23/04/2026

വധു : ഭാഗം 28

രചന – ആയിഷ അക്ബർ

പവിയിൽ നിറഞ്ഞു നിന്നത് ദേഷ്യമോ സങ്കടമോ എന്നവർക്ക് തന്നെ അറിയില്ലായിരുന്നു…..

ഇത്രയും വർഷത്തെ ദാമ്പത്യത്തെ അവളെത്ര നിസ്സാരമായാണ് പറഞ്ഞതെന്ന് അവരോർത്തു…..

അപ്പൊ സായുവിനെയും നീ നിസ്സാരമായി വിട്ടിട്ടു പോകുമോ…..

പവി ഉള്ളിലുള്ള വികാരം മുഴുവൻ കലർത്തി ഗൗരവത്തോടെയാണ് അവളോടത് ചോദിച്ചത്…..

അവളൊരു നിമിഷം അവരിലേക്കൊന്ന് നോക്കി…

അവനെ വിട്ടിട്ട് പോകേണ്ട ആ നിമിഷം തനിക്കോർത്തെടുക്കാൻ പോലും കഴിയുന്നില്ല….
മുമ്പോട്ട് അവനില്ലാത്ത നിമിഷങ്ങളും……

അതിനു സായുവും അച്ഛനും രാവും പകലും പോലെ വ്യത്യസ്ഥരാണല്ലോ…

ഉള്ളിൽ അവനെന്ന നോവ് നിറയുമ്പോഴും ഭാവ പ്പകർച്ചക്കളേതുമില്ലാതെ ബാല ചോദിച്ചു…..

ബാലയുടെ സംസാരം പവിയിലുണ്ടാക്കുന്ന അസ്വസ്ഥത അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു….
പക്ഷെ തിരിച്ചൊന്നും മറുപടി പറയാൻ ഇല്ലെന്നുള്ളത് കൊണ്ട് തന്നെ അവർ മൗനം പാലിച്ചു……

ഭാര്യ എന്നാൽ അടിമ യും ഭർത്താവ് ഉടമയുമാണോ…

ആത്മാഭിമാനം കളഞ്ഞു എന്തിനാണിങ്ങനെയൊരു ജീവിതം……

എന്ത് സന്തോഷമാണ് നിങ്ങൾക്കതിൽ നിന്നും ലഭിക്കുന്നത്……

ബാല വീണ്ടും അവർക്ക് നേരെ ചോദ്യങ്ങൾറിഞ്ഞു കൊണ്ടിരുന്നു……

അപ്പോഴേക്കും പൂജക്കുള്ള സമയമായിരുന്നു……

അവർ എല്ലാവരും അങ്ങോട്ട് നടന്നു….

അപ്പോഴും പവിയുടെ മനസ്സിൽ ബാലയുടെ വാക്കുകളായിരുന്നു….

ഒരു അഹങ്കാരിയും സംസാരം നിയന്ത്രിക്കാൻ കഴിവില്ലാത്തവളുമായി പവിയുടെ മനസ്സ് അവളെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു…..

അവളോട് അത്ര ഇടപഴകേണ്ടിയിരുന്നില്ല എന്ന് വരെ പവിക്ക് തോന്നിയിരുന്നു…..

എങ്കിലും അവരത് പുറമെ പ്രകടിപ്പിച്ചില്ല…..

അമ്പലത്തിൽ നിന്നു ഇറങ്ങാൻ നേരമാണ് തൊഴാൻ വരുന്ന അവരിൽ ഒരു നിമിഷം പവിയുടെ കണ്ണുകൾ നിശ്ചലമായത്…..

തൊണ്ട വരളുന്നത് പോലെ തോന്നിയവർക്ക്….

അവർ വേഗം ചുറ്റും നോക്കി…..

പ്രഭ അവിടെ എവിടെയെങ്കിലും ഉണ്ടോയെന്നു കണ്ണുകൾ തിരഞ്ഞു കൊണ്ടേയിരുന്നു….

അവരുടെ ഈ മാറ്റവും ബാല ഒപ്പിയെടുക്കുന്നുണ്ടായിരുന്നു……

എന്തെങ്കിലും കുഴപ്പമുണ്ടോ…..

ബാല അത് ചോദിച്ചതും പെട്ടെന്നവർ ഇല്ലെന്ന അർത്ഥത്തിലൊന്ന് തലയാട്ടി….

ദൂരെ നിന്നും വരുന്ന ആ സ്ത്രീയേ കണ്ടാണ് അവർ ഉരുകുന്നതെന്ന് ബാല ഊഹിച്ചു….

