സിന്ദൂരം… 6
“എന്താടി നോക്കി പേടിപ്പിക്കുന്നത്? കയറിപ്പോകാൻ നോക്കടി!”
ചെറിയമ്മ പത്മ അവളോടായി ദേഷ്യത്തിൽ പറഞ്ഞു.
നിറകണ്ണുകളോടെ അമ്മയുടെ സാധനങ്ങളെല്ലാം നെഞ്ചോട് ചേർത്തുപിടിച്ച് ജ്വാല തന്റെ മുറിയിലേക്ക് നടന്നു. മുറിയിലെത്തിയപ്പോഴാണ് അവിടെ അലങ്കാരങ്ങൾ ഒരുക്കുന്ന തിരക്കിൽ നിൽക്കുന്ന ദീപ്തയെ അവൾ കണ്ടത്.
“എന്താ ഇവിടെ? എന്താ ഇതെല്ലാം?” ദേഷ്യവും സങ്കടവും നിറഞ്ഞ സ്വരത്തിൽ ജ്വാല തിരക്കി.
“അയ്യോടാ… മനസ്സി ലായില്ലേ? നാളെയല്ലേ കല്യാണം. അപ്പോൾ മണിയറയൊക്കെ ഒരുക്കേണ്ടേ? ആദ്യരാത്രി ഇവിടെയാണത്രേ!” ദീപ്ത ചിരിയടക്കാനാവാതെ കളിയാക്കി പറഞ്ഞു.
“എടുത്തുമാറ്റുന്നുണ്ടോ ഇതെല്ലാം?!” ആദ്യമായി ദീപ്തയ്ക്ക് നേരെ ജ്വാലയുടെ സ്വരം ഉയർന്നു.
“ഡീ… അടങ്ങ്! നാളെ രാത്രി വരെ കാണൂ നിന്റെ ഈ ചാട്ടം. അതുകഴിഞ്ഞാൽ ലോറി കയറിയ തവളയുടെ അവസ്ഥയായിരിക്കും നിനക്ക്. ആ… നിന്റെ ഒരു ഭാഗ്യം! കാണാൻ അറയ്ക്കുന്ന രൂപമാണെങ്കിലും പൂത്ത പൈസയാണ് ആ പലിശക്കാരൻ അണ്ണാച്ചിയുടെ കയ്യിൽ.”
“മോൾക്ക് അത്ര സങ്കടമാണെങ്കിൽ മോളൊരു കാര്യം ചെയ്യ്, അങ്ങേരെ കെട്ടിക്കോ! ചേച്ചിക്ക് അത്രയും പൂത്ത പണമൊന്നും വേണമെന്നില്ല.”
“എന്താടി നീ പറഞ്ഞത്?!” ദീപ്ത ദേഷ്യത്തോടെ ജ്വാലയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു.
“ആഹ്…” ജ്വാലയിൽ നിന്ന് ഒരു നിലവിളി ഉയർന്നതും ചെറിയമ്മ പത്മ അങ്ങോട്ടേക്ക് ഓടിയെത്തി.
“എന്താ ഇവിടെ പ്രശ്നം?” മുഖത്ത് കൈവെച്ചു നിൽക്കുന്ന ജ്വാലയെ നോക്കി പത്മ ദേഷ്യത്തോടെ തിരക്കി.
“ചെറിയമ്മേ… ദീപ്ത അവൾ എന്നെ അടിച്ചു!” ജ്വാല മുഖത്തുനിന്നും കൈ മാറ്റി. ദീപ്തയുടെ വിരലുകളുടെ പാടുകൾ അവളുടെ വെളുത്ത കവിളിൽ ചുവന്നു തെളിഞ്ഞിട്ടുണ്ടായിരുന്നു.
“എന്താ മോളെ, എന്താ സംഭവിച്ചത്?” പത്മ ദീപ്തയോട് ചോദിച്ചു.
