23/04/2026

വധു : ഭാഗം 17

രചന – ആയിഷ അക്ബർ

താഴെ എത്തിയപ്പോൾ തന്നെ അവിടെ മേശക്ക് ചുറ്റുമായി ഇരുന്നിരുന്നവർ അവളുടേ ഹൃദയത്തിലൊരു ഭയമുണർത്തി……

സായു അവരെ യാകെയൊന്ന് നോക്കി….

മുത്തശ്ശനും മുത്തശ്ശിയും ഇരുന്നതിന്റെ അപ്പുറത്തായി വല്യച്ഛനിരിക്കുന്നുണ്ട്….

വല്യച്ഛനടുത്തായി അച്ഛനുമിരിക്കുന്നുണ്ട്….

അമ്മയെ കാണുന്നില്ല….

വല്യമ്മ അടുക്കളയിൽ നിന്നും ഓരോ സാധനങ്ങൾ മേശ മേലെത്തിക്കുന്ന തിരക്കിലാണ്….

സായു അച്ഛനും വല്യച്ഛനും ഇരിക്കുന്നതിന്റ എതിർ വശത്തായിരുന്നു…..

അച്ഛനും വല്യച്ഛനും സംസാരിക്കുന്നതിനിടക്ക് അച്ഛന്റെ കണ്ണുകൾ അറിയാതെ തന്റെ നേർക്കൊന്ന് പാറി വീണെങ്കിലും ദേഷ്യത്തോടെ അയാൾ മുഖം തിരിച്ചിരുന്നു…..

ശ്രീ ബാല ദയനീയമായി സായുവിനെ നോക്കി….

വാ…. ഇങ്ങോട്ടിരിക്ക്…..

അവൻ അവൾക്കായൊരു കസേര വലിച്ചിട്ടു കൊടുത്തു….

പതിവില്ലാത്തതായത് കൊണ്ട് തന്നെ അവളൊന്ന് അമ്പരന്നിരുന്നു…..

മുത്തശ്ശനും മുത്തശ്ശിയും അവരെയൊന്നു നോക്കി….

വല്യച്ഛനൊന്നു പുഞ്ചിരിച്ചു….

അവൾ അവന്റെ അരികിലായി ഇരുന്നു …

രേണു…. പവിയെ വിളിച്ചില്ലേ…..

രേണു ഇരിക്കാൻ നേരമാണ് മുത്തശ്ശിയത് ചോദിച്ചത് …..

വിളിച്ചിരുന്നമ്മേ…

രേണു അത് പറയുമ്പോൾ പവി വിളിച്ചിട്ടും വരുന്നില്ല എന്നൊരു അർത്ഥമുള്ളതായി തോന്നി….

പ്രഭേ…. നീയവളെ ഒന്ന് വിളിക്കു…..

മുത്തശ്ശി അയാളോടത് പറയുമ്പോൾ വാക്കുകൾ ദയനീയമായിരുന്നു……

വിശക്കുന്നുണ്ടെങ്കിൽ വന്നു കഴിച്ചോളും…..

അയാൾ ദേഷ്യത്തോടെ അതും പറഞ് കൊണ്ട് ചോറിലേക്ക് കൈ കുത്തി….

സായുവിന്റെ ഹൃദയം വല്ലാത്തൊരു മുറിവിനെ പേറി …..
എങ്കിലും ഇനിയും ദുഖത്തോടെ അവരിൽ നിന്നൊഴിഞ്ഞു നിൽക്കാൻ തനിക്ക് സമയമില്ലെന്ന തിരിച്ചറിവിൽ അവൻ ചോറ് പാത്രം കയ്യിലെടുത്തു……

പിന്നീടവൻ ശ്രീ ബാലയുടെ പാത്രത്തിലേക്ക് വിളമ്പി തുടങ്ങി….

അവളാകെ ഞെട്ടി അവനെ നോക്കിയങ്ങനെ ഇരിക്കുകയാണ്…..

