രചന – ആയിഷ അക്ബർ
ചായ……
ചാരു കസേരയിൽ ഇരിക്കുക യായിരുന്ന അവന് നേരെ അത് നീട്ടി അവൾ പറയുമ്പോഴാണ് അവൻ അവളിലേക്കൊന്ന് നോക്കിയത്……..
കുടിക്ക്……
കയ്യിലുള്ള പത്രം മടക്കി വെച്ച് അവനത് പറയുമ്പോൾ അവൾ സംശയത്തോടെ അവനെയൊന്ന് നോക്കി….
എനിക്ക് വേണ്ടാ…. താൻ കുടിച്ചാൽ മതി…..
അവന്നതും പറഞ്ഞവിടെ നിന്നും എഴുന്നേറ്റ് പോകുമ്പോഴാണ് അവൻ തനിക്ക് വേണ്ടിയാണ് അത് കൊണ്ട് വരാൻ പറഞ്ഞതെന്ന് അവൾക്ക് തന്നെ ബോധ്യമായത്….
അവൾ അകത്തേക്ക് നടന്ന് പോകുന്ന അവനെ നോക്കി നിന്നു….
പിന്നീട് പതിയേ ആ ഗ്ലാസ് ചുണ്ടോടു ചേർത്തു……
ആ ചായ കുടിച്ചു കഴിഞ്ഞതും അവൾ അടുക്കളയിലേക്ക് കടന്നു….
അടുക്കളയിലുള്ള ആരെയും അവൾ ഗൗനിച്ചില്ല……
അവൻ പറഞ്ഞത് പ്രകാരം ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കുമ്പോൾ അതത്രയേറെ വേഗത്തിലായത് കണ്ട് നിന്നിരുന്നവരെ അമ്പരപ്പിച്ചിരുന്നു….
ഓരോ സാധനങ്ങളുടെയും സ്ഥാനം മാറ്റാരെക്കാൾ അവൾക്ക് വ്യക്തമായി അറിയുന്നത് കൊണ്ട് തന്നെ അവൾക്കത് പ്രയാസമായി തോന്നിയില്ല….
വേഗത്തിൽ എല്ലാം ഒരുക്കി അവിടം വൃത്തിയാക്കി അവൾ മുറിയിലേക്ക് നടക്കുമ്പോഴാണ് മംഗലത്തമ്മ എഴുന്നേറ്റ് വരുന്നത്…..
ആ …. മോളേഴുന്നേറ്റിരുന്നോ….
സ്നേഹത്തോടെയുള്ള ആ ചോദ്യം മാത്രം മതിയായിരുന്നു തനിക്ക് പിടിച്ചു നിൽക്കാൻ….
അവളൊന്ന് പുഞ്ചിരിച്ചു…
അജു…. എഴുന്നേറ്റില്ലേ….
മംഗലത്തമ്മ അത് ചോദിക്കുമ്പോൾ അവൾ പതിയേ ഒന്ന് തല കുലുക്കി……
അവനെ കുറിച് അവളോട് ചോദിക്കുന്നതിൽ മംഗലത്തമ്മക്ക് ചെറിയൊരു ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിൽ കൂടി അവർ തമ്മിലുള്ള അകലം അങ്ങനെയെങ്കിലും കുറയട്ടെ യെന്ന് കരുതി തന്നെയായിരുന്നത് …
അപ്പോഴേക്കും എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നിരുന്നു…..
മംഗലത്തമ്മ കൈ പിടിച്ചത് കൊണ്ട് തന്നെ കൂടെ പോകാതെ നിവൃത്തിയുണ്ടായിരുന്നില്ലവൾക്ക്……
അവൾ ചെന്നതും എല്ലാവരുടെയും മുഖം പതിവ് പോലെ മങ്ങിപ്പോയിരുന്നു….
അരുണും താരയും അടുത്തടുത്തായിരിക്കുന്നുണ്ട്…..
അവളെ കണ്ടതും അരുൺ പുച്ഛത്തോടെയൊന്ന് നോക്കി……
അതിലേറെ അവളുടേ സാമീപ്യം അവനരോചകമായി തോന്നി….
അവൻ അവൾക്ക് നേരെ മുഖം ചുളിച്ചു…..
