രചന – കണ്ണന്റെ മാത്രം
ജെനി ആ പടിയിറങ്ങുന്നതും നോക്കി ബാക്കി എല്ലാവരും നിന്നു. ചിറയത്തുകാർ എല്ലാവരും വിഷമത്തോടെ ആണ് ആ പടിയിറക്കം നോക്കിയത്. സോഫി ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ച് നിന്നു. കുറച്ച് നാണംകെട്ടെങ്കിലും അവൾ ഒഴിഞ്ഞ് പോയല്ലോ എന്നാണ് അവൾ ചിന്തിച്ചത്.
അലക്സിനു ഒരു നിർവികാരത ആണ് തോന്നിയത് ഒപ്പം എന്താന്ന് അറിയാത്ത ഒരു നോവും.
അലക്സ് എന്താ നിന്റെ തീരുമാനം.. എപ്പോൾ ഇവിടെ നിന്നും ഇറങ്ങാൻ ആണ് നീ തീരുമാനിച്ചിരിക്കുന്നത്… വല്യപ്പച്ചൻ ഗൗരവത്തോടെ ചോദിച്ചു.
ഇറങ്ങാനോ എങ്ങോട്ട്.. ഇതെന്റെയും കൂടെ വീടല്ലേ… അലക്സ് കണ്ണ് മിഴിച്ചുകൊണ്ട് ചോദിച്ചു.
ഇതിപ്പോ ജോസഫിന് ഭാഗം കിട്ടിയതാണ്. അപ്പൊ ഇവിടെ ആരൊക്കെ ജീവിക്കണം എന്നത് അവന്റെ അല്ലേ തീരുമാനം..
അതിന് പപ്പ ഒന്നും പറഞ്ഞില്ലല്ലോ എന്നോട് ഇറങ്ങിപോവാൻ… അലക്സ് ചോദിച്ചു.
എന്റെ തീരുമാനം തന്നെ ആണ് എന്റെ അപ്പച്ചൻ പറഞ്ഞത്. എത്രയും പെട്ടന്ന് നീ ഈ പടി ഇറങ്ങിരിക്കണം… കേട്ടല്ലോ.. അങ്ങോട്ട് വന്നുകൊണ്ട് ജോസഫ് പറഞ്ഞു.
അത് പിന്നെ പപ്പേ ഇച്ചായ…. സോഫി പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവിടെ ജോസഫിന്റെ ശബ്ദം ഉയർന്നിരുന്നു.
പ്ഫാ.. ചൂലേ.. ആരാടി നിന്റെ പപ്പ. കണ്ണീകണ്ട അവളുമാർക്കൊന്നും ഞാൻ എന്നെ പപ്പ എന്ന് വിളിക്കാനുള്ള അധികാരം കൊടുത്തിട്ടില്ല. കേട്ടല്ലോ.. ഇനി ഒരിക്കൽക്കൂടി നിന്റെ വായിൽ നിന്നും ഈ ഒരു വർത്താനം വന്നാൽ അടിച്ച് ഞാൻ നിന്റെ മുഖത്തിന്റെ ഷേപ്പ് മാറ്റും.
ടാ… സോഫിയോട് അത് പറഞ്ഞുകൊണ്ട് അയാൾ അലക്സിയെ നോക്കി രൂക്ഷമായി വിളിച്ചു..
എ.. എന്താ.. അയാളുടെ ദേഷ്യം കണ്ട പേടിയോടെ അവൻ വിക്കലോടെ വിളികേട്ടു.
എന്തൊക്കെയാ എടുക്കാൻ ഉള്ളതെന്ന് വച്ചാൽ എടുത്തിട്ട് പത്തുമിനിറ്റിനുള്ളിൽ ഈ പടി നീ ഇറങ്ങിയിരിക്കണം. ഇല്ലെങ്കിൽ കഴുത്തിനു കുത്തിപിടിച്ച് ഞാൻ പുറത്താക്കും നിന്നെയും നിന്റെ മറ്റവളെയും.. അപ്പൊ മറക്കണ്ട പത്തുമിനിറ്റ്..
അയാൾ അത് പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് പോയി. ബാക്കി ഉള്ളവരും അവരെ അവജ്ഞയോടെ ഒന്ന് നോക്കികൊണ്ട് ഉള്ളിലേക്ക് പോയി.