അവന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവ മാറ്റവുമില്ല ….

അവൾ പെട്ടെന്ന് ചുറ്റുമോന്ന് മിഴികളോടിച്ചു….

അതേ…. എല്ലാവരും തങ്ങളെ തന്നെയാണ് നോക്കുന്നത്…..

അവൾ മുഖത്ത് വിരിഞ്ഞ അതിശയവും പതർച്ചയും നീക്കി കളയാൻ ശ്രമിച്ചു….

മതി….
വിളമ്പി കൊണ്ടിരിക്കുന്നതിനിടയിൽ അവൾ ധൃതി കൂട്ടി….

ശ്രീ….. നിന്റെ വിശപ്പ് അതെന്റെയും കൂടിയാണ്…
നിന്റെ വയറു നിറഞ്ഞാൽ മാത്രമേ എന്റെ മനസ്സ് നിറയു….
കാരണം……
നീയെന്റെ ഭാര്യ യാണ്…..

അവൻ ആർദ്രമായാണത് പറഞ്ഞതെങ്കിലും അതിൽ കലർന്നിരുന്ന കുത്ത് വാക്ക് അവിടെയിരിക്കുന്ന വർക്കെല്ലാവർക്കും മനസ്സിലായിരുന്നു……

ശ്രീ ബാലക്കും അത് മനസ്സിലായത് കൊണ്ട് തന്നെ അവൾ അവനോടൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….

അമ്മയെ അവഗണിക്കുന്ന അച്ഛന് വേണ്ടി യാണതവൻ പറഞ്ഞതെങ്കിലും അവന്റെ വാക്കുകൾ തന്റെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നു….

അത്രയേറെ എന്തോ ഒരു മാന്ത്രികതയുണ്ട് അവന്റെ വാക്കുകൾക്ക്…..

അവൾക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല ….

പ്രഭക്കാണെങ്കിൽ മകന്റെ മുമ്പിൽ താൻ ഭൂമിയോളം ചെറുതായത് പോലെ തോന്നി….

അയാൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു…..

ചോറിൽ കുത്തിയിരുന്ന കൈ അയാൾ വലിച്ചെടുത്തു കൊണ്ട് മുറിയിലേക്ക് നടന്നു…..

എല്ലാവരും മുഖത്തോട് മുഖം നോക്കി യിരുന്നു….

ശ്രീ ബാല സായുവിനെ ഒന്ന് നോക്കി…..

അവൻ ഒരു നെടു വീർപ്പോടെ ഭക്ഷണം കഴിക്കുന്നത് തുടർന്നു….

ഒന്ന് രണ്ടു
നിമിഷങ്ങൾക്ക് ശേഷം പ്രഭ തിരിച്ചു വന്നത് ഗൗരവത്തോടെ തന്നെയാണെങ്കിലും കൂടെ പവിയുമുണ്ടായിരുന്നു….

എല്ലാവരുടെയും കണ്ണുകൾ ഒരു പോലെ തിളങ്ങി….

ശ്രീ ബാല അത്ഭുതത്തോടെ സായുവിലേക്ക് നോക്കി….

അവന്റെ ചുണ്ടിലും ഒരു ചിരിയൂറി….

ആർക്ക് മുമ്പിലും തോറ്റു കൊടുക്കാത്ത ഈ പ്രഭാകാരനിലെ ഭർത്താവിന്റെ തോൽവി ഉറപ്പിക്കാൻ തന്നെയാണ് ഞാൻ വന്നിരിക്കുന്നത്…..

അപ്പോഴും എല്ലാവരെയും പോലെ അച്ഛൻ വിളിച്ചതിന്റെ ഞെട്ടലിൽ അച്ഛന്റെ പിറകെ വരുന്ന അമ്മ ഹൃദയത്തിലൊരു നോവായി ബാക്കി നിന്നു….

