രചന – കണ്ണന്റെ മാത്രം
അഭിനന്ദ് എന്താ ഇവിടെ.. അങ്ങോട്ട് വന്ന രണ്ടുപേരിൽ ഒരാൾ ചോദിച്ചു..
എന്ത് ചോദ്യം ആണ് രാജീവേട്ടാ ഈ ചോദിക്കുന്നത്. ഓട്ടോക്കാർ ഓട്ടം വന്നതാവും. കണ്ടില്ലേ യൂണിഫോമിൽ തന്നേ അല്ലേ ഇപ്പോഴും…. അതിലെ പെണ്ണ് പുച്ഛത്തോടെ പറഞ്ഞു…
പിയ ഒരിഷ്ടക്കേടോടെ അവരെ നോക്കി. കണ്ടാലേ അറിയാം ആ പെണ്ണ് പൊങ്ങച്ചക്കാരി ആണെന്ന്. അവൾ അഭിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവന്റെ മുഖത്തെ വിഷമം കാട്ടികൊടുക്കുന്നുണ്ട് ഈ വന്നവർ അവന് വേണ്ടപ്പെട്ട ആരോ ആണെന്ന്…
അല്ല നന്ദിനി ഞാൻ കരുതി വീട്ടുകാരുടെ കൂടെ വല്ലതും വന്നതാവും എന്ന്… രാജീവൻ പറഞ്ഞു.
അതിനൊക്കെ എവിടെയാ ഏട്ടാ നേരം.. ഇതിങ്ങനെ ഓടി കിട്ടിയ കാശ് കൊണ്ട് വേണ്ടേ അവർക്ക് ജീവിക്കാൻ.. എന്തൊക്കെയായിരുന്നു LLB പഠിച്ചിറങ്ങുന്നു.. അറിയപ്പെടുന്ന വകീൽ ആവുന്നു.. ജഡ്ജി ആവുന്നു.. എന്നിട്ട് ഇപ്പൊ കണ്ടില്ലേ ഒരു ഓട്ടോക്കാരൻ ആയി നിൽക്കുന്നത്… നന്ദിനി പുച്ഛത്തോടെ പറഞ്ഞു…
തനിക്ക് LLB കംപ്ലീറ്റ് ചെയ്യാമായിരുന്നു എന്നാൽ ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു.. ഞാൻ ഞങ്ങളുടെ കമ്പനിയിൽ എന്തേലും ഒഴിവുണ്ടോ എന്ന് നോക്കണോ.. തനിക്ക് പുറത്തേക്ക് വരാൻ താൽപ്പര്യം ഉണ്ടോ… രാജീവൻ ആത്മാർത്ഥതയോടെ ചോദിച്ചു..
രാജീവേട്ടാ.. എന്തിനാ വേണ്ടാ……
വേണ്ട.. രാജീവൻ ഇവിടെ അമ്മയും അനിയത്തിയും ഒറ്റക്കല്ലേ ഉള്ളൂ. ഗൾഫിലേക്ക് ഒന്നും ഞാൻ ഇല്ല. എന്തായാലും ചോദിക്കാൻ തോന്നിയല്ലോ ഒരുപാട് നന്ദി.. അല്ല താൻ എന്ന വന്നത്… നന്ദിനിയെ പറയാൻ സമ്മതിക്കാതെ അഭി പറഞ്ഞു..
ഞാൻ രണ്ടുദിവസം ആയെടോ വന്നിട്ട്. ഇവൾക്ക് ഒരേ നിർബന്ധം ഈ മേള കാണണം എന്ന്. അപ്പൊ കൊണ്ട് വന്നതാണ്…
ഈ സമയം പിയ നന്ദിനിയെ തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു. അവളുടെ കണ്ണിൽ അഭിയെ നോക്കുമ്പോൾ തെളിയുന്ന അവജ്ഞയും പുച്ഛവും അവളെ ദേഷ്യം പിടിപ്പിച്ചു. എന്തൊക്കെ ആയാലും നന്ദൻ ജോലി ചെയ്തല്ലേ ജീവിക്കുന്നത് കട്ടിട്ടും കൊന്നിട്ടും ഒന്നുമല്ലല്ലോ..പിന്നെ ഇത്ര പുച്ഛത്തിന്റെ ആവശ്യം എന്താ… പിയ ഇഷ്ടക്കേടോടെ ആലോചിച്ചു.. രാജീവന്റെ ശബ്ദം കേട്ട അവൾ അയാളെ നോക്കി..
