The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
ഡേവിയൊക്കെ പോകുന്ന വഴിക്ക് ജെനിയെയും മോളെയും അവളുടെ വീട്ടിൽ നിന്ന് പിക്ക് ചെയ്യതു. മാത്യൂസിനെയും മേരിയമ്മയെയും കണ്ട് വിശേഷം പങ്കു വെക്കാനും അവൻ മറന്നില്ല. ഇപ്രാവശ്യം ജെനി പോകുന്നതിനേക്കാളും അവർക്ക് വിഷമം ജാനിമോൾ പോകുന്നത് ആണ്. രണ്ട് ദിവസംകൊണ്ട് കുഞ്ഞും ആയി അത്രേം അടുത്തിരുന്നു അവർ. ഇടക്കിടക്ക് വരാം എന്ന ഡേവിയുടെ ഉറപ്പാണ് അവരെ സമാധാനത്തിൽ ആക്കിയത്.
ഡേവിയൊക്കെ തറവാട്ടിൽ എത്തുമ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു. അവർ ചെന്ന് കയറിയതും എല്ലാവരും കൂടി അവരെ പൊതിഞ്ഞു. എല്ലാവർക്കും ജാനിമോളെ അത്രേം അധികം മിസ്സ് ചെയ്തിരുന്നു. ആദ്യമായിട്ടാണ് കുഞ്ഞ് അവിടെ നിന്ന് മാറി നിൽക്കുന്നത് അതിന്റെ ഒരു വിഷമം ആണ് അവർക്ക്. ഡേവി കുറച്ചു നേരം എല്ലാവരുടെയും കൂടെ ഇരുന്നിട്ട് ഫ്രഷ് ആയിട്ട് വരാം എന്നും പറഞ്ഞ് പോയി.
ചെല്ല് മോളെ അവന് വേണ്ടത് എന്നതാന്ന് വച്ചാ എടുത്തു കൊടുക്ക്. ദേ ഈ ചായയും കൊണ്ട് പൊക്കൊ.. റീനാമ്മ ഒരു ചായ ജെനിയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
ജെനി റൂമിലേക്ക് ചെല്ലുമ്പോൾ കാണുന്നത് ഷർട്ടെല്ലാം അഴിച്ച് മാറ്റി ഒരു ജീൻസ് മാത്രം ഇട്ട് ബെഡിൽ മലർന്നു കിടക്കുന്ന ഡേവിയെ ആണ്. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൻ എഴുന്നേറ്റിരുന്ന് അവളെ തന്നെ നോക്കി. ജെനിക്കെന്തോ അവന്റെ നോട്ടത്തിൽ ആകെ പരിഭ്രമം തോന്നി. അവൾ വിറച്ചുകൊണ്ട് അവനെ നോക്കി..
ചായ… അവൾ പതിയെ പറഞ്ഞു.
ഇങ്ങോട്ട് കൊണ്ടുതാ കൊച്ചേ.. ഡേവി അവളിൽ നിന്നും ദൃഷ്ടി മാറ്റാതെ പറഞ്ഞു.
അവൾ പതിയെ ചായ അവന് കൊണ്ടുകൊടുത്തു. അവൻ ചായ വാങ്ങി സൈഡ് ടേബിളിൽ വച്ചിട്ട് അവളെ പിടിച്ച് അവന് അടുത്തായി ഇരുത്തി. അവൾ കുതറി എഴുന്നേൽക്കാൻ നോക്കിയതും അവൻ തോളിലൂടെ കയ്യിട്ട് അവളെ ചേർത്തുപിടിച്ചിരുത്തി.
എന്റെ കെട്ട്യോള് എന്നെ മിസ്സ് ചെയ്തോ.. മറ്റേ കൈകൊണ്ടു ചായ ഒന്ന് മൊത്തികൊണ്ട് അവൻ ചോദിച്ചു.
അത് പിന്നെ ഞാൻ…ജെനി എന്തോ പറയാൻ തുടങ്ങിയെങ്കിലും പിന്നെ എന്ത് പറയും എന്നാലോചിച്ച് മിണ്ടാതെ ഇരുന്നു.