അന്ന് വാക്കുകൾക്കിടം കൊടുക്കാതെ എല്ലാവരും വേഗം കഴിച്ചെഴുന്നേറ്റു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ശ്രീ ബാല മുറിയിലേക്കെത്തുമ്പോൾ അവൻ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു…

എന്തോ ഒരു ആലോചനയിലെന്ന പോൽ……

അവനെ കാണുമ്പോൾ ഇപ്പോൾ തന്റെ മനസ്സിനെ കീഴടക്കുന്നത് അവൻ തന്റെ മിഴികളിൽ നോക്കി പറയുന്ന ആ വാക്കുകളാണ്…

ആരെയോക്കെയോ കേൾപ്പിക്കാൻ വേണ്ടിയാണെങ്കിൽ കൂടി അത് തന്നെ അവനെന്ന ലോകത്തേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്….

അതൊരു പക്ഷെ തന്റെ ദയനീയമായ അവസ്ഥ കൊണ്ടാവാം….

സ്നേഹിക്കാനോ സംരക്ഷിക്കാനോ ആരുമില്ലാത്ത ഒരുവളുടെ സ്വാർത്ഥത യായിരിക്കാം….

പക്ഷെ അതിനേക്കാളൊക്കെ മേലെ അവൻ പറയുമ്പോൾ അതത്രമേൽ ആത്മാർത്ഥമായി തനിക്ക് തോന്നുന്നതെന്ത്‌ കൊണ്ടാണ്…..

അവൾ ആലോചനയോടെ ഇരിക്കുന്ന അവനടുത്തേക്ക് നടന്നു നീങ്ങി……

ഓഹ്….. അപ്പൊ ഭാര്യ യോടുള്ള കടമകളൊക്കെ അറിയാം….
എന്നിട്ടാണോ എന്റെ മേൽ വെള്ളമൊഴിച്ചത്…..

അവൾ ചെറിയൊരു പരിഭവം കലർത്തി ഗൗരവത്തോടെ അത് ചോതിച്ചത് അവൻ അവനെ അലട്ടുന്ന ചിന്തകളിൽ നിന്നൊന്ന് പുറത്ത് കടക്കാൻ വേണ്ടി തന്നെയായിരുന്നു…..

അവൻ തല ചെരിച്ചു കൊണ്ടവളെ നോക്കി….

അതേ….. കടമകൾ ഭാര്യയോടാണ്….
ഭാര്യ യായി അഭിനയിക്കുന്നവളോടല്ല….

അവൻ അത് പറഞ്ഞതും ഉള്ളിൽ എന്തോ ഒരു വിങ്ങൽ ശ്രീ ബാല അറിഞ്ഞു….

അവളുടേ മുഖത്ത് കാർ മേഘങ്ങൾ പടർന്നു……

അത് തനിക്കൊരു താക്കീതാണ്……
കടിഞാണില്ലാതെ അവന്റെ പിറകെ ചെല്ലരുതെന്നൊരു താക്കീത്…..

ഓരോ തവണ അവനഭിനയിക്കുമ്പോഴും അതിലെല്ലാം ആത്മാർഥത കണ്ടെത്തരുതെന്ന താക്കീത്…..

അവൾ കണ്ണുകൾ നിറഞ്ഞു വരുമോയെന്ന് ഒന്ന് ഭയന്നു……

പിന്നെ…. ഇപ്പൊ വന്നിരിക്കുന്നത് എന്റെ അച്ഛനും അമ്മയുമാണ്….
അവർക്ക് പരസ്പരമുള്ള കടമകൾ വല്ലാതെ അറിയില്ല….
അത് കൊണ്ട് തന്നെ ഞാൻ നിന്നോട് അടുത്തിടപഴകുമ്പോൾ ഈ ഉണ്ട കണ്ണുകൾ തുറിക്കരുത്……

അത് പറഞ്ഞപ്പോൾ അവനിലൊരു കുസൃതി ചിരി വിരിഞ്ഞിരുന്നെങ്കിലും അവൾ ഗൗരവത്തോടെ കേട്ട് നിന്നു….

