10/02/2026

പ്രണയാർദ്രം: ഭാഗം 33

രചന : അഞ്ചു തങ്കച്ചൻ

ഗൗതമിനോട് വെല്ലുവിളിച്ചെങ്കിലും, ഗുപ്തനെ മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുക എന്നുള്ളത് എങ്ങനെയെന്ന് സീതക്ക് അറിയില്ലായിരുന്നു.മുറിവേറ്റ ഹൃദയമാണത് , അത് പഴയതുപോലെ ആക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും ശ്രമിച്ചേ പറ്റൂ… ശ്രമിച്ചാൽ ഒരു പക്ഷെ വിജയിക്കാൻ കഴിഞ്ഞാലോ.ഏട്ടന്റെ പെണ്ണായി കടന്നുവരാൻ ആരും സമ്മതിക്കും, പക്ഷെ കാർത്തുവിനെ പോലെ ഒരാളെയാണ് വേണ്ടത്. ഒരാളെ പോലെ ഒൻപത് പേർ ഉണ്ടാകും എന്നല്ലേ, അന്വേഷിച്ചു നോക്കാം..

സീത ആലോചിച്ചുറപ്പിച്ചു.സീത ചെക്കപ്പിനായി പോകുന്നത് ഗുപ്തന്റെ അടുത്താണ്. പിറ്റേന്ന് സ്കാനിങ് പറഞ്ഞിരിക്കുന്ന ഡേറ്റ് ആണ്.
ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ അതുവഴി വരുന്ന സകല മനുഷ്യരെയും സീത ശ്രദ്ദിച്ചു
ആളുകൾക്കിടയിൽ മലയാളത്തനിമ നിറഞ്ഞ ഏതെങ്കിലും ഒരു പെൺകുട്ടിയെ കണ്ടെത്താൻ ആയാലോ ചെറുപ്പക്കാരികൾ ആയ ഡോക്ടർമാർ ഒക്കെ തികച്ചും മോഡേൺ സുന്ദരികളാണെന്ന് സീതക്ക് തോന്നി.ഓരോരുത്തരെയും തുറിച്ചു നോക്കുന്നത് കൊണ്ടായിരിക്കും ചിലർ അവളെ കറുപ്പിച്ചു നോക്കി.അയ്യേ… അവൾ തല താഴ്ത്തി.

അല്ല ഇങ്ങനൊക്കെ നോക്കിയാൽ ആർക്കേലും ഇഷ്ടപ്പെടുമോ? അവൾക്ക് സ്വയം ലജ്ജ തോന്നി.
പെട്ടന്നാണ് അതിലെ കടന്ന് പോയ ഒരു പെൺകുട്ടിയെ അവൾ ശ്രദ്ദിച്ചത്. കൂടെ രണ്ട് മൂന്ന് നേഴ്സ്മാരും ഉണ്ട്. അവർ രോഗിയെക്കുറിച്ച് എന്തോ സംസാരിക്കുന്നുണ്ട് ഹോസ്പിറ്റലിൽ പുതുതായി ചാർജ് എടുത്ത നിള ഡോക്ടറെക്കുറിച്ച് ഗുപ്തൻ വീട്ടിൽ പറഞ്ഞത് അവൾ ഓർത്തു.ഒരുപക്ഷെ അവരായിരിക്കാം ഇത്. ഇവിടുള്ള മറ്റുള്ളവരെ ഒക്കെ താൻ അറിയുന്നതാണ്.അവർ കാര്യമായി എന്തോ സംസാരിക്കുകയാണ്.ഡോക്ടറെ എന്ന് അവർ വിളിക്കുന്നത് കേട്ടപ്പോൾ, സീത ഉറപ്പിച്ചു ഇത് നിള ഡോക്ടർ തന്നെ.കാണാൻ നല്ല സുന്ദരിയാണ്, ചുരുണ്ട സമൃദ്ധമായ മുടി പിന്നിയിട്ടിരിക്കുകയാണ്, ചെറിയൊരു കമ്മൽ ഉണ്ടെന്നതൊഴിച്ചാൽ കഴുത്തും കൈകളും ഒക്കെ ശൂന്യമാണ്.കാണാൻ നല്ല ഭംഗി തോന്നും.