അല്ല ഇതാരാ.. കൂടെ.. അയാൾ ചോദിച്ചു..
ഇവരെയും കൊണ്ട് ഓട്ടം വന്നതാവും ഇയാൾ… അല്ലേ.. രാജീവന്റെ ചോദ്യത്തിന് അഭി മറുപടി പറയുന്നതിന് മുൻപ് നന്ദിനി പറഞ്ഞു…
നന്ദൻ ആരാ ഈ സ്ത്രീ.. കുറേ നേരം ആയല്ലോ ഇവർ നിന്നെ പുച്ഛിക്കുന്നു… പിയ അധികാരത്തോടെ അഭിയുടെ കൈയിൽ പിടിച്ചുകൊണ്ടു ചോദിച്ചു..
പിയയുടെ അധികാരത്തോടെ ഉള്ള സംസാരവും തന്റെ കൈയിൽ കയറിയുള്ള പിടിത്തവും അഭിയെ ഞെട്ടിച്ചു. അവൻ നോക്കുമ്പോൾ അതിലും ഞെട്ടലിൽ കണ്ണും തള്ളി നിൽക്കുന്നുണ്ട് നന്ദിനി. അവന് അത് കണ്ടപ്പോൾ ചെറുതായി ഒരു സന്തോഷം തോന്നി…
പറ നന്ദൻ ആരാ ഇവര്…
ഓഹ് പരിചയപ്പെടുത്താൻ മറന്നു. ഇത് എന്റെ അമ്മാവന്റെ മകൾ ആണ് നന്ദിനി ഭർത്താവ് രാജീവൻ..
അഭി അവരെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു.
രാജീവൻ പിയയെ നോക്കി ചിരിച്ചു. പിയയും നല്ലൊരു ചിരി തിരിച്ചുകൊടുത്തു. പിയ നന്ദിനിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ഇപ്പോഴും താൻ പിടിച്ചിട്ടുള്ള അഭിയുടെ കൈയിൽ ആണ്. അവളുടെ മുഖം ആകെ കുശുമ്പ് നിറഞ്ഞിരുന്നു. പിയക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.
അല്ല ഇതാരാണ് എന്ന് പറഞ്ഞില്ലല്ലോ അഭിനന്ദ്.. രാജീവൻ ചോദിച്ചു..
അത്.. പിന്നെ… ഇയാൾക്ക് ഞാ….
എന്തിനാ നന്ദാ ഇത്ര ചമ്മൽ.. ഇവന് ഇപ്പോഴും നാണം ആണ് ഇത് പറയാൻ… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് ചേട്ടാ.. എന്റെ നിർബന്ധത്തിന് എക്സിബിഷൻ കാണാൻ വന്നതാണ്… പിയ പറഞ്ഞു നിർത്തി അഭിയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി. അവന്റെ മിഴിഞ്ഞ കണ്ണുകളും ഞെട്ടി തുറന്നു നിൽക്കുന്ന വായയും കണ്ടപ്പോൾ പിയക്ക് ചിരി പൊട്ടി. ദൈവമേ ഇങ്ങേരുടെ കണ്ണ് ഇപ്പൊ താഴെ വീഴുമോ… അവൾക്ക് ശെരിക്കും പൊട്ടിച്ചിരിക്കാൻ തോന്നി അവന്റെ എക്സ്പ്രഷൻ കണ്ടിട്ട്. പക്ഷേ ഇപ്പൊ ചിരിച്ചാൽ ശരിയാവില്ല എന്നറിവുന്നത് കൊണ്ട് അവൾ വേഗം നോട്ടം അവനിൽ നിന്ന് മാറ്റി നന്ദിനിയെ നോക്കി..
