22/04/2026

നിനക്കായ് : ഭാഗം 10

രചന – കണ്ണന്റെ മാത്രം

ക്രിസ്റ്റി പറഞ്ഞത് സത്യം ആണോ എന്നറിയാൻ ജോസഫും  തോമസും എബിയും കൂടി Dr.ശ്രീദേവിയുടെ കാബിൻ ലക്ഷ്യമാക്കി പോയി. ആ സമയത്താണ് ജെനിയെ സ്കാനിംഗിന് കൊണ്ടുപോകാൻ പുറത്തിറക്കിയത്. ആകെ വാടിതളർന്ന് ബോധമില്ലാതെ കിടക്കുന്ന ജെനിയെ കണ്ടതും പെണ്ണുങ്ങൾ എല്ലാവരും കരഞ്ഞുപോയി. അന്നക്ക് അവളുടെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നുണ്ടായില്ല.

ആരെങ്കിലും രണ്ടാള് ഞങ്ങളുടെ കൂടെ വരണം. ബാക്കി ഉള്ളവർ ഇവിടെ നിന്നാൽ മതി. ദേ ഈ ബില്ലും അടക്കണം..അവളെയും കൊണ്ടുവന്ന സിസ്റ്റർമാരിൽ ഒരാൾ പറഞ്ഞു.

ക്രിസ്റ്റിയും അന്നയും ജെനിയുടെ കൂടെ പോയി. മാത്യൂസ് ബില്ല് അടക്കാനും പോയി.

……………..

അലക്സിയെ നോക്കിപ്പോയവർ Dr. ശ്രീദേവിയുടെ കാബിന്റെ അവിടെ എത്തിയപ്പോൾ ചുറ്റും നോക്കി. അവിടെ ഒന്നും നോക്കിയിട്ട് കാണാതായപ്പോൾ അവർ തിരിച്ചുപോകാൻ വേണ്ടി തിരിഞ്ഞപ്പോൾ ആണ് ഒരു നിറഗർഭിണി ആയ പെണ്ണിന്റെ തോളിലൂടെ കൈയിട്ടു അവളെ ചേർത്തുപിടിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ട് നടന്നുവരുന്ന അലക്സിയെ അവർ കണ്ടത്.

ജോസഫ് കണ്ട കാഴ്ച വിശ്വസിക്കാൻ പറ്റാതെ നിന്നു. ക്രിസ്റ്റി പറഞ്ഞപ്പോളും അവർക്ക് എന്തെങ്കിലും തെറ്റ് പറ്റിയതാവണേ എന്നും പ്രാർത്ഥിച്ചാണ് ഇങ്ങോട്ട് നോക്കാൻ വന്നത്. അല്ല..തെറ്റിയത് അവർക്കല്ല ഞങ്ങൾക്കാണ്. അവസാനനിമിഷം വരെ ഇവനെ പോലെ ഒരു ചതിയന്റെ മേൽ വിശ്വാസം അർപ്പിച്ചു എന്നുള്ള തെറ്റ്.. അയാൾ ദേഷ്യത്തോടെ ആലോചിച്ചു..

അലക്സി സോഫിയോട് എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് നേരെ നോക്കിയപ്പോൾ ആണ് അവിടെ നിക്കുന്ന ജോസഫിനെയും  തോമസിനെയും എബിയേയും കാണുന്നത്. അതോടെ അവന്റെ ചിരിമാഞ്ഞു. സോഫിയെ ചേർത്തുപിടിച്ചിരുന്ന കൈ താനേ അയഞ്ഞു. അവൻ അവരെ നോക്കി സ്റ്റക്ക് ആയി നിന്നു.

അവളുടെ തോളിൽ നിന്നും കൈ അയഞ്ഞപ്പോൾ ആണ് അവൾ അലക്സിനെ നോക്കുന്നത്. എങ്ങോട്ടാ നോക്കി സ്റ്റക്ക് ആയി നിക്കുന്നവനെ ആണ് അവൾ കണ്ടത്.

