16/04/2026

വേഴാമ്പൽ-ഭാഗം-25

രചന – അനീഷ ആകാശ്

ദേവന്റെ അടുത്തേക്ക് അവൾ ചെന്നു….. അവന്റെ കണ്ണുകളിൽ കണ്ട തിളക്കം ഭദ്രയുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു… ദേവന്റെ അടുത്തേക്ക് നീങ്ങും തോറും തന്റെ ഹൃദയമിടിപ്പ് കൂടി വരുന്നത് അവൾ അറിഞ്ഞു …. ഭദ്രയുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നപ്പോൾ ദേവനും സ്വയം മറന്നു….. “അതേ ഈ സാരിയൊക്കെ വാങ്ങി തരുമ്പോൾ അത് ഉടുക്കാനും കൂടി പഠിപ്പിക്കണം….. ” തന്നെ തന്നെ നോക്കി നിന്ന ദേവന്റെ അടുത്തേക്ക് നിന്നുകൊണ്ട് ഭദ്ര പറഞ്ഞു ഭദ്രയുടെ വാക്കുകൾ കേട്ടപ്പോൾ ദേവനും ചിരി വന്നു….. “അതേ ഈ തേർഡ് റാങ്ക് വല്യ കാര്യമല്ല… ഫസ്റ്റ് റാങ്കിനെ വിലയുള്ളൂ…. പിന്നെ തനിക്ക് വിഷമം ആകണ്ടാ എന്ന് കരുതി ഞാനിതൊക്കെ തന്നെന്നേ ഉള്ളൂ… ” ദേവൻ പെട്ടെന്ന് അവളിൽ നിന്ന് തിരിഞ്ഞ് നിന്നുകൊണ്ട് പറഞ്ഞു… “ഓഹ്… ഞാൻ ഫസ്റ്റ് റാങ്ക് വാങ്ങിയേനെ അത് പോയത് നിങ്ങൾ കാരണമാണ്… ” ഗൗരവത്തോടെ ഭദ്ര പറഞ്ഞു..

“ഞാനോ? “….. “അതേ ഓർക്കുന്നുണ്ടോ.. എന്റെ എക്‌സാമിന്റെ ടൈം വണ്ടികൊണ്ട് ഇടിക്കാൻ വന്നത് ഓർക്കുന്നുണ്ടോ? “….. “ഇടിക്കാൻ വന്നതോ…? എന്റെ വണ്ടിയുടെ മുന്നിൽ വന്ന് ചാടിയിട്ട് ഇപ്പോൾ ഇടിക്കാൻ വന്നെന്നോ…? ” ദേവൻ ഗൗരവത്തോടെ തന്നെ ചോദിച്ചു… “വന്നു…. എന്തേ? അന്ന് മുതൽ എന്റെ എക്‌സാമിന് മുൻപ് മാഷ് വന്ന് ടെൻഷൻ അടിപിച്ചതിന് കൈയും കണക്കും ഇല്ല… അതിനിടയിലും പഠിച്ച് വാങ്ങിയ ഈ മൂന്നാം റാങ്ക് എനിക്ക് ഒന്നാം റാങ്കിന് തുല്യമാ… ഹും…. ” കുശുമ്പ് കാട്ടിക്കൊണ്ട് ഭദ്ര സാരി എടുത്ത് അലമാരിയിൽ വെച്ചു… ഭദ്രയുടെ മുഖം കണ്ടപ്പോൾ ദേവന് ചിരി വന്നു.. “അതേ റാങ്ക് കിട്ടിയിട്ട് തന്റെ വീട്ടിൽ വിളിച്ചോ…? ” എന്തോ ഓർത്തിട്ടെന്നവണ്ണം ദേവൻ ചോദിച്ചു..

“വിളിച്ചു… അതേ…. ” ചോദിക്കാൻ വന്നത് നിർത്തിയിട്ട് അവൾ ദേവനെ നോക്കി… “എന്താ അതേ? ” കാര്യം അറിയാൻ ദേവൻ ചോദിച്ചു.. “എനിക്കൊന്ന് മറ്റന്നാൾ കോളേജിൽ പോകണം… ഇവിടെ നിന്ന് പോകാൻ എനിക്കറിയില്ല… എന്നെ ഒന്ന് കോളേജിൽ വിടുമോ?” ദയ സംശയത്തോടെ ചോദിച്ചു… “എനിക്ക് വയ്യ… തന്നെ പോകാൻ നോക്ക്… വേണേൽ ധ്യാനിന്റൊപ്പം പൊക്കോ അവനും പോകുന്നുണ്ടല്ലോ… ” ദേവൻ ഒരു ദയയും ഇല്ലാതെ പറയുന്നത് കേട്ടപ്പോൾ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു.. “ഓഹ് ഞാനങ്ങു പോക്കൊള്ളാം… എനിക്കാരും കൂട്ട് വരണ്ട…” ദയ പറഞ്ഞിട്ട് മുറിയിൽ നിന്ന് ഇറങ്ങി പോയി… “ടാ നീ എന്നാ ഇനി കോളേജിൽ പോകുന്നത്? ” ലാപ്ടോപ്പും നോക്കി ഇരുന്ന ധ്യാനിനോട് ദേവൻ ചോദിച്ചു..

