23/04/2026

വിദ്യാഭ്യാസ ജീവിതം കഴിഞ്ഞു സ്വന്തമായി ഒരു തൊഴിൽ കരസ്ഥമാക്കിയപ്പോൾ ആണ് ആദ്യമായി അഭിമാനം തോന്നിയത്..

രചന – കീർത്തി പ്രമോദ്

വിദ്യാഭ്യാസ ജീവിതം കഴിഞ്ഞു സ്വന്തമായി ഒരു തൊഴിൽ കരസ്ഥമാക്കിയപ്പോൾ ആണ് ആദ്യമായി അഭിമാനം തോന്നിയത്..
തനിക്കൊരു വ്യക്തിത്വം ഉണ്ടെന്നു തോന്നിയത്…

രാജേഷ്ന്റെ ആലോചന വന്നപ്പോൾ ഒരു നിബന്ധന മാത്രമേ താൻ വെച്ചുള്ളൂ.. ജോലിക്ക് തുടർന്നും പോവണം… രാജേഷ് അത് അംഗീകരിച്ചു… വിവാഹം ഗംഭീരം ആയി തന്നെ നടന്നു…
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ രാജേഷിന്റെ അമ്മ ഒരു ആഞ്ജയുടെ അകമ്പടിയോടെ തന്റെ കാതിൽ ഓതിയത് ഇന്നലെ എന്നപോലെ മീരയുടെ കാതിൽ മുഴങ്ങി..

” പരിഷ്കാരം ഒക്കെ പുറത്തു.. എനിക്ക് കൊഞ്ചിക്കാൻ എത്രയും പെട്ടെന്ന് ഒരു പേരകുഞ്ഞു വേണം.

അത് മീരയും മനസ്സിൽ താലോലിച്ചിരുന്ന സ്വപ്നം ആയിരുന്നു ….
അവരുടെ ആഗ്രഹത്തിനോപ്പം ദൈവവും കൈ കോർത്തപ്പോൾ മീര ഗർഭിണിയായി….
പല തരം അവശതകൾ ബുദ്ധിമുട്ടിച്ചു എങ്കിലും ഡേറ്റ് അടുക്കുന്നത് വരെ മീര ജോലി തുടർന്നു…
പോരുമ്പോൾ മൂന്ന് മാസത്തേക്ക് ലീവ് എഴുതി കൊടുത്തു അവൾ പൊന്നു…
കുഞ്ഞിന് ഒരു ആറു മാസം ആവുമ്പോൾ പോകാം എന്നതായിരുന്നു അവളുടെ കണക്കു കൂട്ടൽ ഇന്നാ ആറു മാസം എന്നത് കണ്ണന്റെ രണ്ടു വയസ്സ് എന്നതിൽ എത്തി നിൽക്കുന്നു…
ജോലി കാര്യം പറയുമ്പോൾ രാജേഷ് ഉടക്കും അമ്മ അതിനെ സപ്പോർട്ട് ചെയ്യും..

നിനക്ക് ഇവിടെ കുറവൊന്നും ഇല്ലല്ലോ നീ ജോലിക്ക് പോയി വേണ്ട ഞങ്ങൾക്ക് ജീവിക്കാൻ കുഞ്ഞിനെ നോക്കി മര്യാദക്ക് ഇരിക്കു എന്ന സ്ഥിരം പല്ലവി ..
കഴിഞ്ഞ ദിവസം അച്ഛനെ വിളിച്ചപ്പോൾ പതിവില്ലാതെ അമ്മയാണ് എടുത്തത് അച്ഛൻ ജോലിക്ക് പോയില്ലേ എന്ന ചോദ്യത്തിന് കരച്ചിൽ ആയിരുന്നു മറുപടി….
ജോലി സ്ഥലതു വയ്യാതെ വീണ അച്ഛനെ അവർ വീട്ടിൽ കൊണ്ടാക്കി അത്ര…

