അലൈപ്പായുതേ… 6
ഭാഗം ആറ്
അവളുടെ ഇടതുകയ്യിൽ വലിയൊരു ഹാൻഡ്ബാഗും ഉണ്ടായിരുന്നു.
ഡെസ്കിലിരിക്കുന്ന നക്ഷത്രയെ കണ്ടതും ആരതി തന്റെ ചുവടുകളുടെ വേഗത കുറച്ചു. അവൾ നക്ഷത്രയെ പുച്ഛത്തോടെ ഒന്നൊന്നു നോക്കി.
“ആരാടീ നീ? ഇവിടെ പുതിയതായി വന്ന പെറുക്കി സെയിൽസ് ഗേൾ വല്ലതുമാണോ?” ആരതിയുടെ അഹങ്കാരം നിറഞ്ഞ ശബ്ദം അവിടെ മുഴങ്ങി.
നക്ഷത്ര ഞെട്ടിപ്പോയി. അവൾ പെട്ടെന്ന് എഴുന്നേറ്റു. “അല്ല മാം, അത്.. ഞാൻ ധ്രുവ് സാറിന്റെ പേഴ്സണൽ അസിസ്റ്റന്റാണ്. നക്ഷത്ര”
“പി.എ യോ? പിച്ചക്കാരി എന്നാണോ പി എയുടെ ഫുൾഫോം” ആരതി കളിയാക്കി ചിരിച്ചു. “ധ്രുവിന് ഇപ്പോൾ ഇങ്ങനെയുള്ള നാടൻ കോലങ്ങളെയാണോ പി.എ ആയി കിട്ടുന്നത്? കണ്ട കുഗ്രാമത്തിൽ നിന്നും ഇറങ്ങിവരുന്ന പെണ്ണുങ്ങളെയൊക്കെ കമ്പനിയിൽ കേറ്റാൻ തുടങ്ങിയോ?”
ആരതിയുടെ ഓരോ വാക്കുകൾ കേട്ടതും നക്ഷത്രയുടെ കണ്ണുകൾ നിറഞ്ഞു വന്നു. യാതൊരു കാരണവുമില്ലാതെയാണ് ഈ സ്ത്രീ തന്നെ അപമാനിക്കുന്നത്. എങ്കിലും അവൾ കണ്ണുനീരിനെ തടഞ്ഞു നിർത്തി.
“ആരാണ് നിങ്ങൾ? സാറിനെ കാണാൻ വന്നതാണോ?” നക്ഷത്ര സ്വയം നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു.
“ഞാൻ ആരാണെന്നോ?” ആരതി തന്റെ സൺഗ്ലാസ് മാറ്റി അവൾക്ക് നേരെ വിരൽ ചൂണ്ടി. “ധ്രുവ് കാർത്തിക്കിന്റെ ഭാവി ഭാര്യയാണ് ഞാൻ! ഈ കൈലാസ് ഗ്രൂപ്പിന്റെ വരാൻ പോകുന്ന മാഡം! മനസ്സിലായോടി മണ്ടീ?”
ആരതിയുടെ ഗർവോടെയുള്ള വാക്കുകൾ കേട്ടതും നക്ഷത്ര തലതാഴ്ത്തി. അവൾക്കൊന്നും പറയാൻ കഴിയുമായിരുന്നില്ല.
ആരതി നക്ഷത്രയെ തള്ളിമാറ്റിക്കൊണ്ട് ധ്രുവിൻ്റെ കേബിന്റെ വാതിൽ ബലമായി തുറന്ന് അകത്തേക്ക് കയറി.
“ധ്രുവ്!” വശ്യമാർന്ന സ്വരത്തോടെ അവൾ അവനെ വിളിച്ചു…
ഇന്നത്തെ അവസാന വർക്ക് ലാപ്ടോപ്പിൽ ചെയ്തുകൊണ്ടിരുന്ന ധ്രുവ് ദേഷ്യത്തോടെ തലയുയർത്തി. മുന്നിൽ നിൽക്കുന്ന ആരതിയെ കണ്ടതും അവൻറെ മുഖം കറുത്തു ഇരുണ്ടു.
“നീ വീണ്ടും ഇങ്ങോട്ട് വന്നോ?” ധ്രുവിന്റെ ശബ്ദത്തിൽ കനൽ പുകഞ്ഞു.
“ധ്രുവ്… ഞാൻ നിനക്ക് ഫുഡ് കൊണ്ടുവന്നതാണ്. ഉച്ചയ്ക്ക് നീ കഴിച്ചില്ലെന്ന് ആന്റി പറഞ്ഞു,” ആരതി ശബ്ദം കഴിയുന്നത്ര മധുരമുള്ളതാക്കാൻ ശ്രമിച്ചു കൊണ്ട് മേശപ്പുറത്തേക്ക് ഫുഡ് പാക്കറ്റുകൾ വെച്ചു.
