The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അഞ്ജു തങ്കച്ചൻ
പരിപ്പ് കറിയും , കഷ്ണങ്ങൾ കുറഞ്ഞ്,വെള്ളംചേർത്ത് വലിച്ചുനീട്ടിയ സാമ്പാറും , ക്യാബേജ് തോരനും കഴിച്ചു മടുത്ത കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന്. സിസ്റ്റേഴ്സ് തയ്യാറാക്കിയ പുതിയ മെനു അനുസരിച്ച്, നയന രുചികരമായി ഭക്ഷണം ഉണ്ടാക്കി കൊടുത്തതോടെ കുട്ടികൾക്ക് പുതിയ പാചകക്കാരിയെ ഇഷ്ട്ടമാകുകയും, അവർ അവളോട് സൗഹൃദത്തിൽ ആകുകയും ചെയ്തു.
പുലർച്ചെ നേരത്തെ എഴുന്നേറ്റ് സ്വാദുള്ള ഭക്ഷണം പാകം ചെയ്യാൻ അവൾക്കൊട്ടും മടിയുണ്ടായിരുന്നില്ല. സഹായത്തിനായി നിന്ന സ്ത്രീ പറ്റുന്നത് പോലെ അവളെ സഹായിച്ചു. അല്ലാത്തപ്പോൾ ഒരു മുത്തശ്ശിയുടെ കരുതലോടെ കുഞ്ഞിനെ നോക്കി.
അവർ ഒരു പാവം സ്ത്രീയായിരുന്നു.വിവാഹം കഴിയാത്ത അവർ അച്ഛനും അമ്മയും മരിച്ചതോടെ മൂത്ത ചേച്ചിയോടൊപ്പം ആയിരുന്നു. ചേച്ചിയുടെ മക്കൾ ഒക്കെ വിവാഹിതർ ആയതോടെ അവർക്ക് ഈ സ്ത്രീ ഒരു ഭാരമായി. അങ്ങനെയാണ് ഇവിടെ എത്തിയത്.
സ്നേഹിക്കാൻ മാത്രമറിയാവുന്ന അവർക്ക് നയനെയേയും, കുഞ്ഞിനേയും വല്യ കാര്യമായിരുന്നു.
മാസങ്ങൾ കഴിഞ്ഞു പോയി. കിട്ടുന്ന സാലറിയൊക്കെ നയന സൂക്ഷിച്ചു വച്ചു.
ഇടക്ക് സന്ധ്യ വരും. കുഞ്ഞിനും നയനക്കും ആവശ്യമായ സാധങ്ങൾ ഒക്കെ മേടിച്ച് കൊടുക്കും.
അവിടെ നിന്നും കുറച്ച് ദൂരെ വാടകക്ക് ചെറിയൊരു കടമുറി കൊടുക്കാൻ ഉണ്ടെന്ന് കണ്ടപ്പോൾ സന്ധ്യയുമായി ആലോചിച്ച് അവൾ അത് വാടകക്ക് എടുത്തു.
കാറ്ററിംഗ് സർവീസ് ചെയ്യാനുള്ള ധൈര്യം കൊടുത്തത് സന്ധ്യയായിരുന്നു
സന്ധ്യയുടെ പരിചയത്തിൽ ഉളള, ചില പാവപ്പെട്ട സ്ത്രീകളെ, അവർക്കും ഒരു വരുമാനമാകുമല്ലോ എന്ന് കരുതി, പാചകത്തിനായി നിയോഗിക്കുകയും ചെയ്തു.
സൂക്ഷിച്ചു വച്ച സാലറി ഉപയോഗിച്ച് ആവശ്യം വേണ്ടുന്ന പാത്രങ്ങൾ ഒക്കെ നയന വാങ്ങിച്ചു, അല്ലാത്തവ വാടകക്ക് എടുത്തു.
ആദ്യമാദ്യം നൂല് കെട്ട്, പിറന്നാൾ ആഘോഷം എന്നിങ്ങനെ നൂറോ, നൂറ്റൻപതോ പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തു.
