രചന – അഞ്ജു തങ്കച്ചൻ
മൗനം തടം കെട്ടി നിൽക്കുന്ന ആ വീടിന്റെ ഉള്ളിൽ നാല് പേർക്കും മനസ്സ് മടുക്കുന്നുണ്ടായിരുന്നു.
മീരയോടും ജ്വാലയോടും ഉളള വാശിയിൽ, നന്ദനും, ആദിത്യനും വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ ആയി.
മുൻപ് മീരയുടെ കൈയിൽ നിന്നും വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്ന പണമെല്ലാം തീർന്നു തുടങ്ങി.
നേരത്തെ ഒക്കെ,ഷോപ്പിൽ പോയി ബിൻസിയുടെ കൈയിൽ നിന്നും കാശ് വാങ്ങുമായിരുന്നു. ഇപ്പോൾ അവിടെ ജ്വാല ഉള്ളതുകൊണ്ട് അതും നടക്കില്ല.
നന്ദൻ താടിക്ക് കൈ കൊടുത്തിരുന്ന് ആലോചിച്ചു.
എന്തെങ്കിലും ചെയ്തേ പറ്റൂ…
ജ്വാലയുടെ മുന്നിൽ വച്ചാണ് മീര തന്നെ അപമാനിച്ചത്. അത് ക്ഷമിക്കാൻ തനിക്കൊരിക്കലും കഴിയില്ല.
അത് അവളുടെ വീടാണത്രേ…
ശരിയാ എനിക്ക് വീടില്ല. പക്ഷെ ഇക്കലാമത്രയും അവൾക്കും മോനും ഒരു തണലായി ഞാൻ ഉണ്ടായിരുന്നു.
അതൊക്കെ മറന്ന് മരുമകളെ കിട്ടിയപ്പോൾ എന്നെ തള്ളിക്കളഞ്ഞു.
എങ്ങോട്ടെങ്കിലും പോയാലോ? പക്ഷെ എവിടെ പോകും?
അയാൾക്ക് ഉള്ളിൽ എവിടെയോ വല്ലാത്ത നിരാശ തോന്നി.
ഈ മണ്ണിൽ തന്റേതെന്നു പറയാൻ ഒന്നുമില്ലല്ലോ എന്ന ചിന്ത ഉള്ളിൽ വന്നതും
ഒരു മനസാക്ഷിക്കുത്ത് തോന്നുന്നു.
താൻ വലിയൊരു തെറ്റായിരുന്നുവോ?
ഇന്നലെ കയറി വന്ന ഒരു പെണ്ണിന്റെ മുന്നിൽ താൻ അപമാനിതൻ ആയി നിൽക്കേണ്ടി വന്നില്ലേ…
അയാൾക്ക് തല പെരുക്കുന്നത് പോലെ തോന്നി.
***********
മീര മുറിയിൽ ഇരിക്കുകയായിരുന്നു.
എന്ത് പറ്റി അമ്മേ… അമ്മ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്നത്.
സങ്കടം ഒന്നുമില്ല മോളേ..
പിന്നെന്താ?
അവർ ഭക്ഷണം ഒന്നും കഴിക്കുന്നില്ല എന്നോർത്താണോ.
ഹേയ് അവർ മൂക്ക് മുട്ടെ പുറത്തുനിന്ന് കഴിക്കും അതെനിക്കറിയാം.
പക്ഷെ, ഈ വീട്ടിൽ ഇപ്പോൾ ചിരിയോ, തമാശയോ ഒന്നുമില്ല.
വല്ലാത്ത മടുപ്പ് തോന്നുന്നു.
നമുക്ക് പുറത്തൊക്കെ ഒന്ന് പോകാം അമ്മേ. അപ്പോൾ ഈ സങ്കടം ഒക്കെ മാറും.
വൈകുന്നേരം അവൾ അമ്മയേയും കൂട്ടി ബീച്ചിൽ പോയി.