ഡോക്ടർ ഗുപ്തൻ സീതയുടെ അവിടേക്ക് വന്നത്, നിള അവർക്കരികിലേക്ക് വന്നു.ഇതെന്റെ അനുജത്തിയാണ്, ഗുപ്തൻ സീതയെ നിളക്ക് പരിചയപ്പെടുത്തി.നിള ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു. സംസാരിക്കുന്ന ആരെയും അടുത്ത സുഹൃത്താക്കി മാറ്റാൻ ഒരു പ്രേത്യേകം കഴിവുണ്ട് നിളക്ക്.ഈ വായാടി പെൺകുട്ടിയെ ജീവിത പങ്കാളി ആയി കിട്ടിയാൽ ഗുപ്തൻ പതിയെ പതിയെ കാർത്തുവിനെ മറന്നോളും എന്ന് സീത വിചാരിച്ചു.അതുകൊണ്ട് തന്നെ നല്ലൊരു സൗഹൃദം നിളയുമായി ഉണ്ടാക്കാൻ അവൾ ശ്രദ്ദിച്ചു.

സീത ഇടക്കൊക്കെ വെറുതെ ഗുപ്തന്റെ കൂടെ ഹോസ്പിറ്റലിൽ പോകും. എന്തായാലും ഇപ്പോൾ ജോലിക്കു പോകുന്നില്ല, പിന്നെ വെറുതെ വീട്ടിൽ ഇരുന്ന് മുഷിഞ്ഞു തുടങ്ങി.എന്തായാലും അടുത്ത ആഴ്ച്ച മുതൽ വീണ്ടും ജോലിക്കു പോകാനാണ് സീതയുടെ തീരുമാനം.ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ നിള ഫ്രീ ആണെങ്കിൽ അവർ ഒരുപാട് നേരം സംസാരിക്കും.നിള ആരുമായും പ്രണയത്തിൽ ഒന്നുമല്ലെന്ന് സീതക്കു മനസ്സിലായി. നിള എന്തും തുറന്നു പറയുന്ന കൂട്ടത്തിലാണ്, വീട്ടിലെ കാര്യമായാലും സുഹൃത്തുക്കളുടെ കാര്യമായാലും അവൾ തുറന്നു സംസാരിക്കും.അവളുടെ ഏറ്റവും വലിയ ഗുണം അവൾ ആരെയും പറ്റി ഒരിക്കൽപോലും നെഗറ്റീവ് പറയാറില്ല എന്നതായിരുന്നു.ഒരു പോസിറ്റീവ് വൈബ് ആണ് അവളോട്‌ സംസാരിക്കുമ്പോൾ.

അവളെ സീതക്ക് ഒരുപാട് ഇഷ്ട്ടമായി, അവൾ വേണം ഏട്ടന്റെ ഭാര്യ ആയി കടന്ന് വരാൻ എന്നവൾ ആഗ്രഹിച്ചു.നിളക്ക് ഗുപ്തനോട് ഇഷ്ടക്കുറവൊന്നും കാണില്ല എന്നവൾക്ക് തോന്നി. ഗുപ്തനെ കാണുമ്പോൾ നിളയുടെ മിഴികൾ തിളങ്ങുന്നത് അവൾ ശ്രദ്ദിക്കാറുണ്ട്.സീതക്ക് മനസ്സിൽ വലിയ സന്തോഷം തോന്നി.അവൾ നിളയെ തന്റെ കൂടെ ചേർത്ത് നിർത്തി എടുത്ത സെൽഫി സൗദാമിനിയെ കാണിച്ചു കൊടുത്തു.എങ്ങനുണ്ട് അമ്മേ ഈ കുട്ടി?
നല്ല സുന്ദരി, ഇതാരാ മോളെ?നമ്മുടെ ഹോസ്പിറ്റലിൽ പുതുതായി വന്ന ഡോക്ടർ ആണമ്മേ, നമുക്ക് ഏട്ടന് വേണ്ടി ഈ കുട്ടിയെ ആലോചിച്ചാലോ അമ്മേ

അതിന് അവൻ സമ്മതിക്കില്ലല്ലോ മോളെ.സമ്മതിപ്പിക്കണം. നമ്മൾ എല്ലാരും കൂടെ സമ്മതിപ്പിക്കണം.എന്തായാലും ഇന്ന് ഏട്ടൻ വരുമ്പോൾ രണ്ടുംകല്പ്പിച്ച്‌ ഞാനിക്കാര്യം പറയും.
അവൾ ഗുപ്തൻ വരാനായി കാത്തിരുന്നു.

************
തുടരും.