രചന – കണ്ണന്റെ മാത്രം
ആരാ ഇത്… തന്റെ കണ്ണുപൊത്തിയ കൈകളിൽ തൊട്ടുക്കൊണ്ട് ജെനി ആദ്യം പറഞ്ഞു. പിന്നെ നന്നായി ഒന്ന് പിടിച്ചു നോക്കിയപ്പോൾ അവൾക്ക് ആളെ മനസിലായതുപോലെ അവളുടെ ചുണ്ടുകൾ വിതുമ്പി. പൊത്തിപിടിച്ച കൈകളിൽ കണ്ണുനീർ ആയപ്പോൾ ആണ് അവൻ കൈവിട്ട് അവളെ തന്റെ നേരെ തിരിച്ച് നിർത്തിയത്..
എന്താ ഇച്ചേച്ചി ഇത്.. ഞാൻ വന്നതിന് കരയുകയാണോ വേണ്ടത്.. അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് കളിയോടെ പറഞ്ഞു..
ക്രിസ്റ്റി മോനേ.. എത്ര നാളായെടാ നിന്നെ ഒന്ന് കണ്ടിട്ട്.. ജെനി സങ്കടത്തോടെ പറഞ്ഞു..
ഇച്ചേച്ചി ഇങ്ങനെ സങ്കടപ്പെടല്ലേ. വരുമ്പോഴും പോകുമ്പോഴും ഉള്ള ഈ സങ്കടം കാണാൻ കഴിയാത്തതുകൊണ്ടാണ് ഒറ്റ ലീവിനും ഞാൻ വരാതെ ഇരുന്നത്. ഇത് പിന്നെ എന്റെ കൊച്ചെറുക്കന്റെ മാമോദീസ അല്ലേ. അതിന് വരാതെ എനിക്ക് പറ്റില്ലായിരുന്നു. അതാ പിന്നെ ചാടി പോന്നത്… അവൻ സങ്കടത്തോടെ പറഞ്ഞു.
അറിയാടാ ചെക്കാ. സുഖല്ലേ നിനക്ക് അവൾ അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു…
സുഖായിട്ട് ഇരിക്കുന്നു ഇച്ചേച്ചി.. അപ്പച്ചനും അമ്മച്ചിയും എന്തിയേ… അവൻ ചോദിച്ചു.
അകത്തുണ്ട് ഡാ.. അവർക്കും ആകെ സർപ്രൈസ് ആയിപ്പോകും നിന്നെ കണ്ടാൽ. അമ്മച്ചി ഇന്നലെ കൂടി സങ്കടം പറഞ്ഞേ ഉള്ളൂ നിനക്ക് ഇതില് പങ്കെടുക്കാൻ പറ്റിയില്ലല്ലോ എന്ന്…
മ്മ്.. ഞാൻ അങ്ങനെ ലീവ് ഒന്നും എടുക്കാത്ത കാരണം ചോദിച്ചപ്പോൾ അവർ തന്നു. പിന്നെ എന്റെ അളിയന്റെ ഫ്രണ്ട് വഴി ഒരു റെക്കമെന്റേഷനും.. അല്ലേ അളിയാ.. ക്രിസ്റ്റി ഒരു കുസൃതി ചിരിയോടെ ഡേവിയെ നോക്കി ചോദിച്ചു.
ഏഹ്.. അത് നിനക്ക് എങ്ങനെ മനസിലായി.. ഡേവി അത്ഭുധപ്പെട്ടു..
അവിടത്തെ സാർ എന്നോട് ചോദിച്ചു അഗ്നി ദേവിന്റെ പരിചയക്കാർ ആണോ എന്ന്.. ആദ്യം എനിക്ക് പിടികിട്ടിയില്ല. പിന്നെ ആണ് അന്ന് ഡൽഹിയിൽ പോയപ്പോൾ മീറ്റ് ചെയ്യ്തത് ഓർത്തത്….
മ്മ്.. ലീവ് കിട്ടാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്നറിഞ്ഞു എന്നാലും അവൻ വഴി ഒന്ന് നോക്കിയെന്നെ ഉള്ളൂ ഒരു ഉറപ്പിന്.. ഡേവി പറഞ്ഞുകൊണ്ട് തിരിഞ്ഞപ്പോൾ ആണ് അവനെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന ജെനിയെ അവൻ കാണുന്നത്…
അതു പിന്നെ കൊച്ചേ….
ഇച്ചായൻ എന്നോട് മിണ്ടണ്ട. ഇവൻ വരുന്നത് അറിയാമായിരുന്നിട്ടും ഇന്നലെ രാത്രി വരെ ഇവൻ ഇല്ലല്ലോ ഈ പരിപാടിക്ക് എന്ന് ഞാൻ സങ്കടപ്പെട്ടപ്പോ എന്താ പറഞ്ഞേ.. സാരമില്ല കൊച്ചേ ഒരു നല്ല കാര്യത്തിന് പോയതല്ലേ എന്ന് അല്ലേ.. ഹും.. ജെനി ഡേവിയെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.
ഹാ.. അതു നിനക്ക് ഒരു സർപ്രൈസ് തന്നതല്ലേ കൊച്ചേ.. അതിനിങ്ങനെ പിണങ്ങാതെ.. പിണങ്ങി ഉള്ളിലേക്ക് പോകുന്ന ജെനിയുടെ പിന്നാലെ പിണക്കം മാറ്റാൻ വേണ്ടി ഓരോന്നും പറഞ്ഞു പോകുന്ന ഡേവിയെ കണ്ട് ക്രിസ്റ്റിയുടെ കണ്ണുകൾ വിടർന്നു.