“ഈ തമ്പുരാട്ടിയുടെ നാവ് അത്ര ശരിയല്ല അമ്മേ, അതുകൊണ്ട് ഞാൻ ഒരെണ്ണം കൊടുത്തു. കുറച്ചു ദിവസമായി പറയാൻ തുടങ്ങിയിട്ട് ‘നീ അണ്ണാച്ചിയെ കെട്ടിക്കോ’ എന്ന്. കേട്ട് കേട്ട് മനുഷ്യന്റെ തല പെരുത്തു, അപ്പോൾ ഒരെണ്ണം അങ്ങ് കൊടുത്തു.”
“ഓ… പത്തി താഴ്ത്തിയതാണ്, അത് സാരമില്ല.” ചെറിയമ്മ ജ്വാലയെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
“ചെറിയമ്മേ… ദയവുചെയ്ത് ഇതെല്ലാം എടുത്തുമാറ്റാൻ ദീപ്തയോട് പറയൂ. എനിക്ക് ഇതൊന്നും താല്പര്യമില്ല.”
“ഇത് ഞങ്ങൾ ആരും മനസ്സ് അറിഞ്ഞു ചെയ്യുന്നതൊന്നുമല്ല. ആ അണ്ണാച്ചിക്ക് ഇതെല്ലാം വേണമത്രേ, പിന്നെ ചെയ്യാതെ വേറെ വഴിയില്ലല്ലോ.”
അത് കേട്ടപ്പോൾ ജ്വാലയ്ക്ക് അടിമുടി വിറച്ചുകയറി. പെട്ടെന്ന് പത്മയുടെ ഫോൺ റിങ് ചെയ്തു. പത്മ ഫോണുമായി അകത്തേക്ക് പോയി.
“ആ, ഞാൻ പത്മയാണ്. ശേഖരേട്ടൻ ഇവിടെയില്ല, പുറത്തുപോയിരിക്കുകയാണ്. എന്താ കാര്യം?”
മറുതലക്കൽ നിന്നും മലയാളം അത്ര വശമില്ലാത്ത സംസാരമാണ് കേട്ടത്. “നാളെ നമ്മടെ കല്യാണം എവിടെ വെച്ചാ?”
“ആ… അതാണോ കാര്യം? ശേഖരേട്ടൻ പറയുന്നത് എല്ലാവരും കാണുന്നിടത്ത് വെച്ച് വേണ്ട എന്നാണ്. ഒരു കാര്യം ചെയ്യാം, അവിടെ പഴയൊരു അമ്പലമുണ്ടല്ലോ, അവിടെ അങ്ങനെ ആരും വരില്ല. നമുക്ക് അവിടെവെച്ച് വിവാഹം നടത്താം. അതല്ലേ കുറച്ചുകൂടി നല്ലത്?”
“എല്ലാം നിങ്ങടെ ഇഷ്ടം. എനക്ക് അതൊന്നും പ്രശ്നമില്ലേ…”
“എന്നാൽ നാളെ രാവിലെ 9 മണിക്ക് അങ്ങോട്ടേക്ക് എത്തിക്കോ.” പത്മ പറഞ്ഞു.
“എന്റെ പൊണ്ണ് എങ്കെ? അവൾക്ക് ഫോൺ കൊടുക്ക്…”
അണ്ണാച്ചിയുടെ അടുത്തുനിന്നും അങ്ങനെ ഒരു ചോദ്യം കേട്ടതും പത്മയുടെ മുഖം ആകെ ചുളിഞ്ഞു. “അയ്യേ കിളവൻ!” എന്നായിരുന്നു ആ മുഖത്തെ ഭാവം.
“ജ്വാല മോളെ…” പതിവില്ലാതെ പത്മയുടെ ആ വിളി കേട്ടപ്പോൾ ജ്വാലയ്ക്ക് എന്തോ പന്തികേട് തോന്നി. അവൾ പത്മയ്ക്ക് അരികിലേക്ക് വന്നു.
“എന്താ ചെറിയമ്മേ?”
“ദാ, നിനക്കാണ് ഫോൺ. സംസാരിക്ക്.”
“ആരാ?” ജ്വാല വീണ്ടും ചോദ്യം ഉയർത്തി.
