The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ജിഫ്ന നിസാർ
ജോണിനോട് എന്ത് ചോദിക്കും എന്നറിയാതെ കണ്ണൻ വലഞ്ഞു.
“റിമിക്ക്…”
ഒടുവിൽ ധൈര്യം സംഭരിച്ച് കൊണ്ടവൻ ചോദിച്ചു തുടങ്ങി.
“കണ്ണ് തുറന്നു.. ഇനി പേടിക്കാനൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു ”
ശാന്തമായി ജോൺ പറയുമ്പോൾ കണ്ണന് അത്ഭുതമാണ് തോന്നിയത്.
പരിസരമോ സിറ്റുവേഷനോ നോക്കാതെ പൊട്ടിത്തെറിക്കുമെന്നും… ദേഷ്യം സഹിക്കാൻ വയ്യാതെ തന്നെ ഉപദ്രവിക്കുമെന്നൊക്കെ മനസ്സിലുറപ്പിച്ചു നിൽക്കുന്നതിനിടലാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ അനുഭവം.
“അവൾ തിരിച്ചു വരും കിരൺ.. ഈ ഡാഡിയെയും മമ്മിയെയും വിട്ടിട്ട്… അത്ര പെട്ടന്നൊന്നും എന്റെ.. എന്റെ കുഞ്ഞിന്…”
ജോൺ വിളറിയ ചിരിയോടെ കണ്ണനെ നോക്കി.
അവൻ ജോണിനെ ചേർത്ത് പിടിച്ചു.
അപ്പോഴും എന്താണ് അയാളോട് പറയേണ്ടത് എന്നവന് അറിയില്ലായിരുന്നു.
വീർപ്പു മുട്ടുന്നത് പോലൊരു അസ്വസ്ഥത.
തന്റെ തെറ്റല്ലെന്ന് ബോധ്യമുണ്ടായിട്ടും റിമിയുടെ ഈ അവസ്ഥക്ക് താൻ കൂടി കാരണമാണെന്ന് ഹൃദയത്തിന്റെ കുറ്റപ്പെടുത്തലാണ് സഹിക്കാൻ വയ്യാത്തത്.
“ഞങ്ങളുടെ തെറ്റായിരുന്നു. തിരുത്തേണ്ടത് തിരുത്തി കൊടുക്കുന്നതാണ് ശെരിക്കുമുള്ള സ്നേഹമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല..”
കുറ്റബോധത്തിന്റെ ശബ്ദം.
ICU വിന് മുന്നിലെ കസേരയിൽ തളർന്നിരിക്കുമ്പോൾ ജോൺ കണ്ണനെ കൂടി കൈ പിടിച്ചു അടുത്തിരുത്തി.
“എന്റെ മകൾക്ക് ആവിശ്യമുള്ളതെല്ലാം നൽകി.. ചോദിക്കുന്നതിന് മുന്നേ ആവിശ്യങ്ങൾ അംഗീകരിച്ച് കൊടുക്കുന്നതിനു പറയുന്ന പേരാണ് സ്നേഹമെന്നത് തെറ്റിദ്ധരിച്ചു. അതിനുള്ള ശിക്ഷയാണ്. അനുഭവിച്ചേ മതിയാവൂ ”
ജോൺ നിർവികാരമായ കണ്ണോടെ ദൂരേക്ക് നോക്കി.
“എന്റെ മോൾക്ക് സംഭവിച്ചതിനൊക്കെ ഒരു പരിധി വരെയും ഞാനും അവളുടെ മമ്മയും കൂടി ഉത്തരവാദികളാണ്. സ്നേഹം അവൾക്ക് മാത്രമുള്ളു എന്നറിഞ്ഞും പിന്നെയും ആവിശ്യമില്ലാത്ത സപ്പോർട്ട് കൊടുത്തത് കൊണ്ടാണ്… അവൾക്കീ ഗതി..”
നാവിനു വിലങ്ങിട്ടത് പോലെ കണ്ണൻ അയാൾക്ക് മുന്നിൽ തളർന്നിരുന്നു.
