19/04/2026

സത്യഭാമ : ഭാഗം 33

രചന – അയിഷ അക്ബർ

ദിവസങ്ങൾ നീങ്ങുന്നത് വളരേ വേഗത്തിലായി സത്യക്ക് തോന്നി…

വിവാഹത്തിനുള്ള ദിവസങ്ങൾ അടുത് വന്നു…

ഋഷിയെ കണ്ടില്ലെന്ന് നടിക്കുന്ന ഓരോ നിമിഷവും അവനെക്കാളേറെ മുറിയുന്നത് അവളിലാണെന്ന് അവൾക്കറിയുന്നുണ്ടായിരുന്നു…..

അവളെ ഉറ്റ് നോക്കി നിൽക്കുന്ന ആ കണ്ണുകളിൽ കാണുന്ന മിഴിനീറിന്റെ തിളക്കം അവളെ അത്ര മേൽ വേദനിപ്പിക്കുന്നുണ്ടായിരുന്നു……

സത്യാ….

അവനെ കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തിൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിറകിൽ നിന്ന് അവൻ വിളിച്ചു….

അവൾ തിരിഞ്ഞു നോക്കിയില്ലെങ്കിലും നിശ്ചലമായി…

അവൻ അവൾക്ക് മുമ്പിലായി കയറി നിന്നു….

ഞാൻ ഇവിടെ നിന്ന് പോകുന്നതാണ് നിനക്ക് ഇഷ്ടമെങ്കിൽ തീർച്ചയായും ഞാനിവിടെ നിന്ന് പൊയ്ക്കോളാം…..

പറയുമ്പോൾ അവന്റെ വാക്കുകളിൽ രക്തം കലർന്നത് പോലെയാവൾക്ക് തോന്നിയെങ്കിലും മുഖത്തെ ഗൗരവത്തെ അവൾ പിടി വിട്ടില്ല…..

നിന്റെ വിവാഹം കണ്ടതിനു ശേഷം മാത്രമേ ഞാൻ പോകുകയുള്ളു….
എന്തെന്ന് വെച്ചാൽ നീ മറ്റൊരാളുടേതായി എന്ന് എന്നെ സ്വയം പറഞ്ഞ് വിശ്വസിപ്പിക്കാനാണത്…

പക്ഷെ…. അതിനു മുൻപ് എനിക്കറിയണം ഇത്ര പെട്ടെന്ന് നീയെന്നെ വെറുക്കാനുള്ള ആ കാര്യത്തെ……

അതുമല്ലെങ്കിൽ എന്നിൽ നിന്നകന്നു പോകാൻ നിനക്കുള്ള കാരണത്തെ…

അവനത് ചോദിച്ചു കൊണ്ട് അവളുടെ മുമ്പിൽ നില്കുമ്പോൾ ആ മിഴികൾ നിറയുന്നത് കണ്ടിരുന്നെങ്കിലും അവളൊന്നും മറുപടി പറയാതെ നടന്നകന്നു….

ഋഷിയുടെ മനസ്സാകെ ശൂന്യമായിരുന്നു…..

മുറിയിലെത്തിയതും ഭാമ തലയിണയെ ചേർത്ത് പിടിച് വിതുമ്പി…..

അവന്റെ ദുഃഖം കണ്ടില്ലെന്ന് നടിക്കാൻ തനിക്കുണ്ടായ കാരണത്തെ അവൾക് വേദനയോടെ മാത്രമേ ഓർക്കാൻ കഴിഞ്ഞിരുന്നുള്ളു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേ ഭാമേ….. നീ പറഞ്ഞത് പോലെ നീയെങ്ങോട്ടെങ്കിലും ഓടി പൊയ്ക്കോളൂ…..
മഹേഷിനെ പോലൊരുത്തനു നിന്നെ കൊടുക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല…..

ഭാമയോട് ശാരത്താമ്മായത് പറഞ്ഞ് നിർത്തുമ്പോൾ ആ മിഴികളിലെ സാഗരം അവൾ കാണുന്നുണ്ടായിരുന്നു….

അവൾ പതിയെയൊന്നു പുഞ്ചിരിച്ചു….

ഇപ്പൊ ഞാൻ ഒളിച്ചോടാൻ ശ്രമിക്കുന്നത് മഹേഷിൽ നിന്നല്ല മുത്തശ്ശി….. ഋഷിയിൽ നിന്നാണ്…

അവനിൽ കുരുങ്ങിക്കിടക്കുന്ന എന്നെയാണ് ഞാനേറ്റവും ഭയക്കുന്നത്…..

