രചന – കണ്ണന്റെ മാത്രം
പറഞ്ഞതുപോലെ പത്തു മിനിറ്റിൽ ഡേവി ഹോസ്പിറ്റലിൽ എത്തി. എബിയെ വിളിച്ചപ്പോ നേരെ ലേബർ റൂമിന്റെ അവിടേക്ക് വരാൻ പറഞ്ഞു. ഡേവി അവിടെ എത്തിയപ്പോൾ തന്നെ അവർ അവിടെ സിസ്റ്ററിനോട് പറഞ്ഞു. അവർ ഡേവിയോടും ക്രിസ്റ്റിയോടും ബ്ലഡ് കൊടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. അവർ ബ്ലഡ് കൊടുക്കാനും മറ്റും പോയി കുറച്ചുകഴിഞ്ഞപ്പോൾ ആണ് ജേക്കബ് അവിടെ എത്തിയത്…
അയാൾ വന്നതും നേരെ എബിയുടെ അടുത്തേക്ക് പോയി..
എന്തായി എബി കാര്യങ്ങൾ. ഡേവി എത്തിയോ..
ഉവ്വ് എളേപ്പാ.. ചേട്ടായിയും ക്രിസ്റ്റിയും കൂടി ബ്ലഡ് കൊടുക്കാൻ വേണ്ട കാര്യങ്ങൾക്ക് പോയതാണ്…
മ്മ്.. എന്തായി ആ കൊച്ചിന്റെ കാര്യം. പിന്നെ വല്ലതും അറിഞ്ഞോ..
ഇല്ല എളേപ്പാ.. Bp ഒന്നു കൺട്രോളിൽ വന്നാൽ സിസേറിയൻ ചെയ്യാം എന്നാ പറഞ്ഞത്… അവർ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് ഡോക്ടർ പുറത്തേക്ക് വന്നത്.
ജെനിയുടെ bp ചെറുതായിട്ട് കൺട്രോളിൽ ആയിട്ടുണ്ട്. സിസേറിയനിനു ആയി തിയേറ്ററിലേക്ക് ഷിഫ്റ്റ് ചെയ്യാണ്. മാത്യുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് അവർ പറഞ്ഞു.
ശരി ഡോക്ടർ….
ഡോക്ടർ പോയി കുറച്ചുകഴിഞ്ഞതും ഒരു സിസ്റ്റർ ഇറങ്ങി വന്നു.
ബില്ല് അടച്ചോളൂ. എന്നിട്ട് നിങ്ങൾ OTയുടെ മുന്നിലേക്ക് വന്നോളൂ. ജെനിഫറിനെ അങ്ങോട്ട് ഇപ്പോ മാറ്റും. ബ്ലഡിന്റെ കാര്യം എല്ലാം ശരിയായിട്ടില്ലേ.
ഉവ്വ് അതിന് പോയിട്ടുണ്ട്. പിന്നെ ബില്ല് അടച്ചോളാം.
മ്മ്.. ഒന്നു മൂളിയിട്ട് അവർ ഉള്ളിലേക്ക് തന്നെ പോയി.
മാത്യൂസ് ബില്ല് അടക്കാൻ പോകാനായി എഴുന്നേറ്റതും ജോസഫ് അത് അയാളുടെ കൈയിൽ നിന്നും വാങ്ങി.
മാത്യൂസ് ഇവരെയും കൂട്ടി ഓപ്പറേഷൻ തീയേറ്ററിന്റെ അവിടേക്ക് പോയിക്കോ. ബില്ല് ഞാൻ അടച്ചോളാം…
അത്.. അത് വേണ്ട ജോസഫേ.. ഞാൻ അടച്ചോളാം. അല്ലെങ്കിൽ ക്രിസ്റ്റി വന്നിട്ട് അടച്ചോളും.. അയാൾ വല്ലായ്മയോടെ പറഞ്ഞു..
ആ അകത്ത് കിടക്കുന്നത് കഴിഞ്ഞ ആറുകൊല്ലം ആയിട്ട് എന്റേം കൂടി മോളാണ് മാത്യുസേ… ജോസഫ് അത് മാത്രം പറഞ്ഞിട്ട് ബില്ല് അടക്കാനായി പോയി..