ഒരക്ഷരം പോലും അവന്റെ നാവിൻ തുമ്പിലേക്ക് എത്തി നോക്കിയില്ല.
അവനയാളെ ആശ്വാസിപ്പിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ സ്വയം നീറി പിടഞ്ഞു കൊണ്ട്.. ആ നോവ് നൽകിയ കരുത്തു കൊണ്ട് ജോൺ സ്വയം ആശ്വാസിക്കാനും പഠിച്ചു കഴിഞ്ഞെന്ന് തോന്നി കണ്ണന്.
“അവൾക്കൊന്നും പറ്റിയിട്ടില്ല. കുറേ വേട്ട പട്ടികൾ ആക്രമിച്ചു. അത്ര മാത്രം. അതിനുള്ള മെഡിസിൻ എടുക്കുന്നതോടെ റിമി പൂർണ്ണമായും ഓകെയാവും അങ്കിൾ. ഡോണ്ട് വറി ”
അവർക്കരികിലേക്ക് വന്ന ഹരിയാണ് പറഞ്ഞത്.
ജോൺ അവനെ നന്ദിയോടെ നോക്കി.
ICU വിന് മുന്നിൽ നിർത്തി പോകും മുന്നേ അവൻ പറഞ്ഞിട്ട് പോയ വാക്കുകളൊക്കെയും ഒരിക്കൽ കൂടി അയാൾക്ക് ഓർമ വന്നു.
തനിക്ക് പറ്റിയ പാളിച്ചകളെ പൂർണ്ണമായും മനസ്സിലാവുന്ന രീതിയിൽ ഹൃദയത്തിനാഴങ്ങളിലേക്ക് അലിഞ്ഞു ചേർന്ന അവന്റെ വാക്കുകളാണ് മാറി ചിന്തിക്കാൻ പ്രാപ്‌തനാക്കിയത്.
ഇനിയും റിമിയുടെ ഡാഡിയായിരിക്കും.
നല്ലത് കണ്ടാൽ നല്ലതൊന്നും തെറ്റിനെ അത് തെറ്റാണെന്നും പറഞ്ഞു കൊടുക്കാൻ കഴിയുന്ന അവളുടെ ഡാഡി.
അവളുടെ ഓർമയിൽ അയാൾക്കുള്ളം വീണ്ടും ആർദ്രമായി.
കൈ വിരൽ തൂങ്ങി നടക്കുന്ന ആ വാശികാരി കുറുമ്പിയെ അയാൾ ഓർമകൾ കൊണ്ട് താലോലിച്ചു.
‘ഈ ലോകത്തിലെ എവിടെ കൊണ്ട് പോയിട്ടാണേലും പഴയ റിമിയായി നമ്മളവളെ തിരിച്ചു പിടിക്കും. അങ്കിളിനൊപ്പം ഞങ്ങളുണ്ട്. ”
കണ്ണൻ ജോണിന്റെ കയ്യിൽ അമർത്തി പിടിച്ചു.
മനസ്സ് നിറഞ്ഞു കൊണ്ടാണ് അയാൾ തലയാട്ടിയത്.
ഒപ്പം നടക്കാൻ ആയിരം പേരുണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല..
ആവിശ്യമുള്ളപ്പോൾ ഉപകരിക്കുന്ന ഒരാൾ മതി.. ധൈര്യം പകർന്നു നൽകാനെന്ന് കൂടി ജോൺ മനസ്സിലാക്കി.
റിമിക്ക് അന്നൊരു ദിവസം കൂടി ICU വിൽ കിടക്കേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു.
അതിന് മുന്നിൽ തന്നെ ഇരുന്നു കൊള്ളാമെന്ന് ജോൺ പറഞ്ഞെങ്കിലും.. അയാളുടെ പേടി മനസ്സിലായത് പോലെ കണ്ണൻ അയാൾക്കൊപ്പം ചേർന്നു നിന്നു.
