മംഗല്യസൂത്രം… 6

🧡മംഗല്യസൂത്രം : ആറ് 🧡

“ഓ ആ സ്ത്രീക്ക് എന്നെ ഇഷ്ടമല്ലേ..?” അവന്റെ ശബ്ദത്തിൽ പരിഹാസം കലർന്നു. “അവർക്ക് എന്നെക്കാൾ കൂടുതൽ പണം ഉള്ള ഒരാളെയാണോ വേണ്ടത്?”

ഇഷാനി കുറച്ചുനേരം അവനെ നോക്കി നിന്നു.

“അതെ… ഒരുപക്ഷേ.” അവൾക്ക് എങ്ങനെ മറുപടി പറയണം എന്ന് അറിയില്ലായിരുന്നു.

കൈലാസ് എഴുന്നേറ്റ് ജനലിനരികിലേക്ക് നടന്നു. അവന്റെ താടിയെല്ല് ദേഷ്യത്തിൽ മുറുകി. അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് അവൾക്ക് കാണാമായിരുന്നു…

“അപ്പോൾ പ്രശ്നം ഞാൻ അല്ല. എന്റെ പണം അവർക്ക് മതിയാകുന്നില്ല എന്നതാണ്.” ഒരു പുച്ഛത്തോടെ അത് പറഞ്ഞുകൊണ്ട് അവൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.

“കൈലാസ്… നീ ദേഷ്യപ്പെടേണ്ട. മമ്മി അങ്ങനെയാണ്. അവർക്ക് എപ്പോഴും എല്ലാത്തിലും ഏറ്റവും മികച്ചത് വേണം. മമ്മയുടെ കണ്ണിൽ ഞാൻ ഒരു സാധാരണ പെൺകുട്ടിയല്ല, അവർക്ക് കഴിയുന്നത്ര പണവും പ്രശസ്തിയും ഉള്ളൊരാൾക്ക് എന്നെ വിവാഹം കഴിപ്പിക്കണം എന്നതാണ് മമ്മയുടെ ആഗ്രഹം.”

ഇഷാനിയുടെ ആ വാക്ക് കേട്ടതും കൈലാസ് തിരിഞ്ഞുനോക്കി.

“അപ്പോൾ നീ എന്താണ് തീരുമാനിച്ചത്? എന്നെ വിട്ട് അവര് കണ്ടെത്തിയ ഏതോ കോന്തനെ വിവാഹം കഴിക്കാനാണോ?”

ഇഷാനിയുടെ മുഖത്ത് ഒരു നിമിഷം ഗൗരവം നിറഞ്ഞു.

അവൾ പതിയെ അവന്റെ അടുത്തേക്ക് നടന്നു.

“ഞാൻ നിന്നെ വിട്ടുപോകും എന്ന് പറഞ്ഞോ…? എനിക്ക് നിന്നോട് സ്നേഹമുണ്ട് കൈലാസ്. പക്ഷേ… നീയും ഒരു കാര്യം മനസ്സിലാക്കണം. എന്റെ ജീവിതത്തിൽ എനിക്ക് എന്റെ കരിയറും പ്രധാനമാണ്. മമ്മിയുടെ സമ്മതം കൂടാതെ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താൽപര്യമില്ല. എനിക്ക് അവരെ ശത്രുവാക്കാനും കഴിയില്ല.”

കൈലാസ് ഒന്നും മിണ്ടിയില്ല. ഇഷാനി അവന്റെ കൈ പിടിച്ചു.

“ഒരു വഴിയുണ്ട് ഞാൻ നോക്കിയിട്ട്, നീ എന്റെ മമ്മയെ ഇമ്പ്രസ് ചെയ്യൂ.” ഇഷാനി മനസ്സിൽ പലതും കണക്ക് കൂട്ടി പറഞ്ഞു…

അവൻ അവളെ നോക്കി.

“എന്ത്?”

“നിന്റെ ബിസിനസ്… നിന്റെ കഴിവ്… നിന്റെ കുടുംബം… എല്ലാം അവർക്ക് കാണിച്ചുകൊടുക്കൂ. അവർക്ക് നിന്നെക്കുറിച്ച് ഒരു നല്ല അഭിപ്രായം ഉണ്ടാകണം. മമ്മക്ക് മനസ്സിലാകണം ഞാൻ തെറ്റായ ഒരാളെ തിരഞ്ഞെടുത്തിട്ടില്ലെന്ന്. ഇപ്പോൾ മമ്മ കൊണ്ടുവന്നതിനേക്കാൾ എത്രയോ മുകളിലാണ് നിന്റെ പദവി എന്ന്, അത്രയേ ഉള്ളൂ.”