അവരാരായിരിക്കും….

പവിയോട് ചോദിക്കാനുള്ള ധൈര്യം അവൾക്ക് തോന്നിയിരുന്നില്ല……

ഞാൻ…. ഞാൻ ആൽത്തറയിൽ നിൽക്കാം….. നിങ്ങള് പതിയേ വരൂ…..

കൂടെ നിൽക്കുന്ന തന്നോടത് പറഞ് പോകുമ്പോൾ ആ മുഖത്തൊരു പരിഭ്രമമുണ്ടായിരുന്നു…

ഞാനും കൂടി വരുന്നു എന്ന എന്റെ മറുപടിക്കൊന്നും കാത്തു നിൽക്കാതെ സാരിയുടെ മുന്താണിയിൽ പിടിച് അവർ വേഗത്തിൽ നടന്നു….

ബാലയുടെ കണ്ണുകൾ വീണ്ടും ആ സ്ത്രീയിലേക്ക് തിരിഞ്ഞു….

കറുത്ത നിറത്തിലുള്ള ഒരു കോട്ടൺ സാരിയാണ് വേഷം…….

നെറ്റിയിൽ ഒരു കറുത്ത വട്ട പൊട്ടും വെച്ചിട്ടുണ്ട്…..

നീളൻ മുടി പിറകിലേക്ക് അഴിച്ചിട്ടിരിക്കുകയാണ്….

ഇരു നിറമാണെങ്കിലും നല്ല ഭംഗിയുള്ളൊരു പുഞ്ചിരി ആ ചൊടികളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്…..

അവരെ കണ്ടതും അപ്പച്ചിമാരെല്ലാം ഓടി ചെന്നു അവരോട് സംസാരിക്കുന്നുണ്ട്…..

അതിനിടക്ക് എല്ലാവരുടെയും മിഴികൾ തന്നിലേക്ക് നീളുന്നുണ്ട്….

ഒരു പക്ഷേ അമ്മയെ ആയിരിക്കാം അവർ തിരയുന്നത്…

ബാല അങ്ങനെ തന്നെ നിന്നു…..

അവരുടെ സംസാരത്തിനിടക്കാണ് പ്രഭയങ്ങോട്ട് വരുന്നത്….

അയാളുടെ കണ്ണുകളിൽ അലയടിക്കുന്ന വികാരമെന്തെന്ന് അവൾക്കൂഹിക്കാൻ കഴിഞ്ഞിരുന്നു….

അതേ…. ഇവർ തന്നെയാവും ഒരു പക്ഷേ അമ്മയ്ക്കും അച്ഛനും ഇടയിലെ അകൽച്ചയെന്ന് അവൾക്കുറപ്പായിരുന്നു….

അവൾക്ക് പവിയെയാണ് ഓർമ വന്നത്…..

കുറച്ചപ്പുറത്തായി ആൽത്തറ കാണുന്നുണ്ട്….

അവിടെ ഇരിക്കുന്ന അവരെ തനിക്ക് കാണുന്നില്ലെങ്കിലും അവർ ഈ കാഴ്ച കണ്ട് മനസ്സ് വിങ്ങി പൊട്ടി നിൽക്കുക യായിരിക്കും….

അവൾ പിന്നീടൊന്നും ചിന്തിച്ചില്ല…
പെട്ടെന്ന് ആൽത്തറ ലക്ഷ്യമാക്കി നടന്നു……

അതേ വിചാരിച്ചത് പോലെ തന്നെ അവരവിടെ ഇരിപ്പുണ്ട്….

പക്ഷേ ദൂരെ എവിടെയോ നോക്കിയാണിരിപ്പ്…..

ബാലക്ക് അവരോട് വല്ലാത്തൊരു അലിവ് തോന്നി…..

അവൾ കൈ പത്തി കൊണ്ട് അവരുടെ കയ്യിനു മേലൊന്ന് തൊട്ടു….

ഞെട്ടി കൊണ്ടവർ അവളിലേക്കൊന്ന് നോക്കി….

അവളുടേ ആ സ്പർശനം അവർക്കെന്തോ ഒരു സമാധാനം നൽകിയിരുന്നു….
ചില സമയത്തു അങ്ങനെയാണ്….
ഒരുപാട് വാക്കുകളൊന്നും ആവശ്യമില്ല ആശ്വസിപ്പിക്കാൻ……

നിങ്ങളുടെ വേദന അറിയാത്തവരെ ഓർത്ത് ഈ മിഴികളെന്തിനു നിറയണം…

അവളത് ചോദിച്ചപ്പോഴാണ് കണ്ണുകൾ നിറഞ്ഞിരിക്കുകയാണെന്ന് പവി ശ്രദ്ധിക്കുന്നത്…..