പത്മ ഫോൺ മ്യൂട്ട് (mute) ചെയ്തുകൊണ്ട് ജ്വാലയ്ക്ക് നേരെ കണ്ണുരുട്ടി. “ആരാണെന്ന് അറിഞ്ഞാലേ തമ്പുരാട്ടി ഫോൺ എടുക്കൂ എന്നുണ്ടോ? നിന്റെ ഭർത്താവാകാൻ പോകുന്നവനാണ്, സംസാരിക്കെടി!” അതും പറഞ്ഞുകൊണ്ട് പത്മ ഫോൺ അൺമ്യൂട്ട് ചെയ്ത് ജ്വാലയ്ക്ക് നൽകി.
വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ ചെവിയോട് ചേർത്തുപിടിച്ചു. “ഹലോ…” ജ്വാല നേർത്ത സ്വരത്തിൽ വിളിച്ചു.
“ഹലോ… എൻ ചെല്ലോം, എന്നാ ചെയ്യുത്?”
“ഒന്നും ചെയ്യുന്നില്ല.” അവൾ വിറയലോടെ പറഞ്ഞു.
“ഓഹോ… നാണമാണോ? നാണിക്കണ്ട, എല്ലാം ഞാൻ മാറ്റുന്നുണ്ട് കള്ളിപ്പെണ്ണേ…” ആ സംസാരം കേട്ടതും അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജ്വാല പെട്ടെന്ന് ഫോൺ കട്ട് ചെയ്തുകൊണ്ട് ചെറിയമ്മയെ നോക്കി.
“എന്താടി നോക്കി പേടിപ്പിക്കുന്നത്?”
ആരോടും പറഞ്ഞിട്ട് കാര്യമില്ലെന്ന ഭാവത്തിൽ ജ്വാല നിസ്സഹായതയോടെ അകത്തേക്ക് നടന്നു.
### അന്ന് രാത്രി…
പതിവുപോലെ ചെറിയമ്മയും അച്ഛനും ദീപ്തയും ആഹാരം കഴിക്കാനായി ഇരുന്നു. ജ്വാല അവർക്കുള്ള ആഹാരം മേശപ്പുറത്ത് എടുത്തുവെക്കുന്ന തിരക്കിലായിരുന്നു.
“മോളെ ജ്വാലാ… നീയും കൂടി ഇരിക്ക്.” അച്ഛൻ ശേഖരൻ പറയുന്നത് കേട്ട് ജ്വാല ആശ്ചര്യത്തോടെ നോക്കി.
“ഹം! നാളെ മുതൽ ഈ പണിക്കൊന്നും ആളില്ലല്ലോ എന്നോർത്താവും എന്റെ വിഷമം.” പത്മ ഇടക്കുകയറി പറഞ്ഞു.
“ഹാ… ഒന്നെങ്കിൽ നമുക്ക് സമാധാനിക്കാമല്ലോ അമ്മേ. അവളുടെ ലൈഫ് ഇനി വേറെ ലെവൽ ആയിരിക്കും. റാണി ആയിരിക്കും റാണി!” ദീപ്ത കളിയാക്കുന്നത് പോലെ പറഞ്ഞു.
“ഇല്ല അച്ഛാ, ഞാൻ പിന്നെ ഇരുന്നോളാം. നിങ്ങൾ കഴിച്ചോളൂ.”
“ഇല്ല മോളേ, മോള് വാ. ഇന്ന് കൂടിയല്ലേ ഞങ്ങളുടെ കുട്ടി ഞങ്ങളുടെ കൂടെ കഴിക്കാൻ ഉണ്ടാവൂ. അതുകഴിഞ്ഞാൽ രഘുവിന്റെ (അണ്ണാച്ചിയുടെ) കൂടെയാവില്ലേ?”