അവളുടെ പ്ലാൻ കേട്ട് കൈലാസ് ചെറുതായി ചിരിച്ചു.

“അതായത് നിന്റെ അമ്മയുടെ അപ്പ്രൂവൽ വാങ്ങാൻ ഞാൻ ഒരു പരീക്ഷ എഴുതണമെന്നാണോ പറയുന്നത്?”

“പരീക്ഷയല്ല… ഒരു അവസരം. നീ മമ്മയെ ഇമ്പ്രസ് ചെയ്താൽ… നമ്മുടെ കാര്യം അവർ സമ്മതിക്കും. എനിക്ക് ഉറപ്പാണ്.”

കൈലാസ് അവളുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ ദേഷ്യം പതിയെ കുറഞ്ഞു.

“ശരി. ഞാൻ ശ്രമിക്കാം. പക്ഷേ ഒരു കാര്യം ഓർക്കണം ഇഷാനി… ഞാൻ ആരുടെയും മുന്നിൽ എന്റെ സ്നേഹത്തിന്റെ വില തെളിയിക്കാൻ പോകുന്നില്ല. നിന്റെ അമ്മയ്ക്ക് എന്നെക്കുറിച്ച് അറിയണം എന്നുണ്ടെങ്കിൽ… എന്റെ ജീവിതം ഞാൻ തന്നെ ഉണ്ടാക്കിയതാണെന്ന് അവർ കാണട്ടെ. നിന്നെ നഷ്ടപ്പെടാതിരിക്കാനായി ഞാൻ ആരുടെയും മുന്നിൽ തലകുനിക്കില്ല. നിന്നോട് എനിക്ക് സ്നേഹമുണ്ട് പക്ഷെ അതിന് വേണ്ടി എന്റെ സെൽഫ് റെസ്‌പെക്ട് ഞാൻ ഒരിക്കലും കളയില്ല…”

ഇഷാനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

“അതുകൊണ്ടാണ് എനിക്ക് നിന്നെ ഇഷ്ടം.”

കൈലാസ് അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു.

പക്ഷേ… അവരുടെ ബന്ധത്തിൽ സ്നേഹം ഉണ്ടായിരുന്നെങ്കിലും… അവരുടെ സ്വപ്നങ്ങൾക്ക് ഒരേ ദിശയാണോ എന്ന് കാലത്തിന് മാത്രമേ തെളിയിക്കാൻ സാധിക്കുകയുള്ളു….

……

അൽപസമയത്തിനകം രണ്ടുപേരും ഓഫീസിലേക്ക് പോകാൻ തയ്യാറായി.

കൈലാസ് പതിവുപോലെ കറുത്ത ഫോർമൽ സ്യൂട്ടിൽ. ഇഷാനി ഒരു എലിഗന്റ് ബോഡികോൺ ഔട്ട്ഫിറ്റിൽ. അവൾ എന്ത് ഡ്രസ്സ്‌ ഇട്ടാലും അതി സുന്ദരിയാണ്. പ്രശസ്തരായ പല മോഡലുകളും ഇഷാനിയുടെ മുന്നിൽ ഒന്നുമല്ല. ലക്ഷങ്ങൾ ആണ് ഇഷാനിയുടെ വരുമാനം….

വീട്ടിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറുമ്പോൾ ഇഷാനി തന്റെ ഫോണിൽ വന്ന ചില മെസ്സേജുകൾ നോക്കി.

അടുത്ത ഫാഷൻ ഷോയുടെ റിഹേഴ്സലും മോഡൽ മീറ്റിംഗുകളും സംബന്ധിച്ച അറിയിപ്പുകളായിരുന്നു അവ.

അവളുടെ മുഖത്ത് ഉടൻ തന്നെ ജോലിയോടുള്ള ഗൗരവം നിറഞ്ഞു.

കൈലാസ് അത് ശ്രദ്ധിച്ചു.

“ഇന്ന് നിനക്ക് ഒരുപാട് തിരക്കാണല്ലോ.”

“അടുത്ത ഷോ ചെറിയതൊന്നുമല്ല കൈലാസ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ പങ്കെടുക്കുന്ന വലിയ ഇവന്റാണ്. എനിക്ക് flawless ആയിരിക്കണം.”