ജെനിയെ അധികം വൈകാതെ തന്നെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കേറ്റി. എല്ലാവരും അതിന് പുറത്തായി കാത്തിരുന്നു. ബ്ലഡ് കൊടുക്കാൻ പോയ ക്രിസ്റ്റിയും ഡേവിയും അപ്പോഴേക്കും വന്നിരുന്നു. അവരും അവിടെ പുറത്തായി കാത്തിരുന്നു. ആ സമയത്താണ് കത്രീനാമ്മച്ചിയും ജോണും റീനയും കൂടി വന്നത്. ജോൺ നേരെ മാത്യൂസിന്റെ അടുത്തു വന്ന് സമാധാനിപ്പിക്കുന്നത് പോലെ അയാളുടെ തോളിൽ ഒന്ന് തട്ടി. കത്രീനാമ്മച്ചിയും റീനയും മേരിയമ്മയും ആനിയമ്മയും ഒക്കെ ഇരിക്കുന്നതിന്റെ അടുത്തായി ഇരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഓപ്പറേഷൻ തിയേറ്റർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നത്. ജെനിയുടെ സർജറി കഴിഞ്ഞിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റും. അപ്പോൾ ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം. ഇന്നെന്തായാലും icu വിൽ കിടക്കട്ടെ. നാളെ റൂമിലേക്ക് മാറ്റം. പിന്നെ.. ആൺകുഞ്ഞായിരുന്നു.
അതുവരെ എല്ലാം കേട്ടുകൊണ്ടിരുന്ന മാത്യുവും ക്രിസ്റ്റിയും അത് കേട്ടതും കരഞ്ഞുപോയി. അവിടെ നിന്നിരുന്ന എല്ലാവരുടെ കണ്ണുകളും നിറഞ്ഞൊഴുകി. വിങ്ങിവിങ്ങി കരയുന്ന മേരികുട്ടിയെ കത്രീനാമ്മച്ചി തന്നിലേക്ക് ചേർത്തുപിടിച്ചു. അന്നയുടെ അവസ്ഥയും മോശമായിരുന്നു. കരഞ്ഞുകരഞ്ഞ് അവൾക്ക് നേരെ നിൽക്കാനുള്ള ത്രാണി പോലും ഉണ്ടായിരുന്നില്ല. അവളുടെ ചേട്ടായി കാരണം ആണല്ലോ ജെനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്നത് അവളെ തകർത്തുകളഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോൾ ഒരു സിസ്റ്റർ വന്ന് ആർക്കെങ്കിലും ഒരാൾക്ക് ജെനിയെ കയറിക്കാണാം എന്ന് പറഞ്ഞത്.
മേരിയമ്മയാണ് കയറിയത്. അവളുടെ ആ കിടപ്പ് അവർക്ക് കാണാൻ സാധിക്കുന്നതായിരുന്നില്ല. അവർ അവളുടെ തലയിൽ ഒന്നു തഴുകി സാരീതല കൊണ്ട് വായമൂടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്ന് നേരെ മാത്യുവിന്റെ നെഞ്ചിലേക്ക് വീണ് ഉറക്കെ കരഞ്ഞു.
എനിക്ക് സഹിക്കുന്നില്ല ഇച്ചായാ എന്റെ കുഞ്ഞിന്റെ കിടത്തം കണ്ടിട്ട്. ഇന്ന് രാവിലെ എന്തോരം സന്തോഷത്തിൽ ഇറങ്ങിയതാ നമ്മൾ വീട്ടിൽ നിന്ന്. അതിങ്ങനെ ഒരു ദുരന്തത്തിലേക്ക് ആവും എന്ന് നമ്മൾ കരുതിയോ…
അയാളും അവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
അതേ നിങ്ങൾ ഇത്രേം പേര് ഇങ്ങനെ ഇവിടെ കൂടി നിൽക്കാൻ പറ്റില്ല കേട്ടോ. ഡോക്ടർ കണ്ടാൽ ഞങ്ങളെ ആണ് ചീത്ത പറയുക.. OT യുടെ ഉള്ളിൽ നിന്നും ഇറങ്ങിവന്ന ഒരു സിസ്റ്ററിന്റെ ശബ്ദം ആണ് എല്ലാവരുടെയും ശ്രദ്ധ മേരിക്കുട്ടിയിൽ നിന്നും മാറ്റിയത്.
ഒന്നോ രണ്ടോ ആള് നിന്നാൽ മതി ഇവിടെ. പിന്നെ റൂമോ വാർഡോ ഏതാണെങ്കിൽ ബുക്ക് ചെയ്തോളൂ ട്ടോ. നാളെ ഏകദേശം ഈ സമയത്തോടെ ജെനിയെ മാറ്റും.
