23/04/2026

നിനക്കായ് : ഭാഗം 18

രചന – കണ്ണന്റെ മാത്രം

പിറ്റേ ദിവസം ഓഫീസിൽ എത്തിയിട്ടും ഒരു നല്ല വക്കീലിനെ എങ്ങനെ കണ്ടെത്തുമെന്നുള്ള ചിന്തയിൽ ആയിരുന്നു ക്രിസ്റ്റി. എബി അളിയനോട് പറയാം. അവർക്ക് ഇങ്ങനെ ഉള്ളവരെ ഒക്കെ പരിചയം ഉണ്ടാവും. അതും ആലോചിച്ച് ഇരിക്കുന്ന സമയത്താണ് ഡേവി എവിടെയോ പോകാൻ പുറത്തേക്ക് ഇറങ്ങിയത്. അവൻ ക്രിസ്റ്റിയുടെ  ടേബിലിന്റെ അതിലെ പോകുമ്പോൾ അവൻ എന്തോ കാര്യമായിട്ട് ചിന്തിച്ചിരിക്കുന്നത് കണ്ടു. സാധാരണ വർക്കിൽ പക്കാ ആയവൻ ആണ് ഇന്ന് ഇങ്ങനെ ഇത്രേം ചിന്തിച്ചിരിക്കുന്നത്. എന്തേലും ഇഷ്യൂ ഉണ്ടാവോ ആവോ.. ഡേവി ചിന്തിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് പോയി..

ക്രിസ്റ്റി…
ഡേവിയുടെ വിളിക്കേട്ടതും ഞെട്ടിക്കൊണ്ട് എഴുന്നേറ്റു..

എന്താ ചേട്ടായി എന്തെങ്കിലും ആവശ്യമുണ്ടോ…

ഇല്ലെടോ താൻ എന്താ ഇത്രയും ചിന്തിച്ചിരിക്കുന്നത്.. ഇവിടെ ഒന്നുമല്ലല്ലോ താൻ….

അത്… അതു പിന്നെ ചേട്ടായി..

എന്താടോ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടോ..

അത് ചേട്ടായി ഇച്ചേച്ചിക്ക് നല്ലൊരു വക്കീലിനെ കാണണം എന്ന് പറഞ്ഞു. അപ്പൊ എന്റെ പരിചയത്തിൽ അങ്ങനെ ആരും ഇല്ല. ഞാൻ അത് ആലോചിച്ച് ഇരുന്നതാണ്.

വക്കീലിന്റെ കാര്യം ആലോചിച്ച് താൻ വിഷമിക്കേണ്ട. അത് നമുക്ക് റെഡി ആക്കാം. അല്ല എന്താ പെട്ടന്ന് ഇപ്പൊ അങ്ങനെ ഒരു ചിന്ത വരാൻ.

ഈ ഞായറാഴ്ച ചിറത്തേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എല്ലാവരോടും. ഒരു ചർച്ച എന്ന രീതിയിൽ. അപ്പൊ അന്നത്തോടെ എല്ലാം തീരുമാനം ആക്കണം എന്ന് ഇച്ചേച്ചി പറഞ്ഞു. അന്ന് പോകുമ്പോൾ ഡിവോഴ്സ് പെറ്റീഷനും കൂടി കൊണ്ട് പോയാൽ പിന്നെ ഒരിക്കൽ അതിന്റെ പേരിൽ പോലും അയാളുടെ മുഖം കാണണ്ടല്ലോ എന്നാ ഇച്ചേച്ചി പറഞ്ഞത്.

ആ.. എന്റെ ഫ്രണ്ട് ഉണ്ട് നിയാസ് അവന്റെ വൈഫ്‌ ഷൈമ വകീൽ ആണ്. ഞാൻ അവരോട് ഇന്ന് തന്നെ പറയാം കാര്യം. താൻ നാളെ ഒന്ന് തന്റെ ഇച്ചേച്ചിയെയും കൊണ്ട് ഒന്ന് അങ്ങോട്ട് പോയാൽ മതി. ഞാൻ നമ്പർ തരാം. ലൊക്കേഷൻ ആ നമ്പറിൽ വിളിച്ച് ചോദിച്ചാൽ പറയും.