“നീ അതിനെക്കുറിച്ച് ഇത്രയും ടെൻഷൻ എടുക്കേണ്ട ആവശ്യമില്ല. നീ എപ്പോഴും മികച്ചത് തന്നെ ആണ്….”

ഇഷാനി അവനെ നോക്കി പുഞ്ചിരിച്ചു.

“നിന്റെ വായിൽ നിന്ന് അത് കേൾക്കുമ്പോൾ എനിക്ക് കുറച്ചുകൂടി കോൺഫിഡൻസ് വരും.”

കാർ നഗരത്തിന്റെ തിരക്കിലൂടെ മുന്നോട്ട് നീങ്ങി.

അൽപസമയത്തിനകം അവർ എത്തിയത്…

Emerald Attire എന്ന പേരിൽ ലോക ഫാഷൻ രംഗത്ത് തന്നെ ഒരു ബ്രാൻഡായി മാറിയിരുന്ന കമ്പനിയുടെ ആസ്ഥാനത്തായിരുന്നു.

വലിയ ഗ്ലാസ് കെട്ടിടത്തിന്റെ മുന്നിൽ കാർ നിർത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാരെല്ലാം ആദരവോടെ കൈലാസിനെ അഭിവാദ്യം ചെയ്തു.

കൈലാസ് ആദിത്യനാഥ്‌..

വെറും ഇരുപത്തി നാലാം വയസ്സിൽ തന്നെ രാജ്യത്തെ മുൻനിര ഫാഷൻ കമ്പനികളിലൊന്നിന്റെ CEO ആയി മാറിയ യങ് ബിസിനസ് മാൻ….

“Emerald Attire”

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രമുഖ ഫാഷൻ ഷോകളിൽ അവരുടെ മോഡലുകളും ഡിസൈനുകളും സ്ഥിരമായി ഇടം നേടിയിരുന്നു.

കമ്പനിയുടെ ഓരോ പുതിയ കളക്ഷനും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ടായിരുന്നു.

അവന്റെ മുറിയിലേക്ക് കയറുന്നതിന് മുമ്പ് തന്നെ നിരവധി ജീവനക്കാർ ഫയലുകളുമായി അവനെ കാത്തുനിന്നിരുന്നു.

“സർ , പാരിസ് ഇവന്റിന്റെ ഫൈനൽ കൺഫേംർമേഷൻ വന്നിട്ടുണ്ട്. കൂടാതെ അടുത്ത week’s മുംബൈ ഷോയുടെ ഗസ്റ്റ് ലിസ്റ്റും റെഡി ആണ്.”

കൈലാസ് ഫയൽ വാങ്ങി.

“ഗസ്റ്റ് ലിസ്റ്റ് ഞാൻ നോക്കും. പക്ഷേ റൺവേ കളക്ഷന്റെ ഫൈനൽ അപ്പ്രൂവൽ ഇതുവരെ കിട്ടിയിട്ടില്ലല്ലോ. ഇന്ന് വൈകുന്നേരത്തിന് മുമ്പ് അത് എന്റെ ടേബിളിൽ വേണം. ഒരു ചെറിയ മിസ്റ്റേക്ക് പോലും ഷോയുടെ ക്വാളിറ്റിയേ ബാധിക്കാൻ പാടില്ല.”

“ഷുവർ , സർ .”

ഇഷാനിയും ഇതിനിടയിൽ തന്റെ ടീമിനൊപ്പം ചേർന്നു.

അവൾക്ക് മുന്നിൽ പല വസ്ത്രങ്ങളും ഡിസൈൻ സ്കെച്ചുകളും നിരത്തിവെച്ചിരുന്നു. ഇഷാനിക്ക് കരിയർ ആയിരുന്നു ഏറ്റവും പ്രധാനം, എല്ലാവരും ആഗ്രഹിക്കുന്ന ഒരു തലത്തിലേക്ക് സ്വയം എത്തുക എന്നതായിരുന്നു അവളുടെ ലക്ഷ്യം….

—

അതേസമയം…

ആ നഗരത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയല്ലെങ്കിലും…

മറ്റൊരാളുടെ ജീവിതം പതിയെ ഒരു പുതിയ അധ്യായത്തിലേക്ക് കടക്കുകയായിരുന്നു.

അല്ലിയുടെ കോളേജ് തുടങ്ങാനുള്ള ദിവസം എത്തിയിരുന്നു. മുംബൈയിലെ പ്രഭാതം അവൾക്ക് അപരിചിതമായിരുന്നു.