ഞാൻ എന്റെ ഭാര്യയെ നന്നായി മിസ്സ് ചെയ്യ്തു കേട്ടോ.. ഇനി എങ്ങോട്ട് പോകുന്നുണ്ടെങ്കിലും നമ്മൾ മൂന്നും ഒരുമിച്ചേ പോകൂ. എനിക്ക് പിരിഞ്ഞിരിക്കാൻ വയ്യാ… ഡേവി അവളെ മുറുക്കി പിടിച്ച് കവിളിൽ ഒന്ന് മുത്തിയിട്ട് ഫ്രഷ് ആവാനായി പോയി.
ജെനി കുറച്ചുനേരം ഒന്ന് ഞെട്ടിയിരുന്നു. പിന്നെ അവൻ മുത്തിയ കവിളിൽ ഒന്ന് തൊട്ടുകൊണ്ട് നാണത്തിൽ കുതിർന്ന ഒരു ചിരിയോടെ അവൻ കുടിച്ചുവച്ച ചായ കപ്പും എടുത്ത് പുറത്തേക്ക് പോയി.
…………………
പിറ്റേന്ന് രാവിലെ തന്നെ ആൽവി ആൻസിയെ വിളിച്ചെഴുന്നേൽപ്പിച്ചു.
എന്തിനാടാ ഇത്ര രാവിലെ മനുഷ്യനെ എഴുന്നേൽപ്പിക്കുന്നെ.. അവൾ ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവന് നേരെ ചാടി.
നീ ഇങ്ങനെ ചാടി കടിക്കാൻ വരല്ലേ.. ചേട്ടായി വിളിച്ചു. നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
ഏഹ്ഹ് നിന്റെ ചേട്ടായി ഇങ്ങോട്ട് വരും എന്നല്ലേ പറഞ്ഞത്…
ആ ഇപ്പൊ വിളിച്ചിട്ട് എത്രയും പെട്ടന്ന് അങ്ങോട്ട് എത്താൻ പറഞ്ഞിട്ടുണ്ട്. നീ വേഗം റെഡി ആവാൻ നോക്ക്…
ശരി.. ആൻസി വേഗം എഴുന്നേറ്റ് ഫ്രഷ് ആവനായി പോയി.
ആൻസിയും ആൽവിയും ആൽഫ്രഡിന്റെ ഫ്ലാറ്റിന്റെ ഡോർ ബെല്ലടിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഡോർ തുറന്ന് ഇറങ്ങി വന്ന ആളെ കണ്ട ആൻസിയുടെ കണ്ണ് മിഴിഞ്ഞു. ആറടിക്ക് മുകളിൽ ഹെയ്‌റ്റിൽ വെൽ മൈന്റൈൻഡ് ഫിറ്റ് ബോഡിയിൽ ഒരു ചുള്ളൻ. ആര് കണ്ടാലും ഒന്ന് നോക്കുന്ന അത്രേം ഒരു വശ്യത അവന് ഉണ്ടായിരുന്നു. ഫോട്ടോ മുൻപ് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുമ്പോൾ ഒന്ന് കൂടി ചുള്ളൻ ആണ്. ആൽവിക്ക് എന്തോ ആൻസിയുടെ കണ്ണ് തെറ്റാതെയുള്ള അൽഫ്രഡിന് നേരെ ഉള്ള നോട്ടം ഇഷ്ടപ്പെട്ടില്ല. അവൻ അവളെ ദേഷ്യത്തോടെ ഒന്ന് തട്ടി.
അതോടെ ആൻസി ബോധം വന്നതുപോലെ അവളുടെ നോട്ടം മാറ്റി. ആൽഫിയും ( അൽഫ്രഡിനെ ഇനി ആൽഫി എന്ന് വിളിക്കാം ) കണ്ടിരുന്നു ആൻസിയുടെ കണ്ണെടുക്കാതെ ഉള്ള നോട്ടം. അവൻ ഒരു വശ്യമായ ചിരിയോടെ അവളെ നോക്കി.
നിങ്ങൾ ഉള്ളിലേക്ക് വായോ അതും പറഞ്ഞ് ആൽഫി ഉള്ളിലേക്ക് പോയി അതിന് പിന്നിൽ ആയി ബാക്കി രണ്ടുപേരും പോയി.
അല്ല ഇവിടെ ചേട്ടത്തിയും ആ വട്ടനും ഉള്ളത് കൊണ്ട് ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്താ ഇങ്ങോട്ട് വരാൻ പറഞ്ഞത്.. സോഫയിൽ ആയി ഇരുന്നതും ആൽവി ചോദിച്ചു.
