24/04/2026

വധു : ഭാഗം 34

രചന – ആയിഷ അക്ബർ

അൽപ നേരം കൂടി അങ്ങനെ നിന്നവൾ പതിയേ മുറിയിലേക്ക് നടന്നു….

അപ്പോഴേക്കും മഴയൊന്നോതുങ്ങിയിട്ടുണ്ട്…..

കട്ടിലിൽ ചെരിഞ്ഞു കിടക്കുന്ന അവൻ കണ്ണുകൾ ചിമ്മിയിട്ടുണ്ട്….

അവളവനെ അൽപ നേരം ഒന്ന് നോക്കി നിന്നു…..

ഞാൻ….. ഞാനീ കട്ടിലിൽ കിടന്നോട്ടെ…..

അവൾ പെട്ടെന്നത് ചോദിച്ചതും അവൻ കണ്ണുകൾ തുറന്നവളെയൊന്ന് നോക്കി….

ദയനീയമായി നിൽക്കുന്നവളുടെ കണ്ണുകളിൽ കണ്ണ് നീരൂറി നിൽക്കുന്നുണ്ട്…..

അവനൊരു നിമിഷം മറുപടി പറയാൻ പോലും കഴിഞ്ഞില്ല….

അത്രത്തോളം അവളെന്ന നോവ് തന്നെ വരിഞ്ഞു മുറുക്കും പോലെ……

ഇന്നൊരു ദിവസം കൂടിയല്ലേ യുള്ളൂ….
അവസാനമായി ഇതും കൂടിയേ ഞാൻ ആവശ്യപ്പെടു…..

അപ്പോഴേക്കും അവൾ വിതുമ്പി തുടങ്ങിയിരുന്നു….

മ്മ്…..
അവൻ അവളുടേ മുഖത്ത് നോക്കാതെ തന്നെ ഒന്നമർത്തി മൂളി…..

ചെരിഞ്ഞു കിടക്കുന്ന അവനരികിലായി അവളും കിടന്നു…..

അവന്റെ നെറ്റിയിൽ വീണു കിടക്കുന്ന മുടികൾ അവൾക്കൊന്നോതുക്കി വെക്കാൻ തോന്നി….

ഇന്നൊരു രാത്രി മാത്രമേ തന്റെ മുമ്പിൽ സമയമുള്ളൂ…..

ഈ രാത്രി മുഴുവൻ തനിക്കവനെ ഇങ്ങനെ കണ്ട് കൊണ്ടിരിക്കണം…

ജീവിത കാലം മുഴുവൻ അവന്റെ ഒരോ ചലനങ്ങളും മനസ്സിൽ നിന്ന് മായാതിരിക്കാൻ…..

അവൾ അവനെ നോക്കി കിടക്കുന്നത് അറിയുമ്പോഴും അവൻ കണ്ണുകൾ തുറന്നിരുന്നില്ല….

വേവുന്ന മനസ്സോടെ അവൻ കണ്ണുകൾ അടച്ചു തന്നെ കിടന്നു……

രാവിലെ അവൾ എഴുന്നേൾക്കുമ്പോൾ അരികിൽ അവനെ കാണുന്നില്ലായിരുന്നു….

അവൾ താഴെക്കിറങ്ങി ചെല്ലുമ്പോഴേ വലിയ ബഹളം കേൾക്കാം….

അവൾ അടുക്കള വാതിലിൽ എത്തിയപ്പോൾ തന്നെ അവിടെ നിരന്നിരിക്കുന്ന എല്ലാവരോടും ഒന്ന് പുഞ്ചിരിച്ചു…..

അപ്പച്ചിമാരും മക്കളുമടക്കം എല്ലാവരുമുണ്ട്….

അവർ തന്നോട് ചിരിക്കാൻ പാട് പെട്ടു…..

ആർക്കും തന്നെ ഇഷ്ടമല്ലല്ലോ അതാവും….

താൻ വന്ന് കയറിയതും ഇങ്ങനെയൊരു ബഹളത്തിലേക്കായിരുന്നു….

ഇറങ്ങി പോകുമ്പോഴും ഇവരെല്ലാം ഉള്ളത് തന്നെയാ നല്ലതെന്ന് അവൾക്ക് തോന്നി….

അവളുടേ കണ്ണുകൾ അവനായി അവിടമാകെ ഒന്നോടി നടന്നു…..

എന്നാൽ അവിടെയെങ്ങും അവനുണ്ടായിരുന്നില്ല….