ഒരു കുട്ടിയെ പോലെ ,ഉറക്കെ ചിരിച്ചുകൊണ്ട് തിരമാലയിൽ ചവിട്ടി പിന്നിലേക്ക് ഓടുന്ന അമ്മയെ കണ്ടപ്പോൾ ജ്വാലക്ക് സന്തോഷം തോന്നി.
ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമന്ന് തളർന്ന സ്ത്രീയാണ്. സന്തോഷത്തിന്റെ ഒരു തരിമ്പ് പോലും അനുഭവിച്ചിട്ടില്ലാത്ത ഒരു പാവം സ്ത്രീ.
ആ സ്ഥാനത്ത് തനായിരുന്നെങ്കിൽ ഇങ്ങനെ സഹിച്ചും പൊറുത്തും കുടുംബം നിലനിർത്തുമായിരുന്നോ? ഇല്ല… ഒരിക്കലും ഇല്ല.
അത്ര ക്ഷമയും സ്നേഹവും ഉള്ള ഈ അമ്മക്ക് മാത്രേ ഇത് പറ്റൂ….
അമ്മാ നമുക്ക് ഒരിടം വരെ പോകണം.
എവിടെ?
അതേ ഈ നരച്ച കോട്ടൺ സാരീ ആദ്യം ഉപേക്ഷിക്കണം കേട്ടോ. ഒന്നുവല്ലേലും ഒരു സുന്ദരിക്കോത അല്ലേ എന്റെ അമ്മ…
ഓഹ് നീയെന്നെ കളിയാക്കുവൊന്നും വേണ്ടാ. പണ്ട് എന്റെ പിറകെ എത്ര ആണുങ്ങൾ ഇഷ്ട്ടം പറഞ്ഞു നടന്നിട്ടുണ്ട് എന്ന് അറിയാമോ
അറിയില്ല…
ഉം… എനിക്ക് കുറേ ആരാധകർ ഉണ്ടായിരുന്നു.
ഇപ്പളും അമ്മ ചുന്ദരി തന്നെയാ…
ഓഹ്… ദേ കണ്ടില്ലേ മുടി അവിടിവിടെ നരച്ചു.
എന്നാലേ ആ നരച്ച മുടി നമുക്കൊന്ന് കളർ ചെയ്യാം പിന്നെ മുടി ഇത്തിരി നീളം കുറച്ച് ഒന്ന് ലെവലിൽ വെട്ടി ഇടാം.
അയ്യോ വേണ്ടായേ… ഉള്ള മുടി മുഴുവനും പോകാൻ അത് മതി. എനിക്ക് കളർ ഒന്നും ചെയ്യണ്ട.
വേണ്ടെങ്കിൽ വേണ്ടാ… മുടി വെട്ടുന്നതിൽ കുഴപ്പം ഇല്ലല്ലോ.
ഇല്ല.
എന്നാൽ വാ പോകാം.
അവൾ സ്ഥിരമായി പോകുന്ന ബ്യൂട്ടിപാർലറിൽ തന്നെയാണ് അമ്മയെയും കൊണ്ടു പോയത്.
മുടി വെട്ടുക മാത്രമല്ല, നരച്ചത് കളർ ചെയ്ത് മുടി സ്മൂത്ത് ചെയ്തു.
മുഖം ഫേഷ്യൽ ചെയ്ത്, പുരികങ്ങൾ ത്രെഡ് ചെയ്തു.
അമ്മ വഴക്ക് പറയും എന്ന് കരുതി എങ്കിലും കണ്ണാടിയിൽ കണ്ടപ്പോൾ മീരക്ക് ഒരുപാടിഷ്ടം തോന്നി.
സ്വന്തം ഇഷ്ട്ടങ്ങളൊക്കെ മറന്ന് പോയിട്ട് കാലമെത്ര കഴിഞ്ഞു. ഏത് പ്രായത്തിൽ ആയാലും അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ടമില്ലാത്ത സ്ത്രീകൾ ഉണ്ടാകുമോ.
അവർ സ്വന്തം കവിളിലൂടെ വിരൽ ഓടിച്ചു.
