17/04/2026

മൂക്കുത്തി : ഭാഗം 40 & 41 & 42

രചന – ആയിഷ അക്ബർ

അപ്പോഴേക്കും ചെറു ചാറ്റൽ മഴ വെള്ളത്തിലേക് ഇറ്റി വീണു കൊണ്ടിരുന്നു…..

എല്ലാവരും വേഗം കരയിലേക്ക് കയറി…..

അർജുന് പിറകെയായി അഞ്‌ജലിയും നടന്നു…..

ഒരു കനാലിനു മുകളിൽ കയറി അർജുൻ ഇരുന്നപ്പോൾ എല്ലാവരും അവന്റെ അടുത്തേക്കിരുന്നു…..

അഞ്ജലി ചുറ്റുമോന്ന് നോക്കി….

ഇരിക്കുന്നതിന്റെ താഴ് ഭാഗത്തു കൂടെ വെള്ളം ഒഴുകുന്നുണ്ട്…

ഇനിയിപ്പോ നിങ്ങടെ വിവാഹം കഴിഞ്ഞാൽ ഞങ്ങൾ ഈ നിമിഷങ്ങളൊക്കെ ശെരിക്കും മിസ്സ്‌ ചെയ്യും…

തമാശകൾ പറയുകയും ചിരിക്കുകയും ചെയ്യുന്നതിനിടയിൽ ഏതോ ഓർമയിൽ നിന്നെന്ന പോൽ ദീപു അത് പറയുമ്പോൾ അവളുടേ മുഖത്ത് പരന്ന ദുഃഖം വ്യക്തമായിരുന്നു….

അഞ്ജലി ചുറ്റും നീക്കിയിരുന്ന മിഴികൾ പെട്ടെന്ന് അവരിലേക്ക് കൊണ്ട് വന്നു…..

അതിനെന്താ ദീപൂട്ടാ…
ഞങ്ങൾ രണ്ട് പേരും ഒരുമിച്ചല്ലെ വരിക…
അപ്പോ നമുക്ക് വീണ്ടും ഈ വഴികളിലൂടെയൊക്കെ നടക്കണം…….

അഞ്ജലിയുടെ ഭാവ പ്പകർച്ച അറിഞ്ഞെന്ന വണ്ണം മായയത് പറയുമ്പോൾ ദീപുവിന്റെ മുഖം വിടർന്നുവെങ്കിലും അഞ്ജലിയുടെ മുഖം വല്ലാതായിരുന്നു……

വീണ്ടും ആ വഴികളിലൂടെ നടന്നെത്തിയത് ഒരു കുഞ് ചായ ക്കടയുടെ മുമ്പിലായിരുന്നു…….

അവൻ വാങ്ങി തന്ന ചായ അവൾ ചുണ്ടോട് ചേർക്കുമ്പോഴും അവൾ അവനെയൊന്ന് നോക്കിയിരുന്നു…..

മായയുമായി എന്തൊക്കെയോ സംസാരിരുന്നിനിടക്ക് അവൻ തന്നെ നോക്കുക പോലും ചെയ്യാത്തതിൽ അവൾക്ക് വല്ലാത്തൊരു വിങ്ങൽ തോന്നിയിരുന്നു….

എന്ത് തന്നെ പറഞ്ഞാലും എത്ര അകറ്റി നിർത്തിയാലും അവൻ തന്റേത് തന്നെയാണെന്ന് മനസ്സ് പറയുന്നു…..

എന്തിനോ അവളുടേ കണ്ണുകൾ നിറഞ്ഞു വന്നു….

മുൻപ് ഇത് പോലൊരു മഴയിൽ അവനോടൊപ്പം താൻ കുടിച്ച ചായയുടെ രുചി ഇന്നും നാവിൻ തുമ്പിലുണ്ട്…….

എന്നാൽ ഇന്നതിനോട്ടും രുചിയില്ലാത്തത് പോലെ….

അവർക്കിടയിൽ നിന്ന് വേഗം പോകാൻ തോന്നിയവൾക്ക് ……

ഓരോ നിമിഷവും വല്ലാതേ ശ്വാസം മുട്ടിക്കും പോലെ…..

അന്ന് വീട്ടിലെത്തിയതും വേഗം മുറിയിൽ കയറി കട്ടിലിലേക്ക് കിടന്നു….

അത് വരെ പിടിച്ചു വെച്ചിരുന്ന
കണ്ണ് നീരവൾ ഇരു കൈകൾ കൊണ്ടും അമർത്തി തുടച്ചു…..

മനസ്സ് എന്തിനെന്നില്ലാതെ വേദനിക്കുന്നു……

അവൻ മറ്റൊരാൾക്ക് സ്വന്തമാകുക എന്നത് തനിക്ക് സഹിക്കാൻ പോലും കഴിയുന്നില്ല….

ഒരു പക്ഷെ തങ്ങൾക്കിടയിലുള്ള പവിത്രമായ ആ ബന്ധത്തിന്റെ ശക്തി കൊണ്ടാകാം അത്…..

പക്ഷെ അകന്ന് നിൽക്കാൻ കഴിയാത്ത വിധം മനസ്സത്ര മേൽ അവനോട് ചേർന്ന് നിൽക്കുന്നുണ്ടെന്ന തിരിച്ചറിവ് വരുന്ന ഓരോ നിമിഷവും അവൾക്ക് സ്വയം തളരും പോലെ തോന്നി……..

അഞ്ജലി മോള് ഇനി പോകേണ്ട….. ഇവിടെ നിന്നോ….
ഞങ്ങൾ നോക്കിക്കോളാം നിന്നേ……..
മുത്തശ്ശി ഒരു പുഞ്ചിരിയോടെ അത് പറയുന്നത് അത്താഴം കഴിക്കുന്നതിനിടയിലായിരുന്നു…..

പത്മ ഒന്ന് തലയുയർത്തി….
അർജുന്റെ മുഖത്ത് വല്ലാത്തൊരു പ്രകാശം പരന്നു….

അത്ര മേൽ അവർക്ക് അവളെ ബോധിച്ചിട്ടുണ്ടെന്നോർക്കേ…

അല്ലെങ്കിലും അവളെ ആർക്കാണ് ഇഷ്ടമാവാതിരിക്കുക…..

അവന്റെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു….

തന്നോടുള്ള സ്നേഹം കൊണ്ടാണവരത് പറഞ്ഞെന്ന് അറിയുന്നത് കൊണ്ട് തന്നെ അഞ്ജലി ഒന്ന് പുഞ്ചിരിച്ചു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അഞ്ജലി കിടന്നോ…. ഞാൻ അർജുന്റെ അടുത്തേക്കാ…..
ഞങ്ങളൊരുമിച്ചാൽ മിക്ക ദിവസങ്ങളിലും ഇങ്ങനെ സംസാരിച്ചിരിക്കുന്ന ശീലമുണ്ടേയ്…..

കിടക്കാനായി തലയിണ ശെരിയാക്കി വെക്കുമ്പോഴാണ് മായ അത് പറഞ്ഞത്…..

ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങിയിരുന്നന്നേരം….

എനിക്ക്… എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ….

അവൾ പെട്ടെന്നത് പറയുമ്പോൾ മായ അവൾക്ക് നേരെയൊന്ന് തിരിഞ്ഞു….

ഒരു ചിരി അവളിൽ തെളിഞ്ഞു നിന്നിരുന്നത് എന്തിനെന്നു അഞ്‌ജലിക്ക് മനസ്സിലായിരുന്നില്ലെങ്കിലും അവർ രണ്ട് പേരും തനിച്ചിരുന്നു സംസാരിക്കരുതെന്ന് മാത്രമായിരുന്നു അഞ്ജലിയുടെ മനസ്സിൽ…..

മായ മുഖത്ത് വിരിഞ്ഞ അതേ ചിരിയോടെ അർജുന്റെ മുറിയെ ലക്ഷ്യമാക്കി പോകുമ്പോൾ അഞ്‌ജലിക്ക് ശെരിക്കും കരച്ചിൽ വരും പോലെ തോന്നി….

തന്റെ വാക്കുകൾ അവളെ പിടിച്ചു നിർത്തുമെന്നൊരു വേള പ്രതീക്ഷിച്ചത് വെറുതെയായതിൽ അവൾക്ക് വല്ലാത്ത നിരാശ തോന്നി..