മോള് വേഗം കുളിച്ചൊരുങ്ങി ക്കോളു…..
എല്ലാവർക്കും കൂടി അമ്പലത്തിൽ പോകണം….

അപ്പോഴാണ് പവി അവളോടായി അത് പറയുന്നത്…..

അവളൊരു പുഞ്ചിരിയോടെ മുറിയിലേക്ക് തന്നെ നടന്നു……

തലക്ക് വല്ലാത്ത ഭാരമുണ്ട്…..

എങ്കിലും ഇന്നലത്തെത്തിൽ നിന്നും വ്യത്യസ്തമായി അവന്റെ വാക്കുകൾ നൽകിയ ചെറിയൊരു കുളിരുണ്ട് മനസ്സിൽ ….

ഇനിയങ്ങോട്ടുള്ള ജീവിതത്തിനു തനിക്ക് ബലമേകുന്ന ആ വാക്കുകൾ…..

ഇരുട്ടായിരുന്ന മനസ്സിലേക്ക് വെളിച്ചമായി തുളച്ചു കയറിയ അവന്റെ സ്നേഹം……

അവൾ ബാത്റൂമിലേക്ക് കയറി തലയിലൂടെ വെള്ളമൊഴിക്കുമ്പോൾ മുമ്പോട്ടുള്ള ജീവിതം അവനെ കൂടാതെ എങ്ങനെയായിരിക്കുമെന്ന ചിന്തയിലായിരുന്നു….

ഓർക്കാൻ പോലും കഴിയാത്ത വിധമങ്ങനെ മനസ്സിനെ ഞെരിക്കും പോലെ തോന്നിയതും അവൾ വേഗം കുളിച്ചിറങ്ങി…..

അവൾ മുറിയിലേക്കിറങ്ങുമ്പോൾ മുടി ചീകുന്ന സായുവിനെയാണ് കാണുന്നത്……

സ്വർണ കരയുള്ള ചന്ദന കളർ മുണ്ടും ഒരു കറുത്ത ഷർട്ടുമാണ് അവന്റെ വേഷം…..

അവളവനെ ഒരു നിമിഷമൊന്ന് നോക്കിയെങ്കിലും ഇരുവർക്കും പരസ്പരം നോക്കാൻ കഴിഞ്ഞില്ല…..

ഉള്ളിലുള്ള വിങ്ങലോ അതോ ഇന്നലെ തുറന്ന് സംസാരിച്ചത്തിലുള്ള ജാള്യതയോ എല്ലാം കാരണമായിരിക്കാം ഒരു പക്ഷെ…..

അവൾക്ക് അവനെ നോക്കാനുള്ള ആ പ്രയാസത്തെ തിരിച്ചറിഞ്ഞെന്ന വണ്ണം അവൻ വേഗം മുറിയിൽ നിന്നും ഇറങ്ങിയിരുന്നു…..

അവൾ അലമാരയിലുള്ള അവളുടേ തുണികളിലൂടെ വിരലൊന്ന് നീക്കി….

അതിൽ കണ്ട കറുത്ത ചുരിദാർ അവന്റെ ഷർട്ടുമായി സാമ്യം തോന്നിയത് കൊണ്ട് തന്നെയാണ് അത് വേഗം കയ്യിലെടുത്തത്….

ചുരിദാറിട്ട് മുടിയൊന്ന് കുളിപ്പിന്നൽ കെട്ടി വെച്ചു….

ഷാൾ ഒരു വശത്തു കൂടി പിൻ ചെയ്ത് വെച്ചു….

കറുത്തൊരു കുഞ്ഞ് പൊട്ട് നെറ്റിയിൽ തൊട്ടു…

ആ കറുത്ത നിറത്തിലുള്ള ചുരിദാറിൽ പ്രത്യേക ഒരു ഭംഗി അവൾക്ക് സ്വയം തോന്നിയിരുന്നു…..

അവൻ കെട്ടിയ താലി അവളൊന്ന് കൂടി മുറുകെ പിടിച്ചു…..

പിന്നെ വേഗത്തിൽ താഴെക്കിറങ്ങി……

എല്ലാവരും മാറ്റിയൊരുങ്ങിയിട്ടുണ്ട്…..

അപ്പോഴും അവിടെയെങ്ങും സായുവിനെ കാണാത്തത് അവളിലൊരു നിരാശ ജനിപ്പിച്ചു…..

എന്റെ മോള് സുന്ദരി യായിട്ടുണ്ട്….

