19/04/2026

ശിവാത്മിക : ഭാഗം 52

രചന – ശിവനന്ദ

ഒരു സുന്ദരസ്വപ്നത്തിൽ നിന്നുണരുന്നത് പോലെ അമ്മു കണ്ണ് തുറന്നു.ആദ്യം തന്നെ നോട്ടം എത്തിയത് ആ പൊൻകുരിശിലേക്കാണ്.. രാത്രിയിൽ തന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങിയ ആളുടെ നെഞ്ചിലെ ചൂടുപറ്റിയാണ് താനിപ്പോൾകിടക്കുന്നത്.. എന്നാലും ഇതെപ്പോൾ മാറി കിടന്നു??? അതോർക്കുമ്പോഴേക്കും അവളെ വലയം ചെയ്തിരുന്ന ആൽബിയുടെ കൈയൊന്ന് അനങ്ങി.. അവൻ ഉണരാൻ പോകുവാണെന്ന് മനസ്സിലായതും അമ്മു കണ്ണടച്ച് ചെറുചിരിയോടെ ഒന്നുകൂടി അവനിലേക്ക് ചേർന്നുകിടന്നു.

കണ്ണ് തിരുമ്മി കുറച്ചുനേരം ഉറക്കത്തിന്റെ ആലസ്യത്തിൽ അവൻ കിടന്നു..പിന്നെ കണ്ണുചിമ്മി തന്നിലേക്ക് ചേർന്നുകിടക്കുന്നവളെ നോക്കി.അത്രമേൽ പ്രണയത്തോടെ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു..അവളുടെ ചൊടികളിൽ വിരിഞ്ഞ പുഞ്ചിരി കണ്ടതും ആൽബി അവളുടെ കവിളിൽ ഒന്ന് നുള്ളി.. കപടദേഷ്യത്തോടെ പെണ്ണ് തലയുയർത്തി നോക്കി. “എടി കള്ളി..അപ്പോൾ ഉണർന്നുകിടക്കുവായിരുന്നു അല്ലേ… ” “അതുപിന്നെ… ഇച്ചനെ ശല്യം ചെയ്യണ്ടെന്ന് കരുതി..” “ആണോ.. എന്നാൽ നമുക്ക് ഇന്നലത്തതിന്റെ ബാക്കി അങ്ങ് തുടങ്ങിയാലോ”

“എന്ത്??” “ഫസ്റ്റ് മോർണിംഗ്…” “അയ്യടാ…” തന്നിലേക്ക് അടുത്തുവരുന്ന അവന്റെ മുഖത്ത് ഒരു തട്ട് കൊടുത്തുകൊണ്ട് അമ്മു എഴുന്നേറ്റു. “അതേ..ഈ കോലത്തിൽ പുറത്തേക്കൊന്നും ഇറങ്ങി പോയേക്കല്ലേ” “ഏത്‌ കോലത്തിൽ??” ആൽബിയുടെ കള്ളനോട്ടവും ചിരിയും കണ്ട് അമ്മു സംശയത്തോടെ സ്വയമൊന്ന്പ രിശോധിച്ചു. പെട്ടെന്ന് തന്നെ “അയ്യേ”ന്ന് പറഞ്ഞുകൊണ്ട് സ്ഥാനം മാറി കിടന്ന പുതപ്പ് നെഞ്ചിലേക്ക് വലിച്ചിട്ട് അവൾ അവനെ നോക്കി.. അപ്പോഴേക്കും ആൽബി അവളെ കട്ടിലിലേക്ക് പിടിച്ച് കിടത്തി അവൾക്ക് മുകളിലായി വന്നു.പുതപ്പിൽ അവന്റെ പിടി വീണതും അവൾ കണ്ണിറുക്കിയടച്ചു.. താൻ കെട്ടിയ മിന്നിലേക്ക് അവൻ അത്രമേൽ ഇഷ്ടത്തോടെ നോക്കി.. പിന്നെ അതിൽ അമർത്തി ചുംബിച്ചു..നഗ്നമായ നെഞ്ചിൽ അവന്റെ മീശ തട്ടിയതും പൊള്ളിപ്പിടഞ്ഞുകൊണ്ട് അവൾ ശ്വാസം ഉള്ളിലേക്ക് എടുത്തു..

കുറച്ച് സമയം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാത്തതിനാൽ അമ്മു മെല്ലെ കണ്ണ് തുറന്നുനോക്കി.. തന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കുറുമ്പൊടെ നോക്കി കിടക്കുന്നവനെ കണ്ടതും അവൾ അവനെ തള്ളിമാറ്റി എഴുനേൽക്കാൻ ശ്രമിച്ചു.. എന്നാൽ അവൻ അത് തടഞ്ഞു. “ഇന്നലെ ഈ നാണമൊക്കെ ഞാൻ മാറ്റിയതാണല്ലോ… മ്മ്മ്..” “വിട് ഇച്ചാ… പ്ലീസ്..” “പറയടി പെണ്ണേ…എന്ത് പറ്റി??” “അത്..ഇന്നലത്തെ ആ മൂഡിൽ…”n “ഓഹോ…എന്നാൽ ഒന്നുംകൂടി ആ മൂഡ് ക്രിയേറ്റ് ചെയ്താലോ” അവളിലേക്ക് ഒന്നുകൂടി അവൻ അടുത്തതും പെട്ടെന്ന് എന്തോ ഓർത്തത് പോലെ അമ്മു അവന്റെ നെഞ്ചിൽ കൈ വെച്ച് തടഞ്ഞു.