ഓഹ്.. ആ രണ്ടെണ്ണം പള്ളിയിലേക്ക് പോയി. ഇന്ന് അവരുടെ ചേച്ചിയുടെ ഓർമ ദിവസം ആണത്രേ. അപ്പൊ സ്പെഷ്യൽ കുർബാന ഒക്കെ ഉണ്ട്. അതൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും ഒരു സമയം ആവും…
ഏഹ്ഹ്.. ചേച്ചിയോ അവർ രണ്ടുമക്കൾ അല്ലേ അപ്പൊ. അങ്ങനെ ആണല്ലോ വല്യപപ്പ പറഞ്ഞത്…
മ്മ്.. ഞാനും അറിഞ്ഞത് കെട്ട് കഴിഞ്ഞിട്ടാണ്. പപ്പക്ക് അറിയാമായിരുന്നുത്രെ. ആ പെണ്ണ് എന്തോ ആക്‌സിഡന്റിൽ ആണ് മരിച്ചത് എന്ന്. ഇവിടെ കേരളത്തിൽ വച്ചായിരുന്നുത്രെ അത് മരിച്ചത്. അതുകൊണ്ട് അടക്കിയത് ഇവിടെ ആണ്. ആ പെണ്ണിന്റെ മരണം കണ്ടിട്ടാണ് ആ ആങ്ങളചെക്കന് വട്ടായത് എന്ന്… എന്തായാലും എന്താ ഞാൻ പിന്നെ അതൊന്നും അന്വേഷിക്കാൻ പോയില്ല. എനിക്ക് അവരുടെ സ്വത്ത് മാത്രം മതി. അത് എനിക്ക് കിട്ടിയല്ലോ.. ആൽഫി ഒരു പുച്ഛഭാവത്തോടെ പറഞ്ഞു.
അല്ല ചേട്ടായി ആ ആങ്ങള ചെക്കൻ എന്ന് പറയുന്നത് ചെറിയ ചെക്കൻ ആണോ….
ഏയ്യ് അല്ല. ഏകദേശം നിന്റെ ഒക്കെ പ്രായം കാണും. എന്റെ കെട്ടിയവളെക്കാളും മൂത്തതാണ്. ഇപ്പൊ പക്ഷേ ചെറിയ പിള്ളേരുടെ പോലെ ആണ്. ഫുൾ ടൈം അവൾടെ പിന്നാലെ ആണ്. കിടപ്പും തീറ്റയും ഒക്കെ ഒരുമിച്ചാണ് രണ്ടിന്റേം… ആൽഫി ഒരു പുച്ഛത്തോടെ പറഞ്ഞു.
ഏഹ്.. അപ്പൊ ചേട്ടായിടെ കാര്യങ്ങൾ ഒക്കെ അവതാളത്തിൽ ആവൂലോ.. ആൽവി ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
അല്ലെങ്കിലും എനിക്ക് അവളോട് വല്യ താൽപ്പര്യം ഒന്നും ഇല്ല. പിന്നെ സ്വത്ത് കിട്ടുമല്ലോ എന്ന് ആലോചിച്ച് കെട്ടിയതാണ് അതും രജിസ്റ്റർ ചെയ്തിട്ടേ ഉള്ളൂ. പള്ളിയിൽ പോയി കെട്ടിയിട്ടൊന്നും ഇല്ല. പിന്നെ എന്റെ കാര്യങ്ങൾ ഒന്നും അവതാളത്തിൽ അല്ല. അതിനൊക്കെ ഇഷ്ടംപോലെ ആൾക്കാർ ഉണ്ട് അവിടെ.
അപ്പൊ ആ ചെക്കന് ബേധം ആയാൽ സ്വത്ത് ഒക്കെ പോകില്ലേ… ആൽവി ചോദിച്ചു.
അതൊന്നും ബേധമായില്ലെടാ. അവൻ കഴിക്കുന്ന മരുന്ന് ഞാൻ ഒന്നുമാറ്റി. ഈ മരുന്ന് കുറച്ചുനാളുകൂടി കഴിച്ചാൽ എന്നെന്നേക്കുമായി അവന്റെ ബുദ്ധിയും ബോധവും ഒക്കെ അങ്ങോട്ട് പൊക്കോളും.. പിന്നെ ആ രണ്ടെണ്ണത്തിനെയും ഇല്ലാതെ ആക്കാൻ ആണോ പാട്…. ആൽവി ക്രൂരമായ മുഖഭാവത്തോടെ പറഞ്ഞു.