അതും പറഞ് പവി അവളുടേ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി….

പ്രഭയൊരു പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ട് സത്യത്തിൽ അപ്പച്ചിമാരെല്ലാവരും ശെരിക്കും അത്ഭുത പെട്ടു പോയിരുന്നു…..

പവി……. എന്റെ വാച്ച്…

പ്രഭ അകത്തേക്ക് നോക്കി വിളിച്ചത് പറഞ്ഞതും പവിയെന്ന് പേരെടുത്തു വിളിച്ചത് തന്നെ മൂന്ന് പെങ്ങമ്മാരിലും അങ്ങേയറ്റം അസ്വസ്ഥത നിറച്ചിരുന്നു…..

ഏട്ടാ….. ഏട്ടന് ഭദ്ര തന്നെയായിരുന്നു നല്ലത് ….
ഏട്ടന്റെ ഒരു കാര്യത്തിനും ഇവളെ കിട്ടില്ല…..

പതിവ് പോലെ എരി കയറ്റാൻ സിന്ധു അത് പറഞ്ഞതും പ്രഭയോന്ന് ചിരിച്ചു….

എനിക്കാരാ നല്ലതെന്ന് എനിക്കറിയാം….
എന്റെ ഭാര്യയുടെ കാര്യം നോക്കാനും എനിക്കറിയാം…
നിങ്ങളൊക്കെ നിങ്ങളുടെ ഭർത്താക്കണമാർക്ക് നല്ല ഭാര്യമാരായാൽ മതി….

അതും പറഞ് പ്രഭയോന്ന് ചിരിച്ചതും അണ്ണാക്കിൽ പിരി വെട്ടിയ പോലവർ നിന്നു….

വാച്ചുമായി വന്ന പവി ഇത് വ്യക്തമായി കേട്ടിരുന്നു….

സന്തോഷം കൊണ്ടൊരു നിമിഷം കണ്ണുകൾ നിറയുമോയെന്നവർക്ക് തോന്നി പോയിരുന്നു….

വാ…. നീ കയറുന്നില്ലേ….

എല്ലാവരും കാറിൽ കയറുമ്പോൾ പിറകിലേക്ക് നിൽക്കുന്ന ബാലയെ നോക്കി പവിയാണത് ചോദിച്ചത്……

ഞാൻ……

അവൾ നിൽക്കുന്നതഗ് സായുവിനു വേണ്ടിയാണെന്ന് അവളുടേ പരുങ്ങലിൽ നിന്നും അവർക്ക് മനസ്സിലായിരുന്നു….

അവൻ വല്യച്ഛനോടോപ്പം ആദ്യം പോയി കുട്ടീ…. നീ വാ…..

പവി അത് പറഞ്ഞതും ബാല വണ്ടിയിലേക്ക് കയറി…..

നിങ്ങൾ…. ഇന്ന് തിരിക്കും അല്ലേ…..

യാത്രക്കിടയിൽ പെട്ടെന്ന് പ്രഭയാണത് ചോദിച്ചത്….

ഒപ്പം ഫ്രന്റ്‌ മിററിലൂടെ അയാൾ പിറകിലേക്ക് നോക്കുന്നുണ്ടായിരുന്നു….

മ്മ്…..
പതിവില്ലാത്ത ആ സംസാരത്തിൽ അവൾക്ക് സന്തോഷം തോന്നിയിരുന്നു……

ഞാൻ പറഞ്ഞതൊന്നും മോള് മനസ്സിൽ വെക്കരുത്….
ഞങ്ങൾക്കാകെ യുള്ളത് അവനാണ്…..
അവന്റെ ഭാര്യ യെന്ന് പറഞ്ഞാൽ ഞങ്ങൾക്കും മോള് തന്നെയാണ്….
ഒന്നും…. ഉൾക്കൊള്ളാൻ പറ്റാത്തൊരു അവസ്ഥയിലായിരുന്നു ഞാനിത് വരെ…..
പ്രഭ അത്രയും പറയുമ്പോൾ കുറ്റ ബോധം വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു….

കോ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പവി ഒന്ന് പുഞ്ചിരിച്ചു….

ഏയ്….എനിക്കൊരു പരാതിയുമില്ല….

നിങ്ങള് രണ്ട് പേരും സന്തോഷത്തോടെ ഇരുന്നാൽ മാത്രം മതി……

പതിഞ്ഞ ശബ്ദത്തിൽ ചെറു ചിരിയോടെ അവളത് പറഞ്ഞതും പ്രഭയുടെ മുഖവും ഒന്ന് തെളിഞ്ഞിരുന്നു…..