നന്ദിനിക്ക് കേട്ട കാര്യം വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല. അവൾ പിയയെ നന്നായി നോക്കി. അവളുടെ ഡ്രെസ്സിങ്ങും ലുക്കും ഒക്കെ കണ്ടാൽ തന്നെ അറിയാം ഏതോ വലിയ വീട്ടിലെ കുട്ടി ആണെന്ന്. അവളുടെ ഉള്ളിൽ അസൂയയും കുശുമ്പും നിറഞ്ഞു..
അവൾ ദേഷ്യത്തോടെ അഭിയെ നോക്കി… കാര്യം പിയ പറഞ്ഞതുകേട്ട് ഞെട്ടി നിൽപ്പായിരുന്നു അഭിയെങ്കിലും നന്ദിനിയുടെ ദേഷ്യവും അസൂയയും നിറഞ്ഞിട്ടുള്ള നോട്ടം കണ്ടപ്പോൾ അവൻ നല്ല അസ്സലൊരു ചിരി പാസാക്കി അവളെ നോക്കിയിട്ട്.
അതുംകൂടി കണ്ടതും നന്ദിനി ദേഷ്യത്തോടെ ചവിട്ടിതുള്ളി പോയി. പിന്നാലെ അഭിക്ക് ഒന്ന് കൈകൊടുത്തുകൊണ്ട് രാജീവും പോയി..
അവർ പോയതും പിയയോട് എന്തോ ചോദിക്കാനായി തിരിഞ്ഞ അഭി കാണുന്നത് കണ്ണും തള്ളി അവരെ നോക്കി നിൽക്കുന്ന നവിയെ ആണ്..
സാറെന്താ ഇവിടെ… അഭി ചോദിച്ചു..
അപ്പോഴാണ് പിയ നവിയെ കാണുന്നത്. അവന്റെ മിഴിഞ്ഞ കണ്ണുകൾ കാട്ടികൊടുക്കുന്നുണ്ടായിരുന്നു അവിടെ അവൾ പറഞ്ഞത് മുഴുവൻ അവൻ കേട്ടെന്ന്.. അവൾ നാക്ക് കടിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു…
അത്.. ഞാൻ.. നവിക്ക് കേട്ട ന്യൂസിന്റെ ഹാങ്ങോവറിൽ കുറച്ചുനേരത്തേക്ക് അവനോട് എന്താ പറയേണ്ടത് എന്ന് അറിയാതെ നിന്നു…
ഞാൻ ദേ ഇവളെ കാണാതെ നോക്കാൻ വന്നതാണ്.. അല്ല താൻ എന്താ ഇവിടെ.. തനിക്ക് എങ്ങനെയാ ഇവളെ പരിചയം.. നവി അവരെ സംശയത്തോടെ നോക്കികൊണ്ട് പറഞ്ഞു..
ഇത് സാറിന്റെ…. അഭി സംശയത്തോടെ നിന്നു.
എന്റെ പെങ്ങൾ ആണ്.. അമ്മാവന്റെ മോള്.. നിങ്ങൾ എങ്ങനെയാ പരിചയം..
അതോടെ അഭി അന്ന് എങ്ങനെയാ അവർ പരിചയപ്പെട്ടതെന്ന് പറഞ്ഞു..
പിയ അടിയുണ്ടാക്കിയത് പറഞ്ഞതും നവി പിയയെ ഒന്ന് നന്നായി നോക്കി. അവൾ അവനെ നോക്കി ഇളിച്ചുകാട്ടി… അവൻ അവളെ നോക്കി പുച്ഛിച്ചു..
