20/04/2026

സ്നേഹാംബരം : ഭാഗം 14

രചന – ശ്രീതു ശ്രീ

ജോണി കൂടി ജോലിക്ക് പോയി തുടങ്ങിയതോടെ വീട്ടിലിരിപ്പ് നേഹയ്ക്ക് ഒരു വീർപ്പുമുട്ടൽ ആയി തോന്നിത്തുടങ്ങി ……. അന്ന് വീട്ടിൽ അവളും അന്നമ്മയും മാത്രമെ ഉണ്ടായിരുന്നുള്ളു…… “മോളേ… നാളെ ഞായറാഴ്ച്ചയല്ലേ…. നീ അവനോടും പള്ളിയിലൊന്ന് വന്ന് പ്രാർത്ഥിക്കാൻ പറയണം… കുറെ നാള് കൂടി അന്ന് കെട്ടിനാ അങ്ങോട്ടൊന്ന് അവൻ കാലുകുത്തിയത്…. പിന്നിതിപ്പോ എത്ര നാളായി…. ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കില്ല… നീയൊന്ന് നിർബന്ധിച്ചാൽ മതി….. “ഞാൻ പറഞ്ഞിട്ടും വല്യ കാര്യമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല… പിന്നെ പിള്ളേരെക്കൊണ്ട് പറയിക്കാം…. കേൾക്കുന്നെങ്കിൽ കേൾക്കട്ടെ….. ഇച്ചായന്റെ വായീന്ന് കിട്ടിയിട്ട് കുറച്ചു ദിവസമായി…. അത് ഞാൻ തുടർന്നോട്ടെ….” “അങ്ങനെ എങ്കിൽ അങ്ങനെ…..എന്തായാലും അവന് ചെറിയ മാറ്റങ്ങളൊക്കെ ഇല്ലാതില്ല….” “ഞാൻ തെക്കേലോട്ട് ഒന്ന് പോയിട്ട് വരാം…. അവിടുത്തെ ത്രേസ്യാമ്മച്ചി ഇന്നലെ ഒന്ന് കുളിമുറിയിൽ തെന്നിവീണു…കാലിന് പൊട്ടലുണ്ടെന്നാ കേട്ടത്… ഞാനൊന്ന് കണ്ടിട്ട് വരാം……” അവർ പോയപ്പോൾ വല്ലാത്തൊരു ഏകാന്തത അവളെ പൊതിഞ്ഞു….

വെറുതെ ഇരിക്കുന്ന സമയങ്ങൾ ഫോണിലും ടീവിക്ക് മുന്നിലുമായി തള്ളി നീക്കാൻ അവൾക്ക് ഒരല്പം മടി തോന്നി…. പിന്നിനി എന്തു ചെയ്യുമെന്ന ചിന്ത അവളെ കൊണ്ടെത്തിച്ചത് വീട്ടിൽ ഇരിക്കുന്ന ഒരു തയ്യൽ മെഷിനിലേയ്ക്ക് ആണ്…. അത്‌ എത്രയും പെട്ടെന്ന് എടുത്തുകൊണ്ട് വരണമെന്ന് അവൾക്ക് തോന്നി…. എന്തായാലും ജോണിക്ക്‌ ആട്ടോ ഉള്ളത് കൊണ്ടു വീട്ടിൽ നിന്നും അതിവിടെ എത്തിക്കാൻ വല്യ ബുദ്ധിമുട്ട് വരില്ല…. അവൻ വരുമ്പോൾ ഇതൊന്ന് അവതരിപ്പിക്കുന്ന കാര്യത്തിൽ മാത്രമാണ് ഒരല്പം മടിയുള്ളത്…. എങ്കിലും പണ്ടത്തെ അത്ര ദേഷ്യം തന്നോടിപ്പോ കാണിക്കാറില്ല…. അതുകൊണ്ട് ഒന്ന് പറഞ്ഞു നോക്കാം….. ഉച്ചയ്ക്ക് ഒരുമണിയാകാറായപ്പോൾ പതിവില്ലാതെ ജോണി വീട്ടിലെത്തി….. ഓട്ടോയുടെ ശബ്ദം കേട്ട് വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ മാത്രമാണ് ജോണിയാണെന്ന് നേഹയ്ക്ക് മനസിലായത്….. അവനെ കണ്ടവൾ ആശ്ചചര്യത്തോടെ നോക്കി നിന്നുപോയി….