“ഇനിയൊന്നുമോർത്ത് ഭയം വേണ്ട അങ്കിൾ. റിമിയോട് ചെയ്തതിനുള്ളത് അവന്മാർക്ക് കിട്ടും. അതിനുള്ളതെല്ലാം ഞാനും ഹരിയും ചെയ്തു കൊള്ളാം. അങ്കിളിന് നല്ല ക്ഷീണമുണ്ട്. അത് കൊണ്ട് കൊറച്ചു നേരം റസ്റ്റെടുത്തെ മതിയാവൂ. ഇല്ലെങ്കിൽ മോള് എണീറ്റ് വരുമ്പോഴേക്കും ഡാഡി കിടന്നു പോകും ”
കണ്ണൻ പറഞ്ഞത് കേട്ട് ജോൺ ചിരിച്ചു.
❣️❣️❣️
“ഇത്രേം വലിയൊരു ശിക്ഷ വേണ്ടായിരുന്നു..”
മിത്തു കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു കൊണ്ട് കസേരയിൽ തളർന്നിരുന്നു.
കേട്ട വാർത്തയുടെ ഷോക്ക് അവനെ അത്രമാത്രം തകർത്ത് കളഞ്ഞിരുന്നു.
അവനരികിൽ കണ്ണനും മിണ്ടാതെയിരുന്നു.
“നമ്മളവളെ കൊറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലേടാ? അവള്.. അവള് നമ്മുടെ കൂട്ടുകാരിയല്ലായിരുന്നോ..?”
മിത്തു കണ്ണനെ നോക്കി.
കണ്ണൻ നിസ്സഹായതയോടെ മുഖം കുനിച്ചു.
“തെറ്റ് ചെയ്തതിനുള്ള ശിക്ഷ.. അത് കിട്ടിക്കോട്ടേ.. പക്ഷേ… പക്ഷേ ഇതിത്തിരി കൂടി പോയില്ലേ കണ്ണാ?”
മിത്തു വീണ്ടും മുഖം കുനിച്ചു.
“സീതാ ലക്ഷ്മിക്ക് വേണ്ടി കുരുക്ക് മുറുക്കി നടന്നിട്ടൊടുവിൽ.. അതിനറ്റത്തു അവളെ തന്നെ കുരുക്കിയില്ലേ? കൂടെ നടന്ന ഒറ്റ ദിവസവും അവൾക്കവരെ മനസ്സിലായില്ലല്ലോ?”
മിത്തുവിന്റെ ചോദ്യങ്ങൾക്കൊന്നും കണ്ണന്റെ കയ്യിൽ ഉത്തരമില്ലായിരുന്നു.
അത് കൊണ്ട് തന്നെ അവൻ മൗനം കൂട്ട് പിടിച്ചു.
❣️❣️❣️
ശ്രീ നിലയത്തിലെ കാര്യം വളരെ കഷ്ടത്തിലാണ്.
പേരും പ്രധാപവും മറന്നിട്ടു തമ്മിൽ പഴി ചാരി പോര് കോഴികളെ പോലെ കുറേ മനുഷ്യർ.
“ശ്രീ നിലയത്തിലെ സ്വത്തിൽ നിന്നും ഒരു തരി മണ്ണ് പോലും മോഹിച്ചു കൊണ്ട് ഇവിടാരും നിൽക്കേണ്ടതില്ല. ഇതെന്റെ ഭർത്താവ് അധ്വാനിച്ചുണ്ടാക്കിയതാണ്. നിങ്ങളെ പോലുള്ള തെമ്മാടികൾക്ക് നശിപ്പിച്ചു കളയാൻ ഞാനത് വിട്ട് തരില്ല ”
എല്ലാം അറിഞ്ഞപ്പോൾ
നാരായണി മുത്തശ്ശിയുടെ വാക്കുകൾ ഇടിത്തീ പോലാണ് അവർക്ക് മേലെ പതിച്ചത്.