കണ്ണെടുക്കാതെ കുറേ നേരം കണ്ണാടിയിൽ നോക്കി നിന്നു.
അതേ സ്വയം സൗന്ദര്യം ആസ്വദിച്ചു നിന്നാൽ പോരാ. അമ്മക്ക് ഇടാൻ കുറച്ച് ചുരിദാറുകൾ ഞാൻ തയ്ക്കാൻ കൊടുത്തിരുന്നു. അത് ഇട്ടുനോക്കി പാകം ആണോ എന്നൊക്കെ നോക്കണം.അളവ് ഞാൻ പറഞ്ഞു കൊടുത്തതാണ്,എന്നാലും ഒന്നിട്ട് നോക്കി പാകമാണോ എന്ന് നോക്കണം.
എന്നാൽ വാ പോകാം.അമ്മ നല്ല ഉത്സാഹത്തിൽ ആയിരുന്നു.
ജ്വാല വന്നതിൽ പിന്നെ സ്വാതന്ത്രത്തോടെ പുറത്ത് പോകാനും, സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കാനും അവർ പഠിച്ചു കഴിഞ്ഞിരുന്നു.
സ്വസ്ഥമായി ഒന്നിരിക്കാൻ പോലും പറ്റാതിരുന്ന ,ഭാരം വഹിച്ചു മടുത്ത, ഒരു കഴുതയെ പോലെ ആയിരുന്നില്ലേ താൻ ഇത്രനാൾ ജീവിച്ചിരുന്നത്.
ഇപ്പോൾbമനസ്സിൽ ഒരു ധൈര്യം ഉണ്ട്. തന്റെ മകൾ തനിക്ക് പകർന്നു തന്ന ആത്മാവിശ്വാസത്തിന്റെ ഒരു കണിക തനിക്കുള്ളിൽ പടർന്നു തുടങ്ങിയിട്ടുണ്ട്. അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
***********
എന്ത് പറ്റിയെടോ നന്ദാ നീ കുറേ ആയി ഭയങ്കര ആലോചന ആണല്ലോ, നിനക്കെന്താ പറ്റിയത്?
ഒന്നുമില്ലടോ.
ഹാ അത് നീ വെറുതെ പറയുന്നതാ, പണ്ടത്തെ ആ ചിരിയും തമാശയും ഒന്നും നിനക്കില്ല. കൂട്ടുകാരൻ മനോഹരൻ അയാളുടെ തോളിൽ കൈയിട്ടു.
എന്താണെങ്കിലും പറ, നമുക്ക് പരിഹാരം ഉണ്ടാക്കാം.
അയാൾ കാര്യങ്ങൾ മനോഹരനോട് പറഞ്ഞു.
കേട്ട് കഴിഞ്ഞതും അയാൾ ഉറക്കെ ചിരിച്ചു.
എന്റെ പൊന്നെടാവേ.. ആ മീര ആയതുകൊണ്ട് നിന്നെ ഇത്രനാൾ കൊണ്ടുനടന്നു. വേറെ വല്ലവരും ആയിരുന്നെങ്കിൽ പണ്ടേ ഒഴിവാക്കിയേനെ.
ഓഹ്… നിന്നോട് പറഞ്ഞ എന്നെ വേണം തല്ലാൻ.
എടാ…നിനക്ക് ഓർമ്മയുണ്ടോ നിങ്ങളുടെ കല്യാണം കഴിഞ്ഞ കാലം മുതൽ ഞാൻ നിന്നോട് പറഞ്ഞതാ എന്തെങ്കിലും ജോലിക്ക് പോകാൻ. അന്നേരം നീയെന്താ പറഞ്ഞത്. കാശ്കാരിയായ ഒരുത്തന്റെ മോളെയാണ് നീ കെട്ടിയത് എന്തെങ്കിലും ബിസിനസ് തുടങ്ങാൻ അയാൾ കാശ് തരട്ടെ എന്ന്.അല്ലാതെ നാക്കപ്പിച്ച കാശിനു ജോലിക്ക് പോകാൻ ഒക്കില്ല എന്ന് അല്ലേ…
സത്യം പറഞ്ഞാൽ ആ പെണ്ണിന്റെ ചിലവിൽ ആർഭാടം കാണിച്ചല്ലേ നീ ജീവിച്ചത്?