അവളുടെ നോട്ടം കണ്ടപ്പോൾ അവൻ കാര്യം മനസിലാകാതെ അവളെയും അവനൊന്നു കൂർപ്പിച്ചു നോക്കി…. അടുത്ത നിമിഷം അവൾ നോട്ടം പിൻവലിച്ച് അകത്തേയ്ക്ക് കേറി….. ഇങ്ങനെ നോക്കിപ്പേടിപ്പിക്കാതെ ഇവൾക്ക് കണ്ടാലൊന്നു മിണ്ടിക്കൂടെ എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ജോണിയും അകത്തേയ്ക്ക് കയറി…. അവൻ മുറിയിൽ ചെന്നപ്പോൾ അവളും അവിടെത്തന്നെ ഉണ്ട്…. ഒരു കുസൃതി തോന്നി അവൻ ശബ്ദമൊന്നും ഉണ്ടാക്കാതെ പിറകിലൂടെ ചെന്നവളെ ചുറ്റിയൊരു പിടുത്തം… ജോണിയുടെ ഭാഗത്ത്‌ നിന്നും അങ്ങനൊരു സമീപനം ഇത് വരെ ഉണ്ടായിട്ടില്ലാത്തതിനാൽ അവളാകെ പരിഭ്രമിച്ചു പോയി….. ജോണി ഇരുകൈകളും മുറുക്കി അവനിലേയ്ക്ക് അവളെ കൂടുതൽ ചേർത്തു നിർത്തിയപ്പോൾ ശരീരത്തിലാകെ പടർന്ന ഒരു തരിപ്പിന്റെ ആഘാതത്തിൽ അന്നേരം അവളുടെ ഉടലും ഉയിരും മരവിച്ചപോലെയായി….

നേഹ അവന്റെ കൈകൾക്കുള്ളിൽ നിന്ന് പുറത്തേക്കിറങ്ങാൻ ശ്രമിച്ചില്ല….. മനസാകെ ഒരു മായാ നിർവൃതിയിലെന്നപോലെ അവൾ അനങ്ങാതെ നിന്നേപോയി…… അവന്റെ നെഞ്ചിലെ സ്നേഹ ചൂടിൽ അവളിലെ പെണ്ണുരുകാൻ തുടങ്ങി….. അവളുടെ കാതോരം പതിയെ അവന്റെ ചുടുനിശ്വാസം തൊട്ടപ്പോൾ ഉള്ളിലെ കിനാവുകൾ മഞ്ഞിൽ പുതഞ്ഞു പോയപോലെ കോരിത്തരിച്ചതായി അവൾക്ക് തോന്നി…. മുഖത്തേയ്ക്ക് പാറിവീണ മുടിയിഴകളെ തഴുകാൻ അവന്റെ ഒരു കൈ ഉയർന്നപ്പോൾ വയറിനു മേലുള്ള പിടുത്തം ഒന്നയഞ്ഞതായി നേഹയ്ക്ക് തോന്നി….. കവിളിലൂടെ നെറ്റിത്തടത്തിലേക്കും അവിടെ നിന്ന് മുടിയിഴകളിലേക്കും അവന്റെ കൈ സഞ്ചരിച്ചപ്പോൾ അവളുടെ ചുണ്ടുകൾ പുഞ്ചിരിയിൽ മൂടിപ്പുതച്ചു….

“ഡോ….താനീ സ്വപ്നലോകത്തൂന്ന് എപ്പോ ഇറങ്ങും…?” ജോണിയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടലോടെ സ്വപ്നത്തിൽ നിന്നും ഉണർന്നു….. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്തൊരു സ്വപ്നമാണ് താനിത്രയും നേരം താലോലിച്ചു നിന്നതെന്ന യാഥാർഥ്യം lഒരു ചെറു മുള്ളായി ഹൃദയത്തിൽ തറഞ്ഞു കയറുന്നത് അവളറിഞ്ഞു…… അവന് മുഖം കൊടുക്കാൻ അവൾക്കെന്തോ മടി തോന്നി….കുറച്ചു നേരം ഏതോ സാങ്കല്പിക ലോകത്ത് സഞ്ചരിച്ചതിന്റെ ക്ഷീണം ആകണമത്…… മുറിയിലേക്ക് വരാതെ അടുക്കളയിലോ മറ്റൊ പോയാൽ മതിയാരുന്നു വെന്ന് നേഹ ചിന്തിക്കാതിരുന്നില്ല….. മുറിയിൽ നിന്നിറങ്ങി പോകാൻ തുടങ്ങിയപ്പോൾ ജോണിയുടെ ശബ്ദം വീണ്ടും ഉയർന്നു…. “എനിക്കൊരു ഓട്ടം പോകാനുണ്ട്…. കുറച്ചു ചോറെടുക്ക്… കഴിച്ചിട്ട് ഉടനെ പോണം…..” “ഞാനെടുക്കാം…. ഇച്ചായൻ വാ…”യെന്ന് പറഞ്ഞവൾ അല്പം വേഗത്തിൽ നടന്നു…..

