17/04/2026

അതിസുന്ദരി : ഭാഗം 37

രചന – ആയിഷ അക്ബർ

സൂര്യാ…. നീ ഒരുങ്ങിയില്ലേ ഇത് വരെ…..

കോണിപ്പടികളിറങ്ങി താഴേക്ക് വരുമ്പോൾ മാറ്റിയൊരുങ്ങി നിൽക്കുന്ന മറ്റുള്ളവരെ നോക്കിയവൾ നിൽക്കുമ്പോഴാണ് മുത്തശ്ശിയത് ചോദിച്ചു വന്നത്…..

എവിടേക്ക് പോകാനാ മുത്തശ്ശി……

അപ്പൊ നിന്നോട് പറഞ്ഞിട്ടില്ലേ കുട്ടീ….
സ്നേഹ മോളേ പെണ്ണ് കാണാൻ ഇന്നൊരു കൂട്ടരു വരുന്നുണ്ടെന്ന് പറഞ്ഞ് രാജി വിളിച്ചിരുന്നു….

എല്ലാവരോടും ഉച്ചയാവുമ്പോഴക്കും അങ്ങോട്ട് ചെല്ലാൻ പറഞ്ഞിരുന്നല്ലോ….

കാശി പറഞില്ലെ…..

മുത്തശ്ശിയത് ചോദിക്കുമ്പോഴായിരുന്നു സൂര്യയത് അറിയുന്നത് തന്നെ …

ഇന്നലെ മുഴുവൻ തന്നോട് പിണക്കമായിരുന്നല്ലോ…
അത് കൊണ്ടാവും പറയാതെ പോയത്….

പറയാൻ മറന്ന് പോയതാവും മുത്തശ്ശി….

അവളത് പറയുമ്പോഴും ദേഷ്യം മുഖത് വരുത്തി തന്നെ ഇടം കണ്ണിട്ട് നോക്കുന്ന വീണയെയും ജാനകിയെയും ഒന്ന് നോക്കിയിരുന്നു…..

ഓ… എങ്കി സംസാരിച്ചു സമയം കളയാനില്ല കുട്ടീ… വേഗം പോയി ഒരുങ്ങി വരൂ…

മുത്തശ്ശി വെപ്രാളപ്പെട്ടത് പറയുമ്പോഴും സൂര്യക്ക് പോകാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല….

ഞാൻ… ഞാൻ വരുന്നില്ല മുത്തശ്ശി….
എനിക്ക് നല്ല സുഖം തോന്നുന്നില്ല…..

അവളത് പറഞ്ഞ ഉടനെ മുത്തശ്ശിയുടെ കൈ അവളുടേ കഴുത്തിലും നെറ്റിയിലും ഓടി നടന്നു….

എനിക്ക് വയറു വേദനയാണ് മുത്തശ്ശി… നിങ്ങള് പൊയ്ക്കോളൂ….ഇനിയും നിന്ന് സമയം കളയേണ്ട…..

അപ്പോൾ അങ്ങനെ പറയാനാണവൾക്ക് തോന്നിയത് …..

പിന്നേ അവർ നിർബന്ധിച്ചില്ല….

എങ്കി മോള് പോയി കിടന്നോളു…. ഞങ്ങൾ ഇറങ്ങായി….

അതും പറഞ്ഞ് മുത്തശ്ശി പോകുമ്പോൾ അവരെ പിന്തുടർന്ന് പോകുന്ന അപ്പച്ചിയുടെയും വീണയുടെയും കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നത് കണ്ടില്ലെന്ന് നടിച്ച് കൊണ്ട് അവൾ കോണിപ്പടികൾ കയറി….

ഇപ്പോൾ മനസ്സില് വല്ലാത്തൊരു കുളിരുണ്ട്
..
ഇനി അവിടെ പോയി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊരു കല്ല് കടിയായി കിടക്കും…

അത് കൊണ്ട് തന്നെയാണ് മുത്തശ്ശിയോട് കള്ളം പറഞ്ഞു പോകാതിരുന്നതും…..

അവൾ ജനലിനരികിലായി അങ്ങനെ നിന്നു…..

മനസ്സ് മുഴുവൻ അവൻ നിറഞ്ഞു നിന്നു…..