നീയും എന്നെ കുറ്റപ്പെടുത്തുകയാണോ?
ഇന്നാദ്യമല്ലല്ലോ കഴിഞ്ഞ എത്രയോ വർഷമായി ഞാൻ നിന്നോട് എന്തെങ്കിലും ഒരു ജോലിക്ക് പോകാൻ പറഞ്ഞതാണ്.
അല്ല, ഭാര്യക്ക് സാലറി കിട്ടുമ്പോൾ തന്നെ അത് നീ വാങ്ങി എടുക്കും. ജോലിയെടുക്കാതെ നിനക്ക് കൈയിൽ കാശ് കിട്ടുമ്പോൾ പിന്നെ ജോലിക്ക് എന്തിന് പോണം അല്ലേ?
ഞാൻ പോകുവാ… നന്ദൻ പോകാനായി എഴുന്നേറ്റു.
നിൽക്കെഡാ… നീ പിണങ്ങി പോകുവാണോ.
അല്ല.
എടാ… നമ്മുടെ ടൗണിനടുത്ത് പുതിയതായി തുടങ്ങിയ സ്കൂൾ ഇല്ലേ, അവിടെ ഒരു സെക്യൂരിറ്റിയെ ആവശ്യമുണ്ട്. നിനക്ക് പറ്റുമോ പോകാൻ?
അയാളുടെ കണ്ണുകൾ വികസിച്ചു…ഞാൻ പോകാമെടാ… ഞാൻ പോകാം.
അയാൾ പുഞ്ചിരിയോടെ സുഹൃത്തിന്റെ തോളിൽ തട്ടി.ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ, നല്ലത്.
അല്ലടാ നന്ദ ,ഞാൻ ആലോചിക്കുവാരുന്നു. കുട്ടിക്കാലത്ത് നിനക്ക് എന്ത് സ്വപ്‌നങ്ങൾ ആയിരുന്നു. എന്ത് മിടുക്കൻ ആയിരുന്നു നീ.പഠിത്തത്തിൽ കേമൻ, സ്കൂളിലെ പാട്ടുകാരൻ. പിന്നെ എങ്ങനാടാ നീയിത്ര അലസനായി പോയത്.
എനിക്കറിയില്ല..
അതൊക്കെ പോട്ടേ, കഴിഞ്ഞത് കഴിഞ്ഞു.
നീ അടുത്ത തിങ്കളാഴ്ച മുതൽ ജോലിക്ക് കയറണം.
ശരി.
അന്നയാൾ സന്തോഷത്തോടെ, അതിലേറെ സമാദാനത്തോടെ കിടന്നുറങ്ങി.
*************
അമ്മേ എന്റെ അക്കൗണ്ടിൽ കുറച്ച് പണം അച്ഛൻ ഇട്ടിട്ടുണ്ട്. നമുക്ക് അതെടുത്ത് നമ്മുടെ ഷോപ്പിന്റെ മുകളിൽ ഒരു നിലകൂടി പണിതാലോ?
അത് വേണ്ടാ. അത് മോളുടെ അച്ഛൻ മോൾക്കായി കരുതി വച്ച പണമല്ലേ അത് എടുക്കണ്ട മോളേ.
ഒരാവശ്യത്തിന് എടുക്കാനല്ലേ അമ്മേ പണം.
എന്നാലും വേണ്ട മോളേ. അതെടുക്കണ്ട.
എന്റെ ആഭരണങ്ങൾ ലോക്കറിൽ വെറുതെ ഇരിക്കുവല്ലേ എന്നാൽ അത് പണയം വച്ച് നമുക്ക് കാശ് എടുക്കാം.
എന്റെ പൊന്നു കൊച്ചേ അതൊക്കെ അവിടെ ഇരിക്കട്ടെ.