അതു നോക്കിയിട്ട് കാര്യമില്ല എന്റെ അളിയോ അവര് രണ്ടെണ്ണം അങ്ങനെ ആണ്. ഇതിപ്പോ വല്യേട്ടത്തി പിണങ്ങിയില്ലെങ്കിലും വല്യേട്ടായി പിന്നാലെ പോകും. വല്യേട്ടായിക്ക് ഏട്ടത്തി എന്ന് വച്ചാൽ ജീവൻ ആണ്.. അന്ന് വല്യേട്ടത്തിയെ സിസേറിയന് കയറ്റിയ അന്ന് കുറച്ചുനേരംകൂടി അവർ പ്രസവിച്ച കാര്യം പറയാൻ വൈകിയെങ്കിൽ അങ്ങേർക്ക് വല്ല ഹാർട്ട് അറ്റാക്കും വന്നേനെ.. അലൻ ഒരു ചിരിയോടെ പറഞ്ഞു…
അലൻ പറയുന്നത് കേട്ടപ്പോൾ ക്രിസ്റ്റി തന്റെ ഇച്ചേച്ചിക്ക് ഇത്രേം നല്ലൊരു ജീവിതം കൊടുത്തതിന് കർത്താവിനോട് നന്ദി പറഞ്ഞു..
ഈ നേരം വരെ ക്രിസ്റ്റിയെ തന്നെ നോക്കി നിൽപ്പായിരുന്നു ദിയ. അവന് ഈ 11 മാസംകൊണ്ട് വല്ലാതെ മാറ്റം വന്നപോലെ തോന്നി അവൾക്ക് കണ്ടപ്പോൾ. പിരിച്ചുവച്ച മീശയും പോലീസ് കട്ട് ഹെയർ സ്റ്റൈലും ഫിറ്റ് ബോഡിയും ഒക്കെ കൂടി ഒത്ത ഒരു പുരുഷൻ ആയപോലെ.. ഇടക്കിടക്ക് അവളിലേക്ക് പതിക്കുന്ന അവന്റെ കണ്ണുകൾ അവളെ ചുവപ്പിച്ചു..
അളിയൻ വായോ ഉള്ളിലേക്ക് പോകാം. എല്ലാവരും അവിടെ ഉണ്ട്. ഇത്തിരികൂടി കഴിഞ്ഞാൽ പള്ളിയിലേക്ക് ഇറങ്ങണം.. ഏദൻ അവനെ ഉള്ളിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു…
ഏദൻ പോകുന്നതിന്റെ പിന്നിലായി ഉള്ളിലേക്ക് നടക്കുമ്പോൾ ദിയയുടെ കൈയിൽ പിടിച്ചുകൊണ്ടാണ് ക്രിസ്റ്റി ഉള്ളിലേക്ക് കയറിയത്..
…………………
ഇറങ്ങാറായില്ലേ എല്ലാവർക്കും. ഇതിപ്പോ മാമോദീസ കഴിഞ്ഞാലും അങ്ങോട്ട് എത്തില്ലല്ലോ.. ജോസഫ് ധൃതി വച്ചു…
എന്റെ ജോസഫെ.. ഞങ്ങൾ ദേ വരുന്നു. നീ ഇങ്ങനെ കയറുപൊട്ടിക്കല്ലേ.. സമയം ആകുന്നതേ ഉള്ളൂ.. വല്യപ്പച്ചൻ പറഞ്ഞു.
അപ്പച്ചന് അത് പറയാം.. അവിടെ ഒരുത്തി ഇപ്പൊ തന്നെ മുഖം വീർപ്പിച്ചിട്ടുണ്ടാവും. ഇനി ചെന്ന് കേറുമ്പോൾ കേൾക്കാം കംപ്ലയിന്റ്.. ജോസഫ് പറഞ്ഞു..
ആര് അന്നമോളോ.. അവളെ ഞാൻ സമാധാനിപ്പിച്ചോളാം.. അങ്ങോട്ട് വന്ന വല്യമ്മച്ചി പറഞ്ഞു.
അന്നയല്ല ജെനി ആണ് പിണങ്ങാൻ പോകുന്നത്. എന്തൊരു കുറുമ്പ് ആണെന്നറിയോ അവൾക്കിപ്പോ.. ജോസഫ് വാത്സല്യത്തോടെ പറഞ്ഞു.
ആര് നമ്മുടെ ജെനിമോളുടെ കാര്യം ആണോ നീ ഈ പറയുന്നത്.. ഒന്നു പോടാ..വല്യപ്പച്ചൻ ചോദിക്കുന്നത് കേട്ടാണ് അലക്സും സോഫിയും കുഞ്ഞും ആനിയമ്മയും വന്നത്..
നമ്മുടെ ജെനി ആയിരുന്നപ്പോ അവൾക്ക് ഇത്തിരി ഉറക്കെ സംസാരിക്കാൻ വരെ ഭയം ആയിരുന്നു. ഇപ്പൊ അവൾ ഡേവിയുടെ ജെനി ആണ്. അവൾക്ക് ഇപ്പൊ നല്ല കുറുമ്പും കുഞ്ഞുകുഞ്ഞു വാശികളും പിണക്കങ്ങളും ഒക്കെ ഉണ്ട്. അത്രക്ക് കൊഞ്ചിച്ചുകൊണ്ടാണ് ഡേവി അവളെ കൊണ്ട് നടക്കുന്നത്.. ജോസഫ് ചിരിയോടെ പറഞ്ഞു..