ശരി സിസ്റ്റർ.. ക്രിസ്റ്റി പറഞ്ഞു.
അവർ പോയതും ക്രിസ്റ്റി റൂം ബുക്ക് ചെയ്യാനായി പോകാൻ പോയതും അവനെ എബി തടഞ്ഞിരുന്നു.
റൂം ഞാൻ പോയി ബുക്ക് ചെയ്തോളാം താൻ ഇപ്പൊ അവരുടെ കൂടെ ആണ് വേണ്ടത്. ചുമരിലേക്ക് ചാരി കണ്ണുകൾ അടച്ചു നിൽക്കുന്ന മാത്യൂസിനെയും അയാളുടെ നെഞ്ചിലായി കിടന്ന് ഏങ്ങുന്ന മേരിയമ്മയെയും കാട്ടി കൊണ്ട് എബി പറഞ്ഞു.
അത്.. അത് വേണ്ട.. ഞാൻ പൊക്കോളാം.. അവന് എന്തോ വല്ലായ്മ തോന്നി അവരെ ബുദ്ധിമുട്ടിക്കുന്നതിൽ.
എടൊ താൻ ഇത്ര ഫോർമൽ ആവണ്ട. എനിക്ക് ജെനി എന്റെ ദിയയെ പോലെ തന്നെ ആണ്. അവളും ആ ഒരു സ്ഥാനം എനിക്ക് തരുന്നുണ്ട്. അത് ഇന്നും ഇന്നലെയും അല്ല വർഷങ്ങൾക്ക് മുൻപേ. അതുകൊണ്ട് അങ്ങനെ ഒരു കോംപ്ലക്സ് വേണ്ട. താൻ ഇവിടെ ഇവരുടെ കൂടെ നിക്ക്.
എബി പോയപ്പോൾ ഡേവിയും ആ കൂടെ പോയി. അവർ ചെന്നപ്പോൾ റൂം ഒഴിവുണ്ടായിരുന്നത് കൊണ്ട് അവർക്ക് വേഗം റൂം കിട്ടി.
അവർ തിരിച്ച് ഓപ്പറേഷൻ തീയേറ്ററിനു മുന്നിൽ എത്തുമ്പോഴും അവർ എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു.
റൂം കിട്ടിയിട്ടുണ്ട്. ക്രിസ്റ്റി ഇതാ ചാവി. താൻ ആന്റിയെയും അങ്കിളിനെയും കൊണ്ട് റൂമിലേക്ക് നടന്നോ. ഞാൻ ഓരോ ചായ വാങ്ങി വരാം. ഒന്നും കഴിച്ചു കാണില്ലല്ലോ.. എബി പറഞ്ഞു.
വേണ്ട മോനെ. ചായ ഒന്നും തൊണ്ടെന്ന് ഇറങ്ങില്ല. ഞങ്ങൾ ഇവിടെ നിന്നോളം… മാത്യൂസ് പറഞ്ഞു.
ജെനി വരുമ്പോൾ അവളെ നോക്കേണ്ടത് നിങ്ങൾ അല്ലേ. എന്നിട്ട് ഇപ്പോഴേ ആരോഗ്യം കളയാണോ. പിന്നെ ഇവിടെ ഇങ്ങനെ ഒരുപാട് പേര് നിക്കാൻ ഒന്നും പാടില്ല. ഇനി അവര് കണ്ടാൽ ചീത്ത പറയും.
അവൻ പിന്നെ ബാക്കി ഉള്ളവരുടെ നേരെ തിരിഞ്ഞു. നിങ്ങൾ വീട്ടിൽ പോകാൻ നോക്ക്. ഇവിടെ ഇങ്ങനെ നിന്നാൽ അവർ സമ്മതിക്കില്ല. നാളെ ഏകദേശം ഈ സമയം ആവുമ്പോഴേ ജെനിയെ മാറ്റാൻ ഉള്ള സാധ്യത കാണുന്നുള്ളൂ.
ഞാൻ പോവില്ല വീട്ടിലേക്ക് അന്ന കട്ടായം പറഞ്ഞു. ഞാനും ആനിയമ്മയും പറഞ്ഞു. മോളെ ഒന്ന് കാണാതെ പോകാൻ എനിക്ക് പറ്റില്ല മോനെ.