അതൊക്കെ പോട്ടെ എന്താ ഇപ്പോഴത്തെ നിങ്ങടെ അവസ്ഥ.
ചേട്ടായി.. അവൻ ആ ഡേവിഡ് ആണ് നമ്മുടെ എല്ലാ തകർച്ചക്കും കാരണം. ദേ ഇവളുടെ പപ്പയെ ഇല്ലാതാക്കിയതും അവനാണ്.. ആൽവി ആൻസിയെ കാട്ടി പറഞ്ഞു.
മ്മ്… എന്താ ഡേവിയുടെ ഇപ്പോഴത്തെ അവസ്ഥ. എന്തിൽ തൊട്ടാല് ആണ് അവന് പൊള്ളുന്നത്.
അയാൾ ഇപ്പൊ ഭയങ്കര സന്തോഷത്തിൽ ആണ്. രണ്ടാമത് ഒന്ന് കെട്ടി. ആ പെണ്ണിനെ തട്ടാൻ നോക്കിയതിനാണ് അവൻ എന്റെ പപ്പയെ ഇല്ലാതെ ആക്കിയത്. പിന്നെ അവന്റെ വീക് പോയിന്റ് ഇപ്പോഴും ആ കുഞ്ഞ് തന്നെ ആണ്. ഞാൻ അന്വേഷിച്ചപ്പോ അറിഞ്ഞത് ഈ കല്യാണം വരെ ആ കുഞ്ഞിന് വേണ്ടി ആണെന്നാണ്.
മ്മ്.. അപ്പൊ അവനെ തകർക്കാൻ ഏറ്റവും നല്ല വഴി ആ കുഞ്ഞിനെ നമ്മുടെ അടുത്ത് എത്തിക്കാൻ നോക്കുന്നതാണ്. ആ കുഞ്ഞ് അവന്റെ കൈയിൽ നിന്ന് പോയാൽ തന്നെ അവൻ തകരും. പിന്നെ അവനെ ഇല്ലാതെ ആക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല.
അതിന് ആ കുഞ്ഞിനെ എങ്ങനെ നമ്മുടെ അടുത്ത് എത്തിക്കും… ആൻസി ചോദിച്ചു.
അതിനല്ലേ നീ. ഒരു കുഞ്ഞിൽ ഏറ്റവും അധികാരം അതിന്റെ അമ്മക്ക് തന്നെ ആണ്. പിന്നെ പെൺകുഞ്ഞ് ആണെങ്കിൽ പറയണ്ട. അല്ല ഇതേതാ കുട്ടി ആണാണോ അതോ പെണ്ണോ..
പെണ്ണ് തന്നെ ആണ്. പക്ഷേ അന്ന് പിരിയുമ്പോൾ ആ കുട്ടിയിൽ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു അവകാശവും ഇല്ല എന്ന് എഴുതി ഒപ്പിട്ട് കൊടുത്തിരുന്നു. അപ്പൊ പിന്നെ എന്ത് ചെയ്യും.
അതൊന്നും കുഴപ്പം ഇല്ല. അങ്ങനെ ഒരു കടലാസിൽ ഒപ്പിട്ട് കൊടുത്തതുകൊണ്ടൊന്നും നിനക്ക് ആ കുഞ്ഞിൽ അധികാരം ഇല്ലാതെ ആവുന്നില്ല. കുറച്ച് ഒന്ന് അഭിനയിക്കേണ്ടി വരും. കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വിഷമം അങ്ങ് പൊലിപ്പിച്ച് കാണിക്കണം. ആദ്യം നമുക്ക് നല്ലൊരു വക്കീലിനെ കാണണം. കേസ് രജിസ്റ്റർ ചെയ്യാം. അപ്പൊ എന്തായാലും ഒരു കോംപ്രമൈസ് ടോക്കിന് അവൻ വരാതെ ഇരിക്കില്ല. അവിടെ തറപറ്റിക്കാം അവനെ. കുഞ്ഞിനെ ഇത്രയും സ്നേഹിക്കുന്ന സ്ഥിതിക്ക് ഇത്ര ചെറിയ കുഞ്ഞിനെ കോടതിയിലേക്ക് ഒന്നും വലിച്ചിഴക്കാൻ അവന് സമ്മതം ആവില്ല. അങ്ങനെ ആണെങ്കിൽ നമ്മൾ വിചാരിക്കുന്നിടത്ത് നിർത്താൻ പറ്റും അവനെ. മുട്ടുകുത്തിക്കണം ആ നാ*****നെ എന്റെ മുന്നിൽ. എല്ലാകാലത്തും എനിക്കൊരു എതിരാളി ആയിട്ട് അവൻ ഉണ്ടായിരുന്നു. ഇനി അത് പാടില്ല.. ആൽഫി ദേഷ്യത്തോടെ പുലമ്പി.