അച്ഛനോട് ഞാൻ പറഞ്ഞതല്ലേ ഇനി പണിക്കു പോവേണ്ടന്നു എന്ന തന്റെ ഒച്ചപ്പാടിൽ പിന്നെ ഈ കടങ്ങൾ വീട്ടു ചിലവ് ഒക്കെ ആരു നോക്കും എന്ന അമ്മയുടെ ചോദ്യത്തിൽ ഞാൻ മൗനീയായി…
തന്നെ പഠിപ്പിക്കാനും തന്നെ വിവാഹം നടത്താനും ആണ് അച്ചൻ ഇത്രയും വലിയ കടക്കാരൻ ആയതു…
അവൾ ഓർത്തു…..

കാളിങ് ബെൽ ന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നും ഉണർത്തി..
മീര ചെന്നു വാതിൽ തുറന്നു ..
ചായ കൊടുക്കുമ്പോൾ മീര പറഞ്ഞു..
അച്ഛൻ ഒന്ന് വീണു…
എന്ത് പറ്റി എന്ന രാജേഷിന്റെ ചോദ്യത്തിന് കുഴഞ്ഞു വീണു കുഴപ്പം ഒന്നുമില്ല… എന്ന മീരയുടെ മറുപടിക്കു മറുചോദ്യം ഉണ്ടായില്ല…
തെല്ലു നേരത്തെ നിശബ്ദതക്കു ശേഷം മീര ആരോടെന്നില്ലതെ പറഞ്ഞു..

ഇനി പണി എടുക്കാൻ അച്ഛനു വയ്യ രാജേഷ് അത്രക്ക് പ്രായം ആയിരിക്കുന്നു
..ലോണും അവരുടെ മരുന്നും ചിലവുകളും ഓകെ ആയി എത്ര രൂപ ആവുമെന്നോ…എല്ലാ മാസവും കുറച്ചു രൂപ നമ്മൾ കൊടുത്താൽ ബാക്കി എന്നേലും ചില്ലറ പണി ഒക്കെ ചെയ്തു അച്ഛൻ നോക്കും…
അമ്മ വിളിച്ചപ്പോൾ പറഞ്ഞു ലോൺ വീട്ടി എടുക്കു എന്നായാലും ആ വീട് നമുക്കുള്ളതല്ലേ എന്ന്…

അമ്മ അത് എന്നോട് പറയില്ല
.. രാജേഷിന്റെ ശബ്ദം ഉയർന്നു.. എനിക്ക് ഇപ്പൊ കുറച്ചു പൈസ എല്ലാ മാസവും കൊടുക്കാൻ ഇല്ല എനിക്ക് ഒരു കൊച്ചു ഉണ്ട് അവന്റെ ഭാവി സുരക്ഷിതം ആകണം…
എന്നാൽ എന്നെ ജോലിക്ക് പോകാൻ അനുവദിക്കു ജെകെ അസോസിയേറ്റ് സിൽ നിന്നും ഇന്നും വിളിച്ചിരുന്നു എന്ന മീരയുടെ ചോദ്യതിന് ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു മറുപടി….

പെണ്മക്കളെ കണ്ടല്ല അച്ചന്മാർ കടം വാങ്ങി കൂട്ടേണ്ടതു എന്ന രാജേഷിന്റെ മറുപടി തന്നെ അടിമുടി ചുട്ടു പൊള്ളിക്കുന്നു എന്ന് മീരക്കു തോന്നി…