അവർ വേഗം കണ്ണുകൾ അമർത്തി തുടച്ചു…..

പറയാനെളുപ്പമാ കുട്ടി….
ജീവിച്ചു തീർക്കാനാ പ്രയാസം……
വിവാഹം കഴിഞ്ഞത് മുതൽ ഇങ്ങനെയൊക്കെ തന്നെയാ…..
എന്റെ മോന് വേണ്ടി യാണ് എല്ലാം ഞാൻ സഹിച്ചത്…..

അവരത് പറയുമ്പോൾ വീണ്ടും ആ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…..

ബാല അവരെയൊന്നു നോക്കി……

ആര് പറഞ്ഞു മോന് വേണ്ടിയാണ് സഹിച്ചതെന്ന്….

അവന്റെ സന്തോഷവും സ്വസ്ഥതയും നിങ്ങളാഗ്രഹിച്ചിരുന്നെങ്കിൽ ഒരിക്കലും നിങ്ങൾ ആ ബന്ധത്തിൽ കടിച് തൂങ്ങി നിൽക്കില്ലായിരുന്നു…..

ബാല ഒരു ഗൗരവത്തോടെ അത് പറയുമ്പോൾ പവി തറഞ്ഞു പോയിരുന്നു….

അവൾ പറയുന്നത് കേവലം ഒരു ചെറിയ കാര്യമല്ല…..
താൻ ജീവിച്ചു തീർത്ത ജീവിതത്തെയാണ് ഇത്രയേറെ നിസ്സാരമാക്കുന്നത്…. അതിലേറെ തന്റെ സഹനത്തെയാണ് അവൾ കുറ്റപ്പെടുത്തുന്നത്…..

ആത്മാഭിമാനം പണയം വെച്ച് ജീവിക്കുന്ന അവനൊരു പക്ഷേ നിങ്ങളോട് പുച്ഛമാവാം….

അച്ഛനില്ലാതെയും മകനെ നോക്കാമെന്നൊരു ധൈര്യം നിങ്ങളന്ന് കാണിച്ചിരുന്നെങ്കിൽ ഇത്രയും വർഷങ്ങൾ വേദന നിറഞ്ഞതാകുമായിരുന്നില്ല…..

മാത്രവുമല്ല…. അവന് വളരാൻ നല്ലൊരു അന്തരീക്ഷം കൂടി കിട്ടുമായിരുന്നു….

അച്ചന്റെയും അമ്മയുടെയും സ്നേഹം കിട്ടാത്ത ഈ അവസ്ഥയിൽ നിന്നും അവൻ നിങ്ങളിൽ സ്വർഗം കണ്ടെത്തുമായിരുന്നു….

അവൾ പറഞ്ഞു തുടങ്ങിയപ്പോൾ പവിയിലുണ്ടായ ദേഷ്യം കുറയുന്നതായി അവർക്ക് സ്വയം തോന്നി….

കാരണം അവൾ പറയുന്നതിൽ തന്റെ മനസ്സ് സത്യം കണ്ടെത്തിയിരുന്നു….

ബാല അവരെ നോക്കി അവളുടേ വാക്കുകൾ തുടർന്നു….

മാത്രവുമല്ല…… ആത്മാഭിമാനമുള്ള ഒരു പെണ്ണിനോട് കയർക്കാൻ ഏതൊരാണും ഒന്ന് വിറക്കും….

കാരണം അവൾ ഉള്ളു കൊണ്ട് ശക്തയായിരിക്കും….

അതിനാദ്യം നമ്മൾ നമ്മളെ സ്നേഹിക്കുക അതിലുപരി ബഹുമാനിക്കുക…..

നമുക്കുള്ള മൂല്യം മനസ്സിലാക്കി അതിനെ കുറച്ച് കാണാതിരിക്കുക….

സ്നേഹത്തിനു വേണ്ടി ആരോടും യാചിക്കാതിരിക്കുക….

അത്രയേറേ ഗൗരവത്തോടെ അവളത് പറഞ് നിർത്തുമ്പോൾ പവി അവളെ തന്നെ നോക്കി നിന്നു….

ഇത്ര ചെറിയ പ്രായത്തിൽ അവളെത്ര വലിയ കാര്യങ്ങളാണ് സംസാരിക്കുന്നതെന്നോർത്ത് അവർക്കത്ഭുതം തോന്നി…..