എന്താ ഇച്ചായാ.. എന്നും ചോദിച്ചുകൊണ്ട് അവൻ നോക്കുന്നിടത്തേക്ക് നോക്കിയപ്പോൾ ആണ് അവൾ അവിടെ നിൽക്കുന്ന ജോസഫിനെയും മറ്റും കാണുന്നത്. അവരുടെ സൂപ്പർമാർകെറ്റിൽ ആണ് അവൾ വർക്ക്‌ ചെയ്തിരുന്നത് അതുകൊണ്ട് ജോസഫിനെ അവൾക്ക് അറിയാമായിരുന്നു. അയാളെ കണ്ടപ്പോൾ അവളും ഒന്ന് പരുങ്ങി.

അലക്സ് നിന്നിടത്തുതന്നെ നിൽക്കാണെന്നു കണ്ട ജോസഫ് അവന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..

നിന്റെ ഭാര്യയെ… അല്ല ഭാര്യയായിരുന്നവളെ ഇവിടെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. ലേബർ റൂമിൽ. നേരം ഉണ്ടെങ്കിൽ ഒന്ന് അങ്ങോട്ട് വരാം. നിർബന്ധം ഒന്നും ഇല്ല. കാരണം ഇന്ന് ഈ കാഴ്ച്ച അവളുടെ കണ്ണിൽ കണ്ടതോടെ നിന്റെ ഭാര്യ സ്ഥാനം അവൾ വേണ്ടാന്ന് വച്ചിട്ടുണ്ടാവും അതെനിക്ക് ഉറപ്പാ. പതുങ്ങിയ സ്വഭാവം ആണെങ്കിലും ആത്മാഭിമാനം ഉള്ളവൾ ആണ്. നിന്റെ ഈ ചതി അവൾ പൊറുക്കില്ല. പിന്നെ ഇന്നത്തോടെ നിന്റെ അപ്പച്ചൻ എന്ന സ്ഥാനം ഞാനും വേണ്ടാന്ന് വെക്കാണ്. എന്റെ മോൻ മരിച്ചെന്ന് ഞാൻ കരുതിക്കോളാം. നിന്നെ ഞാൻ ഇപ്പോ കൈവെക്കാത്തത് ഇതൊരു പൊതുസ്ഥലം ആയതുകൊണ്ടു മാത്രം ആണ്. വെറുതെ പല്ലിന്റെ ഇട കുത്തി നാറ്റിക്കേണ്ടല്ലോ എന്ന് കരുതിയിട്ട് മാത്രം…

പപ്പേ ഞാൻ…

നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞു ഇനി അപ്പൻ എന്നൊരു ബന്ധം ഇല്ല എന്ന്. പിന്നെ നിന്റെ വിശദീകരണങ്ങളും ന്യായീകരണങ്ങളും എനിക്ക് കേൾക്കണ്ട. അയാൾ പോകാനായി തിരിഞ്ഞു. പിന്നെ വീണ്ടും അവന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു
നീ അവിടേക്ക് വരുന്നുണ്ടെങ്കിൽ വരാം.. നീ മാത്രം വേറെ ആരും കൂടെ ഉണ്ടാവരുത്. അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ സോഫിയെ തറപ്പിച്ച് നോക്കിയിരുന്നു.
സോഫിക്ക് അയാളുടെ കണ്ണുകളെ നേരിടാൻ സാധിച്ചില്ല.

ഈ നേരം വരെ ഒന്നും മിണ്ടാതെ നിന്നിരുന്ന തോമസ് ജോസഫ് സംസാരിച്ചു മാറിയപ്പോൾ അലക്സിന്റെ മുന്നിൽ ആയി ചെന്നിട്ട് അവന്റെ കരണത്ത് ഒന്ന് പൊട്ടിച്ചു. ഇതെങ്കിലും ഞാൻ തന്നില്ലെങ്കിൽ ഞാൻ ഒരു പെൺകുട്ടിയുടെ അപ്പൻ ആണെന്ന് പറയുന്നതിൽ അർത്ഥം ഇല്ലല്ലോ..അതും പറഞ്ഞ് സോഫിയെയും ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ട് തോമസും എബിയും ജോസഫിന് പിന്നിൽ ആയി പോയി.