ഈ കുഞ്ഞ് താലിമാല അല്ലാതെ ഞാൻ സ്വർണ്ണം ഇടുന്നത് അമ്മ കണ്ടിട്ടുണ്ടോ.
അതില്ല, വിവാഹത്തിന് അടുത്ത ആളുകൾ മാത്രം മതി, മോൾക്ക് ആഡംബരം കാണിക്കാൻ ഇഷ്ടമില്ല എന്നൊക്കെ അച്ഛൻ പറഞ്ഞിരുന്നു.
.സെറ്റ് സാരിയും, മുല്ലപ്പൂവും, കഴുത്തിൽ സാരിയുടെ ബ്ലൗസിന് മാച്ചായ പച്ചക്കല്ലുകൾ പിടിപ്പിച്ച മാലയും, കൈയിൽ പച്ച മുത്തുകൾ പിടിപ്പിച്ച വളയും ഒക്കെ ഇട്ട് മോളൊരുങ്ങി വന്നത് കണ്ടപ്പോൾ എനിക്ക് സത്യത്തിൽ അഭിമാനമാണ് തോന്നിയത്.സ്വർണ്ണത്തിനോട് ആർത്തിയില്ലാത്ത ഒരു പെൺകുട്ടിയെ ഞാൻ ആദ്യമായി കാണുകയായിരുന്നു.
ആഡംബരം കാണിക്കുന്ന കാശിനു രണ്ട് നിർദ്ധരരായ പെൺകുട്ടികളുടെ കല്യാണം ഒപ്പം നടത്താൻ മോള് കാണിച്ച ആ മനസ്സുണ്ടല്ലോ അതുകണ്ടപ്പോൾ എനിക്കെന്തു സന്തോഷമാണ് വന്നതെന്ന് മോൾക്ക് അറിയോ, ഒപ്പം എന്റെ കുടുംബത്തിന് മോളെ കിട്ടാനുള്ള യോഗ്യത ഉണ്ടോ എന്ന ചിന്തയും.
ആദിത്യനെക്കുറിച്ച് നിങ്ങൾ അന്വേഷിക്കാതെയാണോ ഈ കല്യാണം നിങ്ങൾ നടത്തുന്നത് എന്ന് പോലും ഞാൻ സംശയിച്ചു.
അച്ഛൻ അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായം ആണ് കിട്ടിയത്. M. Com കഴിഞ്ഞ ആളാണ്. പുറത്തേക്കു പോകാൻ ഇരിക്കുകയാണ്. ഇപ്പോൾ തല്ക്കാലം ടൗണിൽ തന്നെയുള്ള ഷോപ്പ് നോക്കി നടത്തുകയാണ് എന്നൊക്കെയാ അറിഞ്ഞത്.
പക്ഷെ ,ലോകമടിയൻ ആണെന്ന് ഇപ്പോളാണ് അറിഞ്ഞത് അല്ലേ?
എന്നാലും സാരമില്ല. എനിക്കെന്റെ ഈ അമ്മയെ കിട്ടിയില്ലേ. പിന്നെ ആദിയെ മാറ്റി എടുക്കാൻ നമുക്ക് കഴിയും.
ആഹാ ഇതിപ്പോ പണ്ടുള്ളോർ പറയുന്നത് പോലെ ആയല്ലോ.
പണ്ടുള്ളോർ എന്താ പറയുന്നത്?
ഇത്തിരി അലമ്പൊക്കെ ഉള്ള ആണുങ്ങളെ, അവനെ ഒരു പെണ്ണുകെട്ടിച്ചാൽ മതി അവൻ നന്നാകും എന്ന് പറയും. പാവം പെൺകുട്ടികൾ അവസാനം അവരുടെ ജീവിതം തകരും. ഒരുത്തനും നന്നാകുകയും ഇല്ല. വെറുതെ പെൺകുട്ടികളെ ബലിയാടാക്കും.
ഉം… ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ല.
അങ്ങനെ വേണം. ആർക്കും വേണ്ടി കളയാൻ ഉള്ളതല്ല പെണ്ണിന്റെ ജീവിതം.