ഒരോ കാര്യങ്ങളെ കുറിച്ചും അത്രയേറേ വ്യക്തത യുണ്ടവൾക്ക്……

അതിലുപരി തന്റെ ബലഹീനതയേ അവൾ ചൂണ്ടി കാട്ടുമ്പോഴും അതാണ്‌ ശെരിയെന്നു താൻ തിരിച്ചറിയുന്നുണ്ട്..

നിങ്ങളെ ഓർത്ത് അവന്റെ മനസ്സ് എത്ര വിങ്ങുന്നുണ്ടെന്ന് മാറ്റാരേക്കാളും നന്നായി എനിക്കറിയാം….

അത് പറയുമ്പോൾ അത്രയും നേരം അവളുടേ സംസാരത്തിലുണ്ടായിരുന്ന ഗൗരവം വിട്ട് മാറി അത്രയേറെ ശബ്ദം പതിഞ്ഞു പോയിരുന്നു…..

അവർ അവളെ തന്നെ നോക്കി നിൽക്കുകയാണ്…

അവനെ കുറിച് പറയുമ്പോൾ ആ കണ്ണുകളിൽ നിറയുന്ന വികാരത്തെ അറിയും തോറും പവിയുടെ മനസ്സ് നിറയുന്നുണ്ടായിരുന്നു…..

ഒരു ബന്ധം കൂട്ടി ചേർക്കുന്നത് പോലെയല്ലല്ലോ അത് മുറിച്ചു കളയാൻ…..

എന്തോ ഒരു ഭയമായിരുന്നു …..

ആ ജീവിതത്തോട് പതിയേ ഞാൻ ഇഴുകി ചേർന്നു പോയി….

പവി കണ്ണുകൾ അമർത്തി തുടച് അവളോടത് പറയുമ്പോൾ അവൾ അവരെ നോക്കി നിന്നു…..

ആ ഒരു ഒഴുക്കിൽ അങ്ങനെ മരണം വരെ പോകുമായിരുന്നിരിക്കാം ഒരു പക്ഷേ നീയിപ്പോ സംസാരിച്ചില്ലായിരുന്നെങ്കിൽ….

അതും പറഞ്ഞവർ അവളുടേ തോളിൽ കൈ വെച്ചു….

ഒരിളം പുഞ്ചിരി അവരിൽ തെളിഞ്ഞത് പോലെ അവൾക്ക് തോന്നി….

അതേ…. അവരിപ്പോഴെങ്കിലും ഒരു മാറ്റത്തെ ആഗ്രഹിച്ചു തുടങ്ങിയെന്നതിൽ ബാലക്ക് സന്തോഷം തോന്നി…..

ഇനിയെങ്കിലും അവർക്കല്പം സ്വസ്ഥത കിട്ടട്ടേ….

സായു ആഗ്രഹിക്കുന്നത് ഒരിക്കലും അവരോന്നിക്കാനല്ല….

അവർ സന്തോഷത്തോടെ യിരിക്കാനാണ്….

അതിനൊരു പക്ഷെ ഒന്നിക്കുന്നതിനേക്കാൾ അകലുന്നതിനാണ് കഴിയുക എങ്കിൽ അതാണ് നല്ലത്…..

അപ്പോഴേക്കും അവരെല്ലാം തങ്ങൾക്കടുത്തെത്തിയിരുന്നു….

പവി പ്രഭയിലേക്കൊന്ന് നോക്കി…

മുമ്പത്തേത് പോലെ ഇരു നീറ്റൽ അവർക്കനുഭവപ്പെടാത്തിൽ അവർക്ക് സ്വയം അത്ഭുതം തോന്നി….

അതേ….. ഇപ്പൊ എന്റെ സന്തോഷങ്ങൾ എന്റെ കൈ പിടിയിലാണ്….

കാരണം ഇന്ന് മുതൽ… തീരുമാനങ്ങൾ… അത് തന്റെതാണെന്ന് അവർക്കറിയാമായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എനിക്ക്…. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്….

പവി അത് പറഞ്ഞതും മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാൻ നിന്ന പ്രഭയോന്ന് നിന്നു….

എന്താണെങ്കിൽ ചോദിച്ചു തുലക്ക്…..

മുഖത്ത് നോക്കാതെയുള്ള ആ വാക്കുകളിൽ അമ്പലത്തിൽ വെച്ച് ഭദ്ര യേ കണ്ടതിലുള്ള സങ്കടം കൂടി കലർന്നതായി പവിക്ക് തോന്നി….