അച്ഛന്റെ ആ മനസ്സാക്ഷിയില്ലാത്ത സംസാരം അവൾക്ക് കൂടുതൽ സങ്കടമുണ്ടാക്കി. ‘ഈശ്വരാ… ഒരാൾ പോലും എന്റെ കൂടെയില്ലല്ലോ,’ നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് അവൾ മനസ്സിൽ വിചാരിച്ചു.
പതിവുപോലെ എല്ലാവരും കഴിച്ചു കഴിഞ്ഞ ശേഷമാണ് ജ്വാല കഴിക്കാനായി ഇരുന്നത്. ഇടയ്ക്കിടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. തൊണ്ടയിൽ കമ്പി മുറുക്കും പോലെ വലിയൊരു വേദന തോന്നി. ആഹാരം ഇറക്കാൻ പറ്റാത്ത വിധം സങ്കടം അവളെ ശ്വാസം മുട്ടിച്ചു. കഴിക്കുന്ന ചോറിലേക്ക് കണ്ണുനീർത്തുള്ളികൾ ഉറ്റിവീഴുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
ഏറെ വൈകിയാണ് അവൾ മുറിയിലേക്ക് നടന്നത്. മുറിയിലെ ദീപ്തയുടെ അലങ്കാരപ്പണികൾ കണ്ട് ജ്വാലയ്ക്ക് ശരീരം മുഴുവൻ വിറയ്ക്കുന്നത് പോലെ തോന്നി. എങ്ങനെ കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അമ്മയുടെ ഫോട്ടോയും എടുത്ത് ജനാലയ്ക്കരികിൽ അല്പനേരം എന്തൊക്കെയോ ഓർത്ത് അവളിരുന്നു. ഇടയ്ക്കെപ്പോഴോ അവളുടെ ഉള്ളിൽ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി: *”അവൻ വരുന്നുണ്ട്, നിന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ…”* വെറും തോന്നൽ എന്ന മട്ടിൽ അവളത് തള്ളിക്കളഞ്ഞു.
### പിറ്റേന്ന് രാവിലെ…
“ജ്വാലാ… ജ്വാലാ… വാതിൽ തുറക്ക്!” പത്മ പുറത്തുനിന്ന് വാതിലിൽ ശക്തിയായി അടിച്ചു കൊണ്ടിരുന്നു.
ബാത്ത്റൂമിലായിരുന്ന ജ്വാല ഓടിപ്പിടിച്ചുവന്ന് മുറിയുടെ വാതിൽ തുറന്നു. വാതിൽ തുറന്നതും പത്മ ജ്വാലയുടെ കരണം പുകച്ചൊരു അടി കൊടുത്തു! ഒരു നിമിഷം തലകറങ്ങി ജ്വാല നിലത്തേക്ക് വീണുപോയി.
“അയ്യോ… എന്റെ പത്മ, നിനക്ക് വട്ടായോ?” ശേഖരൻ ഓടിയെത്തി.
“പിന്നെങ്ങനെയാ വട്ടാകാതിരിക്കുക? മണിക്കൂർ രണ്ടായി ഈ വാതിലിന് പുറത്തുനിന്ന് ഞാൻ ഇരുന്നു കൊട്ടുന്നു! ഈ നശിച്ചവൾ അതിനകത്തുണ്ടെങ്കിൽ ഒന്ന് മിണ്ടിക്കൂടെ? വെറുതെ മനുഷ്യനെ തീ തീറ്റിക്കാൻ വേണ്ടിയിട്ട്…”
“അത്രമാത്രം തീ തിന്നാൻ ഞാൻ എന്താ ചെറിയമ്മേ ചെയ്തത്?”
“എടി നശിച്ചവളെ, നീയെങ്ങാനും ഇവിടെനിന്ന് രക്ഷപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ആ കടങ്ങളെല്ലാം ഞങ്ങൾ എങ്ങനെ തീർക്കും?”
“ഹോ… അതാണോ ഇപ്പൊ ചെറിയമ്മയ്ക്ക് വലിയ കാര്യം, അല്ലേ?”
“അതെ! ഞങ്ങളുടെ കുടുംബത്തിന്റെ അടിത്തറ തന്നെയാണ് നിന്റെ ജീവിതത്തെക്കാൾ ഞങ്ങൾക്ക് വലുത്.”