ജോസഫ് പറയുന്നത് കേട്ടപ്പോൾ അലക്സിന്റെ തല കുനിഞ്ഞു. അവന് അറിയാമായിരുന്നു താൻ കാരണം ആണ് ജെനി അധികം സംസാരിക്കാതെ ഒക്കെ ആയത് എന്ന്. ഒരുപാട് സംസാരിക്കില്ലെങ്കിലും അവൾക്ക് പ്രിയപെട്ടവരുടെ അടുത്ത് വായാടി ആയിരുന്നു അവൾ. പക്ഷേ തന്റെ നിർബന്ധങ്ങൾ കാരണം ആണ് അവൾ സൈലന്റ് ആയിപോയത്..
സോഫിക്ക് ഒന്നും തോന്നിയില്ല. സന്തോഷമോ ദേഷ്യമോ അസൂയയോ ഒന്നും തന്നെ തോന്നിയില്ല. അവൾക്ക് എല്ലാംകൊണ്ടും ജീവിതം മടുത്തിരുന്നു. പിന്നെ കുഞ്ഞിനെ കുറിച്ച് ആലോചിച്ചിട്ട് മാത്രം ആണ് ഇവിടെ ഇങ്ങനെ കടിച്ചു തൂങ്ങുന്നത്. അവർ രണ്ടുപേരും ഇപ്പൊ കുഞ്ഞിനെ ആലോചിച്ചു മാത്രം ആണ് ഒരുമിച്ചു നിൽക്കുന്നത്. കുഞ്ഞിനെ രണ്ടാൾക്കും വലിയ കാര്യമാണ്. അതുകൊണ്ട് മാത്രം ഒരു ഡിവോഴ്സിലേക്ക് അവർ കടക്കുന്നില്ല. രണ്ടാളും പരസ്പരം മുഖത്തുപോലും നോക്കാറില്ല എന്ന് പറഞ്ഞാലും അതിൽ അതിശയം ഇല്ല. രണ്ടിൽ ആരെങ്കിലും എന്തെല്ലെങ്കിലും സംസാരിച്ച് തുടങ്ങിയാൽ പിന്നെ അവിടെ അടി ആണ്.. എല്ലാംകൊണ്ടും സ്വസ്ഥതയും സമാധാനവും ഇല്ലാത്ത ജീവിതം ആണ് അവരുടേത്..
…………………..
ആദ്യം തന്നെ ജെയ്ഡന്റെ മാമോദീസ ആയിരുന്നു. തലതൊട്ടപ്പനായി അലനെ ആണ് നിർത്തിയത്. അതിനുള്ള അവകാശം അവനിൽ കൂടുതൽ വേറെ ആർക്കും ഇല്ല എന്നാണ് അതിന് തടസ്സം അവൻ പറഞ്ഞപ്പോൾ ഡേവിയും ജെനിയും പറഞ്ഞത്. അന്ന് അവൻ അവന്റെ ജീവന്റെ കാര്യം പോലും ചിന്തിക്കാതെ അവളെ രക്ഷിച്ചത് കൊണ്ട് മാത്രം ആണ് ആ കുഞ്ഞിനെ അവർക്ക് കിട്ടിയത്. ഇല്ലെങ്കിൽ ഒരിക്കലും ആ ആക്‌സിഡന്റ് അവർ സർവൈവ് ചെയ്‌തേനില്ല..
അങ്ങനെ രണ്ടുകുഞ്ഞുങ്ങളുടെ മാമോദീസയും കഴിഞ്ഞു. പള്ളിയോട് അടുത്തുള്ള പാരിഷ് ഹാളിൽ ആയിരുന്നു ബാക്കി പരിപാടികൾ. എല്ലാവരും നേരെ അങ്ങോട്ട് പോയി.
ജോസഫ് പറഞ്ഞതുപോലെ തന്നെ അവരെ കണ്ടതും ജെനി മുഖം വീർപ്പിച്ചു…
എന്തിനാ ഇപ്പൊ തന്നെ വന്നത് കുറച്ചുകൂടി നേരം കൂടി കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ പപ്പേ… മുഖം വീർപ്പിച്ചുകൊണ്ട് ജെനി ചോദിച്ചു.
എന്റെ കൊച്ചേ ഞങ്ങൾ നേരത്തെ വന്നതാ. ഞങ്ങൾ പിന്നിൽ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് വന്നു കാണാം എന്ന് കരുതിയിട്ടാ അടുത്തേക്ക് വരാൻ വൈകിയത്…. ജോസഫ് പറഞ്ഞുകൊണ്ട് അയാൾ കൊണ്ട് വന്ന മാല കുഞ്ഞിന്റെ കഴുത്തിലേക്ക് ആയി ഇട്ടു കൊടുത്തു. അതുപോലത്തെ ഒരു മാല അന്നയുടെ കുഞ്ഞിന്റെ കഴുത്തിലേക്കും ഇട്ടുകൊടുത്തു.
എന്തിനാ പപ്പേ ഇതൊക്കെ.. ഡേവി അയാളോട് ചോദിച്ചു.