“നമുക്കിന്ന് ഒരു സ്ഥലത്ത് പോകാനുള്ളതാ..10 മണിക്ക് മുൻപ് ഇറങ്ങണം..മാറ് ഇച്ചാ” “എവിടെക്കാ??”
“അതൊക്കെ പറയാം…ഇച്ചൻ ഒന്ന് എഴുന്നേൽക്ക്” “10മണിക്ക് മുൻപ് പോയാൽ പോരേ..അതിന് ഇനിയും ഒരുപാട് സമയമുണ്ട്…അതുവരെ..” “അതുവരെ???” അവൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി..ആ നോട്ടം പോലും തന്നിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് അമ്മു അറിഞ്ഞു. “നഷ്ടപ്പെടുത്തിയ ഓരോ നിമിഷത്തിന്റെയും നൂറിരട്ടിയായി എനിക്ക് സ്നേഹിക്കണം” “അത്രയ്ക്ക് ജീവനാണോ ഞാൻ??” “ആ ചോദ്യത്തിന് പോലും പ്രസക്തി ഇല്ലെന്ന് നിനക്ക് അറിയാലോ..അതുകൊണ്ടല്ലേ നീ എന്നിലേക്ക് തന്നെ എത്തിച്ചേർന്നത്.”

“ഇച്ചൻ എന്നിൽ പ്രണയമായി മാറിയെന്ന തിരിച്ചറിവിൽ സന്തോഷത്തിന് പകരം പേടിയാണ് തോന്നിയത്.. അർഹിക്കാത്തത് ആഗ്രഹിക്കുന്നതിനപ്പുറം ഇച്ചന്റെ പ്രതികരണം ഓർത്ത്..” “ഇനിയീ അർഹതയുടെ കാര്യം മിണ്ടിപോകരുത്. എനിക്കുവേണ്ടി ജനിച്ചവളാണ് നീ..അല്ലെങ്കിൽ പിന്നെ നിന്നെപോലൊരു നാടൻപെണ്ണിൽ ഞാൻ വീണുപോകുമായിരുന്നോ??” “ഓ അപ്പോൾ മോഡേൺ പെണ്ണിനെ കെട്ടാനായിരുന്നു ആഗ്രഹം..അല്ലേ” “അതെങ്ങനെ ശരിയാകും..ജെറി പറയുന്നത് പോലെ ഈ താന്തോന്നിക്ക് ചേർന്നത് ഈ തൊട്ടാവാടി അല്ലേ..ഇനിയീ ജന്മം മുഴുവൻ എന്റെ പ്രണയം ഇതുപോലെ നിന്റെ നെറുകയിൽ ചുവന്ന് കിടക്കണം”

പാതിമാഞ്ഞ സിന്ദൂരത്തിൽ മുത്തികൊണ്ടവൻ പറയുമ്പോൾ അവളിലും ആ പ്രാർത്ഥന ആയിരുന്നു. “ഈ ജന്മം മാത്രമല്ല..ഇനിയുള്ള എല്ലാ ജന്മവും” പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു തീർത്തതും കഴുത്തിടുക്കിലേക്ക് അവൻ മുഖം പൂഴ്ത്തിയിരുന്നു..ടാറ്റൂ ചെയ്ത മുതുകിൽ അവളുടെ നീളൻ വിരലുകളാൽ അമർത്തി പിടിക്കുമ്പോൾ…ആ ഓരോ സ്പർശനവും അവന്റെ ആവേശം വർധിപ്പിച്ചു…. ഏതാനും നിമിഷങ്ങൾക്കൊടുവിൽ തന്റെ പ്രണയം വീണ്ടും അവൾക്ക് പകർന്നുനൽകികൊണ്ട് അവൻ അവളിൽ നിന്നകന്നു.അപ്പോഴും കിതപ്പ് മാറാതെ കിടക്കുന്നവളെ തലയ്ക്കു കൈയൂന്നി അവൻ നോക്കി കിടന്നു..ചുണ്ടിൽ അതേ കള്ളചിരിയുമായി….

ജെറി ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മുവും ആൽബിയും ഇറങ്ങി വന്നത്. “നീയെന്താ ഇത്ര നേരത്തെ??” “നേരത്തെയോ?? ഇവിടെ എല്ലാവരും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്ന സമയമായി ഇച്ചായ” കുസൃതിചിരിയോടെയുള്ള ജെറിയുടെ മറുപടി കേട്ട് കത്രീനാമ്മയും ചിരിയടക്കി നിന്നു..ചമ്മൽ മറച്ചുവെച്ച് ആൽബി ജെറിയുടെ അടുത്തിരുന്നു.അപ്പോഴേക്കും അവനുള്ള ഫുഡുമായി അമ്മു എത്തി.. “ഹോ എത്ര നാളായി ഇടിയപ്പവും ബീഫ് റോസ്റ്റും കഴിച്ചിട്ട്” “അതുപോലെ തന്നെ എത്ര നാളായി എന്റെ മോന്റെ മുഖത്ത് ഈ സന്തോഷം കണ്ടിട്ട്” “ദേ അമ്മച്ചി…എല്ലാ പ്രശ്നങ്ങളുടെയും തുടക്കം അമ്മച്ചിയുടെ ഒരൊറ്റ ഡയലോഗ് ആണെന്ന് മറക്കരുത്.എന്നിട്ട് അവസാനം ഇവരുടെ കൂടെ കൂടി അമ്മച്ചിയും എനിക്കിട്ട് പണിഞ്ഞല്ലോ”

