21/04/2026

നിനക്കായ് : ഭാഗം 59

രചന – കണ്ണന്റെ മാത്രം

ദിവസങ്ങൾ ഓടി മറഞ്ഞു. ഡേവിയും ജെനിയും കൂടുതൽ കൂടുതൽ അടുത്തു. ഇത്രേം നാളും പരസ്പരം പ്രകടിപ്പിക്കാൻ പറ്റാതെ പോയ പ്രണയം അവർ മാനസ്സറിഞ്ഞു പങ്കുവച്ചു. അവരുടെ പരസ്പരം ഉള്ള സ്നേഹം കണ്ട ഡേവിയുടെ വീട്ടുകാർക്കും ജെനിയുടെ വീട്ടുകാർക്കും മനസ്സ് നിറഞ്ഞു. തങ്ങളുടെ ആദ്യത്തെ തീരുമാനം തെറ്റിയെങ്കിലും ഇത് എല്ലാം കൊണ്ടും ശരിയായി എന്ന് അവർക്ക് മനസിലായി.

ജെനിയുടെ സന്തോഷപരമായിട്ടുള്ള ജീവിതം കണ്ടിട്ട് ഏറ്റവും സന്തോഷം അന്നക്ക് ആയിരുന്നു.. തന്റെ സ്വാർത്ഥത മൂലം ജെനിയുടെ ജീവിതം ഇല്ലാതായല്ലോ എന്ന അവളുടെ കുറ്റബോധം ആണ് ഇപ്പോൾ ഇല്ലാതെ ആയത്. ഇനി ഒരിക്കലും അവൾ സങ്കടപ്പെടേണ്ടി വരില്ല എന്ന് ഡേവിയുടെ പ്രണയം അറിഞ്ഞപ്പോൾ തന്നെ മനസിലായിരുന്നു. ഇപ്പോൾ അവൾക്കും അവനോട് പ്രണയം തോന്നി തുടങ്ങി എന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്.

എന്നത്തേയും പോലെ അന്നയും ജെനിയും സ്കൂളിൽ പാർക്കിങ്ങിൽ
വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി. ഇപ്പൊ രണ്ടാളും ഒന്നിച്ചാണ് പോക്കും വരവും ഒക്കെ. ജെനിയും ഡ്രൈവിംഗ് പഠിക്കുന്നുണ്ട്. അതു ഡേവിയുടെ നിർബന്ധം ആയിരുന്നു. എല്ലാം കൊണ്ടും അവൾ ഇൻഡിപെൻഡന്റ് ആവണം എന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു..

അന്നമ്മേ… ജെനി വിളിച്ചു

എന്താടി…

എനിക്ക് നിന്നെ കെട്ടിപിടിച്ച് ഞെക്കിപൊട്ടിക്കാൻ തോന്നുന്നുണ്ട്…

അയ്യോ.. ഞാൻ നിന്റെ ഇച്ചായൻ അല്ല കെട്ടിപിടിച്ച് ഞെക്കിപ്പൊട്ടിക്കാൻ. ഞാൻ നിന്റെ ഫ്രണ്ട് ആണ്.

പോടീ.. ജെനി കള്ള പിണക്കത്തോടെ മുഖം തിരിച്ചു.

നീ കാര്യം പറ പെണ്ണേ നിന്ന് കൊഞ്ചാതെ.. അന്ന ജെനിയെ നോക്കി കണ്ണുരുട്ടി.

നീ ഒരാള് കാരണം അല്ലേ എനിക്ക് എന്റെ ഇച്ചായനെയും മോളെയും കിട്ടിയത്. നീ അന്ന് അങ്ങനെ ഒക്കെ പറഞ്ഞില്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെ ഒരു കല്യാണത്തെ കുറിച്ച് ആലോചിച്ചേനില്ല. പിന്നെ മമ്മി പറഞ്ഞു നീ ആണ് മൂന്നാല് ദിവസം മോളെ ഇങ്ങോട്ട് കൊണ്ടുവരണ്ട എന്ന് പറഞ്ഞതെന്ന്. സത്യം പറഞ്ഞാൽ അവളെ കാണാതെ പറ്റില്ല എന്നായതുകൊണ്ടാണ് ഞാൻ കല്യാണത്തിന് വേഗം സമ്മതിച്ചത്. ഇതിനൊക്കെ കാരണം നീ അല്ലേ. എനിക്കറിയാം ഞാൻ നന്ദി പറഞ്ഞാൽ നീ എന്നെ തല്ലുമെന്ന്. എന്നാലും പറയാണ് ഒരുപാട് താങ്ക്സ് ടി എനിക്ക് വേണ്ടി ഇത്രേം ഒക്കെ ചെയ്യ്തു തരുന്നതിന്. നിന്നെപ്പോലെ ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ ഒരാള് ഒരിക്കലും ഒറ്റപ്പെട്ട് പോകില്ല…