ഇതെന്റെ അവകാശം ആണ് ഡേവി. എന്റെ മക്കളുടെ കുഞ്ഞിന് ഞാൻ തരുന്നതാണ്. അത് നീ തടുക്കരുത്…
ഞാൻ ഒന്നും പറയുന്നില്ല എന്റെ പൊന്നോ. നിങ്ങൾ പപ്പയും മക്കളും എന്താണെങ്കിൽ ആയിക്കോ… അല്ലേടാ എബി..
അതുതന്നെ.. അല്ലെങ്കിലും ജോസഫ് പപ്പാ വന്നാൽ നമ്മൾ പുറത്തായി. ഇവര് മൂന്നും ഒരു സെറ്റ് ആയി.. എബിയും ഒരു കള്ള ചിരിയോടെ പറഞ്ഞു.
എന്താ കുശുമ്പ് ഇവർക്ക് അല്ലേ ജെനി.. അന്ന അവരെ നോക്കികൊണ്ട് ജെനിയോട് ചോദിച്ചു.
മ്മ്… നമ്മുടെ അപ്പച്ചനും തോമസ് പപ്പയും വന്നാൽ എപ്പോഴും ഇവരുടെ സെറ്റ് അല്ലേ. പപ്പ നമ്മുടെ സെറ്റ് അല്ലേ അതിന്റെ കുശുമ്പ് ആണ് അവർക്ക്..ജെനിയും പറഞ്ഞു
അലക്സ് നോക്കികാണുകയായിരുന്നു അവർക്ക് പപ്പയും ആയിട്ടുള്ള അടുപ്പം. അന്നക്കും ജെനിക്കും മാത്രം അല്ല ഡേവിക്കും എബിക്കും അടക്കം ജോസഫിനോടുള്ള അടുപ്പം. തനിക്ക് ഒരിക്കലും പപ്പയും ആയി ഇത്രയും അടുപ്പം ഉണ്ടായിരുന്നില്ല. എപ്പോഴും ഒരു അകലം ഉണ്ടായിരുന്നു പപ്പയും ആയി. ഇപ്പൊ പിന്നെ പറയുകയും വേണ്ട. സംസാരിക്കാറ് പോലും ഇല്ല… അവൻ ആലോചിച്ചു.
സോഫിയും ആനിയമ്മയും ജെനിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവൾ എത്ര സന്തോഷത്തിൽ ആണെന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ട്. അതുപോലെ ഡേവി എത്ര കാര്യമായിട്ടാണ് അവളെ കൊണ്ട് നടക്കുന്നതെന്നും സോഫി ശ്രദ്ധിച്ചു. അലക്സ് ഒരിക്കലും ഇത്രയും കേറിങ് അല്ല. അവന് അവന്റെ കാര്യം മാത്രേ ഉള്ളൂ.. എന്തായാലും താൻ അവളെ ചതിച്ചെങ്കിലും അവൾ സന്തോഷത്തോടെ ആണല്ലോ ജീവിക്കുന്നത്. അതൊരു സമാധാനം.. അവൾ ദീർഘ നിശ്വാസത്തോടെ ചിന്തിച്ചു.
സുഖല്ലേ മോളെ.. വല്യപ്പച്ചൻ ജെനിയോട് ചോദിച്ചു.
സുഖായി ഇരിക്കുന്നു വല്യപ്പച്ചാ.. ജെനിയും ഒരു ചിരിയോടെ പറഞ്ഞു.
കുറച്ചുനേരംകൂടി സംസാരിച്ചു നിന്നിട്ടാണ് അവർ താഴേക്ക് ഇറങ്ങിയത്. അലക്സിനെയും സോഫിയെയും ആരും മൈൻഡ് ചെയ്തില്ല. ആനിയമ്മക്കും ജെനിയെ ഫേസ് ചെയ്യാൻ വല്ലാത്ത ഒരു ചമ്മൽ ആയിരുന്നു. അവരും ഒന്നും മിണ്ടാതെ നിന്നു.
അവർ ഇറങ്ങി പോകുമ്പോൾ അലക്സ് ഒന്നുകൂടി തിരിഞ്ഞ് ജെനിയെ നോക്കി. അവളുടെ നിറഞ്ഞ ചിരിയോടെ ഉള്ള മുഖം അവൻ തന്റെ ഉള്ളിൽ പകർത്തികൊണ്ട് തിരിഞ്ഞതും നേരെ മുൻപിൽ ക്രിസ്റ്റി. അലക്സ് പെട്ടന്ന് ഒന്ന് പകച്ചു. പിന്നെ അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
അങ്ങോട്ട് ഉള്ള നോട്ടം തന്റെ നല്ലതിനാവില്ല അലക്സ്. ഇനി അറിയാതെ പോലും തന്റെ കണ്ണുകൾ എന്റെ ഇച്ചേച്ചിയുടെ മേൽ പതിക്കരുത്. താൻ ഇത്രയൊക്കെ ചെറ്റത്തരം ചെയ്തിട്ടും തന്നെ വിട്ടുവച്ചിട്ടുള്ളത് എന്റെ ഇച്ചേച്ചി സന്തോഷത്തോടെ ജീവിക്കുന്നതു കൊണ്ടാണ്. ഇനിയും തന്റെ കണ്ണ് അവരുടെ സന്തോഷത്തിനുമേൽ പതിച്ചാൽ ആ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കും.. കേട്ടല്ലോ.. അലക്സിന് മാത്രം കേൾക്കാൻ പാകത്തിൽ ക്രിസ്റ്റി മുരണ്ടു. പിന്നെ അലക്സിനെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അവിടെ നിന്നും പോയി.