“അതെനിക്കറിയാം… നിങ്ങളുടെ അടുത്തുനിന്നും ഓടിപ്പോകാൻ എനിക്ക് കഴിയില്ലെന്നും എനിക്കറിയാം.” നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ജ്വാല പറഞ്ഞു.
“ഇന്നാ, നിന്റെ വിവാഹവസ്ത്രം!” അതും പറഞ്ഞ് പത്മ അവൾക്ക് നേരെ ഒരു സെറ്റ് സാരി എറിഞ്ഞുകൊടുത്തു. അത് അവളുടെ മുഖത്തേക്ക് വന്നു പതിച്ചപ്പോൾ അവൾ അറിയാതെ അതിനെ കൈകളിൽ ഏറ്റുവാങ്ങി.
“വേഗം ഒരുങ്ങി വരാൻ നോക്ക്, സമയമില്ല. 9 മണിക്ക് അമ്പലത്തിൽ എത്തണം.” അത് പറയുമ്പോൾ പത്മയുടെ മുഖത്ത് ഒരു വിജയഭാവമുണ്ടായിരുന്നു.
“എന്താ അമ്മേ ഇവിടെ ഒരു ബഹളം? ഇവൾ ഇതുവരെ ഒരുങ്ങിയില്ലേ?” അങ്ങോട്ടേക്ക് വന്ന ദീപ്ത ചോദിച്ചു.
“അതുതന്നെയാ ഇവിടുത്തെ ബഹളം. മണിക്കൂറായി ഞാൻ ഈ വാതിലിൽ തട്ടാൻ തുടങ്ങിയിട്ട്. ഇത്രയ്ക്ക് അഹങ്കാരം പാടില്ലല്ലോ.”
“അതെങ്ങനെയാ അമ്മേ, പണക്കാരന്റെ ഭാര്യയാകാൻ പോകുകയല്ലേ? അപ്പോൾ പിന്നെ കുറച്ച് അഹങ്കാരമൊക്കെ ആകാമല്ലോ.” ദീപ്ത പരിഹസിച്ചു.
അവർ നോക്കിനിൽക്കുമ്പോൾ തന്നെ ജ്വാല വാതിൽ ശക്തിയായി അടച്ചു കഴിഞ്ഞിരുന്നു.
“എടി എടി ഒരുമ്പെട്ടവളേ… നിന്റെ തള്ള ഉണ്ടാക്കിവെച്ചിട്ട് പോയതല്ല ഈ വാതിലും വീടുമൊന്നും! ഇത് നിൽക്കുന്നത് തന്നെ ഞങ്ങളുടെ ഔദാര്യം കൊണ്ടാണെന്ന് കൂട്ടിയാൽ മതി. അധികം നെഗളിച്ചാൽ കൊന്നുകളയും ഞാൻ!” പത്മ പുറത്തുനിന്ന് ആക്രോശിച്ചു.
“പോട്ടെ അമ്മേ, ഇന്നും കൂടിയല്ലേ ഉള്ളൂ.” ദീപ്ത ശാന്തയാക്കാൻ ശ്രമിച്ചു.
“ഇന്നാണ് എനിക്ക് സമാധാനമായി ഉറങ്ങാൻ പറ്റുന്ന ദിവസം. ഇത്രയും കാലം ഈ നശൂലത്തെ ഈ വീട്ടിൽ താമസിപ്പിച്ച് എന്റെ ഉള്ള സമാധാനം പോയിരിക്കുകയായിരുന്നു. ഇവളെ ആ പാണ്ടിയുടെ കൂടെ പറഞ്ഞയച്ചിട്ട് വേണം സമാധാനത്തിൽ ജീവിക്കാൻ.”
ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ജ്വാല ഒരുങ്ങിയിറങ്ങി. അപ്പോഴേക്കും മുറ്റത്ത് അവർക്ക് പോകാനുള്ള വലിയൊരു കാർ എത്തിയിരുന്നു.
