രചന – ആയിഷ അക്ബർ
അവൾ ഉണ്ട കണ്ണുകൾ ഒന്ന് കൂടി വിടർത്തി അവനെ നോക്കി……
അവൻ അവളെ തന്നെയാണ് നോക്കുന്നതെങ്കിലും ആ മുഖത്ത് അല്പം പോലും പുഞ്ചിരിയില്ല…
ഇത് വരെ എങ്ങനെ ഉണ്ടായിരുന്നോ…. അതേ ഗൗരവം….
പിന്നെന്തിനാണ് ഇങ്ങനെയൊരു സാഹസം….
ചോദ്യങ്ങൾ അവളെ വരിഞ്ഞു മുറുക്കുമ്പോഴും അവളൊരു ശില കണക്കെ അങ്ങനെ നിന്നു…..
ഡാഹ്……
നടന്നതെന്തെന്ന സ്വബോധത്തിലേക്ക് വന്നതും ഉറഞ്ഞു തുള്ളി കൊണ്ട് സതീഷൻ അവന് നേരെ പാഞ്ഞു ചെന്നു……
അർജുൻ അവനിലേക്ക് തിരിഞ്ഞ ആ നിമിഷം തന്നെ അവന്റെ കാല് സതീശന്റെ നെഞ്ചിൽ പതിച്ചിരുന്നു …….
സതീശൻ അല്പം പിറകിലേക്ക് നീങ്ങി വീണപ്പോഴും അവന്റെ രോഷം അടങ്ങിയിരുന്നില്ല..
അവൻ വീണ്ടും കയ്യുയർത്തി അർജുന് നേർക്ക് എഴുന്നേറ്റ് വന്നതും അവന്റെ കൈ അർജുന്റെ ബലമേറിയ കൈകൾക്കുള്ളിൽ കിടന്നു ഞെരുങ്ങി……
അവനെ അവിടെയുള്ള ചുവരിലേക്ക് ചേർത്ത് നിർത്തി കൈ മടക്കി അവന്റെ ചങ്കിൽ തന്നെ വെച്ചതും തിരിച്ചൊന്നും ചെയ്യാൻ കഴിയാതെ സതീശനങ്ങനെ നിന്നു…..
ഇനി…. അവളുടേ ദേഹത്തു നിന്റെ നിഴലെങ്ങാൻ പതിഞ്ഞെന്ന് ഞാനറിഞ്ഞാൽ…..
അർജുനൊന്ന് കൂടി വരും നിന്നെ കാണാൻ…..
ആ കാണൽ ചിലപ്പോൾ നിനക്ക് താങ്ങിയെന്ന് വരില്ല……
സതീശന്റെ മുഖത്തിനോട് മുഖം ചേർത്ത് വെച്ച് അർജുൻ അടക്കി പിടിച്ചു കൊണ്ടത് പറയുമ്പോൾ മറ്റാരും കേട്ടില്ലെങ്കിലും അത് സതീശന് വളരേ വ്യക്തമായിരുന്നു….
എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാണ്….
ഇന്നലെ വരെ ഇവൾ നിങ്ങൾക്ക് ആരോ ആയിരിക്കട്ടെ…..
ഇന്ന് എന്റെ ഭാര്യയാണ്….
സുധയെ നോക്കി അർജുൻ അതും കൂടി പറഞ്ഞ ശേഷം അഞ്ജലിയുടെ കൈ തണ്ടയിൽ പിടിച്ചു…..
അവൾക്കിത് സ്വപ്നമാണോ എന്ന് വരെ തോന്നി പ്പോയി…..
കാരണം സ്വപ്നത്തിൽ മാത്രമേ ഒരു രക്ഷകനേ താൻ കണ്ടിട്ടുള്ളു…
മംഗലത് വീട്ടിലെ ചെക്കനെ സ്വപ്നം കാണാൻ നിനക്കെന്ത് അർഹതയെന്ന് ചോദിച്ച അവനാണ് ഇന്ന് തന്നേ ഭാര്യ യെന്ന് വിശേഷിപ്പിച്ചത്…..
എന്തായിരിക്കും ഇതിനു പിന്നിലെ കാരണം……
അവൾ ചിന്തകളോടെ അവന്റെ കൂടെ നടക്കുന്നത് യാന്ദ്രികമായായിരുന്നെങ്കിൽ കൂടി അവന്റെ കൈകൾക്കുള്ളിൽ തന്റെ കൈ അങ്ങേയറ്റം സുരക്ഷിതമായി തോന്നിയിരുന്നവൾക്ക്……
അർജുന്റെ കൈ പിടിച് അമ്പല പടികളിറങ്ങി പോകുന്ന അഞ്ജലിയെ നോക്കി സുധയും മായയും സതീശനും അങ്ങനെ നിന്നു……
കാറിനരികിലെത്തിയതും അവൻ അവളുടേ കയ്യിലെ പിടുത്തം പതിയേ വിട്ട് കാറിന്റെ ഡോർ തുറന്ന് കൊടുത്തു…….