“എനിക്ക് നിന്റെ ലഞ്ച് വേണ്ട! ആന്റി പറഞ്ഞാൽ ആന്റിയുടെ അടുത്ത് കൊണ്ടുപോയി കൊട്!” ധ്രുവ് അലറി.
ശബ്ദം കേട്ട് പുറത്തുനിന്നിരുന്ന നക്ഷത്ര ഭയന്നുപോയി. ധ്രുവിൻ്റെ അലർച്ച കേബിന് പുറത്തും വ്യക്തമായി കേൾക്കാമായിരുന്നു.
“ധ്രുവ്… നീ എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത്? പുറത്തു നിൽക്കുന്ന ആ പുതിയ പി.എ പെണ്ണിന്റെ മുന്നിൽ വെച്ച് എന്നെ അപമാനിക്കാനാണോ നിന്റെ പ്ലാൻ?” ആരതിയും ശബ്ദമുയർത്തി.
“പുറത്തു നിൽക്കുന്നവൾ എന്റെ അസിസ്റ്റന്റ് ആണ്! അല്ലാതെ നിന്നെപ്പോലെ അനാവശ്യമായി എന്റെ ഓഫീസിലേക്ക് കയറിവരുന്നവളല്ല! ഇവിടുന്ന് ഇറങ്ങിപ്പോടീ!” ധ്രുവ് എഴുന്നേറ്റു. അവൻറെ ദേഷ്യം കണ്ട് ആരതി അറിയാതെ ഒന്നു പിന്നോട്ട് മാറി.
“ഞാൻ പോകില്ല ധ്രുവ്! ആന്റി പറഞ്ഞിട്ടാണ് ഞാൻ വന്നത്. നീ എന്നെ കല്യാണം കഴിച്ചേ പറ്റൂ!”
“പോടീ പുറത്ത്!” ധ്രുവ് മേശപ്പുറത്തിരുന്ന ഫോൺ എടുത്തു റിസപ്ഷനിലേക്ക് വിളിച്ചു. “സെക്യൂരിറ്റി! എന്റെ കേബിനിൽ ഒരു അധികപ്പെറ്റ് കയറിയിട്ടുണ്ട്. ഉടനെ വന്ന് ഇവരെ പുറത്താക്കൂ!”
“ധ്രുവ്! നീ എന്നെ സെക്യൂരിറ്റിയെക്കൊണ്ട് പുറത്താക്കുമെന്നോ? നീ ഇതിന് വലിയ വില കൊടുക്കേണ്ടിവരും!” ആരതി ദേഷ്യം കൊണ്ട് വിറയ്ക്കാൻ തുടങ്ങി.
അപ്പോഴേക്കും രണ്ട് വനിതാ സെക്യൂരിറ്റി ജീവനക്കാർ അകത്തേക്ക് ഓടിയെത്തി.
“മാഡം… പ്ലീസ് കം വിത്ത് അസ്,” അവർ ആരതിയുടെ കൈകളിൽ പിടിച്ചു.
“എന്നെ തൊട്ടു പോകരുത്!” ആരതി കൈകൾ തട്ടിമാറ്റി. അവൾ ധ്രുവിനെ രൂക്ഷമായി നോക്കി. “നീ എന്നെ വേണ്ടാ എന്ന് പറയും തോറും നിന്നെ ഞാൻ സ്വന്തമാക്കും ധ്രുവ് ! ഇത് ആരതിയുടെ വെല്ലുവിളിയാണ്! എന്റെ ശെരിക്കുമുള്ള സ്വഭാവം നിനക്ക് അറിയില്ല”
അവൾ ദേഷ്യത്തോടെ അവിടെയുണ്ടായിരുന്ന ഫ്‌ളവർ വേസ് എടുത്ത് നിലത്തേക്ക് എറിഞ്ഞിട്ട് പുറത്തേക്ക് നടന്നു. പുറത്തു നിൽക്കുന്ന നക്ഷത്രയെ അവൾ വധഭീഷണിയോടെയെന്നവണ്ണം രൂക്ഷമായി നോക്കി എലിവേറ്ററിലേക്ക് കയറിപ്പോയി.
നക്ഷത്ര ആകെ തളർന്നുപോയിരുന്നു. ആകെ രണ്ട് ദിവസമായി തന്നെ കൊച്ചിയിൽ എത്തിയിട്ട്. കാണുന്ന കാഴ്ചകളെല്ലാം തന്നെ ഭയപ്പെടുത്തുന്നതാണ്.