മംഗലത്തമ്മ ഇരിക്കാൻ പറഞ്ഞെങ്കിലും എല്ലാവരുടെയും മുഖത്തെ വെറുപ്പ് മനസ്സിലാക്കിയെന്ന വണ്ണം അവൾ ദയനീയനമായി അങ്ങനെ നിന്നു…..
വാ…..ഇരിക്ക്…..
അപ്പോഴാണ് വരുന്ന വഴിയേ പിറകിലൂടെ വന്നു കൊണ്ടത് പറഞവൻ ടേബിളിലേക്കിരുന്നത്…..
ഒരു നിമിഷം അവളൊന്നമ്പരന്ന് പോയി….
കേട്ടിരുന്നവരൊക്കെയും ഒരു നിമിഷം അവനെ നോക്കി……
അവനതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ അവൾക്കായി അവനരികിലുള്ള കസേര വലിച്ചിട്ടു…….
പിന്നീട് അവളിലേക്കൊന്ന് നോക്കിയത് കനപ്പിച്ചു തന്നെയായിരുന്നു…..
ഇനിയും അവനെ അനുസരിക്കാതിരിക്കാൻ തനിക്ക് കഴിയില്ലെന്നത് അവൾ മനസ്സിലാക്കിയിരുന്നു….
എന്തെന്നാൽ ഇത് വരെയുള്ള അവന്റെ വാക്കുകൾ പോലെയല്ല ഇപ്പോൾ……
ആ ശബ്ദത്തിന് പോലും തന്നിലൊരു അധികാര ഭാവമുള്ളത് പോലെ….
അതൊരു പക്ഷെ തന്റെ സംരക്ഷണം ഇപ്പോഴവന്റെ കയ്യിലാണെന്ന പൂർണ ബോധ്യമാവാം….
അതുമല്ലെങ്കിൽ ഈ താലി തന്റെ കഴുത്തിലുള്ളത് കൊണ്ട് മാത്രം തനിക്ക് തോന്നുന്നതാവാം…..
ഇഡ്ഡലിയെവിടെ……
പെട്ടെന്ന് അവനത് ചോതിച്ചപ്പോഴാണ് അവളത് ഓർത്തത് തന്നെ…..
അവൾ വേഗം എഴുന്നേറ്റ് പോയി അതെടുത്തു വന്നു…..
അവളുണ്ടാക്കിയതെന്ന് തോന്നിയത് കൊണ്ട് തന്നെ ആരും അതെടുത്തില്ലെങ്കിലും അർജൂൻ അത്രയേറെ ആസ്വദിച്ചാണത് കഴിച്ചത്..
എന്തോ ഇത് വരെ തോന്നാത്തൊരു അനുഭൂതി തന്റെ ഹൃദയത്തിൽ നിറയുന്നത് അവളറിഞ്ഞു….
അവൻ കഴിക്കുന്നത് ഇടം കണ്ണാൽ അവൾ നോക്കിയെങ്കിലും അവൾക്ക് കൊതി തീരുന്നില്ലായിരുന്നു……
അവന്റെ വയറു നിറയുന്നതോടൊപ്പം തന്റെ മനസ്സും നിറയുന്നത് പോലെ യവൾക്ക് തോന്നി….
ഇത് വരെ ഇല്ലാത്തൊരു മനസ്സുഖം…..
അത്….. അവൻ….. അവൻ തന്റെ ഭർത്താവായത് കൊണ്ടാണോ…..
മനസ്സവളോട് ചോദിക്കുമ്പോൾ ആ ചുണ്ടുകൾ ഒരു പുഞ്ചിരിയെ പേറിയിരുന്നോ….
അവൾ ചിന്തകളെ നീക്കാനെന്ന വണ്ണം തല കുലുക്കി……
എന്നാൽ അവരുടെ പ്രവർത്തികളോരൊന്നും കണ്ട് മനസ്സ് നിറഞ്ഞിരിക്കുക യായിരുന്നു മുത്തശ്ശി…..
അവൻ അവളെ പരിഗണിക്കുന്ന ഓരോ നിമിഷവും അവർ അനുഭവിക്കാവുന്നതിൽ ഏറ്റവും സമാധാനം അനുഭവിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എനിക്ക് ഉച്ചക്ക് മോര് കറി മതി കേട്ടോ…..
അടുക്കളയിൽ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയായിരുന്ന അവളോട് അലസമായി അതും പറഞ്ഞവൻ പോകുമ്പോൾ എല്ലവരും അവളെയൊന്ന് നോക്കി…
അവളപ്പോഴേക്കും അവനുള്ള പാചകം തുടങ്ങിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നീ എന്താ മോളേ കുളിക്കാത്തത്…..