“അതിന് ഞാൻ അറിഞ്ഞോ നിന്നോടുള്ള ഇഷ്ടം മനസ്സിൽ വെച്ചിട്ട അമ്മു മോള് അങ്ങനെയൊക്കെ ചോദിച്ചതെന്ന്..ഞാൻ പറഞ്ഞത് ശരിയാ..ബിസിനെസ് നോക്കുന്ന മരുമകളെ ആണ് ആഗ്രഹിച്ചത്..എന്നുകരുതി നിങ്ങളുടെ ഇഷ്ടത്തിന് ഞാൻ എതിര് നിൽക്കുമായിരുന്നോ..” “ഹ്മ്മ്മ്..എന്റെ പെണ്ണിനെ എനിക്ക് തന്നെ കിട്ടിയത് കൊണ്ട് അമ്മച്ചിയോട് ഞാൻ ക്ഷമിച്ചിരിക്കുന്നു..” “ഒന്ന് പോടാ…അല്ല അത് പറഞ്ഞപ്പോഴാ ഓർത്തത്..നിങ്ങൾക്ക് ടൗൺ ഹാളിൽ പോകണ്ടേ” “ടൗൺ ഹാളിൽ എന്താ?? 10മണിക്ക് മുൻപ് ഇറങ്ങണമെന്ന് ഇവളും പറഞ്ഞു..സത്യം പറ അമ്മച്ചി..ഇതും എനിക്കുള്ള ട്രാപ് ആണോ??” “ട്രാപ് ഒന്നുമല്ല ഇച്ചാ..ഒരു സർപ്രൈസ് കൂടി ബാക്കിയുണ്ട്..അത് നേരിട്ട് കാണുമ്പോൾ അറിഞ്ഞാൽ മതി..ഞാൻ പോയി റെഡി ആകട്ടെ”

അമ്മു മുകളിലേക്ക് പോയതും ആൽബിയുടെ നോട്ടം ജെറിയിലേക്കായി..ഞാനൊന്നും അറിഞ്ഞില്ലേ എന്നാ ഭാവത്തിൽ അവൻ നൈസ് ആയിട്ട് അവിടെ നിന്നും എഴുന്നേറ്റു. അമ്മുവും ആൽബിയും റെഡി ആയി ഇറങ്ങിയപ്പോൾ ജെറി ഫോണിൽ എന്തോ നോക്കികൊണ്ട് ചാരുപടിയിൽ ഇരിപ്പുണ്ട്. “നീ വരുന്നില്ലേ??” “ഞാൻ ബൈക്കിൽ വന്നോളാം അമ്മു..നിങ്ങൾ യുവമിഥുനങ്ങൾക്കിടയിൽ ഞാൻ എന്തിനാ കട്ടുറുമ്പ് ആകുന്നത്”
“വല്യ ത്യാഗി ആകാതെ ഇങ്ങോട്ട് വാ ചെക്കാ” ആൽബി അവനെ പിടിച്ച് വലിച്ച് ഇറക്കിയതും അമ്മു പിന്നിലെ ഡോർ തുറന്നു..എന്നാൽ അവളെ നിർബന്ധിച്ച് മുന്നിൽ ഇരുത്തിയിട്ട് ജെറി ബാക്കിൽ കയറി. “ഈ യാത്രയോടു കൂടി മൂന്ന് വർഷത്തെ നാടകത്തിന് പൂർണമായും തിരശീല വീഴുന്നു.” പിന്നിലിരുന്ന് ജെറി പറഞ്ഞതും മിററിലൂടെ ആൽബി അവനെ കൂർപ്പിച്ച് നോക്കി.

“അല്ല ഇച്ചാ.. അന്ന് ആ ഡയറി കാണാതായിട്ട് ഇച്ചൻ അന്വേഷിച്ചില്ലേ??” “റൂം ഫുൾ ഞാൻ നോക്കിയതാ.പിന്നെ അമ്മച്ചിക്ക് വയ്യാതായതിന്റെ ടെൻഷനിൽ എങ്ങോട്ടെങ്കിലും വെച്ചതായിരിക്കുമെന്ന് കരുതി”…. “കോമഡി അതല്ല അമ്മു.. ഡയറി അന്വേഷിച്ച് ഇച്ചായൻ എന്റെ അടുത്തും വന്നിരുന്നു” “ഞാൻ അറിഞ്ഞോ നീ ഉടായിപ്പിന്റ്റെ ഉസ്താദ്‌ ആണെന്ന്.. കുരിശ് കള്ളാ” “ദേ ഇച്ചായ.. ഞാൻ അത് കട്ടെടുത്തത് ഒന്നുമല്ല.. ബർത്ത്ഡേ ബോയ് റെഡി ആയോന്ന് നോക്കാൻ വന്നപ്പോൾ വാതിലിന്റെ അടുത്ത് കിടന്നു കിട്ടിയതാ” “മ്മ്മ് മ്മ്മ്…” “മതി മതി.. ഇനി അതിന്റെ പേരിൽ എന്റെ ജെറിയെ ഒന്നും പറയണ്ട..എന്തായാലും ഇച്ചന്റെ അത്രയും കള്ളൻ അല്ല ഇവൻ.. കിച്ചേട്ടനെയും ദേവുവിനെയും മുൻനിർത്തി എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതല്ലേ.. അത്രയും കള്ളത്തരം ഒന്നും ഇവൻ കാണിച്ചിട്ടില്ല”