ശരിയാണ് പക്ഷെ അമ്മയെ നോക്കിക്കേ ചിലർക്ക് ഒന്നിനെയും ഉപേക്ഷിക്കാൻ കഴിയില്ല മോളേ , സ്വന്തം ജീവിതം നഷ്ട്ടമായാലും കൂടെയുള്ളവരെ നഷ്ടപ്പെടുത്താൻ ഒക്കില്ല.
ഇത്രേം പാവമായാൽ ആളുകൾ തലയിൽ കയറും. ഇച്ചിരിയൊക്കെ ധൈര്യം വേണം മനുഷ്യരായാൽ.
ശരി… ഉത്തരവ് പോലെ. അമ്മ കൈ കൂപ്പി.
ജ്വാല ഉറക്കെ പൊട്ടിച്ചിരിച്ചു.
മോളേ നമുക്ക് ഓരോ ബിരിയാണി തട്ടിയാലോ..
ഇപ്പഴോ?
ഇപ്പോൾ എന്താ കുഴപ്പം?
നമ്മൾ ഇത്തിരി മുൻപല്ലേ ജ്യൂസ് കുടിച്ചിട്ട് വന്നത്. എനിക്കിനി വയറ്റിൽ ഇടമില്ല.
എന്റെ വയറ്റിൽ നല്ല ഇടമുണ്ട്.
എന്നാൽ വാ പോകാം.
മ്മ്…ഇപ്പോൾ എല്ലാരും അമ്മയെയാ നോക്കുന്നത്.ഇത്രേം സുന്ദരി ഒന്നും ആവണ്ട കേട്ടോ.
അസൂയ…അസൂയ…
അസൂയയോ എനിക്കോ ?
പിന്നല്ലാതെ,നമ്മളെ കണ്ടാൽ അമ്മയും മോളുമാണെന്ന് പറയുമോ? രണ്ട് കൂട്ടുകാരികൾ ആണെന്ന് പറയും.
ഓഹ്… ഇതൊക്കെ സ്വയം അങ്ങ് പറഞ്ഞാൽ മതിയോ.
പോ പെണ്ണേ ഞാൻ കൂട്ടില്ല.
അവൾ അമ്മയെ ഏറെ സ്നേഹത്തോടെ നോക്കി.
ശരിയാണ് എന്ത് ഭംഗിയാണ് ഇപ്പോൾ അമ്മയെ കാണാൻ.മുഖത്തെ ആ ഗൗരവം എവിടെ പോയെന്ന് അറിയില്ല.
ഇപ്പോൾ ആ മുഖത്ത് ചിരിയാണ്.അതമ്മയെ ഏറെ സുന്ദരിയാക്കുന്നു.
വിടർന്ന മിഴികളും,ആ ചിരിയുമാണ് അമ്മയുടെ ആകർഷണം.നല്ല ഉയരം ഉള്ളതുകൊണ്ട് തന്നെ ഏത് ഡ്രെസ്സും അമ്മക്ക് നന്നായി ഇണങ്ങുന്നുണ്ട്.കണ്ടാൽ, ഒന്നുകൂടി കാണാൻ തോന്നുന്ന വശീകരിക്കുന്ന സൗന്ദര്യമാണ് അമ്മക്ക്.
ടേബിളിലേക്ക് ഭക്ഷണവുമായി ആൾ വരുന്നത് കണ്ട് അവൾ നോട്ടം മാറ്റിയതും
ഓർഡർ ചെയ്താ ഫുഡ് കൊണ്ടു വരുന്ന ആളെ കണ്ട് ജ്വാല കണ്ണ് മിഴിച്ചു.
അവളുടെ നോട്ടം കണ്ടപ്പോഴാണ് മീരയും നോക്കിയത്.
ആദിത്യൻ….
ടേബിളിൽ ഫുഡ് വച്ചിട്ട് അയാൾ അവരുടെ മുഖത്ത് ഒന്ന് നോക്കിയിട്ട് അയാൾ അടുത്ത ടേബിളിലേക്ക് ഓർഡർ എടുക്കാനായി പോയി.