കുസൃതി നിറഞ്ഞ അവന്റെ മിഴികൾ അവളുടേ അദരങ്ങളിലൊരു പുഞ്ചിരി തെളിയിച്ചു…..

അപ്പോഴാണ് പരിചയമില്ലാത്തൊരു കാറ് ഗേറ്റ് കടന്ന് വരുന്നത് അവൾ കണ്ടത്…

പോർച്ചിലേക്ക് കയറ്റി നിർത്തിയ ശേഷം കാറിലുള്ളവർ ഇറങ്ങിയത് കൊണ്ട് തന്നെ ആരെന്ന് അവൾ കണ്ടിരുന്നില്ല….

അവൾ മുറി യിൽ നിന്നിറങ്ങി കോണിയിലേക്ക് നിന്നു…..

മുകളിൽ നിന്നാൽ താഴെയുള്ള ഹാള് മുഴുവൻ കാണുന്നത് കൊണ്ട് തന്നെ സോഫയിലേക്ക് വന്നിരുന്ന ആ രണ്ട് പേരെ സൂര്യക്ക് മുകളിൽ നിന്നും വ്യക്തമായി കാണുന്നുണ്ടായിരുന്നു….

അച്ഛനും കൂടെയൊരാളും ഇരിക്കുനത് അവൾ ശ്രദ്ധിച്ചു….

കൂടെ ഇരിക്കുന്നയാളെ അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….

മുൻപെങ്ങോ കണ്ട് പരിചയമുള്ളത് പോലെ….

ആ…. അന്ന് ഞങ്ങൾ പോയത് ഇയാളുടെ വീട്ടിലെ ഫങ്ക്ഷനായിരുന്നു…

കുര്യനങ്കിൾ….

അവൾ പേരും ഓർത്തെടുത്തു…..

അവരിവിടെ വന്നിരിക്കുന്നത് രമ ചേച്ചിയും ജയ ചേച്ചിയും അറിഞിട്ട് പോലുമുണ്ടാകില്ല….

ജോലികളൊക്കെ തീർത് അവർ വിശ്രമത്തിലായിരിക്കും….

അതോ ഇനി അവരുടെ വീട് വരെ പോയോ എന്നും അറിയില്ല….

വീട്ടിലും ആരും ഇല്ലാത്തത് കൊണ്ട് അവർക്ക് കുടിക്കാനെന്തെങ്കിലും കൊണ്ട് കൊടുക്കേണ്ടത് തന്റെ കടമയല്ലേ….

അവൾ താഴേക്ക് പോകാനോരുങ്ങുമ്പോഴാണ് ശങ്കരനെ ഒന്ന് ശ്രദ്ധിച്ചത്….

അയാളുടെ മുഖത് ഇത് വരെ താൻ കാണാത്തൊരു ഭാവം….

അവൾ ഒന്ന് കൂടി അവരെ സൂക്ഷിച്ചു നോക്കി…..

എപ്പോഴും സൗമ്യമായി കാണുന്ന ഒരാളാണ് അച്ഛൻ….

ഇവിടെ വന്നതിൽ പിന്നേ ഒരു നോക്ക് കൊണ്ട് പോലും തന്നെ വേദനിപ്പിക്കാത്ത ഒരേയൊരാൾ….

എന്നാൽ ഇന്നാ മുഖത് കാണുന്ന ഭാവപ്പകർച്ച തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല….

അത്രയേറെ ദേഷ്യം കൊണ്ടാ മുഖം വലിഞ്ഞു മുറുകിയിരുന്നു…..

അവർ തന്നെ കണ്ടിട്ടില്ലെന്നത് ഉറപ്പാണ്…

അവരുടെ സംസാരങ്ങൾക്ക് അവളൊന്ന് കാതോർത്തു….

ഇനിയും നീ കാത്തിരിക്കുന്നതെന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഗോപി….

അച്ഛനോട് കുര്യനങ്കിൾ അത് ചോദിക്കുമ്പോൾ ആ മുഖത് വിരിഞ്ഞ ചിരി അവളിലൊരു അലോസരം സൃഷ്ടിച്ചു….