അലക്സ് എല്ലാം തകർന്നവനെപ്പോലെ അവിടെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.. സോഫിയും അവന്റെ അടുത്തായി ഇരുന്നുകൊണ്ട് തല കൈയിൽ താങ്ങി ഇരിക്കുന്നവന്റെ തോളത്തായി കൈ വച്ചുകൊണ്ട് വിളിച്ചു..

ഇച്ചായാ..

നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സോഫി ഒറ്റക്ക് പോയ മതിയെന്ന്. അപ്പൊ നിനക്കല്ലായിരുന്നോ വാശി ലാസ്റ്റ് സ്കാനിങ് ആണ് എന്തായാലും ഞാൻ വരണം എന്ന്. ഇപ്പോ സമാധാനം ആയില്ലേ. എല്ലാം തകർന്നു. അവൻ കൈകൊണ്ടു തലക്കടിച്ചുകൊണ്ട് പറഞ്ഞു.

ഇച്ചായാ.. വിഷമിക്കല്ലേ. ഞാൻ വിചാരിച്ചോ ഇങ്ങനെ ഒരു കാര്യം ഉണ്ടാവും എന്ന്. പിന്നെ ഇച്ചായന്റെ പപ്പാ ഇപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാവും അങ്ങനെ ഒക്കെ. കുറച്ച് നാള് കഴിയുമ്പോൾ റെഡി ആവും. അത്ര ദേഷ്യപ്പെട്ടല്ലല്ലോ സംസാരിച്ചത്.

അത് നിനക്ക് പപ്പയെ അറിയാത്തത് കൊണ്ടാണ് സോഫി. പപ്പക്ക് അത്രേം ദേഷ്യവും വെറുപ്പും ഒരാളോട് തോന്നിയാൽ മാത്രമേ ഇങ്ങനെ ഒരു സിറ്റുവേഷനിൽ പപ്പ ഇത്രേം ശാന്തമായി സംസാരിക്കൂ. ദേഷ്യപ്പെട്ടിട്ടോ അടിച്ചിട്ടോ ഉള്ളിലുള്ള ദേഷ്യം കുറയരുതെന്ന് വിചാരിച്ചിട്ട്. ഇപ്പോ ഇങ്ങനെ പപ്പ പോയിട്ടുണ്ടെങ്കിൽ ഞാൻ പപ്പക്ക് ആരും അല്ലാതായി എന്ന അർത്ഥം. പപ്പക്ക് ഇഷ്ടമുള്ളവരെ മാത്രമേ പപ്പ തല്ലുകയോ ശാസിക്കുകയോ ചെയ്യുള്ളൂ… അതും പറഞ്ഞ് അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. കൂടെ സോഫിയും എഴുന്നേറ്റു

ഇച്ചായൻ എങ്ങോട്ടാ…

ഞാൻ ലേബർ റൂമിന്റെ മുന്നിൽ വരെ ഒന്ന് പോയി നോക്കട്ടെ..

ഇച്ചായൻ പോകണ്ട. ഈ സമയത്ത് എല്ലാവരും കൂടി ഇച്ചായനെ ആ ജെനിയുടെ അവസ്ഥ ഒക്കെ പറഞ്ഞിട്ട് എന്നെ ഉപേക്ഷിപ്പിക്കും. എനിക്ക് ഇച്ചായൻ അല്ലാതെ വേറെ ആരും ഇല്ല. ഞാൻ വിടില്ല ഇച്ചായനെ.. സോഫി വാശിയോടെ പറഞ്ഞു.

അങ്ങനെ ഒന്നും ഉണ്ടാവില്ല. നീ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം.. സോഫിയെ സമാധാനിപ്പിച്ച് അവിടെ ഇരുത്തിയിട്ട് ലേബർ റൂമിന്റെ അവിടേക്ക് പോയി.