അവൻ തന്റെയല്ലേ….
അവൾ സ്വയം ചോദിച്ചു….

ഇവിടെ വന്നതിനു ശേഷമുള്ള തന്റെ ഏറ്റവും വലിയ നഷ്ടം അതവന്റെ കൂടെ ആ മുറിയിൽ കിടക്കുന്നതാണ്…..

അപ്പൊ അതെല്ലാം ഇനി എന്നന്നേക്കുമായി തനിക്ക് നഷ്ടമാകുക യാണെങ്കിലോ……!

താൻ വേണ്ടെന്ന് പറഞ് വെച്ച ആ സ്ഥാനത്തേക്ക് മായ കയറും….

അവൻ അവളുടേതായി മാറും…….

അവൾക്ക് അവനെന്ന തന്റെ ബലഹീനതയെ കുറിച് ബോധ്യം വന്നു തുടങ്ങിയിരുന്നു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മായ അർജുന്റെ അടുത്തേക്ക് കയറി ചെല്ലുമ്പോൾ അവൻ കട്ടിലിൽ ഇരിക്കുകയാണ്….

ഡാഹ്‌…. നിന്റെ മൂക്കുത്തി ക്ക് കുശുമ്പ് കൂടുന്നുണ്ടോയെന്നൊരു സംശയം……

അവളൊരു ചിരിയോടെ അത് പറയുമ്പോൾ അർജുൻ എന്തെന്ന അർത്ഥത്തിൽ അവൾക്ക് നേരെ പുരികമുയർത്തി….

ഞാൻ നിന്നോട് സംസാരിക്കാൻ വരുന്നത് കൊണ്ടാവും അവൾ ഒറ്റക്ക് കിടക്കാൻ പേടിയാണെന് പറഞ്ഞെടാ…..

മായ ചിരിയോടെ അവനേ തട്ടിയത് പറയുമ്പോൾ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു…….

എങ്കി വാ…. നമുക്ക് അവിടെയിരുന്നു സംസാരിക്കാം….
എനിക്കവളെ കണ്ടോണ്ടിരിക്കാമല്ലോ….

അവൻ നാണത്തിൽ കലർന്നൊരു ചിരിയോടെ അതും പറഞ്ഞു എഴുന്നേൽക്കുമ്പോൾ മായയും ചിരിയോടെ അവന്റെ പിറകെ നടന്നു….

മായയാണ് ആദ്യം മുറിയിലേക്ക് കയറിയത്…

വീങ്ങിയ മുഖവുമായി രിക്കുന്ന അവളെ കണ്ടപ്പോൾ തന്നെ മായക്ക് ചിരി വന്നു….

അഞ്‌ജലിക്ക് ഒറ്റക്ക് പേടിയാണെന്നല്ലേ പറഞ്ഞത്…..

എങ്കി ഞങ്ങൾ ഇവിടെയിരുന്നു സംസാരിച്ചോട്ടെ…..

ലൈറ്റിട്ടാൽ തനിക് ബുദ്ധിമുട്ടാവുമോ…..

മായ ഏറെ പതിഞ്ഞ സ്വരത്തിൽ അത് ചോദിക്കുമ്പോഴാണ് അഞ്‌ജലിക്ക് ശ്വാസം നേരെ വീണത്……

ഇല്ലാ…. സംസാരിച്ചോളൂ….

അവളൊരു പതിഞ്ഞ പുഞ്ചിരി പകരം നൽകി…

മായ പുറത്തേക്ക് പോയി തിരികെ വരുമ്പോൾ കൂടെ അവനുമുണ്ടായിരുന്നു….

അവനെ അടുത്ത് കണ്ടതും അവൾക്കൊരു വിറയൽ പോലെ തോന്നി….

പക്ഷേ അവൻ തന്നിലേക്കൊന്ന് നോക്കുന്നത് പോലുമില്ലായിരുന്നു….

അതേ….. താൻ പറഞ്ഞത് പ്രകാരം അവൻ തന്നിൽ നിന്നും ഒത്തിരി അകന്ന് പോയിരിക്കുന്നു….

പക്ഷെ….. ഇപ്പോഴും അതിനു കഴിയാതെ നിൽക്കുന്നത് താൻ മാത്രമാണ്………

അവൾ പുതപ്പെടുത് പുതച്ചു കൊണ്ട് കട്ടിലിൽ തിരിഞ്ഞു കിടന്നു…..

നിദ്രാ ദേവി തന്നെ വെറുതെ പോലും തിരിഞ്ഞു നോക്കുന്നില്ല….

അല്ലെങ്കിലും മനസ്സ് അവരുടെ ചിരിയിലും സംസാരത്തിലുമാണല്ലോ…

അവർ പായുന്നതത്രയും ബാംഗ്ലൂരിലെ ഫ്രണ്ട്സിനെ കുറിച്ചും മറ്റുമൊക്കെയാണ്….

അവന്റെ ശബ്ദം അവൾ മതി വരുവോളം കേട്ടാസ്വാധിച്ചു….

അവൻ ചിരിക്കുമ്പോൾ ആ ചിരി ഹൃദയത്തിലേക്ക് അങ്ങേയറ്റം തറച്ചു കയറിയിരുന്നു……..

എപ്പോഴോ ഉറങ്ങിപ്പോയി….

ഉറങ്ങുന്ന തന്റെ മുഖത്തേക്ക് മണിക്കൂറുകൾ നോക്കിയിരുന്ന അവനേ അവൾ കണ്ടിരുന്നില്ല…..

അവളുടേ മുഖത്തേക്ക് പാറി വീണ കുഞ്ഞു മുടിയിഴകൾ ഇടതു കൈയാൽ അവൻ പതിയെ ഒതുക്കി വെച്ചു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശരത്തിന്റെ മോന്റെ പിറന്നാളിന് എല്ലാവർക്കും കൂടി പോകണം…..

മുത്തശ്ശൻറെ ആ വാക്കിനു മേലാണ് താനടക്കം എല്ലാവരും മാറ്റിയൊരുങ്ങിയത്…..

അവനെടുത് തന്ന ആ മജന്താ കളർ ചുരിദാറവൾ ഏറെ ഉത്സാഹത്തോടെ എടുത്തിട്ടു…..

അവളുടേ മുഖം തിളങ്ങുന്നതായി അവൾക്ക് തന്നെ തോന്നി…..

ഒരു വശത്തേക്ക് ശാളിട്ടു…..

നീളൻ മുടി അയച്ചു മെടഞ് മുമ്പിലേക്കിട്ടു…..

നെറ്റിയിലൊരു കുഞ്ഞു പൊട്ട്…..

കഴിഞ്ഞിരുന്നു അവളുടേ ഒരുക്കം…..

എങ്കിലും താൻ സുന്ദരിയല്ലേ എന്നവൾ ഒന്നു കൂടി കണ്ണാടിയിൽ നോക്കിയുറപ്പിച്ചു…..

അവൾ വേഗം ഉമ്മറത്തേക്ക് ചെന്നതും മായയെയും അർജുനെയും ചേർത്ത് നിർത്തി ആരതിയുഴിയുന്ന മുത്തശ്ശിയെയാണവൾ കാണുന്നത്…..

ഒരു നിമിഷം ചങ്കോന്ന് പിടഞ്ഞു…..

ഒരു നീല ഷിഫോൺ സാരിയാണ് മായ ഉടുത്തിരിക്കുന്നത്…..

വൈൻ കളർ ഷർട്ടും ക്രീം കളർ ജീൻസുമാണ് അവനും ഇട്ടിരിക്കുന്നത്…

രണ്ട് പേരും നല്ല ചേർച്ച….

ഇവർക്കിടയിൽ ഇനിയും എന്തിനാണ് താൻ….

അവൾ സ്വയം ചോദിക്കുമ്പോഴും മായക്കക്കവനെ നൽകി പിന്മാറാൻ അവളുടേ മനസ്സോരുക്കമായിരുന്നില്ല….

ഒരു നിമിഷം അവളങ്ങോട്ടേക്ക് കടന്ന് ചെന്നു….