“പോകണം എന്നുണ്ട്.. എക്‌സാമിന് രജിസ്റ്റർ ചെയ്യണം… ” “നീ പോകുമ്പോൾ ഭദ്രയെ കൂടി കൊണ്ടുപോകണം അവൾക്കെന്തോ സിർട്ടിഫിക്കറ്റ് വാങ്ങണമെന്ന് പറയുന്നു….. അവിടെ ചെന്നാൽ പെട്ടെന്നൊന്നും കാര്യം നടക്കില്ല… എനിക്ക് അത്രയും നേരം അവിടെ നിൽക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ ദേഷ്യം വരും” ദേവൻ പറഞ്ഞപ്പോൾ ധ്യാൻ എന്നാ പോകേണ്ടതെന്ന് ആലോജിച്ചു… “ഏട്ടാ… ഈ ഫ്രൈഡേ പോകാമെന്നു പറ ഏട്ടത്തിയോട്…അന്നാകുമ്പോൾ നിങ്ങൾ ഏടത്തിയുടെ വീട്ടിൽ പോയിട്ട് വരുകയും ചെയ്യുമല്ലോ… ” ധ്യാൻ അത് പറഞ്ഞപ്പോൾ ദേവനും ആലോജിച്ചു… ശെരിയാണ്… ഭദ്രയുടെ വീട്ടിൽ പോകുന്നൊരു ചടങ്ങുണ്ട്… അപ്പോഴേക്കും അതും കഴിയും… “ഞാൻ പറയാടാ… നിനക്ക് പറ്റില്ലേൽ ഞാൻ തന്നെ കൊണ്ടുവിടാം… ” ദേവൻ ആലോജിച്ചിട്ട് പറഞ്ഞു…

“എനിക്ക് പ്രശ്നം ഒന്നുമില്ല ഏട്ടാ… ഏട്ടത്തിക്കും സമ്മതം ആണെങ്കിൽ ഞാനും ഓക്കേ… ” ധ്യാൻ അത് പറഞ്ഞപ്പോൾ തന്നെ ദേവൻ ഭദ്രയോട് പറഞ്ഞു… “എന്നെ ആരും കൊണ്ട് വിടണ്ടാ എന്ന് പറഞ്ഞില്ലേ…? പിന്നെന്തിനാ ധ്യാനിനോട് ചോദിച്ചത്… ” “അങ്ങനെ ഒറ്റക്ക് വിടാൻ എനിക്ക് ഉദ്ദേശം ഇല്ല… ഇനി ഇതും പറഞ്ഞു വാശിപിടിക്കണ്ട… ” ദേവൻ തറപ്പിച്ചു പറഞ്ഞപ്പോൾ ഭദ്ര കൂടുതൽ മറുപടി പറഞ്ഞില്ല…. വിരുന്നുപോക്കും വീട്ടിൽ പോക്കുമൊക്കെയായി രണ്ടുപേരും ബിസി ആയിരുന്നത് കൊണ്ട് കൂടുതൽ അടി കൂടാൻ പറ്റിയില്ല… അല്ലറ ചില്ലറ അടികളൊക്കെ കൃത്യമായ ഇടവേളകളിൽ നടന്നു കൊണ്ടിരുന്നു… അങ്ങനെ ഫ്രൈഡേ ആയപ്പോൾ നമ്മുടെ നായിക കോളേജിൽ പോകാൻ റെഡിയാകുകയും ചെയ്തു… ഒരുങ്ങി ഇറങ്ങാറായപ്പോഴാണ് ദേവനും ഒപ്പം ഇറങ്ങിയത്.. “ഏട്ടൻ ഇത്‌ എങ്ങോട്ടാ…? ” ധ്യാൻ സംശയത്തോടെ ചോദിച്ചു.. “ഞാൻ നിങ്ങളുടെ കോളേജിലോട്ട്… ” ദേവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്‌തുകൊണ്ട് പറഞ്ഞു..