…………

ജോസഫും മറ്റും ലേബർ റൂമിന്റെ മുന്നിലേക്ക് ചെല്ലുമ്പോൾ അന്നയും ക്രിസ്റ്റിയും ഒഴികെ ബാക്കി എല്ലാവരും ഉണ്ട് അവിടെ. അവരെ കണ്ടതും ചിറയത്തുകാർ മുഴുവൻ അവരുടെ അടുത്തേക്ക് വന്നു…

എന്തായി ഇച്ചായാ.. ആനിയമ്മ ചോദിച്ചു..

ജോസഫ് ഒന്നും പറയാതെ കല്ലുപോലെ നിന്നതേ ഉള്ളൂ. അയാളുടെ മൗനത്തിൽ നിന്നും വല്യപ്പച്ചന് മനസിലായി അറിഞ്ഞതെല്ലാം സത്യം തന്നെ ആണ് എന്ന്. അയാളുടെ കണ്ണുകൾ നിറഞ്ഞു.

നീ ഇങ്ങനെ കല്ലുപോലെ നിൽക്കാതെ കാര്യം പറയ്‌.. തോമസേ നീയെങ്കിലും പറയ് നമ്മൾ അറിഞ്ഞതിൽ വല്ല സത്യവും ഉണ്ടോ… വല്യമ്മച്ചി ചോദിച്ചു.

ക്രിസ്റ്റി പറഞ്ഞത് സത്യം ആണ് അമ്മച്ചി. അവൻ താഴെ ഉണ്ടായിരുന്നു മറ്റൊരു പെണ്ണിനൊപ്പം…

.എന്റെ മാതാവേ…. അയാൾ അത് പറഞ്ഞതും നെഞ്ചിൽ കൈവച്ച് നിന്ന് പോയി വല്യമ്മച്ചി.

ആനിയമ്മക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല…

അല്ല അവന്റെ വല്ല പരിചയത്തിൽ ഉള്ള പെണ്ണങ്ങാനും ആണോ അത് ഇനി ആലീസ് ചോദിച്ചു. ആനിയമ്മക്കും വല്യമ്മച്ചിക്കും ആ ഒരു സംശയം ഉണ്ടായിരുന്നില്ല. അവർക്കും ഉറപ്പായി അലക്സ് ജെനിയെ ചതിക്കുകയായിരുന്നു എന്ന്.

പിന്നേ പരിചയത്തിൽ ഉള്ളത്.. അവന്റെ ഭാര്യ ഗർഭിണി ആയി 5 മാസം ആയി. എന്നിട്ട് ഇന്നത്തെ വരെ ഒരു ചെക്കപ്പിനും അവന് കൂടെ വരാൻ സമയം ഉണ്ടായിട്ടില്ല. അപ്പോഴാണ് പരിചയത്തിൽ ഉള്ള പെണ്ണ്…
ഇനി അതും പോരെങ്കിൽ ഇവിടെ ആ പെണ്ണിന്റെ ഫയൽ ഉണ്ട്. അതൊന്നു എടുത്ത് നോക്കിപ്പിച്ചാൽ അറിയും സത്യം. അതിൽ ആ പെണ്ണിന്റെ പേര് സോഫിയ അലക്സ് ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് അലക്സ് ജോസഫ് ചിറയത്ത്. ഇത്രേം പോരെ അവർ തമ്മിൽ ഉള്ള ബന്ധം അറിയാൻ.. മാത്യൂസ് ഒരു പുച്ഛത്തോടെ ചോദിച്ചു.

ആനിയമ്മ മുഖം പൊത്തിപ്പിടിച്ച് കരഞ്ഞുപോയി. ഇത്രേം വലിയ ഒരു ചതിയൻ ആണ് അവരുടെ മകൻ എന്നത് അവർക്ക് താങ്ങാൻ കഴിയുന്നതിലും അധികം ആയിരുന്നു. കരഞ്ഞുകൊണ്ടിരിക്കുന്ന അവരെ ജോസഫ് നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

ആ സമയത്താണ് സ്കാനിംഗിന് പോയവർ ജെനിയെയും കൊണ്ട് തിരിച്ചുവന്നത്. വിളറിവെളുത്ത് നിറഞ്ഞ കണ്ണോടെ വരുന്ന ക്രിസ്റ്റിയും ഒഴുകികൊണ്ടിരിക്കുന്ന കണ്ണീർ തുടക്കാൻ വരെ മറന്നപ്പോലെ വരുന്ന അന്നയും അവർക്ക് കാണിച്ചുകൊടുത്തു എന്തായിരിക്കും സ്കാനിങ് റിസൾട്ട്‌ എന്ന്.