“പക്ഷെ ആ കാര്യത്തിൽ ഇച്ചായനെക്കാൾ മിടുക്കി അമ്മു തന്നെയാണ്.. അവിടെ കിച്ചൂട്ടായിയും ദേവുവും ആയിരുന്നെങ്കിൽ ഇവിടെ ഞാൻ ആയിരുന്നു സഹായി” “നീയോ?? മനസിലായില്ല” “ഓഹോ അപ്പോൾ ആ കഥയൊന്നും ഇവൾ പറഞ്ഞു തന്നില്ലേ..മ്മ്മ്.. അത് വേറൊന്നുമല്ല ഇച്ചായ..ഇച്ചായനെ ഒറ്റക്ക് ആക്കരുതെന്നും എപ്പോഴും കൂടെ തന്നെ ഉണ്ടായിരിക്കണമെന്നും പറഞ്ഞ് എന്നെ ശല്യം ചെയ്യലായിരുന്നു ഇവളുടെ മെയിൻ പണി..ടീനൂച്ചിയും കൂടി പോയതോടെ തളർന്നുപോയ ഇച്ചായനെ ഉത്തരവാദിത്തപ്പെട്ട ഒരു ബിസിനസുകാരനായി മാറ്റണമെന്നതും ഇവളുടെ ആവശ്യം ആയിരുന്നു.. അത് മാത്രമല്ല.. കഴിഞ്ഞ പിറന്നാളിന് ഇച്ചായൻ ഇട്ട ഡ്രസ്സ്‌ പോലും ഇവൾ വാങ്ങിയതാ”

അത്ഭുതത്തോടെ ആൽബി അമ്മുവിനെ നോക്കിയതും അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.. അവളുടെ നെറുകയിൽ അവൻ ചുണ്ട് ചേർത്തതും ആ സന്തോഷം ജെറിയുടെ കണ്ണ് നിറച്ചു. ടൗൺ ഹാളിലെ തിരക്ക് കണ്ട് ആൽബി ചുറ്റും നോക്കി..ചില പരിചയക്കാരെയൊക്കെ അവൻ ആ കൂട്ടത്തിൽ കണ്ടെങ്കിലും ഫങ്ക്ഷൻ എന്താണെന്ന് അവന് മനസിലായില്ല. “അമ്മൂട്ടീ… നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്??”…. “ഇന്ന് ചന്തുവേട്ടന്റെ എൻഗേജ്മെന്റ് ആണ്” “ഏഹ്ഹ്…അത് നിങ്ങൾ ചുമ്മാ പറഞ്ഞതല്ലേ” “അല്ല ഇച്ചായ.. ഇന്ന് ശരിക്കും ചന്തുവിന്റെ നിശ്ചയമാണ്.. പെണ്ണ് ഇവളാണെന്ന് പറഞ്ഞത് മാത്രമാ കള്ളം”

“ആരാ അവന്റെ പെണ്ണ്??” “ദേ നോക്ക്” അമ്മു പറഞ്ഞതും ആൽബി സ്റ്റേജിലേക്ക് നോക്കി..ചന്തുവിന്റെ അടുത്തുനിൽക്കുന്ന പെൺകുട്ടിയെ കണ്ട് ആൽബി ഞെട്ടിപോയി.. “എടി.. ഇത്… ഇതാ കൊച്ചല്ലേ..നിന്റെ കൂടെ പഠിച്ച??” “മ്മ്മ്.. അവൾ തന്നെ.. പൂജ” അപ്പോഴേക്കും പൂജയും ചന്തുവും അവരുടെ അടുത്തേക്ക് എത്തി. “സോറി ഇച്ചായ..ഇന്നലെ കല്യാണത്തിന് വരാൻ പറ്റിയില്ല..അറിയാലോ തിരക്ക് ആയിരുന്നു.. അടുത്തായത് കൊണ്ട് ചന്തുവേട്ടന് റിസപ്ഷന് എങ്കിലും വരാൻ പറ്റി” പൂജ പറയുമ്പോഴും ആൽബി കിളി പോയ അവസ്ഥയിൽ നിൽകുവായിരുന്നു.. മോതിരം മാറലും ഫോട്ടോ എടുപ്പും ഫുഡ് കഴിയ്ക്കലും കഴിഞ്ഞ് ഇറങ്ങിയിട്ടും ആൽബിയുടെ ഞെട്ടൽ മാറിയിട്ടില്ലായിരുന്നു. അവന്റെ അവസ്ഥ കണ്ട് അമ്മു തന്നെ എല്ലാം വിശദീകരിച്ച് കൊടുത്തു.

