20/04/2026

അരികിലായ് : ഭാഗം 15

രചന – കാർത്തിക ശ്രീ

സമയം പുലർച്ചെ നാലു മണി.. അപ്പോഴാണ് റിച്ചുവിന്റെ വാതിലിൽ മുട്ട് കേട്ടത്..

“ആരാണാവോ ഈ സമയത്ത്??? വിക്കി ആരോ വാതിൽ മുട്ടുന്നു നീ പോയി നോക്ക്..” വിക്കിയെ തട്ടി വിളിച്ചു റിച്ചു..

“ടാ കോപ്പേ നീയോ അറിഞ്ഞു എന്നെ എങ്കിലും ഉറങ്ങാൻ വിട്ടൂടെ?? വേണമെങ്കിൽ പോയി തുറക്കേടാ..” പുതപ്പ് വീണ്ടും തലവഴി മൂടി വിക്കി

ഇനിയും വിളിച്ചാൽ ഇതിൽ കൂടുതൽ കേൾക്കേണ്ടിവരും എന്ന് തോന്നിയതുകൊണ്ട് റിച്ചു എഴുന്നേറ്റ് വാതിൽ തുറന്നു..

“എന്റെ ഇച്ചായ നിങ്ങൾക്ക് ഉറക്കമില്ലേ?? ”

അപ്പോഴാണ് അവൻ ലിനുവിന്റെ ഡ്രസ്സ്‌ ശ്രദ്ധിച്ചത്..

“അല്ല ഇച്ചായൻ ഇത് ഇവിടെ പോകുകയാ???”

“എനിക്ക് ഉച്ചക്ക് മീറ്റിങ് ഉണ്ട്.. സൊ ഞാൻ ഇറങ്ങുവാണ്.. പപ്പയോടും മമ്മയോടും പറഞ്ഞിട്ടുണ്ട്… നിന്നോട് കൂടി പറഞ്ഞിട്ട് പോകാം എന്ന് വിചാരിച്ചു..”

“ഇത്ര രാവിലെ പോണോ ഇച്ചായ?? അവരോട് പറയാതെ??”

“അതൊക്കെ നീ പറഞ്ഞാൽ മതി.. പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ.. ഞാൻ നിന്നെ വിളിച്ചോളാം..”

“ശരി ഇച്ചായ… ഞാൻ വരണോ എയർപോർട്ട് വരെ???”

“വേണ്ടടാ.. ദാസേട്ടൻ ഉണ്ട്.. വിക്കിയോട് പറഞ്ഞേക്ക്..”

“മ്മ്.. ടേക്ക്കെയർ ഇച്ചായ.. ”

റിച്ചു ലിനുവിനെ കെട്ടിപ്പിടിച്ചു… ലിനു ഒരു പുഞ്ചിരിയോടെ അവന്റെ പുറത്ത് തലോടി… എന്നിട്ട് പുറത്തേക്ക് നടന്നു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ എല്ലാരും ഉണർന്നപ്പോൾ ഒരുപാട് വൈകി..

“നേരത്തെ വിളിക്കായിരുന്നല്ലോ മമ്മ..”

“എന്തിനാ തനു… ഇന്നലെ ലേറ്റ് ആയില്ലേ കിടക്കുമ്പോൾ… പിന്നെ ഇവിടെ അത്ര പണിയൊന്നും ഇല്ലല്ലോ..”

“എന്നാലും മമ്മ ഒറ്റക്ക് അല്ലായിരുന്നോ..”

“അത് സാരില്ല… അല്ല ഋതു എഴുന്നേറ്റില്ല??”

“ഇല്ല മമ്മ.. നല്ല ഉറക്കമാണ്.. ഞാൻ വിളിച്ചില്ല..”

“മമ്മ.. ചായ…”

“നിനക്ക് സമയം ആകുന്നതേ ഉള്ളു.. എന്താ നേരത്തെ മാളൂട്ടി ??”

“അത് പിന്നെ ഉറക്കം ഞെട്ടിയതാ..”

“തനു.. ഈ ചായ വിക്കിക്കും റിച്ചുവിനും കൊടുത്തിട്ട് വാ..”

“ശരി മമ്മ… അല്ല വല്യേട്ടനോ??”

“അവൻ രാവിലെ പോയി… ഇപ്പോൾ ഫ്ലൈറ്റിൽ ആയിരിക്കും..”

“ഇന്നലെ പറഞ്ഞിരുന്നു പോകും എന്ന് ഇത്ര നേരത്തെ വിചാരിച്ചില്ല…”

“അതെന്താ എന്നോട് പറയാതെ പോയത് ഏട്ടൻ ??? ഇനി വിളിച്ചാൽ ഞാൻ മിണ്ടില്ല..”