അപ്പോഴേക്കും അമ്പലമെത്തിയിരുന്നു….

വീണ്ടും തന്നോടെന്തൊക്കെയോ സംസാരിക്കാൻ അവരാഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി….

അവൾ കാറിൽ നിന്നിറങ്ങുമ്പോഴാണ് അമ്പല മുറ്റത്ത് നിൽക്കുകയായിരുന്ന അവനവളെ കാണുന്നത്….

ഒരു വേള അവൻ കണ്ണുകൾ ചിമ്മാൻ പോലും മറന്നിരുന്നു……

അതേ…. അവളെ താനാധ്യമായി കണ്ട അതേ വേഷം…..

കറുത്ത നിറത്തിൽ അവൾ വെട്ടി തിളങ്ങുന്നുണ്ട്…..

അവനറിയാതെ തന്നെ ഒരു പുഞ്ചിരി അവനിൽ വിരിഞ്ഞു……

അവൾ ശാളിന്റെ ഒരറ്റം കയ്യിലേക്ക് പിടിച് തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന അവനെയാണ് കാണുന്നത്….

ചെറു ചിരിയോടെയുള്ള അവന്റെ നോട്ടത്തിൽ അവളൊന്ന് പിടച്ചു….

അവൾ പെട്ടെന്നവനിൽ നിന്നും കണ്ണുകൾ നീക്കി….

അവൻ അവരെ ലക്ഷ്യമാക്കി നടന്നു വന്നു….

എന്താ ഇവിടെ നിന്നത്…. വരൂ…..

സായു പ്രഭയോടും പവിയോടും എന്ന നിലക്ക് അത് പറയുമ്പോഴും കണ്ണുകൾ അവളിലൂടെ തെന്നി നീങ്ങിയിരുന്നു….

നീ നിന്റെ ഭാര്യയെ കൊണ്ട് പോകാൻ വന്നതാണെങ്കി കൊണ്ട് പോടാ…. ഞങ്ങള് പിറകെ വന്നോളാം…. ഞങ്ങൾക്കും വേണ്ടേ അല്പം പ്രൈവസി…..

അവന്റെ നോട്ടമറിഞ്ഞെന്ന വണ്ണം അവനെ കളിയാക്കി പ്രഭയത് പറഞ്ഞതും ബാല യുടെ കവിളുകൾ നാണത്താൽ ചുവന്നിരുന്നു….

സായുവും ഒരു ചിരിയോടെ അങ്ങനെ നിന്നു….

വാ….. അവൻ ബാലയെ വിളിച്ചു…..

അവൾ പവിയിലേക്കൊന്ന് നോക്കി….

പൊയ്ക്കോ എന്ന അർത്ഥത്തിൽ പവി ചിരിച്ചു കൊണ്ട് തലയാട്ടി…..

അവൾ പതിയേ അവന് പിറകിലായി നടന്നു…..

തന്നേക്കാൾ അവളല്പം പിറകിലാണ് എന്ന് തോന്നിയത് കൊണ്ടോ എന്തോ അവൻ നടത്തതിന്റെ വേഗത അല്പം കുറച്ചു അവളുടേ കൂടെ നടന്നു …..

ഭാഗവാനു മുമ്പിൽ കൈകൾ കൂപ്പി പ്രാർത്ഥിക്കുമ്പോൾ അവൾ കണ്ണുകൾ ഇറുക്കെ ചിമ്മിയിരുന്നു….

എന്താ പ്രാർത്തിച്ചത്….

അത് വരെ അവർക്കിടയിൽ കൂട്ട് പിടിച്ച ആ മൗനത്തെ ഭേദിച് അവനത് ചോദിക്കുമ്പോൾ ചുണ്ടിലൊരു കുസൃതി ചിരിയുണ്ടായിരുന്നു…..

ഇയാളെന്താ പ്രാർത്തിച്ചത്….
അവൾ പെട്ടെന്ന് അവനോട് തിരിച്ചു ചോദിച്ചു……

ഇനിയുള്ള ജീവിതത്തിൽ നിനക്കെന്നെ ഓർക്കേണ്ടി വരരുതെന്ന്……

അവൻ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവൾ ദേഷ്യത്തോടെ ഒന്ന് മുഖം കൂർപ്പിച്ചു….

ഇനി പറ…. താനെന്താ പ്രാർത്ഥിച്ചത്…..