ആന്റി ഇന്നെന്തായാലും കാണാൻ പറ്റില്ല. നാളെ റൂമിലേക്ക് മാറ്റിയാലോ കാണാൻ പറ്റുള്ളൂ. പിന്നെ നിങ്ങൾ ഇവിടെ നിക്കുന്നത് വെറുതെ അല്ലേ..
മ്മ്.. മോൻ പറയുന്നത് ശരിയാണ് കൊച്ചേ. നമുക്ക് വീട്ടിൽപോയിട്ട് നാളെ രാവിലെ വരാം… വല്യപ്പച്ചൻ പറഞ്ഞു.
അപ്പച്ചാ ഞാൻ…
ആനി നാളെ രാവിലെ തന്നെ കൊണ്ടുവരാം നീ വിഷമിക്കാതെ വായോ.. ജോസഫ് പറഞ്ഞു
മ്മ്.. അതിന് അവരൊന്നു മൂളി.
അന്ന നീയും ഇവരുടെ കൂടെ പൊക്കൊ… എബി അന്നയോട് പറഞ്ഞു.
ഞാൻ പോകില്ല ഇച്ഛാ. ഞാൻ ഇവിടെ നിന്നോട്ടെ . പ്ലീസ് എന്നെ പറഞ്ഞയക്കല്ലേ. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
കരയണ്ട മോളെ. എബി അവൾ ഇവിടെ നിന്നോട്ടെ. വീട്ടിൽ വന്നാലും വെറുതെ കരഞ്ഞിരിക്കും.. ജോസഫ് പറഞ്ഞു.
മ്മ്.. എന്നാൽ ഒക്കെ.
ആദ്യം കത്രീനാമ്മച്ചിയും ജോണും ഒക്കെ ആണ് പോകാൻ ഇറങ്ങിയത്. അവർ എല്ലാവരോടും യാത്ര പറഞ്ഞ് എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ടാണ് പോയത്. അവരുടെ കൂടെ തന്നെ ജേക്കബും ഇറങ്ങി.
പിന്നെ ബാക്കി ഉള്ളവർ ഇറങ്ങാൻ നേരം ജോസഫ് മാത്യുവിന്റെ കൈയിൽ പിടിച്ചുകൊണ്ടു ഇത്തിരി നേരം നിന്നു. പിന്നെ ഒന്നും പറയാതെ പോയി.
ബാക്കി ഉള്ളവരും അയാളുടെ പിന്നാലെ ആയി പോയി.
എബി നീ ഇവരെ റൂമിൽ ആക്കി ഓരോ ചായ ഒക്കെ വാങ്ങി കൊടുത്തിട്ട് വാ.. അതുവരെ ഞാൻ ഇവിടെ നിൽക്കാം. ഡേവി എബിയോടായി പറഞ്ഞു.
ഞാൻ നിന്നോളം ചേട്ടായി.. ക്രിസ്റ്റി പറഞ്ഞു.
താൻ പോയി ഒന്ന് ഫ്രഷ് ആയിട്ടൊക്കെ വായോ. എന്നിട്ട് നിൽക്കാം..
ചേട്ടായി പറയുന്നത് ശരിയാ.. നിങ്ങൾ വായോ.. അതുംപറഞ്ഞു എബി അവരെയും കൂട്ടി റൂമിലേക്ക് പോയി. ഡേവി അവിടെ ഒരു കസേരയിൽ ആയി ഇരുന്നു.
കുറച്ചുകഴിഞ്ഞ് എബിയും ക്രിസ്റ്റിയും വരുന്ന വരെ അവൻ അവിടെ ഇരുന്നു. അവർ വന്നപ്പോൾ എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ട് അവരോട് യാത്ര പറഞ്ഞിട്ട് പോയി.
………………
ചിറയത്തുകാർ തറവാട്ടിൽ എത്തി ഹാളിൽ ആയി തന്നെ ഇരിക്കുമ്പോൾ ആണ് അലക്സ് കേറി വന്നത്.
അവനെ കണ്ടതും ആനിയമ്മ എഴുന്നേറ്റ് വന്നിട്ട് അവന്റെ ചെകിടടച്ചു ഒന്നങ്ങോട്ട് കൊടുത്തു.
അവൻ ഞെട്ടിക്കൊണ്ട് അവരെ നോക്കി. കാരണം ഇന്നത്തെ വരെ ഒരു ഈർക്കിലി കഷ്ണം കൊണ്ട് വരെ അവനെ തല്ലിയിട്ടുണ്ടായില്ല അവർ.. അവൻ അതേ ഞെട്ടലോടെ അവരെ വിളിച്ചു.