അപ്പോഴും ആ മുഖത്ത് നിറഞ്ഞു നിന്ന ഗൗരവത്തിൽ നിന്നും തന്നിലുള്ള ഒരു ചോദ്ധ്യത്തിനും ഉത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല അഞ്‌ജലിക്ക്……
ആ കാറ് അവിടെ നിന്നും നീങ്ങി തുടങ്ങുമ്പോൾ അവളുടേ ഉള്ളം വിറക്കുന്നുണ്ടായിരുന്നു..
അഭിമുഖീകരിക്കേണ്ട ആളുകളും നേരിടേണ്ട ചോദ്യങ്ങളും അർജുന്റെ മനസ്സിൽ നിറഞ്ഞു വെങ്കിലും അതിനേക്കാളൊക്കെ മേലെ അവളെ താൻ സ്വന്തമാക്കി എന്ന ആശ്വാസം തന്നെയായിരുന്നു അവനെ കീഴ്പ്പെടുത്തിയത്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തറവാടിന്റെ മുമ്പിൽ അവരുടെ കാറ് ചെന്ന് നിൽക്കുമ്പോൾ താലി കെട്ട് കഴിഞ്ഞ് വന്ന അരുണും ഭാര്യയും അകത്തേക്ക് കയറാൻ നിൽക്കുകയാണ്….
സുകന്യ നില വിളക്കുമായി പുഞ്ചിരിയോടെ അവരെ സ്വീകരിക്കാനെന്ന വണ്ണം ഉമ്മറത്തു തന്നെ നിൽപ്പുണ്ട്…….
കാറിൽ നിന്നിറങ്ങിയ അർജുന് നേരെ ആദ്യം നോക്കിയത് ഗോപിയാണ് ……
അവൻ ഇറങ്ങിയ ഉടൻ തന്നെ കോ ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തേക്ക് പോയി ആ ഡോർ അവൾക്കായി തുറക്കുമ്പോൾ എല്ലാവരും അവനെ യൊന്നു നോക്കി….
ഇറങ്……
അവനത് പറഞ്ഞതും അഞ്ജലി വിറക്കുന്ന കാലുകൾ കൊണ്ട് മംഗലത്തെ മണ്ണിൽ തൊട്ടു….
എല്ലാവരും ഒരു പോലെ സ്തംഭിച്ചു പോയ ആ നിമിഷം…..
ഒരോരുത്തരുടെയും മുഖത്തേക്ക് നോക്കിയ അർജുന് അല്പം വെപ്രാളം തോന്നിയെങ്കിലും അതിനേക്കാൾ ഒത്തിരി മുകളിലായിരുന്നു അവൾക്ക് തന്നിലുള്ള സ്ഥാനം……
ഗോപിയും ജയനും ഞെട്ടിയ അതേ നിമിഷം അവരുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു…..
സുകന്യയും ശോഭയും എല്ലാം അവരെ നോക്കിയങ്ങനെ നിന്നു പോയി…..
അവളെക്കാളേറെ അവളുടേ കഴുത്തിൽ കിടക്കുന്ന താലിയിലായിരുന്നു ഇരുവരുടെയും മിഴികൾ പതിച്ചത്…….
കിരണും ഭാര്യ താരയും ഒന്നവരിലേക്ക് നോക്കി….
അഞ്ജലിയേ കണ്ടതും കിരണിന്റെ മുഖം പെട്ടെന്ന് മാറിപ്പോയിരുന്നു…..
ഇവള്ടെ കല്യാണമല്ലേ ഇന്ന്…..
കല്യാണം കഴിഞ്ഞ് ഇവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നതെന്തിനാ നീ……
അർജുന് പിറകിലേക്ക് ഒതുങ്ങി നിൽക്കാൻ ശ്രമിക്കുന്ന അഞ്ജലിയെ നോക്കി ഗോപിയത് ചോദിക്കുമ്പോൾ താനാണ് അവളെ വിവാഹം കഴിച്ചതെന്ന് അവർ സംശയിക്കുന്നത് പോലുമില്ലെന്ന് അർജുന് മനസ്സിലായി….
സതീശനുമായുള്ള വിവാഹം കഴിഞ്ഞിട്ടും അവളെ രക്ഷപ്പെടുത്തി കൊണ്ട് വരികയായിരിക്കാം എന്ന് മാത്രമേ ചിന്തിക്കുന്നുണ്ടാവു….
അത് ചിന്തിക്കുമ്പോൾ പോലും ഇത്ര അരിശമാണെങ്കിൽ ഇവൾ തന്റെ ഭാര്യ യാണെന്ന് പറഞ്ഞാൽ എന്താകുമെന്ന് അവനൂഹിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല……
അർജുൻ…. നിന്നോടാ ചോദിച്ചത്…..
ഇവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നതെന്തിനാണെന്ന്….
അമ്മയെ പോലെ നീയും തുടങ്ങിയോ…….