അതോടൊപ്പം തന്നെ,കോളേജ് ഹോസ്റ്റലിലെ പണി അവളും സഹായിയായ ചേച്ചിയും ചെയ്തു പോന്നു.
അവളുടെ മേൽനോട്ടത്തിൽ കാറ്ററിംഗ് യൂണിറ്റ് പതിയെ പതിയെ മെച്ചപ്പെട്ടു വന്നു.
സഹായികളായ സ്ത്രീകൾക്ക് സാലറി കൊടുത്തുകഴിഞ്ഞ് മിച്ചം വയ്ക്കാൻ പണം കിട്ടിത്തുടങ്ങിയതോടെ അവൾക്ക് തോന്നി ഇതാണ് തന്റെ വഴി.
എന്തിനും ഏതിനും സന്ധ്യയുടെ സപ്പോർട് കൂടി ആയതോടെ അവൾ രണ്ടും കല്പ്പിച്ച് ഹോസ്റ്റലിലെ പാചകക്കാരിയുടെ വസ്ത്രം അഴിച്ച് വച്ചു.
അവിടെ നിന്നും പോരും മുൻപ് സഹായത്തിനു നിന്ന ചേച്ചിയോട് എന്റെ കൂടെ വരുന്നുണ്ടോ എന്ന് ചോദിച്ചതേ,അവർ സമ്മതിച്ചു.
എനിക്ക് ഒരു മോളെയും, കൊച്ചുമോനെയും കിട്ടി എന്നും പറഞ്ഞവർ വിതുമ്പിയപ്പോൾ അവൾ അവരെ നെഞ്ചോടു ചേർത്ത് പിടിച്ചു.
സിറ്റിയിൽ നിന്നും അധികം ദൂരെയല്ലാത്ത ചെറിയൊരു വീട് വാടകക്ക് എടുത്ത് അവർ അങ്ങോട്ട് താമസം മാറി.
മോന് ഒരു വയസായി. അവന്റെ പിറന്നാളിന് സന്ധ്യയേയും, വൈഗ മോളെയും മാത്രമേ അവൾ വിളിച്ചുള്ളൂ.
പക്ഷെ അവളെ ഞെട്ടിച്ചു കൊണ്ട് കോളേജിലെ സന്ധ്യയുടെ കൂട്ടുകാരും, സിസ്റ്റേഴ്സും, കാറ്ററിംഗ് യൂണിറ്റിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീകളും എല്ലാവരും എത്തിച്ചേർന്നു.
മോന്റെ പിറന്നാൾ, സന്ധ്യയുടെ നേതൃത്വത്തിൽ ഗംഭീരമായി ആഘോഷിച്ചു.
**********
അവളുടെ ഭക്ഷത്തിന്റെ രുചിവൈഭവം ആളുകൾ അറിഞ്ഞു തുടങ്ങിയതോടെ, കാറ്ററിംഗ് യൂണിറ്റ്,വിപുലീകരിക്കണമെന്ന് അവൾക്ക് തോന്നി.
സാന്റോയും താനും താമസം തുടങ്ങിയ കോളനിയിലെ ചെറിയ വീട് അവൾ വിറ്റു.
ആ തുകയും, ഇത്ര നാൾ കഷ്ടപ്പെട്ട് നേടിയ തുകയും അവൾ അതിനായി ഉപയോഗിച്ചു.
പാചകം നന്നായി അറിയുന്ന കുറച്ച് സ്ത്രീകളെ കൂടി ജോലിക്ക് നിയോഗിച്ചു.
അതോടെ വിവാഹം പോലുള്ള, ആളുകൾ കൂടുന്ന പരിപാടികൾക്കും നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ അവർക്ക് സാധിച്ചു.