അവളെ കണ്ടതും പത്മക്ക് അസ്വസ്ഥത തോന്നി……

ഒരു നിമിഷം എല്ലാവരുടെയും മിഴികൾ ഒരു പോലെ അവളിലേക്ക് നീണ്ടു…..

മോള് സുന്ദരിയായിട്ടുണ്ടല്ലോ….

നളിനി അവളെ നോക്കി അത് പറഞ്ഞപ്പോഴാണ് അർജുൻ അവളിലേക്കൊന്ന് നോക്കിയത്……

ഐശ്വര്യം തുളുമ്പി നിൽക്കുന്ന ഒരു പ്രത്യേക ഭംഗിയാണവൾക്ക്…..

എന്നാൽ എല്ലാവരും അവളുടേ ഭംഗി ആസ്വദിച്ചപ്പോൾ അവന്റെ കണ്ണുകൾ ഒപ്പിയെടുത്തത് അവളുടേ മുഖത്ത് പരന്ന നോവായിരുന്നു……

എല്ലാവരും പോകാൻ വേണ്ടിയിറങ്ങി…

അർജുന്റെ കാറിൽ തന്നെയാണ് ദേവനും പത്മയും കൂടെ അഞ്‌ജലിയും കയറിയത്…..

വണ്ടിയെടുക്കാൻ നേരം മായ കൂടി ഓടി വന്നതിലേക്ക് കയറി……

അത് വരെ വിടർന്നിരുന്ന അഞ്ജലിയുടെ കണ്ണുകളിൽ പെട്ടെന്ന് ഇരുട്ട് പടർന്നത് അർജുൻ വ്യക്തമായി കണ്ടിരുന്നു…..

അടുത്തേക്കാണെങ്കിൽ കൂടി മായയുടെയും അർജുന്റെയും സംസാരം തീർത്ത അലോസരത്തിൽ സ്ഥലം എത്തുന്നില്ലല്ലോ എനോർത്തവൾക്ക് അരിശം തോന്നി…..

അവിടെ ചെന്നിട്ടും മായ അർജുന്റെ കൂടെ നിന്ന് മാറുന്നില്ലേയില്ലായിരുന്നു….

അതഞ്‌ജലിയിൽ തീർക്കുന്ന നോവ് ചെറുതായിരുന്നില്ല……

അവൾ പത്മയുടെ കൂടെ അങ്ങനെ ഒതുങ്ങി നിന്നു……

അവർ തനിക്ക് തരുന്ന ആ മകളുടെ സ്ഥാനം അവനേ താൻ നേടിയെടുത്താൽ നഷ്ടപ്പെടുമെന്ന് അവൾക്കുറപ്പായിരുന്നു..

അവൾക്ക് വല്ലാത്തൊരു നിർവികാരത് തോന്നി…….

അർജുൻ….. ഇവിടെ വാ….

പത്മ പതിയേ അവനേ വിളിച്ചു തിരക്കിൽ നിന്നും മാറ്റി നിർത്തി…….

എന്താ അമ്മേ…..

അർജുൻ അവർക്ക് നേരെ ചോദിച്ചു..

നീയെന്താ ഈ ചെയ്യുന്നത്….
മായ യേ നിനക്കിഷ്ടമായിരിക്കാം…നീ വിവാഹം കഴിക്കാൻ പോകുന്നവളായിരിക്കാം….
പക്ഷെ അഞ്ജലി… അവള് നിന്റെ ഭാര്യ യാണ്..
നിനക്കിഷ്ടമാണെങ്കിലും… അല്ലെങ്കിലും……

പത്മ വാക്കുകളിൽ അമർഷം കലർത്തി അതു പറയുമ്പോൾ അർജുന് അത്ഭുതം തോന്നി……

അവളുടേ മുമ്പിൽ വെച്ച് നീ മായയോട് ഇട പഴകുന്നത് അത്ര ശെരിയല്ല അർജുൻ…..

പത്മ അതും കൂടി പറയുമ്പോൾ അവന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു തുളുമ്പി….

അതേ…. അമ്മ ഇപ്പോൾ തന്നെ കുറിച്ചോർക്കുന്നതിലേറെ അവളെ കുറിച്ചാണോർക്കുന്നത്…

എപ്പോഴും അമ്മയുടെ പിറകിലായി ഒതുങ്ങി നിൽക്കുന്നവളെ അമ്മയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു….

അതിലേറെ അവൾക്ക് നല്ലൊരു സ്ഥാനം ആ മനസ്സിൽ വന്നിട്ടുണ്ടെന്നുള്ളത് അവന് വ്യക്തമായിരുന്നു……

അവൻ പത്മയിൽ നിന്ന് തിരികെ നടക്കുമ്പോൾ മുത്തശ്ശിക്കരികിലായിരിക്കുന്ന വളെ ഒന്ന് നോക്കി…

അത്ര മേൽ പുഞ്ചിരിയോടെ മുത്തശ്ശി എന്തോ പറയുന്നതിന് മാറ്റ് കുറയാത്ത അവളുടേ ചിരിയോടെ അവളും മറുപടി നൽകുന്നുണ്ട്….

തന്റെ കണ്ണുകൾക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ച…..

തന്റെ കുടുംബത്തിൽ ഒരാളായി അവൾ…..

നാളെ….ഇവിടെ നിന്ന് തിരിച്ചു പോകും….
അതു കഴിഞ്ഞ പിറ്റേന്ന് അമേരിക്കയിലേക്കും…..

അതിനു മുൻപ് ഒരു തവണ കൂടി അവളോടൊന്ന് സംസാരിച്ചാലോ……

അവന്റെ മനസ്സ് അവളെന്ന ചിന്തകൾക്ക് മേൽ പാഞ്ഞു കയറി ക്കൊണ്ടിരുന്നു…….

(തുടരും)

ആഘോഷങ്ങൾക്കിടയിൽ അമ്മക്ക് പിറകിലായി ഒതുങ്ങി നിൽക്കുന്നവളെ അമ്മ അത്ര മേൽ വാത്സല്യത്തോടെ ചേർത്ത് നിർത്തുന്നത് നോക്കി നിന്നിട്ടും അർജുന് മതി വന്നില്ല…….

കേക്ക് മുറിക്കൽ ചടങ്ങ് കഴിഞ്ഞ് കഴിക്കാനെല്ലാവരും നിലത്താണിരുന്നത്…..

അഞ്‌ജലിക്ക് തൊട്ടടുത്തായി വേഗത്തിൽ ചെന്നിരിക്കുമ്പോൾ തന്റെ വെപ്രാളം ആരെങ്കിലും കണ്ടോയെന്നവൻ ചുറ്റും നോക്കിയിരുന്നു…..

പെട്ടെന്ന് അവൾക്കടുത്തേക്കിരുന്നതും അവളൊന്ന് മുഖമുയർത്തി……

ആ മുഖത്ത് പെട്ടെന്ന് വിടർന്നൊരു പുഞ്ചിരി തന്റെ ഹൃദയത്തെ അത്രമേൽ തണുപ്പിച്ചിരുന്നു….

കുറച്ച് നീങ്ങിയിരിയെടാ….

അതും പറഞ് മായ അവനടുത്തേക്കിരുന്നതും അവളു ടെ മുഖം പെട്ടെന്ന് മാറുന്നതവൻ കണ്ടിരുന്നു…..

കുശുമ്പോ ദേഷ്യമോ സങ്കടമോ എന്താണ് തന്നെ മൂടുന്ന വികാരമെന്നറിയാതെ അവളങ്ങനെ ഇരിക്കുമ്പോൾ
അവളോട് ചേർന്നിരിക്കുന്ന സന്തോഷത്തിലായിരുന്നു അവന്റെ മനസ്സ്…….

ആ കഴിക്കൽ തീർന്ന് പോയില്ലായിരുന്നെങ്കിൽ എന്നവൻ അതിയായി ആഗ്രഹിച്ചു…….

അവളുടെ ഇലയിലെ എരിശ്ശേരി ആദ്യം കഴിഞ്ഞത് കൊണ്ട് തന്നെയാണ് അവൻ അവന്റെ ഇലയിൽ നിന്നും എടുത്ത് അവൾക്കിട്ടു കൊടുത്തത്…..