“പൂജ +1ൽ പഠിക്കുമ്പോഴാണ് കസിൻ ചേട്ടന്റെ ഫ്രണ്ടായ ചന്തുവേട്ടനെ പരിചയപെടുന്നതും അവൾക്ക് പ്രണയം തോന്നുന്നതും..ചന്തുവേട്ടനെ കാണാൻ വേണ്ടിയാണ് അവൾ ആ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തത്.. പക്ഷെ നിർഭാഗ്യവശാൽ അവൾ പ്രണയം പറയാനിരിക്കുമ്പോഴാണ് ചന്തുവേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറയുന്നത്… എനിക്കും തിരികെ ഇഷ്ടമുണ്ടെന്ന് കരുതി എന്നോട് പോലും അവൾ ഒന്നും പറഞ്ഞില്ല.. ഒറ്റക്ക് ഇരുന്ന് കരഞ്ഞു..പിന്നീട് ഞാൻ ഹോസ്റ്റലിൽ എത്തിയതിന് ശേഷം ഇച്ചനെ കുറിച്ച് പറഞ്ഞപ്പോഴാണ് അവൾക് ജീവൻ തിരികെ കിട്ടിയത്.എന്നാൽ ഇഷ്ടം ചന്തുവേട്ടനെ അറിയിക്കാനുള്ള ധൈര്യം അവൾക് ഇല്ലായിരുന്നു..അവസാനം നമ്മുടെ കാര്യം ചന്തുവേട്ടനോട് പറഞ്ഞ കൂട്ടത്തിൽ പൂജയുടെ കാര്യവും ഞാൻ പറഞ്ഞു..പാവം ചന്തുവേട്ടൻ..ആകെ വട്ട് പിടിച്ച അവസ്ഥയിൽ ആയിരുന്നു.. പിന്നെ പൂജയെ കണ്ട് എല്ലാം സംസാരിച്ച് ഓക്കേ ആക്കി..അവരുടെ കല്യാണം ഫിക്സ് ചെയ്ത കാര്യം പറയാനാ ചന്തുവേട്ടൻ അന്ന് വീട്ടിൽ വന്നത്.”

എല്ലാം കേട്ട് ഇരുന്നതല്ലേ ആൽബി ഒന്നും പറഞ്ഞില്ല. “ഇച്ചനെന്താ ഒന്നും മിണ്ടാത്തത്??” “ഏയ്‌..എല്ലാവരും കൂടി എന്നെ വട്ട്കളിപ്പിച്ചത് ഓർത്തുപോയതാ” “ഒരു നല്ല കാര്യത്തിന് അല്ലായിരുന്നോ ഇച്ചായ..ക്ഷമി..” “ഇനി ഞാൻ അറിയാത്തത് എന്തെങ്കിലും ഉണ്ടോ??” “ഇല്ല ഇച്ചാ..ഇത് ലാസ്റ്റ് ആയിരുന്നു” അമ്മുവിന്റെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്തുകൊണ്ട് ആൽബി ഡ്രൈവ് ചെയ്തു.കളരിയ്ക്കൽ അപ്പോൾ കിച്ചനും ദേവുവും ദച്ചുവും ഉണ്ടായിരുന്നു.ജെറിയെ കണ്ടതും ദച്ചു അവന്റെ മേലേക്ക് ചാടി. “കുഞ്ഞിചെക്കന് ജെറിയോടാണ് അടുപ്പം” …. “അതങ്ങനെയാ അമ്മച്ചി.. കുഞ്ഞുങ്ങൾക്ക് അവരെപ്പോലെ നിഷ്കളങ്കരായവരെയാ ഇഷ്ടം..അല്ലേടാ കള്ളാ” കുഞ്ഞിന്റെ വയറിൽ ഉമ്മവെച്ച് അവൻ ഇക്കിളിപെടുത്തിയതും ചെക്കൻ കുടുകുടെ ചിരിക്കാൻ തുടങ്ങി.

“അമ്മൂസേ…” പേടിച്ച് പേടിച്ചാണ് ദേവു അമ്മുവിന്റെ അടുത്തേക്ക് വന്നത്.അമ്മു പുരികം ഉയർത്തി നോക്കിയതും ദേവു ചുണ്ടുപിളർത്തി. “ഇച്ചായൻ സത്യം ചെയ്യിപ്പിച്ചത് കൊണ്ടാ ഞാൻ ഒന്നും പറയാതിരുന്നത്..സോറി” അവളുടെ കുറ്റസമ്മതം കേട്ട് അമ്മു അറിയാതെ ചിരിച്ചുപോയി.. അതോടെ ദേവുവിന് സമാധാനം ആയി.അമ്മുവിനെ കെട്ടിപിടിച്ച് അവൾ കവിളിൽ ഉമ്മ നൽകി..അപ്പോഴാണ് അമ്മുവിന് ഒരു കാൾ വരുന്നത്..അത് അറ്റൻഡ് ചെയ്തതും പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഭാവം ആയിരുന്നു അവളുടെ മുഖത്ത്.