“പടക്കം പൊട്ടിയാൽ പോലും അറിയാതെ കിടന്നുറങ്ങുന്ന നിന്നെ എങ്ങനെയാ അവൻ വന്നു വിളിക്കേണ്ടത്??”

“അതും ശരിയാണല്ലോ… ” എന്ന് പറഞ്ഞു ഒന്ന് ചമ്മിയ ചിരി ചിരിച്ചു മാളു..

ഋതു എഴുന്നേറ്റ് താഴേക്ക് വരുമ്പോൾ എല്ലാരും ചായ കുടിക്കാൻ ഇരിക്കുകയായിരുന്നു .എല്ലാരേയും കണ്ടെങ്കിലും ഒരാളെ അവളുടെ കണ്ണുകൾ അറിയാതെ തിരഞ്ഞു…കാണാതായപ്പോൾ ചെറിയ നിരാശ തോന്നി…

“ഋതു മോളെ വാ ചായ കുടിക്കാം.. മോളെയാ എല്ലാരും കാത്തിരിക്കുന്നേ..”

“സോറി മമ്മ.. ഉറങ്ങിപ്പോയി..”

“സാരില്ല.. വാ ”

എല്ലാരുടെയും കൂടെ ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ അവനെ തിരയുന്നത് മറ്റുള്ളവർ സന്തോഷത്തോടെയാണ് കണ്ടത്…

“പപ്പ.. ഇന്ന് വൈകുന്നേരം ഞങ്ങൾ തിരിച്ചുപോകുട്ടോ..കുറേ ദിവസമായില്ലേ..”

“കുറച്ചു ദിവസം കഴിഞ്ഞു പോകാം കുഞ്ഞേട്ടാ..”

“എന്റെ മോളെ ഇനി നിന്നാൽ ജോലി പോകും..”

“എന്നാലും.”

“ഒരു എന്നാലും ഇല്ല.. ഇടയ്ക്ക് വരാല്ലോ.. ലീവ് ഉള്ളപ്പോൾ നീ അങ്ങോട്ട് പോരെ..”

“മ്മ് ”

“ലിസാ അവർക്ക് കൊണ്ടുപോകാൻ അച്ചാറും മറ്റും ഉണ്ടാക്കാൻ നോക്ക്.. വൈകണ്ട..”

“ശരി ഇച്ചായ..”

അവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഋതു നേരെ മുകളിലേക്ക് നടന്നു..

“റിച്ചു.. ഋതു അവൾ..”

“പേടിക്കണ്ട തനു.. അവൾ പോലും അറിയാതെ ആ മനസിൽ ഇച്ചായൻ ഒരു സ്ഥാനം നേടിക്കഴിഞ്ഞു … അതിന്റേതാണ് നമ്മൾ ഇപ്പോൾ കണ്ടത്.. ”

“അവൾ അത്ര പെട്ടെന്ന് അംഗീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ??”

” എന്ത് കാര്യവും ആദ്യം പഴയ കാര്യങ്ങളുമായേ അവൾ താരതമ്യം ചെയ്യൂ… പേടിയാണ് അവൾക്ക്… പക്ഷേ ഒരിക്കൽ അവൾ തിരിച്ചറിയും അവളുടെ പ്രണയത്തെ..അത് വേഗം നടക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..”

“ശരിയാണ്… വേഗം അവൾ തിരിച്ചറിയട്ടെ..”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ഋതു… എന്താണ് തനിക്ക് സംഭവിക്കുന്നത്??? ഒരാളുടെ അഭാവം തന്നെ എന്തിനാ ഇങ്ങനെ അലട്ടുന്നത്?? അധികം സംസാരിച്ചിട്ട് പോലും ഇല്ലാത്ത ഒരാൾ… പിടിവിട്ടു പോകുന്ന ചിന്തകളോടെ ഋതു ഇരുന്നു.. പിന്നെ ഒന്ന് കണ്ണടച്ച് ശ്വാസം വിട്ടു… ഇതൊക്കെ തന്റെ തോന്നലുകൾ മാത്രമാണ്…..
റിച്ചുവിന്റെ ഏട്ടൻ മാത്രമാണ് അദ്ദേഹം തനിക്ക്..

അധികം ഒറ്റക്ക് ഇരിക്കാതെ അവൾ നേരെ താഴെക്കിറങ്ങി… മനസിന് പറഞ്ഞു പഠിപ്പിച്ചതൊക്കെ വെറുതെ ആകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… എങ്കിലും അതിനെകുറിച്ച് കൂടുതൽ ആലോചിക്കാൻ അവൾ നിന്നില്ല…

വൈകുന്നേരത്തോടെ എല്ലാരും പോകാൻ തയ്യാറായി…

“റിച്ചു… ഇത് കാറിൽ വച്ചേക്ക്.. കുറച്ചു പലഹാരങ്ങളും അച്ചാറുമൊക്കെ ആണ്… ”

“ശരി മമ്മ..”

