ടാതെ നിന്നു..
കൊച്ചേ… അവൻ പതിയെ വിളിച്ചു.
മ്മ്.. അതിന് ജെനി ഒന്നു മൂളി.
അവിടത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞില്ലേ. കിടക്കാറായില്ലേ.. അവൻ ചോദിച്ചു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു. ഞാൻ കിടക്കാൻ റൂമിലേക്ക് വന്നപ്പോൾ ആണ് ഫോൺ ബെല്ലടിക്കുന്നത് കണ്ടത്. മോളുറങ്ങിയോ.. അവൾ ചോദിച്ചു.
മ്മ്.. ഇന്ന് നേരത്തെ ഉറങ്ങി. ഇവിടെ നല്ല മേളം ആയിരുന്നു പകൽ ഒക്കെ. രാത്രി ആയപ്പോഴേക്കും ആളങ്ങ് ക്ഷീണിച്ചു. അതുകാരണം വേഗം ഉറങ്ങി… ഡേവി പറഞ്ഞു.
പിന്നെ എന്താ പറയേണ്ടത് എന്ന് രണ്ടാൾക്കും അറിയില്ലായിരുന്നു. കുറച്ചുനേരം ഇരുവരും മിണ്ടാതെ നിന്നു.
എന്നാൽ കൊച്ച് ഉറങ്ങിക്കോ.. നാളെ നേരത്തെ എഴുന്നേൽക്കണ്ടത് അല്ലേ..
ശരി.. ജെനി വേഗം ഫോൺ വച്ചു അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്.
ഈ സമയം ജെനിയുടെ ശ്വാസം പിടിച്ചുവച്ചിട്ടുള്ള നിൽപ്പ് മനസ്സിൽ കണ്ടതുപോലെ ഒരു ചിരി വിരിഞ്ഞു ഡേവിയിൽ. കുറച്ചുനേരം കൂടി അങ്ങനെ നിന്ന് കിടക്കാൻ വേണ്ടി നിൽക്കുന്ന നേരത്താണ് അവന്റെ ഫോൺ ബെല്ലടിക്കുന്നത്. അതിൽ തെളിയുന്ന പേര് കണ്ടതും നല്ലൊരു മനോഹരമായ ചിരി വിരിഞ്ഞു അവന്റെ മുഖത്ത്. അവൻ വേഗം കാൾ എടുത്തു.
എന്താണ് മണവാളന് ഉറക്കം ഒന്നുമില്ലേ. ഇന്ന് ഇങ്ങനെ ഉറക്കം ഒഴിച്ചാൽ നാളത്തെ കാര്യങ്ങൾ ഒക്കെ വെള്ളത്തിൽ ആവും കല്യാണചെക്കാ.. ഡേവി ഫോൺ എടുത്തതും മറുഭാഗത്ത് നിന്ന് അവനെ കളിയാക്കികൊണ്ടുള്ള സംസാരം കേട്ടു.
നീ വഷളത്തരം പറയാൻ ആണോ ഈ നേരത്ത് വിളിച്ചത്.. ഡേവി കപട ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ എന്ത് വഷളത്തരം പറഞ്ഞു. നാളെത്തെ കെട്ട് കൊളമാവും എന്നല്ലേ പറഞ്ഞത്. അല്ലാതെ ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചില്ല. സത്യം പറ നീ എന്താ ഉദ്ദേശിച്ചത്.. അവിടെ നിന്ന് നിഷ്കു രീതിയിൽ ഉള്ള മറുചോദ്യം വന്നു.
ദേ.. മോനേ വെറുതെ എന്നെ ചൊറിയാൻ വരണ്ട. നീ ആയിട്ട് ഒരു കച്ചോടം ഇല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള ഒരു ദിവസമായിട്ട് നിനക്ക് വരാൻ തോന്നിയില്ലല്ലോ.. ഡേവി കെറുവോടെ പറഞ്ഞു.
ഹാ.. അങ്ങനെ പറയല്ലേടാ.. നിനക്ക് അറിയില്ലേ ഇവിടത്തെ സിറ്റുവേഷൻ. ഇതൊക്കെ ഒതുക്കി എത്രേം പെട്ടന്ന് നാട്ടിൽ എത്താൻ നോക്കിയതാ പക്ഷേ പറ്റിയില്ല. സാരമില്ല ഞാൻ നാട്ടിൽ വരുമ്പോ കണ്ടുകൊള്ളാം നിന്റെ മാലാഖ പെണ്ണിനെ.. അയാൾ വിഷമത്തോടെ പറഞ്ഞു.
ഏയ്യ് സെന്റി ആവല്ലേ കുട്ടാ.. ഞാൻ ചുമ്മാ പറഞ്ഞതാ. നമുക്ക് നീ നാട്ടിൽ വന്നിട്ട് കൂടാം..
ശരി എന്നാൽ മണവാളൻ ചെന്ന് കിടന്ന് ഉറങ്ങ്. അല്ലെങ്കിൽ നാളെത്തെ കാര്യം… അയാൾ ഒരു ആക്കി ചിരിയോടെ പറഞ്ഞു.
ഡേയ് ഡേയ്.. വേണ്ട വേണ്ട.. ഇവിടെ മനുഷ്യന് ഒരു ഉമ്മ കിട്ടണമെങ്കിൽ തന്നെ മാസങ്ങൾ എടുക്കും എന്നാ തോന്നുന്നേ അമ്മാതിരി വിറയൽ ആണ് അവൾക്ക് എന്റെ ശബ്ദം കേൾക്കുമ്പോൾ പോലും..
ഹഹഹ.. അപ്പൊ ചുരുക്കി പറഞ്ഞാൽ ഉണക്കമീൻ തലക്ക് വച്ച് കിടക്കുന്ന പൂച്ചയുടെ അവസ്ഥ ആവും നാളെ മുതൽ നിന്റെ അല്ലേ … അത് പറഞ്ഞു അയാൾ പിന്നെയും ചിരിച്ചു.
വച്ചിട്ട് പോടാ തെ… ഡേവി കെർവിച്ചു കൊണ്ട് ഫോൺ വച്ചു. പിന്നെ ഒരു ചിരിയോടെ അവനെ കുറിച്ച് ആലോചിച്ചു. പിന്നെ അതേ ചിരിയോടെ കിടക്കാനായി പോയി..