മമ്മി….
വിളിക്കരുത് നീ അങ്ങനെ. എങ്ങനെ തോന്നിയെടാ നിനക്ക് ആ പാവത്തിനോട് ഇങ്ങനെ ചെയ്യാൻ. എന്ത് തെറ്റാ അത് നിന്നോട് ചെയ്യ്തത്. പറയെടാ എന്തിന് വേണ്ടിയാ നീ ഇങ്ങനെ ഒരു കാര്യം ചെയ്യ്തത്. എന്ത് കുറവാണ് നീ അവളിൽ കണ്ടത്.
എല്ലാവരുടെയും അത് വരെ ഉള്ള വെറുപ്പ് നിറഞ്ഞ നോട്ടവും കിട്ടി കൂട്ടിയ അടിയും അവനെ പ്രാന്ത് പിടിപ്പിച്ചിരുന്നു. ആ ദേഷ്യത്തിൽ നിൽക്കുമ്പോൾ ആണ് ആനിയും അവനെ തല്ലിയത്. ആ ദേഷ്യത്തിൽ തന്നെ അവൻ പറഞ്ഞു.
കല്യാണം കഴിഞ്ഞിട്ട് വർഷം നാല് കഴിഞ്ഞിട്ടും എനിക്കൊരു കുഞ്ഞിനെ തരാൻ കഴിവില്ലാത്തവളെ എനിക്ക് വേണ്ടായിരുന്നു. അതാ ഞാൻ വേറെ ബന്ധം നോക്കി പോയത്.
നിനക്ക് അതിന് മുൻപ് ആ കൊച്ചിനെ വേണ്ടാന്ന് വെക്കാമായിരുന്നില്ലേ. അതിനെ ഇങ്ങനെ ചതിക്കണമായിരുന്നോ.. ഇത്രേം നെറികെട്ടവൻ ആയിപോയല്ലോ കർത്താവേ എന്റെ വയറ്റിൽ വന്ന് പിറന്നത്.. ആനിയമ്മ സ്വയം ശപിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ വേണ്ടാന്ന് വെക്കാൻ നോക്കിയാലും നിങ്ങൾ സമ്മതിക്കുമായിരുന്നോ. എനിക്ക് അവളെ കല്യാണം കഴിക്കാൻ താൽപ്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ നിങ്ങൾ അല്ലേ നിർബന്ധിച്ച് എന്റെ കെട്ട് നടത്തിയത്.
അത് കേട്ടതും ജോസഫ് ആനിയമ്മയെ കടുപ്പിച്ചു നോക്കി. അവരുടെ തല താണു. അന്നേ ജോസഫ് അവരോട് പറഞ്ഞതാണ് അവന് താൽപ്പര്യം ഇല്ലെങ്കിൽ ഇത് വേണ്ടാന്ന് വെക്കാം എന്ന്. അപ്പൊ ആനിയമ്മയുടെ നിർബന്ധം ആയിരുന്നു ഈ കല്യാണം. പക്ഷേ കല്യാണം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർ സ്നേഹിച്ച് കഴിയുന്നത് കണ്ടപ്പോൾ സമാധാനിച്ചതാണ്. പക്ഷേ…..
ജോസഫ് ഇരുന്നിടത് നിന്ന് എഴുന്നേറ്റ് വന്ന് അലക്സിന്റെ മുന്നിലായി നിന്നു.
എന്താ നിന്റെ ഉദ്ദേശം. ഇനി അങ്ങോട്ട് എന്താണാവോ തീരുമാനിച്ചു വച്ചിട്ടുള്ളത്.
അത് പപ്പേ…
അവൻ തുടങ്ങിയതും അയാൾ കൈ ഉയർത്തി തടഞ്ഞു ആ വിളി വേണ്ട. അതില്ലാതെ പറഞ്ഞാൽ മതി.
അത് സോഫിയെ എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല. എന്റെ കുഞ്ഞാണ് അവളുടെ ഉള്ളിൽ വളരുന്നത്.
അപ്പൊ ജെനിയോ.. അവളെ എന്ത് ചെയ്യണം.. രണ്ടുപേരെയും കൂടി വച്ചോണ്ടിരിക്കാൻ ആണോ..
അത്.. അവൻ ഒന്നു പറയാൻ മടിച്ചു. എന്നിട്ട് പതുക്കെ പറഞ്ഞു.