അന്ന കുറച്ചുനേരം അവളെ തന്നെ നോക്കി നിന്നു. പിന്നെ ചോദിച്ചു.
എന്റെ ജെനി നിന്നെ ഇത്രേം സന്തോഷത്തിൽ കാണുന്നതിലും വലിയത് ഒന്നും ഇല്ല. നിന്റെ ജീവിതം ഇങ്ങനെ ഒന്നും എത്താതെ പോയതിൽ ഏറ്റവും കൂടുതൽ കുറ്റബോധം എനിക്കായിരുന്നു. ഇപ്പൊ നിന്റെ ഈ സന്തോഷം കാണുമ്പോൾ ഞാൻ ആണ് ഏറ്റവും സമാധാനിക്കുന്നത്. പിന്നെ നന്ദി. അതിനുള്ളത് നിനക്ക് ഞാൻ ഇപ്പൊ തരാം എന്നും പറഞ്ഞ് ജെനിയുടെ കവിളിൽ നല്ലൊരു കടി അങ്ങോട്ട് വച്ചു കൊടുത്തു അന്ന..

അയ്യോ… ഒരു നിമിഷം സ്വർഗം കണ്ടു ജെനി..
കടിച്ച് പൊളിച്ചോടി പിശാശേ നീ എന്നെ.. ജെനി കലിപ്പിലായി..

ആ ഇനി നീ നന്ദി പന്നി എന്നും പറഞ്ഞ് വാ. അപ്പൊ ഞാൻ ഇതിലും വലിയ സമ്മാനം തരാം.. അന്ന ജെനിയെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു.

അതിന് ജെനി എന്തോ പറയാൻ പോയ സമയത്താണ് എന്തോ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന പോലത്തെ സൗണ്ട് ജെനിയും അന്നയും കേട്ടത്. അങ്ങോട്ട് നോക്കിയ രണ്ടാളും ഒരുപോലെ തലയിൽ കൈവച്ചുപോയി. പിന്നെ വേഗം ഓടിപ്പോയി വീണ്‌ കിടക്കുന്ന ആളെ പിടിച്ച് എഴുന്നേൽപ്പിച്ചു.

എന്റെ പൊന്ന് കുഞ്ഞേ നീ ഇനി എന്നാ ഒന്നു വീഴാതെ നടക്കാൻ പഠിക്കാൻ പോകുന്നത്. വീണോണ്ട് നടക്കുന്ന ടീച്ചർ എന്നാണ് പിള്ളേര് വരെ പറയുന്നത്… ജെനി ദയനീയതയോടെ ചോദിച്ചു.

ഹിഹി..അതു.. പിന്നെ ഞാൻ.. ആള് ചമ്മികൊണ്ട്‌ എന്തോ പറയാൻ ശ്രമിച്ചു.

ആ മതി മതി.. ഇനിയിപ്പോ കിടന്ന് വിക്കണ്ട. സീതപെണ്ണ് വാ. നമുക്ക് ഓഫീസിലേക്ക് നടക്കാം… അന്ന പറഞ്ഞു.

മ്മ്.. ഞാൻ വീഴാതെ നടക്കാൻ നോക്കുമെടി. പക്ഷേ എന്താന്ന് അറിയില്ല എങ്ങനെങ്കിലും ഒക്കെ ഞാൻ താഴെ എത്തും. ഭൂമി ദേവിക്ക് എന്നോട് ഇഷ്ടം കൂടിയിട്ടാ. അതല്ലേ ഇടക്കിടക്ക് എന്നെക്കൊണ്ട് ഭൂമി വന്ദിപ്പിക്കുന്നത്..