“അമ്മൂട്ടി..എന്ത് പറ്റി? ആരാ വിളിച്ചത്??” “ഇച്ചാ… എന്റെ..എന്റെ റിസൾട്ട്‌ വന്നു…” “എന്നിട്ട്??” ചെറിയ പേടിയോടെയും അതിലേറെ ആകാംക്ഷയോടെയും ആൽബി ചോദിച്ചതും അമ്മു അവനെ ഇറുകെ പുണർന്നു. “36-ാം റാങ്ക്…” “കർത്താവേ…” സന്തോഷത്താൽ ആൽബി അവളെ കെട്ടിപിടിച്ചു..പിന്നെ മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടി. “ഇച്ചായോ..ഇത് ബെഡ്‌റൂം അല്ല” ജെറി പറയുമ്പോഴാണ് രണ്ട് പേർക്കും പരിസരബോധം ഉണ്ടാകുന്നത്..നാണത്തോടെ അമ്മു അകന്നു മാറിയതും അമ്മച്ചി അവളെ പ്രാർത്ഥനാമുറിയിലേക്ക് കൊണ്ടുപോയി..ജെറി ഈ സന്തോഷം എങ്ങനെ ആഘോഷിക്കണമെന്ന് ആലോചിച്ചിരിക്കുമ്പോൾ കിച്ചൻ ആൽബിയെ പുറത്തേക്ക് പിടിച്ചുകൊണ്ട് പോയി. “ടാ കിച്ചു..നീ ആഗ്രഹിച്ചത് പോലെ നിന്റെ പെങ്ങളെ ഞാൻ പഠിപ്പിച്ചു..ഇപ്പോൾ അവൾ ഐഎഎസും നേടി”

“ഞാനൊരു നിയോഗം മാത്രമല്ലെടാ..ഇത് നിന്റെയും അമ്മുവിന്റെയും മാത്രം വിജയം ആണ്… ഞാൻ അത് പറയാനല്ല നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്” “പിന്നെ??” “എടാ..ഇനി 3 മാസം കഴിഞ്ഞാൽ അമ്മു ട്രെയിനിങ്ങിന് പോകും..രണ്ട് വർഷമാണ് ട്രെയിനിങ് പീരിയഡ്..” “അതിന്??” “അതിന്റെയിടയ്ക്ക് ആവേശം കാണിച്ച് അവളെ പ്രെഗ്നന്റ് ആക്കി എല്ലാം കുളമാക്കരുതെന്ന്” “ഓ അതോ.. അതൊക്കെ എനിക്ക് അറിയാം”
“ആഹ്..ഇന്നലെ ഫസ്റ്റ് നൈറ്റിന്റേതായ ചടങ്ങുകൾ ഒന്നും നടന്നിട്ടില്ലെന്ന് അറിയാം..നീ വിഷമിക്കണ്ടടാ..അവളുടെ ട്രെയിനിങ് കഴിഞ്ഞ് വരുമ്പോൾ ഒന്നുംകൂടി ഫസ്റ്റ് നൈറ്റ്‌ നടത്താം”

“അതിന് ഇന്നലെ ഒന്നും നടന്നില്ലെന്ന് നിന്നോട് ആരാ പറഞ്ഞത്??” മീശ കടിച്ചുപിടിച്ച് കണ്ണിറുക്കി പറയുന്നവനെ കിച്ചൻ കണ്ണുമിഴിച്ച് നോക്കി.. “അതെങ്ങനെ?? കഥ പറച്ചിൽ കഴിഞ്ഞ് അതിനൊക്കെ ടൈം കിട്ടിയോ?” “എന്റെ മനസ്സിൽ എന്താണെന്ന് അവൾക്കും അവളുടെ മനസ്സ് എനിക്കും അറിയാവുന്നത് അല്ലേ. പിന്നെ അതിന്റെ ഇടയ്ക്ക് നടന്ന ചില കള്ളത്തരങ്ങളും സംശയങ്ങളും മാറ്റിയാൽ മതിയായിരുന്നല്ലോ…” “ഹാ…ഇന്നലെ നിങ്ങളുടെ കാര്യം എന്തായെന്ന് ആലോചിച്ച് ആലോചിച്ച് എന്റെയും ദേവുവിന്റേയും സമയം പോയത് മിച്ചം” ദീർഘനിശ്വാസത്തോടെ കിച്ചൻ പറഞ്ഞതും കള്ളച്ചിരിയോടെ അവന്റെ തോളിൽ കൈയിട്ട് ആൽബി അകത്തേക്ക് നടന്നു.

രാത്രിയിൽ അമ്മു മുറിയിലേക്ക് വരുമ്പോൾ ആൽബി ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് ബാൽക്കണിയിൽ നിൽകുവായിരുന്നു.അവൾ അടുത്തേക്ക് ചെന്നതും അവൻ അവളുടെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി. “ജെയിംസ് ആയിരുന്നു… അവർ അവിടെ ഹണിമൂൺ പ്ലാനിങ്ങിൽ ആണ്..നമുക്ക് ഒരുമിച്ചു പോയാലോന്ന് ചോദിക്കാൻ വിളിച്ചതാ” “എന്നിട്ട് ഇച്ചൻ എന്ത് പറഞ്ഞു??” “എനിക്ക് സമ്മതമാണ്..ഇനി 3 മാസം കൂടിയല്ലേ ഉള്ളു..അതിന് മുൻപ് എന്റെ പെണ്ണിന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് തരണം..നീ പോകാൻ ആഗ്രഹിച്ച സ്ഥലങ്ങളിൽ എല്ലാം പോകണം” “ട്രെയിനിങ് കഴിഞ്ഞ് ഞാൻ ഇങ്ങ് വരില്ലേ..”