“അപ്പോൾ ഏട്ടത്തിയെ ഞാൻ കൊണ്ടുപോകണ്ടേ? ” “വേണ്ടാ … ഞാൻ അവിടെ കൊണ്ടു വിടാം.. നീ വരുമ്പോൾ തിരിച്ചു കൊണ്ടുവന്നാൽ മതി .. അത്രയും നേരം നിൽക്കാൻ പറ്റില്ല… ” ദേവൻ പറഞ്ഞിട്ട് അകത്തേക്ക് നോക്കി… ഭദ്ര അമ്മയോടൊക്കെ യാത്ര പറയുന്നത് കണ്ടപ്പോൾ ദേവൻ ദേഷ്യപ്പെട്ടു “അതേ ഇനിയും ഇറങ്ങുന്നില്ലേ? ” “അതിന് നീ എന്തിനാ വെപ്രാളപ്പെടുന്നത് ധ്യാനും മോളും അല്ലേ പോകുന്നത്… നീ നിന്റെ കാര്യം നോക്കി പോകാൻ നോക്ക്… ” ദേവകി ഭദ്രയുടെ ഒപ്പം വന്നുകൊണ്ട് ദേഷ്യത്തോടെ പറഞ്ഞു… “അമ്മ അവളോട് വന്ന് വണ്ടിയിൽ കയറാൻ പറ.. ” ദേവൻ അത് പറഞ്ഞപ്പോൾ ഭദ്ര പതിയെ ധ്യാനിന്റെ വണ്ടിയിൽ കയറാൻ ചെന്നു… “ഏട്ടത്തി ഇതിൽ അല്ല …ഏട്ടന്റെ വണ്ടിയിൽ കയറാനാ പറഞ്ഞത്… ഏട്ടൻ കൊണ്ട് ചെന്ന് ആക്കിക്കൊള്ളാമെന്ന് പറഞ്ഞു… തിരിച്ചു വരുമ്പോൾ ഞാൻ കൊണ്ടുവരാമേ… ”

ധ്യാൻ പറഞ്ഞത് കേട്ടപ്പോൾ ഭദ്ര ദേവനെ നോക്കി.. “എന്തുവാടി ആലോചിക്കുന്നത്… വേഗം വന്ന് കയറാൻ നോക്ക്… ഇല്ലേൽ ഞാൻ എന്റെ വഴിക്ക് പോകും… ” ദേവൻ അത് പറഞ്ഞപ്പോൾ ഭദ്ര വേഗം ബുള്ളറ്റിൽ കയറി.. “അച്‌ഛാ അമ്മേ പോയിട്ട് വരാമേ… ” ഭദ്ര യാത്ര പറഞ്ഞു … അവരുടെ പുറകേ തന്നെ ധ്യാനും വണ്ടി വിട്ടു.. “എന്നാലും നമ്മുടെ മകനെന്താ പെട്ടെന്ന് തീരുമാനം മാറ്റിയത്… ” മേനോൻ സംശയത്തോടെ ദേവകിയോട് ചോദിച്ചു “അതോ…. ഞാൻ ഒരു കാര്യം പറഞ്ഞപ്പോൾ നമ്മുടെ മകന്റെ തീരുമാനം മാറി… ” “അതെന്ത് കാര്യമാ…? ” “അതേ ഞാൻ പറഞ്ഞു നീ ഭദ്രയെ വണ്ടിയിൽ കൊണ്ടുവിട്ടില്ലെന്ന് വിദ്യാ എങ്ങനേലും അറിഞ്ഞാൽ അവൾ കരുതും അവളെ അല്ലാതെ ആരേം നീ നിന്റെ വണ്ടിയിൽ കയറ്റില്ലെന്ന്… വിദ്യ എന്ന് പറഞ്ഞതെ ഒള്ളു അവന് ബോധം വന്നു… ” ദേവകി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ മേനോനും ചിരിച്ചു.. “അവന് എന്തെങ്കിലും മാറ്റം ഉണ്ടോ? ” “പിന്നെ നിങ്ങൾ ശ്രദ്ധിച്ചോ ദേവൻ അങ്ങനെ ദയെ അല്ലാതെ ആരെയും എടി പോടീ എന്ന് വിളിക്കാറില്ല… വിദ്യയെ പോലും വിളിച്ചിട്ടില്ല… ഇപ്പോൾ ഭദ്ര മോളെ വിളിക്കുന്നത് എടി എന്നാ… അവന്റെ ആണെന്നുള്ള അധികാരത്തോടെ ആണ് ആ വിളിക്കുന്നത്…. ” ദേവകി മകന്റെ മാറ്റം വിവരിച്ചപ്പോൾ മേനോൻ ചിരിച്ചു…