അവൾ അവന് നേരെ യൊന്നു മുഖമുയർത്തി….

അവൻ മുഖത്തേക്ക് നോക്കുന്നില്ലെങ്കിൽ കൂടി അവൻ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നൊരു ആനന്ദം മനസ്സിൽ നിറഞ്ഞത് പോലെ….

അപ്പോഴേക്കും ആ മനോഹരമായ ചിന്തകൾക്ക് തടയിട്ടെന്ന വണ്ണം മായ അവനോടെന്തൊക്കയോ സംസാരിച്ചു തുടങ്ങി…..

അഞ്ജലിക്കവളോട് വല്ലാത്തൊരു അരിശം തോന്നി…..

അവൾ തങ്ങൾക്കിടയിൽ എപ്പോഴും കയറി വരുന്നു…..

ഒരു നിമിഷം പരിഭവത്തോടെ ഓർത്തതും അവൾ ഒന്ന് കൂടി ആലോചിച്ചു….

അവൾ ഞങ്ങൾക്കിടയിലേക്കല്ലല്ലോ വന്നത് ……
താൻ അവർക്കിടയിലേക്കല്ലേ…..
അവൾക്കൊരു നിമിഷം വല്ലാത്തൊരു പ്രയാസം തോന്നി…..

താനെന്നൊരാളോട് അവൻ കരുണ കാണിച്ചില്ലായിരുന്നെങ്കിൽ അവർ തമ്മിൽ എപ്പോഴേ ചേരുമായിരുന്നു……

അവൾക് ഒന്നും കഴിക്കാൻ കഴിയുന്നില്ലെന്ന വണ്ണം അവൾ ഇല മടക്കി…..

അവൻ അവളിലേക്കൊന്ന് നോക്കിയെങ്കിലും ഒന്നും ചോദിച്ചില്ല…..

അപ്പുറത്തായിരിക്കുന്നവർ എഴുന്നേറ്റാൽ മാത്രമേ അവൾക്കേഴുന്നേൽക്കാൻ പറ്റു എന്നത് കൊണ്ട് തന്നെ അവളവിടെ യിരുന്നു…..

പരിഭവത്താൽ കനം വന്ന അവളുടേ മുഖം അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവളറിഞ്ഞില്ല….

അവളുടേ കണ്ണുകളിൽ അവൻ മായയുമായി നല്ല സംസാരമാണെന്ന് തോന്നിയതും അവൾ അവനോടൊന്ന് കൂടി ചേർന്നിരിക്കാൻ ശ്രമിച്ചു…..

അവൻ തനിക്ക് ഭർത്താവാണ്…..

അത്യാഗ്രഹം ആവുമോയെന്ന് കരുതി ആഗ്രഹിച്ചിരുന്നില്ല താനവനെ……

പിന്നെപ്പോഴോ മനസ്സ് അവനെന്ന ആ മഴയിൽ കുതിർന്നു പോയി…..

എങ്കിലും കൂടെ വിളിച്ചപ്പോൾ വരാൻ വിസമ്മതിച്ചു…
തന്റെ പ്രയാസത്തെ മനസ്സിലൊതുക്കി അവന് വേണ്ടി അകന്ന് നിൽക്കാമെന്ന് തന്നെ ഉറപ്പിച്ചു…..

എന്നാൽ ഇന്ന് തനിക്ക് വ്യക്തമായറിയാം….
അവൻ അകന്ന് പോകുകഎന്നത് മറക്കാനോ മനസ്സിലൊതുക്കാനോ കഴിയുന്ന ഒന്നല്ല തനിക്കെന്ന്….

അവൻ…. പതിഞ്ഞിരിക്കുന്നത് തന്റെ ആത്മാവിലാണെന്ന്……

തന്നോട് ചേർന്നിരിക്കുന്ന അവളുടേ ശ്വാസം തന്റെ കയ്യിൽ പതിക്കുന്നത് അവനറിയുമ്പോൾ എവിടെയോ ഒരു പ്രതീക്ഷ നാമ്പിട്ടിരുന്നു…….

മായയുടെയും അർജുന്റെയും കഴിച് കഴിഞ്ഞതും അവരെഴുന്നേറ്റതിനു പിറകെയായി അവളും എഴുന്നേറ്റു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പത്മേ …. ആ കുട്ടി നിങ്ങളുടെ കൂടെ വന്നതാ അല്ലേ…….

അഞ്ജലിയെ ചൂണ്ടി ചെറിയമ്മ അതു ചോദിച്ചത് പത്മ യോടും ദേവനോടും കൂടിയായിരുന്നു…..

അതേ…. എന്താ ചെറിയമ്മേ……

ദേവൻ അല്പം സംശയത്തോടെയാണത് ചോദിച്ചത്……

ആ കുട്ടിയെ നമ്മുടെ ശ്രീ കുട്ടന് വേണ്ടി ആലോചിക്കാനായിരുന്നു… നല്ലൊരു കുട്ടി……
ചെറിയമ്മ അതു പറയുമ്പോഴും കണ്ണുകൾ അപ്പുറത്തായിരിക്കുന്ന അഞ്‌ജലിയിലായിരുന്നു…..

പത്മയുടെ നെഞ്ചോന്ന് പിടച്ചു…..

അത്….. ചെറിയമ്മേ…..

നളിനി എന്നോടെല്ലാം പറഞ്ഞു…..
അനാഥ കുട്ടിയായതൊന്നും എനിക്ക് പ്രശ്നമല്ല പത്മേ…
അവന് ചേരുന്നൊരു കുട്ടിയായാൽ മതി……..

പത്മ അതു പറഞ്ഞു തുടങ്ങിയതും ചെറിയമ്മ അത്രയേറെ ഉത്സാഹത്തോടെ ഇടക്ക് കയറി പറഞ്ഞു…..

പത്മ എന്ത് പറയണമെന്നറിയാതെ വിയർത്തു…

അതു കൊണ്ടല്ല ചെറിയമ്മേ…..
അവള് പഠിക്കാ….
അതൊക്കെ കഴിഞ്ഞ് പതിയെ മതി വിവാഹമെന്നാ തീരുമാനം…..

ദേവൻ ചെറു പുഞ്ചിരിയോടെ അതു പറഞ്ഞതും ചെറിയമ്മ പിന്നീടൊന്നും പറയാതെ കടന്ന് പോയി……

പത്മയുടെ ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു….

അല്ലെങ്കിലും അവളെ പോലെ ഒരു കുട്ടിയെ ആരാ ആഗ്രഹിക്കാത്തത്….

അർജുനിഷ്ടമാണെങ്കിൽ ഞാനെടുത്തിരുന്നു അവളെ….. എന്റെ മരുമകളായിട്ട്….
അത്ര നല്ല കുട്ടിയല്ലേ……

ദേവൻ അതു പറയുമ്പോൾ ആ വാക്കുകളിൽ കലർന്ന അവളോടുള്ള വാക്കുകൾക്ക് അത്രയേറെ ആത്മാർഥത യുണ്ടായിരുന്നു……

പത്മ എന്ത് പറയണമെന്നറിയാതെ അങ്ങനെ നിന്നു….

അവള് നിങ്ങളുടെ മരുമകൾ തന്നെയാണെന്ന് തുറന്ന് പറഞ്ഞാലോ എന്ന് പത്മക്ക് തോന്നി…..

പക്ഷേ അതിനു പറ്റിയ സമയമായിട്ടില്ലെന്ന തിരിച്ചറിവിൽ അവരങ്ങനെ നിന്നു….

ഒന്ന് കൂടി അവളിലേക്ക് നോക്കി….

അതേ അവളുടേ മുഖം പോലെ അവളുടേ പെരുമാറ്റത്തിനും വല്ലാത്തൊരു ഭംഗിയാണ്….

അവരവളെ നോക്കി നിൽക്കുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി കടന്ന് കൂടിയതവരറിഞ്ഞിരുന്നില്ല…

തിരികെ വീട്ടിലെത്തിയപ്പോൾ ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു…..

നാളെ അപ്പൊ നിങ്ങള് പോകും അല്ലേ…..

എല്ലാവരും കൂടിയിരിക്കുമ്പോൾ മുത്തശ്ശിയാണത് പറഞ്ഞത്….

