17/04/2026

പാർവതി പരിണയം : ഭാഗം 15

രചന – മിത്ര നന്ദേട്ടാ

“… കുളത്തിന്റെ പടവുകളിൽ എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു അനന്തൻ.. ദൃഷ്ടി മറ്റെങ്ങോ ആണ്.. സീരിയസ് ആയിട്ടുള്ള എന്തോ കാര്യമാണെന്ന് പാറുവിന് മനസ്സിലായി.. “നന്ദേട്ടാ “.. അവനടുത്തേക്ക് ചെന്നിരുന്നു പതിയെ തോളിൽ തട്ടി.. ഒരു ഞെട്ടലോടെ അവൻ പാറുവിന്റെ നേർക്കു കണ്ണുകൾ നീട്ടി.. “എന്താ.. എന്താ മോളേ “… ഞെട്ടൽ മറച്ചു വെച്ചു മുഖത്ത് ഒരു ചിരി വരുത്തിയവൻ… “ഞാനെത്ര വട്ടം വിളിച്ചു.. നന്ദേട്ടൻ ഇതെന്തു ആലോചിച്ചു കൊണ്ടിരിക്കുവാ “… “അതോ.. അതൊന്നൂല്യ പാറൂട്ടിയെ “… പറഞ്ഞു കൊണ്ടു അവളുടെ തോളിൽ കൂടി കയ്യിട്ടു ചേർത്തു പിടിച്ചു.. ഒരു പൂച്ചകുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലവൾ പതുങ്ങിയിരുന്നു.. “നന്ദേട്ടൻ എന്നോടെന്തോ മറയ്ക്കുന്നുണ്ട് “… കണ്ണുകൾ വിടർത്തി തന്നെ നോക്കുന്നവളെ കണ്ടു, നെറ്റി ചുളിച്ചവൻ… “എന്തേ, ഞാൻ പറഞ്ഞത് ശരിയല്ലേ “… വീണ്ടും ചോദ്യമാവർത്തിച്ചവൾ.. “അതു.. അതു പിന്നേ “… പകുതിയിൽ മുറിഞ്ഞുപോയിരുന്നവന്റെ വാക്കുകൾ.. മുഖത്ത് ഒരു വേദന നിറഞ്ഞ ഭാവമായിരുന്നു…

“എന്റെ ഏട്ടൻ എന്നോട് ഒന്നും മറച്ചുവെക്കില്ല എന്നൊരഹങ്കാരം എനിക്കുണ്ടായിരുന്നു”… അനന്തൻ അലിവോടെയവളെ ഒന്നുനോക്കി.. “ഞാനറിയാത്ത പല കാര്യങ്ങളും അപ്പൊ ഏട്ടന്റെ ജീവിതത്തിൽ ഉണ്ടല്ലേ “… കണ്ണു നിറഞ്ഞിരുന്നു പെണ്ണിന്റെ.. അവന്റെ കൈകൾ വിടുവിച്ചു തിരിഞ്ഞിരുന്നവൾ.. “എടി മോളേ, അങ്ങനെ ഒന്നുമില്ലെടി “… കത്തുന്ന നോട്ടമായിരുന്നു മറുപടി… “ഒന്നൂല്യ അല്ലേ “… ഇല്ല എന്നർത്ഥത്തിൽ തലയാട്ടിയവൻ.. “എങ്കിൽ പിന്നെ ഇതെന്താണ് “… പുറകിൽ ഒളിപ്പിച്ചു വെച്ച ഡയറി അവന്റെ നേരെ നീട്ടിയവൾ അലറി… “അതു, അതു പിന്നെ “… വിറച്ച കൈകൾ കൊണ്ടവൻ ആ ഡയറി അവളിൽ നിന്നും വാങ്ങി.. നെഞ്ചോട് ചേർത്തു പിടിച്ചു.. അറിയാതെ തന്നെ രണ്ടു തുള്ളി കണ്ണീർ അതിൽ വീണുടഞ്ഞു.. തന്റെ എല്ലാമായ പ്രണയം, അതിന്റെയോർമ്മക്ക് ഇനി ഇത് മാത്രേയുള്ളൂ കൂട്ടിയിട്ട്… “ഇനി പറയ്.. ആരാ ഭാമ.. നന്ദേട്ടന്റെ ആരാ അവൾ “.. മറുപടി പറയാതെയവൻ കുനിഞ്ഞിരുന്നു.. കണ്ണുകൾ ഇറുക്കിയടച്ചിരുന്നു..