കോളേജിന്റെ ഫ്രണ്ടിൽ വണ്ടി നിർത്തിയപ്പോൾ ഭദ്ര പതിയെ ഇറങ്ങി.. “അതേ ഒറ്റക്കാണോ പോകുന്നത്? ഫ്രണ്ട്സ് ആരെങ്കിലും വരുമോ? ” പോകാൻ നിന്ന ഭദ്രയോട് ദേവൻ ചോദിച്ചു “ഇല്ല ആരും ഇന്നില്ലെന്നാ പറഞ്ഞത്… അവരൊക്കെ നെക്സ്റ്റ് വീക്ക്‌ വന്ന് വാങ്ങും”.. “എങ്കിൽ വേഗം പോയി എല്ലാം റെഡിയാക്കി വെക്ക്… ധ്യാനിന്റൊപ്പം വരണം.. പരിജയം ഇല്ലാത്തത് കൊണ്ട് ഒറ്റക്ക് വരണ്ട… ഇനി അവന് അസൗകര്യം ഉണ്ടെങ്കിൽ എന്നെ വിളിക്കണം..ഫ്രീ ആണെങ്കിൽ ഞാൻ വരാം…” വിളിക്കാമെന്നുള്ള ഭാവത്തിൽ ഭദ്ര തലയാട്ടി… വണ്ടി തിരിച്ചു പോരുമ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന ഭദ്രയുടെ മുഖം… ആ മുഖം മിററിൽ കണ്ടപ്പോൾ ദേവന്റെ ചുണ്ടിൽ ചിരി പടർന്നു… വീട്ടിൽ എത്തി റൂമിൽ കയറിയപ്പോൾ ദേവന് മനസ്സിലൊരു വിഷമം തോന്നി…

ഒരു നിമിഷത്തേക്കെങ്കിലും ഭദ്രയുടെ ആസാനിധ്യം തന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി… പതിയെ അലമാരി തുറന്ന് ഡ്രെസ്സുകൾ വെച്ചിരിക്കുന്നതിൽ നിന്ന് ഭദ്ര കല്യാണത്തിന് ഉടുത്ത പുടവ കൈയ്യിൽ എടുത്തു… അന്നത്തെ ഭദ്രയുടെ മുഖം ഓർത്തപ്പോൾ ദേവന്റെ മനസ്സിന് ഒരു സന്തോഷം തോന്നി… താൻ വിദ്യയെ സ്നേഹിച്ചതിന്റെ ഒരു നൂറിരട്ടി സ്നേഹം ഭദ്ര ഇത്രയും ദിവസങ്ങൾ കൊണ്ട് നേടിയിരിക്കുന്നു… അതും അടിപിടി കൂടിക്കൊണ്ട്… കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഓരോന്നും ഓർത്തപ്പോൾ മനസ്സിനുണ്ടാകുന്ന സന്തോഷം ദേവൻ തിരിച്ചറിഞ്ഞു… ഇന്ന് മുതൽ മനസ്സിൽ അടക്കിപ്പിടിച്ച സ്നേഹം അവൾക്ക് നൽകിയേ പറ്റു .. ഇനിയും വൈകിയാൽ ഞങളുടെ ലൈഫിലെ നല്ല ദിവസങ്ങൾ നഷ്ടമാകും…

കുറച്ചു കഴിഞ്ഞ് ഭദ്രയെ വിളിക്കാൻ പോകണം അവളുമായി പുറത്തെവിടെയെങ്കിലും പോയിട്ട് വേണം മനസ്സ് തുറക്കാൻ… കാ‍ന്താരി ആയത് കൊണ്ടു തിരിച്ചുള്ള റിയാക്ഷൻ പറയാൻ പറ്റില്ല… ഓരോന്ന് ആലോജിച്ച് കട്ടിലിൽ കിടന്നപ്പോൾ കണ്ണുകൾ അടച്ചത് മാത്രമേ ഓർമ ഉള്ളൂ… ഫോൺ റിംഗ് ചെയ്തപ്പോഴാണ് എണീറ്റത്… നോക്കിയപ്പോൾ ധ്യാനിന്റെ കോൾ ആണ്… കണ്ണുകൾ വലിച്ചു തുറന്നു ഫോൺ കയ്യിൽ എടുത്ത് കോൾ അറ്റൻഡ് ചെയ്തു… “എത്ര നേരമായി ഏട്ടാ വിളിക്കുന്നു… ” എടുത്ത ഉടൻ ധ്യാൻ ചോദിച്ചു.. “ഉറക്കം ആരുന്നടാ…. എന്താ വിളിച്ചത്? ഭദ്ര എന്തിയെ? അവൾ ഇറങ്ങിയോ? ” ദേവൻ ചോദിച്ചിട്ട് ധ്യാനിന്റെ റിപ്ലയ്ക്ക് വേണ്ടി കാത്തിരുന്നു… എന്നാൽ ധ്യാൻ ഫോണിൽ പറയുന്ന വിവരം കേട്ട് ദേവന്റെ കണ്ണുകൾ നിറഞ്ഞു… “ഭദ്ര….. ” വിറയാർന്ന ചുണ്ടുകളോടെ അത് പറയുമ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…