അവൾ മെല്ലെ കേബിനിന്റെ ഉള്ളിലേക്ക് കയറി, ധ്രുവ് കേബിനിന്റെ ഉള്ളിൽ തന്നെയുള്ള മറ്റൊരു മുറിയിലേക്ക് പോയിരുന്നു. അവൻ വരുന്നതിന് മുൻപ് പൊട്ടി ചിതറിക്കിടക്കുന്ന കുപ്പിച്ചില്ലുകൾ എടുത്തുമാറ്റാൻ ആണ് അവൾ അവിടേക്ക് ചെന്നത്.
അവൾ വേഗം ചില്ലു കഷ്ണങ്ങൾ ഓരോന്നായി എടുത്ത് ശ്രദ്ധയോടെ തന്റെ മാറുകയ്യിലേക്ക് വെച്ചു.
” നീ എന്താ ചെയ്യുന്നത് ” ധ്രുവിന്റെ ശബ്ദം കേട്ടതും അവളൊന്ന് ഭയന്നു, അന്നേരം അറിയാതെ ഒരു ചില്ല് കൊണ്ടവളുടെ വിരലിന്റെ അറ്റം ചെറുതായി മുറിഞ്ഞു…
” സ്സ്… ” അവൾ എരിവ് വലിച്ചു…
” ഓഹ് ഷിറ്റ് ” അവളുടെ കയ്യിൽനിന്നും ചോര വരുന്നത് കണ്ടതും അവൻ മുന്നോട്ടേക്ക് വന്ന് അവളുടെ കയ്യിൽനിന്നും ചില്ലുകൾ മേടിച് മാറ്റിവെച്ചു.
” താൻ എന്റെ പേർസണൽ അസിസ്റ്റന്റ് ആണോ അതോ ഇവിടുത്തെ ക്‌ളീനിംഗ് സ്റ്റാഫോ? ” ഇത്തവണ അവന്റെ സ്വരത്തിൽ നേരത്തെയുണ്ടായിരുന്ന കടുപ്പമില്ലെന്ന് അവൾ ശ്രദ്ധിച്ചു.
” അതുപിന്നെ സാറിന്റെ കാലിൽകൊണ്ട് മുറിയണ്ട എന്ന് കരുതി… ” ചോര പൊടിഞ്ഞു വേദനയ്ക്ക് ഇടയിലും അവൾ പറഞ്ഞൊപ്പിച്ചു. അവൾക്ക് മുറിഞ്ഞിടത്ത് നീറുന്നുണ്ടായിരുന്നു.
” ഹ്മ്മ് എണീക്ക് ഞാൻ ഫസ്റ്റ് എയ്ഡ് തരാം.” പറഞ്ഞുകൊണ്ട് അവൻ നിവർന്നു. ഒപ്പം അവളും…
അവൻ ഷെൽഫിൽനിന്ന് ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് അവളുടെ അടുത്തേക്ക് വന്നു. ഒരു പഞ്ഞി എടുത്ത് ആ വിരലുകൾ ക്ലീൻ ചെയ്തശേഷം ഒരു മരുന്ന് പഞ്ഞിയിൽ ആക്കി അവളുടെ വിരലിൽ പതിയെ അമർത്തി…
“അമ്മേ..” ആ മരുന്നിന്റെ നീറ്റൽ മുറിവിൽ പടർന്നതും അടക്കിവെച്ച കണ്ണുനീർ അവളുടെ മിഴികളിലൂടെ ഒഴുകിയിറങ്ങി. എന്നാൽ ആ നിമിഷം അവന്റെ കണ്ണുകൾ അവളുടെ മിഴികളിൽ ഉടക്കി…
ആ കുഞ്ഞിമുഖം ഇത്രയും അടുത്ത് ആദ്യമായി കണ്ടതും അവന്റെ ഹൃദയത്തിന്റെ കോണിൽ ഉറങ്ങിക്കിടന്ന പലതും തളിരണിയുന്നത് അവൻ അറിഞ്ഞു. നക്ഷത്രയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. അവന്റെ ദേഹത്ത് നിന്ന് വമിക്കുന്ന പെർഫ്യുമിന്റെ ഗന്ധം അവളിൽ പുതിയ പല വികാരങ്ങൾ ഉണർത്തിക്കൊണ്ടിരുന്നു.
പെട്ടന്നാണ് അലാം മുഴങ്ങിയത്, ജോലിക്കാർക്കെല്ലാം ജോലി അവസാനിപ്പിച്ച് മടങ്ങാൻ ഉള്ള അലാം ആയിരുന്നു അത്. നക്ഷത്ര ഞെട്ടി പിന്നോട്ട് മാറി. താൻ ഇത്രയും നേരം അവളുടെ അടുത്ത് ആയിരുന്നു നിന്നത് എന്ന് അറിഞ്ഞതും ധ്രുവിന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു. എന്നാൽ അവൻ ഒന്നും സംഭവിക്കാത്തത് പോലെ ഒരു ബാൻഡെജ് എടുത്ത് അവൾക്ക് കൊടുത്തു. നക്ഷത്ര അത് വാങ്ങി വെപ്രാളത്തോടെ ക്യാബിനിന്റെ പുറത്തേക്ക് വന്നു.