അലക്സും ക്രിസ്റ്റിയുടെ സംസാരത്തിൽ പകച്ചുപോയി. ഇതുപോലെ ഒരു പെരുമാറ്റം അവന്റെ ഭാഗത്തു നിന്ന് അലക്സ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൻ ക്രിസ്റ്റി പോയ വഴി തന്നെ നോക്കി നിന്നു..
അങ്ങനെ അന്നത്തെ ദിവസം ഒരുപാട് സന്തോഷത്തോടെ അവസാനിച്ചു.
പിറ്റേന്ന് രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഡേവി ഉണർന്നത്. അവൻ നോക്കുമ്പോൾ ജെനി താഴേക്ക് പോയിട്ടുണ്ട്. മക്കൾ രണ്ടും അവന്റെ അടുത്ത് കിടന്ന് ഉറങ്ങുന്നുണ്ട്. അവൻ വാത്സല്യത്തോടെ ഇരുവരുടെയും തലയിൽ ഒന്ന് തഴുകി. അപ്പോഴേക്കും ഫോൺ പിന്നെയും അടിച്ചു. നോക്കിയപ്പോൾ അന്നയുടെ പപ്പ ആണ്..
ഇതെന്താണാവോ ഇത്ര രാവിലെ.. അവൻ ആലോചിച്ചുകൊണ്ട് ഫോൺ എടുത്തു.
എന്താ അങ്കിൾ ഇത്ര രാവിലെ തന്നെ.. എന്തെങ്കിലും വിശേഷിച്ചുണ്ടോ.. ഫോൺ എടുത്തുകൊണ്ട് ഡേവി ചോദിച്ചു..
**********
അറിയില്ല അങ്കിൾ ഞാൻ എഴുന്നേറ്റേ ഉള്ളൂ. ഞാൻ ഫോൺ കൊടുക്കണോ എബിക്ക്..
********
എന്താ????? എപ്പോ??? എങ്ങനെ????ഡേവിക്ക് കേട്ടത് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല..
********
ഞ.. ഞാൻ പറയാം അങ്കിൾ.. ശരിയെന്നാൽ..
ഡേവി ഫോൺ വച്ചതും ഒന്ന് ഫ്രഷ് ആയി നേരെ എബിയുടെ റൂമിലേക്ക് നടന്നു. അപ്പോഴാണ് എബി അവന് നേരെ വരുന്നത് ഡേവി കണ്ടത്.. ഡേവിയെ കണ്ടതും എബി നേരെ അവന്റെ അടുത്തേക്ക് വന്നു…
ചേട്ടായി എന്നെ അലക്സ് വിളിച്ചിരുന്നു ഇപ്പൊ തന്നെ.. അവിടെ..
മ്മ്… ഞാൻ അറിഞ്ഞു നിന്നെ വിളിച്ചിട്ട് കിട്ടാതെ തോമസ് അങ്കിൾ എന്നെ വിളിച്ചിരുന്നു..
ഇനിയിപ്പോ എന്ത് ചെയ്യും ചേട്ടായി അവരോട് എങ്ങനെ..
നമുക്ക് അവരേം കൊണ്ട് പോകാം. അവിടെ എത്തിയിട്ട് അറിഞ്ഞാൽ മതി. അല്ലെങ്കിൽ ഇവിടെ നിന്നേ കരച്ചിലാവും…
മ്മ്.. എന്നാൽ ഞാൻ ചെന്ന് അവരോട് റെഡി ആവാൻ പറയാം.. ബാക്കി ഉള്ളവരോട് കാര്യം പറയാം..അതും പറഞ്ഞ് എബി താഴേക്ക് പോയി. ഡേവിയും റെഡി ആവാൻ റൂമിലേക്ക് പോയി..
പിന്നെ എല്ലാം പെട്ടന്നായിരുന്നു. അന്നയും ജെനിയും യാത്രയായി ഇറങ്ങിയതും അവർ ചിറയത്തു തറവാട്ടിലേക്ക് പുറപ്പെട്ടു. എങ്ങോട്ടാ പോകുന്നത്.. എന്താ കാര്യമെന്ന് പെണ്ണുങ്ങൾ രണ്ടും മാറി മാറി ചോദിച്ചിട്ടും അവർ ഒന്നും പറഞ്ഞില്ല. അതോടെ അവരും മിണ്ടാതെ ഇരുന്നു. തറവാടിന്റെ അവിടേക്ക് ആയതും അന്നക്കും ജെനിക്കും എന്തൊക്കെയോ തോന്നി..
എബിച്ചാ.. സത്യം പറയ്.. എന്താ പ്രശ്നം… എന്തിനാ ഇത്ര രാവിലെ ഇങ്ങോട്ട്.. ആർക്കെങ്കിലും എന്തേലും പറ്റിയോ.. വല്യപ്പച്ചന് എന്തേലും.. അന്ന അവരോട് ചോദിച്ചു. അപ്പോഴേക്കും അവർ തറവാടിന് മുന്നിൽ എത്തിയിരുന്നു.. അന്നയും ജെനിയും അവിടെ ആളും ബഹളവും ഒക്കെ കണ്ടപ്പോൾ തന്നെ ടെൻഷനോടെ വണ്ടിയിൽ നിന്നും ഇറങ്ങി.