ആ ഇനിയിപ്പോ അതു പറഞ്ഞോ.. ആ അതൊക്കെ പോട്ടെ.. അമ്മക്ക് ഇപ്പോ എങ്ങനെ ഉണ്ട്. കുഴപ്പം ഒന്നും ഇല്ലല്ലോ..

ഇല്ലെടാ.. നല്ല ക്ഷീണം ഉണ്ട്. സർജറി കഴിഞ്ഞിട്ട് അധികം ആയിട്ടില്ലല്ലോ. എനിക്ക് ആണെങ്കിൽ പോർഷൻസ് ഒരുപാട് കവർ ആകാനുണ്ട് അതുകൊണ്ട് സ്കൂളിൽ വരാതെയും പറ്റില്ല.. അവസാനം അടുത്ത വീട്ടിലെ ചേച്ചിയോട് പറഞ്ഞോടുക്കുകയാണ് ഇടക്ക് ഒന്നു ശ്രദ്ധിക്കാൻ.

അന്ന് സർജറിടെ സമയത്തെ ചോദിക്കണം എന്ന് വിചാരിച്ചതാ നിങ്ങൾക്ക് ബന്ധുക്കൾ ഒന്നും ഇല്ലേ. പിന്നെ നിന്റെ അച്ഛൻ ഇല്ലേ.. അന്ന ചോദിച്ചു.

എനിക്ക് അച്ഛൻ ഇല്ലെടി.. എന്റെ അമ്മ കല്യാണം കഴിച്ചിട്ടില്ല. മനസ്സും ശരീരവും കൊടുത്ത് സ്നേഹിച്ച ആള് അങ്ങ് ചതിച്ചു. അപ്പോഴേക്കും ഞാൻ അമ്മേടെ ഉള്ളിൽ വളർന്നു തുടങ്ങിയിരുന്നു. അതോടെ അമ്മ അവരുടെ വീട്ടുകാർക്ക് ബാധ്യത ആയി.  അത് ഒളിഞ്ഞും തെളിഞ്ഞും കേട്ട് തുടങ്ങിയതോടെ അമ്മ അവിടെ നിന്നും ഇറങ്ങി. പിന്നെ അങ്ങോട്ട് ഒരു പോരാട്ടം ആയിരുന്നു പകലൊക്കെ ഓരോ ജോലിക്ക് പോകും. രാത്രി മുഴുവൻ തുന്നലും. എന്നാലും എന്നെ ഒരു കുറവും ഇല്ലാതെ വളർത്തി. ഇപ്പൊ എനിക്ക് ഇവിടെ ജോലി ഒക്കെ ആയി എന്നറിഞ്ഞപ്പോ അമ്മേടെ വീട്ടുക്കാർ അടുത്തുകൂടാൻ നോക്കി ആട്ടി അകറ്റി ഞാൻ ഒക്കെത്തിനെയും. അതുപോലെ എനിക്ക് ജന്മം തന്ന മനുഷ്യനും വന്നിരുന്നു ഒരിക്കൽ കഷ്ടപ്പാട് ഒക്കെ പറഞ്ഞിട്ട് അയാളെയും അടുപ്പിച്ചില്ല ഞാൻ…

സോറി ഡീ.. ഒന്നും അറിയാതെ ആവശ്യമില്ലാത്തത് ചോദിച്ച് വിഷമിപ്പിച്ചു ഞാൻ അല്ലേ..അന്ന വിഷമത്തോടെ പറഞ്ഞു.

ഏയ്യ് അതൊന്നും സാരമില്ല. സത്യത്തിൽ ഞാൻ നിങ്ങളോട് എങ്ങനെയാ നന്ദി പറയേണ്ടത് എന്നാ ആലോചിക്കുന്നേ. അന്ന് അമ്മക്ക് വയ്യാതെ ആയ അന്ന് നിങ്ങളോട് വലിയ അടുപ്പം ഇല്ലാതെ ഇരുന്നിട്ടും എന്റെ കൂടെ വന്നതും അമ്മയെ നിങ്ങളുടെ ഹോസ്പിറ്റലിൽ എത്തിക്കാനും ഒക്കെ സഹായിച്ചില്ലേ. പെട്ടന്ന് ഹോസ്പിറ്റലിൽ എത്തി ആ സർജറി ചെയ്യ്തത് കൊണ്ടാണ് അമ്മ രക്ഷപ്പെട്ടത്…

നീ ഒരു കാര്യം ചെയ്യ്‌ ആ നന്ദി ഒരു ചായയും പരിപ്പുവടയും ആയിട്ട് തന്നാൽ മതി.. അല്ലേടി.. അന്ന കുസൃതിയോടെ പറഞ്ഞു.