മീരയും,ജ്വാലയും അയാളെ ആ വേഷത്തിൽ തീരെ പ്രതീക്ഷിച്ചില്ല.
ആദ്യത്തെ അമ്പരപ്പ് മാറിയതും മീരക്ക് വിഷമം വന്നു.
നല്ല ജോലി എന്തെങ്കിലും കിട്ടാനുള്ള യോഗ്യത ഉള്ളവനാണ് ഈ വേഷത്തിൽ ഇങ്ങനെ….അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
അമ്മ എന്തിനാ വിഷമിക്കുന്നത്.ഓരോ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. ആദി ഒരു ജോലിയും ചെയ്യാതെ മടിയനായി ഇരിക്കുന്നതാണോ അമ്മക്ക് ഇഷ്ട്ടം.
അല്ല.
എങ്കിൽ ഭക്ഷണം കഴിക്ക്.പിന്നെ ഇതൊരു നല്ല സൂചനയാണ് അമ്മേ.അവർക്ക് ആത്മാഭിമാനം ഒക്കെ ഉണ്ട്.
അല്ലെങ്കിൽ അച്ഛനും,മോനും കിട്ടിയ എന്ത് ജോലിയും ചെയ്യാൻ തയ്യാറാക്കുമോ?
ശരിയാ … ഞാൻ കുറച്ച് നേരത്തെ നോക്കിയാൽ ഇവരെ നന്നാക്കാമായിരുന്നു അല്ലേ മോളേ.
ഓരോന്നിനും ഓരോ സമയം ഉണ്ട് ദാസാ…
ഇപ്പോൾ ഭക്ഷണം കഴിക്ക്.
അമ്മേ… ഞാൻ പറഞ്ഞില്ലേ എന്റെ സ്വർണ്ണം വെറുതെ ലോക്കറിൽ ഇരിക്കുവാ. നമുക്കത് പണയം വച്ചിട്ട് ഷോപ്പ് ഒന്ന് നന്നാക്കാം.
അതിന് ഒരുപാട് പണം വേണ്ടി വരില്ലേ.
അച്ഛന് റിയൽ എസ്റ്റേറ്റിന്റെ ബിസിനസ് അല്ലേ പ്ലോട്ട് വാങ്ങി വീട് പണിത് വിൽക്കുന്നത് കൊണ്ട് അച്ഛന് സ്ഥിരം പണിക്കാരും ഉണ്ട്.
അതുകൊണ്ട് പണിക്കാരെ കിട്ടും, പണിയൊക്കെ ആത്മാർത്ഥമായി ചെയ്‌തും തരും. കാശ് മുടക്കാൻ നമ്മൾ തയ്യാറായാലെ നമുക്ക് ബിസിനസ് നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റൂ
മോളുടെ അഭിപ്രായം നല്ലതാണ്.
എങ്കിൽ നമുക്ക് അങ്ങനെ തന്നെ ചെയ്യാം. അമ്മ സമ്മതിച്ചു.
പിറ്റേ ആഴ്ച്ച തന്നെ ജ്വാലയുടെ അച്ഛന്റെ ജോലിക്കാർ ഷോപ്പിന്റെ പണി ആരംഭിച്ചു.
*********
അന്ന് നന്ദന് സാലറി കിട്ടിയ ദിവസമായിരുന്നു.
സാലറി കൈയിൽ കിട്ടിയപ്പോൾ എന്തുകൊണ്ടോ അയാളുടെ കണ്ണ് നിറഞ്ഞു.
വീട്ടിലേക്കാവശ്യമായ സാധനങ്ങളും വാങ്ങി അയാൾവൈകിട്ട് വീട്ടിൽ എത്തി.
ഷോപ്പിൽ പണി നടക്കുന്നത് കൊണ്ട് ജ്വാലയും, മീരയും വീട്ടിൽ ഉണ്ടായിരുന്നു.
********
തുടരും

by