ഡേവിയും എബിയും വന്ന് അവരെ ചേർത്തുപിടിച്ചുകൊണ്ട് ഉള്ളിലേക്ക് നടന്നു. വീടിനുള്ളിലേക്ക് കയറിയതും അവിടെ പെട്ടിയിൽ കിടത്തിയിരിക്കുന്ന ആളെ കണ്ടതും ഒരു നിമിഷം ജെനിയുടെ ശ്വാസം നിലച്ചുപോയി.. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ഡേവി ഒന്നുകൂടി അവളെ ചേർത്തുപിടിച്ചു..
അങ്കിളേ.. അന്ന ഉറക്കെ കരഞ്ഞുകൊണ്ട് ജോസഫിന്റെ ശരീരത്തിലേക്ക് വീണു. ജെനി അപ്പോഴും സ്റ്റക്ക് ആയി നിൽക്കുകയാണ്. ഡേവി അവളെ ഒന്ന് കുലുക്കി വിളിച്ചു.
ജെനി.. അവൾ ഞെട്ടികൊണ്ട് അവനെ നോക്കി. സ്ഥലകാല ബോധം ഇല്ലാത്ത പോലെ ഉള്ള അവളുടെ നിൽപ്പ് അവനെ പേടിപ്പിച്ചു..
എന്താ മോളെ.. അവൻ വിഷമത്തോടെ ചോദിച്ചു..
ഇച്ചായാ പപ്പ..അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..
പപ്പ പോയി മോളെ… അവൻ വിഷമത്തോടെ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. അടുത്ത നിമിഷം അവൾ അവനെ ഇറുക്കെ പുണർന്ന് ഉറക്കെ കരഞ്ഞു. അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് തോളിൽ തട്ടി സമാധാനിപ്പിച്ചു അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
അന്ന് വൈകീട്ട് ആയിരുന്നു ജോസഫിന്റെ അടക്കം അപ്പോഴേക്കും അന്നയും ജെനിയും കരഞ്ഞുകരഞ്ഞ് തളർന്നിരുന്നു. ആനിയമ്മയുടെ അവസ്ഥയും പരിതാപകരമായിരുന്നു. അവർക്ക് സെഡേഷൻ കൊടുത്ത് കിടത്തിയിരിക്കുകയായിരുന്നു. വല്യമ്മച്ചിയും bp കൂടി കിടപ്പായിരുന്നു. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ തന്നെ എന്റെ മകന്റെ അടക്കം കാണേണ്ടി വന്നല്ലോ എന്റെ കർത്താവേ എന്നും പറഞ്ഞ് കരയുന്ന വല്യപ്പച്ചൻ എല്ലാവരെയും സങ്കടപ്പെടുത്തിയ ഒരു കാഴ്ച്ച ആയിരുന്നു. സോഫി മാത്രം ഒരു വികാരവും ഇല്ലാതെ അവിടെ കാര്യങ്ങൾക്ക് ഓടി നടക്കുന്നുണ്ട്. അലക്സും തകർന്നുപോയി. എത്രയൊക്കെ പൊട്ടയാണ് അവൻ എങ്കിലും അവന്റെ പപ്പയല്ലേ.. ആ ഒരു വിഷമം അവനുണ്ട്.
അടക്കം കഴിഞ്ഞതും ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി. അന്നയും എബിയും കുഞ്ഞും അവിടെ നിന്നു. ബാക്കി കൊട്ടാരത്തിൽക്കാർ വന്നവരും ജെനിയും ഡേവിയും തിരികെ അവരുടെ തറവാട്ടിലേക്ക് പോയി. ജെനിയുടെ വീട്ടുക്കാർ വന്നത് അവരുടെ വീട്ടിലേക്കും തിരിച്ചുപോയി.
ദിവസങ്ങൾ കടന്നുപോയി. നാളെ ആണ് ജോസഫിന്റെ 41ആം ദിവസത്തെ ചടങ്ങ്. കൊട്ടാരത്തിലും ക്ഷണം ഉണ്ട്. പോകണ്ട എന്നാണ് തോന്നുന്നതെങ്കിലും പപ്പയുടെ മുഖം ആലോചിച്ചപ്പോൾ അവൾ പോകാൻ തീരുമാനിച്ചു. എങ്കിലും ഇവിടത്തെ പള്ളിയിൽ അനാഥാലയത്തിൽ അന്നത്തെ ദിവസം ഭക്ഷണം കൊടുക്കണം എന്ന് അവൾ തീരുമാനിച്ചിരുന്നു. ഡേവിയോട് പറഞ്ഞപ്പോൾ അവനും സമ്മതം പറഞ്ഞു. അങ്ങനെ അന്ന് വൈകുന്നേരം അവർ അങ്ങോട്ട് പുറപ്പെട്ടു. പള്ളിയിൽ പോയി ഒന്ന് മുട്ടുകുത്തിയതിനു ശേഷം ആണ് അവർ അനാഥാലയത്തിലേക്ക് പുറപ്പെട്ടത്. കാര്യം പറഞ്ഞ് അന്നത്തെ ദിവസത്തെ ഭക്ഷണത്തിനുള്ളത് അവിടെ ഏൽപ്പിച്ച് അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അവിടെ പരിചയം ഉള്ള ഒരു മുഖം ഡേവി കണ്ടത്. ജെനിയോട് കാറിൽ ചെന്ന് ഇരുന്നുകൊള്ളാൻ പറഞ്ഞിട്ട് അവൻ അവരുടെ അടുത്തേക്ക് പോയി..