അതൊക്കെ തരാം.. ഇപ്പൊ ദേ ബെല്ലടിക്കാൻ ആയി. നമുക്ക് സ്റ്റാഫ്‌ റൂമിലേക്ക് പോകാം..
അതും പറഞ്ഞ് മൂന്നുംകൂടി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു..

……………….

സോഫിക്ക് ചിറയത്തെ ജീവിതം ദുസ്സഹമായി തുടങ്ങി. ഒരു രീതിയിലും സമാധാനം ഇല്ല. വല്യമ്മച്ചി നല്ല സ്ട്രിക്ട് ആണ് അവളുടെ അടുത്ത്. ആനിയമ്മ വരെ അന്തിച്ചിരുന്നു വല്യമ്മച്ചി സോഫിയോട് എടുക്കുന്ന പോര് കണ്ടിട്ട്. ഇത്ര ഒക്കെ അമ്മച്ചിയുടെ കൈയിൽ ഉണ്ടായിരുന്നോ എന്ന് ഒരിക്കൽ ആനിയമ്മ ചോദിച്ചപ്പോൾ വല്യമ്മച്ചി ചിരിയോടെ പറഞ്ഞു ഞാൻ പാത്രം അറിഞ്ഞേ എന്തും വിളമ്പാറുള്ളൂ. നിന്റെ പുതിയ മരുമകൾക്ക് ഇപ്പൊ ഇതാണ് നല്ലത് അല്ലാതെ കുറേ സ്നേഹിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല. അപ്പൊ അവർ നമ്മുടെ തലയിൽ കയറി ഇരിക്കും. അതു തനിക്കും കൂടിയുള്ള ഒരു കൊട്ടാണ് എന്ന് ആനിയമ്മക്ക് മനസിലായി.

അമ്മച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

എന്താ ആനി.. വല്യമ്മച്ചി ചോദിച്ചു.

അമ്മച്ചിക്ക് കുഞ്ഞിൽ എന്തേലും പ്രശ്നം തോന്നുന്നുണ്ടോ. അവൻ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക്‌ ഒന്നും നോക്കുന്നില്ല അതു മാത്രം അല്ല. ഇപ്പൊ 5 മാസം ഒക്കെ കഴിഞ്ഞില്ലേ അവന്റെ ഭാഷയിൽ ആണെങ്കിലും എന്തേലും ഒക്കെ പറയണ്ടേ. ഇതിപ്പോ അതും ഇല്ല. എന്തേലും ശബ്ദം ഉണ്ടാക്കും എന്നല്ലാതെ ഒന്നും ഉച്ചരിക്കുന്ന പോലെ തോന്നുന്നില്ല.

ആ അതു ശരിയാ. അതു ഞാനും ശ്രദ്ധിച്ചത് ആണ്. നിന്നോട് പറയണം എന്ന് കരുതിയിരുന്നു. പിന്നെ ശബ്ദത്തിന് പ്രതികരിക്കാത്തത് എനിക്ക് അറിയില്ല. നീ ഒരു കാര്യം ചെയ്യ്‌ അവളോട്‌ ഒന്നു പറയ്. ആ ഡോക്ടറെ ഒന്നു കൊണ്ട് പോയി കാണിക്കട്ടെ..

മ്മ്.. ശരി അമ്മച്ചി… ഞാൻ പറഞ്ഞു നോക്കാം.. അനുസരിക്കുമോ എന്ന് തമ്പുരാനറിയാം..അതും പറഞ്ഞുകൊണ്ട് അവർ പുറത്തേക്ക് പോയി.

അവർ ചെല്ലുമ്പോൾ സോഫി എന്തോ വായിച്ചുകൊണ്ടിരിക്കയിരുന്നു. അവർ അവളെ വിളിച്ചു.