“എന്നോടൊന്നും ഒളിക്കേണ്ട.. “… മൂർച്ചയെറിയ വാക്കുകൾ.. ഒളിപ്പിച്ചു വെച്ചിട്ട് കാര്യമില്ല.. അല്ലെങ്കിൽ തന്നെ, പാറുവിനോട് പറയാതിരിക്കാൻ തനിക്കു ആവുമോ.. “മനസ്സിലൊരാളെ സൂക്ഷിക്കുന്നുണ്ടെന്നു പണ്ടെന്നോട് പറഞ്ഞിരുന്നു.. അതു ഈ ചേച്ചിയാണോ “…. “ഞാൻ പറയാം മോളേ.. “.. അനന്തനെ കേൾക്കാനായി പാറു ചെവിയോർത്തു.. അവന്റെ ഓർമ്മകൾ കോളേജ് കാലത്തിലേക്കു പോയി.. പിജി സെക്കന്റ് ഇയർ ചെയ്യുമ്പോളാണ് ഭാമയെ താൻ ആദ്യമായിട്ടു കാണുന്നത്… ഒരു പാവം പെൺകുട്ടി… ആദ്യാവർഷം ഡിഗ്രി വിദ്യാർത്ഥികളെ റാഗിങ്ങിനായിട്ട് വിളിച്ചപ്പോൾ വിറച്ചു കൊണ്ടാണ് തന്റെ അടിത്തേക്കവൾ വന്നത്.. പറഞ്ഞ ടാസ്‌ക്കുകൾ കരഞ്ഞു കൊണ്ട് ചെയ്യുന്നവളെ കണ്ടപ്പോൾ ശരിക്കും അലിവ് തോന്നിയിരുന്നു..പിന്നീട് പലവട്ടം കണ്ടു.. അറിയാതെ തന്നെ മനസ്സിൽ കൂടുകൂട്ടുകയായിരുന്നു ആ പെണ്ണ്… കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി, ഒരിക്കൽ ചെന്നിഷ്ടം പറഞ്ഞു.. കരഞ്ഞു കൊണ്ടവൾ ഓടിപ്പോയി.. പിന്നീടവളെ ശല്യപ്പെടുത്താനായിട്ട് പോയിട്ടില്ല.. എങ്കിലും അവളെറിയാതെ തന്നെ കാണുമായിരുന്നു താനെന്നും.. അവളുടെ വീട് കണ്ടുപിടിച്ചു, ഒരു സാധാരണ കുടുംബം .

അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളായിരുന്നു.. അവരുടെ രാജകുമാരി.. പ്രണയ വിവാഹമായിരുന്നത് കൊണ്ട് വലിയ ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല അവർക്കു.. കുറെ നാൾ കഴിഞ്ഞപ്പോൾ അവളായിട്ട് തന്നെ എന്റെയരുകിൽ വന്നു.. ഇഷ്ടാണെന്ന് പറഞ്ഞപ്പോൾ ഞാനനുഭവിച്ച സന്തോഷം.. ലോകം വെട്ടിപിടിച്ച പോലെയായിരുന്നു.. പിന്നീട് ഞങ്ങളുടെ പ്രണയകാലമായിരുന്നു.. ആത്മാവിലലിഞ്ഞ പ്രണയം പോലെ…. അവളില്ലാതെ ഞാനോ, ഞാനില്ലാതെ അവളോ, അങ്ങനെ ആലോചിക്കാൻ പോലുമാവില്ലായിരുന്നു ഞങ്ങൾക്ക്… കോളേജിൽ ആർക്കും അങ്ങനെ അറിയില്ലായിരുന്നു.. അവൾക്കൊരു ബുദ്ധിമുട്ടാകരുതെന്നോർത്തു ഞാൻ അതു പരസ്യമാക്കാനും പോയില്ല.. ഒരിക്കൽ ഞാനവളുടെ വീട്ടിൽ ചെന്നു.. എനിക്ക് ഭാമയോടുള്ള ഇഷ്ടം അവളുടെ അച്ഛനമ്മമാരെ അറിയിച്ചു.. എന്റെ ഭാഗ്യം കൊണ്ടോ, അല്ലെങ്കിൽ അവരുടെ വലിയ മനസ്സോ, എതിരായിട്ട് ഒന്നും പറഞ്ഞില്ല.. ഒന്ന് മാത്രം പറഞ്ഞു, ജോലി ചെയ്തു സ്വന്തം കാലിൽ നിന്നിട്ട്, മാന്യമായിട്ട് വീട്ടുകാരേം കൂട്ടീ വന്നു പെണ്ണ് ചോദിക്കാൻ.. അന്നും ഈ ഇഷ്ടം ഉണ്ടെങ്കിൽ നമ്മുക്ക് ആലോചിക്കാം ന്നു… അന്നൊരുപാട് ഞാൻ സന്തോഷിച്ച ദിവസമായിരുന്നു…

കുറെ നാളുകൾ കഴിഞ്ഞപ്പോൾ ഭാമ കോളേജിൽ വരാതെയായി.. അന്വേഷിച്ചപ്പോളറിഞ്ഞു, അവളുടെ അച്ഛനുമമ്മയും ഏതോ ആക്‌സിഡന്റിൽ മരിച്ചു പോയെന്നു.. തളർന്നുപോയ ഭാമയെ, ഏതോ അകന്ന ബന്ധത്തിലുള്ള അമ്മാവൻ ഏറ്റെടുത്തെന്നു…. അവളെ അന്വേഷിച്ചു കണ്ടുപിടിക്കാൻ തന്നെ തീരുമാനിച്ചു.. കുറെയലഞ്ഞു.. ഒടുവിൽ കണ്ടു കിട്ടി.. ബന്ധുക്കളുടെ വീട്ടിലെ പണിയെല്ലാം ചെയ്യുന്ന ഒരടുക്കളകാരിയുടെ വേഷത്തിൽ.. അതെന്റെ ഭാമയെ അല്ലാരുന്നു… അച്ഛന്റെയും അമ്മയുടെയും രാജകുമാരി ആയിരുന്നവൾ, മെലിഞ്ഞു എല്ലും തോലുമായി….. ഒരു വിങ്ങലോടെ അവൻ സംസാരം നിർത്തി.. “എന്നിട്ട് “…. നിറഞ്ഞകണ്ണുകളോടെ തന്നെ കേട്ടിരിക്കുന്ന പാറുവിനെ അവൻ ചേർത്തു പിടിച്ചു.. “എന്നിട്ടെന്താ.. കുറെ പറഞ്ഞു നോക്കി.. കാലു പിടിച്ചു ഞാൻ കരഞ്ഞതാ എന്റെ കൂടെ വരാൻ.. ഞാൻ പോന്നു പോലെ നോക്കിക്കോളാമെന്നു “.. നിറഞ്ഞു തൂവിയ കണ്ണുകൾ തുടക്കാൻ മറന്നു പാറു ഇരുന്നു…