ആന്റി.. അവൻ വിളിച്ചതും അവർ തിരിഞ്ഞുനോക്കി..
ആ മോനോ.. മേരി ഡേവിയെ നോക്കി പറഞ്ഞു.
എന്താ ഇവിടെ.. അവൻ ചോദിച്ചു.
ഞാനും ആൻസിയും ഇപ്പൊ ഇവിടെ ആണ് സ്വത്തുക്കൾ എല്ലാം പോയി മൊത്തം കടം ആയിരുന്നു. താമസിച്ചിരുന്ന വീടടക്കം വിറ്റിട്ടാണ് കടം വീട്ടിയത്… കാശും പണവും ഇല്ലാതെ ആയപ്പോൾ ബന്ധുക്കൾക്കും വേണ്ടാതെ ആയി. അമ്മ ആയി പോയില്ലേ മോനെ ഞാനും കൂടി ഇല്ലാതായാൽ അവളുടെ അവസ്ഥ ആലോചിച്ചിട്ടാണ് മരിക്കാതെ നിൽക്കുന്നത്. അവസാനം ഇവിടത്തെ മദറമ്മ ആണ് ഇവിടെ താമസിക്കാൻ ഉള്ള അനുമതി തന്നത്. ദേ അതാണ് മുറി. മോൻ വായോ.. അവർ അതും പറഞ്ഞുകൊണ്ട് മുന്നിൽ പോയി.
അവനു പോകാൻ താല്പര്യം ഇല്ലെങ്കിലും അവർ വിളിച്ചതല്ലേ എന്ന് കരുതി അവൻ അവരുടെ പിന്നാലെ ചെന്നു. റൂമിലേക്ക് കടന്നതും വല്ലാത്തൊരു മണം മൂക്കിലേക്ക് അടിച്ചു. അവന് ഒരു നിമിഷം ഒക്കാനം വന്നു. പിന്നെ എങ്ങനെ ഒക്കെയോ പിടിച്ചു നിന്നു. നേരെ നോക്കിയപ്പോൾ ആണ് ബെഡിലായി കിടക്കുന്ന മെലിഞ്ഞുണങ്ങിയ രൂപത്തെ അവൻ കാണുന്നത്. മെലിഞ്ഞുണങ്ങി മുടിയൊക്കെ പോയി വല്ലാത്തൊരു കോലം. ഒരുനിമിഷം പണ്ടത്തെ ആൻസിയുടെ രൂപം അവന്റെ മനസ്സിൽ വന്നു.
ഒരേകിടത്തം കിടന്നിട്ട് അവളുടെ പുറമൊക്കെ പൊട്ടിപഴുത്തിരിക്കാണ് മോനെ. എത്രയൊക്കെ പൊട്ട ആയാലും ഉണ്ടാക്കി പോയില്ലേ നോക്കുക തന്നെ അല്ലാതെ എന്ത് ചെയ്യും… മേരി കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
മേരിയുടെ ശബ്ദം കെട്ടിട്ടാണെന്ന് തോന്നുന്നു അവൾ പതിയെ കണ്ണുകൾ തുറന്നു. അപ്പോഴാണ് അവിടെ നിൽക്കുന്ന ഡേവിയെ കാണുന്നത്. അടുത്തനിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് പശ്ചാത്താപത്തിന്റെ കണ്ണുനീർ ആണെന്ന് അവന് മനസിലായി. ഒരുനിമിഷം അവളെ എത്രയും പെട്ടന്ന് തിരികെ മരണം വന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു പോയി അവൻ. അവൻ വേഗം പുറത്തേക്ക് ഇറങ്ങി പിന്നാലെ വന്ന മേരിയുടെ കൈയിലേക്ക് അവൻ കുറച്ചു പൈസ വച്ചുകൊടുത്തു..
ഇത് കൈയിൽ ഇരിക്കട്ടെ ആന്റി. എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.. ദേ ഇതാണ് എന്റെ നമ്പർ.. പണം തിരികെ കൊടുക്കാൻ നോക്കിയ മേരിയോടായി അവൻ പറഞ്ഞിട്ട് തന്റെ വിസിറ്റിംഗ് കാർഡ് എടുത്ത് നൽകി.
അടുത്ത നിമിഷം അവന്റെ കൈയിലേക്ക് നെറ്റിമുട്ടിച്ചു കരഞ്ഞുപോയി അവർ…
ഇത്രയൊക്കെ ദ്രോഹം മോനും മോന്റെ വീട്ടുകാർക്കും അവൾ ചെയ്തിട്ടും ഇങ്ങനെ പറയാൻ തോന്നിയല്ലോ. മോൻ നന്നായി വരും… അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
അവൻ അവരുടെ തോളത്ത് തട്ടി ഒന്നു ആശ്വസിപ്പിച്ചുകൊണ്ട് പുറത്തേക്ക് പോയി. അവർ അവൻ പോകുന്നതും നോക്കി നിന്നു..