അവർക്ക് അയാളോടോരു പുച്ഛം തോന്നി…..

പരസ്പരം സ്നേഹമില്ലാതെ ഇനിയും നമ്മൾ മുന്പോട്ട് പോകണോ….
ഇവിടെ വെച്ചു നിർത്തുന്നതല്ലേ നല്ലത്…..

പവി വാക്കുകൾ ഇടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..

അതയാൾ ഒട്ടും പ്രതീക്ഷിച്ചിതല്ലാത്തത് കൊണ്ട് തന്നെ ഒരു ഞെട്ടലോടെ അയാൾ പവിക്ക് നേരെ തിരിഞ്ഞു…..

എന്താ നീ പറഞ്ഞതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അയാളുടെ വാക്കുകൾ പുറത്തേക്ക് വന്നില്ല……

അതറിഞ്ഞെന്ന വണ്ണം പവി തന്നെ സംസാരിച്ചു തുടങ്ങി….

എനിക്ക്… എനിക്ക് മടുത്തു പ്രഭേട്ടാ…
നിങ്ങൾക്കും ഞാനൊരു ബുദ്ധിമുട്ടാണ്…….

അവർ പറയാനൊന്നു വിറച്ചു…..

പ്രഭ കണ്ണിമ വെട്ടാതെ പവിയെ തന്നെ നോക്കി നിൽക്കുകയാണ്…..

ഇത് പറയാനുള്ള ധൈര്യം കിട്ടാൻ ഈ നാല്പതുക്കൾ വേണ്ടി വന്നു…..

പവി ഒന്ന് ചിരിച്ചു….

അതിലുള്ള നോവ് പ്രഭക്ക് വ്യക്തമായിരുന്നു….

ആരോടൊക്കെയോ ഉള്ള വൈരാഗ്യം അവൾക്ക് മേൽ തീർക്കുമ്പോഴും അവളെ കുറിച് ചിന്തിച്ചിട്ടില്ല…..

എന്നാൽ അവൾ ഇത്രയേറേ ധൈര്യത്തോടെ പിരിയാമെന്ന് പറയുമ്പോൾ ആദ്യമായി താനവളെ കുറിച് ചിന്തിക്കുന്നതായി പ്രഭക്ക് തോന്നി…

ഇവിടെ ഇപ്പൊ പറയേണ്ട….
സായു പോകുമ്പോൾ ഞാൻ അവന്റെ കൂടെ പോകും തൽകാലം…. അത് കഴിഞ്ഞാൽ പിന്നെ തറവാട്ടിലേക്കൊന്ന് തിരിച്ചു പോകണം…..

ആരും ഇല്ലെങ്കിലും അവിടെ എനിക്കും ഒരു വീടുണ്ട്….

അവിടെ ചെന്ന് പഴയ ആ പവിത്രയായി ജീവിക്കണം….

അവരത് പറയുമ്പോൾ ഓർമകളിലെന്ന പോലൊരു പുഞ്ചിരി അവരിൽ നിറഞ്ഞു നിന്നിരുന്നു…..

പ്രഭ ശെരിക്കും ഞെട്ടിപ്പോയിരുന്നു..

അവൾ എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് തന്റെ മുമ്പിൽ നിൽക്കുന്നതെന്ന് അയാൾക്കുറപ്പായിരുന്നു….

ആയിക്കോട്ടെ…. നിന്റെ ഇഷ്ടം……

അയാൾ അവൾക്ക് മുമ്പിൽ തോറ്റു കൊടുക്കില്ലെന്ന മട്ടിലത് പറയുമ്പോഴും വാക്കുകൾ ഇടറി പോയിരുന്നു….

പ്രഭേട്ടാ……

പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അയാൾ തിരിഞ്ഞു നടക്കുമ്പോഴാണ് പവി പിറകിൽ നിന്നും വിളിച്ചത്…

ഭദ്ര…….
അവൾ ഒറ്റക്കാണിപ്പോഴും അല്ലേ…….

പവിയത് ചോദിക്കുമ്പോഴും ഹൃദയം നീറി പുകയുന്നുണ്ടായിരുന്നു…..

പ്രഭ അതിന് മറുപടി യൊന്നും കൊടുക്കാതെ ഒരൊറ്റ പോക്കായിരുന്നു പുറത്തേക്ക്…..

ഹൃദയത്തിൽ നിറഞ്ഞ നീറ്റലോടെ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു പവി കട്ടിലേക്കിരുന്നു……..

(തുടരും)