ഒക്കെ ചേട്ടായി താങ്ക്സ്. ഞാൻ ആകെ ടെൻഷൻ അടിച്ച് ഇരുപ്പായിരുന്നു എന്ത് ചെയ്യും എന്നാലോചിച്ചിട്ട്. എനിക്ക് ഈ വകീലന്മാരെ ഒന്നും പരിചയവും ഇല്ല. അവസാനം എബി അളിയനോട് ചോദിക്കാം എന്നുള്ള ചിന്തയിൽ ആയിരുന്നു.

മ്മ്.. അവനോട് ചോദിച്ചിരുന്നേലും ഷൈമയെ തന്നെ പറയുമായിരുന്നുള്ളൂ. നിയാസ് ഞങ്ങളുടെ കോമൺ ഫ്രണ്ട് ആണ്.

മ്മ്.. ഞാൻ വീട്ടിൽ എത്തിയിട്ട് ഇച്ചേച്ചിയോട് വിളിക്കാം പറയാം ആ ചേച്ചിയെ. എന്നിട്ട് ചേട്ടായിയെ വിളിക്കാം.

മ്മ്.. ഞാനും പറഞ്ഞുവെക്കാം കാര്യങ്ങൾ ഷൈമയോട്.  ഇന്ന് ഇനി മീറ്റിങ്ങും കാര്യങ്ങളും ഒന്നും ഇല്ലല്ലോ..

ഇല്ല ചേട്ടായി..

എങ്കിൽ ഞാൻ വീട്ടിൽ പോവാണ്. നല്ല തലവേദന. വേറെ വർക്ക്‌ ഒന്നും ഇല്ലെങ്കിൽ താനും പൊക്കോളൂ..

ശരി ചേട്ടായി..

ഷൈമേടെ നമ്പർ ഞാൻ സെൻറ് ചെയ്തിട്ടുണ്ട് തനിക്ക്.. എന്നാൽ നാളെ കാണാം….

………………………

പിറ്റേന്ന് തന്നെ ജെനി തലേ ദിവസം  വിളിച്ചപ്പോൾ ഷൈമ പറഞ്ഞതുപോലെ
അവരുടെ ഓഫീസിലേക്ക് പോയി. ക്രിസ്റ്റി ജോലിക്ക് പോയതിനാൽ അന്നയെയും കൂട്ടി ആണ് പോയത്. ജെനിയും അന്നയും പറയുന്നത് മുഴുവൻ കേട്ടശേഷം അവർ പറഞ്ഞു.

ഇത് ഡിവോഴ്സ് കിട്ടാൻ ബുദ്ധിമുട്ടൊന്നും ഇല്ല. പോളിഗാമി ഇന്ത്യയിൽ ചില മതങ്ങളിൽ ഒഴികെ നിരോധിച്ചിട്ടുള്ളതാണ്. സൊ അവർ മാരീഡ് ആണെങ്കിൽ അവർക്കെതിരെ തനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാം. അല്ല അതിന് താല്പര്യം ഇല്ലെങ്കിൽ മ്യൂച്ചൽ ഡിവോഴ്സ് ആണെങ്കിൽ വേഗം കിട്ടും. തനിക്ക് അലിമോണി വേണമെങ്കിൽ അതിനും നമുക്ക് പെറ്റീഷൻ കൊടുക്കാം.  തന്റെ അഭിപ്രായം എന്താണെങ്കിൽ അതിന് അനുസരിച്ചു പെറ്റീഷൻ ഞാൻ തയ്യാറാക്കാം.