ഇച്ചായാ ഇനീപ്പോ എന്ത് ചെയ്യും..
എന്ത് ചെയ്യാൻ… ഇറങ്ങണം ഇവിടെ നിന്ന് അല്ലാതെ വേറെ വഴിയില്ല. പപ്പ പറഞ്ഞാൽ പറഞ്ഞതാണ്. നീ വായോ എന്റെ സാധനങ്ങൾ പാക്ക് ചെയ്യണം…
അതും പറഞ്ഞ് അവൻ അവരുടെ റൂമിലേക്ക് പോയി.
അലക്സ് സാധനങ്ങൾ പാക്ക് ചെയ്യുന്ന സമയം സോഫി ആ റൂം മുഴുവൻ ചുറ്റികണ്ടു. അവൾക്ക് നഷ്ടബോധം തോന്നി ഇതൊന്നും തനിക്ക് ആസ്വദിക്കാൻ പറ്റിയില്ലല്ലോ എന്നാലോചിച്ചിട്ട്..
അപ്പോഴേക്കും അലക്സിന്റെ പാക്കിങ് കഴിഞ്ഞിരുന്നു. അതോടെ അവരും ആ വീടിന്റെ പടി ഇറങ്ങി. ജെനി ഇറങ്ങുമ്പോൾ ഒരു വീട് മുഴുവൻ കണ്ണീർ വാർത്തുനിന്നെങ്കിൽ ഇവർ ഇറങ്ങുമ്പോൾ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അവൻ ആ വീട് ഒന്നുകൂടി തിരിഞ്ഞു നോക്കികൊണ്ട് ഇറങ്ങിപ്പോയി…
………….
വീട്ടിൽ തിരിച്ചെത്തിയ ജെനി വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ചിറയത്തു വച്ച് അങ്ങനെ ഒക്കെ സ്ട്രോങ്ങ് ആയി സംസാരിച്ചെങ്കിലും സോഫിയുടെ വാക്കുകൾ അവളിൽ മുറിവ് സൃഷ്ടിച്ചിരുന്നു. അമ്മയാവാൻ ഭാഗ്യം ഇല്ലാത്തവൾ എന്ന അവളുടെ വാക്കുകൾ ജെനിയുടെ കാതിൽ പിന്നെയും പിന്നെയും മുഴങ്ങി കേട്ടുകൊണ്ടിരുന്നു. അവൾക്ക് തല പൊട്ടിപൊളിയുന്നത് പോലെ തോന്നി. അവളുടെ കണ്ണുകൾ പെയ്യ്തിറങ്ങി. അവൾ തലയിൽ കൈ താങ്ങി ആ ബെഡിലേക്ക് ഇരുന്ന് കരഞ്ഞു. ആ സമയത്താണ് റൂമിന്റെ ഡോറിൽ ആരോ മുട്ടിയത്. ആരെയും കാണാൻ ഉള്ള ഒരു അവസ്ഥയിൽ അല്ലാത്തത് കൊണ്ട് അവൾ വാതിൽ തുറന്നില്ല. അപ്പോൾ പിന്നെയും മുട്ടിക്കൊണ്ടിരുന്നു.
ജെനി.. വാതിൽ തുറക്ക് ഡാ.. പുറത്ത് അന്നയുടെ ശബ്ദം കേട്ടപ്പോൾ ആശ്വാസമായി. ആ സമയം ഒന്ന് കെട്ടിപ്പിടിച്ചു കരയാൻ ആരെങ്കിലും അവൾക്ക് വേണമായിരുന്നു. അവൾ വേഗം പോയി വാതിൽ തുറന്നു.
അന്ന ഉള്ളിലേക്ക് കയറിയതും ജെനി പിന്നെയും വാതിൽ അടച്ചു. പിന്നെ തിരിഞ്ഞ് അന്നയെ മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞു..
എനിക്ക് അമ്മയാവാനുള്ള ഭാഗ്യം ഇല്ലാത്തതുകൊണ്ടാവുമോ അന്നമ്മേ എന്റെ കുഞ്ഞ് എന്നെ വിട്ട് പോയത്. എന്നെപ്പോലെ ഒരു ഭാഗ്യദോഷിയായ അമ്മയുടെ വയറ്റിൽ ആയതുകൊണ്ടാവും അതിന് പുറംലോകം കാണാൻ ഭാഗ്യമില്ലാതെ പോയത്… അവൾ പുലമ്പിക്കൊണ്ടിരുന്നു.