അതിനിടയിൽ ഞാൻ മഹേഷിന്റെ കാര്യം ഓർക്കുന്നത് പോലുമില്ല…

അവൾ ദൂരേക്ക് നോക്കിയത് പറയുമ്പോഴും മുഖം നിർവികാരമായിരുന്നു….

ഞാനീ വീടിനാരുമല്ല….
അച്ഛന്റെ കയ്യകലത്തിൽ എത്തിയിട്ടും തിരിച്ചറിയാൻ തനിക്കായിട്ടില്ല….

ഞാൻ മകളാണെന്നത് അവർക്കറിയാമെന്ന് മുത്തശ്ശി പറയുമ്പോഴും എന്നിൽ നിറയുന്നത് ദുഖമാണ്….

കാരണം ഞാൻ അവിടെ നിന്ന അത്രയും ദിവസം അവരെനിക്ക് തന്നത് സംരക്ഷണം മാത്രമായിരുന്നു..

ഒരു മകളുടെ ചേർത്ത് നിർത്തലോ മകളോടുള്ള വാത്സല്യമോ ആ കണ്ണുകളിൽ ഞാൻ കണ്ടിട്ടില്ല….

അത് കൊണ്ട തന്നെ സത്യ ഈ ഭൂമിയിൽ തനിച്ചാണ് മുത്തശ്ശി….. ആരോരുമില്ലാത്തവൾ…..

അത്രയും പറഞ്ഞ് ഉയർന്നു വന്ന തേങ്ങലിനെ പിടിച്ചു നിർത്തിയവൾ മുറിയിലേക്ക് നടന്നു…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹അമ്മേ…..സത്യ എന്നിൽ നിന്നോത്തിരി ദൂരെയാണ്…നാളെ കഴിഞ്ഞാൽ അവളുടെ വിവാഹമാണ്…..
അത് കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് തിരിച്ചു വരും….

ഋഷി ഫോണിലൂടെ അത് പറയുമ്പോൾ അവന്റെ വാക്കിലെ വേദന മഠത്തിൽ തറവാട്ടിലും എത്തിയിരുന്നു..

യാശോധയുടെ കണ്ണുകൾ അവനായി നിറഞ്ഞു….

നീയവളെ പറഞ്ഞ് മനസ്സിലാക് ഋഷി….
നിന്നെ കണ്ടില്ലെന്ന് നടിക്കാൻ അവൾക്ക് വ്യക്തമായ എന്തെങ്കിലും കാരണമുണ്ടാവുമെന്നത് തീർച്ചയാണ്….

യാശോദായത് പറയുമ്പോഴും എതിർവശത്തു അവളുടെ വിവാഹത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന പന്തലിലായിരുന്നു ഋഷിയുടെ കണ്ണുകളത്രയും….

അവൾ പറയാൻ കൂട്ടാക്കാത്തിടത്തോളം ഞാനെന്താണ് അമ്മേ ചെയ്യുക….

മാത്രമല്ല…. അവളെയിപ്പോ എനിക്ക് കാണാൻ പോലും കിട്ടുന്നില്ല…. അത്രയേറെ അവളെന്നിൽ നിന്ന് അകന്നാണ് നിൽക്കുന്നത്.
..

അവനത് പറയുമ്പോൾ ആ മനസ്സ് യാശോധക്ക് അറിയുന്നുണ്ടായിരുന്നു….

അവർ എന്തോ മനസലുറപ്പിച്ചെന്ന പോൽ ഫോൺ കട്ട്‌ ചെയ്തു….

വിശ്വേട്ടാ….

യാശോധയുടെ വിളിയിൽ വിശ്വൻ തിരിഞ്ഞു നോക്കി…

നമുക്ക് സത്യയുടെ നാട് വരെ പോകണം….
നാളെ കഴിഞ്ഞാൽ അവളുടെ വിവാഹമാണ്….

അതിനു മുൻപ് തന്നെ അവളുടെ മനസ്സിലുള്ളതെന്തെന്ന് എനിക്ക് ചോദിച്ച് മനസ്സിലാക്കണം….. എന്നോടൊരിക്കലും അവൾക്ക് കള്ളം പറയാൻ കഴിയില്ലെന്നെനിക്ക് നന്നായറിയാം…….

അവളത് പറയുമ്പോൾ വിശ്വൻ തിരിച്ചൊന്നും പറഞ്ഞില്ല….

അവളുടെ ആവശ്യത്തിനു സമ്മതമെന്നൊണമാവാം അയാൾ മൗനമായി അവിടെ നിന്നും നടന്നകന്നത്…..