ഒന്നും വേണ്ട മാഡം. എനിക്ക് അയാളുടെ പത്തുപൈസ വേണ്ട. എനിക്ക് എത്രേം പെട്ടന്ന് ഈ ബന്ധത്തിൽ നിന്ന് മോചനം കിട്ടിയാൽ മതി. അത്രക്ക് വെറുത്തുപോയി ഞാൻ അയാളെ. ഇനി അയാളെ കാണണം എന്ന് വരെ എനിക്ക് ആഗ്രഹം ഇല്ല… പറഞ്ഞു കഴിയുമ്പോഴേക്കും ജെനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ജെനി താൻ ടെൻസ്ഡ് ആവണ്ട. മ്യൂച്ചൽ പെറ്റീഷൻ  ആണെങ്കിൽ ഒരു 6 മാസത്തിനൊക്കെ ഉള്ളിൽ അത് അനുവദിച്ചു കിട്ടും. പിന്നെ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ കേസിലും അലിമോണിയുടെ കേസിൽ ഒക്കെ ആണ് നീണ്ടുപോകുന്നത്. നിങ്ങളുടെ കേസിൽ ഇത് രണ്ടും പ്രോബ്ലം ഇല്ല. അപ്പൊ എല്ലാം പെട്ടന്ന് ആയിക്കോളും. നാളെയോ മറ്റന്നാളോ വന്ന് പെറ്റീഷൻ വാങ്ങി കൊണ്ട് പൊക്കോളൂ. അതിന് ജെനി തന്നെ വരണം എന്നില്ല ട്ടോ…ആരെങ്കിലും വിട്ട് വാങ്ങിപ്പിച്ചാൽ മതി.

എങ്കിൽ എന്റെ ബ്രദർ വരും മേഡം… ജെനി പറഞ്ഞു.

മ്മ്.. താൻ എന്നെ മേഡം എന്നൊന്നും വിളിക്കേണ്ടടോ. ഷൈമത്ത എന്ന് വിളിച്ചാൽ മതി.
പിന്നെ ആൻ എന്തൊക്കെ ഉണ്ട് വിശേഷം. എബി പറഞ്ഞ് അറിയാം തന്നെ കുറിച്ച്.

സുഖായിരിക്കുന്നു ഷൈമത്ത. എന്നോട് ഇന്നലെ ഇച്ഛൻ പറഞ്ഞു നിങ്ങളെ കുറിച്ച്..

മ്മ്.. നിങ്ങളുടെ കല്യാണം എനിക്ക് മിസ്സ്‌ ആയി. പെട്ടന്ന് അല്ലേ ഡേറ്റ് ഒക്കെ എടുത്തത്. ഞാൻ നാട്ടിൽ ഉണ്ടായില്ല.

ആ ഇച്ഛൻ പറഞ്ഞു..

പിന്നെയും കുറച്ചുനേരം ഇരുന്ന് സംസാരിച്ചിട്ടാണ് അന്നയും ജെനിയും അവിടെ നിന്ന് ഇറങ്ങിയത്.

അന്ന കാർ ഓടിക്കുന്നതിനു ഇടയിൽ ജെനിയെ നോക്കിയപ്പോൾ അവൾ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നതാണ് കണ്ടത്.

എന്താ ജെനി.. ഇതിനും മാത്രം എന്താ നീ ചിന്തിച്ചുകൂട്ടുന്നത്..

അല്ല അന്നമ്മേ ഞാൻ ആലോചിക്കായിരുന്നു എന്തൊരു ഭംഗി ആയിട്ടാ അയാൾ എന്നെ പറ്റിച്ചിരുന്നത് എന്ന്. ഞാനൊരു മണ്ടി ഇതൊന്നും മനസിലാക്കിയില്ല.  എത്ര നാളായിട്ട് അവർ തമ്മിൽ റിലേഷൻ ഉണ്ടെന്ന് നിനക്കറിയോ ടാ.

അത്.. അതുപിന്നെ..

നിനക്കറിയാം എന്ന് നിന്റെ ഈ വിക്കൽ പറയുന്നുണ്ട്. സത്യം പറ അന്നേ എത്ര നാളത്തെ റിലേഷൻ ആണെന്ന പറഞ്ഞത്.