സോഫി..

എന്താ… അവൾ ഇഷ്ടക്കേടോടെ വിളിക്കേട്ടു.

അവളുടെ മുഖത്തെ ഇഷ്ടക്കേട് കണ്ടപ്പോൾ അവർ വേഗം അവർക്ക് തോന്നിയ കാര്യം അവളോട്‌ പറഞ്ഞു.

അപ്പൊ നിങ്ങൾ പറഞ്ഞു വരുന്നത് മോന് ചെവിക്ക് കുഴുപ്പം ഉണ്ടെന്നാണോ..

അങ്ങനെ ഉറപ്പിച്ചു പറയുന്നില്ല. പക്ഷേ എന്തോ ഒരു തകരാറ് തോന്നുന്നുണ്ട്. നിങ്ങൾ വേണമെങ്കിൽ ഒന്നു ഡോക്ടറെ കാണിച്ചോ. ഇപ്പോൾ ആവുമ്പോ ചെറിയ പ്രായം ആണ്. എന്തുണ്ടെങ്കിലും മാറ്റി കളയാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല..

മ്മ്… സോഫി അതിനൊന്നു മൂളി..

ആനിയമ്മ അവളെ ഒന്നു നോക്കികൊണ്ട്‌ അവരുടെ റൂമിലേക്ക് പോയി. സോഫി ആലോചനയോടെ ഇരുന്നു.

അന്ന് വൈകീട്ട് അലക്സ് വന്നപ്പോൾ സോഫി ആനിയമ്മ പറഞ്ഞത് മുഴുവൻ പറഞ്ഞു…

നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ എന്തേലും പ്രോബ്ലം.. അലക്സ് ചോദിച്ചു.

അറിയില്ല. പക്ഷേ അവന് റിയാക്ഷൻസ് കുറവാണെന്ന് തോന്നിയിരുന്നു. ഞാൻ എന്റെ തോന്നൽ ആണെന്ന് കരുതി. പക്ഷേ അവരും പറഞ്ഞ സ്ഥിതിക്ക് ഒന്നു ഡോക്ടറെ കാണിക്കുന്നതല്ലേ നല്ലത്..
എനിക്കെന്തോ പേടി തോന്നുന്നു ഇച്ചായാ. നമ്മുടെ മോന് എന്തേലും കുഴപ്പം ഉണ്ടാവുമോ..

നീ വിഷമിക്കല്ലേ.. നമുക്ക് നാളെ തന്നെ പോയി ഡോക്ടറെ കാണിക്കാം. കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം..

പിറ്റേന്ന് തന്നെ അവർ മോനെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോയി. കുറേ ചെക്കപ്പിനും മറ്റും ശേഷം ഡോക്ടർ ആ മോന് ചെവിക്ക് കേൾവി ഇല്ല എന്ന് അവരെ അറിയിച്ചു. ചെറിയ എന്തേലും പ്രോബ്ലം ഉണ്ടാവുകയുള്ളൂ എന്ന് പ്രതീക്ഷിച്ച വന്ന അലക്സിനും സോഫിക്കും വലിയ ഒരടി തന്നെ ആയിരുന്നു. ഇനിയെന്ത് ചെയ്യണം എന്ന് അവർക്ക് രണ്ടാൾക്കും മനസിലാകുന്നുണ്ടായില്ല.

ഇനിയിപ്പോ എന്താ ഡോക്ടർ ഇതിനൊരു പ്രതിവിധി.. അലക്സ് വിറയലോടെ ചോദിച്ചു.

ഒരു 10 മാസം ഒക്കെ കഴിഞ്ഞാൽ നമുക്ക് കോക്ലിയർ  ഇമ്പ്ലാന്റ് വെക്കാം ഒരു സർജറിയിലൂടെ. അതാണ് ഇതിന് ഏറ്റവും നല്ല പ്രതിവിധി..

ശരി ഡോക്ടർ.. അലക്സും സോഫിയും നിറഞ്ഞ കണ്ണുകളോടെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. രണ്ടാൾക്കും തങ്ങളുടെ കുഞ്ഞിന് ഇത്രേം ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരവസ്ഥ വന്നത് സഹിക്കാൻ കഴിഞ്ഞില്ല.. അവർ അതേ വിഷമത്തോടെ ആണ് തിരിച്ച് തറവാട്ടിൽ എത്തിയത്. അവർ എത്തുമ്പോൾ വല്യമ്മച്ചിയും വല്യപ്പച്ചനും ആനിയമ്മയും ഒക്കെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു..