ഓരോരുത്തരെയും അവരവരൂടെ സ്ഥാനത് നിർത്തണം….ഇവളെ പറഞ്ഞു വിടുന്നുണ്ടോ നീ….
ജയൻ ദേഷ്യത്തോടെ അത് ആവർത്തിക്കുമ്പോൾ അർജുന് സത്യം പറയാനുള്ള ധൈര്യം തോന്നിയിരുന്നില്ല..
അവൻ ഉമി നീരോന്നിറക്കി……
ഞാൻ താലി കെട്ടിയ പെണ്ണിനെ എന്റെ കൂടെയല്ലാതെ പിന്നെ ആരുടെ കൂടെ വിടണം ഞാൻ…..
മനസ്സിൽ കുമിഞ്ഞു കൂടിയ ഭീതിയെ സമർത്ഥമായി മറച്ചു കൊണ്ടവന്നത് ചോദിക്കുമ്പോൾ എല്ലാവരും ഒരു പോലെ ഞെട്ടി തരിച്ചു നിന്നു പോയി……
അഞ്‌ജലിക്ക് ഹൃദയത്തിലെന്തോ ഒരു തണുപ്പിരച്ചെത്തും പോലെ തോന്നി…..
അവൾ പതിയേ അവനെയൊന്ന് നോക്കി….
ആ മുഖത്ത് പറ്റി പിടിച്ച ഗൗരവത്തിന് പോലും വല്ലാത്തൊരു ഭംഗിയായി തോന്നിയിരുന്നവൾക്കപ്പോൾ….
അരുൺ കേട്ടത് വിശ്വസിക്കാനാവാതെ അങ്ങനെ നിന്നു…..
എന്താ നീ പറഞ്ഞത്….
ഗോപി അതും ചോദിച്ചവന്റെ നേർക്ക് വന്നു……
ഞാൻ പറഞ്ഞത് സത്യമാ…..
ഞങ്ങളുടെ വിവാഹം കഴിഞ്ഞു……
മംഗലത്തേക്ക് എനിക്കും എന്റെ ഭാര്യക്കും പ്രവേശനമില്ലെന്നാണെങ്കിൽ ഞങ്ങളിപ്പോ ഇവിടെ നിന്ന് ഇറങ്ങിക്കോളാം…
കെട്ടിയ പെണ്ണിനെ നോക്കാനുള്ള ഉശിരിന്നെനിക്കുണ്ട്…..
ഞാൻ ഇപ്പൊ വന്നത് മുത്തശ്ശിയെ കാണാനാ…..
അർജുൻ അത്രയും പറഞ് നിർത്തിയപ്പോഴേക്കും ജയന്റെയും ഗോപിയുടെയും ഭാവം മാറിയിരുന്നു…..
തറവാടിന്റെ അന്തസ്സിന് നിരക്കാത്ത പണിക്ക് നിന്നാൽ കൊന്ന് കളയും പന്നി…….
തൊട്ട് പോകരുതവനെ…..
ജയൻ ദേഷ്യത്തോടെ അതും പറഞ്ഞവന് നേരെ കയ്യൊങ്ങിയതും ഉമ്മറത്ത് നിന്നുള്ള ആ ശബ്ദം അവരെ പിടിച്ചു നിർത്തിയിരുന്നു…..
മുഖത്തേക്ക് നോക്കാതെ തന്നെ മുത്തശ്ശിയുടെ ആ ശബ്ധം അവൻ തിരിച്ചറിഞ്ഞു……
അവൾക്കും അല്പം ആശ്വാസം തോന്നി…..
അവന് അവന്റെ ഇഷ്ടത്തിന് ഒരു വിവാഹം കഴിച്ചെങ്കി അവളെ പോറ്റാൻ അവനറിയാം….
തറവാട്ട് മഹിമ നീയവന് മുമ്പിൽ വിളമ്പണ്ട…..
അവൻ മംഗലതെയല്ല…. അതിനേക്കാൾ എത്രയോ വലിയ കിഴിശ്ശേരി തറവാട്ടുകാരനാ……
നിന്റെ ദുരഭിമാനം കൊണ്ട് നീയവനെ ഭരിക്കാൻ ചെല്ലേണ്ട…..
മുത്തശ്ശി അത് പറഞ്ഞതും ജയന്റെ കയ്യിൽ മറുത്തൊരു വാക്കുണ്ടായിരുന്നില്ല……
അയാൾ ദേഷ്യം കടിച്ചമർത്തി മൗനത്തെ കൂട്ട് പിടിച്ചു….
മുത്തശ്ശി അർജുനെയും അവന്റെ പിറകിൽ നിൽക്കുന്ന അഞ്ജലിയെയും ഒന്ന് നോക്കി…
പിന്നീട് സുകന്യയുടെ കയ്യിൽ നിന്ന് ആ നിലവിളക് വാങ്ങി അഞ്ജലിയുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ ആ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു….
അങ്ങേയറ്റം മനസ്സ് തണുത്തൊരു പുഞ്ചിരി..
(തുടരും)

by