2 കൊല്ലം എന്നാ അയാൾ പറഞ്ഞത്. പിന്നെ ജോസഫ് അങ്കിൾ അന്വേഷിച്ചു. അപ്പൊ അത് ശരിയാ. രണ്ടുകൊല്ലം മുൻപാണ് ഈ പെണ്ണ് സൂപ്പർമാർക്കെറ്റിൽ ജോലിക്ക് കയറിയത്. അതിന് ശേഷം ആണ് അവർ റിലേഷനിൽ ആവുന്നത്.
അന്ന ജെനിയെ നോക്കാതെ റോഡിലേക്ക് നോക്കികൊണ്ട് പറഞ്ഞു.

അന്ന പറഞ്ഞത് കേട്ടതും ജെനിയുടെ മുഖത്ത് ഒരു ആത്‍മനിന്ദ കലർന്ന ഒരു ചിരി വിരിഞ്ഞു…
നിനക്ക് ഒരു കാര്യം അറിയോ അന്നേ.. കഴിഞ്ഞ ഒന്നര കൊല്ലത്തോളം ആയിട്ട് അയാൾക്ക് എന്നോട് അകൽച്ച ഉണ്ട്. അയാൾക്ക് കൂടെ കിടക്കാൻ മാത്രം മതിയായിരുന്നു എന്നെ.

പിന്നെ സൂപ്പർമാർകെറ്റ് നഷ്ടത്തിൽ ആണെന്നൊക്കെ പറയുന്ന കേട്ടപ്പോൾ ഞാൻ കരുതി അതിന്റെ ടെൻഷനിൽ ആവും എന്ന്. അയാൾ എന്നെ പറ്റിച്ചതിനേക്കാളും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് എന്താണെന്നറിയോ നിനക്ക്…

ജെനി അത് പറഞ്ഞതും അന്ന വണ്ടി സൈഡ് ഒതുക്കി നിർത്തികൊണ്ട് അവളെ നോക്കി എന്താണെന്ന അർത്ഥത്തിൽ..

അയാൾ ഈ കണ്ടനാൾ അവളെയും മനസിലിട്ടിട്ടല്ലേ എന്റെ കൂടെ കിടന്നത്. അവളെ തൊട്ട കൈകൊണ്ടല്ലേ എന്നെ തൊട്ടത്.. അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് എന്നെ തന്നെ കത്തിക്കാൻ തോന്നുന്നുണ്ട്…ജെനി
നിർവികാരമായി പറഞ്ഞു.

ജെനി ഡാ.. എന്തൊക്കെയാ ഈ പറയുന്നേ.. നീ ഇങ്ങനെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ച് കൂട്ടല്ലേ..

ഏയ്യ് നീ ടെൻഷൻ ആവല്ലേ അന്നേ. ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പോകുന്നില്ല. അവനെപ്പോലെ ഒരു നായക്ക് വേണ്ടി ഞാൻ എന്റെ ജീവിതം ഇല്ലാതാക്കില്ല. അങ്ങനെ ഞാൻ ചെയ്താൽ അത് എന്നെ സ്നേഹിക്കുന്നവരോട് ഞാൻ ചെയ്യുന്ന ചതി ആവില്ലേ. അതുകൊണ്ട് അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല. പക്ഷേ എന്തോ ഞാൻ എന്നെ തന്നെ വെറുത്തുപോകാണ്.

എന്റെ ജെനി അത് നീ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ച് കൂട്ടിയിട്ടാണ് അങ്ങനെ തോന്നുന്നത്. നീ തന്നെ അയാളെ നായ എന്ന് പറഞ്ഞില്ലേ. അതുപോലെ തന്നെ കണ്ടാൽ മതി. നമ്മളെ നായ കടിച്ചാൽ നമ്മൾ അതിന് ട്രീറ്റ്മെന്റ് എടുക്കും. താപ്പ് കിട്ടിയാൽ അതിനെ തല്ലികൊല്ലും. അല്ലാതെ നമ്മൾ നമ്മുടെ ശരീരത്തെ ഇല്ലാതാക്കില്ലല്ലോ. അതുപോലെ കണ്ടാൽ മതി ഇത.