രാവിലെ എണീറ്റപ്പോൾ ഭയങ്കര വയറു വേദന…
മെൻസസ് ആയതാണ്… ബാത്‌റൂമിൽ കയറി ഫ്രഷ് ആയി തിരിച്ചു വന്നപ്പോൾ ഓർത്തു രാജേഷിനോട് ഒരു പാഡു വാങ്ങി വരണം എന്ന് പറയുമ്പോൾ അവൾക്കു സ്വയം ഒരു പുച്ഛം തോന്നി അതിനു പോലും ഭർത്താവിനെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ…
വൈകുന്നേരം വന്നപ്പോൾ രാജേഷ് ആ കാര്യം മാത്രം മനപ്പൂർവം മറന്നു..
ഓ എനിക്ക് നാണക്കേട് ആണ് അതൊക്കെ വാങ്ങാൻ… നീ ക്ലോത് യൂസ് ചെയ്യൂ മീര പണ്ട് പെണ്ണുങ്ങൾ അതൊക്കെ അല്ലെ ചെയ്തിരുന്നെ …
രാജേഷിന്റെ മറുപടിയിൽ മീരക്കു അവളോട്‌ തന്നെ വെറുപ്പ്‌ തോന്നി..
ഓരോന്ന് ഓർത്തു കിടന്നു എപ്പോഴാണ് ഉറങ്ങിയത് എന്ന് മീരക്കു അറിയില്ല…

രാവിലെ എല്ലാ പണിയും തീർത്തു കണ്ണനെ കുളിപ്പിക്കുമ്പോൾ മീര പലതും തീരുമാനിച്ചിരുന്നു…
ജെകെ അസോസിയേറ്റ്സിൽ വിളിച്ചു നാളെ ജോയിൻ ചെയ്യാമെന്ന് പറയുമ്പോൾ മീരക്കു ഒരു മടിയും തോന്നിയില്ല….
വീട്ടിൽ പോകുവാന് എന്ന് അമ്മയോട് പറഞ്ഞു ഇറങ്ങുമ്പോൾ പുറകിൽ നിന്നും വന്ന ചോദ്യങ്ങൾ അവൾ കേട്ടില്ല എന്ന് നടിച്ചു..
ബസ് സ്റ്റോപ്പ്‌ ലേക്ക് നടക്കുമ്പോൾ ഫോൺ എടുത്തു അവൾ രാജേഷിനെ വിളിച്ചു…

എന്താ വേണ്ടത് ലിസ്റ്റ് വാട്സാപ്പ് ഇട് മീര എന്ന അവന്റെ ചോദ്യത്തിന്
എനിക്കൊന്നും വേണ്ട രാജേഷ് ഞാൻ വീട്ടിൽ പോകുന്നു നാളെ മുതൽ ജെകെ അസോസിയേറ്റ്സിൽ ജോയിൻ ചെയ്യും കണ്ണനെ അമ്മ നോക്കികൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട് .. രാവിലെ കണ്ണനെ കൊണ്ടു വീട്ടിൽ ആക്കിയാൽ ജോലി കഴിഞ്ഞു വരുമ്പോൾ മോനെ എടുത്തോണ്ട് പോന്നാൽ മതി..
രാജേഷ് എന്നെ ജോലി ചെയ്യാൻ അനുവദിച്ചില്ല എങ്കിൽ ഞാനും മോനും എന്റെ വീട്ടിൽ സ്ഥിരതാമസം ആകും…

ഓരോ അച്ചന്മാരും പെണ്മക്കളെ പഠിപ്പിക്കുന്നത് ഒരു ജോലി നേടി സ്വന്തം ആവശ്യങ്ങൾക്കുള്ള പൈസ എങ്കിലും സമ്പാദിക്കട്ടെ എന്ന് കരുതിയാണ് ഓരോ അമ്മമാരും പഠിക്കാൻ പറയുന്നത് അവരുടെ അവസ്ഥ അവരുടെ പെണ്മക്കൾക്കു ഉണ്ടാവരുത് എന്ന് കരുതിയാണ്…
നിങ്ങൾ പറയാറില്ലേ നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ ജോലിക്ക് വിടാൻ എന്താ ഇത്ര നിർബന്ധം എന്ന്..