സമയം വരട്ടെ കുര്യാ..
ഇത് വരെ ചെയ്തതിൽ നിന്നൊക്കെ അവൻ വഴുതി പ്പോയി……

അടിക്കിടെ ആക്‌സിഡന്റ് ഉണ്ടായാൽ ആർക്കായാലും സംശയം തോന്നില്ലേ…
ഞാൻ അവന്റെ സ്നേഹ നിധിയായ അച്ഛനല്ലേ….

അതും പറഞ്ഞു കൊണ്ടയാൾ പൊട്ടി ചിരിക്കുമ്പോൾ തലക്കൊരു അടി കിട്ടിയത് പോലെ തോന്നിയിരുന്നു സൂര്യക്ക്….

താൻ കേട്ട വാക്കുകളെ മനസ്സ് വ്യാഖ്യാനിക്കുന്നത് സത്യമാകരുതേ എന്നവളൊരു നിമിഷം പ്രാർത്ഥിച്ചു…..

അയാളുടെ ചിരി അവൾകസഹനീയമായി തോന്നി…..

ഇതാദ്യമേ ചെയ്യേണ്ടതയായിരുന്നു…
അവനെ കയ്യിൽ കിട്ടിയപ്പോൾ തന്നെ….

എങ്കിൽ പിന്നേ ഇത്രയൊന്നും ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നോ….

അതേ ചിരി മുഖത് നിറച്ചു കൊണ്ട്
കുര്യനത് ചോദിക്കുമ്പോൾ ഒരു കുറുക്കന്റെ കൗശലം ശങ്കരന്റെ മുഖത് പരന്നിരുന്നു….

അവന്റെ അച്ഛൻ രാമ നാഥന്റെ സെക്രട്ടറിയായി കാശി ഗ്രൂപ് ഓഫ് കമ്പനിസിൽ ഞാൻ ജോലിക്ക് നിൽക്കുന്ന സമയത്ത് തന്നെ അവന്റെ സ്വത്തുക്കൾ എന്നെ മോഹിപ്പിച്ചിരുന്നു….

എന്നാൽ അതൊരിക്കലും സ്വന്തമാകില്ലെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്ന സമയത്താണ് അവനും ഭാര്യയും മരിക്കുന്നത്……

ഉറ്റവരോ ഉടയവരോ ഇല്ലാത്തത് കൊണ്ടന്നാ സ്വത്തിന്റെ ഒരേയൊരു അവകാശിയായ അവന്റെ മകൻ കാശി നാഥനെ അനാഥാലയം ഏറ്റെടുത്തു….

അവന്റെ സ്വത്തുക്കൾ കണ്ട് തന്നെയാണ് അവനെ അവിടെ നിന്നും ഞാൻ ദത്തെടുത്തത്….

എന്നാൽ അവനെ തന്നുവെങ്കിലും സ്വത്തുക്കൾ അവന്റെ പേരിലാണെന്ന രേഖ മാത്രം ആ പള്ളീലച്ഛൻ തന്നില്ല….

അവൻ വലുതാകുന്നത് വരെ അതെല്ലാം നോക്കി നടത്താനുള്ള അനുവാദം മാത്രമായിരുന്നു തനിക്കുള്ളത്…

അന്നവനെ ഇല്ലാതാക്കിയാൽ എനിക്ക് പ്രത്യേകിച്ചൊരു ലാഭവുമുണ്ടാവില്ലായിരുന്നു…..
ഞാൻ ജയിലിൽ പോകുകയും ചെയ്യും സ്വത്തുക്കൾ അനാഥാലയത്തിലേക്ക് ചേരുകയും ചെയ്യും…..

അത് കൊണ്ട് തന്നെയാണ് ഞാൻ കാത്തിരുന്നത്….

അവനെ ഞാൻ തന്നെ കൊല്ലേണ്ടത് കൊണ്ട് എന്റെ മോനേക്കാൾ ഞാനവനെ സ്നേഹിച്ചു വളർത്തി….
പിന്നീടാരും സംശയിക്കരുതല്ലോ……

ഈ കാണുന്ന സ്വത്തുക്കൾ മുഴുവൻ അവന്റെയാണെന്ന് അവനിത് വരെ അറിയില്ലതാനും….

