രചന – അനീഷ ആകാശ്
ദേവൻ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ അവനെ തന്നെ ഭദ്ര നോക്കി നിന്നു… “എന്താ ദേവേട്ടൻ പറഞ്ഞത്…? ” “ഒന്നുമില്ല താൻ വേഗം റെഡിയായി ഇറങ്ങിക്കേ… ” ഭദ്രയുടെ ചോദ്യത്തിന് ഉത്തരം പറയാതെ ദേവൻ ഒഴിഞ്ഞു മാറി ആലോജിച്ച് നിൽക്കാൻ സമയം ഇല്ലാത്തത് കൊണ്ട് അവൾ പെട്ടെന്ന് ഒരുങ്ങി ഇറങ്ങി… രണ്ടുപേരും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞിട്ട് ഇറങ്ങി… “അതേ ഇത് എന്റെ വീട്ടിലോട്ടാണോ? ” പോകുന്ന വഴി കണ്ടപ്പോൾ ഭദ്ര ദേവനോട് ചോദിച്ചു.. “എങ്ങോട്ടാണെന്ന് അവിടെ ചെല്ലുമ്പോൾ അറിഞ്ഞാൽ മതി.. ” ദേവന്റെ മറുപടി കേട്ടപ്പോൾ ഭദ്ര മുഖം വീർപ്പിച്ച് മിണ്ടാതെ ഇരുന്നു.. കുറച്ച് സമയത്തിനുള്ളിൽ ദേവൻ ഒരു അമ്പലത്തിന്റെ മുന്നിൽ വണ്ടി നിർത്തി.. “ഇവിടേക്കാണോ? ഇത് ഞങ്ങളുടെ അമ്പലം അല്ലേ,? ” സ്ഥലം കണ്ട ഉടൻ ഭദ്ര പറഞ്ഞു..
“അതേ മിണ്ടാതെ എന്റെ ഒപ്പം വാ… ഇനി മിണ്ടിയാൽ ഞാൻ കുളത്തിലോട്ട് തള്ളി ഇടും പറഞ്ഞേക്കാം… ” “ഹും…. ദുഷ്ടൻ… ഒന്നും മിണ്ടാതെ കൂടെ പോകാൻ ഇത് എന്താ സ്കൂൾ അസംബ്ലി ആണോ… ഞാൻ മിണ്ടും… ” ഭദ്ര പതിയെ പറഞ്ഞു.. “എന്തെങ്കിലും പറഞ്ഞുവോ ഭവതി? ” ദേവൻ തിരിഞ്ഞു നിന്ന് ചോദിച്ചു.. ഇല്ലെന്നുള്ള ഭാവത്തിൽ അവൾ തലയാട്ടി “എങ്കിൽ എന്റൊപ്പം പോര്… ” ദേവൻ പറഞ്ഞിട്ട് തൊഴാൻ അകത്തേക്ക് കയറി.. ദേവന്റെ പുറകേ മിണ്ടാതെ ഭദ്രയും ചെന്നു… തൊഴുത് ഇറങ്ങിയപ്പോഴാണ് മഹി അമ്പലത്തിൽ നിൽക്കുന്നത് കണ്ടത്… “അളിയാ.. നീ ഇവളേം കൊണ്ട് കറങ്ങാൻ തുടങ്ങിയോ? ” മഹി ഭദ്രയെ ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു.. “എന്താ എന്നേം കൊണ്ട് കറങ്ങാൻ പോയാൽ? ” ഭദ്ര ദേഷ്യപ്പെട്ടു.. “ഒന്നുമില്ലായെ…. നിന്നെ കൊണ്ടുനടക്കുന്നതിന്റെ പാട് ഓർത്ത് പറഞ്ഞു പോയതാണേ.. ” “അതേ നിങ്ങൾ ആങ്ങളയും പെങ്ങളും അടി ഉണ്ടാക്കിക്കൊണ്ട് ഇവിടെ നിൽക്ക്.. ഞാനിപ്പോൾ വരാമേ… ” മഹിയോടും ഭദ്രയോടും പറഞ്ഞിട്ട് ദേവൻ അമ്പലത്തിലേക്ക് കയറി..