ഇനി അവന്റെ വാക്കിലും ചിരിയിലും അടി പതറില്ലെന്ന പോൽ….

ഇവിടെ നിന്ന് നമ്മൾ പോകുമ്പോഴേക്കും എന്റെ അമ്മയുടെ കണ്ണുകളിലെ നനവ് തോർന്നിട്ടുണ്ടാവണം….

അത് പറഞ്ഞതും അവന്റെ സ്വരം ആർദ്രമായി….

അതിൽ ഉരുണ്ടു കൂടിയ നീർതുള്ളികൾ അവൾക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു……

അവൻ അവളിൽ നിന്നും പെട്ടെന്ന് മുഖം വെട്ടിച്ചു പുറത്തേക്ക് നടന്നു…..

അതേ…. അവൻ തന്നെ കൂട്ടി ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം മനസ്സിലായി…..

അച്ഛനെയും അമ്മയേയും ഒരുമിപ്പിക്കാൻ….

ആദ്യമൊക്കെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണുമ്പോൾ എന്തിനിവരെ പറ്റിക്കുന്നു എന്നൊരു നീരസം തനിക്കവനോടുണ്ടായിരുന്നു….

പക്ഷെ അവന്റെ ഭാഗത്തു അതിനു കൃത്യമായ കാരണങ്ങളുണ്ട് എന്നത് ഇപ്പോഴാണ് താനറിയുന്നത്….
..
അത് കൊണ്ട് തന്നെയാവും താനന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അവന് നിയന്ത്രണം നഷ്ടപ്പെട്ടതും….

പക്ഷെ അപ്പോഴും ഒരു സംശയം….

ഭാര്യയായി അഭിനയിപ്പിച്ചു കൂട്ടി കൊണ്ട് വരുന്നതെന്തിനാണ്….

അവന് വിവാഹം കഴിച്ച് കൂടെ….

ഇനി… അവൻ വല്ല ഗേ യും ആകുമോ….
അതല്ലെങ്കിൽ വിവാഹം കഴിക്കാതിരിക്കാൻ അവന് ശക്തമായ മറ്റെന്തോ കാരണം തീർച്ചയായും ഉണ്ടായിരിക്കും…..

അവൾ ചിന്തകളിൽ കുടുങ്ങി കിടന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സായു താഴെക്കിറങ്ങുമ്പോൾ കണ്ണുകളിൽ മുഴുവൻ അവളായിരുന്നു…

അവളുടേ കണ്ണുകളിൽ ദിനം തോറും മാറി വരുന്നൊരു വികാരം തന്നിലുണ്ടാക്കുന്നത് ആനന്ദമാണെങ്കിലും ഉള്ളിന്റെ ഉള്ളിലൊരു പിടപ്പാണ്…..

അവളുടേ സ്നേഹമോ പ്രണയമോ താൻ പോലും അറിയാതെ താൻ ആഗ്രഹിക്കുന്നു ണ്ടെങ്കിൽ കൂടി അതിനിന്ന് തനിക്ക് അർഹതയില്ല……

മുത്തശ്ശി….
ഞാൻ… ഞങ്ങളൊന്നു പുറത്ത് പോയി വരാം…..

ഉറങ്ങിക്കിടക്കുന്ന മുത്തശ്ശനരികിലായിരുന്നു പുസ്തകം വായിച്ചു കൊണ്ടിരുന്ന മുത്തശ്ശി കയ്യിലിരുന്ന പുസ്തകം മടക്കി വെച്ചവനെയൊന്ന് നോക്കി…..

എങ്ങോട്ടാ…..

ധൃതിയിൽ പോന്നത് കൊണ്ട് അവളുടേ ഡ്രെസ്സൊന്നും എടുത്തിട്ടില്ല….
ടൗണിൽ പോയി അവൾക്ക് കുറച്ച് ഡ്രസ്സ്‌ എടുത്ത് കൊടുക്കാമെന്നു വെച്ചു…..