“കൂടെ വരാൻ അവൾ തയ്യാറായില്ല.. എന്നെ അറിയത്തില്ലെന്നു അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു.. ഞാനറിയുന്ന എന്നെയറിയുന്ന ഭാമ അങ്ങനെയല്ലായിരുന്നു.. ഭാമയുടെ അമ്മാവനും വീട്ടുകാരും എന്നെ അവിടെ നിന്നും തല്ലി ഓടിച്ചു.. നിവർത്തിയില്ലാതെ അവിടെ നിന്നും ഞാൻ തിരിച്ചു പോന്നു.. എങ്കിലും കാത്തിരുന്നു, ഒരിക്കലെങ്കിലും അവളെന്റെ മനസ്സ് കാണുമെന്നു നിനച്ചു.. അതുണ്ടായില്ല..” “ഇപ്പോഴും ഉണ്ടോ നന്ദേട്ടാ ആ ചേച്ചി “… ഇല്ലെന്നുള്ള അർത്ഥത്തിൽ വേദനയോടെ അനന്തൻ തലയാട്ടി.. “പിന്നെ “.. ഒരു ഞെട്ടലോടെ പാറു ചോദിച്ചു.. “പോയി.. തിരിച്ചു വരാത്തൊരു ലോകത്തിലേക്കു “.. പാറുവിന്റെ കണ്ണുകൾ മിഴിഞ്ഞു.. എങ്ങാലോടെ അനന്തന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. “ആത്മഹത്യ ചെയ്തതാ അവള്.. ജീവിതം മടുത്തിട്ടാ പോയത്.. വയറ്റിൽ ഒരു കുഞ്ഞിനേയും കൊണ്ട് “.. “കുഞ്ഞോ “.. പാറു വിളറി വെളുത്തു.. “അടിമപ്പണി മാത്രല്ല, ആ വീട്ടിലെ അമ്മാവനു പായ വിരിച്ചു കൊടുക്കേണ്ടതും അവളായിരുന്നത്രെ..”… പാറുവിന് ഇനിയൊന്നും കേൾക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല.. ചെവി കൊട്ടിയടച്ചു പോയിരുന്നു.. “പിന്നീടാണ് ഞാൻ അറിഞ്ഞത്, അവൾക്കും എന്നോട് ഇഷ്ടായിരുന്നെന്നു..

ശരീരം പിച്ചിച്ചീന്തപ്പെട്ട അവള് എന്നെ ഒഴിവാക്കുകയായിരുന്നു.. ” “എന്നിട്ട്, ആ ദുഷ്ടനെ ആരും ഒന്നും ചെയ്തില്ലേ ഏട്ടാ “.. ദേഷ്യം കൊണ്ടു വിറച്ചവൾ.. അനന്തന്റെ കണ്ണിൽ പകയെരിഞ്ഞു… “കൊന്നു.. ഞാൻ കൊന്നയാളെ.. ഒരുപാട് പെൺകുട്ടികളുടെ കണ്ണീരിനു കാരണമായവനാ അയാൾ.. ജീവിച്ചിരിക്കാൻ യോഗ്യതയില്ലാത്ത കാമപിശാച്.. എന്റെ ഭാമയെ പലർക്കും വിറ്റ അയാളെ ഞാൻ പിന്നെ എന്ത് ചെയ്യണം മോളേ “… അനന്തൻ കരയുന്നത് അവൾ ആദ്യമായിട്ട് കാണുകയായിരുന്നു.. എന്ത് പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ അവൾ കുഴങ്ങി.. കുറെ നേരം മൗനമായി അവളിരുന്നു… “മോള് വീട്ടിലേക്കു പൊക്കോ.. ഞാൻ കുറച്ചു കഴിഞ്ഞു വന്നോളാം “… സമ്മതപൂർവ്വം അവൾ തലയാട്ടി.. പടവുകൾ കയറി മുകളിലേക്ക് ചെന്നപ്പോൾ കണ്ണു നിറച്ചു നിൽക്കുന്ന ഉണ്ണിയെ അവൾ കണ്ടു.. അവനെല്ലാം കേട്ടുവെന്നു ഇതിനോടകം അവൾക്കു മനസ്സിലായിരുന്നു… 💞💞💞💞 “ഉണ്ണിയേട്ടാ.. നമ്മളിപ്പോ എന്ത് ചെയ്യാനാ.. നന്ദേട്ടന്റെ കാര്യം ആലോചിക്കുമ്പോ “…. നേർത്ത ശബ്ദത്തിലുള്ള പാറുവിന്റെ വാക്കുകൾ.. ഉണ്ണിക്കും അറിയില്ലാരുന്നു എന്ത് വേണമെന്ന്.. “ഇത്രയും വേദന എന്റെ നന്ദേട്ടൻ ഒറ്റയ്ക്ക്… ഇത്രയും വർഷം “…. കരഞ്ഞു കരഞ്ഞു അവളുടെ എങ്ങലടികൾ ആ മുറിയിൽ തങ്ങി നിന്നു…