എന്തായി അലക്സി പോയ കാര്യം.. അവരെ കണ്ടതും കുഞ്ഞിനെ കൈയിലേക്ക് വാങ്ങിക്കൊണ്ടു ആനിയമ്മ ചോദിച്ചു.

അവർ രണ്ടാളും വിഷമത്തോടെ ഡോക്ടറെ കണ്ടതും ഡോക്ടർ പറഞ്ഞതും മുഴുവൻ പറഞ്ഞു. അലക്സ് പറഞ്ഞു കഴിയുമ്പോഴേക്കും സോഫി കരഞ്ഞുപോയി. ആനിയമ്മയും വല്യമ്മച്ചിയും ഒക്കെ സങ്കടപ്പെട്ടു.

വല്യപ്പച്ചനും സങ്കടമുണ്ടെങ്കിലും അയാൾ അവരോടായി പറഞ്ഞു.
ഈ ഒരു ആവസ്ഥയിൽ ഇങ്ങനെ ഒന്നു പറയാൻ പാടില്ല എന്നറിയാം എന്നാലും പറഞ്ഞ് പോവാണ്…
നിങ്ങളുടെ കുട്ടിക്ക് ഒരു  സർജറി എന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് സഹിക്കാൻ വയ്യാ. അപ്പൊ നിങ്ങളുടെ ഒക്കെ തെറ്റുകൊണ്ട് കുഞ്ഞിനെ നഷ്ടപെട്ട ഒരമ്മയുടെ മുഖത്ത് നോക്കി നിനക്ക് അതിനുള്ള യോഗവും ഭാഗ്യവും ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞാൽ അവർക്ക് എന്തോരം നൊന്തിട്ടുണ്ടാവും… വല്യപ്പച്ചൻ അതു പറഞ്ഞപ്പോൾ ആനിയമ്മയും സോഫിയും അലക്സിയും ഞെട്ടി. സോഫിക്ക് അന്ന് ജെനിയുടെ മുഖത്ത് നോക്കി അതു പറഞ്ഞതാണ് ഓർമ വന്നത്. തന്റെ പാപങ്ങൾ ആണോ കുഞ്ഞിന് ഇങ്ങനെ ഒരവസ്ഥക്ക് കാരണം എന്ന് വരെ അവൾ ചിന്തിച്ചു.

ജെനിമോളെ എനിക്കറിയാം അവളായിട്ട് ഒരിക്കലും നിങ്ങൾ നശിച്ചു കാണണം എന്ന് ആഗ്രഹിക്കില്ല. പക്ഷേ അവൾ ഒഴുക്കിയ കണ്ണീരിന്റെ ശാപം ഉണ്ടല്ലോ അതു നമ്മുടെ എല്ലാം തലക്ക് മുകളിൽ ഒരു വാളായി തൂങ്ങിയാടുന്നുണ്ട്. നിങ്ങൾ തന്നെ ചിന്തിച്ചു നോക്ക് ആ പെണ്ണ് ഇവിടെ നിന്ന് പോയ അന്ന് പോയതല്ലേ നമ്മുടെ എല്ലാം സ്വസ്ഥതയും സമാധാനവും. ഒന്നു സമാധാനമായി ഉറങ്ങാൻ പറ്റിയിട്ടുണ്ടോ ഈ വീട്ടിൽ ആർക്കെങ്കിലും.. ഇനിയും എന്തൊക്കേ കാണുകയും കേൾക്കുകയും വേണം എന്ന് തമ്പുരാനറിയാം… അയാൾ അതും പറഞ്ഞുകൊണ്ട് എഴുന്നേറ്റുപോയി. വല്യമ്മച്ചിയും അയാളുടെ പിന്നിലായി പോയി.

ബാക്കി ഉള്ളവർ അയാൾ പറഞ്ഞത് മുഴുവൻ സത്യം ആണല്ലോ എന്ന ചിന്തയിൽ ആയിരുന്നു അപ്പോഴും…