മ്മ്.. അതു നല്ല ഐഡിയ ആണ്. കുഞ്ഞിനെ വച്ച് ആവുമ്പോ അയാൾ അധികം കടുംപിടിത്തം പിടിക്കില്ല. എന്റെ മുന്നിൽ അവൻ കേഴുന്നത് എനിക്ക് കാണണം. അവൻ ഒരിക്കലും സന്തോഷത്തോടെ കഴിയരുത്. അതു മാത്രം ആണ് എന്റെ എല്ലാ അപമാനങ്ങൾക്കും ഉള്ള പ്രതിവിധി… ആൻസിയും വക്രതയോടെ ഒന്ന് ചിരിച്ചു.
ചേട്ടായി ഇതൊക്കെ വല്ലതും നടക്കുമോ. അത് ഡേവിഡ് ആണ്. അവനെ നമ്മൾ അങ്ങനെ കുറച്ച് കാണണ്ട… ആൽവി പറഞ്ഞു.
ഹാ.. നീ പേടിക്കാതെ ഡാ. ഇത് എന്തായാലും നടക്കും ഇനി അഥവാ നടന്നില്ലെങ്കിൽ അവനെ തകർക്കാൻ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ വരെ എനിക്കൊരു മടിയും ഇല്ല..
മ്മ്.. അതിന് ആൽവി ഒന്ന് മൂളി.
അല്ലടാ.. എഡ്ഢി ഇപ്പോ എവിടെയാ.. കുറേ നാളായല്ലോ കണ്ടിട്ട്..അവന് അന്ന് ആക്‌സിഡന്റ് ആയത് ഒക്കെ ശരിയായോ..
അവൻ ദേ ഉഷാറായി വരുന്നു ചേട്ടായി. അടുത്ത മാസം നീണ്ട ഒന്നര വർഷത്തെ ചികിത്സക്ക് ശേഷം അവൻ എത്തുന്നുണ്ട് നാട്ടിൽ. അവനും കൂടി എത്തിയ നമുക്ക് ഡേവിഡിനെ എതിരിടാൻ ഒരാളും കൂടി ആയി.
ആ സമയത്താണ് കാളിങ് ബെൽ അടിച്ചത്. ആൽഫി ചെന്ന് വാതിൽ തുറന്നപ്പോൾ ലിഡിയയും ലിബിനും ആണ്. അവർ ഉള്ളിലേക്ക് കയറിയപ്പോൾ ആണ് അവിടെ ഇരിക്കുന്ന ആൽവിയെയും ആൻസിയെയും കാണുന്നത്.
ലിഡിയ ഇതാണ് ഞാൻ പറയാറുള്ള എന്റെ ബ്രദർ ആൽവി. ഇത് അവന്റെ വൈഫ് ആൻസി. ആൽഫി രണ്ടുകൂട്ടർക്കും പരസ്പരം പരിചയപ്പെടുത്തി.
അൽപ്പം തടിച്ച് അധികം ഉയരം ഇല്ലാത്ത ഒരു പെണ്ണാണ് ലിഡിയ. ലിബിൻ ആണെങ്കിൽ അത്യാവശ്യം ഉയരത്തിൽ ആകെ മുടിയും താടിയും ഒക്കെ വളർത്തി ഒരു വല്ലാത്ത രൂപത്തിലും. ആൽവിയും ആൻസിയും ലിബിയെ തന്നെ വല്ലാതെ നോക്കുന്നത് കണ്ടപ്പോൾ ലിഡിയക്ക് എന്തോ ഒരു ഇഷ്ടക്കേട് തോന്നി. അവൾ വേഗം അവരോട് പറഞ്ഞിട്ട് വേറേതോ ലോകത്തെന്ന പോലെ നിൽക്കുന്ന ലിബിയെയും കൊണ്ട് റൂമിലേക്ക് പോയി…