ആ വാക്കുകളിൽ കലർന്ന നൊമ്പരം അന്നേരം വ്യക്തമായിരുന്നു…….

അതിനെന്താ അമ്മേ…. ഇനി ഞങ്ങൾ അവിടെ കൂടുതലൊന്നും നിൽക്കില്ല….
ഒക്കെ ദേ ഇവനെ ഏൽപ്പിച്ചു ഇങ് പോരുവാ…

ദേവൻ അവർക്ക് പ്രതീക്ഷ നൽകി…….

അപ്പൊ ഞങ്ങൾക്ക് അവനേ കാണണ്ടേ….
അവനേ മാത്രമല്ല അഞ്ജലി യെയും…..

മുത്തശ്ശി അതും പറഞ്ഞു തന്നെ നോക്കുമ്പോൾ ആ കണ്ണുകളിൽ കണ്ട വാത്സല്യം അവരെ തന്റെ ആരൊക്കെയോ ആക്കി മാറ്റുന്നത് പോലെ തോന്നിയിരുന്നവൾക്ക്…..

അവളെയൊന്നും ഇനി അമ്മക്ക് കാണാൻ കിട്ടിയെന്ന് വരില്ല…
അവള് വിവാഹം കഴിഞ്ഞ് അവളുടെ ഭർത്താവിനോപ്പം അമേരിക്കയിലേക്ക് പോകില്ലേ…..

ദേവൻ പെട്ടെന്നത് പറഞ്ഞതും പത്മയും അഞ്‌ജലിയും ഞെട്ടലോടെ അയാളിലേക്ക് നോക്കി…

അമേരിക്കയിലേക്കോ ജർമനിയിലേക്കോ എങ്ങോട്ട് വേണമെങ്കിൽ പോകാമല്ലോ…….

അതും പറഞ് ദേവൻ രംഗം വളരേ ബുദ്ധിപ്പൂർവം കയ്കാര്യം ചെയ്യുന്നത് കാൻകെ അർജുന് ചിരി വന്നു….

അർജുനെ കൂടാതെ എനിക്കൊരു കൊച്ച് മോൻ കൂടിയുണ്ടായിരുന്നെങ്കിൽ അവളെ എങ്ങും വിടില്ലായിരുന്നു ഞാൻ…
ഇവിടെ നിർത്തിയേനെ…
ഇവിടുത്തെ കുട്ടിയായിട്ട്….

മുത്തശ്ശൻ അത് ചേർത്ത് പറയുമ്പോൾ ശെരിയെന്ന വണ്ണം മുത്തശ്ശിയും അവളെ നോക്കി……

അഞ്ജലിയുടെ കണ്ണുകൾ വിടർന്നു…..

പത്മ അന്താളിച്ചങ്ങനെ നിൽക്കുകയാണ് …

എവിടെയാണ് തനിക്ക് പിഴച്ചത്……

തെറ്റ് തന്റെ ഭാഗത്തായിരുന്നുവോ….

അവർക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി……

അർജുന്റെ മനസ്സ് വല്ലാത്തൊരു സന്തോഷത്തെ പേറി…..

അഞ്‌ജലിക്കും ആ വാക്കുകൾ നൽകിയത് ആശ്വാസം തന്നെയായിരുന്നു…..

അതെന്തിനാ അമ്മേ വേറെ കൊച്ച് മോൻ…. അർജുൻ തന്നെ മതിയല്ലോ……

ദേവൻ ചിരിയോടെ അതു പറയുമ്പോൾ പത്മ ഒരു ഞെട്ടലോടെ അവരെ നോക്കി……

ഓഹ്…. ആ മായ പെണ്ണ് കേൾക്കേണ്ട……
അവളവനെയും മനസ്സിലിട്ടോണ്ട് നടക്കുവല്ലേ……..

മുത്തശ്ശി മായയെ നോക്കിയത് പറയുമ്പോൾ മായ യൊന്നു പുഞ്ചിരി ച്ചു…..

അതു വരെ നിറഞ്ഞു നിന്ന ആനന്ദം എങ്ങോ മറഞ്ഞു പോകുന്നത് പോലെ അവൾക്ക് തോന്നി….

എന്തോ ഒരു വിങ്ങൽ മനസ്സിൽ നിറഞ്ഞു നിന്നു……

പത്മ അഞ്ജലിയുടെ മുഖത്തേക്ക് നോക്കാനാവാതെ അങ്ങനെയിരുന്നു……..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇന്നെങ്കിലും വല്ലതും പറയണേ മോനെ…..

മുറിയുടെ വാതിൽക്കലെത്തിയപ്പോൾ തന്നെ മായ അർജുന് താക്കീതെന്ന പോൽ പറഞ്ഞു……

അർജുന്റെ ഹൃദമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു…….

അതേ…. ഒന്ന് കൂടി താനവളോട് സംസാരിക്കാൻ പോകുകയാണ് ….

എന്നാൽ അവൾ ഒരു തവണ കൂടി പറ്റില്ലെന്ന് പറഞ്ഞാൽ താൻ പാടേ തകർന്ന് പോകുമെന്നും അവനറിയാമായിരുന്നു…….

മായയെയും കൂടെ കയറി വരുന്ന അർജുനെയും കണ്ട് ഒരു നിമിഷം അഞ്ജലി അവരെ നോക്കി..

ഇന്നൊരു രാത്രി കൂടിയേ ഞങ്ങളൊരുമിച്ചുള്ളൂ…..
കുറച്ച് നേരം സംസാരിച്ചോട്ടെ…..
പ്ലീസ് അഞ്ജലി..

മായ പതിയേ അതു പറയുമ്പോൾ ഉള്ളം വല്ലാതെ നോവുന്നുണ്ടെങ്കിൽ കൂടി
അവളൊന്ന് പുഞ്ചിരിച്ചു….

അർജുൻ അവളിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്……

അവരിരിക്കുന്നതിന്റെ അപ്പുറത്തായി അവളും ഇരുന്നു………

മനസ്സ് എന്തോ വല്ലാതേ തിളച് മറിയും പോലെ….

അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി…..

മായയോട് എന്തെന്നില്ലാത്ത ദേഷ്യവും….

അവൻ തന്റെതല്ലേ……

അവർ സംസാരിക്കുമ്പോൾ ഇന്നലെ താൻ കിടക്കുകയാണ് ചെയ്തതെങ്കിൽ ഇന്നെന്തോ അതിനു കഴിഞ്ഞില്ല…..

ഇന്ന് കൂടി കഴിഞ്ഞാൽ തനിക്ക് എത്തി പിടിക്കാനാവാത്ത ദൂരത്തേക്ക് അവൻ പോകുകയാണെന്ന് മനസ്സിനറിയുന്നത് കൊണ്ട് തന്നെയായിരുന്നത്…..

മായ അർജു നോട്‌ ചിരിയോടെ സംസാരിക്കുമ്പോൾ അവളുടേ മനസ്സിൽ അവനോടുള്ള വികാരം ആലോചിക്കവേ അഞ്‌ജലിക്ക് ക്ക് വല്ലാത്തൊരു വിങ്ങൽ തോന്നി….

അവൻ തന്റെ ഭർത്താവാണെന്ന് അവളോട് തുറന്ന് പറയാൻ മനസ്സ് വെമ്പി……

പക്ഷെ അതേ സമയം അവർക്കിടയിലേക്ക് വന്ന തടസ്സമാണ് താനെന്നോർക്കവേ അവളുടേ നെഞ്ച് പിടഞ്ഞു…..

ഞാനിപ്പോ വരാം അർജുൻ….
ആ പുസ്തകം താഴെ ഉണ്ട്..
ഞാനതേടുത്തു വരാം……

അതും പറഞ് മായ അവിടെ നിന്ന് പോകുമ്പോൾ തമ്പ്സ്‌ അപ്പ്‌ കാണിച്ചു അവന് ധൈര്യം കൊടുത്തെങ്കിലും അവന് വല്ലാത്തൊരു വിറയൽ തോന്നി……

വായിലെ ഉമി നീര് വറ്റും പോലെ….