“പപ്പ… മമ്മ എന്ന ഇറങ്ങട്ടെ??”

“പോയി വാ…അല്ല വിക്കി എവിടെ റിച്ചു??”

“മാളുവിന്റെ കൂടെ ഉണ്ട്.. ഇപ്പോൾ വരും ”

“മ്മ്.. ഇന്ന് അവൾ സങ്കടത്തിൽ തന്നെ ആയിരിക്കും.. എല്ലാരും ഉണ്ടായതല്ലേ..”

“ശരിയാ.. ലീവ് കിട്ടുമ്പോൾ അവളെ അങ്ങോട്ട് വിടണേ പപ്പ..”

“വിടാം”

ഋതുവും തനുവും ബാഗുമായി താഴേക്ക് ഇറങ്ങി…

ഋതു നേരെ പോയി ലിസയെ കെട്ടിപിടിച്ചു…

“പോയി വരാം മമ്മ… ”

“വരണം.. മമ്മ മോളെ കാത്തിരിക്കും..”

“വരാം മമ്മ..”

“പപ്പാ.. ”

” സമയം കിട്ടുമ്പോൾ ഇങ്ങോട്ട് വന്നേക്കണം മോള് … പപ്പയും കാത്തിരിക്കും.. ”

ചിരിച്ചുകൊണ്ട് സമ്മതം അറിക്കുമ്പോൾ നിറഞ്ഞുവന്ന കണ്ണുകൾ അവൾ എല്ലാരിൽനിന്നും മറയ്ക്കാൻ ശ്രമിച്ചു..

“തനു.. പപ്പയും മമ്മയും പോകുന്നുണ്ട് കോട്ടയത്തേക്ക്.. അധികം വൈകില്ല.. ”

“ശരി പപ്പ.. എന്ന ഞാൻ ഇറങ്ങട്ടെ”

“പോയി വാ.. ”

തനുവും ഋതുവും റിച്ചുവും പുറത്തേക്കിറങ്ങി…

🥀🥀🥀🥀🥀🥀🥀🥀🥀

ഇതേ സമയം മുകളിലെ റൂമിൽ വിക്കിയുടെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞുകൊണ്ടിരിക്കുകയാണ് മാളു..

“മാളൂട്ടി.. എട്ടായിയെ നോക്ക്… ലീവ് കിട്ടുമ്പോൾ വരാം മോളെ… ഇങ്ങനെ കരഞ്ഞാൽ എനിക്ക് സമാധാനത്തോടെ പോകാൻ കഴിയുമോ???”

അവളുടെ മുഖം കൈയിൽ എടുത്ത് അവൻ നെറ്റിയിൽ ഉമ്മവെച്ചു…അവളുടെ നിറഞ്ഞ രണ്ടു കണ്ണുകളും അവൻ തന്റെ വിരലാൽ തുടച്ചു…

“വാ.. എല്ലാരും താഴെ കാത്തിരിക്കുന്നുണ്ടാകും… ഇനി കരയരുത്… സന്തോഷത്തോടെ വേണം തനുവിനോടും ഋതുവിനോടും യാത്ര പറയാൻ കേട്ടോ??”

അതിന് ഒന്ന് മൂളി അവർ താഴേക്ക് നടന്നു…

“ആ വന്നല്ലോ.. കണ്ണീർ പരമ്പര കഴിഞ്ഞോ കുഞ്ഞാ??”

“ഇല്ല എന്താ കൂടുന്നോ എന്റെ കുഞ്ഞേട്ടൻ??”

“ഞാൻ ഇല്ലേ.. നീ ഇങ്ങു വാ..”

“ഏട്ടൻ പോയി വരാട്ടോ… പപ്പയോടു പറഞ്ഞിട്ടുണ്ട്.. ലീവ് കിട്ടുമ്പോൾ അങ്ങോട്ട് പോരെ..”

“ശരി.. വിളിക്കണേ..”

“എന്റെ മോളെ വിളിക്കാതിരിക്കോ ഞാൻ..”

നേരെ പോയി ഋതുവിന്റെയും തനുവിന്റെയും കൈയിൽ പിടിച്ചു…

“വേഗം വരണേ രണ്ടുപേരും.. ഞാൻ ഇവിടെ കാത്തിരിക്കും..”

“വരാട്ടോ…” ഉത്തരം പറഞ്ഞു രണ്ടുപേരും അവളുടെ കവിളിൽ തലോടി..

നാലുപേരും കാറിൽ കയറി യാത്ര തിരിച്ചു… തങ്ങളെ കാത്തിരിക്കുന്നതറിയാതെ…

തുടരും..