ജോണി ഊണുമേശയ്ക്ക് മുന്നിൽ എത്തിയപ്പോളേക്കും അവൾ ചോറൂൾപ്പെടെ എല്ലാം വിളമ്പിയിരുന്നു….. “അമ്മച്ചി എന്തിയെടോ…? ഇവിടെങ്ങും ഇല്ലേ…? “ഇല്ല…. ആ ത്രേസ്യാമ്മച്ചിയെ കാണാൻ പോയതാ…. കുറച്ചു നേരായി…” “താൻ കഴിച്ചോ…?” “ഇല്ല…. ” “എങ്കിലിരിക്ക്…. ഒരുമിച്ച് കഴിക്കാം….” അങ്ങനെ ഒരു ക്ഷണം ജോണിയുടെ ഭാഗത്ത്‌ നിന്നും ആദ്യമായിട്ടായിരുന്നു… അത്‌ കൊണ്ടു തന്നെ നേഹ ഒന്നും മിണ്ടാതെ അവിടെത്തന്നെ നിന്നു…. മുൻപ് കണ്ട സ്വപ്നം പോലെ ജോണിച്ചായന്റെ ക്ഷണവും ഒരു മായയാണോ എന്നുപോലും നേഹ ഓർത്തുപോയി….. “എന്റെ കൂടെ ഇരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല… അതൊക്കെ തന്റെ ഇഷ്ടം……” അവൻ കഴിക്കാൻ തുടങ്ങി… ജോണിക്ക്‌ പറഞ്ഞത് അനുസരിക്കാത്തതിൽ തന്നോട് ഇനി അനിഷ്ടമൊന്നും വച്ചുപുലർത്തണ്ട എന്ന ചിന്ത ഉള്ളിൽ ഉദിച്ചത് കൊണ്ടവൾ അവന്റെ നേരെ എതിരെ കിടന്ന കസേരയിൽ ഇരുന്നു….

ചോറ് കഴിച്ചു തുടങ്ങിയെങ്കിലും ആഹാരം തൊണ്ടയിൽ നിന്നും ഇറക്കുവാൻ എന്തൊ ഒരു ബുദ്ധിമുട്ട് പോലെ നേഹയ്ക്ക് തോന്നി…. വാരിയെടുക്കുന്ന ചോറ് വിരലുകൾക്കിടയിലൂടെ ഊർന്നു പോകുന്നു… ജോണി ഒന്നെഴുന്നേറ്റിരുന്നെങ്കിൽ…… അവൾ പതിയെ തലയുയർത്തി അവനെയൊന്നു നോക്കി….. താനിവിടെ ഇരിപ്പുണ്ടെന്ന ചിന്ത പോലും ഇല്ലാതെയാണല്ലോ മൂപ്പരുടെ കഴിപ്പ് എന്നോർത്തപ്പോൾ അവൾക്ക് അറിയാതൊരു ചിരി വന്നുപോയി…. അവൻ തല പൊക്കി നേഹയെ ഒന്നു നോക്കിയപ്പോഴേക്കും അവൾ പെട്ടെന്ന് ദൃഷ്ടി മാറ്റി… പക്ഷെ ആ വെപ്രാളത്തിനിടയിൽ അടുത്തിരുന്ന വെള്ളമെടുത്ത് കുടിച്ചു…. പക്ഷെ അവൾക്കതോടെ പണിയാവുകയാണ് ചെയ്തത്…വെള്ളം നെറുകയിൽ കയറി നേഹ ചുമയ്ക്കാൻ തുടങ്ങി…… ജോണി ഉടനെ എഴുന്നേറ്റ് ഒരു കൈകൊണ്ട് തലയ്ക്കു തട്ടികൊടുത്തു….

“എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ… താനെന്തോ സ്വപ്നം കണ്ടോണ്ട് നടക്കുവാ… ഓരോന്ന് ഒപ്പിച്ചു വയ്ക്കുന്നു….” ചുമ ഒന്ന് കുറഞ്ഞെന്ന് തോന്നിയപ്പോൾ അവൻ കൈകഴുകാൻ പോയി….. കഴിക്കുന്നതിനു ഇടയ്ക്ക് ടേബിളിൽ വച്ച ഫോണെടുക്കാൻ അവൻ വീണ്ടും അവിടേയ്ക്ക് എത്തിയപ്പോൾ നേഹ ചോറ് കഴിക്കാതെ എഴുന്നേൽക്കാൻ തുടങ്ങുന്നത് കണ്ടു…. “അതേ… ഇങ്ങനെ കളയാനായിരുന്നേൽ പിന്നെ എന്തിനാ വിളമ്പിയത്… അത് കലത്തിൽ കിടക്കില്ലായിരുന്നോ..? ശബ്ദത്തിലെ ഗൗരവം തിരിച്ചറിഞ്ഞപ്പോൾ ആ മുഖത്തേയ്ക്ക് നോക്കാൻ അവൾക്ക് തോന്നിയില്ല…. എഴുന്നേൽക്കണോ വേണ്ടയോ എന്നുള്ള ആശങ്കയിൽ അവളുടെ മനസ്‌ കുരുങ്ങി…. അത്‌ മനസിലാക്കിയെന്നോണം ജോണി പറഞ്ഞു : വിളമ്പിയത് മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റാൽ മതി…. വാരി തിന്നാൻ ബുദ്ധിമുട്ടാണെൽ ഞാൻ വാരിത്തരാം…. എനിക്ക് കുറെ വാരിത്തന്നിട്ടുള്ളതല്ലേ….

“വേണ്ട… ഞാൻ കഴിച്ചോളാം…” “എങ്കിൽ കഴിക്ക്…. താൻ ഇത് മുഴുവൻ കഴിച്ചിട്ടേ ഞാനിവിടുന്ന് പോകുന്നുള്ളു…. “ഞാൻ പെട്ടല്ലോ മാതാവേ” എന്ന് ആത്മഗതം പറഞ്ഞു കൊണ്ടവൾ കസേരയിലേക്ക് തന്നെ ഇരുന്നു… അവളുടെ ആത്മഗതം കേട്ടിട്ടാവണം അവന്റെ മുഖത്തെ ഗൗരവം മാഞ്ഞു… പകരം ഒരു ചെറുപുഞ്ചിരി സ്ഥാനം പിടിച്ചു….. കയ്യിലിരുന്ന ഫോണിൽ സ്റ്റാറ്റസ് കൾ നോക്കി കൊണ്ടിരിക്കെ ഇടയ്ക്കിടെ അവൻ അവളെ പാളി നോക്കുന്നുണ്ടായിരുന്നു….. എങ്ങനെ എങ്കിലും ഒന്ന് തീർന്നിരുന്നേൽ എന്ന മട്ടിലുള്ള അവളുടെ ഭാവമാണ് അവളുടെ മുഖത്ത്….. എവിടെയൊക്കെയോ തെന്നിയെത്തിയ ഒരു നോട്ടത്തിൽ ഇരു മിഴികളും ഒന്നു കോർത്തു…. ഇരുവരും ഒന്നും മിണ്ടാതെ തന്നെ കണ്ണുകളെ വേർപ്പെടുത്തി…. പക്ഷെ ജോണിയുടെ മിഴികൾക്ക് അവളെ വീണ്ടും തേടി ചെല്ലാതിരിക്കാൻ കഴിയുമായിരുന്നില്ല…… ഒരിക്കൽ ഉള്ളിലെ ചിതയിൽ എരിഞ്ഞടങ്ങിയ പ്രണയം പുനർജനിക്കുകയായിരുന്നിരിക്കണം….. അവർക്കിടയിൽ പറന്നുനടന്ന മൗനം അറിയാതെ പ്രണയത്തൂവലുകൾ ചിക്കിയൊതുക്കുക ആകണം……. ജോണിക്ക്‌ നേഹയോട് എന്തെക്കെയോ പറയാൻ ആ നിമിഷം ഒരു കൊതി തോന്നി…..എന്തു പറയും…? എന്ത് ചോദിക്കും? എന്നോർക്കുന്നതിനു ഇടയിൽ നേഹ ഒരുവിധത്തിൽ എല്ലാം കഴിച്ചിട്ട് എഴുന്നേറ്റു…….. (തുടരും )