“പോസ്റ്റിങ്ങ്‌ ഇവിടെ അല്ലെങ്കിലോ??” മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് വെച്ചുകൊണ്ട് അവൻ ചോദിച്ചതും മറുപടി പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു..അപ്പോഴേക്കും പുറത്ത് നിന്നും ജെറിയുടെ വിളി വന്നു.വാതിൽ തുറന്നതും അവൻ ഒന്ന് ഇളിച്ചു കാണിച്ചു. “ഈ ചിരി കാണിക്കാനാണോ നീ ഇങ്ങോട്ട് വന്നത്” “സോറി..നിങ്ങൾ റൊമാൻസിൽ ആയിരുന്നോ??” “നീ കാര്യം പറയടാ” “ദേ ഇത് തരാൻ വന്നതാ..ഇത് ഇച്ചായൻ തന്നെ അമ്മുവിന് ഇട്ട് കൊടുക്കണം” “എന്തായിത്??” “നിങ്ങളുടെ കല്യാണം കഴിഞ്ഞതിനും അമ്മുവിന് IAS കിട്ടിയതിനും എന്റെ വക സമ്മാനം”

ജെറി നീട്ടിയ കുഞ്ഞ് ബോക്സ്‌ തുറന്ന് ആൽബി ഒരു ഡയമണ്ട് റിങ് എടുത്തു.. സന്തോഷവും അത്ഭുതവുമായിരുന്നു അമ്മുവിന്..അവൾ ജെറിയെ കെട്ടിപിടിച്ചതും ആൽബി ആ മോതിരം അമ്മുവിന്റെ വിരലിൽ അണിയിച്ചു. “ഇനി നിങ്ങൾ കിടന്നോ..ഗുഡ് നൈറ്റ്‌” “ജെറി…നമുക്ക് കുറച്ച് നേരം ടെറസിൽ ഇരിക്കാം” “വേണ്ട ഇച്ചായ.. നിങ്ങൾ കിട്ടുന്ന സമയം എൻജോയ് ചെയ്യാൻ നോക്ക്” “നീ വാടാ..” അവന്റെ കൈയിൽ പിടിച്ചുകൊണ്ട് ആൽബി ടെറസിലേക്ക് നടന്നതും ചെറുചിരിയോടെ അമ്മുവും അവരുടെ പിന്നാലെ ചെന്നു. കുറേ നേരം ഓരോ തമാശകളും പറഞ്ഞ് അവർ ഇരുന്നു.ഇടയ്ക്ക് ജെറി ഒന്ന് സൈലന്റ് ആയതും ആൽബി കാര്യം തിരക്കി.

“ഇച്ചായാ…എനിക്കാ പാട്ട് ഇപ്പോഴെങ്കിലും ഒന്ന് പാടി തരാമോ..” “ഇല്ല..ഞാൻ പാടില്ല..” “പ്ലീസ് ഇച്ചായ..ഇച്ചായന്റെ ശബ്ദത്തിൽ കേൾക്കാനുള്ള കൊതി കൊണ്ടല്ലേ..ഒറ്റ തവണ.. പിന്നെ ഞാൻ പറയില്ല” എല്ലാതവണത്തേയും പോലെ ഇത്തവണയും അവന്റെ ആവശ്യം തള്ളിക്കളയാൻ ആൽബിക്ക് തോന്നിയില്ല…കാര്യം എന്താണെന്ന് അറിയില്ലെങ്കിലും പാട്ട് കേൾക്കാൻ അമ്മുവും തയാറായി.

🎶കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ……
കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ……
ഓർമ്മകളെ…
ഓർമ്മകളെ നിന്നെയോർത്ത് കരയുന്നു ഞാൻ…
നിന്റെ ഓർമ്മകളിൽ വീണുറഞ്ഞു
പിടയുന്നു ഞാൻ….🎶

പാട്ട് കേട്ട് ആകാശത്തേക്ക് ഉറ്റുനോക്കിയിരിക്കുന്നവന്റെ തോളിൽ തട്ടി ആൽബി അവന്റെ അടുത്തിരുന്നു.. മറുവശത്ത് അമ്മുവും.. “അന്ന് എന്റെ ഫ്രണ്ട്സ് ഇവിടെ വന്നില്ലായിരുന്നെങ്കിൽ… ഒരല്പം നേരത്തെ ഞാനവിടെ എത്തിയിരുന്നെങ്കിൽ… ഇപ്പോൾ..എന്റെ പെണ്ണായി അവൾ ഇവിടെ ഉണ്ടാകുമായിരുന്നു.. അല്ലേ ഇച്ചായ..” “ചിക്കുവിന് വേണ്ടിയാണ് നീയീ പാട്ട് ചോദിക്കുന്നതെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാ ഞാൻ പാടി തരാതിരുന്നത്..മതി മോനേ..എത്രനാൾ നീ ഇങ്ങനെ നീറി ജീവിക്കും?? ഇനിയെങ്കിലും പ്രാക്ടിക്കൽ ആക്..നിന്നെ ഇങ്ങനെ കാണാൻ വയ്യടാ” “എന്റെ ചിക്കുവിനെ മറക്കാൻ എന്നെ കൊണ്ട് പറ്റില്ലെന്ന് ഇച്ചായന് അറിയാലോ” “നിന്നെ നീയായി കണ്ട് സ്നേഹിക്കുന്ന ഒരു പെൺകുട്ടി വന്നാൽ ഈ കാഴ്ചപ്പാടൊക്കെ മാറും ജെറി”