അന്ന അല്പം ബലം പ്രയോഗിച്ച് തന്നെ അവളെ തന്നിൽ നിന്ന് വേർപ്പെടുത്തി… എന്നിട്ട് പറഞ്ഞു.
നിനക്ക് പ്രാന്തുണ്ടോ ജെനി കണ്ണീക്കണ്ട അവളുമാരുടെ വാക്കും കേട്ട് ആവശ്യമില്ലാത്തതു ചിന്തിച്ചുകൂട്ടാൻ. ഞാൻ അപ്പോഴേ ഇച്ഛനോട് പറഞ്ഞു അവിടെ വച്ച് വലിയ ഝാൻസി റാണി കളിച്ചിട്ട് ഇവിടെ വന്നിരുന്ന് കരയുന്നുണ്ടാവും എന്ന്. നിന്റെ കുഞ്ഞ് നിന്നെ വിട്ട് പോയത് നീ ഭാഗ്യദോഷി ആയതുകൊണ്ടല്ല ആ കുഞ്ഞിന് അത്രേം ആയുസ്സേ കർത്താവ് വിധിച്ചിരുന്നുള്ളൂ. ഈ ലോകത്ത് എത്രെയോ അമ്മമാർക്ക് അവരുടെ കുഞ്ഞുങ്ങളെ വയറ്റിൽ വച്ചും അല്ലാതെയും നഷ്ടപ്പെടുന്നു. എന്താ അവരെല്ലാം ഭാഗ്യദോഷികൾ ആണോ. എത്രയോ കുഞ്ഞുങ്ങൾക്ക് അവരുടെ ജനനത്തോടെ അമ്മമാരെ നഷ്ടപ്പെടുന്നു എന്താ അവര് ഭാഗ്യദോഷികൾ ആണോ. ഒരാളുടെ ജനനവും മരണവും എല്ലാം അയാളുടെ തലവിധി ആണ് അല്ലാതെ ആരുടേയും ഭാഗ്യവും ഭാഗ്യദോഷവും അല്ല… കേട്ടല്ലോ.. ഇനി ആവശ്യമില്ലാത്ത ചിന്തകൾ ഒന്നും വേണ്ട. നിന്റെ മുഖം ഒന്ന് മാറിയാൽ വിഷമിക്കാൻ ഒരുപാട് പേരുണ്ട്. ആവശ്യമില്ലാത്ത ചിന്തകൾ വരുമ്പോൾ അത് മാത്രം ഒന്ന് ചിന്തിച്ചാൽ മതി. ഇനി എന്റെ ജെനിമോള് പോയി മുഖം ഒക്കെ ഒന്ന് കഴുകി വന്നേ. നമുക്ക് രണ്ടാൾക്കും നല്ല അഡാർ പണിയുംകൊണ്ടാണ് എന്റെ കെട്ടിയവൻ വന്നിട്ടുള്ളത്. വായോ നമുക്ക് രണ്ടാൾക്കും പോയിട്ട് അത് രണ്ട് കൈയും നീട്ടി വാങ്ങാം. ചെല്ല് ഒന്ന് ഫ്രഷ് ആയിട്ട് വായോ. ഞാൻ പുറത്തുണ്ടാവും.
അന്ന അത് പറഞ്ഞതും ജെനി തലയൊന്നു ആട്ടികൊണ്ട് ബാത്‌റൂമിലേക്ക് പോയി. അന്ന പുറത്തേക്കും.
എന്തായി മോളെ.. അന്ന പുറത്ത് വന്നതും മാത്യൂസ് ചോദിച്ചു.
ഒരു കുഴപ്പം ഇല്ല അപ്പച്ചാ.. അതൊരു കുഞ്ഞു സങ്കടം ആണ്. അത് കുറച്ച് ദിവസം കഴിഞ്ഞാൽ സമാധാനം ആയിക്കോളും. അതാലോചിച്ചു നിങ്ങൾ ആരും ടെൻഷൻ ആവണ്ട.