അവൾക്ക് ഒരുതരം വാശി ആയിരുന്നു.സ്നേഹം നൽകി വളർത്തിയ അച്ഛനെയും, അമ്മയെയും വിട്ടെറിഞ്ഞു വന്നിട്ടും,കൂടെ കൂട്ടിയവൻ പാതി വഴിയിൽ തന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
എന്നിട്ടും താൻ പിടിച്ചു നിന്നു എന്നും,നല്ല നിലയിൽ തന്നെയാണ് ജീവിക്കുന്നതെന്നും അവൻ അറിയണം.
പിന്നൊന്നു കൂടിയുണ്ട്.നാട്ടിൽ ചെന്ന് അച്ഛനെയും അമ്മയെയും കാണണം.അവരുടെ കാലിൽ വീണ് മാപ്പ് ചോദിക്കണം.
ഒരമ്മ ആയതോടെയാണ്. മാതാപിതാക്കൾ എത്ര കരുതലോടെ, എന്തെന്ത് പ്രതീക്ഷകളോടെയാണ് ഓരോ കുഞ്ഞിനേയും വളർത്തുന്നത് എന്ന് മനസിലായത്.
എന്നിട്ടും അവരെയൊക്കെ വിട്ട് ഒരുത്തനൊപ്പം ഓടിപ്പോന്ന തന്നോട് സ്വയം ചിലപ്പോൾ വെറുപ്പ് തോന്നും.
സ്വന്തമായി എല്ലാം നേടിയിട്ടേ അവരുടെ മുന്നിൽ ചെല്ലൂ.
മാസങ്ങൾ അതിവേഗം കടന്ന് പോയി.
അവൾ ടൗണിൽ തന്നെ അത്യാവശ്യം വലിയ കടമുറി വാടകക്ക് എടുത്ത്. അവിടെ ഹോട്ടൽ തുടങ്ങി. കാറ്ററിംഗ് ജോലികളും നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി
രുചികരമായ ഭക്ഷണം തേടി ആളുകൾ എക്കാലവും വരും എന്ന് അവൾക്ക് ഉറപ്പായിരുന്നു.
നാടൻ വിഭവങ്ങൾ തേടി ആളുകൾ ഏറെ ഉണ്ടെങ്കിലും. വിത്യസ്തത ഇഷ്ട്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി, പലതരം ഫാസ്റ്റ് ഫുഡും അതുണ്ടാക്കാൻ അറിയുന്ന ഷെഫിനെയും ജോലിക്ക് നിർത്തി.
ഒന്നിൽ നിന്നും നാല് ഹോട്ടലുകൾ അവൾ തുടങ്ങി
ആരോഗ്യകരമായ ജീവിതരീതി ലക്ഷ്യം വച്ച് പുതിയ പുതിയ റെസിപ്പികൾ പരീക്ഷിക്കാൻ അവൾക്ക് ഒരുപാടിഷ്ടം ആയിരുന്നു.
അതിനനുസരിച്ചു ജോലിക്കാരുടെ എണ്ണവും കൂട്ടേണ്ടി വന്നു.ആത്മാർത്ഥമായും, വൃത്തിയായും ജോലി ചെയ്യുന്നവർ അവൾക്കൊരു മുതൽക്കൂട്ട് തന്നെയായിരുന്നു.
എത്ര കഷ്ടപ്പെടാനും തയ്യാറായ അവൾക്കു മുന്നിൽ വിജയത്തിന്റെ വാതിലുകൾ ഓരോന്നായി തുറന്ന് വന്നു.
ആദ്യം വാടകക്ക് വാങ്ങിയ ഹോട്ടൽ പിന്നീട് അവൾ സ്വന്തമാക്കിയ ദിവസം അവൾക്ക് ഏറെ സന്തോഷമുള്ള ദിവസമായിരുന്നു. അതിലുപരി അഭിമാനവും.
