രചന – ജ്വാലാമുഖി
“സ്റ്റോപ്പ്.. സ്റ്റോപ്പ്… ” “ഹോ.. ഇപ്പൊ എന്നെ കൂടെ തട്ടി ഇട്ടേനെലോ… ഇങ്ങനാണോ ഒരു വണ്ടി വരുമ്പോൾ കൈ കാട്ടുന്നെ… ” “ഓഹ് സോറി ചേട്ടാ… ഞാൻ ഹോസ്റ്റലിൽ നിന്നും വരുന്ന വഴിയാ… ട്രെയിൻ കുറച്ചു അധികം ലേറ്റ് ആയി.. ചേട്ടൻ ചന്ദനപ്പാടം കൂടി ആണേൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ… പ്ലീസ്… ” “ഞാൻ ആ വഴിക്കല്ല… ” “പ്ലീസ് ചേട്ടാ… സമയം പത്തു കഴിഞ്ഞു… എനിക്കാണേൽ പേടി ആയിട്ട് വയ്യ… ഇപ്പൊ ഈ വഴിക്കണേൽ ബസും ഇല്ല… ” “നീ ഇവിടെ വരെ എങ്ങിനെ എത്തി… ” “റെയിൽവേ സ്റ്റേഷനിന്നു ഒരു ചേച്ചി ടെ കൂടെ ഇവിടം വരെ വന്നു… ആ ചേച്ചി ടെ വീട് ഇവിടെ അടുത്തോ മറ്റോ ആണ്… ഇവിടന്ന് ഔട്ടോ കിട്ടും എന്ന് പറഞ്ഞു പക്ഷെ.. ഇതുവരെ ഒരു ഓട്ടോ പോലും വന്നില്ല… ” എന്തു ചെയ്യണം എന്നറിയാതെ ഞാൻ .. വാച്ചിലേക്ക് നോക്കി…
സമയം പത്തര ആയി… “എങ്കിൽ കേറു… ചന്ദന പടത്തിന്റെ അക്കരെ വരെയേ ഉള്ളു ഞാൻ… ” “മതി.. അവിടന്ന് ഞാൻ ഒറ്റക്ക് പൊക്കോളാം എന്റെ നാടല്ലേ..അവിടെ എനിക്ക് പേടിയില്ല… ” “എന്താ തന്റെ പേര്….? ” കണ്ണാടിയിലൂടെ അവളെ നോക്കി ഞാൻ അതു ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ടു അവൾ എന്റെ തോളിൽ കൈ വച്ചു പുറകിലേക്ക് കയറി തുടങ്ങിയിരുന്നു… “പേര് മയൂരി… ചന്ദനപ്പാടം അമ്പലത്തിന്റെ പൊക്കത്താ വീട്… ” “ഉം… ” ഇളം നീല നിറത്തിലുള്ള ജീൻസും അതിനു മേലെ നല്ല മുന്തിരി കളർ ടോപ്… മോഡേൺ ആയൊരു പെൺകുട്ടി… വെളുത്തു മെലിഞ്ഞ ശരീരം… ആരെയും മയക്കുന്ന കരിനീല മിഴികൾ…. ഇത്രയും സുന്ദരി ആയൊരു പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു പോകാൻ എനിക്ക് മനസ്സ് വന്നില്ല… ബുള്ളറ്റ് ന്റെ പിറകിൽ അവളെ ഇരുത്തി പോകുമ്പോൾ…എന്തു ധൈര്യത്തിൽ ആണിവൾ ആണൊരുത്തന്റെ ബൈക്ക് നു കൈ കാട്ടി എന്റെ പിറകിൽ ഇരുന്നു പോകുന്നത് എന്ന് ഞാൻ ആശ്ചര്യപ്പെട്ടു…
“ചേട്ടന്റെ പേരെന്താ… ” എന്റെ ആലോചനങ്ങൾക്കു ബംഗം വരുത്തിക്കൊണ്ട് അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങി.. “ഹരി… ” “ജോലിക്ക് പോയിട്ട് വരുവാണോ… ” “അല്ല… ” “പിന്നെ…?? ” “എന്റെ അമ്മായിടെ വീട് ഇവിടെ അടുത്ത് തന്നെയാ… അങ്ങോട്ട് പോകുന്ന വഴിയാ… ” “ആഹാ… എവിടെ ആണ് വീട്.. ” “മുല്ലശ്ശേരി എന്നാ വീട്ടുപേര്… ഗൗണ്ടിന്റെ അപ്പുറത്തു ഉള്ള വഴി ആണ്..” അവളുടെ മറുപടി ഒന്നും പിന്നെ കേട്ടില്ല… കുറച്ചു നേരം ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല… പാടത്തിന്റെ അക്കരെ എത്തിയതും ബുള്ളറ്റ് നിർത്തി ഞാൻ അവളെ ഇറക്കി… “ഒരുപാട് നന്ദി ചേട്ടാ… ” “അപ്പൊ ഓക്കേ മയൂരി.. ബൈ.. ” “ബൈ ഒന്നും പറയണ്ട.. ഇവിടെ തന്നെ കാണില്ലേ.. അപ്പൊ ചിലപ്പോൾ ഹരിയേട്ടൻ പോകുന്നതിനു മുൻപ് നമ്മൾ ഇനിയും കാണും… ” “ഹഹഹ.. ആയിക്കോട്ടെ.. ” വണ്ടി എടുത്തു പോകുമ്പോളും അവളുടെ ഹരിയേട്ടാ എന്നുള്ള വിളി എന്റെ മനസ്സിൽ മുഴങ്ങി കേട്ടു… ****** “മച്ചൂ… നീ എന്താ ഇത്ര താമസിച്ചത്… ”
“ഹോ.. ഞാൻ പറന്നൊന്നും അല്ലല്ലോടാ പൊടിക്കുപ്പി വന്നേ… ബുള്ളറ്റ് ഓടിച്ചു ഇവിടെ വരെ എത്തണ്ടേ… ” “ദേ പൊടിക്കുപ്പി നിന്റെ… ” “രണ്ടും കൂടെ അവിടെ കിടന്നു തല്ലുപിടിക്കാതെ… മോൻ ഇങ് കേറി വരൂ… ” “ഇവന് ഒരു മാറ്റോം ഇല്ലാലോ അമ്മായി… ” “പഠിപ്പൊക്കെ കഴിഞ്ഞു പണിക്കൊന്നും പോകാതെ എന്നെ ഭരിച്ചു കഴിയല്ലേ അവൻ… ” “ഹോ നിന്റെ ഒക്കെ ഒരു ഭാഗ്യം മച്ചൂ… ” “ടാ.. നിനക്ക് ജോലി ആയി എന്ന് വച്ചു എന്നെ കൂടുതൽ ആക്കല്ലേ… ” “ഞാൻ ചുമ്മാ പറഞ്ഞതാ ചങ്കെ… ” ഇത് അമ്മായിടെ തലതെറിച്ച മകൻ… എന്റെ കട്ട ചങ്ക് കണ്ണൻ.. ഇനി ഒരുത്തി കൂടെ ഉണ്ട്… അവൾ ഉറങ്ങി എന്ന് തോന്നുന്നു… “ഹരിയേട്ടാ…. ” “ആഹാ ഞാൻ കരുതി നീ ഉറങ്ങി കാണും എന്ന്… ” “ഇത്ര നേരത്തെയോ… എനിക്ക് എന്താ കൊണ്ടു വന്നേ… ഇങ്ങോട്ട് വന്നിട്ട് വർഷം മൂന്ന് കഴിഞ്ഞു… ഓർമയുണ്ടോ… ” “ലീവ് കിട്ടണ്ടേ മോളെ… ” അപ്പോളേക്കും അവൾ എന്റെ ബാഗും കൊണ്ടു മുറിയിലേക്കു ഓടി… പണ്ട് ഈ വീടിന്റെ അകത്തളങ്ങളിൽ ഒളിച്ചു പ്രാന്തി കളിച്ചു നടന്ന കാലം എന്റെ ഓർമ്മകളിലേക്ക് തികട്ടി വന്നു…
“നീ പോയി കുളിക്കു ഹരി… ഞാൻ അപ്പോളേക്കും കഴിക്കാൻ എടുക്കാം… ഇവിടെ ഒക്കേത്തിനും വയറു പീപ്പി വിളിച്ചു തുടങ്ങികാണും… ” ഞാൻ നേരെ കുളിമുറിയിലേക്ക് നടന്നു… ഒരു മാറ്റവും ഇല്ലാത്ത വീട്… അന്നും ഇന്നും ഒരുപോലെ.. എ സി യില്ലേലും അതിലും തണുപ്പുള്ള അകത്തളങ്ങൾ… പല്ലു കോച്ചുന്ന തണുപ്പ്… ചെമ്പു കലത്തിൽ നിന്നും ഒരു മൊന്ത വെള്ളം എടുത്തു മേലേക്ക് ഒഴിച്ചതും എന്റെ താടി വരെ കിടുകിടുത്തു… ഒരു വിധം കുളിച്ചെന്ന് വരുത്തി ഞാൻ ഇറങ്ങി.. ഭക്ഷണം ഒക്കെ കഴിച്ചു.. മച്ചിന്റെ മുകളിലെ എന്റെ സ്ഥിരം മുറിയിലേക്കു നടക്കുമ്പോൾ ഒരുപാട് ഓർമ്മകൾ എനിക്ക് ചുറ്റും പാറി നടന്നു… ***** ക്ഷീണം കൊണ്ടു നേരം വെളുത്തത് പോലും അറിയാതെ ഉള്ള ഉറക്കം ആയിരുന്നു… കണ്ണുതുറന്നു നോക്കുമ്പോൾ സമയം എട്ടുമണി കഴിഞ്ഞു… ജനൽ തുറന്നിട്ട് ഞാൻ പുറത്തേക്കു നോക്കി നിന്നു… ഇല്ലത്തെ പറമ്പും പാലയും ഇവിടെ നിന്നാൽ കാണാം… പണ്ടൊക്കെ നിൽക്കാൻ വരുമ്പോൾ ഇല്ലത്തെ പറമ്പിൽ പോയി ഒരുപാട് ഞാവൽ പഴങ്ങൾ പെറുക്കി കഴിച്ചിട്ടുണ്ട്… ഇപ്പൊ ആ മനയിൽ ആൾതാമസം ഉള്ളതായി തോന്നുന്നില്ല…