അവൾക്ക് തന്റെ നെഞ്ചിടിപ്പ് നേരെയാക്കാൻ ഒരുപാട് സമയം വേണ്ടിവന്നു.
” എന്റെ കൃഷ്ണ ഞാൻ എന്തിനാ ഇപ്പൊ അങ്ങോട്ട് പോയെ, അയ്യേ സാർ എന്നെപ്പറ്റി എന്ത് വിചാരിച്ചുകാണും. ശോ ആ മണം കിട്ടിയപ്പോൾ അറിയാതെ ഏതോ മായിക ലോകത്ത് എത്തിയത് പോലെ ആയിപോയി, ശേ. എന്നാലും… ” അവൾ ചുണ്ട് കടിച്ചുകൊണ്ട് തന്റെ തലയിൽത്തന്നെ പതിയെ കൊട്ടി…
പിന്നീട് ടേബിളിൽ ഇരുന്ന എല്ലാം ഒന്നുകൂടെ അടുക്കി വെച്ച് അവൻ പുറത്തേക്ക് വരാനായി കാത്തിരുന്നു. ലേറ്റ് ആയെങ്കിലും അവൻ പോകുന്നതിന് മുൻപേ പോയാൽ ഇനി അതിന് വഴക്ക് കേൾക്കണ്ടല്ലോ എന്ന് കരുതിയാണ് അവൾ കാത്തിരുന്നത്.
കേബിനിനുള്ളിൽ നിന്നും ധ്രുവ് പുറത്തേക്ക് വന്നു. അവൻറെ മുഖത്ത് വല്ലാത്തൊരു ദേഷ്യവും അസ്വസ്ഥതയും നിറഞ്ഞു നിന്നിരുന്നു. അത് ആരതിയെ ഓർത്തായിരുന്നു.
അവൻ ശാന്തനാകാൻ പാടുപെടുകയായിരുന്നു.
അവൻ നക്ഷത്രയ്ക്ക് നേരെ തിരിഞ്ഞു.
“താൻ ഇനിയും വീട്ടിൽ പോയില്ലേ?” അവൻറെ ശബ്ദം ഇപ്പോഴും കടുപ്പമുള്ളതായിരുന്നു.
“ഇ… ഇല്ല സാർ. സമയം ആറുമണിയാകുന്നതേയുള്ളൂ…”
“ഇന്നത്തെ പണികളൊക്കെ കഴിഞ്ഞെങ്കിൽ തനിക്ക് പോകാം. ഇനി നാളെ രാവിലെ ഒൻപതു മണിക്ക് മുൻപ് എത്തണം.”
“ശരി സാർ…” നക്ഷത്ര തൻറെ ബാഗും എടുത്ത് തിരിഞ്ഞു നടന്നു.
“നക്ഷത്ര…”
അവൾ വീണ്ടും നിർത്തി തിരിഞ്ഞു നോക്കി.
“ഇവിടെ നടന്നതൊന്നും പുറത്തു പോകരുത്. മനസ്സിലായോ? ഇപ്പോൾ വന്നത് ഒരു വട്ട് കേസാണ് അവൾ എന്ത് പറഞ്ഞാലും താൻ കാര്യമാക്കി എടുക്കേണ്ട ഓക്കെ?”
“ഇല്ല സാർ… ഞാൻ ആരോടും പറയില്ല,” അവൾ നിഷ്‌ക്കളങ്കമായി തലയാട്ടി.
ധ്രുവ് അവളെ ഒരു നിമിഷം നോക്കിനിന്നു. പിന്നീട് ഒന്നും മിണ്ടാതെ തന്റെ ലിഫ്റ്റിലേക്ക് നടന്നു, അവന്റെ ഒപ്പം നക്ഷത്രയും.
ലിഫ്റ്റ് ഇറങ്ങി ഇരുവരും ഇരു ദിശയിലേക്ക്
നടന്നു. അവൻ പോകുന്നത് നോക്കി അവൾ തിരിഞ്ഞു തിരിഞ്ഞാണ് നടന്നിരുന്നത്, ഇന്നലെ തന്നെ ഇടിക്കാൻ വന്ന അതെ കാർ എടുത്ത് അവൻ ദൂരേക്ക് പോയി മറയുന്നത് ബസ്സ് സ്റ്റോപ്പിൽ നിന്നുകൊണ്ട് അവൾ കാണുന്നുണ്ടായിരുന്നു. നിമിഷനേരംകൊണ്ട് അവളുടെ ബസ്സും വന്നിരുന്നു… ആദ്യദിനം സംഭവബഹുലമായി തീർന്നത് ഓർത്ത് അവൾ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു…
തുടരും…