സ്വന്തമെന്നോ ബന്ധമെന്നോ നോക്കാതെ വിളറി പിടിച്ചു ഓടി നടന്നു സംരക്ഷണം കൊടുത്ത സ്വത്തുവകകളിലൊന്നും യാതൊരു അധികാരവുമില്ലാതെയാവുന്നു എന്നാ ചിന്ത പോലും അവരുടെ മനോനില തെറ്റിക്കാൻ ധാരാളമായിരുന്നു.
അഹങ്കാരം തലക്ക് പിടിച്ചു ചെയ്തു കൂട്ടിയ അനീതിക്കെതിരെ കാലത്തിന്റെ മധുരപ്രതികാരം.
വിറച്ചു വിറങ്ങലിച്ചു നിന്ന് പോയി.. ശ്രീ നിലയത്തിലെ പ്രമാണിമാരെന്ന് സ്വയം നടിച്ചവരും.. അവർക്ക് ഒത്തശാ പാടിയവരും.
“വെറുപ്പും വിദ്വേഷവും മാറ്റി വെച്ച് മനുഷ്യരായി ചിന്തിച്ചു നോക്ക്.. ചെയ്തു കൂട്ടിയതൊക്ക.മനസാക്ഷിയുടെ മുന്നിൽ കുറ്റബോധമില്ലാതെ തല ഉയർത്തി പിടിച്ചു നിൽക്കാൻ പഠിക്കുന്ന അന്ന് വാ എല്ലാവരും. നിങ്ങൾക്ക് മാറ്റം വന്നെന്ന് എനിക്ക് ബോധ്യമായാൽ.. അന്ന് വീതിച്ചു നൽകും ഞാൻ. അത് വരെയും ഇതെന്റെ മാത്രമാണ്. നിങ്ങളുടെ മാറ്റം കാണുന്നത് വരെയും എന്റെ ജീവൻ പിടിച്ചു നിർത്താൻ ദൈവത്തിനോട് പ്രാർത്ഥിക്കാം ഞാനും. കാലതാമസം നിങ്ങളുടെയും എന്റെയും ആഗ്രഹം നടക്കാതിരിക്കാൻ കാരണമാവും. അത് മറക്കണ്ട ”
ലവലേശം കൂസലില്ലാത്ത മുത്തശ്ശിയുടെ സ്വരം ശ്രീ നിലയത്തിലേ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.
പരസ്പരം ഒന്ന് നോക്കിയതല്ലാതെ അവരാരും യാതൊന്നും മിണ്ടിയില്ല.ആ വാക്കുകൾക്ക് അന്ന് വരെയുമില്ലാത്ത കനമുണ്ടായിരുന്നു അത് പറയുമ്പോൾ.
മനോജിനെയും ജിതിനെയും ഓർത്തിട്ട് ഉരുകുന്ന മനസ്സുകളിലേക്ക് വീണ്ടും വീണ്ടും കനൽ നിറഞ്ഞു.
കാർത്തിക്കാണ് എല്ലാത്തിനും പിന്നിലെന്ന് യാതൊരു ദാക്ഷണ്യവുമില്ലാതെ സാവിത്രി പറഞ്ഞതും.. അവൻ കാരണമാണ് സ്വന്തം മക്കള് കൂടി ഇതുപോലൊരു തെറ്റിലേക്ക് എത്തി പെട്ടതെന്നും പറഞ്ഞത് പ്രധാപ് വർമ്മയും രവിവർമ്മയും കൂടി മൗനമായി അംഗീകരിച്ചതും.. രാജിയെ ചൊടിപ്പിച്ചു.
അവരുമായി മുട്ടൻ വഴക്ക് കൂടി ആര്യയെയും വിളിച്ചു കൊണ്ട് രാജി സ്വന്തം വീട്ടിലേക്ക് മടങ്ങി പോയിരുന്നു.
ആകെ കൂടി മുറുക്കമുള്ള അന്തരീക്ഷം.
ജിതിന് വേണ്ടി ഒരു ചെറുവിരൽ കൂടി അനക്കില്ലെന്നുള്ള വാശിയിലാണ് സുധീഷ് വർമ്മ.
അവർക്ക് വേണ്ടി ഓടി നടന്നത് മുഴുവനും പ്രധാപ് വർമ്മയും രവി വർമ്മയുമാണ്.