അല്ല നിങ്ങൾ തമ്മിൽ എങ്ങനെ ആണ് പരിചയം… പിയ അവരെ രണ്ടാളെയും നോക്കികൊണ്ട് ചോദിച്ചു..
ഇയാള് നമ്മുടെ കമ്പനിയിൽ ആണ് പിയ വർക്ക് ചെയ്യുന്നത്. കൺസ്ട്രക്ഷൻ സൂപ്പർവൈസർ ആയിട്ട്..
അപ്പൊ താൻ ഓട്ടോ ഓടിക്കുന്നതോ… അവൾ അഭിയെ നോക്കികൊണ്ട് ചോദിച്ചു..
അത് ഞാൻ കമ്പനിയിലെ സമയം കഴിഞ്ഞിട്ടുള്ള സമയത്ത് ആണ് ഓടിക്കുന്നത്.. അഭി അവരോട് മറുപടി പറയുന്ന നേരത്താണ് അവന്റെ ഫോൺ ബെല്ലടിക്കുന്നത്.. അവൻ നോക്കിയപ്പോൾ ആമിയാണ്. അവൻ ആ കാൾ കട്ട് ചെയ്തുകൊണ്ട് അവരോട് പറഞ്ഞു.. എന്നാൽ ഞാൻ അങ്ങോട്ട് പൊക്കോട്ടെ.. പെങ്ങൾ വിളിക്കുന്നുണ്ട്…
ശരിയെടോ… നവി അവനോട് പറഞ്ഞു..
അഭി പോകാനായി തിരിഞ്ഞു. പിന്നെ പിയയെ നോക്കികൊണ്ട് പറഞ്ഞു.. Thank you… പിന്നെ പെട്ടന്ന് തന്നെ അവിടെ നിന്ന് പോയി…
എന്തിനാ പിയ നീ ഇത്തിരി നേരത്തെ ആ പെണ്ണിനോടും അയാളോടും നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞത്… നവി ഗൗരവത്തോടെ ചോദിച്ചു.
അതോടെ പിയ അഭിയെ അവിടെ വച്ച് കണ്ടതും അവർ രണ്ടാളും സംസാരിക്കാൻ വന്നതും ആ പെണ്ണ് അഭിയെ വല്ലാതെ പരിഹസിച്ചതും ഒക്കെ പറഞ്ഞു. അപ്പൊ എനിക്ക് ഒരു കുസൃതി തോന്നി ഞാൻ പറഞ്ഞതാണ് അങ്ങനെ. പക്ഷേ അത് ശരിക്ക് കൊള്ളേണ്ടിടത് കൊണ്ടു എന്ന് തോന്നുന്നു. എന്നെ ദേഷ്യത്തിലും അസൂയയിലും നോക്കിയിട്ട് ആണ് ആ പെണ്ണുമ്പിള്ള പോയത്.. പിയ ഒരു കുസൃതി ചിരിയോടെ പറഞ്ഞു..
എന്റെ കുരുത്തംകെട്ടതെ…. ഒരാളെയും വെറുതെ വിടരുത് കേട്ടോ നീ.. നവി തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു..
അതിന് അവൾ അവനെ നോക്കി ഇളിച്ചുകാട്ടി..
അല്ലേട്ടാ.. നമ്മുടെ കമ്പനിയിൽ അത്യാവശ്യം ശമ്പളം ഇല്ലേ. പിന്നെ എന്തിനാ നന്ദൻ ഇത്ര കഷ്ടപ്പെടുന്നത്…
നന്ദനോ.. അതാരാ.. നവിക്ക് സത്യത്തിൽ പെട്ടന്ന് മനസിലായില്ല അവൾ ആരെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന്..
ഓഹ്.. അഭിനന്ദ്.. അയാളുടെ കാര്യം ആണ്.. അവൾ ദേഷ്യത്തോടെ പറഞ്ഞു..