അന്നയുടെ വർത്താനം കേട്ടപ്പോൾ ജെനി അവളെ അതിശയിച്ച് നോക്കി.

ജെനിയുടെ നോട്ടം കണ്ടപ്പോൾ അന്ന പറഞ്ഞു. നീ ഇപ്പൊ ഈ നോക്കുന്നതിന്റെ അർത്ഥം എനിക്ക് മനസിലായി. ഞാൻ അയാളെ കുറിച്ച് പറയുന്നത് കേട്ടിട്ട് അല്ലേ. കാര്യം അയാള് എന്റെ ചേട്ടായി ആണെങ്കിലും ഒരു ചെറ്റ ആണ്. അത് പക്ഷേ ഇപ്പോഴാ തിരിച്ചറിഞ്ഞതെന്നു മാത്രം. ഇനി എന്റെ ലൈഫിൽ എനിക്ക് അങ്ങനെ ഒരു ബന്ധം ഇല്ല. അത് നീ എന്റെ ഫ്രണ്ട് ആയതുകൊണ്ട് മാത്രം അല്ല ഒരു പെണ്ണായിട്ട് എനിക്ക് ഒരിക്കലും അയാളോട് ക്ഷമിക്കാൻ കഴിയില്ല. എന്തുതന്നെ ആയാലും. ഇപ്പൊ നിന്റെ സ്ഥാനത് വേറെ ആരാണെങ്കിലും ഇത് തന്നെ ആകുമായിരുന്നു എന്റെ ചിന്താഗതി.

അല്ലെങ്കിലും എന്റെ അന്നമ്മ പൊളിയല്ലേ.. അന്നയുടെ മൂട് മാറ്റാനായി ജെനി ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

വേണ്ട മോളെ ആ സോപ്പ് ഇവിടെ പതയില്ല…

പോടീ ഞാൻ സോപ്പ് ഇട്ടതല്ല സത്യം പറഞ്ഞതാ.. നിന്നെ പോലെ ഒരു ഫ്രണ്ട് എല്ലാരുടെയും ഭാഗ്യം ആണ്.
ജെനി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു

ഓഹ്‌..വരവ് വെച്ചിരിക്കുന്നു… അല്ല എന്താ ഇന്നത്തെ പരിപാടി. നമുക്ക് ബീച്ചിൽ ഒക്കെ ഒന്ന് പോയാലോ..

എന്റെ പെണ്ണേ എനിക്ക് ബീച്ചിൽ ഒന്നും പോവാറായിട്ടില്ല. മേരികുട്ടി അറിഞ്ഞാൽ നിനക്കും കിട്ടും ഒന്നും അറിയാത്ത എനിക്കും കിട്ടും. അതുകൊണ്ട് മോള് വണ്ടിതിരിക്ക് നമുക്ക് വീട്ടിൽപോയിട്ട് നല്ല കപ്പയും മീൻകറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്.  അത് ഒരു തീരുമാനമാക്കിയിട്ട് പോരെ ബാക്കി എന്തും.

ഇശോയെ.. കപ്പയോ.. എപ്പോ വണ്ടി തിരിച്ചെന്നു ചോദിച്ചാൽ പോരെ..
അത് പറയലും വണ്ടി വേഗം ജെനിയുടെ വീട്ടിലേക്ക് പോകാനായി തിരിക്കലും പെട്ടന്ന് കഴിഞ്ഞു.

എന്റെ അന്നേ പതുക്കെ. നിന്റെ ഈ കപ്പ കൊതി എന്ന് തീരും പെണ്ണേ. കപ്പ കാലം ആയാൽ മിക്ക ദിവസവും ഇത് തന്നെ അല്ലേ കഴിക്കുന്നത് എന്നിട്ടും നിന്റെ കൊതി എന്താടി കുറയാത്തെ…

ആവോ.. ഇച്ഛയും ഇതേ സംശയം ചോദിക്കാറുണ്ട്….