ഒരു പഴുതുപോലുമില്ലാതെയാണ് അവരെ സെബാൻ പൂട്ടിയത് എന്നവർക്ക് ബോധ്യമായി.
ശ്രീ നിലയത്തിലെ കുട്ടികളുടെ വികൃതികളെ കുറിച്ച് നാട്ടിൽ പടരുന്ന പലവിധ വാർത്തകളും അവരെ കൂടുതൽ അപമാനിച്ചു.
തലയുയർത്തി നടക്കാൻ കൂടി വയ്യാതെ അവരോരുത്തരും കൂടുതൽ ഉൾവലിഞ്ഞു പോയിരുന്നു.
ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു വീഴാവുന്ന പ്രധാപതെയാണോ അഹങ്കാരമായും ആഡംബരമായും കൊണ്ട് നടന്നതെന്ന് അവരോരുത്തരും സ്വയം ഓർത്തു..ലജ്ജിച്ചു.
❣️❣️❣️
ചത്തു മലച്ചത് പോലെ റിമിയുടെ കണ്ണുകൾ..
ആരെയും നോക്കുന്നില്ല.. ആരോടും ഒന്നും പറയാനുമില്ല.
റൂമിലേക്ക് മാറ്റിയിരിക്കുന്നു.
ഇമയൊന്ന് വെട്ടാതെ മുകളിലേക്ക് മാത്രം നോക്കി കിടക്കുന്നവൾ അവർക്കുള്ളിലെ വേദന ഒന്നൂടെ കൂട്ടി.
ജോൺ അവളുടെ മൗനമൊന്നും കാര്യമാക്കാതെ വിശേഷങ്ങൾ പറയുന്നുണ്ട്.
അയാളിൽ നിറഞ്ഞു നിൽക്കുന്ന ആ ദയനീയ ഭാവം ഹരിയുടെയും കണ്ണന്റെയും മിത്തുവിന്റെയും ചങ്ക് പിടയിച്ചു.
റിമിക്ക് യാതൊരു ഭാവമാറ്റവുമില്ല.
അഹങ്കാരവും ദാർഷ്ട്യവും ചോർന്നു പോയിരിക്കുന്നു.
പാതി മരവിച്ചൊരു ശവം പോലെ..
ശരീരതിനിനേറ്റ മുറിവുകൾ വാടി തുടങ്ങിയെങ്കിലും.. മനസ്സിൽ അവളൊരു നോവിന്റെ ആഴിയിലാണ് മുങ്ങി കിടക്കുന്നതെന്ന് ആ കണ്ണുകളിൽ നോക്കിയാലറിയാം.
ജോണിന് അവളെ എത്രയും പെട്ടന്ന് ബാംഗ്ലൂരിൽ കൊണ്ട് പോകാനായിരുന്നു താല്പര്യം.
പക്ഷേ രണ്ടു ദിവസം കൂടി കഴിഞ്ഞേ റിമിയൊരു യാത്രക്ക് പറ്റിയ കണ്ടീഷനിൽ എത്തി ചേരുകയൊള്ളു എന്നാ ഡോക്ടറുടെ ഒറ്റ വാക്കിലാണ് അവിടെ നിൽക്കുന്നത്.
റിമിയുടെ മമ്മയെ അപ്പോഴും കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല.
ജോൺ ഒരു ബിസിനസ് ടൂറിലാണെന്ന് മാത്രം പറഞ്ഞു.
റിമിയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയെ ജോൺ തന്നെ എന്തോ കാരണം പറഞ്ഞിട്ട് തടയിട്ട് നിർത്തിയിരിക്കുന്നു.
കണ്ണനും മിത്തുവും മാറി മാറി വിളിച്ചിട്ടും റിമിയുടെ ഇകളൊന്ന് പിടഞ്ഞത് കൂടിയില്ല.
ആധി നിറഞ്ഞ ജോണിന്റെ മുഖത്തേക്കവർ മനഃപൂർവം നോക്കിയില്ല..
തുടരും..