ഓഹ്…. അപ്പൊ അവൾ ചത്തിട്ടില്ല അല്ലേ….

പിറകിൽ നിന്നുള്ള ശബ്ദത്തിലേക്ക് യാശോദ തിരിഞ്ഞു നോക്കി…..

ചിരിച്ചു കൊണ്ട് നിൽക്കുന്ന രാജേഷ്വരിയെ കണ്ടതും യാശോദയിൽ ദേഷ്യം നിറഞ്ഞു…..

ഹാ…. നിൽക്ക് ഏട്ടത്തി

അവരൊന്നും മിണ്ടാത്തെ നടന്നു തുടങ്ങിയപ്പോഴാണ് വീണ്ടും രാജേഷ്വരി അവരെ തടഞ്ഞത്…..

നിനക്ക് എങ്ങനെയാണ് രാജീ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്…..
അവളില്ലാതെ ഋഷി എത്ര സങ്കടപ്പെടുമെന്ന് നീയും കണ്ടതല്ലേ…..
അതോർത്തെങ്കിലും അവരുടെ പ്രണയം നിനക്ക് അംഗീകരിച്ചു കൂടെ….

യാശോദ അത് പറയുമ്പോൾ രാജേഷ്വരി പുച്ഛത്തോടെ ഒന്ന് ചിരിച്ചു…

പ്രണയമോ….. നീയെന്ന വഞ്ചകിക്ക് അതിന്റെ അർത്ഥം അറിയുമോ…

യാശോധയുടെ നേർക്കത് പറയുമ്പോൾ അവളുടെ വാക്കുകളിൽ മറ്റെന്തൊക്കെയോ വേദന ഒളിപ്പിച്ചിരുന്നു….

അവൾ ചത്തു പോകാത്തത് കൊണ്ടാണ് ഋഷിയിപ്പോഴും അവളെ ഓർത്തു കൊണ്ടിരിക്കുന്നത്….
അവൾ ചത്തു പോയിരുന്നെങ്കിൽ അവൻ അവളെ മറക്കുമായിരുന്നു…..

എന്നിട്ട് നീ മഹാദേവനെ മറന്നോ..
..
രാജേഷ്വരി പറഞ്ഞു മുഴുവനാക്കും മുന്പേ യാശോദ അത് ചോദിച്ചതും പെട്ടെന്ന് രാജേഷ്വരിയുടെ ശ്വാസമുയർന്നു പൊങ്ങി….

മഹാ ദേവനെന്ന വാക്ക് ഒത്തിരി നാളുകൾക്ക് ശേഷം കേൾക്കുമ്പോൾ ഹൃദയം ആ പുഞ്ചിരിയെ വീണ്ടും വീണ്ടും ഓർമിപ്പിക്കും പോൽ…..

അവർക്ക് തിരിച്ചൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല…

രാജി….. ആത്മാർത്ഥമായ പ്രണയങ്ങൾ മരണത്തോടെ മണ്ണിൽ ചേരില്ല…. അത് ജീവിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളിലങ്ങനെ നീറി കൊണ്ടിരിക്കും…..

രാജിയുടെ തോളിൽ കൈ വെച്ച് യാശോദായത് പറഞ്ഞതും രാജേഷ്വരിയുടെ നിറഞ്ഞ മിഴികളിൽ മുഴുവൻ പകയായി തോന്നി…..

എന്റെ ജീവിതം നശിപ്പിച്ച നിന്റെ മകന്റെ പ്രണയത്തിനു കൂട്ട് നിൽക്കാൻ എന്നോട് ആവശ്യപ്പെടുന്ന നീ വല്ലാത്ത സ്വാർത്ഥ തന്നെയാണ്…..

എങ്കി നീ ഒന്ന് കൂടി കേട്ടോളു……

അവളില്ലെ….. ആ സത്യ ഭാമ….. അവളെ കൊല്ലാൻ ആളെ വിട്ടത് ഈ ഞാനാണ്….
അവളുടെ ആയുസിന്റെ ബലം ഒന്ന് കൊണ്ട് മാത്രമാണ് അവളന്ന് രക്ഷപ്പെട്ടത്……

അവരത് പറയുമ്പോൾ മുഖം വലിഞ്ഞു മുറുകിയിരുന്നു….

മനസ്സിലെ മുറിവുകൾ അവളെ അവളല്ലാതാക്കിയിരിക്കുന്നുവെന്ന് യാശോധക്ക് അറിയാമായിരുന്നു….