………………..

രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് പതിവുപോലെ എല്ലാരും കൂടി ഇരുന്ന് ഇന്നത്തെ വിശേഷങ്ങൾ പങ്ക് വെക്കുകയാണ് കൊട്ടാരത്തിൽ തറവാട്ടിൽ. ജാനികുട്ടി മാത്രം ഡേവിയുടെ തോളിൽ കിടന്ന് ഉറക്കം പിടിച്ച് തുടങ്ങിയിട്ടുണ്ട്..

അന്ന എന്തായി നിങ്ങൾ ഇന്ന് ഷൈമയുടെ അടുത്ത് പോയിട്ട്.. ഡേവി അന്നയോട് ചോദിച്ചു.

അന്ന ഇന്ന് അവിടെ പോയപ്പോ ഉണ്ടായത് മുഴുവൻ ഡേവിയോട് പറഞ്ഞു…

മ്മ്.. എല്ലാം കേട്ടതും ഡേവി അതിന് ഒന്ന് മൂളിയതേ ഉള്ളൂ..

എന്താ ചെയ്യാ അല്ലേ.. ആ കൊച്ചിന്റെ യോഗം ഇതായിപ്പോയില്ലേ.. ആ കുഞ്ഞ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ അതിന് ഇത്തിരി ആശ്വാസം ആയേനെ.. വല്യമ്മച്ചി ഒരു നെടുവീർപ്പോടെ പറഞ്ഞു.

അമ്മച്ചി സംഭവം കുഞ്ഞ് പോയത് വല്ലാത്ത ഒരു വേദന തന്നെ ആണ്. പക്ഷേ ഒരു കാര്യം ഞാൻ പറയാം. ആ കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ജെനിക്ക് പൂർണമായി അലക്സിൽ നിന്നും അകലാൻ കഴിയില്ല. ആ കുഞ്ഞിന്റെ പേരില്ലെങ്കിലും അവർ പരസ്പരം ബന്ധപെട്ടിരിക്കും. ഇതിപ്പോ അങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലല്ലോ… ജേക്കബ് പറഞ്ഞു.

അത് എളേപ്പൻ പറഞ്ഞത് ഉള്ള കാര്യം ആണ്.. പിന്നെ അല്ലെങ്കിൽ നമ്മൾ ചെയ്തപോലെ കുഞ്ഞിന്റെ പൂർണ അവകാശം എനിക്കും എന്റെ വീട്ടുകാർക്കും മാത്രം ആണെന്ന് കോർട്ടിൽ വച്ച് തന്നെ എഴുതി വാങ്ങി രജിസ്റ്റർ ഒക്കെ ചെയ്യണം. പക്ഷേ ജെനിഫറിന്റെ കേസിൽ അതും പറ്റില്ലല്ലോ. അലക്സിനെ ഒഴിവാക്കിയാലും ബാക്കി അയാളുടെ ഫാമിലിയെ മുഴുവൻ കണ്ടില്ലെന്ന് നടിക്കാൻ അയാൾക്ക് പറ്റില്ലല്ലോ… ഡേവി പറഞ്ഞു.

നിങ്ങൾ രണ്ടാളും പറഞ്ഞത് നിയമവശം ഒക്കെ വച്ച് നോക്കുമ്പോൾ ശരിയായിരിക്കും. പക്ഷേ ഉള്ളിൽ കൊരുത്ത ഒരു ജീവൻ ഇല്ലാതെയാവുന്നത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല മക്കളേ. പിന്നെ അവർ അത്രേം കഠിനഹൃദയം ഉള്ളവർ ആയിരിക്കണം. അല്ലെങ്കിൽ അത്രേം ഗതികെട്ട അവസ്ഥ ആയിരിക്കണം… വല്യമ്മച്ചി വിഷമത്തോടെ പറഞ്ഞു നിർത്തി…