ചതിച്ചല്ലോ കർത്താവേ.. എന്റെ കുഞ്ഞിതെങ്ങനെ സഹിക്കും.. മേരിയമ്മ നെഞ്ചുപൊട്ടി കരഞ്ഞു.

അന്ന നേരെ വന്ന് എബിയെ കെട്ടിപിടിച്ച് ഉറക്കെ കരഞ്ഞു.. എന്റെ ജെനിടെ കുഞ്ഞ് പോയി എബിച്ചാ.. അവൾ ഇതെങ്ങനെ സഹിക്കും.

അവിടെ നിന്ന ഓരോരുത്തരും കുഞ്ഞുപോയതിലും കൂടുതൽ ജെനി ഇതറിയുമ്പോൾ എങ്ങനെ സഹിക്കും എന്നാലോചിച്ചാണ് കരഞ്ഞത്.

ആ സമയത്താണ് അലക്സ് അങ്ങോട്ട് വരുന്നത് എല്ലാവരും കണ്ടത്. അവനെ കണ്ടതും ചിറയത്തുകാർ വെറുപ്പോടെ മുഖം തിരിച്ചപ്പോൾ ക്രിസ്റ്റിയും മാത്യുവും ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചു.

അലക്സ് എബിയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന അന്നയുടെ അടുത്തുവന്ന് ജെനിക്ക് ഇപ്പോ എങ്ങനെ ഉണ്ടെന്ന് ചോദിച്ചതേ ഓർമ്മയുള്ളൂ അവന്റെ മുഖമടച്ചു കിട്ടിയിരുന്നു ഒന്ന്.
അവൻ ഞെട്ടിക്കൊണ്ട് കവിളിൽ കൈ വച്ച് നോക്കിയപ്പോ കാണുന്നത് കൈ കുടയുന്ന അന്നയെ ആണ്. അവൻ ഒന്നുകൂടി നടുങ്ങി. ചേട്ടായി എന്നും വിളിച്ച് തന്റെ പിന്നാലെ നടന്നിരുന്ന കുഞ്ഞുപെങ്ങൾ ആണ് ഇപ്പൊ തന്നെ തല്ലിയത് എന്ന് അവന് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല. അവിടെ നിന്നിരുന്ന എല്ലാവരും ആ അടിയുടെ ശബ്ദത്തിൽ ഞെട്ടി നിൽക്കുകയായിരുന്നു. പക്ഷേ ആർക്കും അത്ഭുതം ഒന്നും തോന്നിയില്ല. അന്നക്ക് ജെനി എത്ര പ്രിയപ്പെട്ടതാണ് എന്ന് എല്ലാവർക്കും അറിയാം. അതും പോരാതെ ഇങ്ങനെ ഒരു ചതി ഒരു പെണ്ണും സഹിക്കില്ല.

ഇത്രേം ഒക്കെ ഉണ്ടായിട്ട് എന്തോരം ധൈര്യം ഉണ്ടായിട്ടാടോ താൻ എന്റെ ജെനിയുടെ വിവരവും അന്വേഷിച്ച് വന്നത്… അന്ന അലക്സിനു നേരെ ചീറുകയായിരുന്നു എന്ന് വേണം പറയാൻ.