അവന്റെ സ്വത്തിന്റെ രേഖകളൊക്കെ ആ അനാഥലയത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്….

അവൻ ചെന്നാവശ്യപ്പെടുന്ന പക്ഷം അവനത് കിട്ടും…..
അത് കൊണ്ട് തന്നെയാണ് ഈ സ്വത്തുക്കളിലൊന്നും അവനൊരു അവകാശവുമില്ലെന്ന് എന്റെ ഭാര്യയെ പോലും വിശ്വസിപ്പിച്ചത്…..

അവളത് അവനെ അടിക്കടി ഓർമിപ്പിക്കുന്നത് കൊണ്ട് തന്നെ എന്റെ കാര്യങ്ങൾ ഞാൻ വിചാരിച്ച രീതിയിൽ തന്നെ മുന്പോട്ട് പോയി….

മാത്രവുമല്ല…..
അവന് ബിസ്സിനെസ്സിൽ അവന്റെ തന്തേടെ തലയാ..

അത് കൊണ്ട് തന്നെയല്ലെടോ അവനെ വെച്ച് ഞാൻ ബിസ്സിനെസ്സ് മാൻ ഓഫ് ത ഇയർ ആയി നിൽക്കുന്നത്……

അതും പറഞ് കൊണ്ട് അയാൾ ഒന്നു കൂടി ഉറക്കെ ചിരിച്ചു….

ഒഹ്…. നിന്റെ ബുദ്ധി സമ്മതിക്കണം…

അതും പറഞ് കുര്യനും ആ ചിരിയിൽ പങ്കു ചേർന്നു….

കേട്ട കാര്യങ്ങൾ മനസ്സിന് താങ്ങാൻ കഴിയില്ലെന്നത് കൊണ്ടാവും സൂര്യക്ക് തല ചുറ്റും പോലെ തോന്നിയത്…..

ഇനിയെന്താ നിന്റെ പ്ലാൻ….

കുര്യന്നത് ചോദിക്കുമ്പോൾ ശങ്കരൻ ആലോചിക്കുകയായിരുന്നു…..

ഇനി ഇപ്പൊ അടുത്തൊരു നീക്കം സാധ്യമല്ല….
ഇപ്പൊ ഒരു ആക്‌സിഡന്റ് ആയത് കൊണ്ട് സംശയം വരും…..
ഞാൻ പിടിക്കപ്പെടും….
ഇത്ര കാലം സ്വന്തമാക്കാൻ മോഹിച്ചതൊക്കെ കാൽ കീഴിൽ നിന്ന് ഒലിച്ചു പോകും….
അത് കൊണ്ട് കുറച്ച് കാത്തിരുന്നേ മതിയാവു…

ഉറച്ചൊരു ശബ്ദത്തോടെ അത് പറഞ്ഞ് നിർത്തുമ്പോൾ ശങ്കരന്റെ മുഖത് ഇത് വരെ കാണാത്തൊരു ഭാവമായി അവൾക്ക് തോന്നി…..

അപ്പൊ അവൻ കല്യാണം കഴിച്ച ആ പെൺ കൊച്ചോടാ….
ഇനി അവനൊരു കുഞ്ഞുണ്ടാകുന്നതിനു മുൻപ് വേണം എല്ലാം….

കുര്യൻ ഉപദേശ സ്വരത്തിലത് പറയുമ്പോൾ ശെരിയെന്ന വണ്ണം അയാളോന്ന് തല കുലുക്കി……

അതൊക്കെ മുമ്പിൽ കണ്ട് തന്നെയാ ഞാൻ ഉൾഗ്രാമത്തിൽ നിന്നൊരു പെങ്കൊച്ചിനെ തന്നെ അവന് വേണ്ടി ആലോചിച്ചത്….

അധികം വിവരവും വിദ്യാഭ്യാസവുമൊന്നും ഇല്ലെങ്കിൽ കേസിനും കൂട്ടത്തിനുമൊന്നും നടക്കില്ലല്ലോ….