മായ പോയതും അങ്ങനെയിരിക്കുന്ന അർജുനിലേക്ക് അവളുടേ കണ്ണുകൾ നീണ്ടു……

അവന്റെ മനസ്സിലെന്തെന്ന് അവൾക്കറിയില്ലെങ്കിൽ കൂടി മായക്കായി കാത്തിരിക്കുന്ന അവനേ കാൻകെ അവൾക്ക് വല്ലാത്തൊരു നോവ് തോന്നി…….

ഞാൻ….. ഞാൻ നിങ്ങൾക്കിടയിലൊരു തടസ്സമായി അല്ലേ……

അഞ്ജലി പെട്ടെന്നവനോടത് ചോദിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ അവൻ കണ്ണുകൾ മിഴിച്ചു കൊണ്ടവളെ നോക്കി…..

അവൾ പറഞ്ഞതിനെ അവന്റെ മനസ്സ് ഒന്ന് കൂടി ഓർമിപ്പിച്ചതും അവന് ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് അറിയില്ലായിരുന്നു…..

ഇല്ലാ…. അവളുടേ മനസ്സിലെ അപകർശതാ ബോധം തന്നെയാണ് അവളിലിപ്പോഴും നിറഞ്ഞു നിൽക്കുന്നത്…….

അതിനേക്കാൾ മുകളിൽ അവൾക്ക് തന്നെ സ്നേഹിക്കാൻ ഒരു പക്ഷെ കഴിയില്ലായിരിക്കും…..

അവന്റെ നെഞ്ചോന്ന് പിടഞ്ഞു……

പറയാൻ വന്ന വാക്കുകളെ മനസ്സിൽ തന്നെ കുഴിച്ചു മൂടി അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ മനസ്സിലെ സങ്കടം കൊണ്ട് തന്നെ മുഖത്ത് അങ്ങേയറ്റം ദേഷ്യം നിറഞ്ഞു നിന്നിരുന്നു…….

എല്ലാം അവസാനിച്ചെന്ന് തോന്നിയ ആ നിമിഷമാണ് പിറകിൽ നിന്നും ഷർട്ടിലൊരു പിടുത്തം വീണത്……..

അവൻ ഒരു നിമിഷം ഒന്ന് നിശ്ചലനായി..

പിന്നെ പതിയേ പിറകിലേക്ക് തിരിഞ്ഞു നോക്കി …..

ആണോ……
ഞാൻ…. ഞാൻ നിങ്ങൾക്കിടയിലൊരു തടസ്സമാണോ…….

തന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് അതു ചോദിക്കുന്നവളുടെ മിഴികളിൽ ഇത് വരെ കാണാത്ത എന്തൊക്കയോ ഉണ്ടായിരുന്നു……

ആ കണ്ണുകൾ എന്തിനോ നിറഞ്ഞു തൂവി……

അതേ…… തുറന്ന് പറയാൻ വെമ്പി നിന്ന എന്തോ ഒന്ന് അവളെ ശക്തയാക്കിയതാണ്…..

അവൾ നിറഞ്ഞ കണ്ണുകളാൽ ചോദ്യ ഭാവത്തോടെ അങ്ങനെ നിൽകുമ്പോൾ ആ മുഖത്തുണ്ടായിരുന്നു തനിക്കുള്ള ഉത്തരങ്ങൾ…..

അവൻ ഷർട്ടിൽ പിടിച്ച അവളുടേ കൈ പിടിച്ചവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ മനസ്സ് എന്തിനെന്നറിയാതെ നിറഞ്ഞു തുളുമ്പി……..

(തുടരും)

അവൾ കണ്ണുകൾ വിടർത്തി അവനെ യൊന്നു നോക്കി….

ആ ചേർന്ന് നിൽക്കൽ മനസ്സ് അത്രയേറെ ആഗ്രഹിച്ചത് കൊണ്ട് തന്നെ എന്തോ അകന്ന് മാറാൻ അവൾക്ക് കഴിഞ്ഞില്ല……

അവനിൽ നിന്നും വരുന്ന വാക്കുകൾക്കായി അവൾ കാതോർത്തു….

എനിക്ക് ജീവനുള്ളിടത്തോളം നീയെനിക്ക് തടസ്സമല്ലെന്ന് മാത്രമല്ല……
നീയെന്ന ശൂന്യത എന്നിലില്ലാതിരിക്കാനാണ് കൂടെ വിളിച്ചത്……

അവന്റെ സ്വരം പതിയെ യാണെങ്കിലും ആ അക്ഷരങ്ങൾക്ക് തന്റെ ഹൃദയത്തിലേക്ക് തുളച്ചു കയറാൻ കഴിവുണ്ടെന്ന് അവളോർത്തു….

അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു…..

പക്ഷെ….. ഞാനും ഇയാളും തമ്മിൽ ഒരു സഹതാപത്തിന്റെ ദൂരം മാത്രമേയുള്ളു……
മറ്റെല്ലാം കൊണ്ടും നമ്മൾ രണ്ട് ധ്രുവങ്ങളെ പോൽ അകലെയാണ്…

അവളതും പറഞ്ഞു പതിയെ അവൻ പിടിച്ച കൈ അയക്കാൻ ശ്രമിക്കുമ്പോൾ അവനു മനസ്സിലായിരുന്നു അവൾ തന്നിൽ നിന്ന് വീണ്ടും നീങ്ങി പ്പോകുകയാണെന്ന്….

അപകർഷതാ ബോധമോ തനിക്കവൾ ചേരില്ലെന്ന ചിന്തയോ എന്തൊക്കെയോ അവളെ പിടിച്ചു വലിക്കുന്നുണ്ട്…

എന്ത് തന്നെയായാലും എന്തിനു വേണ്ടിയായാലും ഇനിയും അവളെ വിട്ട് കൊടുക്കാൻ വയ്യെന്നത് കൊണ്ട് തന്നെ അവളയക്കാൻ ശ്രമിക്കുന്ന അതെ നിമിഷം അവൻ ആ കൈകൾ ഒന്ന് കൂടി മുറുകെ പിടിച്ചു അവളെ ഒന്ന് കൂടി തന്നോട് ചേർത്ത് നിർത്തി…..

നിന്റെ മനസ്സിലുള്ള ചേർച്ചയുടെ തുലാസിൽ അളന്നു തൂക്കാൻ ഒന്ന് കൂടി ഉണ്ട്….
എട്ട് വർഷത്തെ എന്റെ പ്രണയം…..
അതിനേക്കാൾ കനം തൂങ്ങി നിൽക്കുന്ന എന്തെങ്കിലും നിന്റടുത്തുണ്ടെങ്കിൽ പറ..
ഞാൻ സമ്മതിച്ചു തരാം…..

അവൻ അത് പറഞ്ഞതും അവളൊരു ഞെട്ടലോടെ അവനിലേക്ക് നോക്കി….

എ….. എന്താ പറഞ്ഞത്…..

വിശ്വസിക്കാൻ കഴിയുന്നില്ലേന്ന വണ്ണം അവളത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ ഒരു വേള വിടർന്നിരുന്നു….

താൻ കേട്ടത് സത്യമാകണേയെന്ന് മനസ്സ് പ്രാർത്തിക്കും പോലെ……

അവളുടെ ചോദ്ധ്യതിന് അവനുത്തരം നൽകിയില്ല…..

പകരം അവളുടെ കൈകളിൽ പിടിച്ച പിടുത്തം അയച്ചു കൊണ്ടവൻ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞു പെട്ടിയെടുത് അവൾക്ക് നേരെ നീട്ടി…

നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാണ്…

വാങ്ങാൻ മടിച്ചു നിന്ന അവളോടായി അവനത് പറയുമ്പോൾ ആ മുഖം ഒരു പുഞ്ചിരിയെ കൈ വശപ്പെടുത്തിയിരുന്നു…..

അവൾ പതിയെ അത് തുറന്നു നോക്കി……

അവളുടെ കണ്ണുകൾ ഒരു വേള വിടർന്നു കൊണ്ട് പെട്ടെന്നവനിലേക്ക് അവൾ മുഖമുയർത്തി…

അതേ…. അപ്പാ വാങ്ങി തന്ന അതേ മൂക്കുത്തി….