“അതേ കൂട്ടുകാരനെ കണ്ടപ്പോൾ എനിക്കിട്ട് താങ്ങുവാ അല്ലേ… ” ഭദ്ര മഹിയുടെ തോളിൽ അടിച്ചുകൊണ്ട് ചോദിച്ചു… “താങ്ങിയതൊന്നുമല്ല സത്യം മാത്രം പറഞ്ഞതാ . ” മഹി ചിരിച്ചുകൊണ്ട് പറഞ്ഞു… “അത് പോട്ടെ എന്താ മഹതിയുടെ മുഖത്തൊരു പ്രേത്യേക സന്തോഷം? ” “അതേ എന്റെ ഒരു ശത്രുവിന്റെ കൈയ്യും കാലും ആരോ തല്ലി ഒടിച്ചു… അതോർക്കുമ്പഴൊക്കെ എനിക്ക് വല്ലാത്തൊരു സന്തോഷം…” “അത് ഏതാ ശത്രു.. മൊത്തത്തിൽ ശത്രുക്കൾ ആണല്ലോ നിനക്ക് കൂടുതൽ .. അത് കൊണ്ട് ചോദിച്ചതാ.. ” “അതേ ഒരുപാട് കളിയാകേണ്ട… ഞങ്ങളുടെ ഒരു സാറിനെ പറ്റി ഞാൻ പറഞ്ഞിട്ടില്ലേ? ആ പുള്ളിയുടെ കാര്യമാ… ഏതോ ഒരു ചുണക്കുട്ടി അങ്ങേരുടെ കൈയ്യും കാലും തല്ലി ഒടിച്ചു… കോളേജിലെ ഫ്രണ്ട്സ് ഫോട്ടോസ് അയച്ചു തന്നതാ… ദാ കണ്ടോ… ” ഭദ്ര ഫോൺ മഹിയുടെ നേർക്ക് നീട്ടി.. “ആഹാ കൊള്ളാല്ലോ… ആരാണെങ്കിലും കലക്കി.. ” “അത് തന്നെയാ ഞാനും പറഞ്ഞത്.. ആളിനെ കണ്ടിരുന്നെങ്കിൽ ഞാൻ കേട്ടിപിടിച്ചൊരു ഉമ്മ കൊടുത്തേനെ… ” “നീ കൊടുക്കുമോ? ” മഹി വാശിയോടെ ചോദിച്ചു.. “അതിനെന്താ സംശയം… ഒന്നല്ല ഒരു നൂറുമ്മ കൊടുക്കും… ” “ഉറപ്പാണോ? ” “ഉറപ്പ്… ഭദ്ര വാക്ക് മാറ്റില്ലെന്ന് അറിയാമല്ലോ… ” “എങ്കിൽ നിന്റെ കെട്ടിയോന് വീട്ടിൽ എത്തിയാലുടൻ കെട്ടിപിടിച്ച് ഒരു നൂറുമ്മ കൊടുത്തേക്ക്… ” മഹി അത് പറഞ്ഞപ്പോൾ ഭദ്രക്ക് ഉള്ളിലെ സംശയം കൂടി..
“എടി പോത്തേ….കണ്ണും തള്ളി നിൽക്കണ്ട.. നിന്റെ റൗഡി കെട്ടിയോനാ അത് ചെയ്തത്… ഞാനാ കൂടെ പോയത്… ” മഹി സംഭവങ്ങൾ എല്ലാം ഭദ്രയോട് വിശദീകരിച്ചു… “ആഹാ… ഇതുവരെ കഴിഞ്ഞില്ലേ രണ്ടിന്റെയും വഴക്ക്… ” ദേവൻ അവരുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.. “അതൊക്കെ എപ്പോഴേ കഴിഞ്ഞു.. ” “എങ്കിൽ ഞങ്ങൾ ഇറങ്ങുവാ… ” ദേവൻ ബുള്ളറ്റിൽ കയറിക്കൊണ്ട് പറഞ്ഞു.. “വീട്ടിലേക്ക് വരുന്നില്ലേ…? ” “ഇല്ലടാ… ഇന്ന് അല്പ്പം തിരക്കുണ്ട്… നെക്സ്റ്റ് വീക്ക് ഇറങ്ങാമെ… ” ഭദ്ര ഒന്നും മിണ്ടാതെ ദേവന്റെ പുറകിലേക്ക് കയറി ഇരുന്നു… പോകുന്നവഴിയിൽ ഒന്നും മിണ്ടാതെ ഭദ്ര ഇരിക്കുന്നത് കണ്ടപ്പോൾ ദേവൻ പതിയെ വണ്ടി നിർത്തി.. “എന്താ താൻ മിണ്ടാത്തത്…? ഞാൻ മിണ്ടരുതെന്ന് പറഞ്ഞിട്ടാണോ .. ” “അല്ലാ… അതൊന്നുമല്ല… മഹിയേട്ടൻ ചില സംഭവങ്ങൾ പറഞ്ഞു എന്നോട്… നിങ്ങൾ രണ്ടും സാറിനെ അടിക്കാൻ പോയതൊക്കെ പറഞ്ഞു… ” ഭദ്ര മുഖം കുനിച്ചുകൊണ്ട് പറഞ്ഞു…