സായു അത് പറഞ്ഞതും മുത്തശ്ശി മുഖത്തെ കണ്ണട ശെരിയാക്കി എഴുന്നേറ്റു….

ഹാ…. ഞാനും നിന്നോട് ചോദിക്കണമെന്ന് കരുതിയതാ…. ആകെ രണ്ട് ചുരിദാറിട്ടെ ആ കുട്ടിയെ കണ്ടിട്ടുള്ളു….
അതും കുറെയൊക്കെ പഴകിയത്……

മുത്തശ്ശി അത് പറഞ്ഞതും സായുവിന് ഹൃദയത്തിലെന്തോ കൊളുത്തി വലിക്കും പോലെ തോന്നി….

താൻ അവളെ ശ്രദ്ധിക്കണമായിരുന്നു…

വേണ്ടതെല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുക്കണമായിരുന്നു….

അതിനെങ്ങനെ…. അവളെ കുറിച്ചറിഞ്ഞപ്പോൾ തന്നെ മനസ്സ് വെറുത്തതല്ലേ…

എന്നാൽ അവളോടിടപഴകും തോറും അവൾക്കൊരിക്കലും അങ്ങനെയാവാൻ കഴിയില്ലെന്ന് മനസ്സ് പറയുന്നു….

എപ്പോഴും സുരക്ഷിതമായൊരു വലയം മാത്രം അവളാഗ്രഹിക്കുന്നത് പോലെ……

എല്ലാവരോടും സ്വന്തമെന്ന പോൽ ഇടപഴകുന്നു…..

അവനവളെ മനസ്സിലാക്കാനേ കഴിഞ്ഞിരുന്നില്ല…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഡ്രസ്സ്‌ മാറിക്കോ…. നമുക്കൊന്ന് പുറത്ത് പോകണം….

അവൻ വാതിൽ പടിയിൽ വന്ന് നിന്നത് പറഞ്ഞതും മുറിയിൽ നിന്നിരുന്ന അവളൊന്നു പരുങ്ങി….

ഐ മീൻ….. മുടിയൊക്കെ …..

അവളുടേ മുഖത്തെ പ്രയാസം അറിഞ്ഞെന്ന വണ്ണം അവൻ പറഞ്ഞു….

അന്നത്തെ അവളുടേ യാ വാക്കുകൾ ഇപ്പോഴും കാതിൽ അലയടിക്കുകയാണ്…

അവൻ തിരിഞ്ഞു നടന്നു…

അവൾ മുടി യൊന്നു ചീകിയൊതുക്കി മെടഞ്ഞു കെട്ടി ഒരു വശത്തേക്കിട്ടു….

കഴുത്തിലൂടെ ഇട്ടിരുന്ന ഷാളും ഒരു വശത്തേക്കിട്ടു….

മുഖമൊന്നു കഴുകി തുടച്ചു ബാഗിൽ വെച്ചിരുന്ന കുഞ്ഞ് ഡപ്പയിൽ നിന്നും അല്പം പൗഡറെടുത് മുഖത്തിട്ടു…

കരിമഷിയിൽ നിന്നൽപമെടുത് കയ്യിലാക്കി കണ്ണിനുള്ളിലൂടെ ഒന്ന് വരഞ്ഞു….

നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും തൊട്ടു….

കഴുത്തിൽ അവൻ കെട്ടിയൊരു താലി മാത്രമുണ്ട്….അതൊന്നെടുത് പുറത്തേക്കിട്ടു….

പിന്നീട് പതിയേ താഴേക്ക് നടന്നു….

ഇന്നലത്തെ പോലെയല്ല….
ഇന്ന് താഴെക്കിറങ്ങാൻ ചെറിയൊരു ഭയമുണ്ട് തനിക്ക്…..