ഞങ്ങൾക്ക് പേടിയായി മോളെ. അവൾ ഇങ്ങനെ റൂമിൽ അടച്ചിരിക്കുന്നത് കണ്ടിട്ട്. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ നിൽക്കുമ്പോൾ ആണ് മോള് വന്നത്…
ആ ഞങ്ങൾ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇവിടെ ഒന്ന് കയറിയിട്ട് പോകാം എന്ന് വിചാരിച്ച് വന്നതാണ്. പിന്നെ ഒരു കാര്യം ചോദിക്കാനും ഉണ്ട്. അത് ജെനി കൂടി വന്നിട്ട് ചോദിക്കാം എന്ന് കരുതി.
അപ്പോഴാണ് ജെനി അങ്ങോട്ട് വന്നത്. അവളുടെ കണ്ണും മുഖവും പറയുന്നുണ്ടായിരുന്നു അവൾ കരയുകയായിരുന്നു എന്ന്. എങ്കിലും ആരും ഒന്നും ചോദിച്ചില്ല അവളോട്.
ആ ജെനി വന്നല്ലോ. അപ്പൊ ഞങ്ങൾ വന്ന കാര്യം പറയാം.
ഞങ്ങളുടെ സ്കൂളിൽ പ്ലസ് ടു കോമേഴ്സിന് 2 ടീച്ചർമാരെ വേണം. നിങ്ങൾ രണ്ടും B. Ed കഴിഞ്ഞിട്ട് ഇപ്പൊ ഒന്നര കൊല്ലം കഴിഞ്ഞില്ലേ ഇനിയും വെറുതെ ഇരിക്കണ്ടല്ലോ. അപ്പൊ നേരെ അവിടെ വന്നു ജോയിൻ ചെയ്തോ.. എബി പറഞ്ഞു നിർത്തി.
അല്ല അളിയാ നിങ്ങളുടെ സ്കൂൾ ഗവൺമെന്റ് അഫിലിയേറ്റഡ് അല്ലേ . അപ്പൊ എങ്ങനെയാ അപ്പോയിൻമെന്റ് ഒക്കെ പിഎസ്സി വഴി ആവില്ലേ.
അതെ. പക്ഷേ അത് മാനേജ്മെന്റ് സ്കൂൾ അല്ലേ.. അപ്പൊ ഞങ്ങൾക്ക് അപ്പോയിന്റ് ചെയ്യാം ടീച്ചേഴ്സിനെ… അതുകൊണ്ട് രണ്ടാളും ജോയിൻ ചെയ്യാൻ തയ്യാറായി ഇരുന്നോ…എബി പറഞ്ഞു
ചേട്ടായി അത് പിന്നെ…
ജെനി പറഞ്ഞു തുടങ്ങിയപ്പോഴേക്കും എബി അത് തടഞ്ഞുകൊണ്ട് പറഞ്ഞു.
ഒരു തടസ്സവും പറയണ്ട ജെനി. ഇനിയും നിങ്ങളെ വെറുതെ ഇങ്ങനെ വീട്ടിൽ ഇരുത്താൻ പറ്റില്ല.
അല്ല മോനെ പെട്ടന്ന് എങ്ങനെയാ. മോളുടെ രക്ഷ മുഴുവൻ ആയിട്ടില്ലല്ലോ.. മേരിയമ്മ ആദിയോടെ പറഞ്ഞു
പെട്ടന്ന് വേണ്ട അമ്മച്ചി പ്ലസ് വൺ സ്റ്റാർട്ട് ചെയ്യാൻ ഇനിയും ഒരു പതിനഞ്ച് ദിവസം ഉണ്ട്. അപ്പോൾ ജോയിൻ ചെയ്താൽ മതി…
അല്ല ചേട്ടായി അവിടേക്ക് ഇവിടെ നിന്ന് ഒന്നര മണിക്കൂറോളം യാത്ര ഇല്ലേ. ഞാൻ അതിനടുത്തുള്ള കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത്. അപ്പൊ ഇത്രേം ദൂരം എന്നും യാത്ര ചെയ്താൽ…
അതൊന്നും ഒരു കുഴപ്പവും ഇല്ല ക്രിസ്റ്റി.. ഞങ്ങൾ കോളേജിലേക്ക് പോയപ്പോ 1 മണിക്കൂറിലും മേലെ യാത്ര ഉണ്ടായിരുന്നില്ലേ തറവാട്ടിൽ നിന്ന്. എന്നിട്ട് ഡെയിലി പോയി വന്നിരുന്നില്ലേ. ഇനിയിപ്പോ ദിവസവും യാത്ര പറ്റുന്നില്ലെങ്കിൽ അവൾ എന്റെ കൂടെ അവിടെ കൊട്ടാരത്തിൽ തറവാട്ടിൽ നിക്കട്ടെ. അവിടെ നിന്ന് പത്ത് മിനിറ്റ് ദൂരം ഉള്ളൂ സ്കൂളിലേക്ക്. ശനിയും ഞായറും ഇങ്ങോട്ട് വരാമല്ലോ… അന്ന ഉത്സാഹത്തോടെ പറഞ്ഞു.