ആ അഭി.. അങ്ങനെ പറ.. അയാളെ അഭി എന്നാ എല്ലാവരും വിളിക്കുന്നത്. അതാണ് നന്ദൻ എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസിലാവാതെ ഇരുന്നത്.. സത്യത്തിൽ കഷ്ടം ആണ് അയാളുടെ അവസ്ഥ LLB കഴിഞ്ഞ ആളാണ് അത്. എന്നിട്ടോ ചെയ്യുന്നത് കൺസ്ട്രക്ഷൻ പണിയും ഓട്ടോ ഓടിക്കലും.. നവി വിഷമത്തോടെ പറഞ്ഞു..
LLB കഴിഞ്ഞതോ.. എന്നിട്ട് എന്താ ഇങ്ങനെ.. പിയ അതിശയത്തോടെ ചോദിച്ചു..
അതോടെ നവി വിച്ചു പറഞ്ഞ് അറിഞ്ഞത് മുഴുവൻ പറഞ്ഞു..
പാവം അല്ലേ.. ഇത്രേം ആഗ്രഹിച്ച് പഠിച്ചിട്ടും പഠിച്ച പണി ചെയ്യാൻ കഴിയുന്നില്ലല്ലോ.. പക്ഷേ എനിക്ക് അയാളോട് ബഹുമാനം തോന്നുന്നു. ഇന്നത്തെ കാലത്ത് പഠിപ്പ് കുറഞ്ഞവർ വരെ വൈറ്റ് കോളർ ജോബ് തപ്പി പോകുമ്പോൾ ഇത്രേം പഠിച്ചിട്ടും ഒരു മടിയും ഇല്ലാതെ ഇയാൾ ഈ ജോലി ഒക്കെ ചെയ്യുന്നുണ്ടല്ലോ.. ഓരോ ജോലിക്കും അതിന്റെതായ ഇമ്പോർട്ടൻസ് ഉണ്ടെന്ന് കരുതുന്നുണ്ടല്ലോ.. He’s a great man.. പിയ ആത്മാർത്ഥതയോടെ പറഞ്ഞു..
മ്മ്… നീ വായോ.. ദേ അങ്കിൾ ഒക്കെ അവിടെ നിന്നെ വെയിറ്റ് ചെയ്യത് നിൽക്കുന്നുണ്ട്…
ആ വായോ.. വായോ.. വേഗം പോകാം… ഇല്ലെങ്കിൽ പിന്നെ അച്ഛൻ തിരിച്ച് പോകാം എന്നും പറഞ്ഞ് അലമ്പ് ഉണ്ടാക്കും. അല്ലെങ്കിലേ അധികം താൽപ്പര്യം ഇല്ലാതെ ആണ് വന്നത്..
മ്മ്മ്…. നവിയും ഒന്ന് മൂളിക്കൊണ്ട് അവളുടെ ഒപ്പം പോയി..
……………….
രണ്ട് ദിവസം കൂടി കഴിഞ്ഞു. നാളെ ആണ് കോവിലകം കൺസ്ട്രക്ഷൻസിൽ പ്രൊജക്റ്റ് കംപ്ലീഷൻ പാർട്ടി വച്ചിട്ടുള്ളത്. എല്ലാവരും അതിന്റെ തിരക്കിൽ ആണ്… അവരുടെ ഹോട്ടലിന്റെ കോൺഫറൻസ് ഹാളിൽ ആണ് പാർട്ടി അറേഞ്ച് ചെയ്തിരിക്കുന്നത്. വിഷ്ണുവിനെ നവി പ്രത്യേകം വിളിച്ചിരുന്നു. അഭിക്ക് പിന്നെ ആൾറെഡി ക്ഷണം ഉണ്ട്. അവൻ ആ ഫേമിന്റെ ഭാഗം ആണല്ലോ..
അന്ന് വൈകീട്ട് അഭി ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ അവിടെ വിച്ചു അവനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
എന്താടാ നീ ഇവിടെ.. വിച്ചുവിനെ അവിടെ കണ്ടതും അഭി ചോദിച്ചു..