“ഓഹ് അതാണോ? അതൊക്കെ താൻ വിട്ടുകളഞ്ഞേക്ക്… ” പറഞ്ഞിട്ട് ദേവൻ വണ്ടി സ്റ്റാർട്ട് ചെയ്തു… വീട്ടിൽ എത്തിയ ഉടൻ ഭദ്ര റൂമിലേക്ക് കയറി… ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നപ്പോഴാണ് കതക് ആരോ കുറ്റി ഇടുന്ന സൗണ്ട് കേട്ടത്… തിരിഞ്ഞ് നോക്കിയപ്പോൾ ദേവേട്ടൻ തന്റെ അടുത്തേക്ക് വരുന്നു… “എന്തിനാ കതക് കുറ്റിയിട്ടത്? ” ഭദ്രയുടെ ചോദ്യം കേട്ടപ്പോൾ ദേവന് ചിരി വന്നു.. “ഒന്നുമില്ല… വെറുതെ.. ” പറഞ്ഞിട്ട് ദേവൻ ഭദ്രയുടെ അടുത്തേക്ക് നടന്നു വന്നു.. ദേവൻ അടുത്ത് വരും തോറും ഭദ്ര പുറകിലേക്ക് നടന്നു… പുറകിലെ ഭിത്തിയിൽ ചെന്നിടിച്ചതും ദേവൻ അവളുടെ ഇരുവശവുമായി കൈ വെച്ചു.. ഭദ്രയുടെ ശ്വാസത്തിന്റെ സൗണ്ട് ഉയർന്നു വന്നു… “അതേ സാറിനെ തല്ലിയതിന് പാരിദോഷികം പറഞ്ഞില്ലേ… ഇപ്പോൾ ഇവിടെ വെച്ച് എനിക്കത് കിട്ടണം… ” ദേവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു…
“അത്… ഞാൻ…… പിന്നെ… ” ഭദ്ര വിക്കികൊണ്ട് മറുപടി പറയാൻ ശ്രെമിച്ചു… ദേവൻ പെട്ടെന്ന് അവളുടെ വായ പൊത്തി.. “ഒന്നും പറയണ്ട…. പറഞ്ഞതു ഇങ്ങോട്ട് തന്നാൽ മതി… നൂറെണ്ണമൊന്നും തന്നില്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരെണ്ണം തരണം ദാ ഇവിടെ… ദേവൻ വിരൽ അവന്റെ ചുണ്ടിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.. അത് കണ്ടു ഭദ്ര മുഖം കുനിച്ചു… “ഞാൻ തരില്ല.. ” “വേണ്ട… ഭദ്ര വാക്ക് പറഞ്ഞാൽ അത് മാറ്റില്ലെന്നൊക്കെ പറഞ്ഞതോ… ” ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു മറുപടി പറയാതെ ഭദ്ര മുഖം കുനിച്ചു… ദേവൻ ചിരിച്ചുകൊണ്ട് അവളുടെ താടി പിടിച്ച് ഉയർത്തി ദേവൻ അവളുടെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു…. എന്താണ് സംഭവച്ചിതെന്ന് മനസിലാകുന്നതിന് മുൻപ് തന്നെ ഭദ്രയെ ദേവൻ തന്നിലേക്ക് അടുപ്പിച്ചു… “എനിക്കവകാശപെട്ടത് ഞാനങ്ങു എടുക്കുവാ… കേട്ടോടി ഭാര്യേ…. ” ഭദ്രയുടെ ചെവിയിലേക്ക് ചുണ്ടുകൾ ചേർത്ത് ദേവൻ പറഞ്ഞു… നാണം കൊണ്ട് ഭദ്ര അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു…
ഒപ്പേറഷൻ തിയേറ്ററിന്റെ വാതിൽക്കൽ സമാധാനം ഇല്ലാതെ ദേവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. “എന്റെ മോനേ നീ ഇവിടെ ഇരിക്ക്… ” ദേവകി അവന് ഒരു ചെയർ കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു… “നിന്റെ ടെൻഷൻ കണ്ടാൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു സംഭവം എന്ന് പറയുമല്ലോ? ” മേനോൻ കളിയാക്കികൊണ്ട് പറഞ്ഞു “അതേ എനിക്കിത് ആദ്യത്തേതാ…. ” ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു… “നിനക്കല്ല അവൾക്ക്…. ” മേനോൻ വീണ്ടും കളിയായി പറഞ്ഞു… “അതേ ഞാനും അവളും ഒന്നാണ്.. അപ്പോൾ ഞങ്ങൾക്ക് ഇത് ആദ്യമാ… ” ദേവൻ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് നേഴ്സ് ഡോർ തുറന്ന് പുറത്തേക്ക് വന്നത് “ഭദ്രയുടെ ഡെലിവറി കഴിഞ്ഞു.. നോർമൽ ആയിരുന്നു… ” പറഞ്ഞു തീർന്നതും മറ്റൊരു നേഴ്സ് പുറത്തേക്ക് വന്നു…
“ട്വിൻസ് ആണ്… ഒരാണും ഒരു പെണ്ണും… ” അവരുടെ കൈകളിലെ പൈതങ്ങളെ കണ്ടതും ദേവൻ ഓടി ചെന്നു… മേനോനും രാഘവമേനോനും ചിരിച്ചുകൊണ്ട് പരസ്പരം കെട്ടിപിടിച്ചു… “അങ്ങനെ നമ്മൾ മുത്തശ്ശൻ ആയി… ഒന്നല്ല രണ്ടുപേരുടെ… ” കുഞ്ഞുങ്ങളെ കണ്ടതും ദേവന്റെ കണ്ണുകൾ നിറഞ്ഞു.. “ഭദ്ര……. ” “ഭദ്രക്ക് കുഴപ്പമൊന്നുമില്ല… അല്പം കഴിയുമ്പോൾ കയറി കാണാം…. ” കുറച്ച് സമയം കഴിഞ്ഞപ്പോൾ ഭദ്രയെ കാണാൻ ദേവൻ അകത്തേക്ക് കയറി… ദേവനെ കണ്ടതും ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു.. ഭദ്രയുടെ അടുത്ത് ചെന്ന് അവളുടെ നെറുകയിൽ ഒരുമ്മ കൊടുത്തു.. . “നാമൊന്ന് നമുക്ക് രണ്ട് അല്ലേ? ” “അയ്യടാ…എന്റെ മോള് കണക്ക് കൂട്ടണ്ട… നമുക്ക് രണ്ടൊന്നുമല്ല… എന്റെ കണക്കിൽ ഇനിയും ഉണ്ട്… ” ദേവൻ അവളുടെ മുടിയിൽ തടവിക്കൊണ്ട് പറഞ്ഞു… “അയ്യടാ…. ഇന്ന് ടെൻഷൻ അടിച്ചത് പോരല്ലേ…. നേഴ്സ് വന്നു പറഞ്ഞു മാഷിന്റെ ടെൻഷനെ പറ്റി… ” ചിരിച്ചുകൊണ്ട് ഭദ്ര പറഞ്ഞു “ആ ടെൻഷന്റെ സുഖം അറിഞ്ഞപ്പോൾ ഇനിയും ഇതുപോലെ ടെൻഷൻ അടിക്കാൻ ഞാൻ റെഡിയാ… ” ദേവൻ പറഞ്ഞത് കേട്ടപ്പോൾ ഭദ്രയും ചിരിച്ചു… *
മായയുടെ കല്യാണത്തിന് പോകാൻ എല്ലവരും റെഡിയായി “ഭദ്ര നീ ഇറങ്ങുന്നുണ്ടോ? ഇനിയും ഇറങ്ങിയില്ലേൽ കല്യാണം കഴിഞ്ഞാലും അവിടെ എത്തില്ല… ” ദേവൻ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് വിളിച്ചു… “വരുവാ ഏട്ടാ…. ഈ രണ്ട് പീക്കിരികളേം കൊണ്ട് ഇറങ്ങുമ്പോൾ കുറച്ചൊക്കെ താമസിക്കും… ” ഭദ്ര മോളെയും കൊണ്ട് വന്നു…ദയ മോനുമായി വന്നു കാറിൽ കയറി.. “ഇനി പോകാമല്ലോ…അമ്മയും അച്ഛനും ധ്യാനിന്റെ ഒപ്പം വന്നോളും… ” പറഞ്ഞിട്ട് ദേവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. മണ്ഡപത്തിൽ എത്തിയപ്പോൾ താലി കെട്ടിനുള്ള സമയം ആയിരുന്നു.. ദേവനും ഭദ്രയും കുഞ്ഞുങ്ങളെയും കൊണ്ട് അകത്തേക്ക് കയറി.. ഒപ്പം ഭദ്രയും ചെന്നു… മണ്ഡപത്തിൽ ചടങ്ങ് നടക്കുന്നതിന്റെ തിരക്കുകാരണം അവർ കുഞ്ഞുങ്ങളെയും കൊണ്ട് പുറത്ത് നിന്നു…