ഏയ്യ്.. അതൊന്നും വേണ്ട ഞാൻ ഡെയിലി പോയി വന്നോളാം. എനിക്ക് കുഴപ്പം ഒന്നും ഇല്ല.. ജെനി പറഞ്ഞു.
ആ അപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ നിനക്ക് ജോലിക്ക് കേറാൻ…എബി ചോദിച്ചു..
ഇല്ല… ജെനി പറഞ്ഞു.
ആ എങ്കിൽ ഇന്ന് ഒന്നാം തിയതി അല്ലേ പതിനഞ്ചിന് സ്കൂളിലേക്ക് വന്നാൽ മതി. ഞാൻ ഉണ്ടാവും അന്ന് അവിടെ…
പിന്നെ രണ്ടിനോടും കൂടി ഒരു കാര്യം പറയാം പ്രത്യേകിച്ച് നിന്നോട് അന്നമ്മേ വല്ല ഉഡായിപ്പും അവിടെ ഒപ്പിച്ചാൽ ചേട്ടായി കോരി എറിയും രണ്ടിനേം… കേട്ടല്ലോ..
ഓഹ്.. കേട്ടു. ഞങ്ങൾ ഒന്നും ഒപ്പിക്കാൻ പോകുന്നില്ല.. അന്ന ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു.
ജെനിയെ ആ കാര്യത്തിൽ എനിക്ക് പേടിയില്ല. പക്ഷേ നിന്നെ എനിക്ക് നല്ല പേടിയുണ്ട്.
ഓഹ് പിന്നെ.. ഒഞ്ഞുപോയെടാ..
ദേ പെണ്ണേ.. നീ എന്റെ കൈയിൽ നിന്നും വാങ്ങും കേട്ടോ..
പിന്നെ കുറച്ചുനേരം എല്ലാവരും കൂടി ഇരുന്ന് സംസാരിച്ചിട്ടാണ് പിരിഞ്ഞത്. ബന്ധുക്കൾ ഒക്കെ ആദ്യമേ പോയിരുന്നു. ഇപ്പൊ അവിടെ ജെനിയും ക്രിസ്റ്റിയും അപ്പച്ചനും അമ്മച്ചിയും മാത്രം ആയി.
അമ്മച്ചി ഞാൻ കുറച്ച് നേരം ഒന്ന് കിടക്കട്ടെ എന്തോ ഒരു ക്ഷീണം പോലെ.. ജെനി പറഞ്ഞു.
ശരി മോളെ പോയി കിടന്നോ.. അമ്മച്ചി കഴിക്കാൻ നേരം ആവുമ്പോ വിളിച്ചോളാം..
എങ്കിൽ ഞാനും ഉണ്ട് ഇച്ചേച്ചി എനിക്കും ഉറക്കം വരുന്നുണ്ട്. അതും പറഞ്ഞ് ക്രിസ്റ്റി ജെനിയെയും വിളിച്ച് റൂമിലേക്ക് പോയി. മാത്യൂസും മേരിയമ്മയും തങ്ങളുടെ രണ്ടുമക്കളെയും നോക്കി നിന്നു.
…………
അന്നയും എബിയും അവന്റെ തറവാട്ടിൽ എത്തുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അവരും വേഗം ഫ്രഷ് ആയി ഭക്ഷണം കഴിക്കാനായി ഇരുന്നു.
ഭക്ഷണം എല്ലാം കഴിഞ്ഞ് ഇരുന്നപ്പോൾ ആണ് വല്യമ്മച്ചി ഇന്നത്തെ കാര്യം ചോദിച്ചത്..