നാളെ പാർട്ടി ഉള്ളതല്ലേ.. നീ വായോ നമുക്ക് ഓരോ ജോഡി ഡ്രസ്സ് എടുക്കാം… വിച്ചു പറഞ്ഞു..
ഏയ്യ് അതിന്റെ ആവശ്യം ഒന്നുമില്ല നാളെ പാർട്ടിക്ക് വരണ്ട എന്നാ ഞാൻ വിചാരിക്കുന്നത്. നാളെ ശനിയാഴ്ച അല്ലേ നന്നായി ഓട്ടം കിട്ടും വൈകുന്നേരം ഒക്കെ. അപ്പൊ പാർട്ടിക്ക് വന്നാൽ അതൊക്കെ പോവില്ലേ.. അഭി പറഞ്ഞു..
ദേ അഭി.. നീ എന്നെ വെറുതെ പ്രാന്തുകേറ്റല്ലേ.. ഫുൾ ടൈം ജോലി കാശ് എന്നും പറഞ്ഞ് ബാക്കി ഉള്ളവർക്ക് വേണ്ടി ജീവിക്കാതെ ഇടക്ക് ഒക്കെ നീ നിനക്കായും ഒന്ന് ജീവിക്ക്..
ഡാ.. വിച്ചു അതിന് ഞാൻ…
നീ ഒന്നും പറയണ്ട. നീ നാളെ പാർട്ടിക്ക് വരും. നമ്മൾ ഒരുമിച്ചാണ് വരാൻ പോകുന്നത്. അതിൽ നീ എന്തെങ്കിലും തടസ്സം പറയാൻ ആണ് ഭാവമെങ്കിൽ പിന്നെ നീ വിച്ചു എന്നും വിളിച്ച് എന്റെ അടുത്തേക്ക് വരണ്ട… അഭിയെ പറഞ്ഞ് മുഴുവൻ ആക്കാൻ സമ്മതിക്കാതെ വിച്ചു പറഞ്ഞു..
അഭിക്ക് വിച്ചുവിന്റെ പറച്ചിലും പിണങ്ങിയുള്ള നിൽപ്പും കണ്ടപ്പോൾ കുഞ്ഞിലേ ഉള്ള വിച്ചുവിനെ ആണ് ഓർമ വന്നത്. അവൻ ചെറുപ്പത്തിൽ ഇങ്ങനെ ആയിരുന്നു. ഒന്ന് പറഞ്ഞ് രണ്ടിന് പിണങ്ങുമായിരുന്നു..
ഞാൻ വരാം. നാളെ പാർട്ടിക്കും വരാം ഇപ്പൊ ഡ്രസ്സ് എടുക്കാനും വരാം.. നീ ഇങ്ങനെ പിണങ്ങല്ലേ.. അഭി ഒരു ചിരിയോടെ പറഞ്ഞു..
ആ അങ്ങനെ വഴിക്ക് വാ മോനെ അഭികുട്ടാ… വിച്ചു ചിരിയോടെ പറഞ്ഞു..
എന്നാലും എന്റെ വിച്ചു നിനക്ക് നാണമില്ലേ ഇത്രയും മുതുക്കൻ ആയിട്ടും ഇങ്ങനെ പിണങ്ങി നിൽക്കാൻ… അയ്യേ…
ഇല്ല.. ഒട്ടും നാണമില്ല.. നിന്റെ അടുത്തല്ലേ.. ഞാൻ എന്തിനാ നാണിക്കുന്നെ.. വിച്ചു ഒരു ഇളിയോടെ പറഞ്ഞു..
ഓഹ്.. ഇങ്ങനെ ഒരു സാധനം.. നടക്കങ്ങോട്ട്.. അഭി വിച്ചുവിനെയും ഉന്തിക്കൊണ്ട് പോയി..
തുടരും …

by