എത്രയൊക്കെ ദേഷ്യമെന്ന് പറഞ്ഞാലും ഒരു ജീവനെടുക്കാൻ നിനക്കെന്ത് അർഹതയാനുള്ളത്….. ഒരു പാവം പെൺകുട്ടിയെ കൊല്ലാൻ നോക്കിയ നിന്റെ ഹൃദയം ഇത്രത്തോളം അധഃപതിച്ചിരിക്കുന്നുവോ രാജീ….

യാശോദയത് പറയുമ്പോൾ രാജിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി….

വർഷങ്ങൾക്ക് മുന്പേ എന്റെ….. എന്റെ കുഞ്ഞിനെ കൊല്ലാൻ കൂട്ട് നിന്ന നീയാണോ ഇത് പറയുന്നത്……

അവരുടെ ശബ്ദം അങ്ങേയറ്റം ലോലമായിരുന്നു…
കണ്ണുകൾ നിറഞ്ഞൊഴുകി….
ചുണ്ടുകൾ പിളർന്നു ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങി കരയുന്നവളെ നോക്കി യാശോധയുടെ ഹൃദയം നീറി…..

യാശോദ രാജിയുടെ തോളിൽ കൈ വെച്ചു….

ഞാനൊന്നും ചെയ്തില്ല രാജീ ….. നിസ്സഹായതയാണ് എന്നെ കൈ വെടിഞ്ഞത്….
അറിയാതെ പറ്റിയതാണെങ്കിലും അതാലോചിച്ചു നിന്നെക്കാൾ മുറിപ്പെടുന്നവളാണ് ഞാൻ….

എന്റെ ഒരുപാട് വർഷങ്ങൾ ഇരുട്ട് മുറിയിൽ നീങ്ങിയപ്പോഴും അതെനിക്ക് സ്വയമുള്ള ശിക്ഷയായായിരുന്നു ഞാൻ കണക്കാക്കിയിരുന്നത്…..

രണ്ട് പേരും പൊട്ടി കരയുകയായിരുന്നു…..

അപ്പോഴും നീ മുല കൊടുത്ത് വളർത്തിയതല്ലേ ഋഷിയെ….
അവൻ നിന്റെ മോനായല്ലേ വളർന്നത്….

അവന്റെ സന്തോഷത്തിനു നീയെന്തിനാണ് തടസം നിൽക്കുന്നത്….
അതും അവന്റെ പ്രാണനിൽ അലിഞ്ഞു ചേർന്ന അവളെ ഇല്ലാതാക്കി…..

യാശോധയത് പറയുമ്പോൾ കണ്ണുനീരിന്നാൽ കുതിർന്ന കണ്ണുകളുമായി രാജേഷ്വരി അവിടെ നിന്നും എഴുന്നേറ്റ് പ്പോയി……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാജി…. ഞങ്ങൾ സത്യയുടെ നാട്ടിലേക്കാണ്…. ഋഷിയെ തേടി…..

വിശ്വന്നത് പറയുമ്പോൾ രാജേഷ്വറിയിൽ പ്രത്യേക ഭാവ മാറ്റങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല…..

യാശോധയോട് മനസ്സ് തുറന്ന് സംസാരിച്ചതിനാലാവാം അവർക്ക് മനസ്സിന് ചെറിയൊരു ആശ്വാസം തോന്നിയിരുന്നു….

അവരുടെ മനസ്സ് ശൂന്യമായിരുന്നു……

ഞങ്ങളുടെ കൂടെ നീയും വരണം…..

ഞാനില്ല ഏട്ടാ….
വിശ്വന്നത് പറഞ്ഞതും അവരതിനെ എതിർത്തു….

നീ വരുമോയെന്നല്ല ഞാൻ ചോദിച്ചത്…

വിശ്വൻ അല്പം ഗൗരവത്തോടെയത് പറയുമ്പോൾ രാജി വിശ്വനെയും യാശോധയെയും നോക്കി…

യാശോധയും എന്തിനെന്ന മട്ടിൽ വിശ്വനെ നോക്കി നിൽക്കുകയായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കല്യാണ പെണ്ണ് ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു…..

കണ്ണാടിയിൽ സ്വയം കാണുമ്പോൾ സത്യക്ക് ഹൃദയത്തിൽ വല്ലാത്ത വേദന തോന്നി….

ഒരിക്കൽ ഇത് പോലൊരു വേഷം കെട്ടലിനൊരുങ്ങിയപ്പോൾ മനസ്സ് അത്ര മേൽ ആനന്ദത്തിലായിരുന്നു….

എന്നാലിന്ന്……

ഓർക്കും തോറും അവൾക്ക് ഹൃദയത്തിൽ വല്ലാത്തൊരു ഭാരം തോന്നി….

(തുടരും )