പക്ഷേ… അന്ന് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അവൾ സ്വയം പതിയെ നോക്കി.

പേസ്റ്റൽ നിറത്തിലുള്ള മനോഹരമായ കുർത്തി. നീണ്ട മുടി. വളരെ ലളിതമായ മേക്കപ്പ്.

കണ്ണുകളിൽ ഉറക്കത്തിന്റെ ചെറിയ ക്ഷീണമുണ്ടായിരുന്നെങ്കിലും അതിന് പിന്നിൽ ഒരു പുതിയ ജീവിതത്തെ നേരിടാനുള്ള ചെറിയ ധൈര്യവും ഉണ്ടായിരുന്നു.

അവൾ തന്റെ ബാഗ് എടുത്തു, മേശപ്പുറത്ത് കിടന്നിരുന്ന ഡയറിയിലേക്ക് ഒരു നിമിഷം നോക്കി.

“ഇന്നുമുതൽ എന്തായിരിക്കും എന്റെ ജീവിതം…?” അവളുടെ മനസ്സിൽ ചോദ്യം ഉയർന്നു…..

…….🧡

കോളേജിന്റെ വലിയ കവാടം കടന്നപ്പോൾ അല്ലിയുടെ ഹൃദയം പതിവിലേക്കാൾ വേഗത്തിൽ മിടിച്ചു ചുറ്റും പരിചയമില്ലാത്ത മുഖങ്ങൾ, ചിലർ കൂട്ടമായി സംസാരിക്കുന്നു, ചിലർ എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടി ചിരിക്കുന്നു.

ചിലർ ആദ്യദിവസത്തിന്റെ ആവേശത്തിൽ പരസ്പരം പരിചയപ്പെടുന്നു.

അല്ലി മാത്രം അവരിൽ നിന്ന് കുറച്ചകലെ നിശ്ശബ്ദമായി നടന്നു.

അവൾക്ക് അവരോടൊക്കെ സംസാരിക്കാൻ മടിയായിരുന്നു, ആ നിമിഷം അമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിൽ വന്നുകൊണ്ടിരുന്നു.

“ഒരു ആൺകുട്ടിയുമായും സൗഹൃദം പാടില്ല.”

അതിനാൽ തന്നെ ആരോടും അധികം അടുക്കാതിരിക്കാൻ അവൾ സ്വയം ശ്രദ്ധിച്ചു.

ക്ലാസ്സിൽ പരിചയപ്പെടുന്ന സമയത്ത് ചില പെൺകുട്ടികൾ അവളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ വളരെ ചെറിയ മറുപടികളിൽ സംസാരം ഒതുക്കി.

പുതിയ ആളുകളോട് എങ്ങനെ സംസാരിക്കണം എന്നതിലും അവൾക്ക് ഒരു ഭയം ഉണ്ടായിരുന്നു.

ആദ്യ ദിവസം അവൾക്ക് പറയത്തക്ക സൗഹൃദങ്ങളൊന്നും ലഭിച്ചില്ല.

ലഞ്ച് ബ്രേക്കിലും അവൾ ഒറ്റയ്ക്കിരുന്നു. ചുറ്റുമുള്ളവർ കൂട്ടമായി ചിരിച്ചും സംസാരിച്ചും ഇരിക്കുമ്പോൾ അല്ലി തന്റെ ഭക്ഷണം പതിയെ കഴിച്ചുകൊണ്ട് അവരെ നോക്കി.

അവൾക്ക് അസൂയ തോന്നിയില്ല.

പക്ഷേ.. അവർക്കിടയിൽ തനിക്കും ഒരു സ്ഥലം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി. അവൾ അറിയാതെ ഒരു ചെറിയ നെടുവീർപ്പ് പുറത്തുവന്നു.

താനായി സൗഹൃദങ്ങൾ വേണ്ടന്ന് വെച്ചത് ആണെങ്കിലും, ഇനിയുള്ള വർഷങ്ങളിൽ താൻ എങ്ങനെ ഈ ഒറ്റപ്പെടൽ നേരിടും എന്നത് അവളുടെ മുന്നിലെ വലിയ ചോദ്യമായിരുന്നു…

—

ഉച്ചയ്ക്ക് ഒരു ഫ്രീ പിരീഡ് ലഭിച്ചപ്പോൾ, ക്ലാസ്സിൽ ഒറ്റയ്ക്കിരുന്ന് സമയം കളയുന്നതിനെക്കാൾ ലൈബ്രറി ഒന്ന് കാണാമെന്ന് അല്ലി തീരുമാനിച്ചു.