അവളെ ഡിവോഴ്സ് ചെയ്തിട്ട് അവൾക്കും കുഞ്ഞിനും ചിലവിനുള്ളത് കൊടുക്കാം. അവർക്കൊക്കെ കുറച്ചു കാശ് കിട്ടിയാൽ മതിയാവും. അവൻ ഒരു പുച്ഛത്തോടെ പറഞ്ഞു.
അത് പറഞ്ഞു കഴിയാലും അവനൊരു അടി കിട്ടി താഴെ വീഴലും ഒരുമിച്ചു കഴിഞ്ഞു. അവന് മുഖമെല്ലാം പറഞ്ഞുപോകുന്നത് പോലെ തോന്നി. അവൻ തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് ദേഷ്യംകൊണ്ട് വിറച്ച് നിക്കുന്ന ജോസഫിനെ ആണ്.
ഇത്രേം നേരം നിന്നെ ഞാൻ തല്ലാഞ്ഞത് നിന്നെ തൊട്ട് വെറുതെ എന്റെ കൈ നാറ്റിക്കണ്ടല്ലോ എന്ന് കരുതിയിട്ടാണ്. പക്ഷെ ഇപ്പൊ നീ ഈ പറഞ്ഞ ചെറ്റവർത്താനത്തിന് ഒന്നു തന്നില്ലെങ്കിൽ ഞാൻ മനുഷ്യൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.
എടാ നായെ.. നിന്റെ ഔദാര്യം സ്വീകരിക്കാൻ നിക്കുന്നവരല്ല അവരൊന്നും. നല്ല അധ്വാനിച്ചു ജീവിക്കുന്നവർ ആണ്. ആത്മാഭിമാനം ഉള്ളവർ. നീ നിന്റെ കാശിന്റെ ഹുങ്കും കൊണ്ട് അങ്ങോട്ട് ചെല്ല് മണ്ണിൽ പണിയെടുക്കുന്നവനാ മാത്യൂസ്. ഒന്നു കിട്ടിയാൽ ഉണ്ടല്ലോ ജീവിതകാലം മുഴുവൻ ഇരുപ്പതാ അത്…
പിന്നെ ഒരു കാര്യം കൂടി നീ ചിലവിനു കൊടുക്കാമെന്നു പറഞ്ഞ കുഞ്ഞില്ലേ അത് പോയി. അതിനെ കർത്താവ് തമ്പുരാൻ തിരിച്ചു വിളിച്ചു. ഇത്രേം നേരം ഞാൻ കർത്താവിനെ പഴിക്കായിരുന്നു അങ്ങനെ ഒരു അവസ്ഥ വന്നതിൽ. ഇപ്പൊ മനസ്സിലാകുന്നുണ്ട് കർത്താവ് എന്തിനാ അങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന്. ആ കുഞ്ഞിന്റെ പേരിൽ പോലും നിന്നെ പോലെ നെറികെട്ട ഒരുത്തൻ ആ മോളും ആയിട്ട് ഒരു ബന്ധം ഇല്ലാതെ ഇരിക്കാൻ ആവും. നീ സൂക്ഷിച്ചോ ഇതിനുള്ളതൊക്കെ നീ എണ്ണിയെണ്ണി കണക്ക് പറയേണ്ടിവരും.. അതുംപറഞ്ഞു അയാൾ റൂമിലേക്ക് പോയി. അതിന്റെ പിന്നാലെ അവനെ ഒന്ന് അവജ്ഞയോടെ നോക്കി കൊണ്ട് ബാക്കി ഉള്ളവരും പോയി.
അലക്സ് അപ്പോഴും കേട്ട കാര്യം വിശ്വസിക്കാൻ പറ്റാതെ ഇരിക്കായിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ജെനി എന്നറിഞ്ഞെങ്കിലും കുഞ്ഞ് പോയതൊന്നും അവൻ അറിഞ്ഞിരുന്നില്ല ഈ നേരം വരെ. അവന് കുറ്റബോധം തോന്നി. ജെനിയോട് വലിയ താൽപ്പര്യം ഒന്നും ഇല്ലെങ്കിലും ആ കുഞ്ഞ് അതവന്റെ കുഞ്ഞല്ലേ. അത് ഇല്ലാതായി എന്നാ കേട്ടപ്പോൾ അവന് വിഷമായി. അവൻ പതിയെ എഴുന്നേറ്റ് റൂമിലേക്ക് പോയി.

by