നല്ല പാല പൂത്ത മണം മൂക്കിലേക്ക് ഒഴുകിയിറങ്ങി… ഞാൻ വേഗം ഒരു കാവി മുണ്ടെടുത്തു ഉടുത്തു… താഴേക്കു ഇറങ്ങി… അടുക്കളക്കോലായിൽ കെട്ടി ഇട്ടിരിക്കുന്ന ചൂരൽ കുട്ടയിൽ നിന്നും ഉമിക്കരി എടുത്തു പല്ലുതേക്കാൻ കിണറ്റിൻ കരയിലേക്കു നടന്നു.. “ആഹാ… ഹരിയേട്ടൻ ഇപ്പോളും ഉമിക്കരി ആണോ തേക്കണെ.. ” “ഏയ്… ഇവിടെ അല്ലെ ഇതൊക്കെ കിട്ടുള്ളു.. അവിടെ അമ്മയും അച്ഛനും ഒക്കെ പൽപ്പൊടി ആണ് ഞാൻ പേസ്റ്റും… ” “ഉം.. വേഗം തേച്ചിട്ടു വാ… അമ്മ ദോശ എടുത്തു… പിന്നെ കഴിഞ്ഞ തവണ നമ്മൾ കിണറ്റിൽ ഇട്ട വാക ഇല്ലേ അതു ചത്തു… ” “ഉം… നമ്മുടെ മനക്കൽ ഇപ്പൊ ആരും ഇല്ലേ പാറു… ” “ഇല്ല… തമ്പുരാനും തമ്പുരാട്ടിയും മരിച്ചു… പിന്നെ ആരും അങ്ങോട്ട് പോകാറില്ല… ” “അവിടെ ഇക്കുറി പാല പൂത്തിട്ടുണ്ട് എന്ന് തോന്നുന്നു…
എന്തു മണം ആണ്… ” “ഉം.. അങ്ങോട്ട് പോകണ്ട കേട്ടോ.. അമ്മ അറിഞ്ഞാൽ വഴക്കു പറയും… ” “പാറു… ഹരിയേ കൂട്ടി കഴിക്കാൻ വരാൻ പറഞ്ഞിട്ട് നീ ഇവിടെ സംസാരിച്ചു നിൽക്കുവാനോ… ” “ധാ വരണൂ അമ്മായി… ” അമ്മായിടെ കൈക്ക് നല്ല കൈപ്പുണ്യം ആണ് എന്തു ഉണ്ടാക്കിയാലും കൊതി മാറില്ല… നീളത്തിൽ ഒരു ഏമ്പക്കം ഇട്ടു ഞാൻ മുറ്റത്തേക്കു ഇറങ്ങി… മനയ്ക്കലെ പറമ്പിന്റെ ഇതക്കൽ നിന്നു ഞാൻ അങ്ങോട്ട് ഏന്തി വലിഞ്ഞു നോക്കി… എന്റെ കാലുകൾ ഞാൻ പോലും അറിയാതെ അങ്ങോട്ട് ചലിക്കാൻ തുടങ്ങി… ചുറ്റും പാലപ്പൂവിന്റെ മണം പരന്നു… കാടു പിടിച്ചു കിടക്കുന്ന ആ ഒറ്റപെട്ട പറമ്പിന്റെ മൂലയിലെ ഏഴിലം പാലയുടെ ചുവട്ടിൽ ഞാൻ ഇരുന്നു… പാലപ്പൂക്കൾ എനിക്ക് മേലെ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു… പെട്ടന്ന് വന്നൊരു കാറ്റു കാവിലെ കൽവിളക്കിന്റെ തറയുടെ അടുത്ത് വട്ടമിട്ടു… ആ തറക്കു താഴെ ഒരു സുന്ദരിയായ പെൺകുട്ടിയുടെ മുഖം മിന്നി മാഞ്ഞു…. “മയൂരി… ” ഇന്നലെ രാത്രി കണ്ടു മുട്ടിയ ആ കരിനീല മിഴികൾ…. അതെന്നിൽ അത്ഭുതം നിറച്ചു… അപ്പോളും പാലപ്പൂക്കൾ എനിക്ക് മേലെ പൊഴിഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു….. തുടരും….

by