അത് അന്നമോളെ ഞാൻ…

അവൻ പറഞ്ഞ് തുടങ്ങുമ്പോഴേക്കും ഒരു കൈ ഉയർത്തി കാട്ടി തടഞ്ഞിരുന്നു അവൾ.
ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത ചതി എന്റെ ജെനിയോട് ചെയ്ത താൻ ഇനി എന്നെ അന്നമോളെ എന്ന് വിളിച്ചാൽ അടുത്ത അടി തന്റെ കവിളിൽ പതിയും. ആൻ മരിയ ഞാനുമായി അടുപ്പമില്ലാത്തവർ എന്നെ അങ്ങനെ വിളിച്ചാൽ മതി. പാവമായിരുന്നില്ലെടോ എന്റെ ജെനി. തനിക്ക് അവളെ വേണ്ടെങ്കിൽ അവളോട്‌ പറഞ്ഞിരുന്നെങ്കിൽ അവൾ തന്നെ ഒഴിഞ്ഞുപോവില്ലായിരുന്നോ. അത് ചെയ്യാതെ ഇങ്ങനെ ഒരു പണി ചെയ്യാൻ തനിക്ക് എങ്ങനെ കഴിഞ്ഞെടോ. ഒന്നുമില്ലെങ്കിൽ കഴിഞ്ഞ ആറുകൊല്ലമായി തന്റെ എല്ലാകാര്യവും നോക്കി തന്റെ കൂടെ ഉണ്ടായിരുന്നവൾ അല്ലെടോ അവൾ.  ഒരു കാര്യം ചോദിച്ചോട്ടെ  എത്ര നാളായി തന്റെ ഇപ്പോഴത്തെ ഈ ബന്ധം തുടങ്ങിയിട്ട്.. നുണ പറയാൻ ആണെങ്കിൽ വേണ്ട എനിക്ക് സത്യം മാത്രം അറിഞ്ഞാൽ മതി.

എല്ലാവരും അവന്റെ ഉത്തരത്തിനായി കാതോർത്തു.

അത് രണ്ടുകൊല്ലം ആയിട്ട്… അത് അവൻ പറയലും അവന് അടുത്ത അടിയും കിട്ടിയിരുന്നു. അത് മേരിയമ്മയുടെ വകയായിരുന്നു.

ഇത്രെയെങ്കിലും ഞാൻ നിനക്ക് തന്നില്ലെങ്കിൽ അവളുടെ അമ്മച്ചി ആണെന്ന് പറയാൻ പറ്റില്ലല്ലോ.. അവർ അവന്റെ മുഖത്തേക്ക് അവജ്ഞയോടെ നോക്കികൊണ്ട് പറഞ്ഞു.

അവൻ മുഖം ഉയർത്തി അവന്റെ വീട്ടുകാരെ മുഴുവൻ നോക്കി. എല്ലാവരും അവന് മുഖം കൊടുക്കാൻ പോലും താല്പര്യം ഇല്ലാത്ത പോലെ മുഖം തിരിച്ചു നിന്നു. അതോടെ അവൻ മുഖം കുനിച്ചുകൊണ്ട് പോകാനായി തിരിഞ്ഞു.

ഒന്നു നിന്നേ… അലക്സ് തിരിഞ്ഞു നോക്കിയപ്പോൾ ക്രിസ്റ്റി ആണ്.

നീ സന്തോഷത്തോടെ ജീവിക്കാം എന്ന് കരുതണ്ട. എന്റെ ഇച്ചേച്ചി ഈ അനുഭവിക്കുന്നതിനു ഒക്കെ എണ്ണിയെണ്ണി നീ കണക്ക് പറയേണ്ടി വരും അല്ലെങ്കിൽ വരുത്തും ഞാൻ ഓർത്തുവച്ചോ…
അലക്സിന്റെ കണ്ണിൽ നോക്കി പകയോടെ അതുംപറഞ്ഞുകൊണ്ട് ക്രിസ്റ്റി തിരികെ പോയി.

അലക്സ് ക്രിസ്റ്റിയുടെ കണ്ണിൽ കണ്ട പകയിൽ തറഞ്ഞു നിൽപ്പായിരുന്നു. അളിയാ എന്ന് സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചിരുന്നവന്റെ കണ്ണിലെ ഈ അഗ്നി  ഇന്നല്ലെങ്കിൽ നാളെ തന്നെ അടപടലം നശിപ്പിക്കുമെന്ന് അപ്പോൾ അവന് മനസിലായില്ല.