വർഷങ്ങൾക്ക് ശേഷം അവ തന്റെ കണ്ണുകൾ കണ്ടെടുക്കുമ്പോൾ എന്തിനോ അവയിലൊരു സാഗരം തീർത്തു…

ഒരുപാട് ചോദ്യങ്ങളും അതിലേറെ ഉത്തരങ്ങളുമായി അവളങ്ങനെ നിന്നു…..

കയ്യിൽ കിട്ടിയ മൂക്കുത്തി തരാതിരുന്നത് ഒരു കുസൃതി ക്ക് വേണ്ടിയാണെങ്കിലും അത് കഴിഞ്ഞ് താനേറിഞ്ഞ ആ ഉരുളൻ കല്ല് ഹൃദയത്തിന്റെ ഭിത്തിയിലെവിടെയോ തറച്ചു നിന്നു.. തിരിച്ചെടുക്കാൻ കഴിയാത്ത വിധം അതെന്നെ വീർപ് മുട്ടിച്ചപ്പോഴാണ് ഞാൻ നിന്നെ തിരഞ്ഞു വന്നത്…..

വന്ന സമയം നിനക്കെന്നെ ഏറെ ആവശ്യമുള്ള സമയമായിരുന്നു….

അവന്റെ വാക്കുകൾ കേട്ട് മിഴിച്ചു നിൽക്കുകയാണ് അഞ്ജലിയപ്പോഴും…..

സഹതാപത്തിന്റെ പേരിലല്ല..
എട്ട് വർഷമായി ചങ്കിൽ കൊണ്ട് നടന്ന അതേ പ്രണയം കൊണ്ട് തന്നെയാണ് ഞാൻ നിന്നെ താലി കെട്ടി സ്വന്തമാക്കിയത്..

ഇനിയും നിനക്ക് പറയാൻ നമ്മൾ തമ്മിലുള്ള അന്തരങ്ങൾ ബാക്കിയുണ്ടെങ്കിൽ….

അവനത് പറഞ്ഞു മുഴുവനാക്കും മുന്പേ അവൾ അവന്റേ നെഞ്ചിലേക്ക് വീണിരുന്നു……

ഒരു നിമിഷം അവളെന്താ ചെയ്തത് എന്നത് അവനും മനസ്സിലാകും മുന്പേ അവളിരു കൈകൾ കൊണ്ടും തന്നെ ചുറ്റി പ്പിടിച്ചത് അവനറിഞ്ഞു…

അതും അത്രയേറെ ഇറുക്കത്തോടെ…
ഇട്ടിരുന്ന ഷർട്ട്‌ കണ്ണ് നീരിന്നാൽ നനഞു….

ഏറെ ആഗ്രഹിച്ച നിമിഷമായിരുന്നത് കൊണ്ട് തന്നേ അവന്റെ കണ്ണുകളും നിറഞ്ഞു…..

ഒരു നിമിഷം അവനങ്ങനെ നിന്ന ശേഷം അവളെയും ഇരുകൈകൾ കൊണ്ടവൻ ചേർത് പിടിച്ചു………

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പത്മയുടെ മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു…..

എല്ലാവർക്കും അവളെ ഇഷ്ടമാണ്….

അർജുന് വേണ്ടി ആലോചിക്കാൻ മാത്രം ഇഷ്ടം……

മറ്റൊന്നും ആർക്കും പ്രശ്നമല്ല….

അല്ലെങ്കിലും പ്രശ്നങ്ങൾ തനിക്കായിരുന്നല്ലോ…..
അവൾ ജോലിക്കാരിയുടെ മോളാണെന്നുള്ള പ്രശ്നം…
അനാഥയാണെന്നുള്ള പ്രശ്നം………
അതിനേക്കാൾ മേലെ അവൻ തന്നോടൊരു വാക്ക് പോലും പറയാതെ വിവാഹം ചെയ്തു എന്ന പ്രശ്നം….

എന്നാൽ അതിനെല്ലാം മേലെ നിൽക്കാൻ അവളെന്ന ആ പെൺകുട്ടിക്ക് കഴിയുന്നുണ്ട്….

എന്തോ ഒരിഷ്ടം തനിക്കവളോടുണ്ട്…..

അത് കൊണ്ട് തന്നെ താനീ കാര്യം ദേവേട്ടനോട് തുറന്ന് പറഞ്ഞെ മതിയാകു…..

ഒന്നും പ്രശ്നമല്ലെങ്കിലും ദേവേട്ടനെ എല്ലാവരും ചേർന്ന് വിഡ്ഢിയാക്കി യെന്ന് തോന്നുമ്പോൾ ആളെങ്ങനെ പ്രതികരിക്കുമെന്ന് നല്ല ഭയം തോന്നുന്നുണ്ടെങ്കിലും ഇനിയും മറച്ചു വെക്കാനാവില്ലെന്ന് അവർ തീരുമാനിച്ചു……

ദേ… വേട്ടാ…..
നിങ്ങള് നേരത്തെ പറഞ്ഞ ആ കാര്യം ആത്മാർഥത മായിട്ടാണോ……

ഏത് കാര്യം..

കിടക്കാൻ തുടങ്ങുകയായിരുന്ന ദേവനോട് പത്മ അത് പറയുമ്പോൾ ദേവൻ അലസമായി ചോദിച്ചു…..

അ…. അഞ്ജലിയുടെ കാര്യം……

പത്മ മടിച്ചു കൊണ്ടത് പറയുമ്പോൾ കിടന്നിരുന്ന ദേവൻ ഒന്ന് അവർക്ക് നേരെ തലയുയർത്തി…….

അഞ്ജലിയുടെ കാര്യമോ….

ദേവൻ പല വിധ സംശയങ്ങൾ മനസ്സിലിട്ടു കൊണ്ടാണത് ചോദിച്ചത്….

ആ…. അർജുന് വേണ്ടി ആലോചിക്കാമായിരുന്നെന്ന്……..

പത്മ അത് പറഞ്ഞപ്പോൾ ദേവന്റെ മനസ്സിൽ വല്ലാത്തൊരു ആനന്ദം കുടിയേറി…

ആ… എന്താ പറ്റില്ലേ….
നല്ല കുട്ടിയല്ലേ അവള്..
ഇന്നത്തെ കാലത്ത് അങ്ങനെയൊരു കുട്ടിയെ കാണാൻ പോലും കിട്ടില്ല….

ദേവൻ അത് പറയുമ്പോൾ പത്മയും ഒരു ചിന്തയിൽ അങ്ങനെ നിന്നു…..

ആ… ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം…
അർജുൻ മായ മോളെ അല്ലെ വിവാഹം കഴിക്കാൻ പോകുന്നത്….
അല്ലെങ്കിൽ നോക്കാമായിരുന്നു….
നീ വന്നു കിടക്കാൻ നോക്ക്…..

ദേവൻ അതും പറഞ് കണ്ണുകളടച്ചു കിടക്കുമ്പോൾ അയാളുടെ ഉള്ളിലൊരു ചിരിയൂറി നിന്നിരുന്നു….

കണ്ണുകളടച്ച ദേവൻ ഒരു കരച്ചിലിന്റെ ശബ്ദം കേട്ടതും കണ്ണുകൾ തുറന്നു…

തന്റെ അടുത്തിരുന്നു പത്നയാണ് കരയുന്നത്..

എന്താ.. എന്തിനാ കരയുന്നത്..
ദേവൻ കിടന്നിടത് നിന്നും വേഗം എഴുന്നേറ്റു….

ഞാൻ…. ഞാനൊരു കാര്യം പറഞ്ഞാൽ ദേവേട്ടൻ ദേഷ്യപ്പെടുമോ…..

ഇല്ലാ….. നീ കാര്യം പറ പത്മേ….

കണ്ണുകൾ നിറച്ചു കൊണ്ട് അവരത് ചോദിക്കുമ്പോൾ ദേവൻ അവർക്ക് ധൈര്യം നൽകി….

നമ്മുടെ മോന്റെ വിവാഹം അഞ്ജലിയുമായി കഴിഞ്ഞതാണ് ദേവ്വേട്ടാ….