പുസ്തകങ്ങളോട് എന്നും ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്ന അവൾക്ക്…

ആ വലിയ ലൈബ്രറി കണ്ടപ്പോൾ മനസ്സിൽ ചെറിയൊരു സന്തോഷം തോന്നി.

നിശ്ശബ്ദമായ അന്തരീക്ഷം. നിരനിരയായി വെച്ചിരിക്കുന്ന പുസ്തകങ്ങൾ.

അവൾ പതിയെ ബിസിനെസ്സ് മാനേജ്മെന്റ് പുസ്തകം വെച്ചിരിക്കുന്ന ഒരു ഷെൽഫിനരികിലേക്ക് നടന്നു.

ആ വിഭാഗത്തിലെ ഒരു പുസ്തകം എടുക്കാൻ കൈ നീട്ടിയ അതേ നിമിഷം…

മറുവശത്ത് നിന്ന് മറ്റൊരു കൈയും അതേ പുസ്തകത്തിലേക്ക് നീണ്ടുവന്നു.

രണ്ടുപേരുടെയും വിരലുകൾ ഒരേ സമയം പുസ്തകത്തിന്റെ പുറത്ത് തട്ടി. അപ്പുറമുള്ള ആളിന്റെ കയ്യിലെ തണുപ്പ് പെട്ടന്ന് അല്ലിയുടെ കൈയിലേക്ക് പടരുന്നത് അവൾ അറിഞ്ഞു…

അല്ലി പെട്ടെന്ന് കൈ പിൻവലിച്ചു.

“സോറി …” അപ്പുറത്തുനിന്ന് ഒരു മൃദുവായ പുരുഷ ശബ്ദം… അവൾ തല ഉയർത്തി നോക്കി.

അവളുടെ മുന്നിൽ… പേസ്റ്റൽ നീല ഷർട്ടും വെള്ള പാന്റും ധരിച്ച ഒരു യുവാവ് നിന്നിരുന്നു.

ശാന്തമായ മുഖം, ചിരിക്കാതെതന്നെ ആ മുഖത്തെ നുണക്കുഴി എടുത്ത് കാണാം… വൃത്തിയായി ട്രിം ചെയ്ത് ഒതുക്കിയ താടിയും മീശയും… കുഞ്ഞി കണ്ണുകൾ… ഒറ്റ നോട്ടത്തിൽ ആർക്കും ആകർഷണം തോന്നുന്ന ഭംഗി ആയിരുന്നു അയാൾക്ക്…

അവൻ പുസ്തകം എടുത്തില്ല. പകരം അവളെ നോക്കി പുഞ്ചിരിച്ചു.

“കുട്ടി എടുക്കൂ. ഞാൻ പിന്നെ എടുത്തോളാം.”

അല്ലി ചെറിയൊരു പുഞ്ചിരിയോടെ പുസ്തകം എടുത്തു.

“താങ്ക്സ് …” അവൾ പറഞ്ഞു…

“ഫസ്റ്റ് ഇയർ ആണോ ?” ലൈബ്രറിയിൽ ആയതിനാൽ ആവണം, അയാൾ പതിയെ ചോദിച്ചു…

അവൾ അതിശയത്തോടെ അവനെ നോക്കി. ആ ചോദ്യങ്ങളുടെ ഇടയിൽ അമ്മ അവളോട് പറഞ്ഞ കാര്യങ്ങളൊക്കെ അവളുടെ മനസ്സിലേക്ക് വന്നതേ ഇല്ല. ആദ്യമായി ഒരു പുരുഷന്റെ സാമിഭ്യം ഇത്ര അടുത്ത് അറിഞ്ഞതിനാൽ ആണോയെന്ന് അറിയില്ല, അല്ലിക്ക് അവിടെനിന്നു മാറാൻ തോന്നിയില്ല…

“അ.. അതെ…” അവളുടെ സ്വരം ചെറുതായി വിറച്ചു…

“ഹ്മ്മ്, പുതിയ ആളാണല്ലേ? മുഖം കണ്ടാൽ തന്നെ മനസ്സിലാകും. ഈ ലൈബ്രറിയിൽ ആദ്യമായി വരുന്നവർ സാധാരണ ഈ സെയിം ഷെൽഫിലാണ് വന്ന് നിൽക്കുന്നത്.”

തുടരും… 🧡

Similar Posts

Leave a Reply