അവൾ ഉമ്മറത്തെത്തിയപ്പോഴേ കണ്ടു മുത്തശ്ശനും മുത്തശ്ശിക്കും അരികിലായി തിണ്ണയിലിരിക്കുന്ന സായുവിനെ……

അവൾ വന്നതും മൂന്ന് പേരുടെയും നോട്ടം ഒരു നിമിഷം അവളിലേക്കായി….

അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….

വാ…. പോകാം….
അവനവളെ നോക്കിയത് പറഞ്ഞതും അവളൊന്ന് കൂടി മുന്പോട്ട് വന്നു…..

നിൽക്ക്…. ഞാനിപ്പോ വരാം….

അവരിറങ്ങാൻ നിന്നപ്പോഴാണ് മുത്തശ്ശി അതും പറഞ് അകത്തേക്കൊടിയത്….

തിരിച്ചു വരുമ്പോൾ കയ്യിലൊരു സിന്ദൂര ചെപ്പുണ്ടായിരുന്നു…

അത് തുറന്ന് മുത്തശ്ശി സായുവിന് നേരെ നീട്ടി….

അവനൊരു പതർച്ചയോടെ അവളെയും മുത്തശ്ശിയെയും മാറി മാറി നോക്കി…..

അവൾ തല താഴ്ത്തി നിന്നു…..

സിന്ദൂരം തൊടീക്കെടാ….
മുത്തശ്ശി പുഞ്ചിരിയോടെ അത് പറഞ്ഞതും അവൻ ആ ചെപ്പിലേക്ക് കൈകൾ നീട്ടി….

വിരലുകളിൽ സിന്ദൂരമെടുക്കുമ്പോൾ കൈകൾ വല്ലാതെ വിറച്ചിരുന്നു…..

അവൻ അവൾക്ക് നേരെ കയ്യുയർത്തിയതും പിടക്കുന്ന മിഴികളാൽ അവളവനെയൊന്ന് നോക്കി….

ആ ഒരു നിമിഷം അവൾ തന്റെ സ്വന്തമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു മനസ്സവനെ ശല്യപ്പെടുത്തി കൊണ്ടിരുന്നു….

അവൻ മനോധൈര്യം വീണ്ടെടുത് വിരലുകളാൽ അവളുടേ സീമന്ത രേഖയിൽ ചുവപ്പ് പടർത്തി….

ഭർത്താക്കന്മാരുടെ ആയുരാരോഗ്യ സൗഖ്യത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് ഭാര്യമാര് സിന്ദൂരം തൊടുന്നത്….

മുത്തശ്ശി അവളുടേ കവിളിൽ തലോടി യത് പറയുമ്പോൾ അവളൊന്ന് പുഞ്ചിരിച്ചു….

കാറിലേക്ക് കയറാൻ നേരം അവൾ കണ്ണാടിയിലൂടെ ഒന്ന് നോക്കി….

താൻ യഥാർത്ഥത്തിൽ ഒരു ഭാര്യയായത് പോലെ അവൾക്ക് തോന്നി…

അവളുടേ ഹൃദയം ശക്തിയായി മിടിച്ചു…..

വിരലുകളിൽ പറ്റിപ്പിടിച്ച ചുവപ്പ് പോകാത്തത് പോലെ തന്നെ ആ രംഗവും സായുവിന്റെ കണ്ണിൽ നിന്നും മാഞ്ഞിരുന്നില്ല….

അവളിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രമിക്കും തോറും വീണ്ടും വീണ്ടും ഹൃദയം അവളിലേക്ക് ചായുകയാണോ ഈശ്വരാ …

കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന അവളെ മനപ്പൂർവം അവൻ നോക്കിയില്ല….

ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ തന്ന് ഓരോ നിമിഷവും ജീവിക്കാൻ കൊതി തോന്നിപ്പിക്കുന്ന വിധിയോട് അവന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നന്നേരം…..

(തുടരും)
കാത്തിരിപ്പ് കഴിഞ്ഞു…..