ജോലികളെല്ലാം തീർത്ത് വന്നപ്പോൾ മംഗലത്തമ്മയുടെ ആ ചോദ്ധ്യത്തിന് എന്തുത്തരം
പറയണമെന്നവൾക്കറിയില്ലായിരുന്നു…
അത്…..
പിന്നെ…
അവളോന്നു നിർത്തി…..
എന്താ….. എന്താണെങ്കിലും പറഞ്ഞോളൂ..
എനിക്കുടുത് മാറാൻ മംഗലത്തമ്മയുടെ എന്തെങ്കിലും ഒരു സാരി തരാമോ……
താനത് ചോദിക്കാൻ തന്നെയാണ് വന്നതെങ്കിലും ചോദിക്കുമ്പോഴുള്ള പ്രയാസം അങ്ങേയറ്റമായിരുന്നു…..
അത് കേട്ടതും ഒരു നിമിഷം മംഗലത്തമ്മയുടെ ഹൃദയമൊന്ന് പിടച്ചു….
ശെരിയാണ്…… അത് ഓർത്തതേയില്ല….. തെറ്റ് പറ്റിപ്പോയി….
അവർ സ്വയം കുറ്റപ്പെടുത്തി….
ആ അലമാര തുറന്ന് നിനക്ക് വേണ്ടതേതാണെന്ന് വെച്ചാലെടുത്തോ…
അവരത് പറഞ്ഞതും അവൾ എഴുന്നേറ്റ് അലമാര തുറന്ന് പഴയതെന്ന് തോന്നിയ ഒന്നെടുത്തു….
അത് വേണ്ടാ…. അതൊത്തിരി പഴകിയിട്ടുണ്ട്…….
നല്ലത് തന്നെയെടുതോ….
മംഗലത്തമ്മ അത് പറഞ്ഞപ്പോൾ അവൾ തരക്കേടില്ല എന്ന് തോന്നുന്ന ഒന്നെടുത്തു…..
അവൾ ഒരു പുഞ്ചിരിയോടെ അവിടെ നിന്നും നടക്കുമ്പോൾ മംഗലത്തമ്മയുടെ മനസ് പ്രയാസത്താൽ നിറഞ്ഞു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കുളിക്കാൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവിടെ അവനുണ്ടാകുമോയെന്നൊരു ആശങ്ക അവളിലുണ്ടായിരുന്നെങ്കിൽ കൂടി അവൾ അടഞ്ഞു കിടന്ന വാതിൽ തുറന്നു….
ഇല്ലാ…. അവനവിടെയെങ്ങുമില്ല….
അവൾ ആശ്വാസത്തോടെ തന്നെ കുളിക്കാൻ കയറി….
കുളി കഴിഞ്ഞ് മംഗലത്തമ്മയുടെ ചന്ദന നിറത്തിലുള്ള സാരിയെടുക്കുമ്പോൾ കൊലുന്നനെയുള്ള തനിക്ക് ജാക്കറ്റ് വളരേ ലൂസ് ആയി തോന്നി……
മൊട്ട് സൂചിയിൽ പറ്റുന്നത്ര അവളത് പാകപ്പെടുത്തിയെടുത്തു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നീയൊന്ന് നിന്നേ….
ആ സാരിയുമുടുത് വന്ന തന്നെ കണ്ടതും സുകന്യ യിൽ നിന്നും ശോഭയിൽ നിന്നുമുതിരുന്ന പരിഹാസ ച്ചിരി അവൾക്കരോചകമായി തോന്നി അവിടെ നിന്നും
നടന്നപ്പോഴാണ് പിറകിൽ നിന്നും സുകന്യ അവളെ വിളിച്ചത്……
അവൾ അവർക്ക് നേരെ തിരിഞ്ഞതും അവർ മുറിയിൽ പോയി കുറച്ച് തുണികളുമായി വന്നു….
ദാ…. ഇത് എന്റെ കുറച്ച് പഴയ സാരികളാ….
അല്പം കീറിയിട്ടുണ്ടെന്നേയുള്ളു….
സുകന്യ അതും പറഞ് അഞ്‌ജലിക്ക് നേരെ ആ കവർ നീട്ടുമ്പോഴും അവരിലെ പരിഹാസ ചിരിക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല….