“എന്റെ പൊന്നുമോളെ, നീയിങ്ങനെ കരഞ്ഞു എന്തേലും അസുഖം ഉണ്ടാക്കി വെക്കല്ലേ.. എത്ര നേരമായിട്ടുള്ള കരച്ചിലാ.. രാവിലെ തൊട്ട് ഭക്ഷണം പോലും കഴിച്ചിട്ടില്ല “…. അവളെ ചേർത്തു പിടിച്ചുകൊണ്ടു ഉണ്ണി കട്ടിലിലേക്കിരുന്നു… അവളുടെ കണ്ണീർ തുടച്ചു കൊടുത്തു.. മുഖമെല്ലാം ചുവന്നു വീങ്ങിയിട്ടുണ്ട്.. നീരു വന്നതുപോലെ കൺപോളകൾ തടിച്ചു വീർത്തിട്ടുണ്ട്…. “കുഞ്ഞാ, എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.. ഇങ്ങനെ കരയാൻ ആണേൽ നീയിവിടെ ഒറ്റക്കിരുന്നോ “… എഴുന്നേൽക്കാൻ തുടങ്ങിയ ഉണ്ണിയെ അവൾ മുറുക്കെ പിടിച്ചു… “ഞാൻ എന്താ വേണ്ടെ, നീയത് പറയ് പാറൂ “… അവളവനെ വേദനയോടെ നോക്കി.. കണ്ണുകൾ കൈവെള്ളയാൽ ഇറുക്കെ തുടച്ചു.. “ഇനി ഞാൻ കരയില്ല ഏട്ടാ “… കരയാതെയിരിക്കാൻ പാടുപെടുന്നവളെ അവൻ അലിവോടെ നോക്കി… “കുഞ്ഞാ,”… “മ്മ് “… “മരിച്ചു പോയവർ തിരിച്ചു വരോ “… ഇല്ലെന്ന അർത്ഥത്തിൽ അവൾ തലയാട്ടി..

“ഇത്രയും വർഷങ്ങൾ ഇത് മനസ്സിലിട്ടു അനന്തേട്ടൻ ജീവിച്ചില്ലേ.. മ്മ് “… അതിനും അവൾ മറുപടിയായി തലയാട്ടി… “ഭാമയെ മറക്കാൻ പറ്റാത്തത്തിനാലാവണം ഇന്നും ഏട്ടൻ ഒരു കല്യാണത്തെ കുറിച്ചു ചിന്തിക്കാത്തത്.. ഒരു പക്ഷെ രേവതി ടീച്ചറിനെ അകത്തി നിർത്തിയതിനും ഇതായിരിക്കും കാരണം “… “അപ്പൊ, നന്ദേട്ടൻ ജീവിതകാലം മൊത്തം ഇങ്ങനെ നീറി നീറി കഴിഞ്ഞോട്ടെ എന്നാണോ ഉണ്ണിയേട്ടാ “.. “അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ മോളേ, നമ്മുക്ക് നോക്കാടി.. ഇനി ഇതോർത്തു എന്റെ മോള് വിഷമിക്കേണ്ട.. “.. “മ്മ് “… “എന്ത് മ്മ് “.. “കരയുല്ലെന്നു “… “നല്ലൂട്ടി “.. പറഞ്ഞു കൊണ്ടവളുടെ നെറുകയിൽ മുകർന്നവൻ.. മനസ്സിൽ ഒരായിരം ചിന്തകളായിരുന്നു അവനു, തന്റെ ഏട്ടന്റെ ജീവിതത്തെക്കുറിച്ചു… ഒടുവിൽ എന്തോ തേടി കണ്ടെത്തിയപോലെ അവന്റെ ചുണ്ടിലൊരു കുഞ്ഞി ചിരി വിടർന്നു.. (തുടരും)