അതും പറഞ്ഞു പത്മ തെറ്റ് ചെയ്തത് പോൽ പൊട്ടി കരഞ്ഞു…

ദേവന്റെ കണ്ണുകൾ ചുരുങ്ങി……

ആ കുട്ടിയെ രക്ഷിക്കാനും സംരക്ഷിക്കാനും അമ്മ കണ്ട് പിടിച്ച വഴിയായിരുന്നത് ..
ഞാൻ അറിഞ്ഞിട്ട് പോലുമില്ല……..
പഠിത്തം കഴിയും വരെയെ മംഗലത് ആ കുട്ടിയുണ്ടാവു…….
സത്യമായിട്ടും ഞാനറിഞ്ഞിട്ടില്ല…..

ഞാനറിഞ്ഞ ശേഷവും പറയാതിരുന്നത് ദേവേട്ടൻ എങ്ങനെ പ്രതികരിക്കുമെന്ന് പേടിച്ചിട്ടാണ്….

ദേവന്റെ ദേഷ്യത്തോടെയുള്ള മുഖം കണ്ട് പത്മ വിങ്ങി പൊട്ടി..

വിവാഹം കഴികയുന്നതിനു മുൻപ് നീയറിഞ്ഞിരുന്നില്ലെന്നുള്ളത് സത്യം തന്നെയാണോ….

ദേവൻ ദേഷ്യത്തോടെ വീണ്ടും ചോദിച്ചു…

അതേ ദേവ്വേട്ടാ…. ഞാൻ…. ഞാൻ അറിഞ്ഞിരുന്നില്ല…..

എങ്കിൽ ഞാനറിഞ്ഞിരുന്നു……

പത്മ നിറഞ്ഞ കണ്ണുകളാലെ വീണ്ടുമത് പറഞ്ഞപ്പോഴാണ് ദേവൻ പെട്ടെന്നത് പറയുന്നത്….

ഒരു നിമിഷം പത്മ നിശ്ചലയായി……

ദേവന്റെ മുഖത്തെ ഗൗരവം പാടെ നീങ്ങി ഒരു പുഞ്ചിരി തെളിയുന്നത് പത്മ അത്ഭുതത്തോടെ നോക്കിയിരുന്നു……

എ…. എന്താ നിങ്ങൾ പറഞ്ഞത്……

പത്മ സംശയത്തോടെ ചോദിച്ചു…..

എനിക്ക്…… എനിക്കറിയാമായിരുന്നു പത്മാ…
അവനെന്നോട് സമ്മതം ചോദിച്ചിട്ടാണ് അവളെ ഭാര്യ യാക്കിയത്……

നിനക്ക് പെട്ടെന്ന് ഉൾകൊള്ളാൻ കഴിയില്ലെന്നും പതിയെ പറയാമെന്നും പറഞ്ഞത് ഞാനാണ്…..

നമ്മുടെ മോനല്ലേ അവൻ… അങ്ങനെ നമ്മളോട് ചോദിക്കാതെ എടുത്ത് ചാടി സ്വന്തം ഇഷ്ടം നടതുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…..

ദേവൻ അതും കൂടി ചോദിച്ചപ്പോൾ പത്മ തറഞ്ഞു പോയിരുന്നു…

താനൊരുപാട് അവനെ കുറ്റപ്പെടുത്തി…….

അവർക്ക് വല്ലാത്ത കുറ്റബോധം തോന്നി…..

പിന്നെ നീ വിചാരിക്കും പോലെ ഒരു സഹതാപത്തിന്റെ പേരിലല്ല അവനവളെ താലി കെട്ടിയത്…
അവനു ഇഷ്ടമായത് കൊണ്ടായിരുന്നു …..
അവളുടെ ജീവിതം തകരുന്നത് നോക്കി നിൽക്കാൻ വയ്യാത്തത് കൊണ്ടായിരുന്നു ….

അതും കൂടി കേട്ടപ്പോൾ പത്മ ദേവനെ തന്നെ നോക്കിയിരുന്നു….

ഇനിയും എന്തൊക്കെയോ താനറിയാനുണ്ടെന്ന ഭാവത്തോടെ…

തന്റെ വിചാരം തനിക്കാണ് എല്ലാം അറിയുന്നത് ദേവേട്ടനൊന്നും അറിയില്ലെന്നായിരുന്നു…

എന്നാൽ താനാണ് വിഡ്ഢി..

നമുക്ക് രണ്ട് പേർക്കും വിവാഹത്തിന് മുൻപ് ഇഷ്ടങ്ങളുണ്ടായിരുന്നില്ലേ….

നമ്മുടെ ജീവിതം നല്ല രീതിയിലായത് കൊണ്ട് നമുക്ക് നഷ്ട ബോധമില്ല…

എന്നാൽ നാളെ അവന്റെ ജീവിതം സന്തോഷത്തിലല്ലെങ്കിൽ അവനു പറ്റിയൊരു പെൺകുട്ടിയെ നമുക്ക് കണ്ട് പിടിച്ചു കൊടുക്കാൻ കഴിഞില്ലെങ്കിൽ അവനിലെ നഷ്ട ബോധത്തിന് നമ്മൾ കാരണക്കാരാകില്ലേ……

പിന്നെ അഞ്‌ജലിയേക്കാൾ നല്ലൊരു കുട്ടിയെ അവനു വേണ്ടി കണ്ട് പിടിക്കാൻ നമുക്ക് കഴിയുമെന്നും എനിക്ക് തോന്നുന്നില്ല…..

ദേവൻ അത് പറയുമ്പോൾ ശെരിയെന്നുള്ളത് കൊണ്ട് തന്നെ പത്മ നിശബ്ദയായി….

അപ്പൊ അവൾ ശെരിക്കും…
നമ്മുടെ മോള് തന്നെയാണല്ലേ ….

ഒരു നിമിഷത്തെ ആ നിശബ്ദതക്ക് ശേഷം പത്മ അത് ചോദിക്കുമ്പോൾ മിഴികളിലെ കാർ മേഘ പാളികളും മനസ്സിലെ ഭാരവും നീങ്ങി പ്രതീക്ഷ നാമ്പിട്ടിരുന്നു…

അതിൽ അവളോടുള്ള അടങ്ങാത്തൊരു വാത്സല്യം കൂടി ദേവനു കാണാൻ പറ്റി…..

നിന്നെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് പ്രയാസമുള്ളത് കൊണ്ടല്ല അവളെ നമ്മുടെ സ്വന്തമാക്കാത്തത്…..

ഒരു പാട് സങ്കടങ്ങളിൽ നിന്ന് കര കയറിയവളാണവൾ…

അവനവളോടുള്ള ഇഷ്ടം ആ കുട്ടിക്ക് തിരിച്ചും വേണ്ടേ….

പെട്ടെന്ന് അവനെ ഉൾകൊള്ളാൻ അവൾക്ക് കഴിയില്ലല്ലോ…..

ദേവൻ അത് പറയുമ്പോൾ പത്മയും ഒരു നിമിഷം അങ്ങനെയിരുന്നു….

പിന്നെ…. പിന്നെന്ത് ചെയ്യും ദേവേട്ടാ….

പത്മ യത് ചോദിക്കുമ്പോൾ ദേവനൊന്ന് പുഞ്ചിരിച്ചു…

അവനൊന്നു കൂടി അവളിൽ കയറി പറ്റാൻ ശ്രമിക്കട്ടെ…..
പണമോ സൗന്ദര്യമോ ഒന്നിലും മയങ്ങുന്നവളല്ല അവൾ…..
സ്നേഹം മാത്രമേ അവളുടെ കണ്ണുകളിൽ തിളങ്ങു..

അവൻ പറഞ്ഞു കഴിഞ്ഞ് നമുക്കും ഒന്ന് സംസാരിച്ചു നോക്കാം….

എന്നിട്ടും ആ കുട്ടിക്ക് ഓക്കേ അല്ലെങ്കിൽ അവനവള് വിധിച്ചിട്ടില്ലെന്ന് കരുതാം…
നീ കിടന്നോ..

ദേവൻ അതും പറഞ്ഞു കിടക്കുമ്പോൾ പത്മക്കെന്തോ ഒരു മനപ്രയാസം തോന്നി….

ആഗ്രഹിച്ചു പോയി താനവളെ…….

എന്ത് തന്നെ വന്നാലും തനിക്കവളെ വേണമെന്ന് തന്നെ അവർ മനസ്സിൽ കണക്ക് കൂട്ടി…..

(തുടരും)