ആ നാട്ടിൽ അവൾ എല്ലാവർക്കും സുപരിചിത ആയതോടെ.അവൾക്ക് തോന്നി,ഇനി ഇതാണ് തന്റെ നാട്.സ്വന്തമായി ഇനിയിത്തിരി മണ്ണ് വാങ്ങണം.അതിൽ ഒരു വീടെന്ന സ്വപ്നം അവൾ സന്ധ്യയുമായി പങ്കുവച്ചു.
സന്ധ്യയാണ് പറഞ്ഞത്,സ്ഥലം വാങ്ങി വീട് വയ്ക്കുമ്പോൾ അതിന് പിറകെ നടക്കേണ്ടി വരും.സമയത്ത് ജോലിക്കാരെ കിട്ടണം, പിന്നെ ദിനംപ്രതി വർധിച്ചുവരുന്ന സാധനങ്ങളുടെ വിലക്കയറ്റം.അതൊക്കെ വച്ച് നോക്കുമ്പോൾ ഒരു വീട് വാങ്ങുന്നതാണ് നല്ലത്.
ആലോചിച്ചപ്പോൾ നയനക്കും തോന്നി അതാണ് നല്ലതെന്ന്.
ടൗണിൽ നിന്നും കുറച്ച് മാറി, തിരക്കും ബഹളവും ഇല്ലാത്ത സ്ഥലത്ത് ഇരുപത് സെന്റിൽ,ആയിരത്തി എഴുന്നൂറ് സ്‌ക്വയർഫീറ്റിൽ പണി കഴിപ്പിച്ച വീട് അവൾ വാങ്ങി.
കൂടെ കൂട്ടിയ അമ്മയെപ്പോലെ തന്നെ സ്നേഹിക്കുന്ന, ചേച്ചിയും. ഒപ്പം സന്ധ്യയും , വൈഗമോളും ഒന്നിച്ച് അവൾ മോനോടൊപ്പം പുതിയവീട്ടിൽ പാല് കാച്ചി. തിളച്ചു തൂവിയ പാൽ പോലെ,നയനയുടെ മനസുമപ്പോൾ സന്തോഷത്താൽ നിറഞ്ഞു തുളുമ്പുകയായിരുന്നു.
ഇനി തനിക്ക് അച്ഛനെയും അമ്മയെയും കാണാൻ പോകണം. പറ്റുമെങ്കിൽ പാപിയായ ഈ മോളോട് ക്ഷമിക്കണം എന്ന് പറയണം.
അവർ തന്നോട് ക്ഷമിക്കും. ഇത്രനാൾ എന്താണ് വരാത്തതെന്ന് അവർ ചോദിക്കും, പരിഭവിക്കും.
അവരെ ഓർക്കും തോറും, കാണാൻ കണ്ണ് തുടിക്കുന്നു.
കൃത്യമായി, ഏറ്റം വൃത്തിയോടെ ജോലി ചെയ്യുന്നവർ ഉള്ളത് കൊണ്ട് ഇപ്പോൾ അവൾക്ക് അത്യാവശ്യം വിശ്രമിക്കാൻ , കുഞ്ഞിനോടൊപ്പം സമയം ചിലവഴിക്കാൻ, തന്റെ അഭാവാത്തിലും കുഞ്ഞിനെ ഒരു പേരകുട്ടിയെ പോലെ നോക്കുന്ന സ്ത്രീയെ പുറത്തൊക്കെ കൊണ്ടുപോകാൻ. അവർക്കൊപ്പം ചിരിക്കാൻ, സന്തോഷിക്കാൻ, പരിഭവിക്കാൻ ഒക്കെ സമയം കിട്ടുന്നുണ്ടായിരുന്നു.
അന്ന് പതിവില്ലാതെ കനത്ത വേനൽ മഴ പെയ്ത ദിവസമായിരുന്നു.
കാളിങ് ബെൽ ശബ്ദിക്കുന്നത് കേട്ട് അവൾ വാതിൽ തുറന്നു.
പുറത്ത് മഴ നനഞ്ഞു നിൽക്കുന്ന ആളെ കണ്ടതും അവൾ തറഞ്ഞു നിന്നു.
*********
തുടരും