എന്തായി അന്നമോളെ ഇന്നത്തെ കാര്യങ്ങൾ. ജോസഫ് വിളിച്ചിരുന്നു ജോണിനെ പിന്നെ ഇന്ന് അല്ലായിരുന്നോ നമ്മുടെ അടുത്തവീട്ടിലെ കൊച്ചിന്റെ കെട്ട്. അതുകാരണം വരാൻ പറ്റിയില്ല.
അത് കുഴപ്പമില്ല വല്യമ്മച്ചി. ഞാൻ മമ്മിയോട് പറഞ്ഞിട്ടുണ്ട് അത്. പിന്നെ ജെനി ഇന്ന് പൊളിച്ചടക്കി. ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് റിയാക്ട് ചെയ്യ്തത്.
ഏഹ്.. ആണോ.. എന്താ അവിടെ ഉണ്ടായേ.. അലൻ ഉത്സാഹത്തോടെ ചോദിച്ചു.
അതോടെ അന്ന അതിലും ഉത്സാഹത്തോടെ അവിടെ നടന്നകാര്യങ്ങൾ വിവരിച്ചുകൊണ്ടിരുന്നു.
എല്ലാം പറഞ്ഞ് കഴിഞ്ഞതും എല്ലാവർക്കും ജെനി റിയാക്ട് ചെയ്ത രീതി സന്തോഷം നൽകി.
ഇങ്ങനെ വേണം പെൺകുട്ടികൾ. അല്ലാതെ വെറുതെ കരഞ്ഞുവിളിച്ചിരുന്നാൽ എന്തിന് കൊള്ളാം… വല്യമ്മച്ചി പറഞ്ഞു
അല്ല എബി എന്തായി ഇവരുടെ സ്കൂളിൽ ജോയിൻ ചെയ്യുന്ന കാര്യം… ഡേവി അന്നയെ കാട്ടികൊണ്ട് ചോദിച്ചു.
അവർ രണ്ടാളും ജൂലൈ 15 ന് ജോയിൻ ചെയ്തോളും. ജെനി ആദ്യം എതിര് പറയാൻ ശ്രമിച്ചെങ്കിലും പിന്നെ സമ്മതിച്ചു.
ഏഹ്.. അപ്പൊ ഇവര് രണ്ടാളും നമ്മുടെ സ്കൂളിൽ ജോയിൻ ചെയ്യാൻ പോവാണോ. ഏത് ക്ലാസ്സിൽ. ആലി ഉഷാറോടെ ചോദിച്ചു.
നിന്റെ ടീച്ചർമാർ ആവും രണ്ടാളും ഹയർ സെക്കന്ററി കോമേഴ്‌സിനു ആണ് രണ്ടാളും ജോയിൻ ചെയ്യുന്നത്. ജെനി അക്കൗണ്ടൻസിയും. ദേ ഇവൾ ഇക്കണോമിക്സും.
ആഹാ.. അപ്പൊ ഞാൻ ഇനി ചേട്ടത്തിയെ കേറി ടീച്ചറെ എന്ന് വിളിക്കേണ്ടി വരും അല്ലേ.. ആലി ഒരു ചിരിയോടെ ചോദിച്ചു..
എന്തായാലും ഇവർ അവിടെ ഉള്ളതുകൊണ്ട് എനിക്ക് ഇനി ഇവളുടെ കാര്യത്തിൽ ടെൻഷൻ അടിക്കണ്ടല്ലോ..എൽസി സമാധാനത്തോടെ പറഞ്ഞു.
എന്റെ എളേമ്മേ ഇവര് എന്ന് പറയല്ലേ. ജെനിയുള്ളത് കൊണ്ട് എന്ന് പറയ്. ഇവള് ഒറ്റക്കാണെങ്കിൽ അവളും കുരത്തക്കേട് കാണിക്കാൻ ആലിയുടെ കൂടെ കൂടിയേനെ. ഇതിപ്പോ ജെനി ഉള്ളതുകൊണ്ട് എനിക്കും ടെൻഷൻ ഇല്ല.
എബി പറഞ്ഞു
അതോടെ എല്ലാവരും ചിരിച്ചു. പിന്നെ അങ്ങോട്ട് കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടിയും കളിപറഞ്ഞും കുറച്ചുനേരം എല്ലാവരും കൂടി ഇരുന്നു

by