അത് അവർക്ക് രൂപ കൊടുക്കും എന്നോർത്തല്ല മറിച്ചു കടവും വിലയും വാങ്ങി പഠിപ്പിച്ച പിള്ളേർ വെറുതെ ഇരിക്കുന്നെ കാണുമ്പോൾ ഉള്ള സങ്കടം കൊണ്ടാ..
എന്റെ അച്ഛനെ ഇനി പണിക്കു വിടാൻ എനിക്ക് വയ്യ രാജേഷ്… ആൺകുട്ടികൾ ഇല്ലാത്ത അച്ചന്മാർക്കു ജീവിതത്തിൽ വിശ്രമം നിഷേധിച്ചിട്ടുണ്ടോ ….
ഇതൊക്കെ കുറെ നാളുകൾ ആയി എന്റെ മനസ്സിൽ കിടന്നു വിങ്ങുന്ന തോന്നലുകൾ ആണ് അത് ശക്തമായതു ഇന്നലത്തെ സംഭവത്തോടെ ആണ്…
ഒരു 30രൂപയുടെ പാഡിനു രാജേഷിനോട് യാചിക്കുന്ന അവസ്ഥ ഇനി മീരക്കു ഉണ്ടാവില്ല…

രാജേഷിനു എന്റെ തീരുമാനം ശരി എന്ന് തോന്നിയാൽ വൈകിട്ട് എന്റെ വീട്ടിലേക്കു വരാം..
ഫോൺ കട്ട്‌ ചെയ്തു മുന്നോട്ടു നടക്കുമ്പോൾ മീരക്കു അഭിമാനം തോന്നി..
അച്ഛന്റെ മകൾ ആയതിൽ ഉള്ള അഭിമാനം….

❤❤കീർത്തി പ്രമോദ് ❤❤

സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ഓരോരുത്തരുടെയും അവകാശമാണ് അതിൽ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല…

ഇൻഡിപെൻഡൻസ് ആകുക എപ്പോഴും അത് നിങ്ങൾക് വ്യക്തിത്വം ഉണ്ടാകുകയേ ഉള്ളു…

സ്വന്തമായി ഒരു ജോലി നേടിയ ശേഷം മാത്രം വിവാഹത്തെ പറ്റി ചിന്തിക്കുക…

വിവാഹം ആയി എന്നാ പേരിൽ ആ ജോലി ഉപേക്ഷിക്കാതിരിക്കുക…
കഴിയുമെങ്കിൽ കുഞ്ഞ് ഉണ്ടായ ശേഷവും ജോലി ചെയ്യുക…
കുഞ്ഞിനെ നോക്കാൻ ആളില്ലാത്ത അവസ്ഥ ആണെങ്കിൽ ഒരു കൈ തൊഴിൽ എങ്കിലും പഠിച്ചെടുത്തു വീട്ടിൽ ഇരുന്നു ചെയ്യുക…

സ്വന്തം സമ്പാദ്യം ഒരു സുഖമുള്ള ഏർപ്പാട് ആണെന്നെ..😊

എല്ലാ മാസവും കൃത്യമായി അക്കൗണ്ടിൽ കാശ് വരുന്നതും…
കെട്യോന് നമുക്ക് കുഞ്ഞുങ്ങൾക്ക് ഒക്കെ ഇഷ്ടോള്ള സാധനങ്ങൾ കാണുമ്പോ ബാഗ് ൽ നിന്ന് കാശ് എടുത്ത് അത് വാങ്ങിക്കൊണ്ടു പോകുന്നതും…

നമ്മുടെ അച്ഛനും അമ്മയ്ക്കും ഒരു അഞ്ഞൂറ് രൂപ കൈയിൽ വെച്ച് കൊടുക്കുന്നതും ഒക്കെ നല്ല സുഖമുള്ള കാര്യങ്ങളാ…
നമ്മുടെ ആത്മാഭിമാനം ഉയർത്താൻ കഴിയുന്ന കാര്യങ്ങൾ… 🥰

എല്ലാ അച്ഛനമ്മമാരും പെണ്മക്കളോട് ജോലിക്ക് പോവാൻ പറയുന്നത് അവരുടെ സമ്പാദ്യം പ്രതീക്ഷിച്ചു അല്ല…
മറിച്ചു മക്കൾ എന്ന് സ്വന്തം കാലിൽ നിക്കട്ടെ എന്ന സ്നേഹം കൊണ്ടാണ് 😁