………………
41ന്റെ ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കൾ ഒക്കെ ഒഴിഞ്ഞു ചിറയത്ത് തറവാട്ടിൽ നിന്ന്. ഇപ്പൊ കൊട്ടാരത്തിൽക്കാരും ആലീസും തോമസും പള്ളിയിലെ അച്ചനും മാത്രേ ഉള്ളൂ അവിടെ. വല്യമ്മച്ചി വന്ന് ജെനിയുടെ കൈപിടിച്ചു കൊണ്ട് പറഞ്ഞു..
മോളുടെ സന്തോഷം നിറഞ്ഞ ജീവിതം കണ്ട് മനസ്സ് നിറഞ്ഞ സന്തോഷത്തിൽ ആണ് എന്റെ മോൻ പോയത്. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് വന്നിട്ട് അവൻ അത് പറയേം ചെയ്യ്തു. ഇനി എന്നെ അങ്ങോട്ട് വിളിച്ചാലും കുഴപ്പമില്ല എന്റെ മോളുടെ ഇത്രയും സന്തോഷം നിറഞ്ഞ ജീവിതം കണ്ടല്ലോ എന്ന്. അത് അറംപറ്റുമെന്ന് വല്യമ്മച്ചി അപ്പൊ കരുതിയില്ല മോളെ. നിന്നെ അവന് ഒരുപാടൊരുപാട് ഇഷ്ടമായിരുന്നു..
അവർ അവളെ കെട്ടിപിടിച്ച് കരഞ്ഞു. അവളും അവളുടെ പപ്പയെ ആലോചിച്ച് കരഞ്ഞുപോയി.
ഡേവി വന്ന് അവളെ ചേർത്തുപിടിച്ചു..
എന്താ മോളെ ഇങ്ങനെ കരയല്ലേ നീ…
എല്ലാവർക്കും ജെനിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു. അന്നയും എബിയെ കെട്ടിപിടിച്ച് കരഞ്ഞുപോയി..
എങ്കിൽ പിന്നെ നമുക്ക് ഇറങ്ങിയാലോ… ഇവിടെ നിൽക്കുന്ന സമയം മുഴുവൻ മോള് സങ്കടപ്പെട്ടുകൊണ്ടിരിക്കും… ജോൺ പറഞ്ഞു.
വരട്ടെ ജോണേ. ജോസഫിന്റെ വകീൽ ഇപ്പൊ വരും. അവൻ ഒസ്യത് എഴുതിയിട്ടുണ്ട്. അത് എന്റെ സാന്നിധ്യത്തിൽ ആണ് എഴുതിയത്. എന്റെ സാന്നിധ്യത്തിൽ തന്നെ വായിക്കണം എന്നും പറഞ്ഞിരുന്നു.
അതിനിപ്പോ ഞങ്ങൾ എന്തിനാണ് അച്ചോ.. വല്യമ്മച്ചി ചോദിച്ചു.
അന്നമോളും ജെനിമോളും ഇവിടെ വേണം കത്രീനാമ്മച്ചി. അത് ജോസഫ് പ്രത്യേകം പറഞ്ഞ കാര്യം ആണ്.
അച്ചൻ അത് പറഞ്ഞിരിക്കുമ്പോൾ ആണ് വകീൽ കയറി വന്നത്. അയാൾ വന്നിരുന്നതും തന്റെ കൈയിലെ പെട്ടിയിൽ നിന്ന് രജിസ്റ്റർ ചെയ്ത ആധാരം പുറത്തെടുത്തു.
വായിക്കാലോ അല്ലേ… അയാൾ എല്ലാവരോടും ആയി ചോദിച്ചു.
മ്മ്.. വല്യപ്പച്ചൻ സമ്മതം പറഞ്ഞു.
അപ്പൊ ആദ്യം തന്നെ ഈ വീട് അത് അയാളുടെ കാലശേഷം അയാളുടെ അപ്പനും അമ്മയും ജീവനോടെ ഉണ്ടെങ്കിൽ അവർക്കും അവരുടെ കാലശേഷം ഭാര്യ ആനിയുടെ പേരിലേക്കും മാറ്റിയിട്ടുണ്ട്. പിന്നെ അയാളുടെ ഫിനാൻസ് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് ഒഴികെ ബാക്കി ഉള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം അയാളുടെ അപ്പച്ചൻ ഉണ്ടെങ്കിൽ അപ്പച്ചനും ഇല്ലെങ്കിൽ ഭാര്യ ആനിക്കും ആണ് എഴുതിയിട്ടുള്ളത്. പിന്നെ ഇവരുടെ മകന്റെ പേരിൽ ഒരു 25 ലക്ഷത്തിന്റെ ഡെപ്പോസിറ്റ് ഉണ്ട് അത് ആ കുഞ്ഞിന് 18 വയസ്സ് കഴിയാതെ എടുക്കാൻ കഴിയില്ല.. അയാൾ അലക്സിനെയും സോഫിയെയും കാട്ടി പറഞ്ഞു. അതുകേട്ടപ്പോൾ സോഫിയുടെ കണ്ണുകൾ നിറഞ്ഞു തന്റെ കുഞ്ഞിനോട് അയാൾക്ക് ഒരു സ്നേഹവും ഇല്ലാ എന്ന് എപ്പോഴും കരുതുമായിരുന്നു. പക്ഷേ…
ബാക്കി ഉള്ള ഫിനാൻസിന്റെ കാര്യം….