എനിക്ക് വേണ്ടാ……
അവരുടെ ചിരിക്ക് പുല്ലു വില കൊടുക്കുന്നില്ലെന്ന പോൽ അവളല്പം ഗൗരവത്തിൽ അത് പറഞ്ഞതും അവരുടെ മുഖത്തെ ചിരിക്ക് പകരം ഒരു ദേഷ്യം സ്ഥാനം പിടിച്ചു….
ഓഹ്…. ഇപ്പൊ തമ്പുരാട്ടിയാണല്ലോ……
എടി…. പത്മ വരും വരെയുള്ളു നിന്റെയീ നെഗളിപ്പ്….
അവൾ വന്നാൽ അവളുടേ കൊച്ചിനെയും കൊണ്ടങ് പോകും….
നീ പിന്നെയും ഈ അടുക്കളയിൽ ബാക്കിയാവുക തന്നെ ചെയ്യും…..
ശോഭ ദേഷ്യത്തോടെ അത് പറയുമ്പോൾ എന്തിനോ ഹൃദയേമൊന്ന് നൊന്തു…..
അവൻ തന്നെ വിട്ട് പോകും എന്നത് കൊണ്ടാണോ….
അവൻ തന്നെ വിട്ട് പോയാലെന്താ…..
സതീഷനിൽ നിന്ന് രക്ഷപ്പെട്ടത് കൊണ്ട് തന്നെ തീർച്ചയായും മംഗലത്തമ്മ തനിക്ക് സംരക്ഷണം തരിക തന്നെ ചെയ്യും….
എന്നാലും അങ്ങനെയല്ല….
ആശ്വസിപ്പിക്കാൻ ശ്രമിക്കും തോറും മനസ്സ് വേദനിക്കുന്നതിനു അവൻ തന്നെ വിട്ട് പോകും എന്ന വാക്കുകൾ കൊണ്ട് തന്നെയാണ്……
അവൻ….. അവൻ തനിക്കാരാണ്….
അവനെന്നോർത്ത് വേദനിക്കാൻ മാത്രം അവൻ തനിക്കാരാണ്…..
കഴുത്തിൽ കിടക്കുന്ന താലിയായിരുന്നു അവൾക്കതിനുള്ള ഉത്തരം….
അവളുടേ ഹൃദയം ഒന്ന് പിടച്ചു…..
ഇല്ലാ….. അതൊന്നും ഓർക്കാൻ കൂടി യോഗ്യതയില്ലാത്തവളാണ് താൻ……
അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു….
പഴയതൊന്നും ഇടാൻ പറ്റില്ല പോലും അവൾക്ക്……
അത് അരുണിന്റെ ഭാര്യക്ക് പാരമ്പര്യ സ്വത്തായി കൊടുത്തോളു അമ്മായി..
സുകന്യ ച്ചിറി കോട്ടി അത് പറഞ് നിർത്തിയപ്പോഴാണ് അവന്റെ ശബ്ദം അവിടെയുയർന്നത്…..
ഒരു നിമിഷം എല്ലാവരും ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു….
അവളും നിറഞ്ഞ മിഴികൾ അവനിലേക്ക് നീക്കി…..,
നിങ്ങൾക്ക് വല്ലതും കൊടുക്കാനുണ്ടെങ്കിൽ അത് നിങ്ങളുടെ മരു മകൾക്ക് കൊടുത്താൽ മതി….
എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്കറിയാം….
സുകന്യയെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മി അർജുനത് പറഞ് നിർത്തുമ്പോൾ സുകന്യയും ശോഭയും ചൂളി പോയിരുന്നെങ്കിൽ അഞ്ജലി അത്ഭുതത്തോടെ അവനെ നോക്കി നിന്നു..
ഇത് വരെ തന്നെ കുറ്റപ്പെടുത്താൻ മാത്രമേ അവൻ തുനിഞ്ഞിട്ടുള്ളു….
എന്നാലിന്ന് തന്റെ ഭാര്യ യെന്ന് പറഞ് ചേർത്ത് നിർത്താൻ മാത്രം തങ്ങൾ തമ്മിലുള്ള ബന്ധമെന്താണ്…..
അപ്പോഴും ഉത്തരമെന്ന പോൽ അവളാ താലിയിൽ മുറുകെ പിടിച്ചു……
(തുടരും)

by