മാത്രമല്ല…. അവനവളോട് അത്ര വല്യ അടുപ്പമൊന്നുമില്ല താനും…..
ആ ഒരു ആശ്വാസത്തിലായിരുന്നു ഞാനും ഇത്ര നാൾ….
എന്നാൽ ഈയിടെയായി അവനവളോടൊരു സ്നേഹക്കൂടുതലുണ്ടോയെന്നും എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്…..
എന്തായാലും ഇപ്പോൾ കുറച് കാത്തിരുന്നേ മതിയാവു …..
വേറെ നിവൃത്തിയില്ല…..

അതും പറഞ് കൊണ്ടയാൾ സോഫയിലേക്ക് ചാരിയിരുന്നു…..

സൂര്യക്ക് ശ്വാസം തൊണ്ടയിൽ വിലങ്ങി നിൽക്കുന്നത് പോലെ തോന്നി…..

അവനങ്ങേയറ്റം സ്നേഹിക്കുന്ന അച്ഛൻ തന്നെയാണോ ഇത് …..

അവളുടേ കണ്ണുകൾ അവനെയോർത് നിറഞ്ഞു വന്നു……

അപ്പോഴേക്കും കാളിങ് ബെൽ അടിക്കുന്നത് കേട്ടിരുന്നു…..

അച്ഛമ്മയും ജാനകിയും വീണയും തിരിച്ചു വന്നിരുന്നു …

പെട്ടെന്നു തന്നെ അയാൾ മുഖത് പതിവ് സൗമ്യത എടുത്തണിഞ്ഞു…..

സൂര്യയ്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..

അയാളെ കൈ വെള്ളയിലിട്ട് ഞെരിക്കാൻ തോന്നി…..

എത്ര മനോഹരമായാണ് അയാൾ എല്ലാവരെയും കബളിപ്പിക്കുന്നതെന്ന് അവളോർത്തു…….

ഇത്ര പെട്ടെന്ന് കഴിഞ്ഞോ പരിപാടികളൊക്കെ…..

അയാൾ പുഞ്ചിരിയോടെ ചോദിച്ചു….

മ്മ്…. കഴിഞ്ഞു…. നീ വരാത്തത്തിൽ രാജിക്ക് നല്ല പരിഭവമുണ്ട്……

തിരക്കായിരുന്നത് കൊണ്ടാണെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നല്ലോ അമ്മേ …

മ്മ്മ്…. ഏതായാലും നീ അവിടം വരെ ഒന്ന് പൊയ്ക്കോളൂ..

അവരുടെ സംസാരം അങ്ങനെ നീളുന്നിടക്കാണ് ശങ്കരൻ അവരിൽ സൂര്യ ഇല്ലാത്തത് ശ്രദ്ധിക്കുന്നത്…..

അല്ലമ്മേ…. സൂര്യ എവിടെ…..

അവൾക്ക് സുഖമില്ലെന്ന് പറഞ് ഞങ്ങളോടൊപ്പം വന്നിട്ടില്ലെടാ… അവൾ മുറിയിൽ കിടക്കാവും……

മുത്തശ്ശിയത് പറഞ്ഞതും ശങ്കരന്റെ മുഖത്തൊരു ഭയം പടരുന്നത് അവൾ കണ്ടിരുന്നു…..

അയാളുടെ കണ്ണുകൾ പെട്ടെന്ന് മുകളിലേക്കാണ് തിരിഞ്ഞത്…..

അയാൾ കാണാതെ ഇരിക്കാൻ തന്നെ അവൾ പെട്ടെന്ന് തന്നെ മറവിലേക്ക് നീങ്ങി നിന്നിരുന്നു…..

അയാളുടെ മുഖത്തെ ഭയം തേല്ലോന്നടങ്ങി….

ആരും ഇവിടെ ഇല്ലെന്നുള്ള ധൈര്യത്തിലാണ് താൻ സംസാരിച്ചത്…

എന്നാൽ അവൾ താൻ പറഞ്ഞതൊക്കെ കേട്ട് കാണുമോയെന്നൊരു സംശയം അയാളിൽ ഉണ്ടായിരുന്നു……

സൂര്യയുടെ ഹൃദയമിടിപ്പിന്റെ വേഗത അപ്പോഴും കുറഞ്ഞിട്ടില്ലായിരുന്നു…..

(തുടരും)