“മിക്ക ആളുകളുടെ ജീവിതത്തിലും അങ്ങനെയൊരു മാറ്റമുണ്ടാകാം അമ്മു…പക്ഷെ ജെറിക്ക് ഒരു ജീവിതമേയുള്ളു.. ആ ജീവിതത്തിൽ ഒരു പെണ്ണേ ഉള്ളു. പരീക്ഷണാർത്ഥം വിവാഹം കഴിച്ച് ഒരു പെൺകുട്ടിയുടെ ജീവിതം കൂടി ഇല്ലാതാക്കുന്നത് എന്തിനാ?? മറ്റുള്ളവരെ ബോധിപ്പിക്കാൻ ഒരു കുടുംബജീവിതം ഉണ്ടാക്കാം എന്നല്ലാതെ അതുകൊണ്ട് ഒരു മാറ്റവും ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.. മരണത്തിനപ്പുറവും മരിക്കാത്ത പ്രണയമായി എന്റെ ആത്മാവിൽ അലിഞ്ഞവളാ എന്റെ ചിക്കു..” ജെറിയിൽ നിന്നും ചിക്കുവിന്റെ ഓർമകളെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അത് അവന്റെ ജീവന് തന്നെ ആപത്താണെന്ന് അറിയാവുന്നത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ അമ്മുവും ആൽബിയും എഴുന്നേറ്റു. “നീ വാ..വന്നു കിടക്ക്”

“നിങ്ങൾ പൊയ്ക്കോ…ഞാൻ കുറച് നേരം കൂടി എന്റെ പെണ്ണിനോട് സംസാരിക്കട്ടെ.. സെന്റി ഒന്നും അല്ലാട്ടോ..ഞാനിപ്പോൾ ഒരുപാട് ഹാപ്പി ആണ്..ഞങ്ങൾക്ക് നഷ്ടപെട്ടത് നിങ്ങൾ നേടിയെടുത്തപ്പോൾ മുതൽ ഈ ലോകത്തെ ഏറ്റവും സന്തോഷവാൻ ഞാനാണ്..നിങ്ങൾ എന്നും ഇതുപോലെ ഹാപ്പി ആയി ജീവിക്കണം..അതാണ് എനിക്ക് വേണ്ടി നിങ്ങൾ ചെയ്യേണ്ടത്”… “നീ മുറിയിലേക്ക് പൊയ്ക്കോ അമ്മു..ഞാൻ കുറച്ച് നേരം ഇവിടെ ഇരുന്നിട്ട് വരാം”… ജെറിയുടെ എതിർപ്പ് വകവെക്കാതെ ആൽബി അവന്റെ അടുത്തിരുന്നു..ജെറിയുടെ മുടിയിൽ ഒന്ന് തഴുകി നെറ്റിയിൽ ഉമ്മയും നൽകി അമ്മു മുറിയിലേക്ക് പോയി.

അല്പസമയം കഴിഞ്ഞ് ജെറിയെ മുറിയിലാക്കി ആൽബി വരുമ്പോൾ അമ്മു കിടക്കുവായിരുന്നു..ലൈറ്റ് ഓൺ ചെയ്ത് അവൻ അവളുടെ അടുത്ത് വന്നിരുന്നു..ചെറിയ ഏങ്ങലടി കേട്ട് അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു… പൊട്ടിക്കരച്ചിലൂടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു. “എന്താ അമ്മൂട്ടി…നീ എന്തിനാ ഇങ്ങനെ കരയുന്ന?” …. “ജെറി..അവൻ പാവമല്ലേ ഇച്ചാ…ദൈവം എന്തിനാ ചിക്കുവിനെ അവനിൽ നിന്ന് അകറ്റിയത്?? എന്തിനാ അവനോട് ഈ ക്രൂരത കാണിക്കുന്നത്??? “.. “നീ കരയാതെ…അവൻ പറഞ്ഞത് നീയും കേട്ടതല്ലേ..അവന്റെ വേദന അവൻ മറക്കുന്നത് നമ്മുടെ സന്തോഷം കാണുമ്പോഴാണ്..നമ്മൾ ഒരിക്കലും അവനെ ഒറ്റക്ക് ആക്കില്ല..അവൻ ആണ് നമ്മുടെ ആദ്യത്തെ കുഞ്ഞ്…എന്നും ആ സ്ഥാനം അവന് ഉണ്ടാകും..നീ വിഷമിക്കല്ലേ”…. ഉള്ളിലെ സങ്കടം മറച്ചുവെച്ച് അമ്മുവിനെ ആൽബി സമാധാനിപ്പിച്ചു..അവന്റെ വാക്കുകളിൽ ആശ്വാസം കണ്ടെത്തി അവളും കാത്തിരുന്നു…നല്ലൊരു പുലരിയ്ക്കായി…