അവനത് ചോദിക്കുമ്പോൾ അവൾ അവനെയൊന്ന് നോക്കി…..

നമ്മുക്കിടയിലുള്ള തടസ്സം എത്രയും പെട്ടെന്ന് നീക്കാൻ കഴിയുമോ അത്രയും പെട്ടെന്ന് നീക്കണേ യെന്ന്……

അവളത് പറയുമ്പോൾ അവൻ വീണ്ടുമൊന്ന് ചിരിച്ചു….

അപ്പൊ തടസ്സം നീങ്ങി നമ്മളൊന്നാവുമെന്ന് നിനക്കുറപ്പാണോ….

അതേ…..

അവന്റെ ചോദ്യത്തിൽ ഒട്ടും ഗൗരവമില്ലെങ്കിലും അവളുടേ യാ വാക്കിനു അത്രയേറെ ഉറപ്പുണ്ടായിരുന്നു ….

അതെന്താ…..

എന്റെ പ്രണയം…. അത്രയേറെ ശക്തമായത് കൊണ്ട്…..
എന്ത് തടസ്സങ്ങളെയും നീക്കാനുള്ള കഴിവ് എന്റെ പ്രണയത്തിനുണ്ടെന്ന ഉറച്ച ബോധ്യവും എനിക്കുള്ളത് കൊണ്ട്…..

അവന്റെ കണ്ണുകളിൽ നോക്കി അവളത് പറയുമ്പോൾ വാക്കുകളിലെ കനത്തോടൊപ്പം ആ കണ്ണുകളിൽ വിശ്വാസം കത്തി നിന്നു……

അത് തനിക്ക് കൂടി ഒരു ആത്മ വിശ്വാസം പകരുന്നത് പോലവന് തോന്നിയിരുന്നു……

മുത്തശ്ശനുള്ള വഴിപാടും മറ്റും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അവിടമാകെ ഒരു ഉത്സവ പ്രതീതി നിറഞ്ഞു നിന്നിരുന്നു…..

കളിയും ചിരിയുമായി എല്ലാവരും ആഘോഷിക്കുമ്പോഴും ആ രണ്ട് ഹൃദയങ്ങൾ മാത്രം എന്തിനോ നീറി കൊണ്ടിരുന്നു….

അമ്മയും അച്ഛനും ഏറെ സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്നു….
എന്ത് മനോഹരമായ കാഴ്ച……
ജീവിക്കാൻ വല്ലാതെ കൊതി തോന്നുന്നു….

അവനൊരു നിമിഷം അവളിലേക്കൊന്ന് നോക്കി…..
അപ്പോഴാണ് മരിക്കാനൊരു ഭയം തോന്നുന്നത്……

മുത്തശനു സമ്മാനമെല്ലാം കൊടുത്തും അത് കഴിഞ്ഞ് ഭക്ഷണം കഴിച്ചതുമെല്ലാം അവരോരുമിച്ചു തന്നെയായിരുന്നു…..

അൽപ സമയം മുൻപ് വരെ അവിടെയുണ്ടായിരുന്ന ആളേ പെട്ടെന്ന് കാണാതായതും ബാലയുടെ കണ്ണുകൾ അവനെ തിരഞ്ഞു…….

തന്റെ കണ്ണുകൾക്ക് എപ്പോഴും അവൻ വേണമായിരുന്നു….

അകത്തോ പുറത്തോ ഒക്കെയായി ഓരോ ആവശ്യങ്ങൾക്ക് അവൻ ഓടി നടക്കുകയായിരിക്കുമെന്ന് ആലോചിക്കുമ്പോഴും എന്തോ ഒരു അസ്വസ്ഥത അവളെ പുല്കുന്നത് പോലെ…

അവൾ ഇരുന്നിടത് നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി നോക്കി…

അവിടെയെങ്ങും അവനില്ല….

അടുക്കള പുറത്ത് കൂടി പോയപ്പോൾ അവിടെയും അവനെ കാണാനില്ല…..

ഇനി എന്തെങ്കിലും ആവശ്യത്തിന് മുറിയിലേക്ക് പോയോ എന്നറിയാൻ അവൾ കോണിപ്പടികൾ കയറി വരാന്തയിലെത്തിയതും കണ്ട കാഴ്ചയിൽ അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി……

ആ……….

അവളിൽ നിന്നുയർന്ന ആ അലർച്ച ആ വീടിനെ ആകെ നടുക്കിയിരുന്നു……

(തുടരും)