“പാണ്ടി നല്ല റിച്ചാണല്ലോ അമ്മേ!” കാർ കണ്ട ഉടനെ ദീപ്ത പറഞ്ഞു.
“ബമ്പർ സമ്മാനമല്ലേ അടിക്കാൻ പോകുന്നത്, അപ്പോൾ ഇത്രയെങ്കിലും പൊലിമ വേണ്ടേ?” പത്മയും ദീപ്തയും അവളെ കളിയാക്കി ചിരിച്ചു.
മുറിയിൽ നിന്നും ഇറങ്ങിയതും ഹാളിലെ അമ്മയുടെ ഫോട്ടോയിലേക്ക് ജ്വാല നോക്കി. “അമ്മേ… ഞാൻ പോകുവാട്ടോ…” നിറമിഴികളോടെ, മനസ്സ് കല്ലാക്കിക്കൊണ്ട് ജ്വാല യാത്ര പറഞ്ഞു.
### ഇതേസമയം മറ്റൊരു സ്ഥലത്ത്…
“സാർ, ഇത് ഏകദേശം 25 ഏക്കറോളം വരുന്നുണ്ട്. ഇതങ്ങ് വെട്ടിത്തെളിച്ചെടുത്താൽ നമ്മുടെ കമ്പനി ഇവിടെ അടിപൊളിയായിട്ട് ഉയർന്നുവരും. നഗരത്തിൽനിന്ന് മാറി, ഗ്രാമത്തിന്റെ നടുക്ക് നമ്മുടെ ഒരു ബിൽഡിംഗ്… അതായിരുന്നില്ലേ സാറിന്റെ സ്വപ്നം? അതിന് പറ്റിയ നല്ലൊരു പ്ലോട്ടാണ് ഇത്.” അഗ്നിയുടെ പി.എ. രവീന്ദ്രൻ പറഞ്ഞു.
അഗ്നി ‘അതെ’ എന്ന അർത്ഥത്തിൽ തലയാട്ടി. ആറടിയിലധികം ഉയരമുള്ള അവന്റെ വിരിഞ്ഞ നെഞ്ചും ഗാംഭീര്യമുള്ള നിൽപും ആ സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ ഒരു യോദ്ധാവിനെപ്പോലെ തോന്നിപ്പിച്ചു.
“നമുക്ക് എന്തായാലും ഇതൊന്ന് ചുറ്റിപ്പാലാം. നല്ലതാണെങ്കിൽ നാളെത്തന്നെ അഡ്വാൻസ് കൊടുത്തേക്കാം.” അഗ്നി രവീന്ദ്രനെ നോക്കി പറഞ്ഞു.
“തീർച്ചയായും സാറിന് ഈ സ്ഥലം ഒരുപാട് ഇഷ്ടപ്പെടും.” സ്ഥലത്തിന്റെ മുതലാളിയായ പ്രശാന്തൻ പറഞ്ഞു.
അഗ്നി ചുറ്റിലും കണ്ണോടിച്ചുകൊണ്ട് ആ പ്ലോട്ടിലൂടെ മുന്നോട്ട് നടന്നു. പെട്ടെന്നാണ് അവന്റെ തീക്ഷ്ണമായ കണ്ണുകളിൽ അങ്ങ് ദൂരെയായി ഓടിട്ട ഒരു പഴയ കെട്ടിടം ഉടക്കിയത്.
“ഡോ, അതെന്താ?” അഗ്നി പ്രശാന്തനെ നോക്കി ചോദിച്ചു.
പ്രശാന്തൻ രവീന്ദ്രനെ ഒന്ന് നോക്കിയിട്ട് പറഞ്ഞു: “അത് പഴയൊരു അമ്പലമാണ് സാർ. ഇപ്പോൾ ആരും അവിടെ വരാറില്ല, ഉപയോഗവുമില്ല. സാർ ഈ സ്ഥലം വാങ്ങുകയാണെങ്കിൽ അതങ്ങ് ഇടിച്ചുനിരത്തിയേക്കാം..