“എന്താടാ ഇവിടെ നിൽക്കുന്നത്… കയറി വാ…ഈ കാന്താരിയെ കാണാഞ്ഞിട്ട് മായയ്ക്ക് സങ്കടം ആയിരുന്നു… ഇപ്പോഴെങ്കിലും വന്നല്ലോ… പിന്നെ നീ ചെറുക്കനെ കണ്ടിട്ടില്ലല്ലോ? ” മഹി ഭദ്രയോട് ചോദിച്ചു ‘ഇല്ല… ഡെലിവറി കഴിഞ്ഞ ഉടൻ ആയത് കൊണ്ട് എന്നെ ഇവരാരും കൊണ്ടുവന്നില്ല… ആ കുരങ്ങിയോട് പയ്യന്റെ ഫോട്ടോ അയച്ചു തരാൻ പറഞ്ഞിട്ട് തന്നതുമില്ല… ” ഭദ്ര സങ്കടത്തോടെ പറഞ്ഞു… “സാരമില്ല ഇപ്പോൾ കാണാമല്ലോ… വാ നമുക്ക് അവരെ കണ്ടിട്ട് വരാം… ” ദേവൻ അവരുമായി അകത്തേക്ക് നടന്നു… മണ്ഡപത്തിൽ മായയുടെ ഒപ്പം ഇരിക്കുന്ന ആളുടെ മുഖം കണ്ടപ്പോൾ ഭദ്ര ഞെട്ടി… “നിഖിൽ…… ” മായ ഭദ്രയുടെ ഞെട്ടൽ കണ്ടു ചിരിച്ചു… നിഖിൽ അവളെ കണ്ടതും പുഞ്ചിരിച്ചു “ടി…. ഇതെപ്പോൾ? ” ഭദ്ര ഒന്നും മനസ്സിലാകാതെ നിന്നു “നിന്റെ കല്യാണം കഴിഞ്ഞ് ഒരു തവണ അമ്പലത്തിൽ പോയപ്പോൾ കണ്ടതാ… നിന്നെ പറ്റി സംസാരിച്ചു കുറെ അന്ന്… പിന്നെ ഇടക്കൊക്കെ ലീവിന് വരുമ്പോൾ കണ്ടിരുന്നു തമ്മിൽ… ഒരു ദിവസം ആലോചനയുമായി വീട്ടിൽ വന്നപ്പോഴാ ഞാനും അറിഞ്ഞത്… നിന്നോട് പറയണ്ടാന്നു ഞാനാ പറഞ്ഞത്… നിനക്കൊരു സർപ്രൈസ് ആകട്ടേന്ന് കരുതി… ” മായ പറഞ്ഞപ്പോൾ ഭദ്രക്ക് ചിരി വന്നു…
“തകർത്തു മോളെ…. ” ”ഭദ്രയുടെ ഒപ്പം നടക്കുന്ന ആളല്ലേ…അപ്പോൾ തന്റെ കുറച്ചെങ്കിലും ഗുണം കിട്ടാതിരിക്കുമോ? ‘ നിഖിൽ ഭദ്രയോട് പറഞ്ഞു… ”ഗുണം കിട്ടിയിട്ടുണ്ടെങ്കിൽ മോനേ നീ ഇതുപോലത്തെ രണ്ടെണ്ണത്തിനെ കൊടുക്കേണ്ടി വരും… ” ദേവൻ കുഞ്ഞുങ്ങളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു… “അതേ അവൾ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചിട്ട് നീ മിണ്ടാതെ നിന്നതല്ലേ ഉള്ളൂ… ആണത്തം ഉണ്ടോടാ…” മഹി ദേവനെ കളിയാക്കി പറഞ്ഞു… “മോനേ അതിന് പകരം അവളെ വെള്ളത്തിൽ കുളിപ്പിക്കാൻ ഞാൻ രണ്ട് പടയാളികളെയാ വളർത്തുന്നത്… കിട്ടിയത് ഇരട്ടിയാക്കി കൊടുക്കും മോനേ… അതല്ലേ ശെരിക്കും ആണത്തം ” ദേവൻ അത് പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു ഇതിനിടയിലും രണ്ടെണ്ണം അച്ഛന്റെയും അമ്മയുടെയും തോളിൽ കിടന്ന് പരസ്പരം മുടി പിടിച്ചു വലിച്ചുകൊണ്ട് വഴക്കുണ്ടാകുന്നുണ്ടായിരുന്നു….. വഴക്കടിക്കാൻ മിടുക്കരായ അച്ഛനമ്മമാരുടെ അതിലും മിടുക്കരായ മക്കൾ…. അവസാനിച്ചു….

by